Wednesday, February 24, 2010

ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!




എസ്.ഡി.ബർമൻ എന്ന വിഖ്യാത ഹിന്ദി സംഗീത സംവിധായകന്റെ മുഴുവൻ പേര് സച്ചിൻ ദേവ് ബർമ്മൻ എന്നാണ്. മറാഠി കവിയും നോവലിസ്റ്റുമായിരുന്ന രമേഷ് തെൻഡുൽക്കർ എന്ന മനുഷ്യൻ എസ്.ഡി.ബർമ്മന്റെ കടുത്ത ആരാധകനായിരുന്നു. തന്റെ മകന് സച്ചിൻ എന്ന പേരു നൽകാൻ രമേഷ് തീരുമാനിച്ചത് അങ്ങനെയാണ്!

സംഗീതം പോലെ തന്നെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ ഇന്ന് സച്ചിന്റെ ബാറ്റിംഗ് ആസ്വദിക്കുന്നു. വീരേന്ദ്ര സേവാഗ് എന്ന തകർപ്പൻ ബാറ്റ്സ്മാൻ ഔട്ടായാൽ പോലും ആളുകൾ ടി.വി ഓഫ് ചെയ്തു പുറത്തുപോകില്ല, സച്ചിൻ നിൽക്കുന്നുണ്ടെങ്കിൽ. പക്ഷെ സച്ചിൻ ഔട്ടായാൽ ഇന്നും കോടിക്കണക്കിനാളുകൾ ചാനൽ മാറ്റുകയോ, ടി.വി. പൂട്ടി പുറത്തുപോവുകയോ ചെയ്യുന്നു!


അത് ചിലർക്കു മാത്രമുള്ള കഴിവാണ്. പ്രതിഭയോടൊപ്പം ഭാഗ്യവും, അർപ്പണബോധവും, നിരന്തരമായ സ്വയം പ്രൊത്സാഹനവും ഒപ്പം മറ്റാർക്കുമില്ലാത്ത ‘എന്തൊ ഒന്ന്’ നൈസർഗികമായി ഉണ്ടാവുകയും ചെയ്യുമ്പോൾ... ചെരുവകൾ കൃത്യമായി ചെരുമ്പോൾ സംഭവിക്കുന്ന ഒന്ന്...

പെലെയോ, മറഡോണയോ,മൈക്കൽ ജാക്സനോ, മഡോണയോ ഒക്കെ ചെയ്യും പോലെ...

ലതാ മങ്കേഷ്കറോ, മൊഹമ്മദ് റാഫിയോ, യേശുദാസോ, എസ്.പി യോ ചെയ്യും പോലെ

ജനങ്ങളെ ആനന്ദിപ്പിക്കാനുള്ള കഴിവ്...

ഇടക്കാലത്തൊന്നു നിറം മങ്ങിപ്പോയ സച്ചിന്റെ അതിഗംഭീര തിരിച്ചു വരവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നാം കാണുന്നത്.

തുടർച്ചയായ 4 ടെസ്റ്റ് സെഞ്ചുറികൾ.

ഇപ്പൊഴിതാ തൊട്ടു പിന്നാലെ എകദിന ക്രിക്കറ്റിലെ ഏക ഡബിൾ സെഞ്ചുറിയും!
ഇൻഡ്യയ്ക്ക് 153 റൺസിന്റെ ഉജ്വല വിജയം....!


ഇന്റർനാഷനൽ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി കൂടിയാണിത്. (ഇതിനു മുൻപ് നഥാൻ ആസ്റ്റിൽ ആയിരുന്നു ആ റെക്കൊഡിനുടമ - 153 പന്തിൽ ഡബിൾ സെഞ്ച്വറി - ടെസ്റ്റിൽ)

ഇതിനു പുറമേ

ഏകദിനത്തിൽ 46 സെഞ്ചുറികൾ 93 ഫിഫ്റ്റികൾ

ടെസ്റ്റ് ക്രിക്കറ്റിൽ 47 സെഞ്ചുറികൾ 54 ഫിഫ്റ്റികൾ

ഈ സെഞ്ചുറികൾ കൂടാതെ 23 തവണ 90 കളിൽ ഔട്ടായി സച്ചിൻ!

കൂടാതെ ഏകദിനത്തിൽ 154 വിക്കറ്റുകൾ, റ്റെസ്റ്റിൽ 44 വിക്കറ്റുകൾ.

ടെസ്റ്റ് ക്രിക്കറ്റിൽ മൊത്തം 13447 റണ്ണുകൾ

ഏകദിനക്രിക്കറ്റിൽ മൊത്തം 17,598 റണ്ണൂകൾ


ഒരു പക്ഷേ ലോകത്ത് ഇനിയൊരു കളിക്കാരനും എത്തിപ്പെടാൻ പറ്റാത്ത റെക്കോഡുകൾ!

