Saturday, December 10, 2011

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ ഇന്നു നടക്കുന്നെങ്കിലും, തുടർച്ചയായി ആ പ്രശ്നത്തിൽ ജാഗ്രതപുലർത്തിവരുന്ന സമൂഹം ബ്ലോഗർമാരുടേതാണ്. സേവ് കേരള - റീബിൽഡ് മുല്ലപ്പെരിയാർ ഡാം എന്ന സൈറ്റും നിലവിൽ വന്നു.പിൽക്കാലത്താണ് അതിലേക്ക് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ നിന്ന് പിന്തുണയുമായി കൂടുതൽ മലയാളികൾ എത്തിയത്. ഇന്നിപ്പോൾ അത് കേരളസമൂഹമാകെ ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ ബൂലോകം ആണ് ഈ വിഷയത്തിൽ ബൂലോകത്തെ ഏകോപിപ്പിക്കുവാൻ പോസ്റ്റുകളുമായി വന്നത്. അത് കൊച്ചിയിൽ നടന്ന സൈബർകൂട്ടായ്മയിലേക്ക് വളർന്നതിനു പിന്നിൽ നിരക്ഷരൻ എന്ന ബ്ലോഗറാണ് മുന്നിൽ നിന്നത്  എന്ന കാര്യം നമുക്ക് അഭിമാനത്തോടെ ഓർമ്മിക്കാം. ആ കൂട്ടായ്മയിൽ ഫെയ്സ്ബുക്ക്-ട്വിറ്റർ സുഹൃത്തുക്കൾക്കൊപ്പം നിരവധി ബ്ലോഗർമാരും പങ്കെടുത്തു.

അങ്ങനെ ദൈനംദിനം മുല്ലപ്പെരിയാർ ചിന്തയുമായാണ് ഉറങ്ങുന്നതും, ഉണരുന്നതും. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികളും ഈ വിഷയത്തിൽ ക്രിയാത്മകമായ ചിലതു ചെയ്തു. അവരുമായി സംവദിക്കുന്നതിനിടയിൽ കുട്ടികളിൽ ചിലർ തന്നെയാണ് തങ്ങൾക്കും ബ്ലോഗിംഗിലേക്കു വരാൻ താല്പര്യമുണ്ടെന്നു പറഞ്ഞത്. അന്ന് നിരക്ഷരനുമായി സംസാരിച്ചകൂട്ടത്തിൽ ഇക്കാര്യവും സൂചിപ്പിച്ചു. ക്യാമ്പസുകളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കാൻ സഹായിക്കാം എന്ന് അദ്ദേഹവും പറഞ്ഞു.

ഇനിയും കൂടുതൽ എന്തു ചെയ്യാനാവും എന്ന ചിന്തയുമായിരിക്കുമ്പോഴാണ് നമ്മുടെ സ്വന്തം  ഷെരീഫിക്കയെഴുതിയ ബൂലോകം തകരുന്നുവോ? എന്ന പോസ്റ്റ് കണ്ടത്. മലയാളം ബൂലോകം തകർന്നു എന്ന മുറവിളി ഏറെ നാളായി ഉള്ളതാണ്. രണ്ടു കൊല്ലം മുൻപ് ബസ്, ട്വിറ്റർ, ഫെയ്സ് ബുക്ക് എന്നിവയിലേക്ക് ബ്ലോഗർമാരിൽ കുറേയാളുകൾ ചേക്കേറുകയും മലയാളം ബ്ലോഗിംഗിന് ഒരു മാന്ദ്യം ഉണ്ടാവുകയും ചെയ്തു എന്നത് വസ്തുകതയാണ്.

ഒരു കൊല്ലം മുൻപ് ഈ വിഷയത്തിൽ വരൂ... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക് എന്നൊരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു. തുടർന്ന് മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ബ്ലോഗ് നവോത്ഥാനം നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചിരുന്നു. കുറെയേറെ ബ്ലോഗർമാർ അതോടെ പുതിയ പോസ്റ്റുകളുമായി മുന്നോട്ടു വരികയും ചെയ്തു.

അനന്തരം 2011 ജനുവരി ആറിന്  കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. പങ്കെടുത്ത ബ്ലോഗർമാർ വളരെ ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്തു. പിന്നീട് ഇടപ്പള്ളി മീറ്റ്, തുഞ്ചൻ പറമ്പ് മീറ്റ്, കൊച്ചിയിലെ രണ്ടാം മീറ്റ്, തൊടുപുഴ മീറ്റ്, കണ്ണൂർ മീറ്റ് എന്നിവ നടന്നു.

