Saturday, October 26, 2013

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 1

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും  -1



ഒക്ടോബർ പത്താം തീയതിയാണ് സച്ചിൻ തെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. അന്നത്തെ ടി.വി.ചാനലുകൾ മുഴുവനും സച്ചിന്മയം! പിറ്റേന്നത്തെ പത്രങ്ങളും സച്ചിദാനന്ദത്തിൽ ആറാടി.

“സച്ചിന്റെ കളി കാണാൻ വേണ്ടി മാത്രമാണ് ഞാൻ ക്രിക്കറ്റുള്ളപ്പോൾ ടി.വി. ഓൺ ചെയ്തിരുന്നത്. ഇനി എനിക്കാ കളി കാണണ്ട. സച്ചിനില്ലാതെ എന്ത് ക്രിക്കറ്റ്? ” എന്ന് ഫെയ്സ് ബുക്കിൽ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ്.

“സച്ചിൻ റിട്ടയർ ചെയ്യുന്നു എന്നു കേട്ടപ്പോൾ ഒരു നിമിഷം എന്റെ ഹൃദയസ്പന്ദനം നിലച്ചപോലെയായി!” എന്ന് അമിതാഭ് ബച്ചൻ

“സച്ചിനോട് ഈ തീരുമാനം മാറ്റണേ എന്ന് കാലു പിടിച്ചു യാചിക്കും! ” എന്ന് യുവ്‌രാജ് സിംഗ്.

ഇതെന്ത് കൂത്ത്?
ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാതെയാണ് സച്ചിൻകഴിഞ്ഞ രണ്ട് കൊല്ലമായി ടീമിൽ തുടരുന്നത്. 17 ടെസ്റ്റിൽ നിന്ന് 29 ഇന്നിംഗ്സിൽ 31 റൺ ശരാശരിയിൽ.... ഇപ്പോഴെങ്കിലും റിട്ടയർ ചെയ്യാൻ തോന്നിയത് നന്നായി എന്നല്ലേ ബുദ്ധിയുള്ളവർ ചിന്തിക്കേണ്ടത്?

തലച്ചോറിനുള്ളിലിരുന്ന് എന്നിലെ വിമർശകൻ സടകുടഞ്ഞെണീറ്റു. വിമർശകന്റെ ചോദ്യശരങ്ങൾ കേട്ട് മസ്തിഷ്കത്തിന്റെ മറുപകുതിയിൽ നിന്ന് ആരാധകൻ ചാടിയെണീറ്റു.

ലോക ക്രിക്കറ്റിൽ സച്ചിനെപ്പോലെ മറ്റാരുണ്ട്? 100 അന്താരാഷ്ട്ര ശതകങ്ങൾ നേടിയ മറ്റേതു മനുഷ്യനാണ് ഈ ഭൂമിയിൽ ഉള്ളത്?

പതിനയ്യായിരത്തിൽ പരം റൺസ് ടെസ്റ്റിലും, പതിനെണ്ണായിരത്തിൽ പരം റൺസ് ഏകദിനത്തിലും നേടിയ മറ്റാരുണ്ട്?

ക്രിക്കറ്റിൽ ഇത്രയധികം റേക്കോഡുകൾ സൃഷ്ടിച്ച മറ്റാരുണ്ട്?

അങ്ങനെയുള്ളൊരു മനുഷ്യൻ ടീമിലുള്ളതു തന്നെ ഒരനുഗ്രഹമല്ലേ? എതിർ ടീമുകളുടെ പ്ലാനിംഗിന്റെ മുക്കാൽ പങ്കു സമയവും സച്ചിനെ തളച്ചിടാൻ വേണ്ടിയല്ലേ ഇക്കാലമത്രയും വിനിയോഗിക്കപ്പെട്ടിട്ടുള്ളത്? അങ്ങനെയൊരു കളിക്കാരൻ ടീമിൽ നിന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത ചില്ലറയാകുമോ?

