Thursday, July 21, 2011

ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!

നെഗറ്റീവ് റിവ്യൂസ് ആണെന്നു കേട്ട് കാണാൻ മടിച്ച പടമാണ് ചാപ്പാ കുരിശ്. ബൂലോകത്തു വന്ന മിക്ക റിവ്യൂസും പ്രോത്സാഹജനകമായിരുന്നില്ല. സുഹൃത്തുക്കളാരും ഇതു കാണണം എന്നു വിളിച്ചു പറഞ്ഞുമില്ല. അങ്ങനെയിരിക്കെയാണ് ചില ‘ഗ്രഹനില’കളുടെ പ്രത്യേക ഗൂഢാലോചനകാരണം ബ്ലോഗർ ചാണ്ടിക്കുഞ്ഞും, ഞാനും ഒരുമിച്ച് എറണാകുളം സവിതയിൽ നിന്ന് ഈ ചിത്രം ഇന്നു കണ്ടത്.

സിനിമ കണ്ടശേഷം നെറ്റിൽ ചില റിവ്യൂസ് വായിച്ചു. അപ്പോഴാണ് 21 ഗ്രാംസ് എന്ന സിനിമയുടെ കോപ്പി ആണെന്നും അല്ല അതിന്റെ പോസ്റ്റർ വാചകം അതേപടി ഉപയോഗിച്ചു (How much does guilt weigh?) എന്നേ ഉള്ളൂ എന്നും, അതുമല്ല ഹാൻഡ് ഫോൺ എന്ന കൊറിയൻ സിനിമയുടെ പകർപ്പാണ് ഈ ചിത്രമെന്നും ഒക്കെ വായിച്ചത്!

സത്യം പറയാമല്ലോ ഇതുവരെ സിനിമാ നിരൂപണം എഴുതിയിട്ടില്ല എങ്കിലും, ഈ ചിത്രത്തെക്കുറിച്ച് നാലുവാക്ക് എഴുതണം എന്ന് ഇപ്പോൾ എനിക്കു തോന്നുന്നു!

കാരണം മറ്റൊന്നുമല്ല, ചാപ്പാ കുരിശ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാൻ.... ഈ പടം വ്യത്യസ്തമാണ്. ഞാൻ മുൻപ് കാണാത്ത പ്രമേയം, അവതരണ രീതി....


ഹൈപ്പ് ചെയ്യപ്പെടുന്ന ഏതൊരു ചിത്രത്തിനും സംഭവിക്കുന്ന ദുരന്തമാണ് ഈ സിനിമയ്ക്കും പിടിപെട്ടത് എന്നു തോന്നുന്നു. ‘ട്രാഫിക്കി’ന്റെ നിർമ്മാതാവിൽ നിന്നും ട്രാഫിക് പോലൊരു സിനിമ പ്രതീക്ഷിച്ചു ചെന്ന പ്രേക്ഷകർക്ക് അതുപോലൊരു സിനിമ കിട്ടിയില്ല എന്നതാണ് ഈ സിനിമയുടെ പരാജയവും വിജയവും!

എനിക്ക് ഇതിന്റെ പൊസിറ്റീവ് വശങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താല്പര്യം.



1. ഫഹദ് ഫാസിൽ : അസ്തമിച്ചുപോയ ഒരു അഭിനയജീവിതത്തിന്റെ പുനർജനി. ഇന്നത്തെ കോർപ്പറേറ്റ് യുവത്വത്തിന്റെ പ്രതിനിധിയായി, സാമാന്യം നല്ല നിയന്ത്രണത്തോടെയുള്ള അഭിനയം കാഴ്ചവച്ചു. ഇംഗ്ലീഷ് സുലഭമായി ഉപയോഗിക്കുമ്പോഴും അത് ഒട്ടും അരോചകമായി തോന്നിയില്ല. പൊട്ടിത്തെറിക്കുമ്പോഴും, പൊട്ടിക്കരയുമ്പോഴും അയാൾ പ്രകടിപ്പിച്ച നിയന്ത്രണം അതിശയിപ്പിച്ചു. പ്രത്യേകിച്ചും വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച ആൾ എന്ന നിലയിൽ. ‘കയ്യെത്തും ദൂരത്ത് ’ നിന്ന് കണ്ണെത്താദൂരത്തോളം യാത്ര ചെയ്യാൻ അഭിനയ രംഗത്ത് സാധിക്കട്ടെ ഈ യുവാവിന്! ഭാവി മലയാള സിനിമയിൽ ഫഹദ് ഒരു സാന്നിധ്യം തന്നെയാകും എന്ന് മനസ്സു പറയുന്നു.
(സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ്)

