Friday, January 7, 2011

കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ്!

സുഹൃത്തുക്കളെ....

കഴിഞ്ഞയാഴ്ചയാണ് പുതുവത്സരത്തിൽ ഒരു ബ്ലോഗർ സംഗമം നടത്തിയാലോ എന്ന് ചില കൊച്ചിവാസികളായ ബ്ലോഗർമാർക്ക് തോന്നിയത്. അങ്ങനെയാണ് തിടുക്കത്തിൽ ഞാനൊരു പോസ്റ്റിട്ടതും.

ആദ്യം കൊച്ചിയിലും പരിസരപ്രദേശത്തുമുള്ളവർ കൂടാം എന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് സജിം തട്ടത്തുമല, ഷെറീഫ് കൊട്ടാരക്കര, ആളവന്താൻ തുടങ്ങിയ വിദൂരസ്ഥരായ സുഹൃത്തുക്കളും വരാം എന്നേറ്റു.20 ഓളം പേർ എത്തും എന്ന ധാരണയുണ്ടായി.

അങ്ങനെ ജനുവരി ആറാം തീയതി വ്യാഴാഴ്ച സമാഗതമായി. വൈകുന്നേരം കൃത്യം നാലുമണിക്കു തന്നെ ഒരു ഫോൺ കോളെത്തി. ബ്ലോഗർ ദമ്പതികളായ ആവനാഴി രാഘവേട്ടനും പത്നി മാവേലികേരളം ബ്ലോഗുടമ പ്രസന്നച്ചേച്ചിയും മറൈൻ ഡ്രൈവിനും മുന്നിൽ നിൽക്കുന്നു എന്നറിയിക്കാൻ രാഘവെട്ടൻ ആണ് വിളിച്ചത്.

അതിനു തൊട്ടു മുൻപ് ഒരു മെസേജ് വന്നിരുന്നു “ഞാൻ മഴവിൽ പാലത്തിനു മുന്നിലുണ്ട്
മെസേജിൽ പേരു വയ്ക്കാഞ്ഞതുകാരണം ആരാണ് മഴവിൽ പാലത്തിനു മുന്നിൽ എന്നു മനസ്സിലായില്ല. ആ നമ്പറിൽ വിളിച്ചു. “ഞാൻ ദിലീപാണ്..” എന്നു മറുപടി കിട്ടി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ കണ്ടിട്ടു നിൽക്കുകയാണത്രെ! ദൈവമേ! ദിലീപും ബ്ലോഗറായോ.....ആശയക്കുഴപ്പം നീളും മുൻപേ ഫോൺ കട്ടായി.

ഞാൻ ഒരു മിനിറ്റിനുള്ളിൽ മറൈൻ ഡ്രൈവിലെത്തി.

മുന്നിൽ തന്നെ രാഘവേട്ടനും പ്രസന്നച്ചേച്ചിയും നിൽക്കുന്നു. അവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും എനിക്ക് അവരെ മനസ്സിലായി. താൻ ഒരു ചുവന്ന ബാഗുമായി നിൽക്കുന്നു എന്ന് രാഘവേട്ടൻ പറഞ്ഞിരുന്നു.

ദാ.... ഇതാണ് പുള്ളി!

ഇത് പ്രസന്നച്ചേച്ചി....


അവരെയും കൂട്ടി മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ.കോമ്പ്ലക്സിനു പിന്നിൽ കായലോരത്തുകൂടിയുള്ള പ്രശസ്തമായ നടപ്പാതയിലേക്ക് പോയി.


കൊച്ചീക്കായലിൽ നത്തയ്ക്ക നോക്കി ഒരു പയ്യൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.


നല്ല പരിചയം തോന്നിക്കുന്ന പയ്യനെ നോക്കി ഒന്നു തിരിഞ്ഞപ്പോൾ സൈഡിൽ നോക്കി മറ്റൊരാൾ വരുന്നു.... ഷെറീഫ് കൊട്ടാരക്കര!


അദ്ദേഹം “ഹാ... മത്താപ്പേ... ! ”എന്നു വിളിച്ച് പയ്യനടുത്തേക്കോടിയെത്തി!
ഹോ! എന്റെയൊരു മറവി! കഴിഞ്ഞ ഇടപ്പള്ളി മീറ്റിനു കണ്ട പയ്യനാ മത്താപ്പ്.... മത്താപ്പ് ദിലീപ്!
ഷേണായീസിൽ പോയി ‘മേരിക്കുണ്ടൊരു കുഞ്ഞാട്’കണ്ടിട്ടു വന്ന ദിലീപ്!


അവർ കൂട്ടുകാർ ഒരു പടം എടുക്കണം എന്ന് എന്നോടാജ്ഞാപിച്ചു.
അനുസരിക്കുകയല്ലാതെ എന്തു മാർഗം!


അപ്പോൾ, അതാ വരുന്നു പൊക്കണ സഞ്ചിയുമായി രണ്ടുപേർ!
മനോരാജ്, യൂസുഫ്പ!
“ആഹാ! അഞ്ചാളുണ്ടോ!? അപ്പോ മീറ്റ് വിജയിച്ചു!” ഒന്നു ഞെളിഞ്ഞു നിന്ന് മനോ പ്രഖ്യാപിച്ചു.
എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
കൃതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബ്ലോഗ് കഥകളുടെ സമാഹാരം “ മൌനത്തിനപ്പുറ”വുമായാണ് മനോരാജ് എത്തിയിരിക്കുന്നത്.
അങ്ങനെ കത്തി മൂക്കവേ അടുത്ത ബ്ലോഗർ ദമ്പതികൾ എത്തി. ലീലേച്ചിയും ചന്ദ്രേട്ടനും.അതോടെ മത്താപ്പ് പൊട്ടിവിരിഞ്ഞു!


മണി നാലര.
അടുത്തതായെത്തിയത് ഒരു കറുമ്പൻ, കുറുമ്പൻ, സുമുഖൻ, സുന്ദരൺ!
ആളവൻ തന്നെ... ആളവന്താൻ! വിമൽ.


പോക്കുവെയിലും ഇളം കാറ്റുമേറ്റ് കായൽക്കരയിൽ സൌഹൃദ സല്ലാപം പൊടി പൊടിച്ചു.“ചേച്ചി ബ്ലോഗറാണോ..?” ഒരു കിളിമൊഴി.
പ്രസന്നച്ചേച്ചിയും, ലീലേച്ചിയും ആഹ്ലാദത്തോടെ യുവബ്ലോഗർ സോണിയയെ സ്വീകരിച്ചു. ഒപ്പമുള്ളത് അനിയത്തിയാണെന്ന് സോണിയ പറഞ്ഞപ്പോൾ എല്ലാവർക്കും അതിശയം. ഐ.റ്റി. പ്രൊഫഷണലാണ് സോണിയ.


സമയം അഞ്ചാകുന്നു.
“ഹലോ... ഹലോ.... അതെയതെ ... ബിസിയാണ്... ബിസി... ബിസി...” ചെങ്കൊടിയിൽ വരയിട്ട ടീ ഷർട്ടുകാരൻ, നെറ്റിയിൽ കുറിയുമായി ഭയങ്കരതിടുക്കത്തിൽ പ്രത്യക്ഷപ്പെട്ടു.....വട്ടപ്പറമ്പൻ പ്രവീൺ!
പല മൾട്ടിനാഷണൽ ക്ലയന്റ്സിനെയും അവഗണിച്ചാണ് താൻ ഇപ്പോൾ ഇവിടെയെത്തിയത് എന്ന് വട്ടപ്പറമ്പൻ ഞങ്ങളെ അറിയിച്ചു.


 “എന്നെക്കാൾ മുൻപേ നീ വരും അല്ലേടാ...!” എന്ന അലർച്ചയും, മനോരാജിന്റെ നിലവിളിയും കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്, സ്നേഹമസൃണമായി മനോരാജിന്റെ കഴുത്തിനു പിടിച്ച് അഭിവാദ്യം ചെയ്യുന്ന നന്ദനെ. ആ സ്നേഹപ്രകടനം കണ്ട് പുളകം കൊള്ളുന്ന ഒരു കൊച്ചീക്കാരൻ പിന്നിൽ.


മനോരാജിന്റെ കഴുത്തിനു പിടിച്ച ആനന്ദത്തിൽ വിജൃംഭിതവീര്യനായി നന്ദൻ


അപ്പോൾ ‘നമ്മുടെ ബൂലോക’ത്തുനിന്നും ജോ എത്തി.


മനോരാജും, പ്രവീണും നർമ്മ ഭാഷണത്തിൽ.
ഒപ്പം ലീലേച്ചി.മനോരാജ്, ജയൻ ഏവൂർ


യൂസുഫ്പ, പ്രവീൺ, മനോരാജ്അഞ്ചര മണിയായി. ഇനി ഒരു ബോട്ട് യാത്ര. ഈ സംഗമത്തിന്റെ പ്രധാന ഉദ്ദേശമായ മലയാളം ബ്ലോഗ് ചർച്ച ബോട്ടിൽ വച്ചാണ്. എല്ലാവരും എണീറ്റു. ബോട്ട് ജെട്ടിയിലേക്ക്.


ബോട്ടിൽ കയറും മുൻപൊരു ഗ്രൂപ്പ് ഫോട്ടോ.


ആ ഫോട്ടോയും ഈ ഫോട്ടോയും തമ്മിൽ വ്യത്യാസം എന്ത്?
കണ്ടു പിടിക്കുന്നവർക്ക് സമ്മാനം , നന്ദൻ വക!

ബോട്ടിലേക്ക്.