എങ്കിലും ആഗ്രഹിച്ചത്ര ചലനാത്മകമാക്കാൻ നമുക്കു കഴിഞ്ഞില്ല. നമ്മെ സംബന്ധിച്ചിടത്തോളം 2011 വിചാരിച്ചത്ര വൻ മുന്നേറ്റം ഉണ്ടാകാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകത്തിന്റെ കൂമ്പു വാടിയില്ല എന്നത് നിസ്തർക്കമാണ്.

ഏറ്റവും വലിയ വെല്ലുവിളീയാകും എന്ന് പ്രതീക്ഷിച്ച ‘ബസ്’ പോയ് മറഞ്ഞു. ട്വിറ്റർ അത്ര വലിയൊരു ഡിസ്ട്രാക്ഷൻ അല്ല എന്നു തെളിഞ്ഞു. എന്നാൽ ഫെയ്സ് ബുക്ക് എല്ലാവരെയും അമ്പരപ്പിക്കുന്ന ജനസ്വാധീനം നേടി. ഇത് ബ്ലോഗിനു നല്ലതാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അഗ്രഗേറ്ററുകൾക്കപ്പുറം നമ്മുടെ പോസ്റ്റുകൾ വായനക്കാരിലെത്തിക്കാൻ മിക്ക ബ്ലോഗർമാർക്കും കഴിയുന്നു. വ്യക്തിപരമായ നിരീക്ഷണത്തിൽ 2010 ലേക്കാൾ വായനക്കാരെ 2011 ൽ എനിക്കു കിട്ടി! ഏകദേശം ഇരട്ടിയോളം!

ഫെയ്സ്ബുക്കും, ബൂലോകവും തമ്മിൽ സഹവർത്തിത്വത്തോടെ സംയോജിപ്പിച്ചാൽ മലയാളം ബ്ലോഗിംഗ് ഇനിയും ഉയരങ്ങളിലേക്കെത്തും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മലയാളിൽ മാതൃഭാഷ നിറയും.

ഇതൊക്കെ ഇപ്പോൾ ഷെരീഫിക്കയുടെ പോസ്റ്റ് വായിച്ചപ്പോൾ ഉണർത്തെണീറ്റ ചിന്തകളാണ്.


മലയാളം ബ്ലോഗർമാരിൽ സമയവും സാഹചര്യവും ഒത്തുകിട്ടുന്ന സുഹൃത്തുക്കൾ ചേർന്ന് കേരളത്തിലെ പതിനാലു ജില്ലകളിലെയും പ്രൊഫഷണൽ - ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ സന്ദർശിക്കുകയും അവിടത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്യണം.

ബ്ലോഗ് ശില്പശാല നടത്താൻ ഒരു ജില്ലയിൽ ഒരു കോളേജ് എന്ന നിലയിൽ തുടങ്ങുകയും, ക്രമേണ അത് എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യണം.

തുടക്കം എന്ന നിലയിൽ 2012 ജനുവരിയിൽ തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജിൽ ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാൻ ഞാൻ മുൻ കയ്യെടുക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. നിരക്ഷരനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മനോരാജ്, ജോ, മത്താപ്പ് തുടങ്ങിയവരെയും മറ്റ് കൊച്ചി ബ്ലോഗർമാരെയും ബന്ധപ്പെടണം.

കേരളത്തിലെ 14 ജില്ലകളിലും ഒരൊ കോളേജ് നമുക്ക് ലൊക്കേറ്റ് ചെയ്യുകയും അവിടെയെല്ലാം ശില്പശാലകൾ സംഘടിപ്പിക്കുകയും വേണം. ഒരു കോളേജിൽ നിന്ന് പത്തുകുട്ടികളെങ്കിലും ബ്ലോഗിംഗ് രംഗത്തേക്കു കൊണ്ടുവരാൻ നമുക്കാവണം. മുല്ലപ്പെരിയാർ പോലുള്ള സാമൂഹികവിഷയങ്ങളിലും സാഹിത്യത്തിലും, മാതൃഭാഷയിലെഴുതാനും, ചിന്തിക്കാനും കഴിയുന്ന ഒരു തലമുറ അതിലൂടെ രൂപപ്പെടും.

അതിന് സഹായിക്കാൻ തയ്യാറുള്ള ബ്ലോഗർമാർ അക്കാര്യം ഇവിടെ അറിയിച്ചാൽ നമുക്ക് വിവിധ ടീമുകളുണ്ടാക്കാം.

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

39 comments:

  1. വരും തലമുറയും മാതൃഭാഷയിൽ ചിന്തിക്കട്ടെ, എഴുതട്ടെ, വളരട്ടെ!

    “ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ!”

    ReplyDelete
  2. നല്ലത് തന്നെ... ഇവിടൊക്കെ കുലുങ്ങുവല്ലേ ജീവനുണ്ടെങ്കില്‍ കൂടെ ഉണ്ട്....

