Tuesday, November 29, 2011

‘കൊലവെറി’ ശരിയല്ലണ്ണാ!

അൻപാന തമിഴ് സഹോദരാ!

മുപ്പത്തിയഞ്ചു ലക്ഷം ഇൻഡ്യക്കാരുടെ ജീവനു ഭീഷണിയുയർത്തിക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ജലബോംബായി വളർന്നു നിൽക്കുന്ന വിവരം അണ്ണൻ അറിഞ്ഞുകാണുമോ എന്നറിയില്ല. ഇല്ലെങ്കിൽ അതൊന്നുണർത്തിക്കാനും, അറിഞ്ഞെങ്കിൽ കേട്ടതെല്ലാം മാത്രമല്ല ശരിയെന്നു പറയാനും കൂടിയാണ് ഈ കടിതം.

കേരളത്തിന്റെ സ്വന്തം നദിയായ പെരിയാറും, അതിന്റെ കൈവഴിയായ മുല്ലയാറും ചേർന്നു നൽകുന്ന വെള്ളം നിറച്ചാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്ന വിവരം അണ്ണന് അറിവുള്ളതാണല്ലോ, അല്ലേ?

പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ 5398 ചതുരശ്രകിലോമീറ്ററിൽ 5284 ച.കി.മീ.യും കേരളത്തില തന്നെയാണെന്ന വിവരവും അണ്ണനറിയാമല്ലോ?

ഞങ്ങൾക്ക് വെറും 0.3 കോടി (മുപ്പതു ലക്ഷം) രൂപ തന്ന് പ്രതിവർഷം 1200 കോടി രൂപ നിങ്ങൾ സമ്പാദിക്കുന്ന വിവരവും ഞങ്ങൾക്കറിയാം. (കൃഷിയും,കറണ്ടുല്പാദനവും വഴി)

ബ്രിട്ടിഷ് സർക്കാരുമായി ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ വെടിതീർന്നതായും, അതിനുശേഷം 1958 ലും, 60 ലും. 69 ലും ശ്രമിച്ച് പരാജയപ്പെട്ട് 1970 ൽ കരാർ പുതുക്കിയ വിവരവും അണ്ണനറിയാമല്ലോ. (അതാണെങ്കിൽ കേരള നിയമസഭയുടെ അംഗീകാരത്തോടുകൂടി പാസായതല്ല താനും.) ആ കരാറും 2000 ൽ അവസാനിച്ച കാര്യം തമ്പിയായ ഞാൻ ഓർമ്മിപ്പിക്കണ്ടതില്ലല്ലോ?

അതു കഴിഞ്ഞ് കരാർ പുതുക്കാതെ തന്നെ കരമടച്ച് ഞങ്ങടെ ഭൂമിയും വെള്ളവും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യവും മറക്കുന്നില്ല. അത് ഞങ്ങൾ എതിർക്കുന്നുമില്ല.

എൺപതുകളിൽ 171,307 ഏക്കർ കൃഷി ചെയ്തിരുന്നിടത്ത് തൊണ്ണൂറുകളിൽ 229,718 ഏക്കറും, ഇന്ന് അതിലുമേറേ ഏക്കറുകളും നിങ്ങൾ കൃഷി ചെയ്യുന്നുണ്ടല്ലോ അണ്ണാ....

ഇപ്പോഴും നിങ്ങൾക്ക് വെള്ളം തരില്ലെന്നോ, നിങ്ങൾ ശത്രുക്കളാണെന്നോ ഞങ്ങൾ പറയുന്നില്ല.

പ്രശ്നമെന്താണെന്നുവച്ചാൽ മുല്ലപ്പെരിയാർ നിൽക്കുന്ന സ്ഥലത്ത് നിരന്തരമായി ഭൂചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഡാമിനാണെങ്കിൽ 116 വയസ്സ്. ഉണ്ടാക്കിയിരിക്കുന്നതാണെങ്കിൽ സുർക്കികൊണ്ടും. അതാണെങ്കിൽ ഒലിച്ചൊലിച്ചില്ലാതായിക്കൊണ്ടിരിക്കുകയുമാണ്.

