Wednesday, January 13, 2010

ഇരുകണ്ണും തുറന്നു കാണുമ്പോൾ...

ചില കാഴ്ചകൾ

സീൻ -1

രണ്ടു വർഷം മുൻപത്തെ മെഡിക്കൽ എൻട്രൻസ് റിസൽറ്റ് വന്ന ദിവസം. ഞാനന്ന് കണ്ണൂരാണ് ജോലി ചെയ്തിരുന്നത്. അവിടെയുള്ള ഒരു പ്രൊഫസർ മകന്റെ റിസൽറ്റ് ഓർത്ത് ആകുലനായി ഇരിക്കുന്നു. പരിയാരത്തുള്ള ഒരു ഇന്റർനെറ്റ് കഫേയിൽ ഞങ്ങൾ രണ്ടാളും കൂടി പോയി. പ്രൊഫസറുടെ മകന്റെ നമ്പർ നോക്കി. രണ്ടായിരത്തിനടുത്താണ് റാങ്ക്. എസ്.സി. റിസർവേഷൻ ഉണ്ട്. അപ്പോൾ മകന് എം.ബി.ബി.എസ് സീറ്റ് ഉറപ്പ്.

നെറ്റ് കഫേ ഉടമ എന്റെ പരിചയക്കാരനാണ്. അയാളുടെ അനിയത്തിയും എഴുതിയിരുന്നു. എന്തായി റിസൽറ്റ് എന്നു ഞാൻ ചോദിച്ചു.
“ഓ... നമ്മൾ മുന്നോക്കമല്ലേ...വലിയ പാടാ..”അയാളുടെ മറുപടി.
“എത്രയാ റാങ്ക്?”
“അത്... അല്പം മോശമാ... ഇരുപത്തിയേഴായിരം!“

പാവം പ്രൊഫസറുടെ മുഖം മങ്ങി.
രണ്ടായിരം റാങ്കു വാങ്ങിയാലും ആളുകൾ പറയും ‘അതു റിസർവേഷനിൽ കിട്ടിയതല്ലേ’ എന്ന്!
സ്വന്തം കുട്ടിയുടെ റാങ്ക് ഇരുപത്തിയേഴായിരം ആയാലും അഭിമാനത്തോടെ പറയും ‘എന്തു ചെയ്യാം, നമ്മൾ മുന്നോക്കമായിപ്പോയില്ലേ’എന്ന്‌!

സീൻ - 2

എന്റെ അനിയൻ ഹൈ സ്കൂൾ അധ്യാപകനാണ് മലപ്പുറം ജില്ലയിൽ. മൂന്നു വർഷം മുൻപ് ഒരു നാൾ, ക്ലാസിൽ ശ്രദ്ധിക്കാതെ എന്തോ ചെയ്തുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയെ പിടികൂടി. പെട്ടെന്ന് അവൻ എന്തോ പൊക്കറ്റിലിട്ടു.നൊക്കിയപ്പോൾ പുത്തൻ മൊബൈൽ ഫോൺ. ഉപ്പ ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്തതാണ്. മൊബൈൽ പൊക്കറ്റിൽ നിന്നെടുക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം വന്നത് ആയിരത്തിന്റെ മൂന്നു നോട്ടുകൾ!

സീൻ - 3
നാട്ടിൽ പരിചയത്തിലുള്ള ഒരു നായർ കുടുംബത്തിലെ കുട്ടി. 560 മാർക്കുണ്ടായിരുന്നു പത്താം ക്ലാസിൽ. അച്ഛൻ കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. അമ്മയ്ക്കു ജോലി ഇല്ല. പ്ലസ് ടുവിനും ഡിസ്റ്റിംങ്ക്ഷൻ. പക്ഷേ തൃശ്ശൂരോ, പാലായിലോ കൊച്ചിംഗിനു വിടാൻ പാങ്ങില്ല. കോച്ചിംഗിനു പോകാതെ തന്നെ കുട്ടിയ്ക്ക് നല്ല റാങ്ക് കിട്ടി. ബി.എസ്.സി നേഴ്സിംഗ് കിട്ടി, കോട്ടയത്ത്. പക്ഷേ പഠനച്ചെലവും, ഹോസ്റ്റൽ ചെലവും താങ്ങാൻ കഴിയില്ലെന്നു ബോധ്യമായതുകൊണ്ട് അതിനു ചേർന്നില്ല. അടുത്തുള്ള ഒരു കൃസ്ത്യൻ കോളേജിൽ അന്വേഷിച്ചു. കോഴപ്പണത്തിൽ ഒരു തരിമ്പും കുറവു വരുത്താൻ അവർ തയ്യാറായില്ല. കുട്ടി ഇപ്പോൾ നാട്ടിൽ തന്നെ ബി.എസ്.സിയ്ക്കു പഠിക്കുന്നു.

