Wednesday, February 20, 2013

ബ്ലോഗെഴുത്തുകാർക്ക് സാഹിത്യ അക്കാദമിയിലേക്ക് സ്വാഗതം!


പ്രിയമുള്ള ബ്ലോഗെഴുത്തുകാരേ,
ലോക മാതൃഭാഷാ ദിനമായ ഇന്ന് വളരെ സന്തോഷമുള്ള ഒരു വർത്തമാനം നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക്  മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.

മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്  ഇത് സംഘടിപ്പിക്കുന്നത്.

ദേശാന്തരങ്ങൾ കടന്ന് മലയാളം എഴുത്തും വായനയും പടർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കു വഹിക്കുന്ന ബ്ലോഗ് പ്രസ്ഥാനത്തെ കേരള സാഹിത്യ അക്കാദമി വളരെ ഗൌരവത്തോടെ കാണുന്ന ഈ അവസരത്തിൽ കഴിയുന്നത്ര ബ്ലോഗർ സുഹൃത്തുക്കൾ പ്രസ്തുത ദിവസം തൃശൂർ കേരള സാഹിത്യ അക്കാദമിഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.


പെട്ടെന്നറിഞ്ഞ സംഭവമായതിനാൽ വളരെ ചുരുങ്ങിയ മുന്നൊരുക്കങ്ങൾക്കേ സമയമുള്ളൂ എങ്കിലും ഭാഷാസ്നേഹികളും മലയാളം ബ്ലോഗെഴുത്തിനെ ഗൌരവമായി കാ‍ണുന്നവരുമായ മുഴുവൻ ബ്ലോഗെഴുത്തുകാരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് 2013 ഏപ്രിൽ മാസം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് വിശാലമായ ഒരു ബ്ലോഗർ സംഗമം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന് തീരുമാനിച്ചത്.

മലയാളം ബ്ലോഗ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രണേതാക്കളിൽ ഒരാളായ വിശ്വപ്രഭ മാഷാണ് ഇതെക്കുറിച്ച് അറിയിക്കുകയും, വേണ്ടതു ചെയ്യണം എന്നഭ്യർത്ഥിക്കുകയും ചെയ്തത്. ഈ വിവരം നിരക്ഷരൻ, സാബു കൊട്ടോട്ടി എന്നിവരോടും പങ്കു വച്ചിട്ടുണ്ട്.

തിരൂർ എത്താൻ കഴിയാത്ത ബ്ലോഗർമാർക്ക് ഒത്തുകൂടാൻ ഒരു സുവർണാവസരം കൂടിയാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഒരുങ്ങുന്നത് എന്നതിനാൽ ഭൂമിമലയാളത്തിലുള്ള എല്ലാ ബൂലോഗവാസികളും ഇതിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമാറാകട്ടെ!

മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണിൽ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തിൽ പ്രത്യശിച്ചുകൊണ്ട് നിങ്ങളെ ഏവരെയും  മാർച്ച് മൂന്നാം തീയതി ഞായറാഴ്ച തൃശൂരേക്ക് സ്വാഗതം ചെയ്യുന്നു!

വരാൻ തയ്യാറുള്ളവർ ഇവിടെ കമന്റായി അതു രേഖപ്പെടുത്തണമെന്നും കൂടി അഭ്യർത്ഥിക്കുന്നു.


Sunday, February 3, 2013

ആളവന്താന്‍ കെട്ടപ്പെട്ടു!!

 2013 ജനുവരി ഒന്നാം തീയതി പ്രഭാതം ടപ്പനെ പോട്ടിവിരിഞ്ഞത് ഒരു മെയില്‍ നാദവുമായാണ്‌. ബ്ലോഗര്‍ കണ്‍ തുറന്നു നോക്കിയപ്പോ ദാ കിടക്കുന്നു ഒരു യമണ്ടന്‍ മെസേജ്!

തലക്കെട്ടൊക്കെയുണ്ട്!

wedding invitation
Inbox
x

VIMAL.M
Jan 1

to anand, ajith, BALU.K.NAIR, Anilkumar, anju, ceeyelles, Daya, Dhanesh, Dhanya, dipujoy, Echmu, ente, Praveen, Femina, Kuzhoor, gayathri, Geetha, Gopakumar, hamza, Happy, Hareesh, Ismail, ISMAIL, moosa, Abdul
ellaarum randu divasam munne angadu etthiyekkanam. icchiri paniyundu....!