അനക്കെട്ടിനു ബലക്ഷയമുണ്ടായകാര്യവും, അതിന്റെ ഭിത്തിയിൽ വിള്ളൽ വീണകാര്യവും ദൃശ്യമാധ്യമങ്ങളിലൂടെ അണ്ണനും കണ്ടിട്ടുള്ളതല്ലേ? കുറഞ്ഞ പക്ഷം കേട്ടറിവെങ്കിലുമുണ്ടായിരിക്കുമല്ലോ.... ഇല്ലെങ്കിൽ ദാ ഇപ്പോ കേട്ടോളു....

 മുല്ലപ്പെരിയാറിൽ ഓരോ ഇഞ്ച് ജലനിരപ്പുയരുമ്പോഴും ഞങ്ങടെ ഞെഞ്ചിൽ തീയാണ്. ഞങ്ങടെ കുഞ്ഞുങ്ങൾ വാർത്തകൾ കേട്ട് ഞെട്ടുന്നു, ഉറക്കത്തിൽ ഞെട്ടിയുണർന്നു വിങ്ങിപ്പൊട്ടുന്നു. നാലു ജില്ലകളിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.

മുല്ലപ്പെരിയാർ പൊട്ടിയാൽ അത് ഇടുക്കിഡാമിൽ നിറഞ്ഞോളും എന്നല്ലേ അണ്ണനിപ്പോൾ പറയാൻ വരുന്നത്? എന്നാൽ അറിയുക അത് ഇടുക്കിക്ക് ഉൾക്കൊള്ളാനാവില്ലണ്ണാ..... മുല്ലപ്പെരിയാറിന് 36 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. അതിഭീകരമായ ആവേഗത്തിൽ കുതിച്ചെത്തുന്ന വെള്ളത്തോടൊപ്പം, കല്ലും, മണ്ണും, തടിയും ഒക്കെയായി ഇടുക്കിഡാമിലെത്തുമ്പോഴേക്കും അത്രയും സ്ഥലം മുഴുവൻ അവിടെയുള്ള ആളുകൾക്കൊപ്പം വെള്ളത്തിനടിയിലായിട്ടുണ്ടാവും. മാത്രവുമല്ല ഇപ്പോൾ തന്നെ നിറയാറായിരിക്കുന്ന ഇടുക്കി ഡാം ഈ വെള്ളവും,കല്ലും, മണ്ണും, വൻ മരങ്ങളും താങ്ങുകയുമില്ല.

ഇടുക്കി ഡാം തകർന്നാൽ അതിനു താഴെയുള്ള 11 അണക്കെട്ടുകളും തകരും. ഭീമാകാരമായ ജലപ്രവാഹത്തിൽ കേരളത്തിലെ നാലു ജില്ലകൾ അപ്പാടെ വെള്ളത്തിലാണ്ടു പോകും. മനുഷ്യശരീരങ്ങൾ അഴുകി അടിഞ്ഞുകൂടി വൻ പകർച്ചവ്യാധികൾ പടരും. മലയാള ദേശമാകെ മഹാമാരിയുടെ പിടിയിലാവും.

ഇത്രയുമൊക്കെ പറഞ്ഞതിൽ നിന്ന് സംഗതികളുടെ ഗുരുതരാവസ്ഥ അണ്ണനു ബോധ്യമായിട്ടുണ്ടാവുമല്ലോ?

ഞങ്ങളുടെ 35 ലക്ഷം വരുന്ന സഹോദരങ്ങൾക്ക് - ആ എണ്ണത്തിൽ ഒരു ലക്ഷമെങ്കിലും തമിഴ് സഹോദരങ്ങളും വരും - ജീവാപായം വരുത്തിയേക്കാവുന്ന ഈ അണക്കെട്ട് സുരക്ഷിതമല്ല എന്ന് അണ്ണനും സമ്മതിക്കുമല്ലോ?