സീൻ - 4
നാട്ടിൽ തന്നെയുള്ള ഒരു ദളിത് വൈദ്യ കുടുംബം. അവിടെ അഞ്ച് അലോപ്പതി ഡോക്ടർമാരാണുള്ളത്. അവരുടെ മക്കൾക്കെല്ലാം സംവരണം കിട്ടും. തൊട്ടപ്പുറത്തുണ്ട് ഒരു കോളനി. അവിടെയുള്ള ദളിത് കുടുംബ്വങ്ങളിൽ നിന്നു ഒരു കുട്ടിപോലും എൻ ട്രൻസ് എഴുതാൻ യോഗ്യത നേടിയിട്ടില്ല ഇതു വരെയും. അവരെയൊന്നും ഈ ഡോക്ടർ കുടുംബം അടുപ്പിക്കുകകൂടിയില്ല! ആ ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാരായി തന്നെ മാറും,ചേരിയിലെ പാവങ്ങൾ കൂലിപ്പണിക്കാരായും!

സീൻ - 5
തറവാട്ടു സ്വത്തായി ആകെയുള്ളത് അച്ഛനുമമ്മയും പച്ചവെള്ളം ചവച്ചരച്ചു കുടിച്ചുണ്ടാക്കിയ അല്പം സ്ഥലമാണ്. അച്ഛൻ അവിടെയൊക്കെ തെങ്ങു വച്ചു. പക്ഷേ ഇപ്പോൾ തേങ്ങയിടാൻ ആളില്ല...പരമ്പരയാ തെങ്ങിൽ കയറിയിരുന്ന മാധവൻ മൂപ്പർ വൃദ്ധനായി. ഒരു മകൻ ഈ ജോലി ചെയ്തിരുന്നു. ഇപ്പോ അവനും അതുപേക്ഷിച്ചു.
ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അനിയൻ കണ്ണൻ തനിയേ തെങ്ങിൽ കയറാൻ തുടങ്ങി...!


സീൻ - 6

ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കോളെജിൽ ഒരു നമ്പൂതിരിയുണ്ട്. ലാസ്റ്റ് ഗ്രേഡ് സ്റ്റാഫാണ് - സാനിറ്റേഷൻ വർക്കർ. അവിടെ വേറെയും പല സാനിറ്റെഷൻ ജോലിക്കാരുണ്ടെങ്കിലും എല്ലാ ഡിപ്പാർട്ട്മെന്റുകാർക്കും ഉണ്ണി നമ്പൂതിരി മതി. കാരണം അയാൾ ജോലി വൃത്തിയായി ചെയ്യും, ഒരു പരാതിയും ഇല്ലാതെ.ഫ്ലോർ കഴുകലും, കക്കൂസ് കഴുകലും എല്ലാം... എൽ.എൽ.ബി വരെ പഠിച്ചയാളാണ് അയാൾ എന്നു കൂടി സൂചിപ്പിക്കട്ടെ.

ഒപ്പം മറു വശം കൂടി ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ പൂജാരിയായി നിയമനം ലഭിച്ച അവർണനെ പൂജ ചെയ്യാൻ അനുവദിക്കാഞ്ഞതും നമ്മുടെ നാട്ടിൽ തന്നെ!

കണ്ണു തുറന്നു നോക്കിയാൽ നമുക്ക് ഈ കാഴ്ചകൾ എല്ലാം കാണാം. എന്നാൽ ചിലർ ഒരു കണ്ണിലൂടെ മാത്രം കാര്യങ്ങൾ കാണുന്നു. സവർണ്ണൻ ആയാലും അവർണൻ ആയാലും.


ഇനി, സാമുദായിക സംവരണം ലോകാവസാനം വരെ ഇന്നത്തെപ്പോലെ തുടരും എന്ന് ആരും ആശങ്കപ്പെടുകയൊ, ആത്മവിശ്വാസപ്പെടുകയോ വേണ്ട. മാറ്റം പ്രകൃതി നിയമമാണ്. എല്ലാം മാറും. മാറ്റത്തെ പൊസിറ്റീവായി മാറ്റാനും പൊസിറ്റീവായി സമീപിക്കാനും നമുക്കു കഴിയണം.

ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ് ഇക്കാര്യത്തിൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2008 ൽ 2139നു പുറത്തു റാങ്ക് നേടിയ ഒരു എസ്.സി.കുട്ടിക്കും അഡ്മിഷൻ കിട്ടിയില്ല.അത്രയ്ക്കു മിടുക്കുള്ള കുട്ടികൾ ആ വിഭാഗത്തിൽ തന്നെ മത്സരിക്കാൻ ഉണ്ടായി എന്നത് ശുഭോദർക്കമാണ്. സംവരണം പതിറ്റാണ്ടുകളായി കൊടുത്തതിന്റെ ഗുണം തന്നെയാണത്.

നോക്കിക്കോളൂ പത്തു വർഷത്തിനുള്ളിൽ ഓപ്പൺ മെറിറ്റിൽ അവസാന റാങ്കു കിട്ടി മെഡിസിൻ പഠിക്കാൻ വരുന്ന കുട്ടിക്കൊപ്പം റാങ്കു കിട്ടിയാലേ തിരുവനന്തപുരത്തു പഠിക്കാൻ ഒരു എസ്.സി. കുട്ടിക്ക് അഡ്മിഷൻ കിട്ടൂ എന്ന നില വരും.
ഈഴവ-മുസ്ലീം-മറ്റു പിന്നോക്ക കുട്ടികൾ ഇപ്പോൾ തന്നെ മറ്റു പല കോളേജുകളിലും ഓപ്പൺ മെറിറ്റിൽ അദ്മിഷൻ നേടുന്ന കുട്ടികളെക്കാൾ ഉയർന്ന റാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടുന്നത്.(ഈഴവ റിസർവേഷൻ ലാസ്റ്റ് റാങ്ക് - 622, മുസ്ലീം റിസർവേഷൻ - 510!)കൊച്ചി മെഡിക്കൽ കോളേജിൽ ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ നേടിയ ഫസ്റ്റ് റാങ്ക് 538 ആണെന്നു കൂടി ഓർക്കണം.