ഞാനെങ്ങും മറുപടിയ്ക്കൊന്നും മെനക്കെട്ടില്ല. ഒരു സാധു മാത്രം കൊത്തി.Ashraf A H
Jan 1

to VIMAL.M 
ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. വരാന്‍ കഴിഞ്ഞില്ലെങ്കിലും സന്തോഷകരമായ ഒരു
നല്ല ദാമ്പത്യ ജീവിതം ആശംസിക്കുന്നു.


ഒരു ദിവസം കഴിഞ്ഞപ്പോ കിട്ടേണ്ടത് കിട്ടന് കിട്ടി. കണ്ണൂരാന്‍  വഹ!


കണ്ണൂരാന്‍ / k@nnooraan
Jan 2

to VIMAL.M
കല്യാണത്തിന് മുന്‍പേ നീ പണിയണ്ട!

എല്ലാവിധ ആശംസകളും നേരുന്നു.
ജയിച്ചുവരൂ അര്‍ജ്ജുനാ!

.
ഹോ! പുകിലായി! ഉപദേശിച്ചിരിക്കുന്നത് കണ്ണൂരാനാണ്‌. വെട്ട്, വെടി, കത്തി, ബോംബ്, കൊല, കണ്ടം, തുണ്ടം  ... ഇതാ ലൈന്‍. ഇനീപ്പൊ അര്‍ജ്ജുനന്‍ വില്ല് കുലച്ചില്ലെങ്കിലേ അതിശയമുള്ളൂ!

കല്യാണം ഫെബ്രുവരി 3 നാണ്. അത് വരെ ഈ ചെറുക്കന്‍ വില്ലും കുലച്ചു  നില്‍ക്കുമോ കര്‍ത്താവേ!

ബ്ലോഗര്‍ക്ക് വെപ്രാളമായി. സംഗതി സ്വന്തം അനിയനൊന്നുമല്ലെങ്കിലും ചെറുക്കന്‍ ഒരു ബ്ലോഗ് സഹോദരന്‍ തന്നെയല്ലേ? എന്തെങ്കിലും ഏനക്കേട് വരുത്തി വച്ചാ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

താന്‍ "ആളൊരുത്തന്‍" ആയിക്കഴിഞ്ഞു എന്നും ഇനി മറ്റെല്ലാവരും തന്നെ ആളവന്താന്‍ എന്ന് തന്നെ വിളിക്കണമെന്നും പറഞ്ഞ് പുകിലൊണ്ടാക്കിയ ചെക്കനാ കക്ഷി!

രാവിലെ പത്തരയ്ക്കാണ്‌ കല്യാണം. ബ്ലോഗര്‍ ശകടമെടുത്ത്  ഒന്‍പതരയ്ക്കിറങ്ങി. കല്ലമ്പലത്താണ്‌ സംഭവം. ഹൈവേയില്‍ നേരേ വിട്ടാല്‍ അങ്ങെത്തും എന്നാണ്‌ ലവന്‍ പറഞ്ഞു തന്നിട്ടുള്ളത്. കല്ല്‌ കൊണ്ടുണാക്കിയ ഒരമ്പലം കണ്ടു പിടിക്കാന്‍ അത്ര പ്രയാസമൊന്നും ഉണ്ടാവില്ലല്ലോ എന്നു  ബ്ലോഗര്‍ കരുതി. കല്ലമ്പലതെതിയപ്പോഴല്ലേ രസം! അവിടെ റോഡില്‍ വല്യ കമാനങ്ങള്‍!

ഒരെണ്ണം ദാ സേമ്പിളിന്‌!വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടിയ മലയാളി പെണ്‌കൊടിമാര്‍ നിരനിരയായി നടന്നു കയറുന്നു.
ഇത്തരം കാഴ്ചകള്‍ എത്രയോ കണ്ടതാണു ബ്ലോഗര്‍.
അവരുടെ പിന്നാലെ പോയില്ല. ബുദ്ധി കൃത്യ സമയത്തുണര്‍ന്നു.
അന്നവിചാരം മുന്നവിചാരം!
അതുകളഞ്ഞ് ഒരു കോമ്പ്രമൈസിനുമില്ല!

പക്ഷേ, അവിടെ ചെന്നപ്പോള്‍ സംഗതിയൊക്കെ തുടങ്ങി വരുന്നേ ഉള്ളൂ. തലയ്ക്കലാണെങ്കില്‍ ഒരു മൂപ്പില്‍സ് കുത്തിയിരിപ്പുണ്ടുതാനും!