എല്ലാവരും....


കായൽ സഞ്ചാരം....


കായലിന്റെ മാദകഭംഗി മനോരാ‍ജിനെ ഹഠാദാകർഷിച്ചു. ഉടൻ തുടങ്ങി, ഒപ്പിയെടുക്കൽ!


അതോടെ മറ്റുള്ളവരും....


ഇതാണ് ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്നു പറയുന്നത്....വട്ടപ്പറമ്പൻ പറയുന്നു...


ലോകത്തിൽ വട്ടപ്പറമ്പിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം മുന്തിരിയാണ് ‘ലോലോലിക്ക!’ ചിലർ ഓലിക്ക, ഡബിളോളിക്ക എന്നൊക്കെ വിളിക്കും! പ്രവീൺ മാർക്കറ്റിംഗ് ആരംഭിച്ചു.


മുന്തിരി പുളിക്കുമോ എന്ന് സംശയിച്ചിരുന്ന പ്രസന്നച്ചേച്ചിയെ കത്തിയിൽ വീഴ്ത്തുന്ന വട്ടപ്പറമ്പൻ...


തിന്നണ്ട വിധം വിവരിക്കുന്നു!അളിയാ.... ടച്ചിംഗ്സ് ഉഗ്രൻ...! ഇനി കുപ്പിയെട്.....ഓലോലിക്ക തിന്ന് കിന്റായി മനോരാജ്!


ഓലോലിക്കയിൽ വീണ ജയൻ ഏവൂരിന്റെ ആത്മഹർഷം....

മര്യാദയ്ക്ക് ചർച്ച തുടങ്ങ്!
വട്ടപ്പറമ്പൻ സീരിയസായി.ആരോ പ്രസംഗം തുടങ്ങി. അതിൽ ആകൃഷ്ടയായി പ്രസന്നച്ചേച്ചി.


പഴയ സത്യൻ മാഷ് ശൈലിയിൽ കൊട്ടാരക്കരയുടെ രോമാഞ്ചം ഷേറീഫിക്ക...


മറുവാദങ്ങളുമായി ലീലേച്ചി.


നിങ്ങൾ പറയുന്നതു മാത്രം ശരി എന്നു ഞാൻ സമ്മതിക്കില്ല. മത്താപ്പിന്റെ വാദം ഖണ്ഡിക്കുന്ന വട്ടപ്പറമ്പൻ.മത്താപ്പ് ഉശിരൻ ഫോമിലായിരുന്നു. പക്ഷേ ആ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.
പകരം ശാന്തനായ ശേഷമുള്ള ഫോട്ടോ.

നന്ദന് ജോ ഹാൻഡിക്യാമിൽ കൈവിഷം കൊടുത്തു...!

അപ്പോൾ അതുവഴി ഒരു പോലീസ് ജീപ്പ്, ഛേ1 പോലീസ് ബോട്ട് വന്നു!
ബോട്ടുകാർ പരിഭ്രാന്തരായി എല്ലാരുടെയും മേൽ ലൈഫ് ജായ്ക്കറ്റുകൾ എറിഞ്ഞു പിടിപ്പിച്ചു.


പിന്നെ അല്പം കാഴ്ച കാണൽ....

ഒരു മണിക്കൂർ നീണ്ട കായൽ സവാരി അവസാനിക്കുകയാണ്...
സന്ധ്യ മയങ്ങും നേരം.....


ആളവന്താൻ മയങ്ങിപ്പോയത് ഇതുകണ്ടാണ്....


ദൂരെ മാണിക്യച്ചെമ്പഴുക്ക മുങ്ങിത്താഴും മുൻപ് കൂടണയാൻ വെമ്പുന്ന പക്ഷികൾ.....


ഞങ്ങളും കര പറ്റി.
അപ്പോഴാണ് നക്ഷത്രം പോലൊരാൾ മുൻപിൽ പ്രത്യക്ഷപ്പെട്ടത്!
സജിം തട്ടത്തുമല. നാലര മുതൽ മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുകയായിരുന്നത്രെ അദ്ദേഹം!
ആരുടെയും ഫോൺ നമ്പർ കയ്യിലില്ല. കഴിഞ്ഞ മീറ്റിൽ വാങ്ങിയ നമ്പരൊക്കെ മനസ്സിൽ സേവ് ചെയ്തിട്ടാണ് വന്നത്. പക്ഷേ മൊബൈലിൽ ഞെക്കിയപ്പോൾ അതൊന്നും തെളിഞ്ഞില്ലത്രെ!

എന്തായാലും ഞങ്ങളെ കണ്ടതോടെ സജിം ഹാപ്പിയായി. ഉടൻ നോട്ടുകുറിക്കൽ തുടങ്ങി. ലേഖനം ഉടൻ പ്രതീക്ഷിക്കാം!


രാത്രിയായതോടെ നന്ദനും കുറിപ്പടിതുടങ്ങി.


ഇനി ... പാതയോരത്ത് ഒരു കവിതാലാപനം....
ലീലേച്ചി കവിത ചൊല്ലുന്നു.


 അപ്പോഴേക്കും ബ്ലോഗർ സിജീഷ് വന്നു ചേർന്നു.
ശ്രദ്ധയോടെ സജിം...


നന്ദൻ ചിന്തയിലാണ്ടു...


പരസ്പരം കളിയാ‍ക്കിയും, പൊട്ടിച്ചിരിച്ചും, വാദപ്രതിവാദം നടത്തിയും ഒരു സുഹൃദ്സംഗമം  സമാപിക്കുകയാണ്......

സാർത്ഥകമായ ഒരു സായന്തനം മറയും മുൻപ് ഒരുമിച്ച്.......

ജോ യുടെയും മത്താപ്പിന്റെയും നടുവിൽ നിൽക്കുന്നതാ‍ണ് സിജീഷ്.

ഈ സംഗമത്തിന്റെ  ഭാഗമായി വളരെ ഗൌരവകരമായും, ക്രിയാത്മകമായും ഒരു മണിക്കൂർ നീണ്ട ചർച്ച നടന്നു. എല്ലാവരും അതിൽ സജീവമായി പങ്കേടുത്തു. മത്താപ്പു തുടങ്ങി വച്ച വെടിക്കെട്ട് മറ്റുള്ളവർ പൂർത്തീകരിച്ചു.

ഞങ്ങൾ പറയുന്നു, ഒരു ബ്ലോഗ് വസന്തം അകലെയല്ല!

 അതിന്റെ വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ....

 സ്റ്റോപ്പ് പ്രസ്: വാക്കു പാലിക്കാൻ കഴിഞ്ഞില്ല. ഒരു ട്രെയിനിംഗിൽ പെട്ടു.
മനോരാജ് ഈ വിഷയത്തിൽ പുതിയ പോസ്റ്റിട്ടിട്ടുണ്ട്
ദയവായി വായിക്കുക.

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്

97 comments:

 1. കൊച്ചിക്കായലിൽ ഒരു ബ്ലോഗർ സംഗമം!

  ReplyDelete
 2. ഡോക്ടറേ.. ഇത് കലക്കി. ഇത്ര വേഗത്തില്‍ ഒരു പോസ്റ്റ്. അതും വളരെ നല്ല ചിത്രങ്ങളുമായി. സൂപ്പര്‍. പക്ഷെ ഈ കായല്‍മീറ്റിന്റെ മുഴുവന്‍ മനോഹാരിതയും നിറഞ്ഞുനിന്നത് ബൂലോകത്ത് മാത്രം കാണാന്‍ കഴിയുന്ന ആ ഉശിരന്‍ ചര്‍ച്ചയായിരുന്നു. അതിന്റെ പോസ്റ്റിനായി ഞാന്‍ അല്ല.. എല്ലാവരും കാത്തിരിക്കുന്നു. എന്തായാലും ഒന്ന് ഉറപ്പ്. ബൂലോകം അന്യം നില്‍ക്കില്ല എന്നതിനുള്ള തെളിവായിരുന്നു ഷെറീഫ് കൊട്ടാരക്കര പറഞ്ഞപോലെ ജീവിതത്തില്‍ മൂന്ന് തലമുറയില്‍ പെട്ടവരായ നമ്മള്‍ ബ്ലോഗിലെ ഒരു തലമുറയായി വരും തലമുറക്ക് മാതൃകയാകുന്നത്. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

  ReplyDelete
 3. വല്ല്യ കാര്യം ആയിപ്പോയി (അസൂയ ലവലേശം ഇല്ല)

  ReplyDelete
 4. കൊതിപ്പിച്ചു കളഞ്ഞല്ലൊ ഡോക്ടറേ..!
  ലീലേച്ചിയും ചന്ദ്റേട്ടനും കണ്ണൂരിന്നേ ഓടിയെത്തിയല്ലോ,എനിക്കും ഒപ്പം കൂടിയാ മതിയായിരുന്നു.
  കാണാന്‍ കൊതിച്ച പലരേയും നേരില്‍ കണ്ടപോലെ.
  ആളവന്താനെ മയക്കിയ മായക്കാഴ്ച തന്നെ സ്ഥാനത്ത്..!

  എന്തായാലും,ബ്ളോഗ് വസന്തം വരവായേ...

  ReplyDelete
 5. cool.......
  anghine kurachu perekudi kannan sadhichu..

  ReplyDelete
 6. ആദ്യത്തെ ഫോട്ടൊ നന്ദേട്ടന്‍ എടുത്തതാണ്..
  രണ്ടാമത്തെ ഫോട്ടോ ജയേട്ടന്‍ എടുത്തത്.