ഇതിനു മുൻപു നടന്ന 2961 അന്താരാഷ്ട്ര എകദിന മത്സരങ്ങളിൽ സംഭവിക്കാഞ്ഞതാണ് ഇന്ന് (24-02-2010)ഗ്വാളിയറിൽ സംഭവിച്ചത്... റെക്കോഡുകൾ തകർക്കപ്പെടാൻ വേണ്ടിയുള്ളവയാണ്. ഇനി പലരും ഈ റെക്കോഡ് തകർത്തേക്കാം. എന്നാലും ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ ആൾ എന്ന ബഹുമതി സച്ചിനു സ്വന്തം.

സച്ചിനും പോണ്ടിംഗും - ഒരു താരതമ്യം.

ഏകദിന മത്സരങ്ങൾ

താരം.........റൺസ്....... സെഞ്ചുറി....അർദ്ധസെഞ്ചുറി
സച്ചിൻ........17,598....... 46..........93
പോണ്ടിംഗ്......12,542........29.........75


ടെസ്റ്റ് മത്സരങ്ങൾ


താരം.........റൺസ്...സെഞ്ചുറി.....അർദ്ധസെഞ്ചുറി
സച്ചിൻ.......13,447....47........ 54
പോണ്ടിംഗ്....11,859.....39........ 51


പണ്ട് ശാരദാശ്രം വിദ്യാമന്ദിർ എന്ന സ്കൂളിൽ പഠിക്കുന്ന കാലത്ത് എം.ആർ.എഫ് പേസ് ഫൌണ്ടേഷനിൽ ഫാസ്റ്റ് ബൌളർ ആകാൻ ചെന്ന സച്ചിനെ ഫാസ്റ്റ് ബൌളിംഗ് ഇതിഹാസം ഡെന്നിസ് ലിലി നിരുത്സാഹപ്പെടുത്തി വിട്ടു!(അതെത്ര നന്നായി!)തുടർന്ന് കൂട്ടുകാരൻ വിനോദ് കാംബ്ലിയുമൊത്ത് 664 റൺസിന്റെ പാർട്ട്ണർഷിപ് ഉണ്ടാക്കി ലോക റെക്കോഡ് സ്ഥപിച്ചു. അന്നൊക്കെ കോച്ച് രമാകാന്ത് അച് രേക്കർ രസകരമായ ഒരു തന്ത്രം പ്രയോഗിച്ചിരുന്നു. സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ ഒരു ഒരു രൂപ നാണയം സ്റ്റമ്പിന്റെ മുകളി വയ്ക്കും. ഔട്ടാക്കുന്ന ബോളർക്ക് അതു കിട്ടും. പ്രാക്ടീസ് സെഷൻ മുഴുവൻ കഴിഞ്ഞാലും ഔട്ടാകാതിരുന്നാൽ ഒറ്റരൂപ നാണയം സച്ചിന്! (അങ്ങനെ കിട്ടിയ 13 നാണയങ്ങൾ സച്ചിന്റെ ശേഖരത്തിലുണ്ട്, ഇന്നും)

1989 ൽ വെറും പതിനാറു വയസ്സുള്ള തലയിൽ കിരീടം പൊലെ മുടിക്കെട്ടുള്ള ഒരു പയ്യൻ ലോകോത്തര സ്പിന്നർ ആയ അബ്ദുൾ ഖാദറിനെ ഒരോവറിൽ നാലു തവണ സിക്സർ പറത്തുന്നത് അമ്പരപ്പുകലർന്ന ആഹ്ലാദത്തോടെ കണ്ടിരുന്നത് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഹോസ്റ്റലിലെ ടി.വി. റൂമിൽ വച്ചാണ്! പിന്നീട് എത്രയെത്ര ഇന്നിംഗ്സുകൾ!എന്നെപ്പോലെ നിങ്ങളോരോരുത്തരെയും കോൾമയിർ കൊള്ളിച്ച പ്രകടനങ്ങൾ...

ഹെൻറി ഒലോങ്ഗ എന്ന ബോളറെ ഓർമ്മയുണ്ടോ!?
പണ്ടൊരിക്കൽ ഒരു ഒവറിൽ സച്ചിനെ പേടിപ്പിക്കാൻ ചില നമ്പരുകൾ ഇറക്കി വിജയിക്കുന്നു എന്നു കണ്ടപ്പോൾ (ഇപ്പോ നമ്മുടെ ശ്രീശാന്ത് കാട്ടുമ്പോലത്തെ)ചില വികൃതികൾ കാണിച്ചു പോയി... പിന്നീട് ഒലോങ്ഗ എറിഞ്ഞ ഓവറുകൾ പൂരപ്പറമ്പിലെ വെടിക്കെട്ടു പോലെയായിരുന്നു! 68 പന്തിലോ മറ്റോ സച്ചിൻ സെഞ്ചുറി തികച്ചു. പിന്നെ എല്ലാ മാച്ചിലും ഒലോങ്ഗയ്ക്ക് ഓണമായിരുന്നു!