2. വിനീത് ശ്രീനിവാസൻ: ഫഹദിനോളം ഇളകിയാടാൻ അവസരമില്ലെങ്കിലും തന്റെ റോളിനോട് നീതി പുലർത്തി. ഒരു സിനിമ മുഴുവൻ സബ്‌ഡ്യൂഡ് ആയി നിൽക്കേണ്ടി വരിക എന്നത് ഒരാൾക്കും അത്ര എളുപ്പമുള്ള സംഗതിയല്ല. ഒരല്പം ഓവർ ആയിരുന്നെങ്കിൽ വിനീതിന്റെ റോൾ പാളിപ്പോയേനെ. അതു സംഭവിച്ചില്ല. അതുകൊണ്ടു തന്നെ അയാൾ അഭിനന്ദനം അർഹിക്കുന്നു. (നടൻ എന്നതിനേക്കാൾ ഭാവിയിൽ ഒരു സംവിധായകൻ ആയി തിളങ്ങാൻ കഴിയും എന്നു കരുതുന്നു.)

3. രമ്യ നമ്പീശൻ : ഈ സിനിമയുടെ താരം! പുതു നായികമാരിൽ, ബോൾഡ് ആയി അഭിനയിക്കാൻ (വൾഗർ ആകാതെ തന്നെ) ഇത്രയും ബോൾഡ്‌നെസ് കാണിച്ച ഒരു നായിക നടി മലയാളത്തിൽ ഇല്ല. തന്റെ ലുക്കിലും, മെയ്ക്ക് അപ്പിലും, മെയ്ക്ക് ഓവറിലും എക്സലന്റ് ആയി രമ്യ, ഈ പടത്തിൽ. ഇന്നുള്ള മലയാള നായികമാരിൽ ഏറ്റവും ‘ഇവോൾവ്’ ചെയ്ത നടി. തമിഴകവും, തെലുങ്കും കടന്ന് ഹിന്ദി സിനിമ കീഴടക്കും ഈ പെൺ കുട്ടി!





4. സമീർ താഹിർ: കൊള്ളാവുന്ന തിരക്കഥ കിട്ടിയാൽ ഭാവിയുള്ള സംവിധായകൻ. ഇരുട്ടും, വെളിച്ചവും, ദൃശ്യവിന്യാസങ്ങളും സമന്വയിപ്പിക്കാൻ അറിയുന്നയാൾ. മിടുക്കൻ.

5. ലിസ്റ്റിൻ സ്റ്റീഫൻ: മലയാളം കാത്തിരുന്ന നിർമ്മാതാവ്. ഇനിയും പുതുമയുള്ള ചിത്രങ്ങൾ നിർമ്മിക്കട്ടെ.


ആശയം കടം കൊണ്ടു എന്നതൊഴിച്ചാൽ, ഈ സിനിമയിൽ ഞാൻ ഒറ്റ കുറവേ കാണുന്നുള്ളൂ - ഇതിന്റെ ദൈർഘ്യം. ഒന്നരമണിക്കൂർ നീളമുള്ളതായിരുന്നു ഈ സിനിമയെങ്കിൽ ക്ലാസിക്ക്  ആയേനേ!


അതുകൊണ്ട് വ്യത്യസ്തതയുള്ള സിനിമ കാണണം എന്നാഗ്രഹമുള്ളവർ ധൈര്യമായി പോയി കാണൂ...