  അടിപൊളി ഫോട്ടോസ്,അടിപൊളി അടിക്കുറിപ്പുകള്‍

  മത്താപ്പു തുടങ്ങി വച്ച വെടിക്കെട്ട് മറ്റുള്ളവർ പൂർത്തീകരിച്ചു.
  ഞങ്ങൾ പറയുന്നു, ഒരു ബ്ലോഗ് വസന്തം അകലെയല്ല!

  അതിന്റെ വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ....

  മനോരാജ് പറഞ്ഞ പോലെ കാത്തിരിക്കുന്നു

  ReplyDelete
 7. അതിഭീകരം....അല്ല അതി ഗംഭീരം ഡോക്ടര്‍...

  ReplyDelete
 8. ഈ ബ്ലോഗ്‌ മീറ്റിന്റെ രാഷ്ട്രപിതാവായ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങളുടെ ആയിരം വാടാമലരുകള്‍....

  പിന്നേയ്,
  ഇതൊരെണ്ണം കൊണ്ട് നിര്‍ത്തണ്ട,
  അടുത്തത്‌ ആലുവാ ശിവരാത്രി മണല്പ്പുരത്തായാലോ?
  ഒരു ഒന്ന് രണ്ടു മാസം കഴിഞ്ഞ്.....

  ReplyDelete
 9. ഒരു ദിവസം ഞാനും കേരളത്തില്‍ വച്ചുള്ള ഒരു ബ്ലോഗ് മീ‍റ്റില്‍ പങ്കെടുക്കും.

  ഇതു സത്യം......സത്യം.......സത്യം..

  ReplyDelete
 10. ഡോക്ട്ര് സാര്‍ അപ്പോള്‍ ചര്‍ച്ചയും പെട്ടെന്നെത്തുമല്ലോ . കാത്തിരിക്കാം .

  ReplyDelete
 11. മീറ്റൊക്കെ നടത്തുന്നത് ഓക്കെ. അതിന്റെ പേരിൽ കൊച്ചീക്കായലിലൊക്കെ കറങ്ങിനടക്കുന്നത് എന്തിനാ ? ചുമ്മാ മനുഷ്യന്മാരെ എടങ്ങേറാക്കാൻ :)

  ആവനാഴിച്ചേട്ടനും പ്രസന്നച്ചേച്ചിക്കും ഒരു പെങ്കൊച്ചിനെക്കൂടെ കെട്ടിച്ചയക്കാനുള്ളതാണെന്ന് വല്ല വിചാരവുമുണ്ടോന്ന് നോക്ക് :)

  ആ മത്താപ്പിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സിനിമേം കണ്ട് മീറ്റും കൂടി നടക്കേണ്. എഞ്ചീനീയറിങ്ങിന് പഠിക്കേണ് പോലും എഞ്ചിനീയറിങ്ങിന് :)

  ഷെരീഫിക്ക ഈ പൊടി പയ്യന്മാരുമായുള്ള കൂട്ടുകെട്ട് ഇനിയെങ്കിലും നിർത്തണം :)

  നന്ദപർവ്വരും, സവർണ്ണ ഹൈന്ദവ പ്രവീണും, സിജീഷും, മനോരാജും, ജോഹറും, യൂസുപ്പയുംമൊക്കെ ‘ബ്ലോ‘ എന്ന് കേട്ടാൽ എവിടേം എത്തിക്കോളും, എന്നുവെച്ച് ലീലേച്ചിക്കും ചന്ദ്രേട്ടനും കണ്ണൂരുന്ന് വണ്ടി കേറി എറണാകുളത്ത് വരേണ്ട വല്ല കാര്യവുമുണ്ടോ ? ഈ സോണിയക്കൊച്ചിന് ഇത്രേം ഒക്കെ ഒള്ളോ ഐട്ടിപ്പണി :) ആളവന്താൻ എന്തായാലും ഇതൊരു ശീലമാക്കണ്ട കേട്ടോ ? എന്തായാലും നജീമിന് ബോട്ട് യാത്ര മിസ്സായത് കഷ്ടമായിപ്പോയി :(

  എന്റെ സ്വന്തം വീട്ടീന്ന് കാൽ കിലോമീറ്റർ ദൂരത്ത് വന്ന് ഇങ്ങനൊരു അർമ്മാദിപ്പിന് കളമൊരുക്കി കൊതിപ്പിക്കാൻ ഇറങ്ങിയ ജയൻ വൈദ്യരേ... നിങ്ങളോട് ഞാൻ മിണ്ടൂല. ങ് ഹാ....

  ReplyDelete
 12. നന്നായിട്ടുണ്ട് ഫോട്ടോയും വിവരണവും.
  ആ ചര്‍ച്ചയെ പറ്റിയും പോരട്ടെ പോസ്റ്റ്‌ :)

  ReplyDelete
 13. ഇതാണു വിവരണം....പരിപാടിയില്‍ പങ്കെടുത്തതു പോലെ ഉണ്ട്..പോരാത്തതിനു വളരെ സ്വാഭാവികമായുള്ള ചിത്രങ്ങളും...നന്നായിരിയ്ക്കുന്നു ജയന്‍...

  ഇന്ന് അവിചാരിതമായി പ്രസന്നച്ചേച്ചിയെ വിളിച്ചിരുന്നു.അങ്ങനെ ഇന്നലത്തെ മീറ്റിന്റെ വിവരങ്ങള്‍ അറിഞ്ഞു..

  പിന്നെ, എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ ഗ്രൂപ്പ് ഫോട്ടൊയില്‍ ജോ യുടെ നില്‍പ്പാണ്...ക്യാമറ, മൊബൈല്‍..ഇനി വല്ലതും ഉണ്ടോ മാഷേ?

  ആശംസകള്‍

  ReplyDelete
 14. അപ്പോള്‍ ആ ജട്ടിയില്‍ നിന്നും ഒരു ജട്ടി മാത്രമിട്ട് ആ ബോട്ടിനെ കൊച്ചിക്കായലില്‍ കറക്കിയ കൈകള്‍ ആരുടേതാണെന്ന് മാത്രം പറഞ്ഞില്ല അല്ലേ...
  അല്ല എങ്ങനെ അറിയാനാ...ഞാന്‍ വന്ന കാര്യം ആരോടും പറഞ്ഞില്ലല്ലോ....

  ReplyDelete
 15. ഏയ്‌ ഈ പറഞ്ഞതുപോലോന്നും ഉണ്ടാവില്ല. ഇത് ഡോക്ടര്‍ വെറുതെ ആളെ കൂട്ടാന്‍ അടിച്ചുവിടുന്നതല്ലേ.....ഹി....ഹി...കുശുംമ്പൊന്നുമില്ല ....സസ്നേഹം

  ReplyDelete
 16. ആഹാ കലക്കി :)

  "....ഈ സംഗമത്തിന്റെ പ്രധാന ഉദ്ദേശമായ മലയാളം ബ്ലോഗ് ചർച്ച ബോട്ടി വച്ചാണ്."

  ഏഹ് ..ബോട്ടിയോ?അതെവിടന്നു സംഘടിപ്പിച്ചു?എന്നിട്ട് ബോട്ടി എല്ലാര്‍ക്കും ഇഷ്ടായോ?അപ്പൊ ഈ മീറ്റും ഈറ്റ് തന്നെ ല്ലേ?? :):)

  ReplyDelete
 17. ഹൊ കൊതിപ്പിച്ചേ അടങ്ങൂ. ഇങ്ങനെ ഒരു മീറ്റ് നടന്നിട്ടും എത്താൻ പറ്റിയില്ലല്ലൊ. കളമശേരിയിൽ നിന്നും ജോലിയും കഴിഞ്ഞു ഹൈക്കോർട്ട് ജങ്‌ഷനിൽ എത്തിയപ്പോൾ മണി 7:45 ആയി, മീറ്റും കഴിഞ്ഞ് എല്ലാരു പോയിക്കാണും എന്നു കരുതി പിന്നെ ആരേം വിളിച്ചില്ല, നേരെ വീട്ടിലേയ്ക്ക്. അപ്പോൾ ആ സമയത്തും മീറ്റ് കഴിഞ്ഞിരുന്നില്ല അല്ലെ :(

  ReplyDelete
 18. ഇനി എന്തിനാ ഇത്തരം സ്നേഹകൂട്ടായ്മകളിൽ പങ്കെടൂക്കുന്നത് ..അല്ലേ ?
  അത്ര സുന്ദരമായല്ലേ താങ്കൾ ഇത് ചിത്രീകരിച്ചിരിക്കുന്നത് ...
  ഇതിന്റെ നന്ദിയും അഭിനന്ദനവും ഒരുമിച്ചുപിടിച്ചോളൂ ...

