Monday, March 4, 2013

ബ്ലോഗെഴുത്തും മുഖ്യധാരാസാഹിത്യവും


കേരളസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ തൃശൂർ വച്ച് ഇന്നലെ (2013 മാർച്ച് 3) രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കപ്പെട്ടു.






സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വച്ചാണ് ഈ സെമിനാർ നടത്തപ്പെട്ടത്. മലയാള സാഹിത്യത്തിലെ അതികായന്മാരുടെ ചിത്രങ്ങളാൽ ചുവരുകളലങ്കരിക്കപ്പെട്ട ഈ ഹാൾ ബ്ലോഗെഴുത്തുകാർക്ക് ഒരു വേദിയായതിൽ അത്യധികം സന്തോഷം തോന്നി.



 സെമിനാറിനെപ്പറ്റി ആമുഖമായി ഏതാനും വാക്കുകൾ പറഞ്ഞ് അക്കാദമി സെക്രട്ടറി ശ്രീ. ആർ. ഗോപാലകൃഷ്ണൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തന്റെ പ്രസംഗത്തിൽ. മുഖ്യധാരയിലെ ചില എഴുത്തുകാർക്കെങ്കിലും ബ്ലോഗെഴുത്തിനോടുള്ള വിപ്രതിപത്തി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.




പ്രശസ്ത മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ.ആണ്ടൂർ സഹദേവനായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.


ബ്ലോഗെഴുത്ത് സശ്രദ്ധം വീക്ഷിക്കുന്ന ഒരാളാണെന്നും, ചില എഴുത്തുകൾ തന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചെന്നും പറഞ്ഞു കൊണ്ടാണ് ശ്രീ. അക്ബർ കക്കട്ടിൽ തുടങ്ങിയത്. ‘വെള്ളെഴുത്ത്’ എന്ന ബ്ലോഗിനേയും, റാം മോഹൻ പാലിയത്തിനേയും ഒക്കെ അദ്ദേഹം പേരെടുത്ത് സൂചിപ്പിക്കുകയും ചെയ്തു.

തുടർന്ന് സാഹിത്യ അക്കാദമിയുടെ പരിഗണനയ്ക്കായി താൻ മുന്നോട്ടു വയ്ക്കുന്ന ഏതാനും നിർദേശങ്ങൾ കൂടി അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

1.അക്കാദമി മുൻ കൈ എടുത്ത് ബ്ലോഗ് സീരീസുകൾ പ്രസിദ്ധീകരിക്കുക 

2.ബ്ലോഗെഴുത്ത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ബ്ലോഗ് ക്യാമ്പുകൾ’ സംഘടിപ്പിക്കുക

3. അക്കാദമി വെബ് സൈറ്റിൽ ബ്ലോഗുകൾ ലിസ്റ്റ് ചെയ്യുക

4. മികച്ച ബ്ലോഗുകൾക്ക് അവാർഡ് നൽകുക 

എന്നിവയാണവ. ഈ പ്രഖ്യാപനങ്ങൾ സദസ് കരഘോഷത്തോടെ ഏറ്റെടുത്തു.



സദസ്സിന്റെ ദൃശ്യം. മനോരാജ്, യൂസുഫ്പ, ലെനിൻ തുടങ്ങിയവർ മുൻ നിരയിൽ.





മറ്റൊരു ദൃശ്യം. നിരക്ഷരൻ, വി.കെ.ആദർശ് എന്നിവർ.



അധ്യക്ഷപ്രസംഗം നടത്തുന്ന ശ്രീ. ആണ്ടൂർ സഹദേവൻ.

ബ്ലോഗെഴുത്തിലായാലും, സോഷ്യൽ നെറ്റ് വർക്കിംഗ് മീഡിയത്തിലായാലും എഴുത്തുകാരൻ വിവേചനബുദ്ധിയോടെയും, സ്വയം ശിക്ഷണത്തോടെയും വേണം പ്രവർത്തിക്കാൻ എന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷയിലും, മാധ്യമ രംഗത്തും ബ്ലോഗുകൾ അലയൊലി സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തിൽ, ആദ്യമാദ്യം ഉള്ള നിലവാരത്തിൽ നിന്ന് ക്രമേണ ഉയരത്തിലേക്കു പോകാൻ വേണം എഴുത്തുകാരൻ ശ്രദ്ധിക്കേണ്ടത്. യേശുദാസിന്റെ പാട്ടു മാത്രം കേട്ടാലും സംഗീതം ആസ്വദിക്കാം. എന്നാൽ ആ തലത്തിൽ നിന്നുയർന്ന് ഭീം സെൻ ജോഷിയിലും, എം.ഡി രാമനാഥനിലും ഒരു സംഗീതാസ്വാദകൻ എത്തുന്നതു പോലെ വായനയിലും എത്താൻ യഥാർത്ഥ വായനക്കാരൻ ആഗ്രഹിക്കും. അവന്റെ ജിജ്ഞാസയെയും ആഭിമുഖ്യത്തെയും തൃപ്തിപ്പെടുത്തുന്ന തലത്തിലേക്കുയരാൻ എഴുത്തുകാരനും ആവണം. സാമൂഹികപ്രസക്തിയുള്ള വിവിധവിഷയങ്ങളിലൂന്നിയുള്ള ഉദാഹരണങ്ങളും അദ്ദേഹം അവതരിപ്പിച്ചു.





തുടർന്ന് ഇ എഴുത്തിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും, സിറ്റിസൺ ജേണലിസത്തെക്കുറിച്ചും ശ്രീ.വി.കെ.ആദർശ് സംസാരിച്ചു.

