Friday, January 7, 2011

കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ്!

സുഹൃത്തുക്കളെ....

കഴിഞ്ഞയാഴ്ചയാണ് പുതുവത്സരത്തിൽ ഒരു ബ്ലോഗർ സംഗമം നടത്തിയാലോ എന്ന് ചില കൊച്ചിവാസികളായ ബ്ലോഗർമാർക്ക് തോന്നിയത്. അങ്ങനെയാണ് തിടുക്കത്തിൽ ഞാനൊരു പോസ്റ്റിട്ടതും.

ആദ്യം കൊച്ചിയിലും പരിസരപ്രദേശത്തുമുള്ളവർ കൂടാം എന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് സജിം തട്ടത്തുമല, ഷെറീഫ് കൊട്ടാരക്കര, ആളവന്താൻ തുടങ്ങിയ വിദൂരസ്ഥരായ സുഹൃത്തുക്കളും വരാം എന്നേറ്റു.20 ഓളം പേർ എത്തും എന്ന ധാരണയുണ്ടായി.

അങ്ങനെ ജനുവരി ആറാം തീയതി വ്യാഴാഴ്ച സമാഗതമായി. വൈകുന്നേരം കൃത്യം നാലുമണിക്കു തന്നെ ഒരു ഫോൺ കോളെത്തി. ബ്ലോഗർ ദമ്പതികളായ ആവനാഴി രാഘവേട്ടനും പത്നി മാവേലികേരളം ബ്ലോഗുടമ പ്രസന്നച്ചേച്ചിയും മറൈൻ ഡ്രൈവിനും മുന്നിൽ നിൽക്കുന്നു എന്നറിയിക്കാൻ രാഘവെട്ടൻ ആണ് വിളിച്ചത്.

അതിനു തൊട്ടു മുൻപ് ഒരു മെസേജ് വന്നിരുന്നു “ഞാൻ മഴവിൽ പാലത്തിനു മുന്നിലുണ്ട്
മെസേജിൽ പേരു വയ്ക്കാഞ്ഞതുകാരണം ആരാണ് മഴവിൽ പാലത്തിനു മുന്നിൽ എന്നു മനസ്സിലായില്ല. ആ നമ്പറിൽ വിളിച്ചു. “ഞാൻ ദിലീപാണ്..” എന്നു മറുപടി കിട്ടി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ കണ്ടിട്ടു നിൽക്കുകയാണത്രെ! ദൈവമേ! ദിലീപും ബ്ലോഗറായോ.....ആശയക്കുഴപ്പം നീളും മുൻപേ ഫോൺ കട്ടായി.

ഞാൻ ഒരു മിനിറ്റിനുള്ളിൽ മറൈൻ ഡ്രൈവിലെത്തി.

മുന്നിൽ തന്നെ രാഘവേട്ടനും പ്രസന്നച്ചേച്ചിയും നിൽക്കുന്നു. അവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും എനിക്ക് അവരെ മനസ്സിലായി. താൻ ഒരു ചുവന്ന ബാഗുമായി നിൽക്കുന്നു എന്ന് രാഘവേട്ടൻ പറഞ്ഞിരുന്നു.

ദാ.... ഇതാണ് പുള്ളി!

ഇത് പ്രസന്നച്ചേച്ചി....


അവരെയും കൂട്ടി മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ.കോമ്പ്ലക്സിനു പിന്നിൽ കായലോരത്തുകൂടിയുള്ള പ്രശസ്തമായ നടപ്പാതയിലേക്ക് പോയി.


കൊച്ചീക്കായലിൽ നത്തയ്ക്ക നോക്കി ഒരു പയ്യൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.


നല്ല പരിചയം തോന്നിക്കുന്ന പയ്യനെ നോക്കി ഒന്നു തിരിഞ്ഞപ്പോൾ സൈഡിൽ നോക്കി മറ്റൊരാൾ വരുന്നു.... ഷെറീഫ് കൊട്ടാരക്കര!