ഇത്രയുമായപ്പോൾ മസ്തിഷ്കത്തിലെ ഇടതു വലതു ദ്വന്ദ്വങ്ങളുടെ മധ്യേ നിന്ന് ഞാൻ ചിന്തിച്ചു. ഇൻഡ്യകണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാനാണ് സച്ചിൻ. ലോകം കണ്ട ഏറ്റവും മികച്ച 3 ബാറ്റ്സ്മാന്മാരിൽ ഒരാൾ. (ആദ്യത്തെയാൾ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാൻ. മൂന്നാമൻ ആരെന്ന ചോദ്യം പല ഉത്തരങ്ങൾ നൽകിയേക്കാം) എങ്കിലും സ്വന്തം പ്രായത്തെ ബഹുമാനിക്കാൻ സച്ചിൻ മറന്നുപോയി. റിഫ്ലക്സുകൾ മന്ദഗതിയിലായതിന്റെ പ്രതിഫലനമായി 6 ക്ലീൻ ബൌൾഡ് പുറത്താകലുകൾ. നിരവധി എൽ.ബി.ഡബ്ലിയുകൾ. ദ്രാവിഡ് സ്വയം പിന്മാറി പൂജാരയ്ക്കു വഴിയൊരുക്കിയതുപോലെ ഒരു പുതുമുഖ കളിക്കാരനു വളർന്നുവരാനുള്ള അവസരം സച്ചിൻ നൽകിയില്ല എന്നതൊഴിച്ചാൽ അന്താരാഷ്ട്രക്രിക്കറ്റിൽ അത്ര എളുപ്പമൊന്നും തകർക്കപ്പെടാൻ കഴിയാത്ത നിരവധി റെക്കോഡുകൾക്കുടമ എന്ന നിലയിലും, ഒരു കാലത്ത് ഇൻഡ്യൻ ബാറ്റിംഗിന്റെ ഭാരം മുഴുവൻ ചുമലിലേറ്റിയ വ്യക്തി എന്ന നിലയിലും നമിക്കുന്നു, സച്ചിനെ. എപ്പോൾ റിട്ടയർ ചെയ്യണം എന്നു തീരുമാനിക്കാനുള്ള അവകാശം അയാൾക്കില്ലേ?

അപ്പോൾ ദ്വന്ദ്വൻ നമ്പർ വൺ ജ്വലിച്ചു.
സ്വന്തം റിട്ടയർമെന്റ് തീരുമാനിക്കാൻ കളിക്കാർക്ക് അവകാശമുണ്ട്. എന്നാൽ ഫോമിലല്ലെങ്കിൽ കൂടി എത്രകാലം വരെ വേണമെങ്കിലും ടീമിൽ തുടരാനും, ഏതു ഗ്രൌണ്ടിൽ കളിച്ച് വിരമിക്കണം എന്നു തീരുമാനിക്കാനും മാത്രം അയാൾ ആരാണ്?



ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും വിരമിച്ചപ്പോൾ ഈ പുകിലൊന്നും കണ്ടില്ലല്ലോ!?
ഇൻഡ്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റനല്ലേ ഗാംഗുലി? സച്ചിന്റെ ക്യാപ്റ്റൻസിയിൽ പൊട്ടിപ്പൊളിഞ്ഞു പാളീസായിക്കിടന്ന ഇൻഡ്യൻ ടീമിനെ വാർത്തെടുത്ത് ഇന്നത്തെ നിലയിലാക്കിയത് ഗാംഗുലിയല്ലേ? ദ്രാവിഡും ലക്ഷ്മണും അല്ലേ ഇൻഡ്യയുടെ ടെസ്റ്റ് വിജയങ്ങളുടെ ശില്പികൾ?

200 ടെസ്റ്റ് കളിച്ചിരുന്നെങ്കിൽ ദ്രാവിഡും നേടുമായിരുന്നില്ലേ 15,000 റൺസ്?
അല്ല, സത്യത്തിൽ ആരാണീ സച്ചിൻ തെണ്ടുൽക്കർ?
നല്ല ബാറ്റ്സ്മാൻ ആയിരുന്നു എന്നല്ലാതെ അയാൾ അത്ര വലിയ മഹാനാണോ?
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അയാളാണോ?
ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർ അയാളാണോ?