  ചർച്ചയെന്തായെന്നറിയാനുള്ള ആകാംക്ഷയുമുണ്ട്... കേട്ടൊ ഡോക്ട്ടർ

  ReplyDelete
 19. എന്റെ വക പോസ്റ്റ് ഉടനെ പ്രതീക്ഷിക്കുക. കണ്ണൂര്‍ പോയി ഹാറൂണിനെയും, മറ്റ് കണ്ണൂര്‍ ബ്ലോഗേര്‍സിനെയും കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഞാന്‍ എറുണാകുളം മീറ്റും കഴിഞ്ഞു കണ്ണൂര്‍ യാത്ര മാറ്റിവെച്ച് പഴയ ഒരു സ്നേഹ ബന്ധവും അന്വേഷിച്ച് അലഞ്ഞ് നിരാശനായി വീട്ടില്‍ എത്തി ചേര്‍ന്നതേ ഉള്ളൂ.ഇപ്പോള്‍ രാത്രി ഒരു മണി.അതു കാരണം ചര്‍ച്ച പോസ്റ്റ് ചെയ്യല്‍ നാളത്തേക്ക് മാറ്റി വെച്ചു. അതിനു മുമ്പേ ഡൊക്റ്റര്‍ വന്ന് ഉഗ്രന്‍ കലക്ക് കലക്കി. അതി ഗംഭീരന്‍ പോസ്റ്റ്.ഇതിനു മുമ്പില്‍ നമ്മുടെ പോസ്റ്റ് വെറും ശിശു.
  ഇത്രെയും അടുത്തുണ്ടായിട്ട് എന്തെ നിരക്ഷരാ! മറെയിന്‍ ഡ്രൈവിലേക്ക് ഒരു യാത്ര ചെയ്യാഞ്ഞേ! എന്തായാലും കമന്റ് രസിച്ചു. ഒരു കൊച്ച് രഹസ്യം പറഞ്ഞു തരാം.ഈ പൊടി പയ്യന്മാരുമായി തമാശയും പറഞ്ഞു നടന്നാല്‍ വയസ്സ് കുറഞ്ഞു കുറഞ്ഞു വരും. നമ്മളും കൊച്ചു പയ്യന്മാരാകും. ആ മത്താപ്പ് കുഞ്ഞന്‍ ക്ലാസ്സും കട്ട് ചെയ്ത് സിനിമേം കണ്ട് കറങ്ങി നടക്കുകയാണെന്നത് സത്യം. ആള വന്താനും മോശമില്ല.ബ്ലോഗ് മീറ്റ്കഴിഞ്ഞു ബസ് സ്റ്റാന്റില്‍ എത്തി ആറ്റിങ്ങല്‍ വീട്ടിലേക്കല്ല പോയത്; നേരെ സിനിമാ കൊട്ടകയിലേക്കായിരുന്നു ആ കുഞ്ഞന്റെയും ഗമനം.പ്രവീണ്‍ മീറ്റ് കഴിഞ്ഞ് വാണം വിട്ടത് പോലെ പാഞ്ഞു കളഞ്ഞു. മനോജ് പുറകെയും. പാല്‍ പുഞ്ചിരി പൊഴിച്ച് ജോയും നന്ദനും യൂസുഫ് ഭായിയും കടന്നു പോയപ്പോള്‍ അവസാനം ഞങ്ങള്‍ ചിലര്‍ മാത്രം അവശേഷിച്ചു എട്ടര മണി നേരത്തു.ഇനിയും ഉടനെ തന്നെ കാണാമെന്ന പ്രതീക്ഷയോടെ എറുണാകുളം വിട്ടപ്പോള്‍ മണി ഒന്‍പത്.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. അസൂയയും കുശുംബും കൊണ്ട് ഒന്നും എഴുതാൻ പറ്റുന്നില്ല..
  എന്തായാലും നല്ല വിവരണത്തിനു ..സല്യൂട്ട്!
  സജി

  ReplyDelete
 23. എല്ലാവരും അടിച്ചുപൊളിച്ചു അല്ലേ... ചിത്രങ്ങളും അടിക്കുറിപ്പും ഒത്തുകൂടലില്‍ പങ്കെടുത്ത അനുഭൂതിയാണ് പകര്‍ന്നത്.
  എല്ലാവരെയും പച്ചയോടെ മുന്നിലെത്തിച്ചതിന് ഡോക്ടര്‍ക്ക് നന്ദി. അഭിനന്ദനവും.

  കോഴിക്കോട് ഒരു ബ്ലോഗര്‍ സംഗമം വയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കൂ.. അതാവുമ്പോള്‍ എനിക്കു പങ്കെടുക്കാന്‍ സൗകര്യമാവുമായിരുന്നു. ;) ആരെങ്കിലും തയ്യാറുണ്ടേല്‍ കൈപൊക്കു..

  ReplyDelete
 24. ഇത് കലക്കി. excellent pics and post.

  ReplyDelete
 25. എനിക്ക് അസൂയ ബ്ലോഗേര്‍സിനെ കണ്ടോന്നും അല്ലാട്ടോ ആ കായല് കണ്ടിട്ട്
  ഈ മണലാരണ്യം കണ്ടു മടുത്തിട്ടാ..
  എന്നാലും ഫോട്ടോയും പോസ്റ്റും നന്നായി

  ReplyDelete
 26. ഡോക്ടറേ, ഒരു പാട് അഭിനന്ദനങ്ങൾ, എത്ര നല്ല ചിത്രങ്ങൾ! ഇവരെയൊക്കെ കണ്ടതിൽ വളരെ സ്ന്തോഷം! ഇത് സംഘടിപ്പിച്ചതിന് വേറെയും അഭിനന്ദനം!

  ReplyDelete
 27. എനിക്ക് എപ്പോഴെങ്കിലും നിങ്ങളോടൊപ്പം കൂടാന്‍ സാധിക്കുമോ?
  C. Ambujakshan Nair
  http://www.ilakiyattam.blogspot.com/
  ഇളകിയാട്ടം

  http://www.kalavedi.blogspot.com/
  പുഞ്ചിരി

  ReplyDelete
 28. സുനില്‍ കൃഷ്ണാ, ഗ്രൂപ്പിന് തയ്യാറായി നിന്നപ്പോഴാ നന്ദന്റെ ആജ്ഞ ....എന്നെ കിട്ടിയില്ലേ തട്ടിക്കളയും ...അപ്പോഴാ പോണ്ടാട്ടീടെ വിളി........ശരിക്കും ഈ ചെകുത്താനും കടലിനും ഇടയില്‍ പെട്ടു എന്ന് പറയില്ലേ.....( എന്തായാലും ചെകുത്താന്‍ പൊണ്ടാട്ടി അല്ല കേട്ടോ...)

  ReplyDelete
 29. ഈ പോസ്റ്റ് കാത്തീരിക്കുകയായിരുന്നു...

  അകിലും ഓരോന്ന് പോസ്റ്റി വെറുതെ മനുഷ്യനെ സെന്റിയാക്കും....

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ജനുവരിയീലെയും ആദ്യ വീക്കെന്റ്ഡ് ബി.എഡ്. സുഹൃത്തക്കളൊടൊപ്പം മറൈന്‍ ഡ്രൈവിലെ ആ മതിലില്‍ ഇരുന്ന് ആ അസ്തമയം കാണുമായിരുന്നു....

  ഈ ബ്ലോഗ് മീറ്റൊക്കെ അക്കാലത്ത് വല്ലതുമായിരുന്നുവെങ്കില്‍....

  സ്വന്തം നാട്ടില്‍ നടന്ന എത്ര മീറ്റ് മിസ്സായി :(

  ReplyDelete
 30. കൊതിയേറെയുണ്ടായിരുന്നവിടെയെത്താൻ
  എങ്കിലും,,,
  ഒരുരക്ഷയുമില്ലയിനിയെന്ത് ചെയ്യും???

  ഫോട്ടോ കണ്ട് കൊതി തീർക്കട്ടെ...

  ReplyDelete
 31. നമ്മളെ ഒന്നും ആരും അറിയിച്ചില്ല.
  മോശം ആയിപ്പോയി.
  നമ്മള്‍ ഒന്നും വലിയ ബ്ലോഗ്ഗര്‍ അല്ലാത്തത്
  കൊണ്ട് ആയ്രിക്കും അല്ലെ ?

  ReplyDelete
 32. ഞാന്‍ ബ്ലോഗര്‍ അല്ലല്ലോ കമന്റര്‍ മാത്രമല്ലേ അല്ലേല്‍ ഞാനും വന്നേനെ ....( ഇനീം ന്ജ്ഞാനും വന്നോട്ടെ) എന്തായാലും പോസ്റ്റ്‌ കലക്കി ഡോക്ടറെ

  ReplyDelete
 33. This comment has been removed by the author.

  ReplyDelete
 34. ഫോട്ടോസും വിവരണവും കലക്കി ഡോക്ടര്‍ .
  ചര്ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ പോസ്റ്റ്‌ ഉടനെ പ്രതീക്ഷിക്കുന്നു.

  ReplyDelete
 35. ഫോട്ടോയും വിവരണവുമൊക്കെ ഇത്ര പെട്ടെന്നുതന്നെ എത്തിയല്ലൊ!
  നന്നായി അസ്വദിച്ചൂട്ടോ...

  ReplyDelete
 36. ഒരിക്കല്‍ ഞാനും ഒരു മീറ്റില്‍ പങ്കെടുക്കും.അങ്ങനെ പറയാനല്ലേ സാധിക്കു ഇപ്പോള്‍...നല്ല റിപ്പോര്‍ട്ട്‌... നല്ല ഫോട്ടോസ്.....നന്ദി ഡോക്ടറെ...

  ReplyDelete
 37. ഇവരില്‍ ചില പേരുകാരെ ഞാന്‍ കേട്ടിട്ടുണ്ട്.
  ഇപ്പോള്‍, എല്ലാപേരെയും കണ്ടത് പോലെ..!! വളരെ നല്ല രീതിയില്‍ അവതരിപ്പിക്കപ്പെട്ട സംഗമം. ചിത്രങ്ങളും നല്ല ഭംഗിയുണ്ട്.
  ഒരു സ്വാഭാവികത അനുഭവമാകുന്ന ചിത്രങ്ങള്‍ അതിനൊത്ത അടിക്കുറിപ്പുകളും.

