Tuesday, October 26, 2010

വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!

 2007 ൽ ബൂലോകത്തെത്തിയ ഒരാളാണു ഞാൻ. ഏവൂരാൻ എന്ന എന്റെ നാട്ടുകാരൻ ബ്ലോഗെഴുതിയതായി പത്രത്തിൽ വായിച്ച ആവേശത്തിലാണ് ഞാനും ഈ മാധ്യമത്തിലേക്കു കാൽ വച്ചത്. വക്കാരിമഷ്ടാ, വിശ്വപ്രഭ, കേരളാ ഫാർമർ, ഇഞ്ചിപ്പെണ്ണ്, വിശാലമനസ്കൻ, അരവിന്ദ്, കുറുമാൻ, മരമാക്രി, ഇടിവാൾ,കെ.പി.സുകുമാരൻ എന്നീ പേരുകൾ പത്രത്താളുകളിൽ നിന്നു മനസ്സിലേക്കു കയറി.

മലയാളം ബ്ലോഗിന്റെ പുഷ്കലകാലമായിരുന്നു അത്. 2003 നും 2007 നും ഇടയ്ക്ക് എഴുതപ്പെട്ട രചനകൾ വായിച്ച് ഞാൻ ഉത്സാഹഭരിതനായി.

തുടർന്ന് ബ്രിജ് വിഹാരം മനു, പോങ്ങുമ്മൂടൻ,ചിത്രകാരൻ,അരുൺ കായംകുളം, വാഴക്കോടൻ, കുമാരൻ, മാണിക്യം, മിനി ടീച്ചർ തുടങ്ങി ഒരു വൻ നിര തന്നെ പ്രത്യക്ഷപ്പെട്ടു.

മതവും,രാഷ്ട്രീയവും, സിനിമയും, സൊറപറയും, ഓർമ്മക്കുറിപ്പുകളും ബ്ലോഗിൽ നിറഞ്ഞു.

എന്നാൽ 2010 വന്നുദിച്ചതോടെ മലയാളം ബ്ലോഗിനു ശനിദശതുടങ്ങി. ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ഒക്കെയായി പലരുടെയും തട്ടകങ്ങൾ.

അല്ലറചില്ലറ വിവാദങ്ങൾ തുണച്ചതുകൊണ്ട് കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ഒരു ചലനമുണ്ടായെന്നതൊഴിച്ചാൽ മലയാളം ബ്ലോഗ് മാന്ദ്യത്തിലാണ്. ആകെ ഒച്ചയും ബഹളവും ഉള്ളത് മതചർച്ച നടക്കുന്ന ഇടങ്ങളിൽ ആയി!

ഇന്ന് പ്രതിഭാധനരായ പല ബ്ലോഗർമാരും, ബ്ലോഗിനേക്കാൾ പ്രാധാന്യം ഗൂഗിൾ ബസ്സിനും, ട്വിറ്ററിനും, ഫെയ്‌സ് ബുക്ക് ഫാം വില്ലെയ്ക്കുമൊക്കെയാണ് നൽകുന്നതെന്ന യാഥാർത്ഥ്യം ചങ്കു തകർക്കുന്നതാണ്.

ബ്ലോഗർ എന്ന മേൽ വിലാസമാണ് നമ്മെ ഒരുമിപ്പിച്ചതെന്ന യാഥാർത്ഥ്യം വിസ്മരിക്കാതിരിക്കാനും, ഒപ്പം വളരെയേറെ സാധ്യതകൾ ഉള്ള ഈ മാധ്യമം ജീവസ്സുറ്റതാക്കി നിലനിർത്താനും ഉള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന് എല്ലാ ബ്ലോഗർമാരും തിരിച്ചറിയണം എന്നും
അഭ്യർത്ഥിക്കുന്നു.


ഈ വിഷയത്തിൽ സമാനചിന്താഗതിയുള്ള ബ്ലോഗർമാർ ഒരുമിക്കാൻ തയ്യാറായാൽ അക്കൂട്ടത്തിൽ കൂടാൻ ഞാനും ഉണ്ടെന്ന വിനീതമായ വാഗ്ദാനത്തോടെ,

സ്നേഹപൂർവം

ജയൻ ഏവൂർ

വാൽമൊഴി: കച്ചോടമാക്കി മാറ്റിയെന്നാരൊപിച്ചാലും നിരന്തരമായി ബെർളിയും, പിന്നെ ഇടയ്ക്കിടെ വിശാലമനസ്കനും ഇപ്പോഴും പോസ്റ്റുകൾ ഇടുന്നുണ്ടെന്നതിൽ അവരെ മനസ്സാ അഭിനന്ദിക്കുന്നു!

