Thursday, December 30, 2010

ബ്ലോഗർ സുഹൃത്തുക്കൾക്ക് സ്വാഗതം!

ഇന്ന് ന്യൂ ഇയർ ഈവാണ്.

2010 ഇനി മറിഞ്ഞുപോയ കലണ്ടർ താളുകളിലും, നമ്മുടെയൊക്കെ ഓർമ്മകളിലും അവശേഷിക്കും.
കഴിഞ്ഞ നൂറ്റാണ്ടോടെ കത്തെഴുത്ത് മണ്മറഞ്ഞതിൽ പിന്നെ ആശയസംവേദനത്തിനായി മലയാളം ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന മേഖലയായി ബൂലോകം മാറി എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.

എന്നാൽ, ഒട്ടേറെ പ്രതീക്ഷകളും സാധ്യതകളുമായി പുതിയ മില്ലെനിയത്തിൽ അവതരിച്ച ബ്ലോഗ് എന്ന മാധ്യമം നിറയെ വെല്ലുവിളികൾ നേരിട്ട വർഷമാണ് 2010.


സാകേതികത അതിന്റെ വിശ്വരൂപം അക്ഷരാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഇക്കാലത്ത്, അതിന്റെ പിന്തുണയോടെ തന്നെ വന്ന പുതു സംരംഭങ്ങൾ - ട്വിറ്റർ, ബസ്, ഫെയ്സ് ബുക്ക് തുടങ്ങിയവ - ബ്ലോഗ് എന്ന മാധ്യമത്തെ വിഴുങ്ങിക്കളയുമോ എന്ന ആശങ്ക ലോകമെമ്പാടുമുള്ള ബ്ലോഗ് പ്രേമികളിൽ ഉണർത്തിയിട്ടുണ്ട്.

സാഹിത്യത്തിന്, മാധ്യമ പ്രവർത്തനത്തിന്, ആശയപ്രചാരണത്തിന്, അതിജീവനത്തിന്....
ഒക്കെ ഒരു ബദൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യരചനകൾക്കും, ആശയപ്രചാരണങ്ങൾക്കുമായാണ് ബ്ലോഗ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

വർഷങ്ങളായി എഴുത്തും വായനയും കൈമോശം വന്ന സാഹിത്യപ്രേമികളായ ആൾക്കാരായിരുന്നു (അതും സാങ്കേതികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ) മലയാളത്തിലെ ആദ്യ ബ്ലോഗർമാർ. തുടർന്ന് പ്രവാസികളുടെ ഒരു വലിയ കൂട്ടം തന്നെ ബൂലോകത്തേക്കൊഴുകിയെത്തി. എഴുതിയും വയിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചു, വിമർശിച്ചും ഒരു ബ്ലോഗർ കൂട്ടാ‍യ്മ തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നു.

എന്നാൽ പോകെപ്പോകെ പുതുമ നശിച്ചിട്ടോ, ഉറവ വറ്റിയിട്ടോ, തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഒക്കെയായി, ബ്ലോഗിൽ പലരുടെയും എഴുത്തു കുറഞ്ഞു. പുതുമുഖങ്ങൾ വന്നെത്തുന്നുണ്ടെങ്കിലും രണ്ടു കൊല്ലം മുൻപുവരെ ഉണ്ടായിരുന്ന ആവേശം ഇന്ന് ബ്ലോഗ് രംഗത്തു കാണുന്നില്ല.( ഈ വിഷയത്തിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നത് കാണുക )


എന്നാൽ ഇത് മലയാളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ തന്നെ പുതുസംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുന്ന പുതുരീതികളുമായി വന്നപ്പോൾ ടീനേജും, യൂത്തും ബ്ലോഗിൽ വിരളമായി. അങ്ങനെയാണ് “ദ ബ്ലോഗ് ഈസ് ഡെഡ്; ലോങ് ലിവ് ദ ബ്ലോഗ് !” എന്ന് സായിപ്പ് വിളിച്ചു കൂവിയത്.

ഭാഗ്യവശാൽ മലയാളം ബ്ലോഗ് മരിച്ചിട്ടില്ല. അല്പം മാന്ദ്യം ഉണ്ടായി എന്നു മാത്രം.


മലയാളം പോലുള്ള പ്രാദേശിക ഭാഷകൾക്ക് നിലനിൽക്കാനും, തലയുയർത്താനും ഭാവിയിൽ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്.

സാഹിത്യ അക്കാഡമി ഉൾപ്പടെ ഇക്കാര്യത്തിൽ ബോധമുള്ളതായിക്കഴിഞ്ഞു എന്നത് നമ്മെ സംബന്ധിച്ചും, ഭാഷയെ സംബന്ധിച്ചും ശുഭോദർക്കമാണ്.

മുഖ്യധാരാ ബ്ലോഗർമാരെക്കൂടി ഉൾപ്പെടുത്തി ആ സംരംഭംവിജയിപ്പിക്കുവാൻ അക്കാഡമി ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗർമാർ തുടങ്ങിയ സംരംഭം കാണുക. സാഹിത്യ അക്കാഡമിക്ക് ഒരു ഭീമഹർജി

മലയാളം ബ്ലോഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാഥമികവായനക്കാർ ബ്ലോഗർമാർ തന്നെയാണ്! ഇതു തന്നെയാണ് നമ്മുടെ വെല്ലുവിളിയും. അതുകൊണ്ട് ബ്ലോഗർമാരല്ലാത്ത വായനക്കാരെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ, പുതുതലമുറയെ ബ്ലോഗർമാരാകാൻ ക്ഷണിക്കൽ ഇവ നമ്മൾ തന്നെ മുൻ കൈ എടുത്ത് നടത്തിയേ മതിയാകൂ.

മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ഇത് നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

ബ്ലോഗ് ലിറ്ററസിയെപ്പറ്റി ബൂലോകം ഓൺലൈൻ നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. അതുപോലെ തന്ന്നെ മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ കൂട്ടം.കോം കഥാ-കവിതാ മത്സരങ്ങൾ നടത്തി ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നു.

നമ്മുടെ ബൂലോകം, ബ്ലോത്രം തുടങ്ങി നമുക്കു പരിചിതമായ മറ്റു പ്രസ്ഥാനങ്ങളുമുണ്ട്.

നമുക്കൊക്കെ ഒന്നായി നിന്നുകൊണ്ട് മലയാളം ബൂലോകത്തിന്റെ സടകുടഞ്ഞെണീക്കലിനു സാക്ഷ്യം വഹിക്കാം; പങ്കാളികളാകാം!

ഒപ്പം ഓർക്കാനുള്ളത്, കേവലം നൊസ്റ്റാൽജിയ എഴുത്തുകൾക്കുപരി വ്യത്യസ്തമായ വിഷയങ്ങളും, രചനാ സമ്പ്രദായങ്ങളും ബ്ലോഗുകളിൽ കടന്നു വരേണ്ടിയിരിക്കുന്നു എന്നുള്ളതാണ്.

