Tuesday, October 29, 2013

സച്ചിൻ തെണ്ടുൽക്കർ - അരങ്ങേറ്റ ഓർമ്മകൾ

മുൻ പോസ്റ്റുകൾ

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 1

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 2 (സ്ഥിതിവിവരക്കണക്കുകൾ)

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 3 (ഏകദിനങ്ങൾ)


സച്ചിൻ തെണ്ടുൽക്കർ എന്ന പേര് ആദ്യമായി കേൾക്കുന്നത് ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്താണ്. തലയിൽ കിരീടം പോലെ മുടിയുള്ള, പതിനാറു വയസ്സായി എന്നുപോലും തോന്നാത്ത, ഓമനത്തം വിട്ടുമാറാത്ത മുഖമുള്ള ഒരു പയ്യൻ. എന്നെക്കാൾ മൂന്നു വയസ്സിനിളപ്പം. ബോംബെയ്ക്കു വേണ്ടി കളിച്ച് രഞ്ജിയിലും, ദുലീപ് ട്രോഫിയിലും ഒക്കെ സെഞ്ച്വറി നേടിയതായി പത്രങ്ങളിൽ വാർത്തവന്നതും, ഹോസ്റ്റലിലെ റീഡിംഗ് റൂമിൽ അതു ചർച്ചയായതും ഒക്കെ ഓർമ്മയുണ്ട്. 1989 ൽ പാക്കിസ്ഥാൻ പര്യടനത്തിൽ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ പയ്യൻ വലിയ താരമാകും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. സഞ്ജയ് മഞ്ച്‌രേക്കർ ആകും അടുത്ത ഗവാസ്കർ  എന്നായിരുന്നു പൊതുവെയുള്ള ധാരണ.

ക്ലാസുകൾ മൂലം ടെസ്റ്റ് മത്സരങ്ങൾ എല്ലാം ടി.വി.യിൽ കാണാനുള്ള സാഹചര്യം അന്നില്ലാഞ്ഞതുകൊണ്ടും, സച്ചിൻ എന്ന പയ്യന്റെ അരങ്ങേറ്റം ഞങ്ങൾക്കാർക്കും അത്ര വലിയ പ്രാധാന്യമുള്ളതായി തോന്നാഞ്ഞതിനാലും അന്നത്തെ ഞങ്ങളുടെ സൂപ്പർ സ്റ്റാർ ശ്രീകാന്ത് ആയിരുന്നതിനാലും, നവജ്യോത് സിംഗ് സിദ്ദു, മഞ്ച്‌രേക്കർ, അസറുദ്ദീൻ, രവിശാസ്ത്രി, കപിൽ ദേവ് എന്നീ വമ്പന്മാർ ടീമിലുണ്ടായിരുന്നതിനാലും,  സച്ചിൻ തെണ്ടുൽക്കർ എന്ന അരങ്ങേറ്റക്കാരന് അമിതമായ പ്രാധാന്യം നൽകിയിരുന്നില്ല.

അതുകൊണ്ട് 41 - 4 എന്ന അവസ്ഥയിൽ സച്ചിൻ ബാറ്റിംഗിനിറങ്ങുന്നത് ഞങ്ങൾ കണ്ടില്ല. സ്കോർ 73 - 5 എന്ന നിലയിലാക്കി പയ്യൻ ഔട്ടാകുകയും ചെയ്തു.

നേടിയത് 15 റൺസ്.



                                                  കപിലിനും അസറിനും ഒപ്പം

എട്ടാമതിറങ്ങിയ കപിൽ ദേവ് 55 ഉം ഒൻപതാമനായിറങ്ങിയ കിരൺ മോറെ 58 ഉം റൺസും നേടിയതു കൊണ്ട് ഇൻഡ്യ ഒന്നാമിന്നിംഗ്സിൽ 262 റൺസ് നേടി.വസീം അക്രവും, ആദ്യ ടെസ്റ്റ് കളിക്കുന്ന വഖാർ യൂനുസും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇമ്രാൻ ഖാന്റെ സെഞ്ച്വറിയുടെ ബലത്തിൽ പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 409 റൺസ് ആയിരുന്നു നേടിയത്. രണ്ടാമിന്നിംഗ്സിൽ സലിം മാലിക്കിന്റെ സെഞ്ച്വറിയുടെ ബലത്തിൽ 305 - 5  ന് ഡിക്ലയർ ചെയ്തു. മടക്ക ഇന്നിംഗ്സിൽ മഞ്ച്‌രേക്കർ അവസരത്തിനൊത്തുയർന്നു. 113നോട്ടൌട്ട്. ഇൻഡ്യ 303- 3 എ ന്ന നിലയിൽ സമനില പിടിച്ചെടുത്തു. സച്ചിൻ ഇറങ്ങേണ്ടി വന്നില്ല.