അദ്ദേഹം “ഹാ... മത്താപ്പേ... ! ”എന്നു വിളിച്ച് പയ്യനടുത്തേക്കോടിയെത്തി!
ഹോ! എന്റെയൊരു മറവി! കഴിഞ്ഞ ഇടപ്പള്ളി മീറ്റിനു കണ്ട പയ്യനാ മത്താപ്പ്.... മത്താപ്പ് ദിലീപ്!
ഷേണായീസിൽ പോയി ‘മേരിക്കുണ്ടൊരു കുഞ്ഞാട്’കണ്ടിട്ടു വന്ന ദിലീപ്!


അവർ കൂട്ടുകാർ ഒരു പടം എടുക്കണം എന്ന് എന്നോടാജ്ഞാപിച്ചു.
അനുസരിക്കുകയല്ലാതെ എന്തു മാർഗം!


അപ്പോൾ, അതാ വരുന്നു പൊക്കണ സഞ്ചിയുമായി രണ്ടുപേർ!
മനോരാജ്, യൂസുഫ്പ!
“ആഹാ! അഞ്ചാളുണ്ടോ!? അപ്പോ മീറ്റ് വിജയിച്ചു!” ഒന്നു ഞെളിഞ്ഞു നിന്ന് മനോ പ്രഖ്യാപിച്ചു.
എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
കൃതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബ്ലോഗ് കഥകളുടെ സമാഹാരം “ മൌനത്തിനപ്പുറ”വുമായാണ് മനോരാജ് എത്തിയിരിക്കുന്നത്.
അങ്ങനെ കത്തി മൂക്കവേ അടുത്ത ബ്ലോഗർ ദമ്പതികൾ എത്തി. ലീലേച്ചിയും ചന്ദ്രേട്ടനും.അതോടെ മത്താപ്പ് പൊട്ടിവിരിഞ്ഞു!


മണി നാലര.
അടുത്തതായെത്തിയത് ഒരു കറുമ്പൻ, കുറുമ്പൻ, സുമുഖൻ, സുന്ദരൺ!
ആളവൻ തന്നെ... ആളവന്താൻ! വിമൽ.


പോക്കുവെയിലും ഇളം കാറ്റുമേറ്റ് കായൽക്കരയിൽ സൌഹൃദ സല്ലാപം പൊടി പൊടിച്ചു.“ചേച്ചി ബ്ലോഗറാണോ..?” ഒരു കിളിമൊഴി.
പ്രസന്നച്ചേച്ചിയും, ലീലേച്ചിയും ആഹ്ലാദത്തോടെ യുവബ്ലോഗർ സോണിയയെ സ്വീകരിച്ചു. ഒപ്പമുള്ളത് അനിയത്തിയാണെന്ന് സോണിയ പറഞ്ഞപ്പോൾ എല്ലാവർക്കും അതിശയം. ഐ.റ്റി. പ്രൊഫഷണലാണ് സോണിയ.


സമയം അഞ്ചാകുന്നു.
“ഹലോ... ഹലോ.... അതെയതെ ... ബിസിയാണ്... ബിസി... ബിസി...” ചെങ്കൊടിയിൽ വരയിട്ട ടീ ഷർട്ടുകാരൻ, നെറ്റിയിൽ കുറിയുമായി ഭയങ്കരതിടുക്കത്തിൽ പ്രത്യക്ഷപ്പെട്ടു.....വട്ടപ്പറമ്പൻ പ്രവീൺ!
പല മൾട്ടിനാഷണൽ ക്ലയന്റ്സിനെയും അവഗണിച്ചാണ് താൻ ഇപ്പോൾ ഇവിടെയെത്തിയത് എന്ന് വട്ടപ്പറമ്പൻ ഞങ്ങളെ അറിയിച്ചു.


 “എന്നെക്കാൾ മുൻപേ നീ വരും അല്ലേടാ...!” എന്ന അലർച്ചയും, മനോരാജിന്റെ നിലവിളിയും കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്, സ്നേഹമസൃണമായി മനോരാജിന്റെ കഴുത്തിനു പിടിച്ച് അഭിവാദ്യം ചെയ്യുന്ന നന്ദനെ. ആ സ്നേഹപ്രകടനം കണ്ട് പുളകം കൊള്ളുന്ന ഒരു കൊച്ചീക്കാരൻ പിന്നിൽ.