സാമുദായിക സംവരണ വിരുദ്ധരോടു പറയട്ടെ,ഇന്ന് ഈ നില വന്നത് ആ സംവരണം വഴി കിട്ടിയ അവസരങ്ങൾ മൂലമാണ്.

സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!

ഒപ്പം ദേവസ്വം ബോർഡ് പൊലുള്ള സ്ഥാപനങ്ങളിലും സംവരണം - പൂജാരിമാരുൾപ്പടെയുള്ളവരുടെ നിയമനത്തിൽ നടപ്പാവട്ടെ. ബ്രഹ്മ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണൻ.അതു ജന്മം കൊണ്ടു മാത്ര സിദ്ധിക്കുന്നതല്ല. ബ്രഹ്മത്തെ അറിയാൻ താല്പര്യമുള്ളവരൊക്കെ അതു പഠിച്ച് ബ്രാഹ്മണർ ആവട്ടെ.

ഇപ്പോൾ ഹൈക്കോടതി പറഞ്ഞത് നല്ല കാര്യമായി തോന്നുന്നു.എല്ലാക്കാലവും സംവരണം കൊണ്ടു മാത്രമേ ജോലിയിൽ കയറാൻ കഴിയൂ എന്ന നില ഒരു സമുദായത്തിനും നന്നല്ല.

ഒരാൾക്കും സംവരണത്തിന്റെ സഹായം വേണ്ടിവരാത്ത ഒരു കാലത്തിനായി നമുക്കു പരിശ്രമിക്കാം.

അടിക്കുറിപ്പ്:രഘുരാജൻ എന്ന മിടുക്കൻ യുവാവിന്റെ കഥ വായിക്കൂ.
ഇവിടെ

37 comments:

  1. സാമുദായിക സംവരണ വിരുദ്ധരോടു പറയട്ടെ,ഇന്ന് ഈ നില വന്നത് ആ സംവരണം വഴി കിട്ടിയ അവസരങ്ങൾ മൂലമാണ്.

    സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!

    ReplyDelete
  2. അവസാനം പറഞ്ഞതു പോലെ ഒരു കാലത്തിനു വേണ്ടി നമുക്ക് കാത്തിരിയ്ക്കാം. അല്ലേ മാഷേ

    ReplyDelete
  3. ഒരാൾക്കും സംവരണത്തിന്റെ സഹായം വേണ്ടിവരാത്ത ഒരു കാലത്തിനായി നമുക്കു പരിശ്രമിക്കാം. - അതെ

    ReplyDelete
  4. ഏത് സംവരണമായാലും അവരെ മടിയന്മാരാക്കും എന്നാണ് എന്റെ അഭിപ്രായം പക്ഷെ ചില അവസരങ്ങളില്‍ സംവരണം ആവശ്യമാണ് സ്വാതന്ത്രനാന്തര കാലത്ത് പിന്നോക്കം നിന്നിരുന്ന സമൂഹത്തെ സാമുദായിക സംവരണം വഴി മാത്രമേ ഉന്നതിയിലെത്തിയ്ക്കാനാവൂ എന്ന് നമ്മുടെ ഭരണ ഘടനാ വിദഗ്ദര്‍ മനസ്സിലാക്കിയത് കൊണ്ടാണല്ലോ സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത്, എന്നാല്‍ അതിനൊരു പരിധി വേണമായിരിന്നു എന്നാല്‍ ശരിക്കും ആ പരിധി അവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം . കാലാകാലമായി സൌജന്യമായി ലഭിച്ചിരിന്ന ഒരു സൌകര്യം ഇല്ലാതാവുന്നതില്‍ വിറളി ഉണ്ടാവുക സ്വാഭാവികം.. ഒരു കാര്യത്തിലൂടെ സാമുദായിക സമ്പ്രദായമാണൊ അതോ സാമ്പത്തിക സമ്പ്രദാനമാണോ വേണ്ടത് എന്ന് നമ്മുക്ക് മനസ്സിലാക്കാം ... സാമുദായിക സമ്പ്രദായമാണെങ്കില്‍ നമ്മുടെ എം.പി വഹാബിനും എന്തിനേറെ നമ്മുടെ വെള്ളാപ്പള്ളി നടേശന്റെ മക്കള്‍ക്ക് പോലും സംവരണത്തിന് അര്‍ഹരാണ് എന്നാല്‍ ദാരിദ്രം അനുഭവിയ്ക്കുന്ന ഒരു പാവം നമ്പൂരിക്കോ നായര്‍ക്കോ , അവരുടെ മക്കള്‍ക്ക് യാതൊരു സംവരണവും ലഭിയ്ക്കുന്നില്ല. നമ്മുക്ക് വേണ്ടത് തികച്ചും സാമ്പത്തിക സംവരണമാണന്നാണെന്റെ അഭിപ്രായം

    ReplyDelete
  5. ശ്രീ...