    ReplyDelete
  3. നല്ല നിര്‍ദേശം!
    കൂടെയുണ്ടാകും...
    ഇതിനെ കുറിച്ച് വിശദമായി ചിലകാര്യങ്ങള്‍ പറയാനുണ്ട്..
    ഞാന്‍ വിളിക്കാം...

    ReplyDelete
  4. >>>>ഫെയ്സ്ബുക്കും, ബൂലോകവും തമ്മിൽ സഹവർത്തിത്വത്തോടെ സംയോജിപ്പിച്ചാൽ മലയാളം ബ്ലോഗിംഗ് ഇനിയും ഉയരങ്ങളിലേക്കെത്തും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മലയാളികളിൽ മാതൃഭാഷ നിറയും.<<<

    ആശംസകള്‍

    ReplyDelete
  5. പറഞ്ഞോളൂ എന്തിനും തയാർ.... താല്പര്യമുള്ളവർ ബ്ലോഗുകളിൽ ചർച്ചകൾ സജീവമാക്കട്ടെ...

    ReplyDelete
  6. ഇത് ഒരു കേമൻ ഐഡിയയാണല്ലോ. ഞാനുമുണ്ട് കൂടെ...

    ReplyDelete
  7. ഡോക്ടര്‍ അത്യുഗ്രന്‍ ആശയം തന്നെ .. അതെ കുട്ടികളെ ബോധവല്ക്കരിക്കാം
    ബ്ലോഗുകള്‍ പെരുകട്ടെ വായനക്കാര്‍ നിറയട്ടെ.
    എല്ലാവിധ നന്മകളും നേരുന്നു.
    ആശംസകളോടെ മാണിക്യം

    ReplyDelete
  8. നല്ല കാര്യം...
    വിജയാശംസകൾ.

    ReplyDelete
  9. ശെരിക്കും നല്ല ആശയം തന്നെ... നമ്മുടെ മാതൃഭാഷയെ കുറിച്ച് അഭിമാനിക്കാന്‍ നാം ആദ്യം പഠിപ്പിക്കേണ്ടത് കുട്ടികളെ തന്നെ ആണ്.ഇവിടെ ഇരുന്നു കൊണ്ട് ആവുന്ന സഹായം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാന്‍ മടിക്കല്ലേ ഡോക്ടറെ....

    ReplyDelete
  10. നല്ല ആശയം ജയന്‍, എല്ലാ വിധ സഹകരണങ്ങളും ആശംസകളും...

    ReplyDelete
  11. ഡോക്ടറേ.. ഞാന്‍ ഉണ്ടാവും. നമുക്ക് ശ്രമിക്കാം.

    ReplyDelete
  12. നല്ല ആശയമാണ്. നന്നായി നടത്താനും കഴിയും എന്ന് തോന്നുന്നു. അറിയാത്തത്‌ കൊണ്ടാണ് പലരും ആഗ്രഹമുണ്ടായിട്ടും ഇവിടെ എത്താതിരിക്കുന്നത്.
    എല്ലാ ആശംസകളും.

    ReplyDelete
  13. പ്രതികരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി!

    രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഇവിടെ പ്രതികരിക്കുന്നവർ ഉൾപ്പെടുന്ന ഒരു ഇ മെയിൽ ഗ്രൂപ്പ് ഉണ്ടാക്കി ചർച്ചനടത്തി ഒരാഴ്ചയ്ക്കകം ആദ്യ ശില്പശാലയ്ക്കുള്ള പ്രവർത്തനങ്ങൾ എറണാകുളത്തു നിന്ന് ആരംഭിക്കാം.

    തുടർന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ...!

    ReplyDelete
  14. Hon.Team,

    Solidarity to ur Mission & Vision.

    All d best...

    Keep up d Great work.

    ReplyDelete
  15. കൊള്ളാം നല്ല ഐഡിയ... ഈ ശ്രമം വിജയിക്കട്ടെ...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  16. വളരെ നല്ല നിര്‍ദ്ധേശങ്ങള്‍ തന്നെ..മറ്റു ഓണ്‍ലൈന്‍ മീഡിയകളെക്കാള്‍ ബ്ലോഗ്ഗിനുള്ള ഗുണം, എഴുതുന്നവര്‍ കുറച്ചു കൂടി സീരിയസ്സായി ചെയ്യുന്നു എന്നതാണ്.ഗുണപരമാ‍യ രീതിയിലുള്ള വിമര്‍ശനങ്ങളും കൂട്ടായ്മകളുമൊക്കെയായി സാഹിത്യപരവും സാമൂഹികവുമായ രംഗങ്ങളിലുള്ളവരില്‍ ബ്ലോഗ്ഗിംഗ്ഗിനെക്കുറിച്ച് നല്ല അഭിപ്രായവും വരുന്നുണ്ട്(കുറച്ചാളുകള്‍ കാടടച്ചു വിമര്‍ശിക്കുന്നുണ്ടെങ്കിലും).‘ചിന്തിക്കുകയും എഴുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനു എല്ലാവിധ മുന്നേറ്റങ്ങളും ബ്ലോഗ്ഗര്‍മാരില്‍ നിന്നുണ്ടാകണം.എല്ലാ ആശംസ്കളും നേരുന്നു