2011 ബ്ലോഗ് നവോത്ഥാനത്തിനുള്ള വർഷമായിത്തീരട്ടെ!

എല്ലാവർക്കും പുതുവത്സരാശംസകൾ!


എറണാകുളത്തും പരിസരപ്രദേശത്തുമുള്ള പുതുവത്സരാഘോഷത്തിനായി ബ്ലോഗർമാരെ ഒരുമിച്ചു കൂടാൻ ക്ഷണിക്കുന്നു. ജാനുവരി  ആറാം തീയതി എറണാകുളത്ത് ചേരാൻ താല്പര്യമുള്ള ബ്ലോഗർമാർ വിവരം ഈ ബ്ലോഗില അറിയിക്കണം എന്നു താല്പര്യപ്പെടുന്നു. മേൽ വിഷയത്തിലുള്ള പ്രാഥമിക ചർച്ചയും നമുക്കു നടത്താം.

വൈകുന്നേരം നല്ലൊരു സായന്തനം 4 മണി മുതൽ 8 മണി വരെ എന്നാണുദ്ദേശിക്കുന്നത്. മറ്റു നിർദേശങ്ങൾ ഉണ്ടെങ്കിൽ അതും ഇവിടെ പറയാവുന്നതാണ്.
സ്ഥലം: മറൈൻ ഡ്രൈവ്, എറണാകുളം.

Friday, November 26, 2010

ചില ബ്ലോഗർമാരുടെ യഥാർത്ഥ മുഖം!

കാണാമറയത്തിരുന്ന് കലാസൃഷ്ടി നടത്തി കാലം കഴിക്കുന്ന കശ്മലന്മാരാണ് ബ്ലോഗർമാർ എന്ന് പ്രശസ്ത സാഹിത്യകാരൻ ചെറായി ചെല്ലപ്പൻ അഭിപ്രായപ്പെട്ടു.

ഇവരുടെ ഒക്കെ യഥാർത്ഥമുഖം കണ്ട് താൻ ഞെട്ടിപ്പോയി എന്നും അതിയാൻ അഫിപ്രായപ്പെട്ടു. മുപ്പതു വർഷത്തെ കലാസപര്യയ്ക്കിടെ തൊള്ളായിരത്തിമുന്നൂറ് കഥകളും തൊണ്ണൂറ്റിനാല്പത്തെട്ട് നോവലുകളും എഴുതിയ തന്നെയൊന്നും ഇവറ്റകൾക്കു ബഹുമാനം ഇല്ലെന്നും ഇതിനൊന്നും ഇവരെ പറഞ്ഞിട്ടുകാര്യമില്ലെന്നും ചെ.ചെ. കൂട്ടിച്ചേർത്തു.

"ഇവന്മാരുടേം, ഇവളുമാരുടെ അമ്മൂമ്മേടെ കുഴപ്പമാണിതെല്ലാം. ആ ഗൂഗിളമ്മച്ചിയെ എങ്ങാനും കയ്യിൽ കിട്ടിയാൽ പ്രായം പോലും നോക്കാതെ ഞാൻ...."
ചെ.ചെ. പല്ലു ഞറുമ്മി.


അങ്ങനെയിരിക്കെയാണ് ചില ചില്ലറ ബോറന്മാർ  ഒരു കാറ്റാടിക്കരയിൽ കൂടുന്നു എന്നവിവരം രഹസ്യമായി ചെ.ചെ.യ്ക്ക് കിട്ടിയത്.

കാര്യം, ഒളിവിലിരുന്നാണ് സാധിക്കുന്നതെങ്കിലും, ഇവന്മാരും സേവിക്കുന്നത് കലയെയല്ലയോ എന്ന ചിന്ത വന്നപ്പോൾ ഈ പുത്തൻ കൂറ്റുകാരെ ഒന്ന് ഉപദേശിച്ചു നന്നാക്കിക്കളയാം എന്ന് അതിയാൻ തീർച്ചപ്പെടുത്തി.

അങ്ങനെയാണ് ചെറായിക്കടാപ്പുറത്തെ കാറ്റാടിത്തീരത്ത് ചെ.ചെ. എത്തിപ്പെട്ടത്.

അവിടെ എത്തിയപ്പോഴേ ചെ.ചെയുടെ മനം കുളിർത്തു. തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും താല്പര്യമില്ലാതെ മുഖം തിരിഞ്ഞിരിപ്പാണ് ലവന്മാർ!  ദാ രണ്ടെണ്ണം...ഇതാ വേറൊരെണ്ണം!


അണ്ണാ .... ലവന്റെ ഇരുപ്പ് കണ്ടിട്ട് എനിക്കും ചൊറിഞ്ഞു വരുന്നു. അടിനാവിക്കിട്ട് ഒരു ചവിട്ടു കൊടുക്കട്ടേ!?

ചവിട്ടൊക്കെ കഴിയുമ്പം, മര്യാദയ്ക്ക് ഞാനെടുത്ത ഫോട്ടോ കിടിലനാണെന്നു പറഞ്ഞോണം! ഇല്ലേൽ കളി മാറുവേ...!

വിശാലൻ: നീല ഗഡീ.... നിന്റെ നോട്ടം എനിക്കത്ര പിടിക്കണില്ല, ട്ടാ....
നാട്ടുകാരൻ: പണ്ടാരക്കാലൻ.... ഈ പുരാണം എഴുത്തുകാരനെ ആരിങ്ങോട്ട് കെട്ടിയെടുത്തെന്റമ്മച്ചീ!

 ചെറായിപുരാണം ലവൻ പോസ്റ്റുന്നതിനു മുൻപ് ഞാൻ പോസ്റ്റും!


നിരക്ഷരനെ ഞാൻ മലർത്തും. “കാമറൂണിലെ കാറ്റാടിതീരം....” എന്ന് റ്റൈറ്റിൽ ഇടാം... അതോ “കാറ്റാടിച്ചോട്ടിൽ നിന്ന് കനാനിലേക്കെന്തു ദൂരം..?” എന്നായാലോ... അച്ചായൻ ഉറക്കെ ചിന്തിച്ചു.ക്യാമറയൊക്കെ നന്നായിട്ടുണ്ട്.... പക്ഷേ ഫോട്ടോ ശരിയല്ല.... എന്റെ വയർ മുഴുവനായി കവർ ചെയ്തിട്ടില്ല!!!അച്ചായന്റെ ചോദ്യം: എന്റെ തൂക്കം 82 കിലോ. അപ്പോ ഈ മുന്നിലിരിക്കുന്ന ചങ്ങായീടെ തൂക്കംഎത്ര?

കൊടകരച്ചന്തേലെകുഞ്ഞമ്മിണീടെ ഫോട്ടോ ഞാൻ എന്തോരം എടുത്തതാ പണ്ട്!
(ചിത്രത്തിലെ “മോൻ” ലാലിനെപ്പോലെ!)