എല്ലാ ക്രിക്കറ്റ് റെക്കോഡും നേടി എന്നു പറഞ്ഞു പൊക്കിപ്പിടിച്ചു നടക്കുന്നയാൾ ടെസ്റ്റിൽ പോയിട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെങ്കിലും, എന്നെങ്കിലും ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ടോ?
പോട്ടെ, 250 റൺസ് തികച്ച് ഏതെങ്കിലും ടെസ്റ്റിൽ നേടിയിട്ടുണ്ടോ? ഇല്ല!!

അപ്പോൾ ടെസ്റ്റിൽ 375 ഉം 400 ഉം റൺ നേടിയ ലാറയെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 501 റൺസ് നേറ്റിയ ലാറയെ എന്തു പറഞ്ഞു വാഴ്ത്തണം?

അവസാന 25 ഇന്നിംഗ്സിൽ ലാറ നേടിയത് 2 സെഞ്ച്വറികളും, 2 ഡബിൾ സെഞ്ച്വറികളും! സച്ചിനോ? ഒരു സെഞ്ച്വറിപോലുമില്ല. അന്ന് ലാറ റിട്ടയർ ചെയ്തില്ലെങ്കിലും ഒരാളും വിമർശിക്കുമായിരുന്നില്ല. എന്നിട്ടും അയാൾ റിട്ടയർ ചെയ്തു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്  ലാറയോട് രണ്ടോ മൂന്നോ കൊല്ലം കൂടി കളിക്കണം എന്നു നിർബന്ധിച്ചിരുന്നെങ്കിൽ കാണാമായിരുന്നു!

അടങ്ങിയിരുന്ന ആരാധകൻ, ദ്വന്ദ്വൻ രണ്ടാമൻ തിരിച്ചു ചോദിച്ചു.
നിങ്ങൾ ഇങ്ങനെ ‘അങ്ങനെയായിരുന്നെങ്കിൽ’ ‘ഇങ്ങനെയായിരുന്നെങ്കിൽ’ എന്നൊക്കെ പറഞ്ഞ് പേപ്പിടി കൂട്ടുന്നതിൽ എന്താണ് കാര്യം? അങ്ങനെയായില്ലല്ലോ... ലോക ക്രിക്കറ്റിൽ 100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ മറ്റാരുണ്ട്, നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ഈ കളിയിൽ?

അന്താരാഷ്ട്രക്രിക്കറ്റിൽ 35,000 പോയിട്ട് 30,000 റൺ എങ്കിലും നേടിയ മറ്റാരുണ്ട്?
ടെസ്റ്റിൽ 14,000, 15,000 റൺ ക്ലബ്ബുകളിൽ എത്തിയ മറ്റാരുണ്ട്?
ഏകദിനത്തിൽ 14,000, 15,000, 16,000, 17,000,18,000 ക്ലബ്ബുകളിൽ എത്തിയ മറ്റാരുണ്ട്?

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയത് ആരാണ്? ഏറ്റവും കൂടുതൽ റൺ നേടിയത് ആരാണ്‌?

അന്താരാഷ്ട്ര ക്രിക്കറ്റിൽ 72 തവണ മാൻ ഓഫ് ദ മാച്ച് ആയ മറ്റാരുണ്ട്?
പറയൂ... പറയൂ!

ഫുട്ട്ബോളിൽ സോക്രട്ടീസും, ഗള്ളിറ്റും, പ്ലാറ്റീനിയും, സിഡാനുമൊക്കെ വിരമിച്ചിട്ടുണ്ട്. അതുപോലെയായിരുന്നില്ല പെലെയോ മറഡോണയോ വിരമിച്ചപ്പോൾ ലോകം പ്രതികരിച്ചത്.
ടെന്നിസിൽ ആഗസിയും, ബക്കറും, സ്റ്റെഫാൻ എഡ്ബർഗും ഒക്കെ വിരമിച്ചിട്ടുണ്ട്.  അതുപോലെയായിരുന്നില്ല ബ്യോൺ ബോർഗും മക്കെൻ റോയും വിരമിച്ചപ്പോൾ ലോകം പ്രതികരിച്ചത്.