    രഞ്ജിത് വിശ്വം...

    സജൻ സദാശിവൻ...

    വിചാരം...

    കമന്റുകൾക്കു നന്ദി!

    വിചാരം...
    ഏതു സംവരണവും ആളുകളെ മടിയന്മാരാക്കും എന്നാണല്ലോ താങ്കളുടെ ആദ്യ അഭിപ്രായം. അങ്ങനെയെങ്കിൽ എങ്ങനെ സാമ്പത്തിക സംവരണം വേണം എന്നു വാദിക്കാനാവും?

    എന്നാൽ സംവരണത്തിനൊരു സമയ പരിധി വേണം എന്നതിനോട് പൂർണമായും യോജിക്കുന്നു.
    പക്ഷേ കുറഞ്ഞപക്ഷം,സീൻ-4 ൽ പറയുന്ന ദളിത് തൊഴിലാളികളെങ്കിലും സാമുദായിക സംവരണം അർഹിക്കുന്നു എന്നു താങ്കൾക്കു തോന്നുന്നില്ലേ?
    സാമ്പത്തിക സംവരണം വച്ചാൽ അവർ ഒരു കാലത്തും ആ വഴി വിദ്യാഭ്യാസ പുരോഗതിയിൽ എത്തില്ല.

    പിന്നെ, ഇവിടെ സാമുദായിക സംവരണം നിർത്തി വച്ചില്ലല്ലോ ആരെങ്കിലും വിറളികൊള്ളാൻ..! (അങ്ങനെ വിറളി കൊള്ളുന്നവർ കൊള്ളട്ടേ!)സാമ്പത്തികമായി അവശത അനുഭവിക്കുന്നവർക്കു കൂടി അതു നൽകാൻ തീരുമാനിച്ചു എന്നല്ലേ ഉള്ളു? അതിനോടു ഞാൻ യോജിക്കുന്നു.

    സാമ്പത്തിക സംവരണം കൊണ്ടു മാത്രം തീരുന്നതല്ല സാമൂഹികമായ പിന്നോക്കാവസ്ഥ. സമൂഹത്തിൽ തങ്ങൾ താഴ്ന്നവരാണ് എന്ന് ദളിതരെക്കൊണ്ടു ചിന്തിപ്പിക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ഇന്നും തുടരുന്നു.ഒപ്പം ചില ജാതിക്കാർ തങ്ങൾ സമൂഹത്തിൽ ഉന്നതസ്ഥാനീയർ/ആഢ്യന്മാർ ആണെന്ന ചിന്തയും.

    ഒരു ബ്രാഹ്മണകുടുംബത്തിലേക്ക് പെണ്ണു ചോദിച്ചു ചെല്ലാൻ ദളിതന് - അവൻ ഐ.എ.എസ് കാരനാവട്ടെ - ഇന്നും കഴിയുമോ?

    ജാതിയുടെ പേരിൽ മാത്രമാണ് ആ അവസ്ഥ നിലനിൽക്കുന്നത്.

    ഇത് ഇല്ലാതാവുമ്പോൾ സാമുദായിക സംവരണവും ഇല്ലാതാവും.

    ReplyDelete
  6. ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്കു കഷ്ടപ്പെടുന്നവരുടെ പക്ഷത്തു നിക്കാം. - ഞാനും കൂടാം ആ പക്ഷത്ത്.

    ReplyDelete
  7. ജാതി മത സംവരണത്തേക്കാള്‍ എന്തുകൊണ്ടും ആവശ്യം സാമ്പത്തിക സംവരണം തന്നെ. നമുക്ക്‌ കഷ്ടപ്പെടുന്നവരുടെ കൂടെ നില്‍ക്കാം...

    പിന്നെ ജയന്‍, ഒരു കാര്യം... കറുപ്പ്‌ പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്നു. വെളുപ്പില്‍ കറുപ്പായാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു... എന്റെ അഭിപ്രായം മാത്രമാണേയ്‌...

    ReplyDelete
  8. സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!

    good thought

    ReplyDelete
  9. ഡോക്ടര്‍ സാറേ,
    ചിന്തയില്‍ പുതിയ ബ്ലോഗുകളുടെ കൂടെ "അവിയല്‍" എന്ന പേര് കണ്ടപ്പോഴേ എനിക്ക് എവൂരുകാരന്‍ ഡോക്ടറുടെ "അവിയല്‍" ഓര്‍മ വന്നു.. !!!

    പോരട്ടെ പോരട്ടെ അവിയലും സാമ്പാറും പപ്പടവും പോരട്ടെ..(ഇടയ്ക്കു ഉപ്പേരിയും വിളമ്പാന്‍ മടിക്കേണ്ടാ)

    പുതിയ ബ്ലോഗിന്റെ പേര് കൊള്ളാം ..ആശംസകള്‍

    ReplyDelete
  10. കഷ്ടപ്പെടുന്നവന്റെ ഭാഗത്തു നില്‍ക്കാം എന്ന അഭിപ്രായത്തിനു അടിവരയിടുന്നു.