ഏതെങ്കിലും പ്രകൃതിക്ഷോഭം മൂലം ദൌർഭാഗ്യവശാൽ മുല്ലപ്പെരിയാർ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന ദുരന്തം ഒരുകാലത്തും മറക്കാനും പൊറുക്കാനും ഞങ്ങൾക്കാകുമോ അണ്ണാ?


എങ്കിൽ പിന്നെ, ഞങ്ങളുടെ സ്ഥലത്ത്, ഞങ്ങളുടെ ചെലവിൽ, നമ്മുടെ രണ്ടു കൂട്ടരുടെയും ഉറ്റവരുടെ സുരക്ഷിതത്വത്തിനായി ഒരു ഡാം പണിയുന്നതിന് അണ്ണന് ഞങ്ങളോട് എതിർപ്പെന്തിനണ്ണാ?


വൈ ദിസ് കൊലവെറി അണ്ണാ?

Friday, November 25, 2011

തമിഴ്‌നാടിനു വെള്ളം; കേരളത്തിനു സുരക്ഷ !

മുപ്പത്തഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ടു പൊളിച്ച് സുരക്ഷിതമായ പുതിയ അണക്കെട്ടു നിർമ്മിക്കണം എന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളേറെയായി. നിരവധി പ്രക്ഷോഭങ്ങളും, നിയമയുദ്ധങ്ങളും ഈ വിഷയത്തിൽ നടന്നു.

എന്നാൽ ഇന്നലെ (25-11-11) കൊച്ചി മറൈൻ ഡ്രൈവിൽ തിരികൊളുത്തിയ ചടങ്ങ് മലയാളി യുവത്വം ഉറക്കത്തിലല്ല എന്നു തെളിയിച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ബ്ലോഗ് എന്നീ സൈബർ ശൃംഖലകളിലൂടെ പരിചയപ്പെട്ട നൂറു കണക്കിനു ചെറുപ്പക്കാർ കൊച്ചിക്കായലിന്റെ അരികിലുള്ള നടപ്പാതയിലൂടെ ദീപം കൊളുത്തി നടന്നു നീങ്ങിയ കാഴ്ച ആവേശം ജനിപ്പിക്കുന്നതായിരുന്നു.

തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിലും പ്രതികരണത്തിൽ യുവത്വം സൂക്ഷിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷി ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ, യുവതാരം റീമ കല്ലിങ്കലിന് നൽകിയ തിരിനാളം പല കൈകളിൽ വെളിച്ചം പകർന്ന് ഒരു ദൈർഘ്യമേറിയൊരു ദീപമാലയായി കായലരികിലൂടെ നീങ്ങി, നഗരവീഥിയും കടന്ന് സമ്മേളനവേദിയിൽ തിരിച്ചെത്തി.

സൈബർ സ്‌പെയ്‌സ് എന്നാൽ കൊച്ചുവർത്താനവും, സൊറപറയലും, പുറംചൊറിയലും മാത്രമല്ല എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച യുവതയ്ക്ക് അഭിവാദനങ്ങൾ!

പ്രശസ്തബ്ലോഗർ നിരക്ഷരൻ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ സൈബർ സ്പെയ്സിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളതും ശ്രദ്ധ ക്ഷണിച്ചിട്ടുള്ളതും. അതിനായി നമ്മുടെ ബൂലോകം നിർലോപം പിന്തുണ നൽകുന്നുമുണ്ട്.

ഏതാനും ദിവസം മുൻപ് യുവ ബ്ലോഗർ മത്താപ്പ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ബൂലോകത്തിന്റെ സജീവമായ ഇടപെടലുകൾ വേണമെന്നും, അതിനായി കൊച്ചിയിൽ സംഗമിച്ചാലോ എന്നും ആരാഞ്ഞുകൊണ്ട് ഗൂഗിൾ ബസ്സിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് മനോരാജ്, ജോഹർ എന്നിവരും ഈ വിഷയത്തിൽ ഒരുമിക്കണം എന്നാവശ്യപ്പെട്ടു. ഫെയ്സ് ബുക്കിൽ മറ്റു രണ്ടു ഗ്രൂപ്പുകളും ഇക്കാര്യത്തിൽ കൊച്ചിയിൽ സംഗമിക്കുന്നെണ്ടെന്ന്  എന്നറിഞ്ഞതോടെ അവർക്കൊപ്പം കൂടാൻ കൊച്ചിയിലെ ബ്ലോഗർമാരും തീരുമാനിക്കുകയായിരുന്നു.