മറ്റേ വശത്തു നോക്കി. നോ രക്ഷ!
ഘടാഘടിയന്മാര്‍ കാവലുണ്ട്.
  ഊട്ടു പുരയുടെ ഷട്ടര്‍ താഴ്ത്തി കാര്‍ന്നോര്‍ കാവലായി !
എന്നാപ്പിന്നെ കല്യാണം കണ്ടേച്ച് പ്രധാനചടങ്ങ് നടത്താം എന്ന് വച്ചു.
ഹല്ലാ പിന്നെ!

ഓഡിറ്റോറിയത്തില്‍ കടന്നപ്പോള്‍ കാണാം കോമളനായ കുമാരന്‍, വരന്‍ തെങ്ങിന്‌ പൂക്കുലയ്ക്കരികില്‍, ഒറ്റയ്ക്ക്, എങ്ങാണ്ടും നോക്കിയിരിക്കുന്നു!

വിദൂരതയിലേക്ക് കണ്ണും നട്ട് അങ്ങനെയിരിക്കേണ്ടവനാണോ ഒരു വരന്‍!?
ബ്ലോഗര്‍ കുറേക്കൂടി അടുത്തു ചെന്ന് നോക്കി. വിഷാദഭാവം അധികരിച്ചിരിക്കുന്നു....
ഈ പാവത്തിന് പെണ്ണു കൊടുക്കത്തില്ലെന്നാരേലും പറ ഞ്ഞോ എന്റെ മാളോരേ!?
ബ്ലോഗര്‍ വിളിച്ചു ചോദിച്ചു.

അപ്പോള്‍ പൂണൂലിട്ട പൂശാരിക്കു പിന്നിലായി ഒരു പെൺ കൊടി പ്രത്യക്ഷയായി.
ഹോ! എന്തൊരു ഇഫക്റ്റ്!
കുമാരന്‍ വെളുക്കെ ചിരിച്ചു.
ഓഡിറ്റോറിയമാകെ പ്രഭ പരന്നു!
എന്താ ഒരു ചിരി!
ട്യൂബ് ലൈറ്റ് എല്ലാം ഓഫാക്കാന്‍ ഒരു കാര്‍ന്നോര്‍ നിര്‍ദേശിച്ചു.


നിമിഷ നേരത്തിനുള്ളില്‍ പെണ്‌കൊടിയുടെ തോഴിമാര്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവളും മണ്ഡപത്തിനരികിലേക്കെത്തി.

ഓഡിറ്റോറിയം ശാന്തമായി.


ജനം നിരഞ്ഞിരിപ്പുണ്ട്. സംഗതി പെണ്ണിനെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നെങ്കിലും, അല്പസ്വല്പം വെയ്റ്റൊക്കെ ഇട്ടിരിക്കാം..... ആരുകണ്ടാലും ആള് എവന്‍ താന്‍ എന്ന് ചോദിച്ചാല്‍ ആള്‌ അവന്‍ താന്‍ എന്ന് തന്നെ നോക്കിപ്പറയണം. ലാലേട്ടനെപ്പോലെ മീശ ഒന്ന് പിരിച്ചാലോ എന്ന് ചിന്തിച്ചു. പിന്നെ മൂക്കു തടവി ഇരുന്നു.
പെണ്ണ് കയ്യെത്തും ദൂരത്തെത്തി. ഇനി ഒട്ടും മസില്‍ അയയ്ക്കരുത്. കട്ട ഗാംഭീര്യത്തില്‍  ഇരിക്കണം.
നാന്‍ താന്‍ ആളവന്താന്‍! എയര്‍ മാക്സിമം പിടിച്ചു.

അപ്പോ ഒരു സംശയം. പെണ്ണിനൊരു മൈന്‌ഡിംഗ്സ് പോരാ....
ഇനി ലവളും തന്നെ തിരിച്ചു മൈന്‍ഡ് ചെയ്യാതിരിക്കുമോ!?
ആ മുഖാരവിന്ദം കണ്ടിട്ട് ഒന്നും അങ്ങ്ട്  മന്‍സിലാവണില്യാലോ തൃപ്പങ്ങോട്ടപ്പാ!
പിന്നെ അമാന്തിച്ചില്ല.
മേളക്കാരോട് കല്പിച്ചു. എന്താ ചേട്ടായീസ് നിങ്ങള്‍ മേളം കൊട്ടാത്തേ?
അടി ചെണ്ടമേളം!

പൂക്കിലക്കതിരുകള്‍ക്കിടയില്‍ കതിരുപോലൊരു പെണ്‍കുട്ടി സാകൂതം അത് നോക്കിയിരുന്നു.

അവളുടെ മുഖത്ത് നേരിയൊരു മന്ദഹാസം ഉണ്ടോ!? എന്തായാലും നിമിഷനേരത്തിനുള്ളിൽ മേളം മുഴങ്ങി.