    ReplyDelete
  11. എഴുത്തുകാരിച്ചേച്ചി

    വിനുവേട്ടൻ

    മാലാഖക്കുഞ്ഞ്

    രഘുനാഥൻ

    പള്ളിക്കരയിൽ...

    അഭിപ്രായം അറിയിച്ച എല്ലവർക്കും നന്ദി.

    സാമ്പത്തികസംവരണം മാത്രമേ പാടുള്ളൂ എന്നതും

    സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നതും

    ഒരുപോലെ കണ്ണടച്ചിരുട്ടാക്കലാണ്.

    ReplyDelete
  12. എല്ലാവിടത്തുമുണ്ട്‌ ഈ മുൻ തൂക്കം......നമ്മളൊക്കെ അതിന്റെ ഇരകളാണേ.....നാട്ടിലാണെങ്കിൽ എല്ലാം എസ്‌ സി എസ്‌ ടി.....ഇവിടെ ദുബായിൽ മുസ്ലീം അല്ലാത്തതു കാരണം ദുബായ്‌ ഇസ്ലാമിക്‌ ബാങ്കിൽ ഒരു ജോലിക്ക്‌ വേണ്ടി അപ്പ്ലേ ചെയ്തപ്പോൾ ബി കോം തോറ്റ എന്റെ കൂട്ടുകാരനു കിട്ടി...അവൻ മുസ്ലീം ആയിരുന്നു...ഞാൻ ഇളിബ്യനായി വിഷണ്ണനായി ഏകാന്തനായി ...നിന്നൂ‍ൂ....ഹാ ഒരു വിധി

    ReplyDelete
  13. എല്ലാവരും പറഞതുപോലെ ഒരാൾക്കും സംവരണത്തിന്റെ സഹായം വേണ്ടിവരാത്ത ഒരു കാലത്തിനായി നമുക്കു പരിശ്രമിക്കാം.

    ആശംസകള്‍ ...

    ReplyDelete
  14. കഷ്ടപ്പെടുന്നവന്റെ ഭാഗത്തു നില്‍ക്കാം!!
    ആ കാലത്തിനു വേണ്ടി നമുക്ക് കാത്തിരിയ്ക്കാം. അല്ലേ മാഷേ

    ReplyDelete
  15. 2047-ലെങ്ങിലും സംവരണം തുടച്ച്‌ നീക്കുവാനായി ഒരു കർമപദ്ധതി നമ്മുക്ക്‌ നടപ്പിലാക്കണം. പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ വിദ്യഭ്യാസമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, പോസിറ്റിവ്‌ മനോഭാവമാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌. സ്വതന്ത്ര ചിന്തയാണ്‌ കുത്തിവെയ്‌ക്കേണ്ടത്‌, അല്ലാതെ സംവരണം നമ്മുടെ ജന്മവകാശം എന്ന അധമ വികാരമല്ല കുത്തിവെയ്‌ക്കേണ്ടത്‌.

    വിശദമായിട്ടുള്ള അഭിപ്രായം

    സംവരണം എന്റെ ജന്മവകാശമോ?

    എന്ന എന്റെ പോസ്റ്റിലുണ്ട്‌

    http://georos.blogspot.com/2010/01/blog-post.html

    ReplyDelete
  16. പ്രസക്തമായ ചിന്തകള്‍ ജയന്‍ ചേട്ടാ...
    അതെ.. കഷ്ട്ടത അനുഭവിക്കുനവര്‍ക്കാന് സംവരണം വേണ്ടത്.

    ReplyDelete
  17. എൽ.എൽ.ബി വരെ പഠിച്ച ഉണ്ണി നമ്പൂതിരിക്ക്‌ സർക്കാർ ജോലിയല്ലാതെ ഈ ഭുമുഖത്ത്‌ വേറേ പണി ഒന്നും കിട്ടിയില്ലേ?

    അപ്പോൾ മനോഭാവത്തിനും മാറ്റം വേണം!

    ReplyDelete
  18. ജയൻ മാഷെ...

    ഇതിലെ സീനുകൾ വായിച്ചിട്ട് എനിക്ക് ആശയക്കുഴപ്പം ഉണ്ടായി, രണ്ടു വാദമുഖങ്ങളും മാഷ് കാണിക്കുന്നു. അപ്പോൾ രണ്ടും നല്ലതുമാണ് അതെ സമയം ചീത്തയുമാണ് ,ശാസ്ത്രത്തേപ്പോലെ..

    ഇനി ഉണ്ണി നമ്പൂരിലേക്ക് വരാം..ടിയാൻ എൽ എൽ ബി വരെ പഠിച്ചു എന്നാലും സർക്കാർ ശിപായിയായി ജോലിചെയ്യണമെന്നുള്ള ദുരാഗ്രഹം..ഇങ്ങേർക്ക് ആ വക്കീൽ ബിരുദം എഴുതിയെടുക്കാം, ഏതെങ്കിലും വക്കീലിന്റെ കൂടെക്കൂടാം പക്ഷെ അങ്ങിനെ ചെയ്താൽ സർക്കാർ ശിപായിയാകാൻ പറ്റില്ലല്ലൊ...