  {സമ്മാനം എന്തെന്ന് പറഞ്ഞില്ലാ.. എങ്കിലും, ഉത്തരം ഞാന്‍ പറയാം.
  ഗ്രൂപ്പ് ഫോട്ടോയില്‍ ആദ്യത്തേതില്‍ 'മനോ' ഇല്ല.
  രണ്ടാമത്തേതില്‍ ഡോക്ടറും. ഈ ചത്രങ്ങള്‍ പിടിച്ചത് ആരെന്നും മനസ്സിലായി.}

  ReplyDelete
 38. Late aayi vandhaalum, latest aa varuven എന്നാണ് നമുടെ അണ്ണന്‍ പറഞ്ഞിട്ടുള്ളത്. ഞാനെത്തുമ്പോഴേക്കും, ബോട്ട് യാത്രയും മറ്റും കഴിഞ്ഞു എങ്കിലും ലീല ചേച്ചീടെ കവിത കേള്‍കാന്‍ പറ്റി. കാണാനും പരിചയപെടാനും ആശയങ്ങള്‍ പങ്കു വെയ്ക്കാന്‍ കഴിഞ്ഞതും സന്തോഷം. ഇനിയും ഇത് പോലെ കൂട്ടം കൂടലും കവിത ചൊല്ലല്ലും ചര്‍ച്ചകളും ഒക്കെ കൊച്ചിയില്‍ വേണം. :)

  offtopic: മലയാള ഭാഷ മരിക്കുന്ന്നു എന്ന് പത്തു തവണ പ്രസ്ന്ഗിക്കുന്നതിനെക്കാള്‍ ഉപകരിക്കും ഈ ചെറിയ ബ്ലോഗ്‌ കൂട്ടായ്മകള്‍.

  ReplyDelete
 39. ഹ ഹ ഹ :) വിവരണങൾ പലതും ചിരിപ്പിച്ചു ഡോക്റ്റർ..!

  ReplyDelete
 40. ഡോക്ടർ സാർ കലക്കി കടുക്ക് വറുത്തു :)

  മറുപണി : ആദ്യമായി “കൂട്ടം” വെബ്സൈറ്റിനെ പറ്റി മിണ്ടാതെ ഡോ.ജെ.ഏ നാലുമണിക്കൂർ കഴിച്ചുകൂട്ടി. കൂട്ടത്തിനെ പറ്റി മിണ്ടിയാൽ എടുത്ത് കായലിലേക്കിടും എന്നാരോ പറഞ്ഞതിനെ തുടർന്നാണത്രെ അദ്ദേഹത്തിന്റെ മൌനം എന്നു പറഞ്ഞു കേൾക്കുന്നു

  ReplyDelete
 41. നമസ്ക്കാരം ഡോക്ടര്‍ ..... ത്രിശ്ശൂര്‍ മീറ്റിനു ശേഷം വീണ്ടും തമ്മില്‍ കണ്ട പ്രതീതി ... നല്ല വിവരണം അനുയോജ്യമായ പോട്ടംസും

  ReplyDelete
 42. ഏറ്റവും സന്തോഷം തോന്നിയത് രാഘവന്‍മാഷിനും പ്രസന്ന ടീച്ചര്‍ക്കും ഈയൊരു ബ്ലോഗ് മീറ്റിലെങ്കിലും പങ്കെടുക്കാന്‍ സാധിച്ചല്ലോ എന്നതിലാണ്. അങ്ങനെ അവരുടെ ഈ അവധിക്കാലം അവര്‍ക്ക് ആഹ്ലാദപ്രദമായിരുന്നിരിക്കണം.

  ശരിക്കും ഞെട്ടിയത് ലീലടീച്ചറും ചന്ദ്രന്‍‌മാഷും(മാഷ് എന്ന് ബ്ലോഗ്ശൈലിയില്‍ പറഞ്ഞതാണേ) പങ്കെടുത്തു എന്നറിഞ്ഞപ്പോഴാണ്. തളിപ്പറമ്പില്‍ നിന്നും എന്റെ വീടും കടന്നാണ് അവരവിടെ എത്തിയത്. എന്നോട് ഒന്ന് ഫോണ്‍ ചെയ്ത് പറയാമായിരുന്നു ടീച്ചര്‍ക്ക്. പെട്ടെന്ന് സംഘടിപ്പിച്ചതിനായതിനാല്‍ എനിക്ക് വരാന്‍ കഴിയുമായിരുന്നില്ല എന്നത് വേറെ വിഷയം.

  ഏറ്റവും ഹൃദ്യമായിത്തോന്നിയത് ജയന്‍ ഡോക്ടരുടെ വിവരണവും ഫോട്ടോകളും.

  വളരെ രസിച്ചത് , പഴയ സത്യൻ മാഷ് ശൈലിയിൽ കൊട്ടാരക്കരയുടെ രോമാഞ്ചം ഷേറീഫിക്ക എന്ന ക്യാപ്ഷന്‍. ശരിക്കും സത്യന്റെ ലുക്ക് തന്നെ..

  ആകപ്പാടെ വായിച്ചപ്പോള്‍ ഒരു സംതൃപ്തിയും , ഒപ്പം കൂടാന്‍ കഴിയാത്തതില്‍ അനല്പമായ നിരാശയും ...

  ReplyDelete
 43. ജയനേ..ഞാനിന്നലെ അറിഞ്ഞു. നിങ്ങളുടെ മീറ്റ്. ലീലടീച്ചറിനെയും ഹസ്സിനെയും ശ്രുതിലയത്തിന്‍റെ മീറ്റിനു വൈലോപ്പിള്ളിയില്‍ വെച്ചു കണ്ടു. ഏതാണേലും നല്ല രസിച്ചു. അല്ലേ..പടം കാണുമ്പോഴേ അറിയാം

  ReplyDelete
 44. നട്ട്സിന്റെ മഹത് വചനം quote ചെയ്യുന്നു :"ഒരു ദിവസം ഞാനും കേരളത്തില്‍ വച്ചുള്ള ഒരു ബ്ലോഗ് മീ‍റ്റില്‍ പങ്കെടുക്കും.

  ഇതു സത്യം......സത്യം.......സത്യം.. "


  nghaa..:( :(

  ReplyDelete
 45. @ നട്ടപ്പിരാന്തന്‍ നമ്മള് മലപ്പുറത്തോ കോഴിക്കോടൊ ഒരു മീറ്റ് നടത്തും അത് ഒരു ഒന്നന്നര മീറ്റ് ആകും (ലേബല്‍ :ആഗ്രഹം)
  @ഡോക്ട്ടര്‍ കൊതിപ്പിക്കല്ലെ മാഷെ :)

  ReplyDelete
 46. അഭിനന്ദനങ്ങള്‍ !
  ഇത്രയും പേര്‍ ഒന്നിച്ചു കൂടിയത് ഒരു വലിയ കാര്യം തന്നെ..


  ഇനി എന്നാണ് അടുത്ത സംഗമം ?

  ReplyDelete
 47. ഫോട്ടോയും വിവരണവും നന്നായിട്ടുണ്ട് ..

  ReplyDelete
 48. really good ....ellavarum avarude karuth theliyichu kazhinju........ congrads

  ReplyDelete
 49. ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍ എല്ലാത്തിനേം വെടിവച്ചു കൊന്നേനെ! (അസൂയ കൊണ്ടാ...)

  ഞങ്ങള്‍ പാവപ്പെട്ടവരായ ഖത്തര്‍ ബ്ലോഗര്‍മാര്‍ അടുത്ത് തന്നെ ഒരു മീറ്റ്‌ നടത്താന്‍ ഉദേശിക്കുന്നു. അതിന്റെ പ്രാരംഭനടപടികള്‍ പുരോഗമിച്ചു വരുന്നു.

  ReplyDelete
 50. കുശുംബു മൂത്ത് ഞാനും പ്രതിജ്ഞ ചെയ്യുന്നു... സത്യം! സത്യം! സത്യം!

  ആട്ടെ.. എന്തൊക്കെയാ ചര്‍ച്ചിയത്.. കേള്‍ക്കട്ടെ..

  ReplyDelete
 51. നല്ല പോസ്റ്റ്! നല്ല പടങ്ങൾ!

  എല്ലാവരോടും അന്വേഷണം. ഒരു നാൾ എന്റെ മാവും........
  ബ്ലോഗ് വസന്തം വിരിയട്ടെ.

  ആശംസകൾ.

  ReplyDelete
 52. കുറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. ഇതുപോലെ ഒരു ഒത്തുകൂടല്‍. സാധിച്ചു. സന്തോഷമായി ഗോപിയേട്ടാ.... സന്തോഷമായി.!വേറെ ആരെങ്കിലും ഈ മീറ്റിനെ പറ്റി പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ,,,,

  ReplyDelete
 53. ആദ്യമായി ഒരു ബ്ലോഗ് മീറ്റിൽ
  പങ്കെടുത്തു..(ത്ത പോലെ...)
  @ ഇസ്മായിലേ..വിളിച്ചില്ലേലും ഞാൻ വരും

  ReplyDelete
 54. ആളവന്താനേ,ഇവിടൊരാള്‍ സത്യന്‍ സ്റ്റൈലില്‍ കായല്‍ മീറ്റ് പോസ്റ്റിയിരിക്കുന്നു.നമ്മുടെ ഷരീഫ് സാര്‍ തന്നെയാ ഈ സത്യന്‍..!

  ReplyDelete
 55. മനോരാജ്
  ചർച്ചയും കർമ്മപരിപാടികളും ഉൾപ്പെടുത്തി അടുത്ത പോസ്റ്റ് ഇടാം.
  രണ്ടു മൂന്നു ദിവസത്തിനുള്ളിൽ.