ആധുനിക കാലത്ത് സച്ചിനും റോജർ ഫെഡററും റിട്ടയർ ചെയ്യുമ്പോൾ പ്രസക്തമാകുന്നത് ഈ താരതമ്യങ്ങളാണ്. അതുകൊണ്ട് ഒരു ലാറയുടെയോ, പോണ്ടിങ്ങിന്റെയോ പോലെയല്ല സച്ചിന്റെ റിട്ടയർമെന്റ്.

അതു കേട്ടതും വിമർശകദ്വന്ദ്വൻ കയർത്തു. “നിങ്ങൾ ലാറയേയും പോണ്ടിങ്ങിനെയും വിടൂ... ദാ ഈ കണക്കൊന്നു കേൾക്കൂ.... ”

163 ടെസ്റ്റിൽ 13,133 റൺസ്. 288 വിക്കറ്റ്. 196 ക്യാച്ച്.
321 ഏകദിനത്തിൽ 11,498 റൺസ്. 270 വിക്കറ്റ്. 125 ക്യാച്ച്.
ഇത്രയും നേടിയ ആളാണോ കേമൻ?

അതോ

198 ടെസ്റ്റിൽ 15837 റൺസ്. 45 വിക്കറ്റ്. 115 ക്യാച്ച്.
463 ഏകദിനത്തിൽ 18,426 റൺസ്. 151 വിക്കറ്റ്. 140 ക്യാച്ച്.
ഇത്രയും നേടിയ ആളാണോ കേമൻ?

35 ടെസ്റ്റും, 142 ഏകദിനങ്ങളും കൂടി കളിക്കാൻ ദക്ഷിണാഫ്രിക്ക ജാക്ക് കല്ലിസിനെ അനുവദിച്ചാൽ??

പോട്ടെ. നിങ്ങൾ കല്ലിസിനെയും വിടൂ!

ഇപ്പോഴത്തെ പോക്കനുസരിച്ച്  10 കൊല്ലം കൊണ്ട് ഒരു 300 ഏകദിനങ്ങൾ കൂടി വിരാട് കോളി കളിച്ചാൽ എന്താകും സ്ഥിതി എന്നു ചിന്തിച്ചിട്ടുണ്ടോ?

114 കളിയിൽ 16 സെഞ്ച്വറി. ശരാശരി 50 നുമുകളിൽ.

 വീരേന്ദ്ര സേവാഗ് 15 കൊല്ലം കളിച്ചിട്ട് ആകെ അടിച്ചത് 15 സെഞ്ച്വറികൾ! വല്യ പുലികളായ ഗിൽക്രിസ്റ്റും, സംഗക്കാരയും, ജയവർദ്ധനെയും ജീവിതകാലമാകെ അടിച്ചത് 16 ഏകദിന സെഞ്ച്വറികൾ!

അതു മാത്രവുമല്ല, പയ്യൻ അടിച്ച 16 സെഞ്ച്വറികളിൽ 10 എണ്ണവും ഇൻഡ്യ ചെയ്സ് ചെയ്യുമ്പോഴാണടിച്ചിട്ടുള്ളത്!

അപ്പോ... സച്ചിൻ ഉണ്ടാക്കിയ റെക്കോഡൊന്നും ആരും തകർക്കില്ല എന്നാരും മനപ്പായസമുണ്ണണ്ട! 24 കൊല്ലം ഒരുത്തനെ ടീമിൽ വച്ചുകൊണ്ടിരിക്കാൻ ഇനിയുള്ള കാലത്തു സാധിക്കില്ല എന്നതുകൊണ്ട് ആ റെക്കോഡ് അവിടെത്തന്നെ കിടക്കുമായിരിക്കും!

വിമർശകൻ കിതച്ചുകൊണ്ട് നിർത്തി.

ഹോ! ആരാധകദ്വന്ദ്വൻ അല്പനേരം തരിച്ചിരുന്നുപോയി.

എങ്കിലും വിട്ടില്ല.


ഈ... വിക്കറ്റും ക്യാച്ചും എടുക്കുന്നത് മാത്രമല്ല ഒരാളെ മഹാനായ കളിക്കാരനാക്കുന്നത്. അതൊന്നും മാത്രമല്ല ഒരാളെ താരങ്ങളുടെ താരമാക്കുന്നത്. അതൊന്നുമല്ല ഒരാളെ ജനകോടികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നത്....