സാങ്കേതിക വിദ്യ അതിദ്രുതം വളരുന്ന കാലഘട്ടമാണിതെന്ന ബോധ്യം നമുക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മുൻപൊക്കെ സാങ്കേതികവിദ്യയുമായി ആദ്യം പിണക്കം - പിന്നെ ഇണക്കം - ഒടുവിൽ വണക്കം എന്ന അവസ്ഥയെത്താൻ 10 വർഷമെടുത്തിരുന്നെങ്കിൽ ഇന്ന്  ഒരു സാങ്കേതികവിദ്യ അപ്രസക്തമായിപ്പോകാൻ പത്തുവർഷമൊന്നും വേണ്ട, വെറും 18 മാസം മതി എന്നാണവസ്ഥ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിൽ ഇംഗ്ലീഷ് മേൽക്കൈ നേടും എന്നും, പ്രാദേശിക ഭാഷകൾ അപ്രസക്തമാകുമെന്നും ആയിരുന്നു ആദ്യകാല ആശങ്കയെങ്കിൽ ഇന്ന് നാലൊ അഞ്ചോ  പ്രാദേശികഭാഷകൾ ഒന്നിച്ചു നിന്നാൽ ഇംഗ്ലീഷിനെക്കാളും എഴുത്തുകാരും, വായനകാരും ഉണ്ടെന്ന അവസ്ഥ നിലനിൽക്കുന്നു. ഇത് ഈ മാധ്യമത്തിന്റെ സാധ്യതയാണ്. മലയാളത്തിനുള്ള സാധ്യത കൂടിയാണ്. മലയാളികൾ ഈ സാ‍ധ്യത മുതലെടുക്കണമെന്നും സാമൂഹികവിഷയങ്ങളിൽ പ്രതികരിക്കാനും, സർഗാത്മകസാഹിത്യരചനകൾക്കും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.



നിരക്ഷരൻ, അധ്യക്ഷനുമായി സംവദിക്കുന്നു. ചടങ്ങിന്റെ തുടർന്നുള്ള സമയം പ്രസംഗകരെ പരിചയപ്പെടുത്തുന്ന ദൌത്യവും നിരക്ഷരൻ നിർവഹിച്ചു.



തുടർന്ന് മലയാളം ബ്ലോഗ് ഉൽ‌പ്പത്തിയെക്കുറിച്ചും, അവിടെയുണ്ടാകുന്ന രചനകളെക്കുറിച്ചും ജയൻ ഏവൂർ സംസാരിച്ചു. സാങ്കേതിക വിദഗ്ധരായ ഭാഷാസ്നേഹികളാണ് മലയാളം ബൂലോഗത്തിന്റെ പൂർവസൂരികൾ എന്ന് നന്ദിപൂർവം സ്മരിച്ചുകൊണ്ടാണ് തുടങ്ങിയത്. പോൾ, സിബു, കെവിൻ, ഏവൂരാൻ, വിശ്വപ്രഭ എന്നിവരെയും മലയാളത്തിലെ ആദ്യ വനിതാ ബ്ലോഗറ് ആയ രേഷ്മയേയും പ്രത്യേകം പരാമർശിക്കുകയുണ്ടായി. തുടർന്ന് കവിത, കഥ, ലേഖനം, നർമ്മഭാവന, സിനിമാ നിരൂപണം, പാചകം, ഫോട്ടോബ്ലോഗ് എന്നീ വിഭാഗങ്ങളെക്കുറിച്ചും, ബ്ലോഗ് മാഗസിനുകൾ, ബ്ലോഗ് ഗ്രൂപ്പുകൾ, ബ്ലോഗ് പത്രങ്ങൾ, മലയാളം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ എന്നിവയെക്കുറിച്ചും ചുരുക്കി വിശദീകരിക്കുകയുണ്ടായി.



മേൽ സൂചിപ്പിച്ച വിഭാഗങ്ങളിലായി മലയാളത്തിൽ വരുന്ന രചനകൾ എല്ലാം മുഖ്യധാരാ സാഹിത്യത്തിൽ വരുന്നവയേക്കാൾ മുന്തിയ നിലവാരമുള്ളവയാണെന്ന അഭിപ്രായമില്ലെങ്കിലും, കഥയിലും, കവിതയിലും, ലേഖനത്തിലും ഒക്കെ ഉജ്വലമായ രചനകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂചിപ്പിച്ചു. എന്നാൽ പതിനായിരത്തിനു മീതെ ആളുകൾ എഡിറ്റർ ഇല്ലാതെ സ്വയം പ്രകാശനം നടത്തുന്ന വേദിയായതുകൊണ്ട് ചവറുകൾ ധാരാളമുണ്ടാകും എന്നതിൽ തർക്കമില്ല. പക്ഷേ, മലയാളത്തിൽ എഴുതുകയും, ചിന്തിക്കുകയും ചെയ്യുന്ന ആളുകൾക്കു വംശനാശം വന്നിട്ടില്ല എന്നതിന്റെ സജീവമായ തെളിവു കൂടിയാകുന്നു അത്. എഴുത്തും, ഭാഷയും നിലനിർത്താൻ അ-എഴുത്തുകാരും, ഇ-എഴുത്തുകാരും കൈകോർക്കണമെന്നും, എപ്രിൽ 21 നു നടക്കുന്ന തിരൂർ തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമത്തിൽ ഈ ദിശയിലുള്ള വൻ ചുവടുവയ്പ്പുണ്ടാകണമെന്നും ജയൻ അഭ്യർത്ഥിച്ചു.




തുടർന്ന് മലയാളം വിക്കിപീഡിയയെക്കുറിച്ചും, അത് പ്രോത്സാഹിപ്പിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹബീബ് വിശദീകരിച്ചു. ഇന്ന് ഇൻഡ്യൻ ഭാഷകളിൽ ഏറ്റവും സജീവമായ വിക്കി പ്രവർത്തനം നടക്കുന്നത് മലയാളത്തിലാണെങ്കിലും, അതിലേക്ക് ഇനിയുമിനിയും ആളുകൾ എത്തേണ്ടതുണ്ടെന്ന അദ്ദേഹം സമർത്ഥിച്ചു.വിക്കിപീഡിയയിൽ ലേഖനമെഴുതുകയും, തിരുത്തുകയും ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന് ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി.



സെമിനാർ സശ്രദ്ധം വീക്ഷിക്കുന്ന മുതിർന്ന ബ്ലോഗർ ശ്രീ. ജെ.പി.വെട്ടിയാട്ടിൽ.


മാധ്യമലേഖകൻ ശ്രീ. ലെനിൻ സംസാരിക്കുന്നു.