നിരക്ഷരൻ:വാസ്കോ ഡ ഗാമ വന്നത് സത്യത്തിൽ ഇവടാ..... ഈ ചെറായിക്കടാപ്പൊറത്ത്. അന്ന് എന്റെ വല്യുപ്പാപ്പന്റെ മാമൻ ഗോവിന്ദമാമയാ ഗാമേടെ യാത്രാവിവരണം എഴുതിക്കൊടുത്തത്.
കാർട്ടൂണിസ്റ്റ്: ഉവ്വാ... ഉവ്വാ...


നിരക്ഷരൻ: നിങ്ങളാരും വിശ്വസിക്കുന്നില്ലേൽ ഞാൻ ഫോട്ടോ കാണിച്ചു തരാം. ഗാമേം ഗോവിന്ദമാമേം കൂടൊള്ള ഫോട്ടോ...!

അച്ചായൻ: കള്ളം പറയുവാണെങ്കിലും സമ്മതിച്ചു കൊടുക്ക് ഗഡീസ്!സത്യത്തിൽ കേരളത്തിലാദ്യം ക്യാമറവാങ്ങിച്ചയാൾ എന്റെ വല്യപ്പന്റെ വല്യപ്പന്റെ വല്യപ്പനാ....


അപ്പോൾ അവിടെ സാക്ഷാൽ  ചെറായി ചെല്ലപ്പൻ  പ്രത്യക്ഷപ്പെട്ടു!
എല്ലാവരും ചെ.ചെ പറയുന്നത് സാകൂതം ശ്രവിച്ചു നിന്നു.കാർട്ടൂണിസ്റ്റ്: കുനിച്ചു നിർത്തി മുട്ടുകാലങ്ങു കേറ്റിയാലോ....
നാ‍ട്ടുകാരൻ:ഇവന്റെ സൂക്കേട് ഞാൻ തീർക്കും. എന്റെ ബ്ലോഗ് വായിപ്പിക്കും!
അച്ചായൻ: ഇവൻ ചെറായീലാണോ, സൊമാലിയേലാണോ ജനിച്ചത്?
നന്ദപർവം: ആശാൻ കൊള്ളാലോ!

ആശാനാന്നൊക്കെ പറഞ്ഞ് വന്ന് വല്യ ഗഡി കളിച്ചാലുണ്ടല്ലോ.......ഒറ്റ പെടയാ പെടയ്ക്കും!

ഇത്രയുമായപ്പോൾ ചെ.ചെ നയത്തിൽ മുങ്ങി!
ബ്ലോഗർമാർ കൂടിയാലോചൻ തുടങ്ങി!

നന്ദൻ: സത്യത്തിലീ ചെറായി ചെല്ലപ്പനെ എനിക്ക് പേടീണ്ടായിട്ടല്ല.... പക്ഷേ, ഇവടാകെ ചോരമയമാകും... ഈ മണ്ണിൽ ചോര വീഴാൻ ഞാൻ സമ്മതിക്കില്യ...

ആ... അതാ നല്ലത്. വിശാലൻ എസ്.പീനെ വിളിക്ക്‌ണ്ട്.... അത് മതി, അത് മതി!


എസ്.പീനെ വിളിച്ച നന്നായി. ഇല്ലാർന്നേല്ണ്ടല്ലാ, ദാ ഇത്ര പോന്ന ഒര് തടിയനെ പണ്ട് മലർത്തിയ പോലെ, ഈ പന്നീനേം ഞാം മലർത്തീനേ!

എന്നാ പിന്നെ പോയി വല്ലതും ഞം ഞം അടിക്കാം, ല്ലേ!?

അതുവരെ ഇല്ലാതിരുന്ന ചിരി അതോടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടു!

ഹൊ! ഭാഗ്യം! ഇനി തിന്നാൻ വല്ലതും കിട്ടും!


തീറ്റയ്ക്ക് കാശു കൊടുക്കേണ്ട എന്നു കേട്ടപ്പോൾ കാർട്ടൂണിസ്റ്റിന്റെ കണ്ണു നിറഞ്ഞു.

തീറ്റ എന്ന വാക്കു കേട്ടതോടെ പുതിയൊരു താരം  ഓടിയെത്തി!  മനോരാജ്! അതോടെ ചെ.ചെ. പറപറന്നു!  ഒരു ബീച്ചിൽ രണ്ട് കുളക്കോഴികൾ പാടില്ലത്രെ!

ഇനി പടങ്ങൾ സമയം പോലെ .....!

ബൈ ബൈ!

സ്വ.ലേ.

ചിത്രങ്ങൾക്കു കടപ്പാട്: എന്റെ പൊലിഞ്ഞുപോയ എൻ 70!!

Tuesday, October 26, 2010

വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!

 2007 ൽ ബൂലോകത്തെത്തിയ ഒരാളാണു ഞാൻ. ഏവൂരാൻ എന്ന എന്റെ നാട്ടുകാരൻ ബ്ലോഗെഴുതിയതായി പത്രത്തിൽ വായിച്ച ആവേശത്തിലാണ് ഞാനും ഈ മാധ്യമത്തിലേക്കു കാൽ വച്ചത്. വക്കാരിമഷ്ടാ, വിശ്വപ്രഭ, കേരളാ ഫാർമർ, ഇഞ്ചിപ്പെണ്ണ്, വിശാലമനസ്കൻ, അരവിന്ദ്, കുറുമാൻ, മരമാക്രി, ഇടിവാൾ,കെ.പി.സുകുമാരൻ എന്നീ പേരുകൾ പത്രത്താളുകളിൽ നിന്നു മനസ്സിലേക്കു കയറി.

മലയാളം ബ്ലോഗിന്റെ പുഷ്കലകാലമായിരുന്നു അത്. 2003 നും 2007 നും ഇടയ്ക്ക് എഴുതപ്പെട്ട രചനകൾ വായിച്ച് ഞാൻ ഉത്സാഹഭരിതനായി.

തുടർന്ന് ബ്രിജ് വിഹാരം മനു, പോങ്ങുമ്മൂടൻ,ചിത്രകാരൻ,അരുൺ കായംകുളം, വാഴക്കോടൻ, കുമാരൻ, മാണിക്യം, മിനി ടീച്ചർ തുടങ്ങി ഒരു വൻ നിര തന്നെ പ്രത്യക്ഷപ്പെട്ടു.

മതവും,രാഷ്ട്രീയവും, സിനിമയും, സൊറപറയും, ഓർമ്മക്കുറിപ്പുകളും ബ്ലോഗിൽ നിറഞ്ഞു.

എന്നാൽ 2010 വന്നുദിച്ചതോടെ മലയാളം ബ്ലോഗിനു ശനിദശതുടങ്ങി. ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ഒക്കെയായി പലരുടെയും തട്ടകങ്ങൾ.

അല്ലറചില്ലറ വിവാദങ്ങൾ തുണച്ചതുകൊണ്ട് കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ഒരു ചലനമുണ്ടായെന്നതൊഴിച്ചാൽ മലയാളം ബ്ലോഗ് മാന്ദ്യത്തിലാണ്. ആകെ ഒച്ചയും ബഹളവും ഉള്ളത് മതചർച്ച നടക്കുന്ന ഇടങ്ങളിൽ ആയി!