    അവിയൽ എന്ന പേർ അർത്ഥവത്ത് തന്നെ..വൈവിദ്ധ്യം കൊണ്ട്.

    ReplyDelete
  19. എറക്കാടൻ

    അഭി

    വാഴക്കോടൻ

    കാക്കര

    കണ്ണനുണ്ണി

    കുഞ്ഞൻ

    അഭിപ്രായങ്ങൾക്ക് എല്ലാവർക്കും നന്ദി!

    ReplyDelete
  20. കാക്കര....

    “എൽ.എൽ.ബി വരെ പഠിച്ച ഉണ്ണി നമ്പൂതിരിക്ക്‌ സർക്കാർ ജോലിയല്ലാതെ ഈ ഭുമുഖത്ത്‌ വേറേ പണി ഒന്നും കിട്ടിയില്ലേ?


    തികച്ചും ന്യായമായ ചോദ്യം.പക്ഷേ ഇത് ആരോടും ചോദിക്കാവുന്നതാണ്. പലരുടെയും സാഹചര്യങ്ങളിൽ അവനവനെക്കൊണ്ട് സാധിക്കുന്നത് എന്നു തോന്നുന്ന തീരുമാനം അവർ എടുക്കുന്നു എന്നു മാത്രം

    ഈ കഥാപാത്രം സാങ്കൽ‌പ്പികം അല്ല. യഥർത്ഥത്തിൽ ഉള്ള ആൾ തന്നെ. അയാൾക്ക് യാതൊരു പരാതിയും ഇല്ല താൻ ചെയ്യുന്ന ജോലിയെ സംബന്ധിച്ച്.

    എന്നെ സംബന്ധിച്ചിടത്തോളം, അയാൾ തന്റെ തൊഴിൽ വൃത്തിയായി, മാന്യമായി ചെയ്യുന്നു. അതു തന്നെ ഒരു വലിയ ഗുണം.

    ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് കക്കൂസ് കഴുകൽ പൊലുള്ള കർമ്മങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത ആളുകൾ സവർണരിലും ഉണ്ട് എന്നു കാണിക്കാനാണ്.

    അതെ സമയം തന്നെ ആദ്യം സൂചിപ്പിച്ച ഉദാഹരണവും എന്റെ കൺ മുന്നിൽ നടന്നതാണ്.

    ദളിതൻ അവന്റെ കഠിന പരിശ്രമം കൊണ്ട് ഒരു നേട്ടം കൈവരിച്ചാലും ചിലർ(ബഹു ഭൂരിപക്ഷം) അത് അവർക്കു ‘റിസർവേഷൻ’ ഉൾലതുകൊണ്ടു മാത്രം കിട്ടിയ നേട്ടമായി കരുതുന്നു. ബ്ലൈൻഡായി ഊഹിക്കുന്നു.

    രണ്ടു കണ്ണും തുറന്നു നോക്കുമ്പോൾ നമ്മൾ ഇതു രണ്ടും കാണുന്നു.

    ReplyDelete
  21. കുഞ്ഞൻ...

    ആശയക്കുഴപ്പത്തിന്റെ കാര്യമില്ല.
    അതേ സമയം തന്നെ സംവരണത്തിനു രണ്ടു വസം ഉണ്ടെന്നുള്ള തിരിച്ചറിവ് ഉണ്ടായല്ലോ. അതു തന്നെ ധാരാളം.

    ഞാൻ പറയാൻ ശ്രമിച്ചത് ഇവയാണ്.

    1. സാമുദായിക സംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ് അവർണ സമുദായങ്ങൾ, പ്രത്യേകിച്ചും ദളിതർ, ഇത്രയെങ്കിലും പുരോഗതി പ്രാപിച്ചത്.

    അല്ലെങ്കിൽ അവർ എന്നെ പാടേ പിൻ തള്ളപ്പെട്ടു പോയേനെ.

    2. മുന്നോക്ക സമുദായങ്ങളിൽ പെട്ട തീരെ ദരിദ്രരായവരുടെ ഗതി തീരെ പരിതാപകരമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. പാവപ്പെട്ട അവരും പരിഗണന അർഹിക്കുന്നു.

    ഉണ്ണി നമ്പൂതിരിയെ കുറിച്ച് താങ്കൾ ചിന്തിച്ചത് ശരിയായ രീതിയിൽ ആണെന്നു തോന്നുന്നില്ല.

    അങ്ങനെയാണെങ്കിൽ ആർക്കും സംവരണം കൊടുക്കേണ്ടതില്ലല്ലോ...

    പരമ്പരാഗതമായി അവർണർ ചെയ്തു വന്നിരുന്ന ഒരു തൊഴിൽ ചെയ്യാനും ഇന്ന് ആളില്ല - തെങ്ങുകയറ്റം, കൂലിപ്പണി, മീൻ പിടുത്തം, നെയ്ത്ത്, മരപ്പണി....നല്ല വരുമാനം ഉള്ള തൊഴിലുകൾ.

    അപ്പോൾ അവർണർ ഇതൊക്കെ അങ്ങു ചെയ്തു ജീവിച്ചാൽ പോരേ? പോരല്ലോ.