                                  (ഫോടോ: ജോഹർ)
തുടർന്ന്  കവയിത്രി റോഷ്നി സ്വപ്ന സംസാരിച്ചു. ബ്ലോഗിംഗിലും, ഇ എഴുത്തിലും ഉള്ള വിവിധ ‘ട്രെൻഡു’കളെയും പ്രശ്നങ്ങളെയും കുറിച്ച് സ്വന്തം അനുഭവങ്ങൾ മുൻ നിർത്തി റോഷ്നി സംസാരിച്ചു.
എഴുത്തിൽ സത്യസന്ധത പുലർത്താത്ത പല സംഭവങ്ങളും തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഒരു ബദൽ മാധ്യമം എന്ന നിലയിൽ സമൂഹത്തിൽ ശ്രദ്ധേയമായ സ്ഥാനം തന്നെയാണുള്ളതെന്നും അവർ പറഞ്ഞു.




ബ്ലോഗർ ശ്രീമതി ലീല.എം.ചന്ദ്രൻ സംസാരിക്കുന്നു.



എല്ലാം വീക്ഷിച്ചുകൊണ്ട് എളിമയോടെ ഒരാൾ.
കുറച്ചുകഴിഞ്ഞപ്പോൾ നിരക്ഷരൻ അദ്ദേഹത്തോട് സംസാരിക്കുന്നതു കണ്ടു.
അദ്ദേഹമാണ് ബ്ലോഗർ വിശ്വപ്രഭ!



ഈ സംരംഭത്തിലേക്ക് നമ്മെ നയിച്ച വിശ്വപ്രഭ മാഷിനോട് അകൈതവമായ നന്ദി അറിയിക്കുന്നു.

സദസ്സിൽ നിന്ന് ഏതാനും ദൃശ്യങ്ങൾ കൂടി...




ഹബീബ്, അനിമേഷ്.....



ലെനിൻ, ബെഞ്ചമിൻ



രഞ്ജിത്ത്, വിഡ്ഡിമാൻ....



സാബു കൊട്ടോട്ടി



ആദ്യകാല ബ്ലോഗിംഗ് അനുഭവങ്ങളെക്കുറിച്ച് വിശ്വപ്രഭ വിവരിക്കുന്നു.


ഒടുവിൽ നന്ദിപ്രകടനവുമായി നിരക്ഷരൻ.

ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ ഗഹനമായ ഒരു ചർച്ചയ്ക്ക് ഈ സെമിനാർ രംഗഭൂമിയായില്ല എന്നത് ദു:ഖകരമാണെങ്കിലും, സാഹിത്യ അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായ ഈ മുൻ കയ്യെടുക്കൽ മലയാളം ബൂലോഗത്തിന് തീർച്ചയായും ഊർജം പകരും.


ഈ സംരംഭത്തിൽ പങ്കെടുത്തതുകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ

1. സാഹിത്യ അക്കാഡമി ബ്ലോഗെഴുത്തിനെ ഗൌരവമായി കാണുന്നുണ്ട്.
2. എന്നാൽ ഭൂരിപക്ഷം സാഹിത്യകാരന്മാർക്കും/കാരികൾക്കും ബ്ലോഗെഴുത്തിനെപ്പറ്റി വലിയ മതിപ്പില്ല. പലർക്കും പുച്ഛം. അല്പം ചിലർക്ക് അനുകൂല മനോഭാവം.
3.ബ്ലോഗെഴുത്തുകാരുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബ്ലോഗെഴുതുന്ന വിരളം ചില മുഖ്യധാരാ എഴുത്തുകാർക്കും താല്പര്യമില്ല. എങ്കിലും ഇത് മലയാളം ബൂലോകത്തെ സംബന്ധിച്ചിടത്തോളം ഒരു വൻ കാൽ വയ്പ്പാണ്. വളരാൻ ആകാശമാണ് അതിര്!
4. ബ്ലോഗെഴുത്തും മുഖ്യധാരാസാഹിത്യവും എന്നായിരുന്നു വിഷയമെങ്കിലും ബ്ലോഗ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, വിക്കി എന്നിവയെല്ലാം കൂടി കുഴമറിഞ്ഞ വിഷയാവതരണമാണു നടന്നത്. ഇതിൽ നിന്നും ബ്ലോഗെഴുത്ത് എന്നത് സ്വതന്ത്രമാകേണ്ടിയിരിക്കുന്നു.
5. ഇപ്പോഴുള്ളതും, ഇനി വരാനിരിക്കുന്നതുമായ  സാങ്കേതികവിദ്യയെകളെക്കുറിച്ച് അറിയുന്നതും, പ്രതീക്ഷിക്കുന്നതും നല്ലതു തന്നെ. എന്നാൽ മലയാളഭാഷയിൽ എഴുതുന്നതിനും അതു പ്രചരിപ്പിക്കുന്നതിനും ഇപ്പോഴുള്ള സാങ്കേതികവിദ്യകൾ തന്നെ ധാരാളം. അവ വേണ്ടവണ്ണം ഉപയോഗിച്ചാൽ മതി.

അഞ്ചാമതായി പറഞ്ഞ കാര്യത്തിന് ഞാൻ ഊന്നൽ കൊടുക്കുന്നു. നമ്മുടെ ഭാഷയും, എഴുത്തും മെച്ചപ്പെടുത്താൻ നമുക്ക് അവസരമുണ്ട്; ബാധ്യതയുമുണ്ട്. അത് ഓരോ ബ്ലോഗറും ഉൾക്കൊണ്ടാൽ എഴുതിത്തള്ളാനാവാത്ത ശക്തിയായി മലയാളം ബ്ലോഗെഴുത്ത് മാറും എന്നത് നിസ്തർക്കമാണ്.

ഇനി വരാനിരിക്കുന്ന തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിൽ ഇതെപ്പറ്റിയുള്ള സജീവമായ ചർച്ച ഉണ്ടാകണം എന്ന് എല്ലാ ബ്ലോഗെഴുത്തുകാരോടും അഭ്യർത്ഥിക്കുന്നു.



ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്കായി എല്ലാവരെയും താഴെ കൊടുത്തിട്ടുള്ള ‘നമ്മുടെ ബൂലോകം’ പോസ്റ്റിലേക്കു ക്ഷണിക്കുന്നു.

http://www.nammudeboolokam.com/2013/03/blog-post_4.html 

അഭിപ്രായങ്ങൾ അവിടെ വിശദമായി രേഖപ്പെടുത്താവുന്നതാണ്.