മേളപ്പെരുക്കത്തിൽ ആളവന്താന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി!ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും, ഡ്യൂപ്ലിക്കേറ്റ് ഫോട്ടോഗ്രാഫര്‍മാരുടെയും, പിന്നെ കുട്ടി  ഫോട്ടോഗ്രാഫര്‍മാരുടെയും തിക്കില്‍ പെട്ടുപോയി ബ്ലോഗര്‍. നാത്തൂൻമാര്‍ തിരക്ക്കൂട്ടുന്നതിനിടെ   കുട്ടിഫോട്ടോഗ്രാഫര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ ബ്ലോഗര്‍ ചിത്രം പകര്‍ത്തി.

കെട്ട് നാത്തൂന്മാര്‍ പൂര്‍ത്തിയാക്കി.

അടുത്ത നിമിഷം ഒരത്ഭുതം സംഭവിച്ചു. പെണ്‍കുട്ടി തന്റെ കയ്യില്‍ കിട്ടിയ മാല ഇരു കൈകളുടെ ചലനത്താല്‍ ഒരു വിക്ഷേപണം!

അത് കൃത്യം ആളവന്താന്റെ കഴുത്തില്‍!ഇവളവള്‍താന്‍!
ഇനി ആയുഷ്കാലം വിടമാട്ടാള്‍!


എന്നാൽ ആളവന്താന്‍ തിടുക്കത്തിലൊന്നുമായിരുന്നില്ല.
സാവകാശം സ്ലോ മോഷനില്‍ മാലയിട്ടു.

പെട്ടെന്ന് ആളവന്താന്റെ കൈ പിടിച്ച് കുസൃതി തുളുമ്പുന്ന മുഖത്തോടെ പെണ്‍ കൊടി മോതിരമിട്ടു.
"ഫൗളു ഫൌള്‍! ഞാനല്ലേ ആദ്യമിടണ്ടത്? "
ആളവന്താന്‍ പിണക്കത്തിലായി.
"സാരമില്ലടാ... ചിലകാര്യങ്ങളില്‍ നീ രണ്ടാമതാകുന്നതില്‌ തെറ്റൊന്നുമില്ല "
ഒരു കാര്‍ന്നോരുടെ ശബ്ദം അശരീരിയായി!

ആള്‍ അടങ്ങി.
തിരിച്ചും മോതിരമിട്ടു.അപ്പോ ദാ പെണ്‍ കൊച്ച് വിടാനുള്ള ഭാവമില്ല!

അവള്‌  പിന്നേം മാലയെറിഞ്ഞു!


പിന്നൊന്നും നോക്കിയില്ല. കഴുത്ത് പിടിച്ചു കുനിച്ച് ആളവന്താനും കെട്ടി ഒരു മാല കൂടി!

"ഇനി പുടവ കൊടുക്കാം!"
അശരീരി പിന്നെയും മുഴങ്ങി.
പുടവയും വാങ്ങി പെണ്‍കൊടി  താഴേക്ക്.


കിട്ടിയ സമയം ഡ്യൂപ്ലിക്കേറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിത്തിരക്കി.
മറുവശത്തു നിന്ന് "ഒറിജിനൽസ് " എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അവരുടെ ശരീരഭാഗങ്ങള്‍ക്കിടയിലൂടെ ബ്ലോഗര്‍ ക്ലിക്കിക്കൊണ്ടിരുന്നു.പെണ്ണിനെ പിന്നെയും പിടിച്ച് അരികിലിരുത്തി . നെറുകയില്‍ സിന്ദൂരം ചാര്‍ത്തണം
"ഒറിജിനൽസ്" എല്ലാം കൂടി ബ്ലോഗറെ തള്ളി  മാറ്റി.
ക്ലിക്കിയപ്പോഴേക്കും സിന്ദൂരമിട്ട് അതിന്റെ ഭംഗി നോക്കാന്‍ തുടങ്ങിയിരുന്നു, ആളവന്താന്‍!ഇനി ഒപ്പിടീലാണ്‌.
രണ്ടാളും, പിന്നെ സാക്ഷികളും ഒക്കെ വേണം.അതും പൂര്‍ത്തിയായി.

അടുത്തത് കന്യാദാനമാണ്‌.
ആളവന്താനെക്കാള്‍ ഗ്ലാമറില്‍ വധൂപിതാവ് വന്നു!തളിര്‍ വെറ്റില വച്ച് കൈകള്‍ കൂട്ടിയോജിപ്പിച്ചു.
ആളവന്താന്‍ പുളകം കൊണ്ടു.