ആ സീരീസിൽ മഞ്ച്‌രേക്കറുടെ സ്കോറുകൾ ഇപ്രകാരമായിരുന്നു. 3, 113*, 76, 83, 218*, 72, 4 അടുത്ത ഗവാസ്കർ എന്ന് എങ്ങനെ ചിന്തിക്കാതിരിക്കും?

ഇതിനിടെ പയ്യൻ 15, 59, 8, 41, 35, 57 എന്നീ സ്കോറുകളും നേടി. അവസാന ടെസ്റ്റിൽ വഖാർ യൂനുസിന്റെ പന്തുകൊണ്ട് മുഖം മുറിഞ്ഞു ചോര വന്നെങ്കിലും പയ്യൻ ധൈര്യ സമേതം ബാറ്റ് ചെയ്ത് ഇൻഡ്യയെ സമനില നേടാൻ സഹായിച്ചു. എന്നാലും അടുത്ത താരം മഞ്ച്‌രേക്കർ എന്നായിരുന്നു അപ്പോഴത്തെ വിലയിരുത്തൽ.

എന്നാൽ ശരിക്കും ഞെട്ടിയത് ഇൻഡ്യാ പാക്ക് ഏകദിന മത്സരം കാണാൻ ഹോസ്റ്റലിലെ ടി.വി. ഹോളിൽ ഇരുന്നപ്പോഴാണ്. മഴയോ, വെളിച്ചക്കുറവോ മൂലം മത്സരം ഉപേക്ഷിക്കുകയും, പകരം 20 ഓവർ പ്രദർശനമത്സരം നടത്തുകയുമാണ് അന്ന് ചെയ്തത്. (പിൽക്കാലത്ത് 20-20 എന്നൊരു കളി ഉണ്ടാകുമെന്നു തന്നെ അന്നാരും ചിന്തിച്ചിട്ടില്ല!) 1989 ഡിസംബർ മാസം 16നായിരുന്നു ആ മത്സരം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 157 റൺസ് എടുത്തു. ഇൻഡ്യയുടെ മറുപടി തീരെ മോശം ആയിരുന്നു. ഏകദേശം 90 റൺസ് ആയപ്പോഴാണ് സച്ചിൻ വന്നത്. അപ്പോൾ 5 ഓവറെ ബാക്കിയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ തന്നെ മുഷ്താഖ് അഹമ്മദിനെ രണ്ടു സിക്സിനു തൂക്കി പയ്യൻ ഞങ്ങളെ ഞെട്ടിച്ചു. അന്നത്തെ ഏറ്റവും കിടിലൻ വൺ ഡേ ബാറ്റ്സ്മാനും, ക്യാപ്റ്റനുമായ കൃഷ്ണമാചാരി ശ്രീകാന്തിനെ സാക്ഷിയാക്കിയാണ് അടി!

അടുത്ത ഓവർ എറിഞ്ഞത് ലോകോത്തര ലെഗ് സ്പിന്നർ ആയ അബ്ദുൾ ഖാദർ. അദ്ദേഹം ഓവർ തുടങ്ങും മുൻപ് പയ്യനോട് എന്തോ പറഞ്ഞു. ആദ്യ പന്ത്. പയ്യൻ ചാടിയിറങ്ങി ലോങ്ങ് ഓഫിനു മുകളിലൂടെ ഒറ്റത്തൂക്ക്! സിക്സർ! അടുത്ത പന്ത് കിട്ടിയില്ല. മൂന്നാമത്തേത് വീശിയടിച്ചു. നേരേ ബൌണ്ടറിയിൽ ഫീൽഡറുടെ കയ്യിലെക്ക്. പാക്കിസ്ഥാൻ കാർ അന്നെ ഭീകര ഫീൽഡിംഗ് ആയിരുന്നതിനാൽ അത് ഡ്രോപ് ചെയ്തു. ഫോർ കിട്ടി.

ഖാദറിനു ചൊറിഞ്ഞു. ഇപ്പക്കാണിച്ചുതരാം എന്ന മട്ടിൽ അടുത്ത പന്തെറിഞ്ഞു. ഒന്നു കൂടെ എറിഞ്ഞു. വീണ്ടും എറിഞ്ഞു. ഫലം 6, 6, 6 ! ഹാട്രിക് സിക്സർ!!