49 comments:

  1. എന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ ഈ അവസ്ഥ കാരണമാണ്, ഞാനൊരു ബ്ലോഗ്ഗറായതും ഇങ്ങനൊന്ന് നടക്കുന്നതറിയാൻ കഴിഞ്ഞതും എന്നതുകൊണ്ട് കുഴപ്പമില്ല.
    എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. പറ്റിയാൽ തിരൂർ കൂടാം മാനേ!

      Delete
  2. തിരൂര്‍ വരാം...

    ReplyDelete
  3. അവിടെ ഓടിയെത്താന്‍ ആഗ്രഹിചിരിന്നു, പക്ഷെ പ്രവാസത്തിന്റെ പ്രയാസം കൊണ്ട് നടന്നില്ല. അതുകൊണ്ട് തന്നെ ആര്‍ത്തിയോടെ വന്ന് വായിച്ചു. ബൂലോകത്തിനു പ്രതീക്ഷക്ക് വക നല്‍കുന്നു ഈ സെമിനാര്‍ എന്ന് തോന്നുന്നുണ്ട്.

    ആശംസകള്‍ ജയേട്ടാ

    ReplyDelete
  4. വിശദമായ കുറിപ്പിന് നന്ദി!

    ReplyDelete
  5. മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചയുടെ ഒരു പടിയായി ഈ മീറ്റിങ്ങിനെ കണക്കാക്കാം.അച്ചടി മാധ്യമം എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു നിരാശ മിക്ക ബ്ലോഗര്‍മാര്‍ക്കിടയിലും ഉണ്ട്. അതിനു ഒരു ആശ്വാസമായി ഇത്. അക്കാദമിയുടെ സൈറ്റില്‍ ബ്ലോഗുകളുടെ ലിങ്ക് നല്‍കുക എന്നത് ആശാവഹമായ ഒരു കാര്യമാണ്. അതിനായി ബ്ലോഗര്‍മാരോട് ഏതെങ്കിലും ഒരു പോസ്റ്റില്‍ കമന്റായി ലിങ്ക് നല്കാന്‍ ആവശ്യപ്പെടാം. പതിനായിരത്തോളം ബ്ലോഗര്‍മാര്‍ ഉള്ളിടത്ത് അതില്‍ നിന്നും ഒരു തിരഞ്ഞെടുപ്പ് അത്യാവശ്യം. അത് പക്ഷഭേദമില്ലാതെ എങ്ങനെ തിരാഞ്ഞെടുക്കണം എന്നതില്‍ എല്ലാവരും അഭിപ്രായം പറയുക.

    ReplyDelete
  6. ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്കായി എല്ലാവരെയും താഴെ കൊടുത്തിട്ടുള്ള ‘നമ്മുടെ ബൂലോകം’ പോസ്റ്റിലേക്കു ക്ഷണിക്കുന്നു. http://www.nammudeboolokam.com/2013/03/blog-post_4.html അഭിപ്രായങ്ങൾ അവിടെ വിശദമായി രേഖപ്പെടുത്താവുന്നതാണ്.

    ReplyDelete
  7. ശരിക്കും മിസ്സായി
    എന്നാലും വളരെ വളരെ സന്തോഷം ഈ ഉദ്യമത്തിന്

    ReplyDelete
  8. ഇത് മലയാളം ബൂലോകത്തെ സംബന്ധിച്ചിടത്തോളം ഒരു വൻ കാൽ വയ്പ്പാണ്.
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുമോദിക്കുന്നു.
    ഇത്‌ റിപ്പോർട്ട്‌ ചെയ്തയാളോട്‌ നന്ദി അറിയിക്കുന്നു.

    ReplyDelete
    Replies
    1. റിപ്പോർട്ടർ തേങ്ക്സ് പറഞ്ഞിരിക്കുന്നു!!

      Delete
  9. ബ്ലോഗ് സെമിനാർ എന്നതിലുപരി, ഒരു ഈ-എഴുത്ത് സെമിനാർ ആയിമാറി എന്നു മനസ്സിലാക്കുന്നു. ബ്ലോഗിനെക്കുറിച്ചും ഈ-എഴുത്തിനെക്കുറിച്ചും തമ്മിലുള്ള അന്തരത്തെക്കുറിച്ചുമുള്ള ധാരണക്കുറവാണ് പലപ്പോഴും നല്ലതായി മാറേണ്ട ചർച്ചകൾ പലവഴി പിരിഞ്ഞു പോവുന്നത്. ബ്ലോഗർമാരുടെ നിറസാന്നിധ്യവും നല്ല ബ്ലോഗുകളുടെ ആധിക്യവും ഈ പ്രവണത മാറ്റിയേക്കാം.

    പ്രമുഖരെക്കൊണ്ട് നല്ല ബ്ലോഗ് പോസ്റ്റുകൾ വായിപ്പിക്കാൻ കഴിയുന്ന, അവരിലേക്ക് മികച്ച രചനകൾ എത്തിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗവും തിരയേണ്ടിയിരിക്കുന്നു. ബ്ലോഗിംഗിന് പ്രചാരവും പൊതുസ്വീകാര്യതയും ലഭിക്കാൻ അത് വഴിയൊരുക്കും.

    ബ്ലോഗ് ചരിത്രത്തെക്കുറിച്ചുള്ള ഡോക്ടറുടെ പ്രസംഗം ഒരു പോസ്റ്റായി ഇട്ടാൽ നന്നാവും. 

    ReplyDelete
    Replies
    1. പ്രസംഗം ജോയുടെ കയ്യിൽ കാണും.
      ഇടണോ!?

      Delete
  10. പരിപാടി വളരെ ഔദ്യോദികസ്വഭാവം പുലർത്തുന്നതായി പോയി എന്നതായിരുന്നു ഒരു പോരായ്മയായി തോന്നിയത്. ഒരു സെമിനാറിൽ, പ്രത്യേകിച്ചും അത് സാഹിത്യ അക്കാദമി സംഘടിപ്പിക്കുമ്പോൾ ഔപചാരികത പൂർണ്ണമായി ഒഴിവാക്കാനാവുമെന്നും തോന്നുന്നില്ല.