  മുരളിക
  അസൂയ ഇല്ലല്ലോ, അല്ലേ?
  എനിക്കു സമാധാനമായി!

  ഒരു നുറുങ്ങ്
  അതെ.
  നമ്മുടെ കാലം വസന്തമാവട്ടെ!

  പൌർണമി
  എവിടെ കണ്ടൂന്ന്?
  ഫോട്ടോയല്ലേ? വന്നിരുന്നെങ്കിൽ കായലിൽ കറങ്ങിക്കൂടായിരുന്നോ!?

  റിയാസ് മിഴിനീർത്തുള്ളി
  പ്രൈസ് അടിച്ചല്ലോ!
  അപ്പോ നന്ദനെ കണ്ട് അത് ഏറ്റുവാങ്ങിക്കൊള്ളുക.
  (മനോരാജിനു കൊടുത്തപ്രൈസ് കണ്ടല്ലോ, അല്ലേ? ഹി ഹി!)

  ലീല ചേച്ചി
  ഭീകര നന്ദി!

  മത്താപ്പ്
  അനിയാ... നീ തന്നെ പുലി!
  നമുക്ക് ആലുവാ മണപ്പുറം ഒന്നു പരൂഷിക്കാം!

  നട്ടപ്പിരാന്തൻ
  വരൂ... അടുത്ത ജൂലൈ-ഓഗസ്റ്റിൽ.
  നമുക്കു കൂടാം.

  ജീവി കരിവെള്ളൂർ
  പോസ്റ്റുകൾ ഉഷാറായി പോരട്ടെ!

  വിനയൻ
  നന്ദി!അടുത്ത മീറ്റിന് ഒപ്പം കൂടണേ!

  നിരക്ഷരൻ
  നന്ദി സുഹൃത്തേ!
  ജൂലൈ-ഓഗസ്റ്റ് നമുക്ക് ഉഷാറാക്കാം, ഇപ്പോഴേ.

  ഷാജി ഖത്തർ
  ഉടൻ പ്രതീക്ഷിപ്പിൻ!

  സുനിൽ കൃഷ്ണൻ
  സന്തോഷം!
  ജോ ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്!!

  ചാണ്ടിക്കുഞ്ഞ്
  ഇല്ലാവചനം പറയരുത്!
  ആ ജെട്ടി മേനകയുടേതാണ്.
  മേനകയുടെ മാത്രം!
  എറണാകുളത്തുകാർ സകല ബസ്സുകളിലും ആ സത്യം എഴുതിവയ്ക്കാറും ഉള്ളതാണ്!

  ReplyDelete
 56. ഒരു യാത്രികൻ
  പറഞ്ഞതുപോലെയൊന്നും ഉണ്ടായില്ല!
  ഹി! ഹി! താങ്ക്സ്!
  അടുത്ത മീറ്റിനു പോരെ!

  സ്വപ്നാടകൻ
  ഒരു അക്ഷരത്തെറ്റ് സംഭവിച്ചു.
  ക്ഷമിക്കണം.

  മണികണ്ഠൻ
  ഏഴേമുക്കാലിനു വന്നാൽ ഈറ്റിൽ കൂടാമായിരുന്നു!
  പോയില്ലേ!?

  മുരളീമുകുന്ദൻ ബിലാത്തി
  നന്ദി ചേട്ടാ.
  ചർച്ചാവിവരങ്ങൾ ഉടൻ ഇടാം.
  സമയലഭ്യത ഒരു കീറാമുട്ടി!

  ഷെരീഫ് കൊട്ടാരക്കര
  നിരക്ഷരനുകൊടുത്ത ഉപദേശം കൊള്ളാം!
  ഷെറീഫിക്കയുടെ പ്രായമൊന്നും നിരക്ഷരനില്ല. ഒരഞ്ചാറു വയസൊക്കെ ഇളപ്പം കാണും!

  സജി അച്ചായൻ
  നന്ദി.
  ജൂലൈ - ഓഗസ്റ്റ് മറക്കണ്ട!

  സ്പന്ദനം
  കോഴിക്കോടും കൂടാം.
  സംഘാടകർ ഉണ്ടെങ്കിൽ.

  സലാം പൊട്ടെങ്ങൽ
  നന്ദി സുഹൃത്തേ!
  അടുത്ത മീറ്റിൽ വരൂ!

  സാബി ബാബ
  എന്നെങ്കിലും നാട്ടിൽ വരുമ്പോൾ സകുടുംബം പോരൂ!
  കായൽ സവാരി കൂടാം.

  ശ്രീനാഥൻ
  നമുക്ക് ഇനിയും സംഘടിപ്പിക്കാം.
  സ്വാഗതം!

  അംബുജാക്ഷൻ നായർ
  പിന്നെന്താ...!?
  കൂടാമല്ലോ.

  ജോ
  ജോ ഒരു പ്രസ്ഥാനമാണെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു!

  മനോജ്
  വളരെ നന്ദി.
  നാട്ടിൽ വരുമ്പോൾ അറിയിക്കൂ.
  കൂടാം!

  ReplyDelete
 57. my first blog meet. Thanks for the inviting me. it nice experience . jayettan thanks for posting this.

  ReplyDelete
 58. മിനി ടീച്ചർ
  അടുത്ത മീറ്റിൽ കൂടാം ടീച്ചർ!

  ഷേർഷ
  ബ്ലോഗർമാരെ എല്ലാവരെയും നേരിൽ വിളിക്കാനാവില്ലല്ലോ കൂട്ടുകാരാ...നമുക്ക് ബ്ലോഗ് പോസ്റ്റിടാനല്ലേ കഴിയൂ.
  ബ്ലോഗ് അഗ്രഗേറ്ററുകൾ സന്ദർശിക്കുക.അപ്പോൾ വാർത്തകൾ സമയാസമയം അറിയാൻ കഴിയും.
  അടുത്ത മീറ്റിന് ഇപ്പഴേ ക്ഷണിച്ചിരിക്കുന്നു!

  നൂലൻ
  പണ്ട് വൈക്കം മുഹമ്മദ് ബഷീർ, എം.ടി.യെ നൂലൻ എന്നായിരുന്നത്രെ വിളിച്ചിരുന്നത്. നൂലൻ വാസു!
  ഈ നൂലനും എഴുതിത്തെളിയട്ടെ! ആശംസകൾ!

  കുമാരൻ
  നന്ദി അനിയാ...
  അടുത്ത മീറ്റ് മറക്കരുത്!

  അസീസ്
  നന്ദി.
  ചർച്ചയുടെ കുറച്ചു വിവരങ്ങൾ ഷെറീഫിക്ക ഇട്ടിട്ടുണ്ട്.
  ബാക്കി ഞാൻ ഇടാം.

  ബിന്ദു.കെ.പി
  വളരെ നന്ദി.
  അടുത്തമീറ്റിനു കാണണേ...

  മഞ്ജു മനോജ്
  നാട്ടിൽ വരുമ്പോൾ അറിയിക്കൂ.
  സകുടുംബം കൂടാം.

  നാമൂസ്
  സന്തോഷം.
  സമ്മാനം റിയാസ് അടിച്ചോണ്ടു പോയി!

  സിജീഷ്
  ഇനി നമുക്ക് ഒരു അവധി ദിവസം മീറ്റ് വയ്ക്കാം.
  അഖില ലോക ഐ.റ്റി. തൊഴിലാളികൾക്കും സൌകര്യപ്രദമായിട്ട്!

  ഭായി
  കണ്ടതിൽ സന്തോഷം.
  പക്ഷേ, പോസ്റ്റിട്ടില്ലെങ്കിൽ കളി മാറും.
  ഭായിക്ക് കൊട്ടേഷൻ കൊടുക്കും!

  പ്രവീൺ വട്ടപ്പറമ്പത്ത്
  അനിയാ....
  വൈകി വന്നു നേരത്തെ മുങ്ങിയത് കൊണ്ട് ഞാൻ പറഞ്ഞതു മുഴുവൻ കേട്ടില്ല അല്ലേ!?

  കൂട്ടത്തെക്കുറിച്ച് കൊച്ചിയിലും പറഞ്ഞു! മാവേലി കേരളത്തോടും, ആവനാ‍ഴിയോടും ചോദിക്കൂ!

  ReplyDelete
 59. ചോലക്കൽ
  സന്തോഷം, സുഹൃത്തേ!

  കെ.പി.എസ്.
  അടുത്ത മീറ്റിനു കൂടാം മാഷേ!

  കുസുമം ചേച്ചി
  തയ്യാറായിരിക്കൂ.
  നമുക്കു കൂടാം.

  ജിക്കു
  നന്ദി അനിയാ.
  ബൂലോകം ഓൺലൈനിൽ ഒരു പോസ്റ്റ് തട്ടിയേരെ!

  ജമാൽ
  ആ ഒന്നര മീറ്റിനു ഞാനും വരാം!

  വില്ലേജ് മാൻ
  അടുത്ത സംഗമം പ്രവാസികൾക്കു കൂടി സൌകര്യമായ വെക്കെഷനിൽ നടത്താം.

  നൌഷു
  നന്ദി!

  സുരേഷ് ആലുവ
  നന്ദി!

  ഇസ്മായിൽ കുറുമ്പടി
  മീറ്റിൽ വരുന്നവരെ വെടിവച്ചുകൊല്ലുന്ന രീതിയുണ്ടായിരുന്നെങ്കിൽ കുറുമ്പടി ഇടപ്പള്ളിയിൽ വച്ചേ വെടി തീർന്നേനേ! ഹി! ഹി!!