ടി.വി. ഹോളിലെ പഴയ ടി.ടി. ടേബിളിനു മുകളിലിരുന്ന് കളി കണ്ടു കുതിച്ചു ചാടിയ ശിവൻ പി.പി.യുടെ തല സീലിംഗ് ഫാൻ ഛേദിച്ചു കളയാതിരുന്നത് തലനാരിഴയ്ക്കാണ്. എല്ലാവരും ആഹ്ലാദത്തിമിർപ്പിലായിരുന്നു. പക്ഷേ എന്തു ചെയ്യാം. ഓവർ തീർന്നു. ഇൻഡ്യ ജയിച്ചില്ല. പക്ഷേ ആർക്കും സങ്കടമുണ്ടായില്ല. കാരണം ഒരു ഇൻഡ്യക്കാരൻ ഇത്ര തന്റേടത്തോടെ ഒരോവറിൽ 4 സിക്സർ പൊക്കുന്നത് ആരും കണ്ടിട്ടേ ഇല്ലായിരുന്നു. അതും ടീമിലെ ഏറ്റവും ചെറിയ പയ്യൻ!


പിൽക്കാലത്ത്, അന്ന് ഖാദർ അടുത്തു വന്നു പറഞ്ഞ വാചകങ്ങൾ സച്ചിൻ ലോകത്തോടു പങ്കു വച്ചു.

“ബച്ചോം കോ ക്യോം മാർ രഹേ ഹോ? ഹമെ ഭീ മാർ കർ ദിഖാവോ....”
(കുട്ടികളെ അടിക്കും, അല്ലേ? പറ്റുമെങ്കിൽ എന്നെക്കൂടി ഒന്നടിച്ചു കാണിക്ക്!)

മുഷ്താഖ് അഹമ്മദിനെ അടിച്ചതിനെ സൂചിപ്പിച്ചാണ് ഖാദർ അതു പറഞ്ഞത്.

കളി കഴിഞ്ഞ് ഖാദർ പറഞ്ഞു “ഇവൻ ഭാവിയിൽ ലോകത്തുള്ള സകല ബോളർമാരെയും തിന്നു കളയും!”

ഇങ്ങനെയൊക്കെയാണെങ്കിലും സച്ചിനെയും സഞ്ജയ് മഞ്ച്‌രേക്കറെയും താരതമ്യം ചെയ്തുകൊണ്ട് വസിം അക്രം അക്കാലത്ത് സ്പോർട്ട്സ് സ്റ്റാർ വാരികയിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. “സച്ചിനും സഞ്ജയും മികച്ച ബാറ്റ്സ്മാന്മാരാണ്. എന്നാൽ സച്ചിനേക്കാൾ കടുപ്പം സഞ്ജയ് ആണ്. സച്ചിൻ ബോളർമാർക്ക് അവസരങ്ങൾ നൽകുന്നു. സഞ്ജയ് അക്കാര്യത്തിൽ അറു പിശുക്കനും!”

പക്ഷേ വഖാർ യൂനുസ് മറിച്ചായിരുന്നു അഭിപ്രായപ്പെട്ടത്. “ബാറ്റ് ചെയ്യുമ്പോൾ സച്ചിന്റെ കണ്ണുകളിലേക്കു നോക്കൂ.... ശേർ ജൈസാ ലഗ്താ ഹൈ!”

അക്രം പറഞ്ഞത് പാഴായി. ഇൻഡ്യ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ളയുവതാരം എന്ന പേരുകേട്ട മഞ്ച്‌രേക്കർ അമിത സാങ്കേതികത്യ്ക്ക് അടിമയായി. കളി ഫലവത്താകാതെയായി പുറത്തായി. വഖാർ പറഞ്ഞത് ലോകമെമ്പാടുമുള്ള ബോളർമാർ ഉള്ളിൽ പറഞ്ഞു.

അതിനു ശേഷം ഇൻഡ്യയുടെ ഓരോ കളിയും സശ്രദ്ധം കാണാൻ തുടങ്ങി. ഞാൻ മാത്രമല്ല, കോടിക്കണക്കിന് ഇൻഡ്യക്കാർ!

എന്നാൽ സച്ചിൻ ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിനു പുറത്തായി!

അധികം വൈകാതെ കൂട്ടുകാരൻ വിനോദ് കാംബ്ലിയും ഏകദിന ടീമിലെത്തി.
കളിച്ച എട്ടാമത്തെ ഇന്നിംഗ്സിൽ സെഞ്ച്വറി!

ആദ്യത്തെ 7 ടെസുകളിൽ 2 ഇരട്ട സെഞ്ച്വറി, 2 സെഞ്ച്വറി!

സച്ചിനേക്കാൾ കേമൻ കാംബ്ലിയാണെന്ന് വാദങ്ങളുയർന്നു.

പക്ഷേ, പിന്നീട് ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാൻ കാംബ്ലിക്കായില്ല. സ്വന്തം പ്രതിഭയോട് നീതി പുലർത്താനായില്ല. ഫോം നഷ്ടപ്പെടൽ കൂടാതെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ കശപിശയും കൂടിയായപ്പോൾ ആൾ കുഴപ്പത്തിലായി.

മഞ്ച്‌രേക്കർ മാഞ്ഞപോലെ കാംബ്ലിയും കാണാമറയത്തായി.