ഇന്ന് പ്രതിഭാധനരായ പല ബ്ലോഗർമാരും, ബ്ലോഗിനേക്കാൾ പ്രാധാന്യം ഗൂഗിൾ ബസ്സിനും, ട്വിറ്ററിനും, ഫെയ്‌സ് ബുക്ക് ഫാം വില്ലെയ്ക്കുമൊക്കെയാണ് നൽകുന്നതെന്ന യാഥാർത്ഥ്യം ചങ്കു തകർക്കുന്നതാണ്.

ബ്ലോഗർ എന്ന മേൽ വിലാസമാണ് നമ്മെ ഒരുമിപ്പിച്ചതെന്ന യാഥാർത്ഥ്യം വിസ്മരിക്കാതിരിക്കാനും, ഒപ്പം വളരെയേറെ സാധ്യതകൾ ഉള്ള ഈ മാധ്യമം ജീവസ്സുറ്റതാക്കി നിലനിർത്താനും ഉള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന് എല്ലാ ബ്ലോഗർമാരും തിരിച്ചറിയണം എന്നും
അഭ്യർത്ഥിക്കുന്നു.


ഈ വിഷയത്തിൽ സമാനചിന്താഗതിയുള്ള ബ്ലോഗർമാർ ഒരുമിക്കാൻ തയ്യാറായാൽ അക്കൂട്ടത്തിൽ കൂടാൻ ഞാനും ഉണ്ടെന്ന വിനീതമായ വാഗ്ദാനത്തോടെ,

സ്നേഹപൂർവം

ജയൻ ഏവൂർ

വാൽമൊഴി: കച്ചോടമാക്കി മാറ്റിയെന്നാരൊപിച്ചാലും നിരന്തരമായി ബെർളിയും, പിന്നെ ഇടയ്ക്കിടെ വിശാലമനസ്കനും ഇപ്പോഴും പോസ്റ്റുകൾ ഇടുന്നുണ്ടെന്നതിൽ അവരെ മനസ്സാ അഭിനന്ദിക്കുന്നു!

Sunday, October 17, 2010

കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!

പ്രിയസുഹൃത്തുക്കളെ,

മലയാളം ബൂലോകത്തിന്റെ പ്രിയങ്കരനും എന്റെ നാട്ടുകാരനുമായ അരുൺ കായംകുളത്തിന്റെ ജനപ്രിയ ബ്ലോഗ് ‘കായംകുളം സൂപ്പർഫാസ്റ്റ്’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ഇന്നു രാവിലെ (17-10-10)അരുണിന്റെ ഗ്രാമത്തിലെ കരിമുട്ടം ദേവീക്ഷേത്രാങ്കണത്തിൽ കൂടിയ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രശസ്ത കവി ശ്രീ.ചേരാവള്ളി ശശി പുസ്തകം പ്രകാശനം ചെയ്തു.ക്ഷേത്രം ഭരണസമിതി സെക്രട്ടറി ശ്രീ പരമേശ്വരൻ പിള്ള അധ്യക്ഷനായിരുന്നു.

ചടങ്ങിന് പ്രശസ്ത ബ്ലോഗർ ജി.മനു (ബ്രിജ് വിഹാരം) സ്വാഗതം പറഞ്ഞു. ശ്രീ. ബി. ജയപ്രകാശ്, ബ്ലോഗർമാരായ വാഴക്കോടൻ, ജയൻ ഏവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നന്ദകുമാർ, ഹരീഷ് തൊടുപുഴ, മുള്ളൂക്കാരൻ, കണ്ണനുണ്ണി, കൊട്ടോട്ടിക്കാരൻ, ധനേഷ്, പഥികൻ, രാകേഷ് , മൊട്ടുണ്ണി തുടങ്ങിയവരും പങ്കെടുത്തു. (വിശാലമായ ഫോട്ടോസ് പുലികൾ ഇടും!)

എൻ.ബി പബ്ലിക്കേഷൻസിനു വേണ്ടി ബ്ലോഗർ ജോ പ്രസിദ്ധീകരണം പരിചയപ്പെടുത്തി.ബ്ലോഗ് രചനകളോട് മുഖ്യധാരാ പ്രസിദ്ധീകരണ സ്ഥപനങ്ങൾ പുലർത്തുന്ന അവഗണന അനുഭിച്ചറിഞ്ഞതിനെത്തുടർന്നാണ് തങ്ങൾ ഈ ദൌത്യം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

************************************************************************************
ഇത്രയുമൊക്കെ കഴുത്തിൽ കത്തി വച്ച് എഴുതിച്ചതാ......

യഥാർത്ഥത്തിൽ സംഭവിച്ചത് ദാ ഇങ്ങനാ....അനിയന്റെ മകന്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്നു മുങ്ങി ഞാൻ പൊങ്ങിയത് കരിമുട്ടത്തായിരുന്നു.അമ്പലം റോഡ് സൈഡിൽ തന്നെയായതിനാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷെ പുറത്ത് പരിചയമുൾല ആരെയും കണ്ടില്ല.

ചടങ്ങിന്റെ മുഖ്യ ആസൂത്രകരായ സർവശ്രീ.നന്ദപർവം നന്ദകുമാർ, ഷാജി മുള്ളൂക്കാരൻ, ഹരീഷ് തൊടുപുഴ എന്നിവരാരെങ്കിലും “ഹായ് ! ജയൻ ഏവൂർ! സ്വാഗതം എന്നു പറഞ്ഞ് കൈകുലുക്കും എന്നു പ്രതീക്ഷിച്ച് ഞാൻ അമ്പലഗോപുരം കടന്നു നടന്നു.

ഞെട്ടിപ്പോയി!സ്വാഗതക്കമ്മറ്റിയ്ക്ക് പറ്റിയ പുള്ളികൾ! നമ്മളെ മൈൻഡ് ചെയ്യുന്നുപോലുമില്ല!

ഞാൻ നേരേ അമ്പലത്തിലേക്കു കയറി. അവിടെച്ചെന്നപ്പോൾ വേദി റെഡി. പ്രകാശനച്ചടങ്ങ് തുടങ്ങാൻ പോകുന്നു!


ക്ഷേത്രാങ്കണത്തിൽ ആളുകൾ നിറഞ്ഞിരിക്കുന്നു!
ഏതോ പയ്യന്മാരൊക്കെ പടം പിടുത്തം തുടങ്ങി.

ഈ പുലി ഫോട്ടോഗ്രാഫേഴ്സൊക്കെ എവിടേ? ചുറ്റും ഒന്നോടി നോക്കി. യാതൊരു ടെൻഷനുമില്ലാതെ ക്യാമറാ ആംഗിളുകൾ ചർച്ചചെയ്യുകയാണു പുലികൾ!പെട്ടെന്ന്, എവിടെ നിന്നറിയില്ല, സ്വാഗതപ്രാസംഗികൻ കം അവതാരകൻ ആയി ബ്രിജ് വിഹാരം മനു വേദിയിൽ പ്രത്യക്ഷപ്പെട്ടു, സ്വാഗതം പറഞ്ഞു തുടങ്ങി!