കല്ലിസ് സച്ചിനെയോ ലാറയെയോ പോണ്ടിംഗിനെപ്പോലെയോ ഒരു കരിസ്മാറ്റിക് ബാറ്റ്സ്മാനല്ല. അയാളെ രാഹുൽ ദ്രാവിഡുമായോ, മുഹമ്മദ് യൂസുഫുമായോ, സംഗക്കാരയുമായോ ഒക്കെ താരതമ്യം ചെയ്യൂ...

പിന്നെ, ട്രിപ്പിൾ സെഞ്ച്വറിയും ക്വാഡ്രപ്പിൾ സെഞ്ച്വറിയുമൊക്കെ അടിക്കുന്ന കാര്യം.... അതൊന്നും സച്ചിൻ അടിച്ചില്ല എന്നത് ശരി തന്നെ. എന്നാൽ അങ്ങനൊരു സ്കോർ അടിച്ചു കഴിഞ്ഞാൽ പിന്നെ കുറേക്കാലം തല്ലിപ്പൊളി ഇന്നിംഗ്സുകളാണ് ലാറ കളിച്ചിട്ടുള്ളത്. വല്ലപ്പോഴും വമ്പൻ സ്കോർ നേടുന്നതല്ല മികവ്. തുടർച്ചയായി ഉന്നത നിലവാരത്തിൽ കളിക്കുന്നതാണത്. ലാറയുടെ ടോപ്പ് 10 ഇന്നിംഗ്സുകൾ എടുത്തു മാറ്റി നോക്കൂ.... സച്ചിന്റെയും. അപ്പോ കാണാം കൺസിസ്റ്റൻസി എന്നാൽ എന്താണ് എന്ന്! ങ്ഹാ!

മധ്യേ നിന്ന ഞാൻ പെട്ടു!

ശെടാ... ഇതിപ്പോ കണക്കു പറഞ്ഞു തീർക്കാതെ ശരിയാകുന്ന ലക്ഷണമില്ലല്ലോ... കണക്കു പറയണോ?
പറയാം.



വാൽക്കഷണം: എന്നിൽ തന്നെയുള്ള ആരാധകന്റെയും വിമർശകന്റെയും മധ്യേ നിന്ന് സച്ചിൻ ആരായിരുന്നു, ആരാണ്, ആരാവണം എന്നു കണ്ടെത്താൻ കഴിയുമോ എന്നൊരു ശ്രമമാണിത്.

അപ്പോ, ബാക്കി കണക്കും സയൻസുമൊക്കെ നാളെ.....


രണ്ടാം ഭാഗം ദാ ഇവിടെ


ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

39 comments:

  1. സച്ചിന്‍ ഒരു വികാരമാണ് അതാണ് ഓടിയെത്തിയത് .പുള്ളിക്കാരനോടുള്ള ബഹുമാനവും ആദരവും ആ അര്‍പ്പണബോധവും കണ്ടു കൊണ്ടാണ് .ക്രിക്കറ്റിനെ ഇത്രയും മനോഹരമായി സമീപിച്ച മറ്റൊരു കളിക്കാരന്‍ ഞാന്‍ കണ്ടിട്ടില്ല.റിക്കോഡ്‌ തകര്‍ക്കാന്‍ ഉള്ളതാണ് .എന്നാല്‍ അവിസ്മരണീയമായ ഇന്നിങ്ങ്സുകള്‍ എങ്ങനെ മറക്കാന്‍ .കുഞ്ഞു നാളിലെ കാണുന്നതാണ് സച്ചിന്റെ കളി .ക്രിക്കറ്റ് കളിയ്ക്കാന്‍ തുടങ്ങിയത് സച്ചിനും,പ്രഭാകരറും,മഞ്ജരേക്കറുമൊക്കെ ഓപ്പണ്‍ ചെയുന്നത് കണ്ടാണ്‌.

    ReplyDelete
  2. ആ വിമര്‍ശകദ്വന്ദ്വനെ ഇങ്ങോട്ട് തുറന്നു വിടൂ ജയേട്ടാ... അയാക്കിട്ട് രണ്ടെണ്ണം കൊടുക്കട്ടെ.. :)

    എല്ലാം ശരിയാണ്.. എന്നാല്‍ നമുക്കത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ.. സച്ചിന്‍ ആയിപ്പോയില്ലേ..

