Saturday, December 10, 2011

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ ഇന്നു നടക്കുന്നെങ്കിലും, തുടർച്ചയായി ആ പ്രശ്നത്തിൽ ജാഗ്രതപുലർത്തിവരുന്ന സമൂഹം ബ്ലോഗർമാരുടേതാണ്. സേവ് കേരള - റീബിൽഡ് മുല്ലപ്പെരിയാർ ഡാം എന്ന സൈറ്റും നിലവിൽ വന്നു.പിൽക്കാലത്താണ് അതിലേക്ക് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ നിന്ന് പിന്തുണയുമായി കൂടുതൽ മലയാളികൾ എത്തിയത്. ഇന്നിപ്പോൾ അത് കേരളസമൂഹമാകെ ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ ബൂലോകം ആണ് ഈ വിഷയത്തിൽ ബൂലോകത്തെ ഏകോപിപ്പിക്കുവാൻ പോസ്റ്റുകളുമായി വന്നത്. അത് കൊച്ചിയിൽ നടന്ന സൈബർകൂട്ടായ്മയിലേക്ക് വളർന്നതിനു പിന്നിൽ നിരക്ഷരൻ എന്ന ബ്ലോഗറാണ് മുന്നിൽ നിന്നത്  എന്ന കാര്യം നമുക്ക് അഭിമാനത്തോടെ ഓർമ്മിക്കാം. ആ കൂട്ടായ്മയിൽ ഫെയ്സ്ബുക്ക്-ട്വിറ്റർ സുഹൃത്തുക്കൾക്കൊപ്പം നിരവധി ബ്ലോഗർമാരും പങ്കെടുത്തു.

അങ്ങനെ ദൈനംദിനം മുല്ലപ്പെരിയാർ ചിന്തയുമായാണ് ഉറങ്ങുന്നതും, ഉണരുന്നതും. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികളും ഈ വിഷയത്തിൽ ക്രിയാത്മകമായ ചിലതു ചെയ്തു. അവരുമായി സംവദിക്കുന്നതിനിടയിൽ കുട്ടികളിൽ ചിലർ തന്നെയാണ് തങ്ങൾക്കും ബ്ലോഗിംഗിലേക്കു വരാൻ താല്പര്യമുണ്ടെന്നു പറഞ്ഞത്. അന്ന് നിരക്ഷരനുമായി സംസാരിച്ചകൂട്ടത്തിൽ ഇക്കാര്യവും സൂചിപ്പിച്ചു. ക്യാമ്പസുകളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കാൻ സഹായിക്കാം എന്ന് അദ്ദേഹവും പറഞ്ഞു.

ഇനിയും കൂടുതൽ എന്തു ചെയ്യാനാവും എന്ന ചിന്തയുമായിരിക്കുമ്പോഴാണ് നമ്മുടെ സ്വന്തം  ഷെരീഫിക്കയെഴുതിയ ബൂലോകം തകരുന്നുവോ? എന്ന പോസ്റ്റ് കണ്ടത്. മലയാളം ബൂലോകം തകർന്നു എന്ന മുറവിളി ഏറെ നാളായി ഉള്ളതാണ്. രണ്ടു കൊല്ലം മുൻപ് ബസ്, ട്വിറ്റർ, ഫെയ്സ് ബുക്ക് എന്നിവയിലേക്ക് ബ്ലോഗർമാരിൽ കുറേയാളുകൾ ചേക്കേറുകയും മലയാളം ബ്ലോഗിംഗിന് ഒരു മാന്ദ്യം ഉണ്ടാവുകയും ചെയ്തു എന്നത് വസ്തുകതയാണ്.

ഒരു കൊല്ലം മുൻപ് ഈ വിഷയത്തിൽ വരൂ... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക് എന്നൊരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു. തുടർന്ന് മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ബ്ലോഗ് നവോത്ഥാനം നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചിരുന്നു. കുറെയേറെ ബ്ലോഗർമാർ അതോടെ പുതിയ പോസ്റ്റുകളുമായി മുന്നോട്ടു വരികയും ചെയ്തു.

അനന്തരം 2011 ജനുവരി ആറിന്  കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. പങ്കെടുത്ത ബ്ലോഗർമാർ വളരെ ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്തു. പിന്നീട് ഇടപ്പള്ളി മീറ്റ്, തുഞ്ചൻ പറമ്പ് മീറ്റ്, കൊച്ചിയിലെ രണ്ടാം മീറ്റ്, തൊടുപുഴ മീറ്റ്, കണ്ണൂർ മീറ്റ് എന്നിവ നടന്നു.