ശ്രീ. ചേരാവള്ളി ശശി സംസാരിക്കുന്നു.


പുസ്തകപ്രകാശനം.... കായംകുളം സൂപ്പർഫാസ്റ്റ് ഇനി റെയിലിൽ മാത്രമല്ല, റോഡിലും ഓടും!“മനു എന്ന ചെറുപ്പക്കാ‍രനിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന കഥാകാരനാണ് അരുൺ കായംകുളം” - എന്ന് ജോ. അത് കേട്ട അരുൺ നെഞ്ചു തടവി. കാരണം എന്തെന്നു മനസ്സിലായില്ല. തന്റെ പുസ്തകം പ്രകാശിതമാവുന്നതിന്റെ തിരതള്ളൽ നെഞ്ചാം കൂട് തകർത്തോ, ആവോ! (അത് ഒടുവിലല്ലേ വ്യക്തമായത്!)തുടർന്ന് വാഴക്കോടന്റെ ഊഴമായിരുന്നു. മനു എന്നാൽ ആനയാണ്, മനു എന്നാൽ ചേനയാണ് , മനു എന്നാൽ അരുണിന്റെ പേനയാണ്, പേനത്തുമ്പിലെ ഭാവനയാണ്, കാവ്യയാണ് എന്നൊക്കെ തട്ടിവിട്ടു!


തുടർന്ന് നന്ദിപ്രകാശനത്തിനായി സുസ്മേര വദനനായി അരുൺ എത്തി


പക്ഷേ, പെട്ടെന്ന് ആളുടെ മുഖം മ്ലാനമായി. ഗദ്ഗദ കണ്ഠനായി. മനുവിനെക്കുറിച്ചുള്ള കഥകൾ അറിയാതെ എഴുത്തിപ്പോയെന്നും, ഒക്കെ ഒരു തമാശയായി കാണണം എന്നും ദീനദീനം അപേക്ഷിച്ചു. അധ്യക്ഷനും, പുസ്തകപ്രകാശകനും ഒക്കെ മ്ലാനവദനരായി. മൂക്കിൽ വിരൽ തള്ളാൻ മടിയുള്ളതുകൊണ്ടാവും ഒരാൾ കവിളിലും, മറ്റെയാൾ ചുണ്ടിലും വിരൽ തള്ളി!എന്തു പറ്റി എന്നു ചുറ്റും നോക്കി. അപ്പോൾ മാത്രമാണ് പിൻ നിരയിൽ നിന്നിരുന്ന ചെറുപ്പക്കാരെ എല്ലാവരും ശ്രദ്ധിച്ചത്. ഇതൊന്നും സുഖിക്കുന്നില്ല എന്ന മുഖഭാവവുമായി നാലു ചെറുപ്പക്കാർ.അവരുടെ നേതാവാണത്രെ മനു! കരിമുട്ടത്തെ ട്രൂ ഹീറോ! അവൻ മംഗലാപുരത്തു നിന്നിങ്ങെത്തിയിട്ടില്ലത്രെ!

ഇനി അവനൊന്നു വന്നിട്ടുവേണം ഇതിന്റെ പരിണാമഗുസ്തി ഒന്നറിയാൻ!

അക്കഥകൾ ചൂടോടെ കിട്ടാൻ മുടങ്ങാതെ വായിക്കുക - കായംകുളം സൂപ്പർഫാസ്റ്റ്!!


അടിക്കുറിപ്പ്:ഞാനീ പറഞ്ഞ കാര്യങ്ങൾക്കൊക്കെ സാക്ഷികൾ ഉണ്ട്. ദാ താഴെ നോക്ക്.

Monday, September 6, 2010

എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!

'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റെ N 70 വച്ച് എടുത്ത ചില ചിത്രങ്ങൾ!

ഇതെന്താ?


ഹിന്ദിയാണെന്നു തോന്നുന്നുഇത് ഇംഗ്ലീഷ്
എന്താപ്പോ സംഭവം?
ദാ ഇതാണ് സംഭവംഅഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ.......ദെന്താദ് ? ചക്കമാലയോ!?ചക്കയ്ക്കൊക്കെ എന്താ ഗ്ലാമർ!ഒന്നു നോക്കിയേ!ഇയാൾ ഇതെങ്ങോട്ടാ!?ഇതു നോക്കിയാവുമോ?അല്ലല്ല..... ദാ ഇതു നോക്കിയാ ആശാൻ പോണത്!

കൂർത്തുമൂർത്ത മുള്ളുകൾക്കിടയിലും പൂ തേടിപ്പോയ ആ ഓന്തിനെ നമിച്ചുകൊണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു.

ഇനി വഴിയിലെവിടെയെങ്കിലും
നല്ലൊരു ദൃശ്യം തെളിയുമ്പോൾ
എൻ സെവന്റീ നിന്നെ ഓർമ്മവരും
എൻസെവന്റീ നിന്നെയോർമ്മ വരും!

ആ കദനകഥ വായിക്കാത്തവർ താഴെ ക്ലിക്കുക!

ബ്ലോഗറുടെ എൻ സെവന്റി !

Tuesday, August 10, 2010

ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!

 പ്രിയ സുഹൃത്തുക്കളേ,

ഇടപ്പള്ളിയിൽ സമാപിച്ച മലയാളി ബ്ലോഗ് മീറ്റിൽ നൂണ്ടുകയറിയ അനോണി ചാരന്റെ ഡയറിയും ക്യാമറയും അതിസാഹസികമായ സ്റ്റിഞ്ച് ഓപ്പറേഷനിലൂടെ ഞാൻ അടിച്ചു മാറ്റി. ആൾ തിരുവനന്തപുരത്തു നിന്ന് വണ്ടികയറിയപ്പോൾ മുതലുള്ള കാര്യങ്ങൾ ഡയറിയിൽ മണിമണിയായി എഴുതിവച്ചിട്ടുണ്ട്.

ഓവർ ടു ദ ഡയറി....

“വെളുപ്പാൻ കാലത്ത് എണീച്ചു വന്നതാ റെയിൽ വേ സ്റ്റേഷനിലോട്ട്. അപ്പക്കാണാം അവന്മാരുടെ കയ്യിൽ ഒള്ള ട്രെയിനെല്ലാംകുടെ അട്ടിയിട്ടു വച്ചേക്കുന്നു.ആകെ ഒരു കൺഫ്യൂഷൻ. സംഗതി അവന്മാർക്കു വല്യ ശ്രദ്ധയൊന്നുമില്ലെങ്കിലും കാര്യം നമ്മടെയല്യോ! മീറ്റിലെത്തിയാലല്ലേ ഈറ്റാൻ പറ്റൂ....

