Sunday, March 21, 2010

വിശാലമനസ്കൻ കീ ജയ്!

രണ്ടു മൂന്നു മാസങ്ങൾക്കു മുൻപ്, കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ ജനുവരി പതിമൂന്നിന് വിശാലമനസ്കന്റെ പ്രൊഫൈൽ സന്ദർശിച്ചപ്പോഴാണ് ഒരുലക്ഷം തവണ ആ പേജ് ആളുകൾക്കു മുന്നിൽ തെളിഞ്ഞു കഴിഞ്ഞു എന്നു മനസ്സിലായത്.അപ്പോൾ തന്നെ ആ പേജിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്തു വച്ചു.


ഈ സന്തോഷം ബൂലോകരുമായി പങ്കു വയ്ക്കണം എന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ പെട്ടെന്ന് എനിക്കൊരു താൽക്കാലിക ട്രാൻസ്ഫർ ഉൾപ്പടെ ചില ഗുലുമാലുകൾ വന്നതിനാൽ അത് നീണ്ടുപോയി.

അന്ന് ചെയ്ത ഒരു ട്രെയിൻ യാത്രയിലെ അനുഭവങ്ങൾ കൂടിച്ചേർത്താണ് വിശാലമനസ്കനൊക്കെ എന്തും ആവാലോ...! എന്ന പേരിൽ ഞാനൊരു തമാശപ്പോസ്റ്റിട്ടത്.

അത് വിശാലമനസ്കൻ കണ്ടോ ആവോ!

അതിൽ ആദ്യ കമന്റായി ഞാൻ ഇങ്ങനെ എഴുതിയിരുന്നു.

സ്ക്രീൻ ഷോട്ട് ക്ലിക്ക് ചെയ്താൽ വലുതാകും. അതിനു താല്പര്യമില്ലാത്തവർക്കായി ആ കമന്റ് ഇവിടെ കൊടുക്കുന്നു.
പുതിയ പോസ്റ്റ് വല്ലതും ഉണ്ടോ എന്നറിയാൻ ഇടയ്ക്കൊക്കെ വിശാലമനസ്കന്റെ ബ്ലോഗ് സന്ദർശിക്കും. കുറച്ചു നാൾ മുൻപ് ആ പ്രൊഫൈൽ നോക്കിയപ്പോൾ കാണാം...

User Stats

On Blogger Since September 2005

Profile Views (approximate) 100,000

ഒരു ലക്ഷം പ്രൊഫൈൽ വ്യൂസ്!! എന്റെ അറിവിൽ ഒരു മലയാളി ബ്ലോഗർക്കും കാണില്ല ഇത്രയും പ്രൊഫൈൽ വ്യൂസ്! ഇൻഡ്യയിൽ ആർക്കെങ്കിലും ഉണ്ടൊ എന്നും അറിയില്ല! ആരെങ്കിലും മുൻ കൈ എടുത്ത ഇതൊന്നു സ്ഥിരീകരിക്കണം. മലയാളം ബൂലോഗത്തിന്റെ മുത്ത് ഇൻഡ്യയുടെ തന്നെ മുത്താണോ എന്നറിയാമല്ലോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രൊഫൈൽ വ്യൂ ഉള്ള ബ്ലോഗർ? അതും ഒന്നു കണ്ടു പിടിക്കൂ ആരെങ്കിലും!!


പക്ഷേ ആരും അതിൽ അദ്ധികം താല്പര്യം കാണിച്ചില്ല.

കൂതറ ഹാഷിം എന്ന പുതു ബ്ലോഗർ മാത്രമാണ് അതിനു പിന്നാലെ പോയത്.അപ്പോഴാണ് പുതുതലമുറ ബ്ലോഗർമാർക്ക് ചിലർക്കെങ്കിലും വിശാലമനസ്കനെ പോലും അറിയില്ല എന്നു മനസ്സിലായത്!

എന്നാൽ പിന്നെ അതിനു പിന്നാലെ കൂടാം എന്നു തോന്നി.

അതാണ് ഈ അവിയൽ കഷണത്തിന്റെ തുടക്കം.

പിന്നീട് അനിൽ@ബ്ലോഗ് കൂടി അതിൽ ചേർന്നു.

കൊടകരപുരാണത്തിൽ വീണ്ടും എത്തി. അപ്പോഴാണ് അതിലെ ഹിറ്റ് കൌണ്ടർ ശ്രദ്ധിച്ചത്!