    ReplyDelete
  3. നന്ദി, അനീഷ്, മനോജ്....

    കണക്കുകൾ സഹിതം വിമർശകദ്വന്ദ്വൻ നാളെ അവതരിക്കുനതായിരിക്കും.
    ഒപ്പം മറുപടികളും!
    നാലഞ്ചു ഭാഗങ്ങളായി എഴുതാം എന്നു വിചാരിക്കുന്നു.

    ReplyDelete
  4. Kanakkukalum, tharathamyangalum onnum vimarshakane sahayikkan ethillaa..karanam appurathullathu sakshal sachin aanu..indiayil cricket enna kaliyekkal pracharamundu sachin enna perinu...

    ReplyDelete
  5. Kanakkukalum, tharathamyangalum onnum vimarshakane sahayikkan ethillaa..karanam appurathullathu sakshal sachin aanu..indiayil cricket enna kaliyekkal pracharamundu sachin enna perinu...

    ReplyDelete
  6. ശെടാ... ഇതിപ്പോ കണക്കു പറഞ്ഞു തീർക്കാതെ ശരിയാകുന്ന ലക്ഷണമില്ലല്ലോ...

    ReplyDelete
  7. സച്ചിന് തുല്യം സച്ചിന്‍ മാത്രം .
    ആ വിനയമാണ് അദേഹത്തെ കൂടുതല്‍ കൂടുതല്‍ ഇഷ്ട്ടപെടാനുള്ള മറ്റൊരു കാരണം. എന്തായാലും താങ്കള്‍ക്കും എന്‍റെ സച്ചിനും ഒരായിരം അസ്രൂസാശംസകള്‍ :)

    ReplyDelete
  8. വലിയ താല്‍പര്യമില്ലാത്ത കാര്യമാണ്.
    എത്രയോ മുന്‍പേ സ്വയം ഒഴിയേണ്ടാതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. സച്ചിൻ ആവറേജിൽ അധികം കഴിവുള്ള സാധാരണ ബാറ്റ്സ്മാൻ മാത്രമാണ്. സച്ചിൻ മഹാനാകുന്നത് ക്രിക്കറ്റിനോടുള്ള മനോഭാവം, ഇത്രയധികം ആരാധകരുണ്ടായിട്ടും ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകച്ചതും കോഴക്കാലത്ത് ക്രിക്റ്റിനെ തോളിലേറ്റിയതും ,അക്കാലത്ത് മറ്റേതൊരു ഇന്ത്യ്ൻ ബാറ്റ്സ്മാനേക്കാൾ റൺസ് വാരിക്കൂട്ടിയതും എങ്ങീനെ മറക്കും. സച്ചിൻ ഔട്ട് ആയപ്പോൾ എത്ര തവണ ടിവി ഓഫ് ചെയ്തത് എന്തുകൊണ്ടായിരുന്നു. ക്രിക്കറ്റ് പണ്ടിതർക്ക് സച്ചിൻ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടാവും.സച്ചിനെ പുകഴ്തി ഞാൻ ഒരു കവിത് എഴുതിയിട്ടുണ്ടേ Sachin Tendulkar

    ReplyDelete
    Replies
    1. കവിത വായിച്ചു.
      ശരിയാണ്.
      “He stands for the game in troublesome days”

      Delete
  11. എല്ലാവർക്കും നന്ദി!
    അടുത്ത ഭാഗം നാളെ പോസ്റ്റ് ചെയ്യാം.

    ReplyDelete
  12. സച്ചിന്‍ എന്തായാലും ഗ്രേറ്റ് പ്ലെയര്‍ ആണ്. ക്രിക്കറ്റ് ഇഷ്ടമല്ലെങ്കിലും സച്ചിനെ ഇഷ്ടമാണ്.

    ദ്വന്ദന്‍ നാളെയെന്താ പറയുന്നേന്ന് നോക്കട്ടെ!