മൈക്കേൽ കാസ്പറൊവിച്ച് ആയിരുന്നു ഷാർജയിൽ സച്ചിനെ പ് രാകിയ ബോളർ!

ലോകം കണ്ട എറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോൺ സച്ചിൻ തന്നെ അടിക്കാൻ ക്രീസിൽ നിന്നു ചാടിയിറങ്ങുന്ന ദു:സ്വപ്നങ്ങൾ കാണുന്നു എന്ന് പരസ്യമായി പറഞ്ഞു.


സച്ചിൻ റെക്കോർഡുകൾ ഉണ്ടാക്കാൻ മാത്രം ശ്രമിക്കുന്ന കളിക്കാരനാണ് എന്നാണ് ചിലർ ആരോപിക്കുന്നത്. എല്ലാ കളിക്കാരും സച്ചിൻ സൃഷ്ടിച്ചതുപോലുള്ള പോലെ റെക്കോർഡിനുവേണ്ടി കളിച്ചിരുന്നെങ്കിൽ!

ഒരു സൂപ്പർ താരത്തിനു നേരിടേണ്ടി വരുന്ന വൈതരണികൾക്ക് ഒന്നാം തരം ഉദാഹരണമാണ് റ്റൈഗർ വുഡ്സ്...

പിന്നെ കോഴക്കളിക്കാർ.... ഇൻഡ്യയുടെ എക്കാലത്തെയും വലിയ ഓൾ റൌണ്ടർ കപിൽ ദേവ്, മുഹമ്മദ് അസറുദ്ദീൻ, അജയ് ജഡേജ....

സച്ചിൻ ഒരിക്കലും ആവക പ്രലോഭനങ്ങളിൽ വീണില്ല. രമേഷ് തെണ്ടുൽക്കറുടെ മകൻ തന്റെ പെഡിഗ്രി കാത്തു സൂക്ഷിച്ചു.

സച്ചിനേക്കാൾ വലിയ പ്രതിഭ എന്ന് ചിലർ വാഴ്ത്തിയിരുന്ന വിനോദ് കാംബ്ലി ഇന്നെവിടെയാണെന്നൊർക്കുക....പ്രതിഭ മാത്രം പോരാ വിജയി ആകുവാൻ...

ഈ മുപ്പത്തേഴാം വയസ്സിലും 147 പന്തിൽ 200 റൺ നേടാൻ ഒരു കളിക്കാരനു കഴിയുന്നെങ്കിൽ അതിൽ‌പ്പരം നേട്ടം മറ്റെന്താണ്?

ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ ഏകദിന മത്സരത്തിൽ ബൌണ്ടറിയ്ക്കരികിലൂടെ ഡൈവ് ചെയ്തു മിച്ചം പിടിച്ച ഒരു റണ്ണിനായിരുന്നു ഇൻഡ്യ ജയിച്ചത് എന്നു വേണമെങ്കിൽ പറയാം.

ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ് മാൻ തന്റെ പിൻഗാമിയായി ലോകത്തിനു ചൂണ്ടിക്കാണിച്ചവൻ...

മുംബൈ മറാഠികളുടെ മാത്രമല്ല, ഇൻഡ്യക്കാരുടെ മുഴുവൻ ആണെന്നുറച്ചു പറയാൻ ചങ്കൂറ്റം കാണിച്ചവൻ...

ഞാൻ ഒരു ഇൻഡ്യക്കാരനാണെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും താക്കറെ പോലെ ഒരു ഭ്രാന്തൻ നെതാവിനെ തൃണവൽഗണിച്ച് മുംബൈയിൽ നിന്നു പറഞ്ഞവൻ...

ഇന്ന് ലോകത്താദ്യമായി ഒരു അന്തർദേശീയ എകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് നീ വീണ്ടും ഞങ്ങൾ നൂറ്റിപ്പത്തു കോടി ജനങ്ങളെ ആവേശത്തേരിലേറ്റിയിരിക്കുന്നു!

മുത്തം, ഒരു നൂറു മുത്തം , സച്ചിൻ!

വാൽമൊഴി: ഇന്നത്തെ പ്രകടനം കണ്ട ആവേശത്തിൽ എഴിതിയതാണ്...എന്നെ ഇത്രയധികം ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരനില്ല. ഇത് ഒരു ആരാധകന്റെ ആവേശപ്രകടനമായി കണ്ടാൽ മതി! പിന്നെ, സച്ചിന്റെ എറ്റവും വലിയ ഫാൻ ഞാനല്ല; അതു നമ്മടെപിപഠിഷു ആകുന്നു!