എങ്കിലും ആഗ്രഹിച്ചത്ര ചലനാത്മകമാക്കാൻ നമുക്കു കഴിഞ്ഞില്ല. നമ്മെ സംബന്ധിച്ചിടത്തോളം 2011 വിചാരിച്ചത്ര വൻ മുന്നേറ്റം ഉണ്ടാകാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകത്തിന്റെ കൂമ്പു വാടിയില്ല എന്നത് നിസ്തർക്കമാണ്.

ഏറ്റവും വലിയ വെല്ലുവിളീയാകും എന്ന് പ്രതീക്ഷിച്ച ‘ബസ്’ പോയ് മറഞ്ഞു. ട്വിറ്റർ അത്ര വലിയൊരു ഡിസ്ട്രാക്ഷൻ അല്ല എന്നു തെളിഞ്ഞു. എന്നാൽ ഫെയ്സ് ബുക്ക് എല്ലാവരെയും അമ്പരപ്പിക്കുന്ന ജനസ്വാധീനം നേടി. ഇത് ബ്ലോഗിനു നല്ലതാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അഗ്രഗേറ്ററുകൾക്കപ്പുറം നമ്മുടെ പോസ്റ്റുകൾ വായനക്കാരിലെത്തിക്കാൻ മിക്ക ബ്ലോഗർമാർക്കും കഴിയുന്നു. വ്യക്തിപരമായ നിരീക്ഷണത്തിൽ 2010 ലേക്കാൾ വായനക്കാരെ 2011 ൽ എനിക്കു കിട്ടി! ഏകദേശം ഇരട്ടിയോളം!

ഫെയ്സ്ബുക്കും, ബൂലോകവും തമ്മിൽ സഹവർത്തിത്വത്തോടെ സംയോജിപ്പിച്ചാൽ മലയാളം ബ്ലോഗിംഗ് ഇനിയും ഉയരങ്ങളിലേക്കെത്തും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മലയാളിൽ മാതൃഭാഷ നിറയും.

ഇതൊക്കെ ഇപ്പോൾ ഷെരീഫിക്കയുടെ പോസ്റ്റ് വായിച്ചപ്പോൾ ഉണർത്തെണീറ്റ ചിന്തകളാണ്.


മലയാളം ബ്ലോഗർമാരിൽ സമയവും സാഹചര്യവും ഒത്തുകിട്ടുന്ന സുഹൃത്തുക്കൾ ചേർന്ന് കേരളത്തിലെ പതിനാലു ജില്ലകളിലെയും പ്രൊഫഷണൽ - ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ സന്ദർശിക്കുകയും അവിടത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്യണം.

ബ്ലോഗ് ശില്പശാല നടത്താൻ ഒരു ജില്ലയിൽ ഒരു കോളേജ് എന്ന നിലയിൽ തുടങ്ങുകയും, ക്രമേണ അത് എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യണം.

തുടക്കം എന്ന നിലയിൽ 2012 ജനുവരിയിൽ തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജിൽ ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാൻ ഞാൻ മുൻ കയ്യെടുക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. നിരക്ഷരനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മനോരാജ്, ജോ, മത്താപ്പ് തുടങ്ങിയവരെയും മറ്റ് കൊച്ചി ബ്ലോഗർമാരെയും ബന്ധപ്പെടണം.

കേരളത്തിലെ 14 ജില്ലകളിലും ഒരൊ കോളേജ് നമുക്ക് ലൊക്കേറ്റ് ചെയ്യുകയും അവിടെയെല്ലാം ശില്പശാലകൾ സംഘടിപ്പിക്കുകയും വേണം. ഒരു കോളേജിൽ നിന്ന് പത്തുകുട്ടികളെങ്കിലും ബ്ലോഗിംഗ് രംഗത്തേക്കു കൊണ്ടുവരാൻ നമുക്കാവണം. മുല്ലപ്പെരിയാർ പോലുള്ള സാമൂഹികവിഷയങ്ങളിലും സാഹിത്യത്തിലും, മാതൃഭാഷയിലെഴുതാനും, ചിന്തിക്കാനും കഴിയുന്ന ഒരു തലമുറ അതിലൂടെ രൂപപ്പെടും.

അതിന് സഹായിക്കാൻ തയ്യാറുള്ള ബ്ലോഗർമാർ അക്കാര്യം ഇവിടെ അറിയിച്ചാൽ നമുക്ക് വിവിധ ടീമുകളുണ്ടാക്കാം.

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

Friday, December 2, 2011

നമുക്കും ഇതു ചെയ്തുകൂടേ?


മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്  മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.

കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.

2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.

കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്.

കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്കു കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.

ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി.

തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.

ചടങ്ങിന്റെ ചിത്രങ്ങളിലേക്ക്.....കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.

കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.


വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ.

പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!


അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.