    ആർക്കും ഏതു ജോലിയും ചെയ്യാം - തെങ്ങു കയറ്റം ആയാലും പൂജാരിപ്പണി ആയാലും. അതിനുള്ള വൈദഗ്ധ്യം ഉണ്ടാവണം എന്നു മാത്രം.

    ReplyDelete
  22. ജയൻ ഏവൂർ,

    പഠിപ്പില്ലാത്ത സവർണ്ണർ ദുരഭിമാനം വെടിഞ്ഞ്‌ തുപ്പ്ജോലി ചേയ്‌താൽ ഞാൻ അഭിനന്ദിക്കും. കാരണം കിട്ടിയ ജോലി ദുരഭിമാനത്തിന്റെ പേരിൽ ചെയ്യാതിരിക്കുന്നില്ലലോ, പക്ഷെ വിദ്യഭ്യാസമുള്ള ഉണ്ണി നമ്പൂതിരിക്ക്‌ സർക്കാർ ജോലിയല്ലാതെ കേരളത്തിന്‌ അകത്തും പുറത്തും, എന്തിന്‌ കടലിനപ്പുറത്തും മറ്റു ജോലികളും കിട്ടും.

    ഉണ്ണി നമ്പൂതിരി ഒരു വ്യക്തിയാവുമ്പോൾ അത്‌ അദ്ദേഹത്തിന്റെ കാര്യം പക്ഷെ അത്‌ ഒരു ഉദാഹരണമാവുമ്പോഴാണ്‌ എന്റെ അഭിപ്രായത്തിൽ എനിക്ക്‌ ഉറച്ച്‌ നിൽക്കേണ്ടി വരിക "മനോഭാവം മാറ്റണം". ഒരു പക്ഷെ സർക്കാർ ജോലിയോട്‌, വീട്ടിൽ നിന്ന്‌ മാറി അകലെയുള്ള ജോലി, കടൽ കടന്നുള്ള ജോലി ഇങ്ങനെ ഒരു പാട്‌ കാര്യങ്ങളിൽ...

    ---
    "ഈ ഉദാഹരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് കക്കൂസ് കഴുകൽ പൊലുള്ള കർമ്മങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത ആളുകൾ സവർണരിലും ഉണ്ട് എന്നു കാണിക്കാനാണ്"
    ---

    ഇവിടെ ഞാനും യോജിക്കുന്നു

    ReplyDelete
  23. ഖാൻ പോത്തൻ കോട്
    കാക്കര..

    നന്ദി!

    രഘുരാജൻ എന്ന മിടുക്കൻ യുവാവിന്റെ കഥ വായിക്കൂ.

    ഇവിടെ

    ReplyDelete
  24. "ഇനി, സാമുദായിക സംവരണം ലോകാവസാനം വരെ ഇന്നത്തെപ്പോലെ തുടരും എന്ന് ആരും ആശങ്കപ്പെടുകയൊ, ആത്മവിശ്വാസപ്പെടുകയോ വേണ്ട. മാറ്റം പ്രകൃതി നിയമമാണ്. എല്ലാം മാറും. മാറ്റത്തെ പൊസിറ്റീവായി മാറ്റാനും പൊസിറ്റീവായി സമീപിക്കാനും നമുക്കു കഴിയണം"
    തീര്‍ച്ച്ചയായും. ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു.

    ReplyDelete
  25. അവിയലെന്ന പേര് അന്വർത്ഥമാക്കുന്ന പോസ്റ്റ്..:):)
    കൂടുതൽ അവിയലുകൾ പോരട്ടെ..ചൂടോടെ വിളമ്പൂ:):):)

    ReplyDelete
  26. എല്ലാം ശരിയാണ്.........


    അഭിനന്ദനങ്ങള്‍

    ReplyDelete
  27. പ്രേം ജി

    ചാണക്യൻ

    ഷിനൊ ജേക്കബ്

    എല്ലാവർക്കും നന്ദി സുഹൃത്തുക്കളേ!

    ReplyDelete
  28. ഈ വിഷയത്തില്‍ ഞാനും രണ്ടു പോസ്റ്റുകള്‍ ഇട്ടിരുന്നു;
    ഇവിടെ:
    http://luthina.blogspot.com/2010/01/blog-post_10.html
    http://boologabhumicharitham.blogspot.com/2010/01/blog-post.html

    ReplyDelete
  29. എല്ലാ സമുദായത്തിലും കഷ്ടപ്പെടുന്നവരുണ്ട്. അതേപോലെ താഴ്ന്ന ജാതിക്കാരില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്ന്നവരുമുണ്ട്. അപ്പോള്‍ പിന്നെ എല്ലാവര്ക്കും സാമൂഹിക നീതിയും തുല്യ അവസരങ്ങളും നല്‍കുവാന്‍ ഏറ്റവും നല്ലത് സാമ്പത്തിക സംവരണം തന്നെയാണ്. പ്രത്യേകിച്ച് കേരള സമൂഹത്തില്‍. കാരണം ജാതിയമായ തോട്ടുകൂടായ്മയോ, അയിത്തമോ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. പിന്നെ ആരെ തൃപ്തിപ്പെടുത്താനാണ് ജാതി-മത സംവരണങ്ങള്‍ നമ്മള്‍ കൊണ്ട് നടക്കുന്നത്?