കാണാൻ പോകുന്നവർ ഇടവേളയ്ക്കു മുൻപ് അല്പം ഇഴച്ചിൽ ഉള്ള സിനിമയാണെന്ന മൈനസ് പൊയിന്റ് ഉണ്ട് എന്ന ബോധത്തോടെ പോകണം എന്നതേ ഉള്ളൂ. നിരാശരാകേണ്ടി വരില്ല!



അടിക്കുറിപ്പ്:കഴിഞ്ഞയാഴ്ച സോൾട്ട് ആൻഡ് പെപ്പർ കണ്ടു. ഇഷ്ടപ്പെട്ടു. അതെക്കുറിച്ച് എന്തെങ്കിലും എഴുതിയാലോ എന്നു ചിന്തിച്ചപ്പോഴേക്കും തുരുതുരാ ‘റേവ്’ റിവ്യൂസ്! ഈയാഴ്ച അങ്ങനെ യാതൊരു ചിന്തയുമില്ലാതിരുന്ന ഞാനാ.....
രണ്ടു പടത്തിലും പാട്ടു ബാൻഡിന്റെ പേര് ‘അവിയൽ’! എന്റെ ബ്ലോഗു കണ്ട് ഇട്ട പേരാണോ എന്നു ശങ്കിച്ചപ്പോൾ ഒരു സുഹൃത്തു പറഞ്ഞു “ഞെളിയണ്ട... അവർ എട്ടു പത്തുകൊല്ലമായി ഉള്ള ബാൻഡാ..!”

56 comments:

  1. ശേഷം ഭാഗങ്ങൾ സ്ക്രീനിൽ എന്നുള്ളത് ഫഹദ് ഫാസിൽ, രമ്യ നമ്പീശൻ, വിനീത് ശ്രീനിവാസൻ എന്നിവരുടെ ഭാവിപ്രകടനങ്ങളെക്കുറിച്ചാണ്. മലയാളത്തിൽ ഉയർന്നു വരുന്ന മറ്റു യുവതാരങ്ങൾക്കൊപ്പം ഇവരും ഉയരും എന്ന കാര്യത്തിൽ തർക്കമില്ല.

    ReplyDelete
  2. സിനിമ കാണാന്‍ പറ്റിയിട്ടില്ല.
    വായിച്ചു കൊള്ളാം. നല്ലതിരകഥ ഇല്ലാത്തത് തന്നെയാണ് നല്ല സിനിമകള്‍ ഉണ്ടാവത്തത്തിനു കാരണം.
    വിനീത് ശ്രീനിവാസൻ-നടൻ എന്നതിനേക്കാൾ ഭാവിയിൽ ഒരു സംവിധായകൻ ആയി തിളങ്ങാൻ കഴിയും എന്നു കരുതുന്നു.

    ReplyDelete
  3. ചാപ്പാ കുരിശ്...!!! എന്തൊരു പേരപ്പാ.....!!!! ഒന്ന് കാണട്ടെ

    ReplyDelete
  4. ഞങ്ങള്‍ ആലപ്പുഴക്കാരും ചേര്‍ത്തല ക്കാരും ഒക്കെ ഇനി സിനിമയില്‍ ഒരു കലക്കാ കലക്കും ഡോക്റ്ററെ ...:)

    ReplyDelete
  5. നമസ്കാരം ഡോ.സാര്‍...മീറ്റ് കഴിഞ്ഞു വിളിക്കാന്‍ പറ്റിയില്ല. പോരും മുന്‍പും....പ്രവാസജീവിതം തുടങ്ങുവേം ചെയ്തു..

    പോസ്റ്റ്‌ വായിക്കും മുന്‍പ് ഞാന്‍ ഒരു കാര്യം ഉറപ്പുവരുത്തി...കഥയെ പറ്റി ഒന്നും എഴുതിയിട്ടില്ല എന്ന്...അതിനു നന്ദി..കഥ അറിഞ്ഞിട്ടു പടം കാണാന്‍ എന്താണ് ഒരു രസം..