  സ്രാഞ്ജ്
  ചർച്ച ഉടനേ പോസ്റ്റ് ചെയ്യാം.
  നന്ദി!

  എച്ച്‌മുക്കുട്ടി
  മാവു പൂക്കുന്നത് വസന്തത്തിൽ തന്നെ!

  ആളവന്താൻ
  ആരാ ഈ ഗൊപിയേട്ടൻ....!!?
  ങേ...ങേ...!?

  നിക്കു കേച്ചേരി
  ഇനി മീറ്റ് വരുമ്പോൾ കൂടാം.

  ഒരു നുറുങ്ങ്
  ഷെറീഫിക്കയുടെ ലിങ്കിട്ടതിനു നന്ദി!

  എലിസബത്ത് സോണിയ
  സന്തോഷം, അനിയത്തീ.
  എഴുതൂ...കൂടുതൽ എഴുതൂ....
  ആശംസകൾ!

  ReplyDelete
 60. മീറ്റ് ഉണ്ടെങ്കില്‍ അതു ഞായറാഴ്ചയേ നടത്താവൂ എന്നു പറഞ്ഞാല്‍ കേള്‍ക്കരുത്..മനുഷ്യനെ ആശിപ്പിക്കാന്‍ ഇങ്ങനെ ഓരൊ പോസ്റ്റുമിടും.. എന്റെ മാഷേ..തകര്‍ത്തു.. എന്തൊരു സന്തോഷം എല്ലവരുടേം മുഖത്ത്.. ജയ് ബൂലോഗം.ജയ് മീറ്റ്സ്..ജയ് ജയന്‍ വൈദ്യര്‍ :)

  ReplyDelete
 61. ഈ മീറ്റ് കഥകള്‍ എല്ലാം വായിക്കുമ്പോള്‍ നല്ല ഹരമാണ് ..എന്നെങ്കിലും ഒരു മീറ്റില്‍ ഞാനും കൂടുമായിരിക്കും അല്ലെ...

  ഒരു ബ്ലോഗ് വസന്തം അകലെയല്ല!

  അതിന്റെ വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ....
  അറിയാന്‍ അടുത്ത പോസ്റ്റ് കാത്തിരിക്കുന്നു..
  ----------------------------

  ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട് . അടിക്കുറിപ്പുകളും

  ReplyDelete
 62. റിപ്പോർട്ട് വായിച്ച് വാവിട്ടുകരയാനാണു തോന്നിയത്.. പങ്കെടുക്കാൻ കഴിയാത്ത വിഷമം..

  ReplyDelete
 63. വളരെ നന്നായി. എനിക്കും മീറ്റണം എന്നൊരു പൂതി

  ReplyDelete
 64. ബ്ലോഗ് മീറ്റുകളാകും ഇന്ന് ബ്ലോഗുലകത്തിൽ കണ്ടുവരുന്ന നിർജ്ജീവതക്ക് പ്രധാനകാരണം എന്ന് നിഗമനമെടുത്തൊരാളാണു ഞാൻ..
  തമ്മിലൊരിക്കലും കണ്ടിട്ടില്ലായിരുന്നുവെങ്കിൽ; പരസ്പരമുള്ള ആരോഗ്യകരമായ വാശി, സത്യമെന്നു തോന്നുന്നത് തുറന്നു പറയാനുള്ള ചങ്കൂറ്റം എന്നിവയ്ക്കുള്ള ആർജ്ജവമൊരിക്കലും നഷ്ടപ്പെടില്ലായിരുന്നു..
  പലപ്പോഴും നിസ്സഹായതയിൽ നിന്നും ഉടലെടുക്കുന്ന പുറംചൊറിയലുകൾ..
  എന്ന്നിവ ഒഴിവാക്കാനുള്ള ആർജ്ജവവും നമുക്ക് ലഭിച്ചേനേ..

  ഏതായാലും ഇങ്ങിനെയുള്ള ചില കൂട്ടം ചേരലുകളാകും ഇനിയുള്ള കാലങ്ങളിൽ ഉചിതമാകുക എന്നതാണെന്റെ നിഗമനം. രണ്ട് മാസങ്ങൾക്കു ശേഷം ചെറായിയിൽ ഒരു സന്ധ്യക്ക് വീണ്ടും കണ്ടുമുട്ടാം എന്നൊരു ആഗ്രഹത്തോടേ..

  ചിയേർസ്..

  ReplyDelete
 65. ബ്ലോഗ് കൂട്ടായ്മകള്‍ വളരെ നല്ലതു തന്നെ. പരസ്പരമുള്ള സൌഹൃദത്തിനും സഹായങ്ങള്‍ക്കും ഈ ബന്ധം കാരണമാകും

  ഈ കൂട്ടായ്മ അനുഭവിച്ചറിഞ്ഞതുപോലെ വിവരണത്തില്‍ നിന്നു തോന്നി. ചിത്രങ്ങളും നന്നായിട്ടുണ്ട്

  ReplyDelete
 66. മനോരാജ്
  ചർച്ചയും കർമ്മപരിപാടികളും ഉൾപ്പെടുത്തി അടുത്ത പോസ്റ്റ് ഇടാം.
  രണ്ടു മൂന്നു ദിവസത്തിനുള്ളിൽ.

  എന്നിട്ടു വേണം ഞങ്ങടെയൊക്കെ അസൂയയും കുശുമ്പും വീണ്ടും കൂടാന്‍..., ല്ലേ...? അടുത്ത പോസ്‌റ്റിടുന്നതിനു മുമ്പ്‌ അടുത്ത മീറ്റിനുള്ള വഴിയുണ്ടാക്കൂ ഡോക്ടറേ ... :) (അടുത്ത മീറ്റിന്‌ ഇപ്പോഴേ പേര്‌ രജിസ്റ്റര്‍ ചെയ്യാന്‍ വല്ല ഒപ്‌ഷനുമുണ്ടോ...?)

  ReplyDelete
 67. ഹെന്റെ പൊന്നു ചേട്ടായീ..തമാശയാക്കിയതായിരുന്നു
  അതിനു ക്ഷമയൊന്നും വേണ്ടാരുന്നു..എനിയ്ക്കു വിഷമായി :(

  ReplyDelete
 68. ജയേട്ടാ, എന്നെ വിളിച്ചില്ലല്ലോ ഇനി ഞാന്‍ മിണ്ടില്ല ..... ഞാന്‍ ആ കൊച്ചി കായലിലൂടെ പാടി പാടി നടക്കും..

  ReplyDelete
 69. ഫോട്ടോസും അടിക്കുറിപ്പും ഗംഭീരമായി..

  പങ്കെടുക്കാന്‍ പറ്റാത്തതില്‍ ഒരു ചെറിയ വലിയ നഷ്ടബോധവും.. :(

  ReplyDelete
 70. ബ്ളോഗേര്‍സ്‌മീറ്റില്‍
  പങ്കെടുത്ത അനുഭൂതി. ചിത്രസഹിതം ഓരോ ചലനങ്ങളും വരച്ചുകാട്ടി.........
  നന്ദി ജയേട്ടാ.......... ഒരുപാടൊരുപാട്....

  ReplyDelete
 71. ഡോക്ടര്‍ സാര്‍, .. ഇത് കലക്കി,മീറ്റില്‍ പങ്കെടുക്കാന്‍ കഴിന്ന്ജില്ലെങ്കിലും എല്ലാം ഒന്ന് ലൈവ് ആയി കണ്ട പോലെ, അടിപൊളി, ഫോട്ടോസും, അടികുറിപ്പുകളും, പിന്നെ ഓരോരുത്തരെ പരിച്ചയപെടുത്തലും..

  ReplyDelete
 72. ഡോക്ടര്‍ ഫോട്ടോയ്ക്കും സംഗമ വിവരണങ്ങള്‍ക്കും നന്ദി...

  ReplyDelete
 73. ജയൻ ഡോക്ടറുടെ കഴിഞ്ഞ പോസ്റ്റിൽ ബ്ലോഗ് മീറ്റ് എന്നു കണ്ടപ്പോൾ ഒന്നു പോയാലോ എറണാകുളത്തല്ലേ എന്നു വിചാരിച്ചതാണ്. പക്ഷേ പോസ്റ്റ് കണ്ടതും പോയാലോന്നു വിചാരിച്ചതും ആറാം തിയതിയാണ്. പിന്നെങ്ങിനെ വരാൻ!