    പരിചയപ്പെടൽ എന്നൊരു ചടങ്ങേ നടന്നില്ല എന്നു കരുതുന്നു. ( കുറച്ചു വൈകി എത്തിയതുകൊണ്ട് അതിനു മുമ്പേ നടന്നോ എന്നറിയില്ല ). ചടങ്ങ് തീർന്നിട്ടും അതിനുള്ള സമയമുണ്ടായിരുന്നു. അല്ലെങ്കിൽ അങ്ങനെയൊന്ന് അജണ്ടയിൽ മുമ്പേ തന്നെ ഉൾക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു. എല്ലാവർക്കും സംസാരിക്കാൻ അവസരം വേണമെന്നല്ല, ഔപചാരികതകൾ ഒഴിവാക്കി, കേരളത്തിന്റെ പല കോണുകളിൽ നിന്നെത്തുന്ന ബ്ലോഗർമാർക്ക് പരസ്പരം പരിചയപ്പെടാനും ഒരുമിച്ചൊരു നേരം ഭക്ഷണത്തിനും ( അതിനു രജിസ്സ്ട്രേഷൻ ഫീ നൽകാൻ ആരും മടിക്കുമെന്ന് തോന്നുന്നില്ല ) എല്ലാം അവസരം ഒരുക്കേണ്ടതായിരുന്നു.

    സെമിനാർ നല്ല രീതിയിൽ നടന്നുവെങ്കിലും ഇതൊന്നുമില്ലാതിരുന്നതുകൊണ്ട്, ഒരു ഒത്തൊരുമയുടെ ആഹ്ലാദം അനുഭവപ്പെട്ടില്ല.

    ReplyDelete
  11. മനസ്സില്‍ ഒരായിരം കഥകളും കവിതകളുമായി, മലയാള ഭാഷ അങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍, എന്‍ജിനീറിംഗ് പഠിച്ചുപോയി എന്ന ഒറ്റക്കാരാണത്താല്‍ കേരളത്തിനു പുറത്ത് 19 വര്‍ഷമായി,ജോലി ചെയ്യുകയും വീട്ടു കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍. മുഖ്യ ധാരാ മാധ്യമാങ്ങളിലെയ്ക്ക് എഴുതി പോസ്റ്റ്‌ ചെയ്യാനൊന്നും സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് (കഴിഞ്ഞ October 2012 onwards)ആരുമറിയാതെ,ഓഫീസ് വര്‍ക്കിനിടയില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങി. ദിവസവും ആരെങ്കിലുമായി ഞാനെഴുതിയത് വായിക്കുന്നുണ്ടെന്നറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കൂട്ടായ്മകളില്‍ ഒന്നും പങ്കെടുക്കാന്‍ എനിക്ക് പറ്റില്ല. എങ്കിലും പിന്നില്‍ പ്രവൃത്തിച്ചവര്‍ക്ക് ആശംസകള്‍.
    അനിത, ബാംഗ്ലൂര്‍.

    ReplyDelete
    Replies
    1. എഴുതൂ; എഴുതിക്കൊണ്ടേയിരിക്കൂ!

      Delete
  12. ഇക്കഴിഞ്ഞ മൂന്നു നാല് ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ അപൂര്‍വ്വമായ യാദൃശ്ചികതകളുടെ സംഭവിക്കലുകള്‍ ആയിരുന്നു ...ബ്ലോഗര്‍ മാരുടെ സെമിനാര്‍ അക്കാദമി ഹാളില്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ,അതില്‍ ബ്ലോഗിങ് തുടക്കക്കാര്‍ക്കും പങ്കെടുക്കാമെന്ന് വായിച്ചപ്പോള്‍ ,പങ്കെടുക്കണമെന്ന തോന്നല്‍ ...രണ്ടാമത്തെ ദിവസം തൃശ്ശൂരില്‍ താമസിക്കാനുള്ള ഏര്‍പ്പാടുകളും അപ് ആന്‍ഡ്‌ ഡൌണ്‍ യാത്ര ടിക്കറ്റും ഉറപ്പാക്കി ,.അപ്പോഴും ആരെ കോണ്ടാക്റ്റ് ചെയ്യും എന്ന ആശങ്ക ..മൂന്നാം ദിവസം പോസ്റ്റ്‌ ഇട്ട Dr.ജയന്‍ എവൂരിനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ..രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആഡ് ചെയ്തു സന്ദേശം എത്തി ..തൊട്ടടുത്ത നിമിഷം എന്റെ ആശങ്കകള്‍ അറിയിച്ച മെസേജിനു ആശങ്കള്‍ ദൂരീകരിച്ച്‌ കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി ..സെമിനാറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ...അങ്ങനെ കണ്ണൂരില്‍ നിന്നും തൃശ്ശൂരില്‍ വന്നു ഇന്നലെ ബ്ലോഗിങ്ങില്‍ ഒന്നുമല്ലാത്ത ഞാന്‍ ഒരു കാഴ്ചക്കാരിയായി ആ മഹാ സംരംഭത്തില്‍ പങ്കെടുത്തു ...പെരുന്തച്ചന്‍ കോമ്പ്ലെക്സ് ഒട്ടുമില്ലാത്ത പെരുന്തച്ചന്മാരെ കണ്ടു ..കുറച്ചാളുകളെ പരിചയപ്പെട്ടു . നല്ല ആത്മവിശ്വാസത്തോടെ തിരിച്ചെത്തി ...നന്ദി ..ജയന്‍ എവൂരിനും മനുഷ്യത്വമുള്ള എല്ലാവര്ക്കും ..പിന്നെ എനിക്ക് കൂട്ടായ ലീല എം ചന്ദ്രനും ചന്ദ്രനും ....

    ReplyDelete
  13. ഞാന്‍ പങ്കെടുത്തിരുന്നു

    ReplyDelete
  14. വിഡ്ഢിമാൻ പറഞ്ഞത് ശരിയാണ്.
    സംഘാടകർ നമ്മൾ അല്ലാഞ്ഞതുകൊണ്ട് അവിടെ ഇടിച്ചുകയറി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലല്ലോ.

    ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും ആവോളം സംവദിക്കാനും തുഞ്ചൻ പറമ്പ് വേദിയാകും. ആഹ്ലാദിക്കാൻ അവിടെ അവസരം ഒരുങ്ങും!

    ReplyDelete
  15. നല്ലൊരു വിഷയമായിരുന്നു സെമിനാറിന് തിരഞ്ഞെടുത്തതെങ്കിലും, ചർച്ചകൾ വിഷയത്തിലേക്ക് കേന്ദ്രീകരിച്ചില്ല എന്നത് ന്യുനതയായി കണക്കാക്കേണ്ടതില്ല. മലയാളം ബ്ലോഗെഴുത്ത് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് കാര്യമായി അറിയാത്ത സാംസ്കാരികപ്രവർത്തകരെ ഇപ്പോഴും കാണാം. എങ്കിലും ഒരു കാര്യം ഉറപ്പാണ്. കേരള സാഹിത്യ അക്കാദമി പോലുള്ള വലിയ പ്രസ്ഥാനങ്ങൾ ബ്ലോഗെഴുത്തിനെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ആ അംഗീകാരത്തിന്റെ അടയാളമായി ഈ സെമിനാറിനെ കാണാം. ഭാവിയിൽ ബ്ലോഗെഴുത്ത് കേന്ദ്രീകരിച്ചുള്ള സജീവവും അർത്ഥവത്തായതുമായ ചർച്ചകൾ നടക്കും എന്നതിന്റെ സൂചനയായി ഈ സെമിനാറിനെ കാണാം എന്നാണ് എന്റെ അഭിപ്രായം.....

    ReplyDelete
    Replies
    1. അതെ മാഷേ.
      സജീവവും അർത്ഥവത്തായതുമായ ചർച്ചകൾ നടക്കട്ടെ!

      Delete
  16. എന്റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് സന്തോഷം നല്‍കിയ ഒരു കാര്യം നടന്നു എന്നറിയുന്നതില്‍ എനിക്കും സന്തോഷം. എല്ലാം നിങ്ങള്‍ ആഗ്രഹിക്കുംപടി നടക്കട്ടെ.

    എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗ് എന്നത് മുനിസിപ്പല്‍ പാര്‍ക്കിലെ ഒഴിഞ്ഞ മൂലപോലുള്ള ഒരിടമാണ്. എനിക്ക് മച്ചിങ്ങയും പ്ലാവിലയും ഈര്‍ക്കിലിയുമൊക്കെ വെച്ച്, തന്നത്താന്‍ വര്‍ത്തമാനം പറഞ്ഞ്, കാരണവന്‍മാരുടെ നിയന്ത്രണമോ, മേല്‍നോട്ടമോ, പെരുമാറ്റച്ചട്ടമോ, മാനദണ്ഡങ്ങളോ ഇല്ലാതെ കളിക്കാനുള്ള ഒരു കുഞ്ഞു മൂല. അതുകൊണ്ട് ഞാനങ്ങോട്ടേയ്ക്കില്ല.

    ReplyDelete
    Replies
    1. അങ്ങനെ തന്നെ ആയിക്കോട്ടെ!

      എനിക്ക് മൂന്നു എനിക്ക് മച്ചിങ്ങയും പത്തു പ്ലാവിലയും രണ്ട് ഈര്‍ക്കിലിയും തരണേ!

      Delete
  17. ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ ഒരു കാഴ്ചക്കാരനായി മാത്രം സെമിനാറിൽ പങ്കെടുക്കാൻ സാധിച്ചത് ഒരു ഭഗ്യമായി കരുതുന്നു. അച്ചടിസഹിത്യത്തോടൊപ്പം ബ്ലോഗു സാഹിത്യത്തെ ചേർത്തു വെക്കാനും തങ്ങൾക്കൊപ്പം ചലിക്കുന്ന സമാന്തര ശ്രേണിയായി ബ്ലോഗെഴുത്തുകരെ കാണാനും കേരളാ സാഹിത്യ അക്കാദമി തയ്യാറായി എന്നതുതന്നെ ബ്ലോഗർമാർക്കു ലഭിച്ച അംഗീകാരമാണ്. മുഖ്യധാരാ സാഹിത്യ ശാഖയിലെ പല വ്യക്തിത്വങ്ങളും കടന്നു ചെല്ലാത്ത സാഹിത്യ അക്കാദമിയുടെ അകത്തളങ്ങളിൽ ക്ഷണം സ്വീകരിച്ചു കടന്നിരിക്കാൻ സാധിച്ച ബ്ലോഗർമാർക്കേ അതിന്റെ വില മനസ്സിലാവൂ...

    ഒരു സെമിനാറിൽ പങ്കെടുക്കാൻ ചെല്ലുന്നവർക്കെല്ലാം സംവദിക്കാമെന്നോ വേദിയിൽ ഔദ്യോഗിക പരിചയപ്പെടാമെന്നോ കരുതുന്നത് വിഡ്ഢിത്തമാണ്. തൃശൂരിൽ നടന്നത് ബ്ലോഗേഴ്സ് മീറ്റല്ല. പരസ്പരം പരിചയപ്പെടാനും അറുമാദിക്കാനും ബ്ലോഗേഴ്സ് മീറ്റുകൾ നമുക്ക് അവസരം തരുന്നുണ്ട്.

    ReplyDelete
  18. തുഞ്ചൻ പറമ്പ് മീറ്റുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗേഴ്സ് ഡയറക്ടറി തയ്യാറായി വരുന്നുണ്ട്. പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ നിങ്ങളുടെ തൂലികാ നാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരും അവയുടെ വിലാസവും ചേർത്ത് kottotty@gmail.com എന്ന വിലാസത്തിൽ എത്രയും പെട്ടെന്ന് അയച്ചുതരിക. പലരുടേയും പ്രൊഫൈൽ പ്ലസ്സിലായതിനാൽ അവരുടെ ബ്ലോഗുകളെക്കുറിച്ചറിയാൻ പ്രയാസപ്പെടുന്നു. നിങ്ങളുടെ ബ്ലോഗുകളിൽ സംഗമത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടാൽ കൂടുതൽ പേർക്ക് അറിഞ്ഞു പങ്കെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക-9400006000-കൊട്ടോട്ടി

    ReplyDelete
  19. റിപ്പോര്‍ട്ട്‌ വായിച്ചു. സന്തോഷം. എല്ലാവര്ക്കും ആശംസകള്‍.