Sunday, October 17, 2010

കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!

പ്രിയസുഹൃത്തുക്കളെ,

മലയാളം ബൂലോകത്തിന്റെ പ്രിയങ്കരനും എന്റെ നാട്ടുകാരനുമായ അരുൺ കായംകുളത്തിന്റെ ജനപ്രിയ ബ്ലോഗ് ‘കായംകുളം സൂപ്പർഫാസ്റ്റ്’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ഇന്നു രാവിലെ (17-10-10)അരുണിന്റെ ഗ്രാമത്തിലെ കരിമുട്ടം ദേവീക്ഷേത്രാങ്കണത്തിൽ കൂടിയ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രശസ്ത കവി ശ്രീ.ചേരാവള്ളി ശശി പുസ്തകം പ്രകാശനം ചെയ്തു.ക്ഷേത്രം ഭരണസമിതി സെക്രട്ടറി ശ്രീ പരമേശ്വരൻ പിള്ള അധ്യക്ഷനായിരുന്നു.

ചടങ്ങിന് പ്രശസ്ത ബ്ലോഗർ ജി.മനു (ബ്രിജ് വിഹാരം) സ്വാഗതം പറഞ്ഞു. ശ്രീ. ബി. ജയപ്രകാശ്, ബ്ലോഗർമാരായ വാഴക്കോടൻ, ജയൻ ഏവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നന്ദകുമാർ, ഹരീഷ് തൊടുപുഴ, മുള്ളൂക്കാരൻ, കണ്ണനുണ്ണി, കൊട്ടോട്ടിക്കാരൻ, ധനേഷ്, പഥികൻ, രാകേഷ് , മൊട്ടുണ്ണി തുടങ്ങിയവരും പങ്കെടുത്തു. (വിശാലമായ ഫോട്ടോസ് പുലികൾ ഇടും!)

എൻ.ബി പബ്ലിക്കേഷൻസിനു വേണ്ടി ബ്ലോഗർ ജോ പ്രസിദ്ധീകരണം പരിചയപ്പെടുത്തി.ബ്ലോഗ് രചനകളോട് മുഖ്യധാരാ പ്രസിദ്ധീകരണ സ്ഥപനങ്ങൾ പുലർത്തുന്ന അവഗണന അനുഭിച്ചറിഞ്ഞതിനെത്തുടർന്നാണ് തങ്ങൾ ഈ ദൌത്യം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

************************************************************************************
ഇത്രയുമൊക്കെ കഴുത്തിൽ കത്തി വച്ച് എഴുതിച്ചതാ......

യഥാർത്ഥത്തിൽ സംഭവിച്ചത് ദാ ഇങ്ങനാ....അനിയന്റെ മകന്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്നു മുങ്ങി ഞാൻ പൊങ്ങിയത് കരിമുട്ടത്തായിരുന്നു.അമ്പലം റോഡ് സൈഡിൽ തന്നെയായതിനാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷെ പുറത്ത് പരിചയമുൾല ആരെയും കണ്ടില്ല.

ചടങ്ങിന്റെ മുഖ്യ ആസൂത്രകരായ സർവശ്രീ.നന്ദപർവം നന്ദകുമാർ, ഷാജി മുള്ളൂക്കാരൻ, ഹരീഷ് തൊടുപുഴ എന്നിവരാരെങ്കിലും “ഹായ് ! ജയൻ ഏവൂർ! സ്വാഗതം എന്നു പറഞ്ഞ് കൈകുലുക്കും എന്നു പ്രതീക്ഷിച്ച് ഞാൻ അമ്പലഗോപുരം കടന്നു നടന്നു.

ഞെട്ടിപ്പോയി!സ്വാഗതക്കമ്മറ്റിയ്ക്ക് പറ്റിയ പുള്ളികൾ! നമ്മളെ മൈൻഡ് ചെയ്യുന്നുപോലുമില്ല!

ഞാൻ നേരേ അമ്പലത്തിലേക്കു കയറി. അവിടെച്ചെന്നപ്പോൾ വേദി റെഡി. പ്രകാശനച്ചടങ്ങ് തുടങ്ങാൻ പോകുന്നു!