ഒരു കൊള്ളിമീൻ പോലെയാണ് കാംബ്ലി കുതിച്ചുയർന്നതും, വീണു പൊലിഞ്ഞതും. എന്നാൽ സച്ചിൻ ഉദയസൂര്യനെപ്പോലെ ക്രമാനുഗതമായി ഉദിച്ചുയർന്നു വന്നു.


(തുടരും...)




ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

19 comments:

  1. :) രോമാഞ്ചം വരുന്ന പഴയ കഥകള്‍.....തുടങ്ങട്ടെ ആദ്യകാലം മുതല്‍

    ReplyDelete
  2. അബ്ദുൾ ഖാദിർ എന്ന പാകിസ്ഥാനി ബൗളറെ ബാറ്റ്സ്മാന്മാർ ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്ന കാലം ഓർമ്മയുണ്ടു്. വെസ്റ്റിൻഡീസിലെ പേസ് ബൗളർമാരെ കാണുന്ന അതേ ഭയത്തോടെ.. സച്ചിന്റെ പരാമർശങ്ങളിൽ ഇടക്കിടക്കു് കടന്നുവരുന്ന ഈ നേരിടലിനെപ്പറ്റി വിവരിച്ചതു് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. എല്ലാം അറിവുള്ള സംഭവങ്ങളാണെങ്കിലും വായിയ്ക്കാന്‍ രസമുണ്ടായിരുന്നു. എഴുത്തിന്റെ ശൈലികൊണ്ടാണ്.

    ReplyDelete
  4. ഈ കഥയൊക്കെ സ്പോര്ട്സ് ലേഖകര് എഴുതിയത് ഒരുപാട് വായിച്ചിട്ടുണ്ട്.എന്നാലും ഇത് വായിക്കുമ്പോള് വ്യത്യസ്തമായ ഒരു അനുഭൂതിയാണ്.ഞാന് ക്രിക്കറ്റ് ഏതാണ്ട് പൂര്ണമായും മറന്നതായിരുന്നു.എന്നിട്ട് ഇപ്പോള് സച്ചിന് റിട്ടയര് ചെയ്യാന് പോകുന്ന ഈ സമയത്ത് സാറ് എന്നെ സെന്റിയടിപ്പിച്ചു കൊല്ലുമെന്ന് തോന്നുന്നു.

    ReplyDelete

  5. അവതരണം നന്നായിരിക്കുന്നു..

    ReplyDelete
  6. വഖാറിന്‍റെ പന്ത് കൊണ്ടാണ് സച്ചിന്‍റെ മൂക്ക് പൊട്ടിയത് എന്ന് വായിച്ചതായി ഒരോര്‍മ

    ReplyDelete
    Replies
    1. എനിക്കും അങ്ങനെ ഒരു ചിന്തയായിരുന്നു.
      എന്നാൽ വിക്കിപീഡിയ പറയുന്നത് ഇങ്ങനെയാണ്.
      "In the fourth and final test in Sialkot, he was hit on the nose by a bouncer bowled by Imran Khan, but he declined medical assistance and continued to bat even as he gushed blood from it."

      അന്ന് ടി.വി. കാണാൻ കഴിയാഞ്ഞതുകൊണ്ട് വിക്കിയെ വിശ്വസിക്കുന്നു!

      Delete
    2. മുരളി...
      എറിഞ്ഞത് വഖാർ തന്നെ.
      എനിക്കും അങ്ങനെ ഒരു ഓർമ്മയുണ്ടായിരുന്നു.
      പക്ഷേ വിക്കി ലേഖനത്തിൽ മുകളിൽ കാണിച്ച സൂചന കണ്ട് എഴുതിയതാണ്.
      തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി!

      Delete
  7. വളരെ നല്ല വിവരണം ,

    ReplyDelete
  8. സച്ചിന്‍ വാരം ആണോ മാഷേ... കൊള്ളാം

    ആ അബ്ദുള്‍ ഖാദറെ സിക്സറടിച്ച വീഡിയോ യൂട്യൂബിലുണ്ട്... (വിശദ വിവരങ്ങളടക്കം)

    ReplyDelete
  9. എല്ലാം ഇതുപോൽ ചട്പിടുന്നനേ കാച്ചാതെ
    ഒരു ഗ്യാപ്പിട്ട് എഴുതുകയാണെൺകിൽ കൂടുതൽ
    പേർക്ക് വായിക്കാനാകും കേട്ടൊ
    ആഴ്ച്ചയിൽ ഒരിക്കൽ , ദൈവാരം
    എന്നിങ്ങനെ കുറച്ച് സമയം ബൂലോക
    വായനക്ക് നീക്കിവെക്കുന്ന ബിലാത്തി മല്ലൂസിനെ എനിക്കറിയാ‍ാം...

    ReplyDelete