    ചാപ്പാ കുരിശു കാണാന്‍ ഉദ്ദേശിച്ചിട്ടുള്ള ഒരു ചിത്രമായതിനാല്‍ റിവ്യൂ ഒന്നും വായിച്ചില്ല..സാധാരണ പടം കാണാന്‍ പ്ലാന്‍ ഉണ്ടായാല്‍, പടം കണ്ടിട്ടാണ് വായന ഉണ്ടാകുക..പടത്തിന്റെ രസച്ചരട് പൊട്ടരുതല്ലോ!

    സിനിമയുടെ ആദ്യത്തെ ഷോ കഴിഞ്ഞു പത്തു മിനിട്ടിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന നിരൂപണക്കാര്‍ കുറെ പേര്‍ ഉണ്ട്...സത്യത്തില്‍ ഈ ഒരു വ്യവസായത്തെ തന്നെ കൊല്ലുകയല്ലെ ഇവര്‍ ചെയ്യുന്നത്. ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ അത്യധ്വാനം വെറുതെ ആക്കുന്ന ഒരു പരിപാടി...ഇത് ബൂലോകത്തെ ഒരു ചീത്ത പ്രവണത ആയിട്ടാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.

    എല്ലാ ആശംസകളും..

    (അവധി ആഖോഷിക്കുന്ന ചാണ്ടിച്ചനോട് അസൂയയും !)

    ReplyDelete
  6. ഈ സിനിമ കൊള്ളാം എന്ന് കേട്ടു. ബാക്കി കണ്ടിട്ട് പറയാം

    ReplyDelete
  7. ഞാൻ സിനിമ കണ്ടതിനു ശേഷം പറയാം ട്ടോ..

    ReplyDelete
  8. സവിതയില്‍ പടം കണ്ടപ്പോ, പഴയ കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോയി ഞങ്ങള്‍ രണ്ടു പേരും...
    വൈദ്യരേ...പടത്തിനു ആ പേര് എങ്ങനെ വന്നെന്നു മാത്രം മനസ്സിലായില്ല...കുരിശു ചാപ്പ കുത്തിയെന്നോ മറ്റോ ആണോ??
    ശശിയേട്ടാ...ഞാന്‍ പതിനഞ്ചിന് മൊബൈലില്‍ ഒരുപാട് വിളിച്ചു നോക്കി....കിട്ടിയില്ല :-(

    ReplyDelete
  9. റിവ്യൂകൾ വായിച്ചു തൃപ്തിപ്പെടുക എന്നതാണു ഒരുപാട് വർഷങ്ങളായുള്ള സിനിമാ ആസ്വാദനം. വല്ലാതെ കൊട്ടിഘോഷിക്കപ്പെടുന്ന ചിലവ കാണും.

    എന്തായാലും ഒരു പുതിയ സിനിമാ നിരൂപകനെ ബൂലോകത്ത് കിട്ടിയല്ലോ.
    :)

    ReplyDelete
  10. ഈ ചിത്രം എനിക്കും ഇഷ്ടപ്പെടും. കാരണം ജയന് ഇതിഷ്ടപ്പെട്ടു. :)

    ReplyDelete
  11. ഹാവൂ ആശ്വാസമായി .... ഏറെ പ്രതീക്ഷയോടെ നോക്കി ഇരിക്കുവായിരുന്നു ഇതിന്റെ റിവ്യൂസ്. പക്ഷെ മുന്‍പ് വായിച്ച റിവ്യൂസ് എല്ലാം പടം വിചാരിച്ചത്ര പോര എന്നായിരുന്നു പറഞ്ഞത് . അതോടെ സങ്കടമായി , ഇവിടെയാണെങ്കില്‍ കാണാനും നിവൃത്തിയില്ലല്ലോ... ഇത്തരം പടങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഇനിയും മലയാളത്തില്‍ പുതുമ പരീക്ഷിക്കാന്‍ ആളുകള്‍ മടിക്കും . ഈ നല്ല റിവ്യൂനു നന്ദി ഡോക്ടറെ :) (പിന്നെ ഈ ബ്ലോഗിന്റെ പേര് ആദ്യം കണ്ടപ്പോ ഞാന്‍ കരുതിയത്‌ ഡോക്ടര്‍ക്ക് അവരുടെ ബ്രാന്‍ഡ്‌ നെയിം ഇഷ്ടായത് കൊണ്ട് കോപ്പിയടിച്ചതാന്നാ... :) അയ്യോ അടിയുണ്ടാക്കാന്‍ വരല്ലേ.... ഇപ്പോഴല്ലേ അറിയുന്നത് അങ്ങനൊന്ന് ഉണ്ടെന്നു അറിയുകപോലും ചെയ്യാതെ ഇട്ട പേരാ അവിയല്‍ എന്ന് ! :))