ക്ഷേത്രാങ്കണത്തിൽ ആളുകൾ നിറഞ്ഞിരിക്കുന്നു!
ഏതോ പയ്യന്മാരൊക്കെ പടം പിടുത്തം തുടങ്ങി.

ഈ പുലി ഫോട്ടോഗ്രാഫേഴ്സൊക്കെ എവിടേ? ചുറ്റും ഒന്നോടി നോക്കി. യാതൊരു ടെൻഷനുമില്ലാതെ ക്യാമറാ ആംഗിളുകൾ ചർച്ചചെയ്യുകയാണു പുലികൾ!പെട്ടെന്ന്, എവിടെ നിന്നറിയില്ല, സ്വാഗതപ്രാസംഗികൻ കം അവതാരകൻ ആയി ബ്രിജ് വിഹാരം മനു വേദിയിൽ പ്രത്യക്ഷപ്പെട്ടു, സ്വാഗതം പറഞ്ഞു തുടങ്ങി!

ശ്രീ. ചേരാവള്ളി ശശി സംസാരിക്കുന്നു.


പുസ്തകപ്രകാശനം.... കായംകുളം സൂപ്പർഫാസ്റ്റ് ഇനി റെയിലിൽ മാത്രമല്ല, റോഡിലും ഓടും!“മനു എന്ന ചെറുപ്പക്കാ‍രനിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന കഥാകാരനാണ് അരുൺ കായംകുളം” - എന്ന് ജോ. അത് കേട്ട അരുൺ നെഞ്ചു തടവി. കാരണം എന്തെന്നു മനസ്സിലായില്ല. തന്റെ പുസ്തകം പ്രകാശിതമാവുന്നതിന്റെ തിരതള്ളൽ നെഞ്ചാം കൂട് തകർത്തോ, ആവോ! (അത് ഒടുവിലല്ലേ വ്യക്തമായത്!)തുടർന്ന് വാഴക്കോടന്റെ ഊഴമായിരുന്നു. മനു എന്നാൽ ആനയാണ്, മനു എന്നാൽ ചേനയാണ് , മനു എന്നാൽ അരുണിന്റെ പേനയാണ്, പേനത്തുമ്പിലെ ഭാവനയാണ്, കാവ്യയാണ് എന്നൊക്കെ തട്ടിവിട്ടു!


തുടർന്ന് നന്ദിപ്രകാശനത്തിനായി സുസ്മേര വദനനായി അരുൺ എത്തി


പക്ഷേ, പെട്ടെന്ന് ആളുടെ മുഖം മ്ലാനമായി. ഗദ്ഗദ കണ്ഠനായി. മനുവിനെക്കുറിച്ചുള്ള കഥകൾ അറിയാതെ എഴുത്തിപ്പോയെന്നും, ഒക്കെ ഒരു തമാശയായി കാണണം എന്നും ദീനദീനം അപേക്ഷിച്ചു. അധ്യക്ഷനും, പുസ്തകപ്രകാശകനും ഒക്കെ മ്ലാനവദനരായി. മൂക്കിൽ വിരൽ തള്ളാൻ മടിയുള്ളതുകൊണ്ടാവും ഒരാൾ കവിളിലും, മറ്റെയാൾ ചുണ്ടിലും വിരൽ തള്ളി!എന്തു പറ്റി എന്നു ചുറ്റും നോക്കി. അപ്പോൾ മാത്രമാണ് പിൻ നിരയിൽ നിന്നിരുന്ന ചെറുപ്പക്കാരെ എല്ലാവരും ശ്രദ്ധിച്ചത്. ഇതൊന്നും സുഖിക്കുന്നില്ല എന്ന മുഖഭാവവുമായി നാലു ചെറുപ്പക്കാർ.അവരുടെ നേതാവാണത്രെ മനു! കരിമുട്ടത്തെ ട്രൂ ഹീറോ! അവൻ മംഗലാപുരത്തു നിന്നിങ്ങെത്തിയിട്ടില്ലത്രെ!

ഇനി അവനൊന്നു വന്നിട്ടുവേണം ഇതിന്റെ പരിണാമഗുസ്തി ഒന്നറിയാൻ!

അക്കഥകൾ ചൂടോടെ കിട്ടാൻ മുടങ്ങാതെ വായിക്കുക - കായംകുളം സൂപ്പർഫാസ്റ്റ്!!


അടിക്കുറിപ്പ്:ഞാനീ പറഞ്ഞ കാര്യങ്ങൾക്കൊക്കെ സാക്ഷികൾ ഉണ്ട്. ദാ താഴെ നോക്ക്.