    ReplyDelete
  30. താങ്കളുടെ കുറിപ്പിനു നന്ദി.താങ്കളുടെ ബ്ലോഗില്‍ എത്തി,വായിച്ചു.സംവരണം തുടങ്ങിയ കാലത്തു നിന്നും നമ്മളെല്ലാം വളരെ മാറിപ്പോയി.അതാണല്ലൊ ഭരണഘടനാ വിദഗ്ധര്‍ ഉദ്ദെശിച്ചതും.അതൊരു നല്ല കാര്യം തന്നെ. പക്ഷെ ഈ മാറ്റങ്ങള്‍ പല സമുദായങ്ങള്‍ക്കും പല രീതിയിലാണ്‍ അനുഭവപ്പെടുക.അതിന്റെ തോത് അറിഞ്ഞു സംവരണത്തില്‍ ആവശ്യമായ അഡ്ജസ്റ്റ്മെന്റ്കള്‍ നടത്തണമെന്നാണു ഞങ്ങള്‍ ആവശ്യപ്പെടുന്നതു.അപ്പോള്‍ സംവരണത്തിന്റെ തോത് അല്ലെങ്കില്‍ സംവരണം ഒരൊ സമുദായത്തിലുമുണ്ടാക്കിയ മാറ്റ്ങ്ങള്‍ എങ്ങനെ അറിയും? അതിനു ഞങ്ങള്‍ പറയുന്നു സമുദായ സര്‍വെ നടത്തുക.അതിലൂടെ ഓരൊ സമുദായത്തിന്റീയും അംഗസംഖ്യയും കിട്ടും,അവരുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളു. എന്നിട്ട് ഓരൊ സമുദായത്തിനും കിട്ടേണ്ടതും കിട്ടിഅയതും നൊക്കി ഒന്നു ക്രമീകരിക്കുക.അത്ര മാത്രം ചെയ്താല്‍ തന്നെ ഫലം അല്‍ഭുതകരമായിരിക്കും.ഇതിനു മുന്‍പ് ഇങ്ങനെയൊരു സര്‍വെ നടന്നതു 1938 ലാണെന്നൊര്‍ക്കണം.

    ReplyDelete
  31. കൊച്ചു കൊച്ചു സീനുകളിലൂടെ അനേകം അവതാരങ്ങൾ...
    നന്നായിരിക്കുന്നു മാഷെ ഈ അവതരണങ്ങൾ...
    കഴിവും,സാമ്പത്തികവും ഒന്നിച്ചുചേരുമ്പോൾ മാത്രമാണ് ഒരാൾക്ക് ഇടിച്ചിടിച്ച് പിടിച്ചുകയറാൻ സാധിക്കുന്നത്...

    ReplyDelete
  32. സാംഷ്യ റോസ്

    എം.എസ്. മോഹനൻ

    ബിലാത്തിപ്പട്ടണം

    സംവരണത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾക്കു നന്ദി!

    ReplyDelete
  33. പഠിച്ചിട്ടും നല്ല മാര്‍ക്ക്‌ വാങ്ങിയിട്ടും എവിടെയും ഒരു പരിഗണനയും കിട്ടാഞ്ഞ ഒരു candidate ആണ് ഞാന്‍. Vocational Higher Secondary ക്ക് അവിടന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയതിനു പിന്നാലെ ജോലിക്ക് ഓഫര്‍ മായി വന്നു.. അതിനും ചോദിച്ചു കോഴ.. പിന്നെ നാട് വിട്ടതിനു ശേഷമാണു ഞാന്‍ കണ്ടത് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിവുണ്ടോ, നിങ്ങള്ക്ക് ജോലി പഠിക്കുവാനുള്ള താല്പര്യമുണ്ടോ.. ഇത്രയുമാണ് ജോലി കിട്ടാനുള്ള യോഗ്യത.. പലപ്പോഴും cetificates പോലും ജോലിക്ക് ജോയിന്‍ ചെയ്തതിനു ശേഷമാണു submit ചെയ്തിട്ടുള്ളത്. മലയാളികളെ തിരഞ്ഞു പിടിച്ചു നിയമിക്കുന്നവരുണ്ട്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിന് തൊട്ടു മുന്‍പുള്ള ജോലിയില്‍ നിന്ന് ഞാന്‍ പിരിഞ്ഞപ്പോള്‍ എന്നോട് എന്നെപ്പോലെ ഒരാളെ കണ്ട് പിടിച്ചു തന്നിട്ട് പോകണം എന്ന് പോലും ആവശ്യപ്പെട്ടു. നാട്ടില്‍ സെട്ടില്ദ് ആവാന്‍ പോവുന്നെന്നു കള്ളം പറഞ്ഞാണ് ഞാന്‍ മുങ്ങിയത്.. with proper notice.. (we are ambitious also.. so need to change job after getting experience) നാട് വിട്ടു പുറത്തു പോകാന്‍ വഴിയില്ലാത്ത ഒരേ സമയം സമര്‍ത്ഥര് ഉം ദരിദ്രരുമായ സവര്‍ണര്‍ ഇപ്പോഴും കഷ്ടപ്പെടുന്നു..

    ReplyDelete