    ReplyDelete
  20. ബ്ലോഗർ ലീലാചന്ദ്രൻ കേരളാ സാഹിത്യ അങ്കണത്തിൽ അവതരിപ്പിച്ച കവിത ഇവിടെയുണ്ട്.

    ReplyDelete
  21. ബുലോകത്തില്‍ വായിച്ചിരുന്നു. പ്രദീപ്‌ കുമാര്‍
    പറഞ്ഞത് പോലെ ബ്ലോഗ്‌ എന്ത് എന്ന് അറിയാത്ത
    പല 'സാംസകാരിക നായകന്മാരും' നമുക്കുള്ളപ്പോള്‍
    സാഹിത്യ അക്കാദമി ഇങ്ങനെ ഒരു താല്പര്യം കാണിച്ചത്
    നിസ്സാര കാര്യം അല്ല .

    തീര്‍ച്ച ആയും ഒരിക്കല്‍ നല്ല ബ്ലോഗേഴ്സ് അംഗീകരിക്കപ്പെടും..
    ഈ ഉദ്യമത്തിന്റെ പിന്നിലും മുന്നിലും പ്രവര്തിച്ചവര്‍ക്കു
    ആശംസകള്‍.

    ReplyDelete
  22. orupaadu dooreyirunnu ee post vaichu..... santhoshikkunnu. ellaavareyum photoyil kaanaan sadhichathil santhosham.

    Jayan doctorkku prathyekam abhinandanam....

    ReplyDelete
  23. വളരെ സന്തോഷം തോന്നുന്നു ജയൻ.

    ഒരു മാസം മുമ്പ് പെരുമ്പടവുമായി ‘മലയാളനാടിനു’ വേണ്ടി നടത്തിയ ഒരു അഭിമുഖത്തിനിടയിൽ ചോദിച്ചിരുന്നു, ബ്ലോഗിനും ബ്ലോഗേർസിനും വേണ്ടി അക്കാദമിക്ക് എന്തു ചെയ്യൻ കഴിയും എന്ന് തുടങ്ങിയ കുറേ ചോദ്യങ്ങൾ . അക്കാദമിയുടെ ഭാഗ്ത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ തുടക്കം ശുഭോദാര്‍ക്കം തന്നെ.

    ReplyDelete
  24. ബ്ലോഗ്ഗേർസ് മീറ്റ് ഏപ്രിൽ 21 നു പ്രതീക്ഷിച്ചിരിക്കെ പെട്ടെന്നു ലഭിച്ച ഈ കൂടിച്ചേരലിൽ ഒരുപാടു സന്തോഷമുണ്ട്.എങ്കിലും viddiman പറഞ്ഞ കാര്യം അത്ര നിസ്സാരമല്ല.മുന്നൊരുക്കത്തിനു വളരെകുറച്ചു സമയമേ കിട്ടി ഉള്ളു എന്നാലും അത് കുറച്ചു കൂടി ഫലപ്രദം ആക്കാമായിരുന്നു.വളരെ ദൂരത്തു നിന്നും ഇതിനായി മാത്രം വന്നു ചേർന്നവർക്ക് പരസ്പരം പരിചയപ്പെടാനും പരിചയപ്പെടുത്താനും ഒരവസരം....പോട്ടെ ....ഏപ്രിൽ 21 ഈ കുറവുകൾ പരിഹരിക്കപ്പെട്ട ഒന്നായിരിക്കും എന്നു കരുതാം..അവിടെ ബ്ലോഗ്ഗേർസ് മീറ്റ് അക്ഷരാർഥത്തിൽ തന്നെ നടക്കട്ടെ.കൊഴുപ്പു കൂട്ടാൻ അവിയൽക്കഷണങ്ങൾ ഇല്ലാതിരുന്നാൽ നല്ലത്.ബ്ലോഗും വിക്കിയും സയാമിസ് ഇരട്ടകളൊന്നുമല്ലല്ലൊ.

    (ഒന്നു സൂചിപ്പിക്കട്ടെ ...വേദിയിൽ കാണപ്പെട്ട ശൂന്യമായ കസേരകൾക്ക് എന്തൊക്കെ പറയാനുണ്ടാകും...?!!)

    ReplyDelete
    Replies
    1. ഏപ്രിൽ 21 ബ്ലോഗർമാർക്കു സംവദിക്കാനും, പരിചയം പുതുക്കാനും, ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും വേണ്ടി മാത്രമുള്ളതായിരിക്കും എന്നുറപ്പ്.

      വേദിയിലെ ശൂന്യമായ കസേരകൾക്കു കാരണം ബ്ലോഗെഴുത്തിനോടുള്ള വിപ്രതിപത്തി തന്നെയാണ്. അതവർ സൂചിപ്പിക്കുകയും ചെയ്തു. താല്പര്യമുള്ളവർ വന്നു. ഇല്ലാത്തവർ വന്നില്ല.

      അതിൽ നമ്മൾ അതിരുകവിഞ്ഞു ദു:ഖിക്കുകയോ, വേവലാതിപ്പെടുകയോ പോലും വേണ്ട. കഷ്ടിച്ച് 10 വർഷം മാത്രം പഴക്കമുള്ള ഈ മാധ്യമം ഇത്രയെങ്കിലും ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബ്ലോഗെഴുത്തിന്റെ കാമ്പ് ശക്തിയുള്ളതാണെന്ന് ഇനി വരുന്ന നാളുകൾ തെളിയിക്കും.

      Delete
  25. വിശദമായ ഈ കുറിപ്പിന്, എവൂരിനു നന്ദി.

    "എന്നാൽ ഭൂരിപക്ഷം സാഹിത്യകാരന്മാർക്കും/കാരികൾക്കും ബ്ലോഗെഴുത്തിനെപ്പറ്റി വലിയ മതിപ്പില്ല. പലർക്കും പുച്ഛം. അല്പം ചിലർക്ക് അനുകൂല മനോഭാവം."