    ReplyDelete
  12. ഡോക്ടർ സാർ - മീറ്റ് വീഡിയോ ഒന്നാം ഭാഗം ഇട്ടിട്ടുണ്ട് ട്ടോ http://kaarnorscorner.blogspot.com/2011/07/blog-post_21.html

    ReplyDelete
  13. റ്റോംസ്
    ആദ്യകമന്റിനു നന്ദി!
    അതിവിദഗ്ധമായ തിരക്കഥ ഈ ചിത്രത്തിനില്ല എന്നതാണ് സത്യം.
    അതുകൊണ്ടാണ് ഇടവേളയ്ക്കു മുൻപ് അല്പം ഇഴച്ചിൽ ഉണ്ടായത്.
    എന്നാലും സാഗർ ഏല്യാസ് ജാക്കി, ദ ട്രെയിൻ, തുടങ്ങിയ എത്രയോ ചിത്രങ്ങളേക്കാൾ ഭേദം!


    അജിത്ത്
    ഹ!!
    വല്ലാത്ത പേരാ മാഷേ!

    രമേശ് അരൂർ
    കലക്ക് കലക്ക്! ആ പറോ!

    വില്ലേജ് മാൻ
    അതെ.
    മനപ്പൂർവമാണ് കഥയോ, കഥാ തന്തുവോ ഇവിടെ കൊടുക്കാഞ്ഞത്. മാത്രവുമല്ല ഇത് ഒരു നിരൂപണം അല്ലല്ലോ. വ്യത്യസ്തമായി വന്ന ഒരു പടത്തിനുള്ള പ്രോത്സാഹനം മാത്രം!

    ഹഫീസ്
    കാണൂ... ഫസ്റ്റ് ഹാഫ് അല്പം ഇഴയും എന്ന് മുന്നറിയിപ്പ്!

    യൂസുഫ്പ
    കണ്ടശേഷം കമന്റ്ണേ!


    ചാണ്ടിച്ചാ...!
    പറയാൻ മറന്നു പോയി.
    Head or tails എന്നതിന്റെ ഫോർട്ട് കൊച്ചിയിലെ പ്രയോഗമാണ് ചാപ്പാ - കുരിശ്! ഇത് പല പത്രങ്ങളിലും വന്നതുകൊണ്ടാണ് ഞാൻ എഴുതാഞ്ഞത്.

    അനിൽ@ബ്ലോഗ്
    അയ്യോ....!
    നിരൂപകൻ അല്ല; സാദാ പ്രേക്ഷകൻ മാത്രം!
    പൊറോട്ടയും ഇറച്ചിയും തിന്നു മടുത്ത്, വല്ലപ്പോഴും അല്പം കഞ്ഞിയും ചമ്മന്തിയും... അല്ലെങ്കിൽ ചോറും മീൻ കരിയും അവിയലും... ഒക്കെ തിന്നാൻ കൊതിക്കുന്ന മനുഷേൻ!

    ReplyDelete
  14. വിശാലമനസ്കൻ
    ആ കമന്റിൽ ഞാൻ വീണു!
    I am floored!