അതിലൊരെണ്ണം സംഘടിപ്പിച്ച് നേരേ എറണാകുളത്തേക്കു വിട്ടു. പണ്ട്  റബർ വെട്ടിയത് കേറ്റിക്കൊണ്ടു പോകാൻ വന്നിരുന്ന പാണ്ടിലോറി ഓടിച്ചുള്ള പരിചയം വച്ച് നേരേ വിട്ടു.

വണ്ടിയോടിക്കുന്നതിനിടയിൽ ശ്രദ്ധപോകണ്ടാ എന്നും വച്ച്, സൈഡിലോട്ടൊന്നും നോക്കിയില്ല.


കൊറേക്കഴിഞ്ഞപ്പം നല്ല കുളിർ കാറ്റു വീശുന്നു. ഒന്നു പാളിനോക്കിയപ്പക്കാണാം നല്ല പച്ച വയൽ! കർത്താവേ ഇത് കേരളം തന്നാന്നോ!?
സംഗതി കുട്ടനാടൻ പുഞ്ചയാ.....! ആഹാ! വയലേലകൾ എത്ര സുന്ദരം!

എറണാകുളത്തെത്തിയപ്പോ ചുറ്റും ഒന്നു നോക്കി. ആരേം കാണുന്നില്ല. ആകെപ്പിടിയൊള്ളത് ആ വൈദ്യരെയാ..... അങ്ങേര് കൊല്ലത്തൂന്ന് കേറിക്കാണും. നോക്കിയപ്പ കാണാം ഒരു സ്കോർപ്പിയോ വണ്ടി വന്നു നിൽക്കുന്നു. അതിനകത്തുള്ളവന്മാർ അയാളെ അതീക്കേറ്റി കൊണ്ടുപോയി.


പിറകേ പോയപ്പ മനസ്സിലായി അത് നമ്മടെ ചാണ്ടിക്കുഞ്ഞിന്റെ വണ്ടിയാന്ന്. ഇവന്മാര്ടെ പിന്നാലെ പോയാ മീറ്റ് നടക്കുന്നെടത്തെത്താം. ഒരു ടാക്സിയിൽ ഫോളോ ചെയ്തു.

വണ്ടി കൊറേ ദൂരം മുന്നോട്ടുപോയി പിന്നെ ദാ തിരിച്ചു വരുന്നു! പിന്നെ വീണ്ടും വന്നവഴിയേ പറന്നു പോകുന്നു.... കർത്താവേ, എവനു വട്ടു പിടിച്ചോ!?

എന്തായാലും ഒടുക്കം അത് ഹോട്ടൽ ഹൈവേ ഗാർഡൻസിന്റെ മുന്നിൽ നിന്നു. ഭാഗ്യം! സ്ഥലം തെറ്റിയില്ല!

ചാണ്ടിക്കുഞ്ഞ് ചാടിയിറങ്ങി അവടെ നിന്ന ഒരു കാർന്നോർക്ക് കൈ കൊടുത്തു. പാന്റും ഷർട്ടും കണ്ടപ്പ മനസ്സിലായി ആളെ.


വെള്ളേം വെള്ളേം...! പാന്റും ഷർട്ടുമാണെങ്കിൽ ഷെറീഫ് കൊട്ടാരക്കര.... മുണ്ടും ഷർട്ടുമാണെങ്കിൽ തട്ടത്തുമല! ഇത് ഷെറീഫ് കൊട്ടാരക്കര തന്നെ! ചാണ്ടി ആളെ ആദ്യം കാണുകയാണെന്നു തോന്നുന്നു....

ചാണ്ടീടെ കൂടെ സ്കോർപ്പിയോയീന്ന് ചാടിയെറങ്ങിയവനെ കണ്ട് ഞെട്ടി!
ഈശോ.... ചിതൽ! ഇവൻ കൊഴപ്പകാരനാ.... ആളു സി.ബി.ഐയ്യുടേം മോളീക്കേറിക്കളിക്കുന്ന ടീമാ.... ഡോർതർ ആനൻ കോയിൽ... ഛെ! ആർതർ കോനൻ ഡോയ്‌ൽ!

(ഇപ്പഴല്ലേ വണ്ടി വന്ന വഴിയേ വീണ്ടും തിരിച്ചു വിട്ട് കരങ്ങിവന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്! ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ!)

ആള് കുറ്റാന്വേഷണ ബ്ലോഗേ എഴുതാറുള്ളു എന്നൊക്കെയാ ശ്രുതി!
കർത്താവേ! അവൻ എന്നെക്കണ്ടോ എന്തോ..... മറഞ്ഞു നിന്ന് പടം പിടിക്കാം....
അവൻ ആർക്കാണ് ഫോൺ ചെയ്യുന്നതെന്ന് മനസ്സിലാക്കാം....
ചെവിവട്ടം പിടിച്ചു നിന്നു.

“തീറ്റ റെഡി തന്നെ... പ്രശ്നമില്ല.... നീ വാ! ങേ... തവളക്കാലോ....? അതൊണ്ടോന്നറിയില്ല.... കോഴിക്കാലുണ്ട്.... നീ വാ!”

പിതാവേ! ഇതാരുന്നോ ഇവൻ പറഞ്ഞോണ്ടിരുന്നത്!

എന്നാലും ആരെയാരിക്കും ഫോൺ വിളിച്ച് തീറ്റക്കാര്യം പറഞ്ഞത്!?

ഉം..... സമയമുണ്ടല്ലോ... കണ്ടുപിടിക്കാം!

ആളുകളുടെ മറ പറ്റി ഒന്നു ചുറ്റിയടിക്കാം...