    ReplyDelete
  13. അവതരണം നന്നായിട്ടുണ്ട് - ബാക്കി കൂടി കേള്‍ക്കട്ടെ - എന്നിട്ടാവാം വിശദമായ പ്രതികരണം

    ReplyDelete
  14. സച്ചിന് തുല്യൻ സച്ചിൻ മാത്രം...!!!

    ReplyDelete
  15. ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് സ്പോര്‍ട്സും ബിസിനസ്സും അതിനുമപ്പുറത്തുള്ള മറ്റുപലകാര്യങ്ങളും കൂടിച്ചേര്‍ന്നതാണ്. സച്ചിന്‍ എന്നൊരു വ്യക്തി സ്വന്തം നിലയ്ക്ക് ഫോം മാത്രം അടിസ്ഥാനമാക്കി എടുക്കാന്‍ കഴിയുന്നൊരു തീരുമാനമല്ലത്.

    ക്രിക്കറ്റ് ഒരു ടീം സ്പോര്‍ട്ട് ആയതുകൊണ്ടും സച്ചിന്‍ മൂലം ടീമിലെ ഒരു സ്പോട്ട് ബ്ലോക്കാകുന്നതുകൊണ്ടുമാണ് പലരും സച്ചിനോടു ചൊടിക്കുന്നത്. ഫെഡറര്‍ നാല്പത്തിയഞ്ചാം വയസ്സില്‍ വിംബിള്‍ഡനില്‍ പങ്കെടുത്ത് മൂന്നാം റൌണ്ടില്‍ പുറത്തായാലും ആര്‍ക്കും പരാതിയുണ്ടാവില്ല. ടൈഗര്‍ വുഡ്സ് അറുപതാം വയസ്സില്‍ ഗോള്‍ഫ് കളിക്കാനിറങ്ങിയാലും ഞാന്‍ ആദരവോടെ അതു കാണും.

    'ഞാന്‍ എന്റെ സന്തോഷത്തിനും പിരിമുറുക്കമില്ലാത്ത ആസ്വാദനത്തിനും വേണ്ടിയാണ് കളിക്കുന്നത്' എന്ന് പറയാന്‍ ഫെഡറര്‍ക്കും വുഡ്സിനുമുള്ള സ്വാതന്ത്ര്യം സച്ചിന് അനുവദിച്ചുകൊടുക്കില്ല, ജനം. അത്രേയുള്ളൂ

    ReplyDelete
  16. ഇത്രയും വെറുപ്പിച്ചത് പോരെ .. ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തത് നന്നായി ...
    വിടില്ലായിരുന്നു ഇതിലും വരുമാനം ഉള്ള വേറെ അവസരം കിട്ടിയതുകൊണ്ട് തല്‍ക്കാലം കാണികള്‍ രക്ഷപെട്ടു ..

    ReplyDelete
    Replies
    1. “ഇതിലും വരുമാനം ഉള്ള വേറെ അവസരം”
      അതെന്താ??

      Delete
    2. കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരുക എന്ന് പറയുന്നതിലും വരുമാനം വേറെ എന്തിനാ ഉള്ളത് :)

      Delete
    3. Pramod Lal_aduthathayi eni eyalu vanu angu veruppikku,,Njhangal onnu kanatte..veruthe erinnu chilakkanalle pattu ninakkokke..??
      "Pramod Lal"congress partyil ayirunnathu pole alle dialouge ketal..

      Delete
  17. ഓരോ വ്യക്തികള്‍ക്കും അവരവരുടെ കാലഘട്ടത്തില്‍ പ്രിയം തോന്നിയവര്‍ വലിയവരായി തോന്നും.പ്രേം നസ്സീറിനെ നെഞ്ചോട്‌ ചെര്തവര്‍ക്ക് ഇന്നും നസീര്‍ ആണ് താരം ....

    ReplyDelete
    Replies
    1. ഇത് അങ്ങനെയല്ലല്ലോ ഷിബൂ.
      ഇവിടെ സച്ചിനെ ഗാവസ്കറുമായോ, മിയാൻ ദാദുമായോ ഒന്നുമല്ല താരതമ്യം ചെയ്തത്. സമകാലികരായ ലാറ, പോണ്ടിംഗ് എന്നിവരുമായാണ്.