രാജു നായർ, ഷോൺ, ലക്ഷ്മി... അങ്ങനെ നേരിൽ പരിചയമില്ലാത്ത ഏറേപ്പേരാണ് ഈ ചടങ്ങിനു ചുക്കാൻ പിടിച്ചത്. ഒപ്പം വളരെയറിയാവുന്ന  നിരക്ഷരനും. അവർക്കെല്ലാം അഭിവാദ്യങ്ങൾ!

ബൂലോകത്തെ പ്രതിനിധീകരിച്ച് നിരക്ഷരന്‍, ജോഹര്‍, മനോരാജ്, ജയന്‍ ഏവൂര്‍, കാര്‍ട്ടൂണിസ്റ്റ് സജീവ്, മത്താപ്പ്, പാക്കരന്‍, കോവാലന്‍, വേദവ്യാസന്‍, മണികണ്ഠന്‍, ദിമിത്രേവ്, അനൂപ് മോഹന്‍  എന്നിവർ പങ്കെടുത്തു.


                          ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയ ബ്ലോഗർമാർ.
                          വേദവ്യാസൻ, ഭാര്യ, മനൊരാജ്, ജോ, കാർട്ടൂണിസ്റ്റ് സജീവ്....

                             ഹാഷിം, മത്താപ്പ്, മനോരാജ്....

                               ലളിതമായ വേദിയിൽ, ലളിതയായൊരു നടി.
                             റീമ കല്ലിങ്കൽ നേരത്തേ തന്നെ എത്തിച്ചേർന്നു.                                     സ്വാഗതഭാഷണം - രാജു നായർ.


                           അധ്യക്ഷപ്രസംഗം - നിരക്ഷരൻ

                          

                             ഉദ്ഘാടനം: ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ
                                      ആശംസ :ഹൈബി ഈഡൻ                          വേദിയിൽ യുവതാരങ്ങൾ...

                            ജസ്റ്റിസ് കൃഷ്ണയ്യർ ദീപം തെളിയിക്കുന്നു.
  


ഈ നാലു ചെറുപ്പക്കാരെ ഞാൻ ആദ്യമായി കാണുകയാണ് . ഇത്തരം നൂറുകണക്കിനു യുവതീയുവാക്കളാണ് മറൈൻ ഡ്രൈവിൽ ദീപം തെളിയിച്ചത്....

അവരുടെ പ്രത്യാശ പൂവണിയട്ടെ.

സർക്കാരിനോട് നമുക്ക് ഒന്നേ അഭ്യർത്ഥിക്കാനുള്ളു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കൂ, വെള്ളം തമിഴ്‌നാട് എടുത്തോട്ടെ!

ഈ ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളെയും എനിക്ക് നേരിൽ പരിചയമില്ല.
വിശദമായ വായനയ്ക്കും ചിത്രങ്ങൾക്കും  നമ്മുടെ ബൂലോകം കാണുക.
Friday, November 11, 2011

മെട്രോ വാര്‍ത്ത : സന്തോഷം!

എന്റെ യോഗ ബ്ലോഗിനെക്കുറിച്ച് മെട്രോ വാര്‍ത്തയില്‍ വന്ന റൈറ്റ് അപ്.


യോഗ ബ്ലോഗ്‌ വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.


http://www.jayanevoor.blogspot.com/

യോഗയില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉടന്‍ തന്നെ എഴുതുന്നതാണ്


എല്ലാവര്‍ ക്കും  നന്ദി!
ഈ വാര്‍ത്ത അയച്ചു തന്ന പ്രശസ്ത  ബ്ലോഗര്‍ ജോയ്ക്ക് പ്രത്യേക നന്ദി!