Thursday, December 30, 2010

ബ്ലോഗർ സുഹൃത്തുക്കൾക്ക് സ്വാഗതം!

ഇന്ന് ന്യൂ ഇയർ ഈവാണ്.

2010 ഇനി മറിഞ്ഞുപോയ കലണ്ടർ താളുകളിലും, നമ്മുടെയൊക്കെ ഓർമ്മകളിലും അവശേഷിക്കും.
കഴിഞ്ഞ നൂറ്റാണ്ടോടെ കത്തെഴുത്ത് മണ്മറഞ്ഞതിൽ പിന്നെ ആശയസംവേദനത്തിനായി മലയാളം ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന മേഖലയായി ബൂലോകം മാറി എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.

എന്നാൽ, ഒട്ടേറെ പ്രതീക്ഷകളും സാധ്യതകളുമായി പുതിയ മില്ലെനിയത്തിൽ അവതരിച്ച ബ്ലോഗ് എന്ന മാധ്യമം നിറയെ വെല്ലുവിളികൾ നേരിട്ട വർഷമാണ് 2010.


സാകേതികത അതിന്റെ വിശ്വരൂപം അക്ഷരാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഇക്കാലത്ത്, അതിന്റെ പിന്തുണയോടെ തന്നെ വന്ന പുതു സംരംഭങ്ങൾ - ട്വിറ്റർ, ബസ്, ഫെയ്സ് ബുക്ക് തുടങ്ങിയവ - ബ്ലോഗ് എന്ന മാധ്യമത്തെ വിഴുങ്ങിക്കളയുമോ എന്ന ആശങ്ക ലോകമെമ്പാടുമുള്ള ബ്ലോഗ് പ്രേമികളിൽ ഉണർത്തിയിട്ടുണ്ട്.

സാഹിത്യത്തിന്, മാധ്യമ പ്രവർത്തനത്തിന്, ആശയപ്രചാരണത്തിന്, അതിജീവനത്തിന്....
ഒക്കെ ഒരു ബദൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യരചനകൾക്കും, ആശയപ്രചാരണങ്ങൾക്കുമായാണ് ബ്ലോഗ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

വർഷങ്ങളായി എഴുത്തും വായനയും കൈമോശം വന്ന സാഹിത്യപ്രേമികളായ ആൾക്കാരായിരുന്നു (അതും സാങ്കേതികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ) മലയാളത്തിലെ ആദ്യ ബ്ലോഗർമാർ. തുടർന്ന് പ്രവാസികളുടെ ഒരു വലിയ കൂട്ടം തന്നെ ബൂലോകത്തേക്കൊഴുകിയെത്തി. എഴുതിയും വയിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചു, വിമർശിച്ചും ഒരു ബ്ലോഗർ കൂട്ടാ‍യ്മ തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നു.

എന്നാൽ പോകെപ്പോകെ പുതുമ നശിച്ചിട്ടോ, ഉറവ വറ്റിയിട്ടോ, തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഒക്കെയായി, ബ്ലോഗിൽ പലരുടെയും എഴുത്തു കുറഞ്ഞു. പുതുമുഖങ്ങൾ വന്നെത്തുന്നുണ്ടെങ്കിലും രണ്ടു കൊല്ലം മുൻപുവരെ ഉണ്ടായിരുന്ന ആവേശം ഇന്ന് ബ്ലോഗ് രംഗത്തു കാണുന്നില്ല.( ഈ വിഷയത്തിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നത് കാണുക )


എന്നാൽ ഇത് മലയാളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ തന്നെ പുതുസംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുന്ന പുതുരീതികളുമായി വന്നപ്പോൾ ടീനേജും, യൂത്തും ബ്ലോഗിൽ വിരളമായി. അങ്ങനെയാണ് “ദ ബ്ലോഗ് ഈസ് ഡെഡ്; ലോങ് ലിവ് ദ ബ്ലോഗ് !” എന്ന് സായിപ്പ് വിളിച്ചു കൂവിയത്.

ഭാഗ്യവശാൽ മലയാളം ബ്ലോഗ് മരിച്ചിട്ടില്ല. അല്പം മാന്ദ്യം ഉണ്ടായി എന്നു മാത്രം.