855907 ഹിറ്റ്സ്!! http://kodakarapuranam.sajeevedathadan.com/

ഇംഗ്ലീഷിൽ പറഞ്ഞതു മനസ്സിലായില്ലെങ്കിൽ മലയാളത്തിൽ പറയാം - എട്ടു ലക്ഷത്തി അൻപത്തയ്യായിരത്തി തൊള്ളായിരത്തി ഏഴു ഇടികൾ!

തള്ളേ! ആറായിരം ഇടികിട്ടാൻ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ‘നുമ്മ’ഒക്കെ എവിടെ!?

ശരിക്കും ഹംബ്ലിംഗ് എക്സ്പീരിയെൻസ്!

നിഷ്കളങ്കനായ ഹാഷിമിന് പിന്നീട് തന്റെ തെറ്റു മനസ്സിലായി.   നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു ലക്ഷം പ്രൊഫൈൽ വ്യൂസ് ആയ ശേഷം താൻ മൂന്നു നാലുതവണ സന്ദർശിച്ചെങ്കിലും വിശാലമനസ്കന്റെ ‘കൌണ്ട്’ കൂടി ഒരു ലക്ഷത്തി മൂന്നോ നാലോ ആയില്ല എന്നാതായിരുന്നു പാവം ഹാഷിമിനു സംശയം ഉളവാകാൻ കാരണമായത്.

പ്രൊഫൈൽ വ്യൂസിന്റെ പിന്നാലെ ഞാനും ഒന്നു പോയി. അപ്പോൾ മനസ്സിലായ കാര്യങ്ങൾ

99 വരെയുള്ള ഓരോ വ്യൂവും അതിൽ കാണിക്കും.11,  87,  99 എന്നിങ്ങനെ.

100 മുതൽ പത്തിന്റെ ഗുണിതങ്ങൾ ആവും കാണിക്കുക 110, 870, 990 അങ്ങനെ.

1000 മുതൽ നൂറിന്റെ ഗുണിതങ്ങൾ 1100, 8700, 9900...

10,000 മുതൽ ആയിരത്തിന്റെ ഗുണിതങ്ങൾ 11,000, 87,000, 99,000...

അപ്പോൾ ഒരു ലക്ഷത്തിനുമേൽ?

തീർച്ചയായും പതിനായിരത്തിന്റെ ഗുണിതങ്ങൾ ആവും!

1,10,000 ആവുമ്പോഴെ ഇനി വിശാലമനസ്കന്റെ പ്രൊഫൈൽ വ്യൂസിൽ ചെയിഞ്ച് ഉണ്ടാവൂ!

അത് ഉടനെ കാണാനാവും എന്നു പ്രതീക്ഷിക്കാം!!

http://www.blogger.com/profile/15443442164239934434 ഇതാണ് ആ പ്രൊഫൈൽ.

അപ്പോൾ നമുക്ക് ആഘോഷിക്കുകയല്ലേ!?

വല്ല സിനിമാതാരങ്ങൾക്കല്ലാതെ ഇൻഡ്യയിലെ ഒരു ഭാഷയിലെ എഴുത്തുകാരനും ഇത്രയും പ്രൊഫൈൽ വ്യൂസ് ഉണ്ടാകാൻ വഴിയില്ല.

ആരെങ്കിലും ഈ വക സ്റ്റാറ്റിസ്റ്റിക്സുകൾ ഒന്നു തപ്പിപ്പിടിച്ചാൽ ഒരു പക്ഷേ ഒരു പ്രാദേശിക ഭാഷാ ബ്ലോഗറൂടെ ഏറ്റവും വലിയ നേട്ടത്തിനുടമ നമ്മുടെ ‘വിശാലൻ’ ആണെന്നു തെളിഞ്ഞേക്കും!

ആരാ അതിനൊന്നു തുനിയുക?

അടിക്കുറിപ്പ്:  മഹേഷ് എന്ന ബ്ലോഗർ ചോദിച്ചു “അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ
ഈ ചേട്ടന്‍ ഇപ്പോ എവിടെപ്പോയി ?”

ഉത്തരം: അദ്ദേഹം നാട്ടിൽ പോയി.
ബ്ലോഗിൽ നിന്ന് എവിടെപ്പോയി എന്നാണു ചോദ്യമെങ്കിൽ ദാ ഇവിടെ നോക്കുക http://mahabhaaratham.blogspot.com/