 


കൈകള്‍ കോര്‍ത്തൊരു പ്രദക്ഷിണം.....

എന്റെയുള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി.....

കൈ പിടിച്ചു താഴേക്കിറങ്ങി.

 ഇനി സ്വയമ്പന്‍ ചിത്രങ്ങള്‍!
' ആളവന്താന്‍ ' കമലഹാസന്റെ പടം ആണെങ്കിലും എന്നെക്കണ്ടാല്‍ വിജയകാന്തിനെപ്പോലെയാണെന്ന എല്ലാരും പറയുന്നത്....  എന്താ അല്ലേ!?

സുന്ദരി നീയും, സുന്ദരന്‍ ഞാനും!

   "മോനേ ആളൂ, ഫെയ്സ്ബുക്കിലും ബ്ലോഗിലും ഒക്കെ വരാനുള്ളതാ... ഒന്ന് പുഞ്ചിരിക്കടാ...!" ബ്ലോഗര്‍ അപേക്ഷിച്ചു .

റിസള്‍ട്ട് ദാ താഴെ! (ഫോട്ടോഗ്രാഫര്‍മാരുടെ സഹായികളുടെ കയ്യിലുണ്ടായിരുന്ന ഫ്ലാഷുകളെല്ലാം ഓഫായിപോയി! )
പക്ഷേ, ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാരെ നോക്കിയാണ് പെണ്‍ കൊച്ചിന്റെ ചിരി.
അതിനു ബ്ലോഗറെ പരിചയമില്ലല്ലോ!

ബ്ലോഗര്‍ വീണ്ടും  ഒച്ചവച്ചു.
അപ്പോള്‍ കുട്ടി അങ്ങോട്ടു നോക്കി!

അപ്പോള്‍ ഒറിജിനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒച്ചവച്ചു.
രണ്ടാളും അങ്ങോട്ടു നോക്കി!അപ്പോഴേക്കും  പഴവുമായി അധികാരപ്പെട്ടവര്‍ എത്തിക്കഴിഞ്ഞു!

കിട്ടിയപാടെ ആളവന്താന്‍ പാല്‍ അകത്താക്കാന്‍ നോക്കി.
പെണ്ണുങ്ങള്‍ പിടി കൂടി.
"അയ്യേ ശ്ശെ ! ഞാന്‍ അത്തരക്കാരനോന്നും അല്ലന്നേ ! പിന്നെ സ്വല്പം ദാഹം തോന്നിയപ്പോ...."
ആളവന്താന്‍ തടിയൂരി.പെണ്‍  കൊച്ച് ആരും കാണാതെ എന്ന രീതിയില്‍ പൊത്തിപ്പിടിച്ച് അത് കുടിച്ചു.അപ്പോ അമ്മായി പഴം നീട്ടി.

ആളവന്താന്‍ ഹാപ്പിയായി!

വല്ലോം തിന്നിട്ട് മണിക്കൂറു നാലായി!പാതി വാങ്ങി അമ്മായി പെണ്‍ കുട്ടിക്ക് കൊടുത്തു!
എന്റെ വായിൽ പഴമില്ല എന്ന മട്ടില്‍ ആളവന്‍!ഹോ!
ഒപ്പിച്ചു!
ഇനിയൊന്നു ശ്വാസം വിടാം!എന്നിട്ട് വേണം ഫെയ്സ് ബുക്കിലൊരു സ്റ്റാറ്റസിടാന്‍!
ഓഡിറ്റോറിയത്തില്‍ നെറ്റില്ലാത്തതു  കൊണ്ട് ഫ്രണ്ട്സിനെയൊക്കെ ഈ വിവരം ഒന്ന് വിളിച്ചു പറയായാം !
ആളവന്‍ ഫോണില്‍ പണി തുടങ്ങി!ഇത്രയുമൊക്കെ ആയപ്പോള്‍ ബ്ലോഗര്‍ ആളവന്താനോടു  ചൂടായി.
"ഇനി ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തില്ലേല്‍ കളി മാറും !"
ഭീഷണി ഏറ്റു!

അപ്പൊ തന്നെ ഒറിജിനല്‍ ഫോട്ടോ ടീംസിനെ വിളിച്ചു.
പട പടാ പടം!
ഒന്ന് എനിക്കും കിട്ടി!
അടിക്കുറിപ്പ്: ഈ കല്യാണ വാര്‍ത്ത വായിക്കുന്ന എല്ലാവരും തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 21 ന് എത്തിച്ചേരേണ്ടതാണ്‌ .

എന്ന്,

സ്വന്തം ബ്ലോഗര്‍.