    ReplyDelete
  17. എല്ലാവിധ പിന്തുണയുമായി ഞാന്‍ കൂടെ ഉണ്ട് ഡോക്റ്റര്‍, ഞാന്‍ പറഞ്ഞിരുന്നുവല്ലോ നമ്മള്‍ മുമ്പേ പറക്കുന്ന പക്ഷികളാവുക, നമുക്ക് പിറകേ വരുന്നവര്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കാന്‍ .

    ReplyDelete
  18. നല്ല ആ‍ശയം ഡോൿടർ. എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഇത് നാന്ദിയാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    ReplyDelete
  19. നല്ല ഒരു ആശയം തന്നെ. എന്റെ എല്ലാ മംഗളാശംസകളും നേരുന്നു.

    ReplyDelete
  20. നല്ല ആശയം, വിജയാശംസകൾ നേരുന്നു.

    ReplyDelete
  21. കലക്കൻ ആശയസാഗരം തന്നെ :)
    ഞാനൂണ്ട്...

    ReplyDelete
  22. ഉഗ്രൻ ഐഡിയ.
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  23. നല്ല കാര്യം....
    എല്ലാവിധ ഭാവുകങ്ങളും.... :)

    ReplyDelete
  24. ഈ പരിശ്രമങ്ങള്‍ക്ക് സര്‍വ്വ വിധ ആശംസകളും.

    ReplyDelete
  25. ജയന്‍‌‌-ജീ നല്ല ആശയം .. ആശംസകള്‍

    ReplyDelete
  26. നല്ല ആശയം ഡോക്ടര്‍. ..
    എല്ലാ ആശംസകളും.

    ReplyDelete
  27. നല്ല തീരുമാനം ....അങ്ങിനെ നല്ല നല്ല കാര്‍യ്ങ്ങളുമായ് ബ്ലോഗേര്‍സ് ...മുന്നേറട്ടെ......ഭാവുകങ്ങള്‍

    ReplyDelete
  28. “ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ!”

    ReplyDelete
  29. പുതിയ പുതിയ ആളുകള്‍ക്ക് അവരുടെ അഭിരുചികള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഒരു സഹായം ആകുമെന്കില്‍ അത് വളരെ നല്ലഹു തന്നെ ഈ കാര്യത്തിനു വേണ്ടി നമ്മുടെ ഗ്രൂപ്പിലും ഒരു പോസ്റ്റ് ഇടാം സഹകരിക്കുന്ന ആളുകള്‍ സഹകരിക്കട്ടെ അതെന്നെ...

    ReplyDelete
  30. വളരെ നല്ല ആശയം. മാതൃഭാഷയിലെഴുതാനും ചിന്തിക്കാനും കഴിയുന്ന ഒരു തലമുറയെ രൂപപ്പെടുത്താനുള്ള ആദ്യചവിട്ടുപടിയായി ഈ കൂട്ടായ്മ മാറട്ടെ....

    ReplyDelete
  31. എന്നെക്കൊണ്ടാകുന്ന സഹായങ്ങളുമായി ഞാനുണ്ടാകും. നമ്മൾ മുന്നോട്ട് തന്നെ.

    ReplyDelete
  32. njan oru joliyum kooliyum illathe veettilirikya athondu ... njanum undu koode... google indic transliteration pani mudakki.. kshamikkumallooo!!

    ReplyDelete
  33. നല്ല ആശയം. എന്നേം കൂട്ടിയ്ക്കോ.. നാട്ടിലില്ലെങ്കിലും

    ReplyDelete
  34. ആശംസകള്‍, മാഷേ

    ReplyDelete
  35. ഡോക്ടറുടെ സദുദ്യമത്തിന് എല്ലാ ആശംസകളും.

    ReplyDelete
  36. പ്രിയസുഹൃത്തെ, ഞാനും നല്ല സഹകരണവുമായി കൂടെയുണ്ട്, നാട്ടിലുള്ളപ്പോൾ. എല്ലാവിധ ഭാവുകങ്ങളും ഉണ്ടാവും....

    ReplyDelete