      Delete
  18. സച്ചിന് ക്രിക്കറ്റിനോടുള്ള സമീപനം അതാണ്‌ അദ്ധേഹത്തെ മഹാനാകുന്നത് !

    ReplyDelete
  19. ക്രിക്കറ്റും ഞാനും ആയി ചേരില്ല..എങ്കിലും സച്ചിനും
    ആയി - അദ്ദേഹത്തിന്റെ
    തികഞ്ഞ വ്യക്തിത്തവും കളിയോടുള്ള attitude ഉം
    ഞാൻ ബഹുമാനിക്കുന്നു.ഇന്ത്യയുടെ അംബാസിഡർ ആയി
    പുറം ലോകത്തിനു അഭിമാനത്തോടെ കാട്ടികൊടുക്കാവുന്ന
    ഒരു വ്യക്തി ആണ് അദ്ദേഹം.

    ReplyDelete
  20. Chila ___ kalodu paranjittu kariyamilla,Sontham achan marichalpolum 2 abiprayam parayunna type chettakalanallo evidullathu..Athukondu nirthunnu..

    ReplyDelete
  21. സച്ചിൻ നല്ല കളിക്കാരാൻ ആയിരുന്നു എന്നെ പറയാൻ പറ്റൂ , അങ്ങേരു വിരമികേണ്ട സമയം എന്നെ കഴിഞ്ഞു , സച്ചിൻ എന്നും റിക്കോഡിനാണ് കളിച്ചിരുന്നത് എന്ന് തോന്നിപോകും അങ്ങേരുടെ നൂറാം ശതകം കണ്ടാൽ

    ReplyDelete
    Replies
    1. Vettakkaaran Vettoos_eyale arenkilum sachinte നൂറാം ശതകം vilichiruthi kanichathayirunnoo..?? venamenkil kandal poreyirunno ..?? Sachin vannu nirbandichirunnoo..??

      Delete
    2. This comment has been removed by the author.

      Delete
    3. ഞാൻ ഇന്ത്യൻ ടീമിന്റെ കളി കാണണോ കാണണ്ടേ എന്ന് തീരുമാനികേണ്ടത് ഞാൻ ആണ് അല്ലാതെ താനല്ല , വൃണം പൊട്ടണ്ടാ ഇതിൽ കൂടുതൽ ഞാൻ ഒന്നും പറയാൻ പോകുന്നില്ല

      Delete
    4. സുഹൃത്തുക്കളെ,
      കശപിശ വേണ്ട, പ്ലീസ്!
      പരസ്പര ബഹുമാനം ആകാം...

      Delete
  22. As Ganguly said : - DRAVID Was Better than SACHIN

    ReplyDelete
    Replies
    1. When did Ganguly said so?
      Plz provide a link if you have.

      In my knowledge, such a thing has not happened.

      Delete
  23. Sir Donald Bradman words.........I saw him playing on television and was struck by his technique, so I asked my wife to come look at him. Now I never saw myself play, but I felt that this player is playing with a style similar to mine, and she looked at him on Television and said yes, there is a similarity between the two...his compactness, technique, stroke production... it all seemed to gel!- in reference to Sachin Tendulkar

    ReplyDelete
  24. സച്ചിനെ വിമര്‍ശിയ്ക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യന്‍ ടീം ഏതു നിലയില്‍ ആയിരിയ്ക്കുമ്പോഴാണ് സച്ചിന്‍ മികച്ച ഇന്നിങ്ങ്സുകള്‍ കളിച്ചിരുന്നത് എന്ന്. അവസാനകാലത്ത് സച്ചിന്‍ തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്നു എന്നത് ശരിയാണ്. പലരും ഒരുപാടു തവണ ആവര്‍ത്തിച്ച വിഷയമായതിനാല്‍ വേറെ ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

    ReplyDelete
  25. സച്ചിനെയൊക്കെ വിമര്‍ശിക്കാനുള്ള ധൈര്യം ബ്ലോഗ്ഗര്‍മാര്‍ക്ക് കൈവന്നോ ?

    ReplyDelete
  26. ഇന്നാണ് ഇവിടെയെത്തിയത്.. ബാക്കി കൂടെ വായിക്കട്ടെ.. :)

    ReplyDelete