മലയാളം പോലുള്ള പ്രാദേശിക ഭാഷകൾക്ക് നിലനിൽക്കാനും, തലയുയർത്താനും ഭാവിയിൽ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്.

സാഹിത്യ അക്കാഡമി ഉൾപ്പടെ ഇക്കാര്യത്തിൽ ബോധമുള്ളതായിക്കഴിഞ്ഞു എന്നത് നമ്മെ സംബന്ധിച്ചും, ഭാഷയെ സംബന്ധിച്ചും ശുഭോദർക്കമാണ്.

മുഖ്യധാരാ ബ്ലോഗർമാരെക്കൂടി ഉൾപ്പെടുത്തി ആ സംരംഭംവിജയിപ്പിക്കുവാൻ അക്കാഡമി ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗർമാർ തുടങ്ങിയ സംരംഭം കാണുക. സാഹിത്യ അക്കാഡമിക്ക് ഒരു ഭീമഹർജി

മലയാളം ബ്ലോഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാഥമികവായനക്കാർ ബ്ലോഗർമാർ തന്നെയാണ്! ഇതു തന്നെയാണ് നമ്മുടെ വെല്ലുവിളിയും. അതുകൊണ്ട് ബ്ലോഗർമാരല്ലാത്ത വായനക്കാരെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ, പുതുതലമുറയെ ബ്ലോഗർമാരാകാൻ ക്ഷണിക്കൽ ഇവ നമ്മൾ തന്നെ മുൻ കൈ എടുത്ത് നടത്തിയേ മതിയാകൂ.

മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ഇത് നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

ബ്ലോഗ് ലിറ്ററസിയെപ്പറ്റി ബൂലോകം ഓൺലൈൻ നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. അതുപോലെ തന്ന്നെ മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ കൂട്ടം.കോം കഥാ-കവിതാ മത്സരങ്ങൾ നടത്തി ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നു.

നമ്മുടെ ബൂലോകം, ബ്ലോത്രം തുടങ്ങി നമുക്കു പരിചിതമായ മറ്റു പ്രസ്ഥാനങ്ങളുമുണ്ട്.

നമുക്കൊക്കെ ഒന്നായി നിന്നുകൊണ്ട് മലയാളം ബൂലോകത്തിന്റെ സടകുടഞ്ഞെണീക്കലിനു സാക്ഷ്യം വഹിക്കാം; പങ്കാളികളാകാം!

ഒപ്പം ഓർക്കാനുള്ളത്, കേവലം നൊസ്റ്റാൽജിയ എഴുത്തുകൾക്കുപരി വ്യത്യസ്തമായ വിഷയങ്ങളും, രചനാ സമ്പ്രദായങ്ങളും ബ്ലോഗുകളിൽ കടന്നു വരേണ്ടിയിരിക്കുന്നു എന്നുള്ളതാണ്.

2011 ബ്ലോഗ് നവോത്ഥാനത്തിനുള്ള വർഷമായിത്തീരട്ടെ!

എല്ലാവർക്കും പുതുവത്സരാശംസകൾ!


എറണാകുളത്തും പരിസരപ്രദേശത്തുമുള്ള പുതുവത്സരാഘോഷത്തിനായി ബ്ലോഗർമാരെ ഒരുമിച്ചു കൂടാൻ ക്ഷണിക്കുന്നു. ജാനുവരി  ആറാം തീയതി എറണാകുളത്ത് ചേരാൻ താല്പര്യമുള്ള ബ്ലോഗർമാർ വിവരം ഈ ബ്ലോഗില അറിയിക്കണം എന്നു താല്പര്യപ്പെടുന്നു. മേൽ വിഷയത്തിലുള്ള പ്രാഥമിക ചർച്ചയും നമുക്കു നടത്താം.

വൈകുന്നേരം നല്ലൊരു സായന്തനം 4 മണി മുതൽ 8 മണി വരെ എന്നാണുദ്ദേശിക്കുന്നത്. മറ്റു നിർദേശങ്ങൾ ഉണ്ടെങ്കിൽ അതും ഇവിടെ പറയാവുന്നതാണ്.
സ്ഥലം: മറൈൻ ഡ്രൈവ്, എറണാകുളം.