    ഒരു ശരാശരി ബ്ലോഗര്‍ക്കു പതിനായിരക്കണക്കില്‍ വായനക്കാര്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം, 'സാഹിത്യ വല്യേട്ടന്മാര്‍' ഓര്‍ക്കുന്നത് നന്നായിരിക്കും. ഒരു പുസ്തകം, പതിനായിരം പേര്‍ വായിക്കണമെങ്കില്‍, ചുരുങ്ങിയത് അയ്യായിരം കൊപ്പികളെങ്കിലും അച്ചടിച്ചു വില്‍ക്കണം എന്നതും സത്യമല്ലെന്നുണ്ടോ?

    ReplyDelete
  26. പതിനായിരത്തിനു മീതെ ആളുകൾ എഡിറ്റർ ഇല്ലാതെ സ്വയം പ്രകാശനം നടത്തുന്ന വേദിയായതുകൊണ്ട് ചവറുകൾ ധാരാളമുണ്ടാകും എന്നതിൽ തർക്കമില്ല. പക്ഷേ, മലയാളത്തിൽ എഴുതുകയും, ചിന്തിക്കുകയും ചെയ്യുന്ന ആളുകൾക്കു വംശനാശം വന്നിട്ടില്ല എന്നതിന്റെ സജീവമായ തെളിവു കൂടിയാകുന്നു അത്. nannyi jayetta

    ReplyDelete
  27. വിവരങ്ങള്‍ വായിച്ചറിഞ്ഞതില്‍ സന്തോഷവും...

    പങ്കെടുക്കാന്‍ പറ്റാഞ്ഞതില്‍ സങ്കടവും ..

    ReplyDelete
  28. പരിപാടിക്ക് വന്നിരുന്നു. സംഗീത അക്കാദമി പരിസരത്തെ മരം മുറി പ്രശ്നവുമായി അങ്ങോട്ട്‌ പോകേണ്ടി വന്നതിനാല്‍ അവസാനത്തെ ഒന്ന് രണ്ടു പ്രസംഗങ്ങള്‍ ശ്രവിച്ചില്ല. ഒരു ചര്‍ച്ച ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. സാഹിത്യ അക്കാദമി വിളിച്ചു വരുത്തിയത് തന്നെ വലിയ കാര്യം തന്നെയാണ്.

    ReplyDelete
    Replies
    1. ആളെ പിടികിട്ടാഞ്ഞതുകൊണ്ടും, ഉച്ചയ്ക്കു ശേഷം കാണാതെ പോയതുകൊണ്ടും, പരിചയപ്പെടാൻ കഴിഞ്ഞില്ല.... അടുത്ത കാഴ്ചയിൽ പരിചയപ്പെടണമെന്നുണ്ട്!

      Delete
  29. ഇനി ബ്ലോഗ്ഗേഴ്സ്സാണ് അഖിലലോക സാഹിത്യ
    മണ്ഡലങ്ങളൂടെ ഭാവി നിശ്ചയിക്കുക എന്നാണ് ഈയിടേ
    ലണ്ടനിൽ കൂടിയ ലോകസാഹിത്യവേദി വ്യക്തമാക്കിയത്..!

    പിന്നെ
    മലയാള ബൂലോഗ തുടക്കക്കാരിൽ ഒരാളായിരുന്ന
    എഴുത്തിലൂടെ മായാജാലം കാണിച്ചിരുന്ന സാക്ഷാൽ
    കുട്ടന്മേനോൻ എന്ന മുകളീൽ അഭിപ്രായിച്ച എ.തറയിലിനെ
    ഹബീബിന് പിന്നിൽ തലയിൽ കൈവെച്ചിരിക്കുന്നത് കണ്ടപ്പോൾ
    ആനന്ദം തോന്നി.

    ReplyDelete
    Replies
    1. "മലയാള ബൂലോഗ തുടക്കക്കാരിൽ ഒരാളായിരുന്ന
      എഴുത്തിലൂടെ മായാജാലം കാണിച്ചിരുന്ന സാക്ഷാൽ
      കുട്ടന്മേനോൻ എന്ന മുകളീൽ അഭിപ്രായിച്ച എ.തറയിലിനെ
      ഹബീബിന് പിന്നിൽ തലയിൽ കൈവെച്ചിരിക്കുന്നത് കണ്ടപ്പോൾ
      ആനന്ദം തോന്നി."

      അദ്ദേഹത്തെ മുൻ പരിചയമില്ലായിരുന്നതുകൊണ്ട് ആളെ മനസ്സിലായില്ലായിരുന്നു. ചടങ്ങുതീരും മുൻപ് പോയതുകൊണ്ട് പരിചയപ്പെടാൻ കഴിഞ്ഞുമില്ല! അടുത്ത അവസരത്തിൽ ഇടിച്ചു കയറി പരിചയപ്പെടുന്നതായിരിക്കും!

      Delete
  30. പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, വിശദമായ കുറിപ്പിന് നന്ദി...

    ReplyDelete
  31. മലയാളം ബൂലോകത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ശുഭകരമായ തുടക്കം.

    ReplyDelete
  32. അറിയാത്തതു കൊണ്ടു് എത്തിയില്ല .മുമ്പ് അക്കാഡമി
    സംഘടിപ്പിച്ച ബ്ലോഗ് ശില്പശാലയിൽ പങ്കെടുത്തിരുന്നു.
    ഇതു നല്ലൊരു തുടക്കം തന്നെ. കൂടുതൽ നമുക്കു ചുവടുകൾ
    മുന്നോട്ടു വെയ്ക്കാം

    ReplyDelete
    Replies
    1. സർ, ബ്ലോഗിലും, ഫെസ്യ്സ് ബുക്കിലും പലതവണ ഇതെക്കുറിച്ച് അറിയിപ്പിട്ടിരുന്നു. തിരക്കിൽ സാർ ശ്രദ്ധിക്കാതെ പോയതാവും. ഫോൺ നമ്പർ തന്നാൽ, ഇനി ഇങ്നഗ്നെ എന്തെങ്കിലും എന്റെ ശ്രദ്ധയിൽ പെട്ടാൽ വിളിച്ചറിയിക്കാം.

      Delete