  ReplyDelete
 74. കൊച്ചി ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍ക്കു നന്ദി.
  ഇത്തരം കൂട്ടായ്മകള്‍ കേരളത്തിലെംബാടും ധാരാളമായി നടക്കട്ടെ
  എന്ന് ആശംസിക്കുന്നു.
  ബ്ലോഗിലെ പ്രമുഖ നിരീശ്വരസംഘപരിവാരി പ്രവീണ്‍ വട്ടപ്പറംബിന്റെ കമണ്ഡലുവും(ഹെല്‍മെറ്റ് തൂക്കി ഫോണിലൂടെ ഭക്തരെ അനുഗ്രഹിച്ചു കൊണ്ട് ധൃതിയില്‍ എഴുന്നള്ളുന്ന സാമിയുടെ ചിത്രം കാണുക :)മണിക്കിണറുപോലുള്ള
  ഹിന്ദു വര്‍ഗ്ഗീയ ചന്ദനക്കുറിയും, പ്രസാദ വിതരണവും കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയി :)ബ്ലോഗര്‍മാരെ മുഴുവന്‍ കാവിവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമല്ലേ വൈദ്യരുടേയും പ്രവീണ്‍ സാമിയുടേയും കാര്‍മ്മികത്വത്തിലുള്ള ഈ മീറ്റ് എന്ന് ഉത്പ്രേക്ഷ തോന്നുന്നു. മനോരാജ്
  ഇവരുടെ വലയില്‍ വീണ് കിറുങ്ങിയിരിക്കുന്ന ചിത്രം ഈ ഗൂഢ ഉദ്ദേശത്തിന്റെ ജീവിക്കുന്ന തെളിവാകുന്നു !
  ആകെ ഒരു ആശ്വാസമുള്ളത് മീറ്റിന്റെ സംഘപറിവാറി അജണ്ടകള്‍ക്കെതിരെ
  സൌത്ത് ആഫ്രിക്കയില്‍ നിന്നും മാവേലി കേരളം പ്രസന്നേച്ചിയും,ആവനാഴി രാഘവേട്ടനും മീറ്റില്‍ പങ്കെടുത്ത് മതേതരത്വത്തിനായിനിലകൊണ്ടു എന്നതാണ്.
  എല്ലാ ദുഷ്ട ബ്ലോഗര്‍മാരേയും നേരില്‍ കണ്ട പ്രതീതി ജനിപ്പിക്കുന്ന ഫോട്ടോകള്‍ക്കും, അടിക്കുറിപ്പിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

  ReplyDelete
 75. ഈ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം എവിടെ ഇറക്കി വയ്ക്കും. മഹാ നഷ്ടമായി.... ചിത്രങ്ങള്‍ക്കും പോസ്റ്റിനും ഡോക്ടര്‍ക്ക് നന്ദി....

  മറ്റൊരു മീറ്റും ചര്‍ച്ചയും നടത്താനുള്ള ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്. ഒന്നു കയറിയിട്ടേ പോകാവൂ..

  ReplyDelete
 76. ബ്ലോഗിങ്ങില്‍ ഇനി ഒരു മോഹം കൂടിയെ ബാക്കിയുള്ളൂ
  ഡോക്ടര്‍ പങ്കെടുക്കുന്ന ഒരു മീറ്റില്‍ പങ്കെടുക്കുക..
  കാരണം ബാക്കിയെല്ലാം പിന്നാലെ വന്നോളും
  =
  ഞങ്ങള്‍ക്ക് ബ്ലോഗ്മീറ്റ് ഇമ്പോസ്സിബിള്‍, ആകെയുള്ളത് വടക്ക് ഒക്ലാന്റില്‍ ഒരു സാബുവും മദ്ധ്യേ വെല്ലിംഗ്ടനില്‍ ഈ വഴിപോക്കനും

  ReplyDelete
 77. ഡോക്ടറെ ഒരു വഴി പോക്കനാ...ഒന്ന് കേറിയേച്ചു പോകാമെന്ന് കരുതി.........
  (നാട്ടില്‍ വരവും പോക്കും എല്ലാം പെട്ടെന്ന് കഴിഞ്ഞു )

  ReplyDelete
 78. ഞാനും കുറച്ച് പടം പിടിച്ചിട്ടുണ്ട്. ആർക്കും തരില്ല.

  ReplyDelete
 79. ഫോട്ടോകള്‍ക്കും, അടിക്കുറിപ്പിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
  kalakki doctor!

  ReplyDelete
 80. appo athoru adipoli meeting ayalleee...hmmm..avade nadanna discussionte postinayi kathirikkunnu.photos nannayittundu...:)

  ReplyDelete
 81. ഇവിടെ ഞാൻ എത്താൻ വൈകി. ബൂലോകം ഓൺലെയിനിൽ വായിച്ചിരുന്നു. കമന്റുകൾ എല്ലാം വായിച്ചു.

  ReplyDelete
 82. നന്ദി സുഹൃത്തുക്കളെ.....

  പോസ്റ്റിടാം എന്ന വാക്കു പാലിക്കാൻ കഴിഞ്ഞില്ല.
  ഒരു ട്രെയിനിംഗിൽ പെട്ടു.

  മനോരാജ് ഈ വിഷയത്തിൽ പുതിയ പോസ്റ്റിട്ടിട്ടുണ്ട്
  ദയവായി വായിക്കുക.
  കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്
  http://manorajkr.blogspot.com/2011/01/blog-post_13.html

  ReplyDelete
 83. അപ്പൊ തകര്‍ത്തു...അല്ലെ ? ശോ..ശരിയ്കും കൊതിയായി....കൊറേ പുതിയ ബ്ലോഗു പുലികള്‍.

  ഇത് വായിച്ചപോഴാ, ബ്ലോഗില്‍ അത്ര ആക്ടീവ് അല്ലാതത്തിന്റെ പേരില്‍ ഇച്ചിരി വിഷമം തോന്നിയെ.

  മിസ്റ്റര്‍ നന്ദന്‍ ആന്‍ഡ്‌ ജോ : നിങ്ങളെ പിന്നെ എടുത്തോളാം....ട്ടോ.

  ReplyDelete
 84. എനിക്കസൂയ.....
  അസൂയ....അസൂയ.....അസൂയ...
  :( :( :(

  ReplyDelete
 85. അയ്യോ ഡോക്റ്ററെ ചതി പറ്റിയല്ലോ !!വന്‍ ചതി !!!
  ആ സമയത്ത് വെറും പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ഈ മഹാ സംഭവം അറിഞ്ഞില്ലല്ലോ !!! കഷ്ടമായി പോയി !!
  ഇനി എന്നാണാവോ ഈ ഭാഗ്യം വരിക ?:( ഞാന്‍ ഡോക്ടറുടെ ബ്ലോഗില്‍ എന്റെ ഫോണ്‍ നമ്പര്‍ കുറിച്ചിരുന്നു ..ദുഷ്ടന്‍ ഒന്ന് വിളിച്ചില്ല :(

  ReplyDelete
 86. മീറ്റും ഡോക്ടറുടെ റിപ്പോർട്ടും ഗംഭീരമായി...
  ഫോട്ടോകളും നന്നായിരിക്കുന്നു....

  ആശംസകൾ...

  ReplyDelete
 87. കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 88. ഡോക്ടറേ ഇതു വരെ ഇങ്ങോട്ടൊന്നു വരാന്‍ നേരം കിട്ടിയില്ല. ഞാനും ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. ഇവിടെ

  കൂടുതല്‍ ബ്ലോഗു ചര്‍ച്ചകള്‍ ഓരോ വിഷയങ്ങളിലും ഉണ്ടാകട്ടെ.

  ReplyDelete
 89. നോക്കണേ നോക്കണേ, ഇതാണ് ബ്ലോഗറുടെ യഥാര്‍ഥ സ്നേഹം. ഒരിക്കല്‍ കണ്ടതേ ഉള്ളു, നിരക്ഷരന്റെ ആ അന്വേഷണങ്ങളും വേവലാതിയും കണ്ടില്ലേ? ഒരു മോളൂടൊണ്ട്, കെട്ടിച്ചുവിടേണ്ടേ:) മറന്നിട്ടില്ല, പക്ഷെ ഇപ്പോഴത്തെ കാലത്ത്, ഒരാണ്‍കുട്ടിയെ കിട്ടാന്‍ പെടേണ്ട പാട്:)

  സന്തോഷമുണ്ട് മാഷേ അങ്ങനെ ചിന്തിക്കാനൊരാളുള്ളതു എത്ര നല്ലതാ.

  ഹരീഷിന്റെ ചോദ്യം ഒരു ധര്‍മ്മസങ്കടത്തിലേക്കാണ് നയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ “...ആരോഗ്യകരമായ വാശി, സത്യമെന്നു തോന്നുന്നത് തുറന്നു പറയാനുള്ള ചങ്കൂറ്റം എന്നിവയ്ക്കുള്ള ആർജ്ജവമൊരിക്കലും നഷ്ടപ്പെടില്ലായിരുന്നു..‘’:(

  ഷെറീഫ് കൊട്ടാരക്കര, ഒരു പോസ്റ്റുടനെ എഴുതുന്നു എന്നു പറഞ്ഞത് ഓര്‍ത്തിരിക്കയാ കേട്ടോ:)

  ReplyDelete
 90. വൈത്യരേ കലക്കി…!
  മർച്ച് മാ‍സം ഇതുപോലെ വല്ല പരിപാടിയും ഉണ്ടേൽ ഒന്നറിയിക്കണേ…
  അല്ലാ. ഇതൊക്കെ കണ്ടപ്പോ ഒരാഗ്രഹം…!

  ReplyDelete
 91. hm ningalu kocheekkaru mathram sangamichal pora... this is not fair...............

  ReplyDelete
 92. ഞാൻ ഇപ്പൊ വന്നതേയുള്ളു...ബൂലോകത്തേക്കേയ്.....
  എന്നാലും വായിച്ചപ്പൊ ഇത്തിരി നേരത്തെ വരായിരുന്നൂന്ന് ഒരു തോന്നൽ...ഞാനും ഒരു പാവം എറണാകുളത്തുകാരിയാ

  ReplyDelete
 93. ജയൻ ചേട്ടാ....... ഇതു വളരെ രസകരമായിട്ടുണ്ടു കെട്ടോ...................

  http://stretchback.blogspot.com/

  ReplyDelete
 94. ഓഗസ്റ്റില്‍ ഒരു വെക്കേഷന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒരു ബ്ലോഗ് മീറ്റ് ആ സമയത്തെങ്ങാനും ഉണ്ടെങ്കില്‍ ഈ എന്റെ അസൂയയ്ക്ക് ഇത്തിരി ശമനം വന്നേനെ.

  ReplyDelete