ഓ.... ഇതാണെന്നു തോന്നുന്നു, സഘാടകസമിതി..... ആളുകൂടാത്തതിൽ വെഷമിച്ചു നിൽക്കുവാരിക്കും..... അതിനെടേലും ആ താടിക്കാരൻ ചാറ്റിംഗിലാ! കഴിഞ്ഞ മീറ്റിലെ ഫോട്ടോസ് കണ്ട ഓർമ്മ വച്ചു നോക്കിയാൽ അത് മുള്ളൂക്കാരൻ. നീല ഷർട്ട് ഹരീഷല്ലാതെ വേറെ ആര്? ഘനഗംഭീരശബ്ദൻ! ലൈറ്റ് ബ്ലൂ ഷർട്ടുകാരൻ ജോ ആണെന്നു തോന്നുന്നു. പുതിയ ഒരുത്തൻ നിൽക്കുന്നല്ലോ... ചൊമന്ന വര ഷർട്ട്....? മനോരാജല്ല..... അപ്പപ്പിന്നെ ആ വട്ടൻ ഛേ, വട്ടപ്പറമ്പനാരിക്കും...പ്രവീൺ.അപ്പ മീറ്റിൽ നാലാളായി!
ഞാൻ മനസ്സീ ചിന്തിച്ചത് തന്നെ ഹരീഷും ചിന്തിച്ചു. നാലാളായാ അപ്പ വിളിക്കണം എന്നാ പാവപ്പെട്ടവൻ പറഞ്ഞേൽ‌പ്പിച്ചിരിക്കുന്നത്! അതിയാൻ ആരാണ്ട് വി.ഐ.പിയെ ഒക്കെ പൊക്കിക്കൊണ്ടു വരുംന്നാ ശ്രുതി!മേശമേൽ വെള്ളത്തുണിയൊക്കെ വിരിച്ച് പിങ്ക് ജുബ്ബായൊക്കെയിട്ട് ഒരാളിരിക്കുന്നത് അപ്പഴാ കണ്ടത്..... ഹരീഷ് ചാടിക്കേറി പേര് രെജിസ്റ്റർ ചെയ്തു!
ഇതെന്തു പണി? സംഘാടകനാണൊ ആദ്യമേ കേറി പേരെഴുതണ്ടത്!? ഇവനെയൊന്നലക്കണം!
അപ്പോ ദാ അടുത്താൾ വരുന്നു! പയ്യനാ... കോളേജിൽ പോകുന്ന വഴി വന്നതാനെന്നു തോന്നുന്നു. പുട്ടുകുറ്റി പോലത്തെ ലെൻസൊക്കെ പിടിപ്പിച്ച ഒരു ക്യാമറ കയ്യിലുണ്ട്. അടുത്തൂടെ ഒന്നു ളാകി നടന്നു നോക്കി. സംഗതി പാലക്കാടൻ ഭാഷയാ....

കുറേ കത്തി കേട്ടു കഴിഞ്ഞപ്പോ ജോ ചോദിച്ചു “ അല്ല... ആരാ... പേരെന്താ....?”

അപ്പഴല്ലെ മനസ്സിലായത്. ആൾ അപ്പൂട്ടൻ! ഒറിജിനൽ പേർ പ്രശാന്ത്!
ഈശോ!ഇതാരുന്നോ അപ്പൂട്ടൻ!?അപ്പഴത്തേക്ക് കാവിമുണ്ടൊക്കെ ഉടുത്ത് ഒരു സൽസ്വഭാവി ബ്ലോഗർ വന്നു. നല്ലവനായ ഹാഷിം... പക്ഷേ ആ നോട്ടോം, നെഞ്ചുവിരിവും ഒക്കെ കണ്ടപ്പോ ഒരു ഭയം! കൂടെ പള്ളീലച്ചനെപ്പോലെ നിൽക്കുന്നയാളെ അറിയാമല്ലോ.... നമ്മടെ ചാണ്ടി. നടുവിൽ നിൽക്കുന്നത് വട്ടപ്പറമ്പൻ....

പെട്ടെന്ന് ചാണ്ടി, ചിതൽ, വൈദ്യർ എന്നിവർ സ്കോർപ്പിയൊയിൽ കയറി സ്ഥലം വിടുന്നതു കണ്ടു. പിന്നാലെ വച്ചു പിടിച്ചു. അവർ എത്തിയത് തൊട്ടടുത്തുള്ള ചാണ്ടിയുടെ വീട്ടിൽ. അവിടെയിരുന്ന്  പ്രഭാതഭക്ഷണം കഴിക്കുന്നു... ഫോട്ടോ എടുക്കുന്നു....


                                    ചാണ്ടികുടുംബം                                      ചാണ്ടിക്കും ചിതലിനും നടുവിൽ വൈദ്യർ

തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച.....


ലൈവ് സ്ട്രീമിംഗ് നടത്താൻ ശ്രമിച്ച് വട്ടായിരിക്കുന്ന മുള്ളൂക്കാരൻ....!
“വെബ് ക്യാം ഫിറ്റ് ചെയ്യാതാണോടേയ് ലൈവ് സ്ട്രീമിംഗ്!?” വട്ടപ്പറമ്പൻ ഒച്ചവച്ചു. ഉള്ള ബാഗുകളൊക്കെ തപ്പാൻ തുടങ്ങി!

പെട്ടെന്ന് പാവപ്പെട്ടവൻ പ്രത്യക്ഷപ്പെട്ടു. ഒപ്പം കവി മുരുകൻ കാട്ടാക്കട.സ്വാഗത പ്രസംഗവുമായി പാവപ്പെട്ടവൻ.... 
സദസിൽ സജിം തട്ടത്തുമല, മുരുകൻ, ജോ, തബാരക് റഹ്മാൻ.....


സദസ്സിന്റെ രണ്ടാം നിര...
ഹരീഷ് ഷൂട്ടിംഗിലാണ്.... സംവിധായകൻ പിന്നിൽ!ബാക്ക് സീറ്റ് ബോയ്സ്.....! അന്താരാഷ്ട്രപ്രശ്നങ്ങളെപ്പറ്റി കാപ്പിലാനോട് ചോദിച്ചറിയുന്നത്, കൊട്ടോട്ടി.
അടുത്ത തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ല എന്ന് കാപ്പിലാൻ അറുത്തു മുറിച്ചു പറഞ്ഞത്രെ! കൊട്ടോട്ടി പര ഡെസ്പ്......

സദസ് - മറ്റൊരു ദൃശ്യം....അപ്പൂട്ടൻ ക്യാമറയുമായി കസേരയിൽ ഇരിപ്പായി!

വൈകി വന്ന വസന്തങ്ങൾ! നന്ദകുമാർ,മുരളീകൃഷ്ണ....
കാരണം ചോദിച്ചപ്പൊഴല്ലെ രസം!

തലേന്നു രാത്രി കുമാരന് തവളക്കാൽ വേണം എന്ന നിർബന്ധം സഹിക്കവയ്യാതെ വയലിൽ തവള പിടിക്കാനിറങ്ങി ചുറ്റിപ്പോയതാണ് രണ്ടാളും.ഒടുക്കം എവിടുന്നോ ഒരു ചൊറിത്തവളയെ പിടിച്ചു പുഴുങ്ങിക്കൊടുത്തു പോലും! തീറ്റയുണ്ടാക്കിക്കൊടുത്ത് പണ്ടാരമടങ്ങി എന്ന് നന്ദൻ! പാത്രം കഴുകി രാവു വെളുപ്പിച്ചു എന്ന് മുരളി! കുമാരൻ അപ്പോഴേക്കും പൂർണകുംഭനായി കൂർക്കം വലി തുടങ്ങിയിരുന്നത്രെ!

ഇവർ പറയുന്നത് സത്യമാണോ എന്നറിയാൻ എന്താ ഒരു വഴി... ആ കള്ളക്കുമാരനെയാനെങ്കിൽ കാണുന്നുമില്ല....

ഭാഗ്യം.... മീറ്റിൽ ഇനി ഈറ്റാണെന്ന് അറിയിപ്പ്... ആളുകൾ ഒക്കെ പുറത്തിറങ്ങി.
ചുള്ളന്മാർ - ചാണ്ടിയ്ക്കൊപ്പം! ശങ്കർ ദാസ്. മത്തായി, ജാബിർ.....