മനോരാജിന്റെ കഴുത്തിനു പിടിച്ച ആനന്ദത്തിൽ വിജൃംഭിതവീര്യനായി നന്ദൻ


അപ്പോൾ ‘നമ്മുടെ ബൂലോക’ത്തുനിന്നും ജോ എത്തി.


മനോരാജും, പ്രവീണും നർമ്മ ഭാഷണത്തിൽ.
ഒപ്പം ലീലേച്ചി.മനോരാജ്, ജയൻ ഏവൂർ


യൂസുഫ്പ, പ്രവീൺ, മനോരാജ്അഞ്ചര മണിയായി. ഇനി ഒരു ബോട്ട് യാത്ര. ഈ സംഗമത്തിന്റെ പ്രധാന ഉദ്ദേശമായ മലയാളം ബ്ലോഗ് ചർച്ച ബോട്ടിൽ വച്ചാണ്. എല്ലാവരും എണീറ്റു. ബോട്ട് ജെട്ടിയിലേക്ക്.


ബോട്ടിൽ കയറും മുൻപൊരു ഗ്രൂപ്പ് ഫോട്ടോ.


ആ ഫോട്ടോയും ഈ ഫോട്ടോയും തമ്മിൽ വ്യത്യാസം എന്ത്?
കണ്ടു പിടിക്കുന്നവർക്ക് സമ്മാനം , നന്ദൻ വക!

ബോട്ടിലേക്ക്.


എല്ലാവരും....


കായൽ സഞ്ചാരം....


കായലിന്റെ മാദകഭംഗി മനോരാ‍ജിനെ ഹഠാദാകർഷിച്ചു. ഉടൻ തുടങ്ങി, ഒപ്പിയെടുക്കൽ!


അതോടെ മറ്റുള്ളവരും....


ഇതാണ് ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്നു പറയുന്നത്....വട്ടപ്പറമ്പൻ പറയുന്നു...


ലോകത്തിൽ വട്ടപ്പറമ്പിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം മുന്തിരിയാണ് ‘ലോലോലിക്ക!’ ചിലർ ഓലിക്ക, ഡബിളോളിക്ക എന്നൊക്കെ വിളിക്കും! പ്രവീൺ മാർക്കറ്റിംഗ് ആരംഭിച്ചു.


മുന്തിരി പുളിക്കുമോ എന്ന് സംശയിച്ചിരുന്ന പ്രസന്നച്ചേച്ചിയെ കത്തിയിൽ വീഴ്ത്തുന്ന വട്ടപ്പറമ്പൻ...


തിന്നണ്ട വിധം വിവരിക്കുന്നു!അളിയാ.... ടച്ചിംഗ്സ് ഉഗ്രൻ...! ഇനി കുപ്പിയെട്.....ഓലോലിക്ക തിന്ന് കിന്റായി മനോരാജ്!


ഓലോലിക്കയിൽ വീണ ജയൻ ഏവൂരിന്റെ ആത്മഹർഷം....

മര്യാദയ്ക്ക് ചർച്ച തുടങ്ങ്!
വട്ടപ്പറമ്പൻ സീരിയസായി.ആരോ പ്രസംഗം തുടങ്ങി. അതിൽ ആകൃഷ്ടയായി പ്രസന്നച്ചേച്ചി.


പഴയ സത്യൻ മാഷ് ശൈലിയിൽ കൊട്ടാരക്കരയുടെ രോമാഞ്ചം ഷേറീഫിക്ക...


മറുവാദങ്ങളുമായി ലീലേച്ചി.


നിങ്ങൾ പറയുന്നതു മാത്രം ശരി എന്നു ഞാൻ സമ്മതിക്കില്ല. മത്താപ്പിന്റെ വാദം ഖണ്ഡിക്കുന്ന വട്ടപ്പറമ്പൻ.മത്താപ്പ് ഉശിരൻ ഫോമിലായിരുന്നു. പക്ഷേ ആ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.
പകരം ശാന്തനായ ശേഷമുള്ള ഫോട്ടോ.

നന്ദന് ജോ ഹാൻഡിക്യാമിൽ കൈവിഷം കൊടുത്തു...!