സതീഷ് കുമാർ, മണികണ്ഠൻ,യൂസുഫ്പ.....


യൂസുഫ്പ അടിപോളി കളറിൽ!

തോന്ന്യാസിക്ക് ഒരൂട്ടം ചൊദിക്കാനുണ്ട്!


“സത്യം സത്യമായി പറയൂ......ഹൈറ്റ് കൂടുതൽ എനിക്കോ ഷെറീഫിക്കക്കോ!?”


“ഇത് കല്യാണ ബ്രോക്കർക്കു കൊടുക്കാനുള്ള ഫോട്ടോയാ...കൊള്ളാമോ!?”
ഇവിടെ വല്ല ബ്ലോഗിണിയും തടയും എന്ന പ്രതീക്ഷയായിരുന്നു.... ഇനീപ്പോ മാരേജ് ബ്യൂറോ തന്നെ ശരണം! പെണ്ണുകെട്ടാതെ ഇനി പോസ്റ്റിടില്ല .... ഇത് അസത്യം... അസത്യം അസത്യം!
ഈശോ! ഈ പയ്യന്മാർ എന്താണപ്പാ മൊബൈലിൽ....? ഒരു ഇടങ്കണ്ണിട്ടുനോക്കാം!
ഷിബു മാത്യു ഈശൊ, ജാബിർ, മത്താപ്പ് ദിലീപ്....


                                             ഞാനാരാണെന്നു പറയൂ! ഷാ....!
എങ്ങനുണ്ട്...? കുറുമ്പടിയല്ലേ ചുള്ളൻ!? ഒപ്പം ലക്ഷ്മി ലച്ചുവിന്റെ സഹോദരൻ


                                      ഞങ്ങൾ സീനിയേഴ്സാ! ഗോപകുമാർ,പാലക്കുഴി മാഷ്...


                                     ജാബിർ, പുറക്കാടൻ...

                                     സാദിക്ക്... മുരുകൻ കാട്ടാക്കടയ്ക്കൊപ്പം                                  എന്താ ഒരാൾക്കൂട്ടം!?
                                  ദാ ഒരു തടിയൻ നിന്നു പടം വരയ്ക്കുന്നു!


                                   സജീവേട്ടന്റെ പടം വര!


                                    കുട്ടിബ്ലോഗർ കാരിക്കേച്ചറുമായി! റിച്ചു (റിച്ചാർഡ് ആദിത്യ)


                                     എനിക്കും  കിട്ടിപ്പോയ്! മുരുകൻ കുട്ടിയും ഹാപ്പി!


“നിങ്ങക്കറിയോ.... നമ്മളെപ്പോലുള്ള ചെത്തു പയ്യന്മാരോട് ഈ തൈക്കിളവന്മാർക്കൊക്കെ അസൂയയാ! മുഴുത്ത അസൂഷ! അതല്ലേ ഞാനിപ്പൊ കാര്യായിട്ട് എഴുതാത്തേ...” തോന്ന്യാസി മനം തുറക്കുന്നു....

“  ‘അടിവാരം അമ്മിണി’യെ ഒന്നു പരിചയപ്പെടുത്താമോ എന്ന് !  കയ്യീ കാശില്ലാത്ത ഒരുത്തനേം ഞാനവൾക്ക് പരിചയപ്പെടുത്തൂല്ല മോനേ പാവപ്പെട്ടവനേ!” കാപ്പിലാൻ


മീറ്റായാലും ഈറ്റായാലും പങ്ക്ച്വാലിറ്റി വേണം! ഈ യു.കേലൊക്കെ എന്നാ പങ്ക്ച്വാലിറ്റിയാ! (ചാണ്ടി യുക്കേലാരുന്നു കുറച്ചുനാൾ)
തുടക്കത്തിൽ ചിതൽ ഒരാളോട് തവളക്കാലില്ല, കോഴിക്കാൽ കിട്ടും എന്നു ഫോണിൽ പറഞ്ഞതോർക്കുന്നുണ്ടല്ലോ. ആ തവളക്കാൽ പ്രേമിയാണ് ആ പച്ച ഷർട്ടുകാരൻ! മീറ്റിനു തവളക്കാൽ കിട്ടാഞ്ഞതിൽ പ്രതിഷേധിച്ച് ആൾ തീറ്റയെടുത്തില്ല. സലാഡ് മാത്രം തിന്നു. പേര് കുരാ... ഛേ! കുമാ...രൻ!!

“കാഴ്ചയിൽ സൽമൽ ഖാനോ, ഗുൽമൽ ഖാനോ എന്നു സംശയം തോന്നുന്ന എന്നെക്കണ്ടിട്ടും ഈ തീറ്റരാമന്മാർ മൈൻഡ് ചെയ്യുന്നില്ലല്ലോ....” കൊട്ടോട്ടിക്കാരന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി!

“ഈ പാത്രം എങ്ങനെ ഓട്ടോമാറ്റിക്കായി കാലിയാവുന്നിഷ്ടാ!? നോക്ക് നുമ്മടെ രണ്ടാള്ടേം കാലി!”
തോന്ന്യാസി ജുനൈദിനോട്!                          ഐസ്ക്രീം റൌണ്ട്  രണ്ടിൽ സുമേഷ്, മത്തായി, ഷിബു മാത്യു ഈശോ!
“ഗൾഫീന്ന് പൈനായിരം രൂവാ മൊടക്കി വന്ന എനിക്ക് തന്നത് കണ്ടോ!? കൂതറ ഫക്ഷണം!” പാവപ്പെട്ടവന്റെ ആത്മരോദനം!
                      കായംകുളത്തു നിന്ന് വെളുപ്പിനെ കാറോടിച്ചെത്തിയ പ്രിയതോഴൻ സാദിഖ്....


വക്കാ വക്കാ പാടിത്തകർത്ത കൊച്ചുമിടുക്കൻ....  അപ്പു (അശ്വിൻ )എന്ന ബ്ലോഗർ!

അതുവരെ ആർക്കും പിടികൊടുക്കാതെ ഓടി നടന്ന മനോരാജിനൊപ്പം ചിതൽ, ജയൻ വൈദ്യർഇനി ആരാണ് ഈ ചാരൻ എന്ന് ഞാൻ വെളിപ്പെടുത്തട്ടേ....!?
സജീവേട്ടൻ ആളുടെ പടം വരച്ചെടുത്തു!
ദാ നോക്ക്!
പഴയ അന്ന്യൻ പടത്തിലെ വിക്രമിന്റെ ആൾട്ടർ പോലെ എന്റെ അപരൻ! ഞാനറിയാതെ കറങ്ങി നടക്കുവാ എല്ലായിടത്തും! ശൂശിച്ചോ! ആരെയും പടമാക്കി പോസ്റ്റ് ചെയ്തു കളയും!

(ഇതെല്ലാം മൊബൈൽ ചിത്രങ്ങൾ ആണ്. കുമാരന്റെ പടം: കടപ്പാട് ഷെറീഫിക്ക)