അപ്പോൾ അതുവഴി ഒരു പോലീസ് ജീപ്പ്, ഛേ1 പോലീസ് ബോട്ട് വന്നു!
ബോട്ടുകാർ പരിഭ്രാന്തരായി എല്ലാരുടെയും മേൽ ലൈഫ് ജായ്ക്കറ്റുകൾ എറിഞ്ഞു പിടിപ്പിച്ചു.


പിന്നെ അല്പം കാഴ്ച കാണൽ....

ഒരു മണിക്കൂർ നീണ്ട കായൽ സവാരി അവസാനിക്കുകയാണ്...
സന്ധ്യ മയങ്ങും നേരം.....


ആളവന്താൻ മയങ്ങിപ്പോയത് ഇതുകണ്ടാണ്....


ദൂരെ മാണിക്യച്ചെമ്പഴുക്ക മുങ്ങിത്താഴും മുൻപ് കൂടണയാൻ വെമ്പുന്ന പക്ഷികൾ.....


ഞങ്ങളും കര പറ്റി.
അപ്പോഴാണ് നക്ഷത്രം പോലൊരാൾ മുൻപിൽ പ്രത്യക്ഷപ്പെട്ടത്!
സജിം തട്ടത്തുമല. നാലര മുതൽ മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുകയായിരുന്നത്രെ അദ്ദേഹം!
ആരുടെയും ഫോൺ നമ്പർ കയ്യിലില്ല. കഴിഞ്ഞ മീറ്റിൽ വാങ്ങിയ നമ്പരൊക്കെ മനസ്സിൽ സേവ് ചെയ്തിട്ടാണ് വന്നത്. പക്ഷേ മൊബൈലിൽ ഞെക്കിയപ്പോൾ അതൊന്നും തെളിഞ്ഞില്ലത്രെ!

എന്തായാലും ഞങ്ങളെ കണ്ടതോടെ സജിം ഹാപ്പിയായി. ഉടൻ നോട്ടുകുറിക്കൽ തുടങ്ങി. ലേഖനം ഉടൻ പ്രതീക്ഷിക്കാം!


രാത്രിയായതോടെ നന്ദനും കുറിപ്പടിതുടങ്ങി.


ഇനി ... പാതയോരത്ത് ഒരു കവിതാലാപനം....
ലീലേച്ചി കവിത ചൊല്ലുന്നു.


 അപ്പോഴേക്കും ബ്ലോഗർ സിജീഷ് വന്നു ചേർന്നു.
ശ്രദ്ധയോടെ സജിം...


നന്ദൻ ചിന്തയിലാണ്ടു...


പരസ്പരം കളിയാ‍ക്കിയും, പൊട്ടിച്ചിരിച്ചും, വാദപ്രതിവാദം നടത്തിയും ഒരു സുഹൃദ്സംഗമം  സമാപിക്കുകയാണ്......

സാർത്ഥകമായ ഒരു സായന്തനം മറയും മുൻപ് ഒരുമിച്ച്.......

ജോ യുടെയും മത്താപ്പിന്റെയും നടുവിൽ നിൽക്കുന്നതാ‍ണ് സിജീഷ്.

ഈ സംഗമത്തിന്റെ  ഭാഗമായി വളരെ ഗൌരവകരമായും, ക്രിയാത്മകമായും ഒരു മണിക്കൂർ നീണ്ട ചർച്ച നടന്നു. എല്ലാവരും അതിൽ സജീവമായി പങ്കേടുത്തു. മത്താപ്പു തുടങ്ങി വച്ച വെടിക്കെട്ട് മറ്റുള്ളവർ പൂർത്തീകരിച്ചു.

ഞങ്ങൾ പറയുന്നു, ഒരു ബ്ലോഗ് വസന്തം അകലെയല്ല!

 അതിന്റെ വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ....

 സ്റ്റോപ്പ് പ്രസ്: വാക്കു പാലിക്കാൻ കഴിഞ്ഞില്ല. ഒരു ട്രെയിനിംഗിൽ പെട്ടു.
മനോരാജ് ഈ വിഷയത്തിൽ പുതിയ പോസ്റ്റിട്ടിട്ടുണ്ട്
ദയവായി വായിക്കുക.

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്