    ലിപി രഞ്ജു
    സത്യത്തിൽ ഒരു റോക്ക് ബാൻഡിന് ‘അവിയൽ’ എന്നു പേരിടും എന്ന് ഒരൂഹവും ഉണ്ടായിരിന്നില്ല! വല്ല ന്യൂഡിൽസ്...ബർഗർ....ചിക്കൻ 65 എന്നൊക്കെ പ്രതീക്ഷിച്ചാലും ഇത്ര നാടൻ രുചിയും മണവുമുള്ള പേര് അവരിടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല! അവരുടെ പാട്ടിനോട് വലിയ കമ്പം ഇല്ലെങ്കിലും ആ പേരിടാൻ വർഷങ്ങൾക്കു മുൻപെ തയ്യാറായതിന് ഈ ‘അവിയൽ’ പ്രേമിയുടെ നന്ദി!

    നന്ദി, എല്ലാവർക്കും.
    അപ്പോ പടം കാണണട്ടോ!


    കാർന്നോരേ,
    നോക്കാം!

    ReplyDelete
  15. "ബൂലോകത്തു വന്ന മിക്ക റിവ്യൂസും പ്രോത്സാഹജനകമായിരുന്നില്ല"

    തെറ്റ്! ആരു പറഞ്ഞു അങ്ങിനെ ബൂലോകത്ത് ഉണ്ടായില്ല എന്ന്? കണ്ടില്ല എന്നു പറയൂ. നല്ലൊരു റിവ്യൂ വായനക്ക് ഈ ബ്ലോഗ് സജസ്റ്റ് ചെയ്യുന്നു :
    http://m3db.blogspot.com/2011/07/blog-post_17.html


    “സുഹൃത്തുക്കളാരും ഇതു കാണണം എന്നു വിളിച്ചു പറഞ്ഞുമില്ല“

    എന്തേ വിളിച്ചു ചോദിച്ചില്ല?? സിനിമയുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ സിനിമ താല്പര്യ പൂര്‍വ്വം ആദ്യ ദിവസങ്ങളില്‍ കാണുന്ന എത്രയോ ബ്ലോഗര്‍മാരുണ്ട്? അതില്‍ തന്നെ എത്രയോ പേര്‍ എറണാകുളത്തും പരിസരപ്രദേശത്തുമായുണ്ട്? വിളിക്കാഞ്ഞതും അന്വേഷിക്കാഞ്ഞതും ഡോക്ടറുടെ തെറ്റ് ;)

    അപ്പോ ചാപ്പാ കുരിശു ഇഷ്ടപ്പെട്ടവരില്‍ മറ്റൊരാള്‍ കൂടി. എനികും ഇഷ്ടപ്പെട്ടു. ചില അല്ലറചില്ലറ കുറവുകള്‍ (ആദ്യപടമാണേന്നോര്‍ക്കണം) കണ്ടെടൂക്കാമെങ്കിലും ഡീഫറന്റ് അറ്റെമ്പ്റ്റ്, ഡിഫറന്റ് മേക്കിങ്ങ്.

    ReplyDelete
  16. ഫഹദ്‌ ഫാസിൽ എന്നാൽ നമ്മുടെ 'കൈയെത്തും ദൂരത്ത്‌' ഫൈം തന്നെ അല്ലേ? ഞാൻ അദ്ദേഹത്തെ പണ്ടേ എഴുത്‌ തള്ളിയതായിരുന്നല്ലോ, വൈദ്യരേ? ഇനിയിപ്പോൾ ഇത്‌ കണ്ടേ തീരൂ.
    കഥയുടേ തന്തുവും,ബീജവുമൊന്നും റിവ്യൂയിൽ ടച്ച്‌ ചെയ്യാത്തത്‌ ഏതായാലും നന്നായി.

    ReplyDelete
  17. ഡോക്ടര്‍ കുറിച്ച് തന്നതല്ലേ ദുഫായില്‍ വന്നാല്‍ ഞാനും കാണും !!

    ReplyDelete
  18. ഈ സിനിമയിൽ ഞാൻ ഒറ്റ കുറവേ കാണുന്നുള്ളൂ - ഇതിന്റെ ദൈർഘ്യം. ഒന്നരമണിക്കൂർ നീളമുള്ളതായിരുന്നു ഈ സിനിമയെങ്കിൽ ക്ലാസിക്ക് ആയേനേ! കാണാൻ പോകുന്നവർ ഇടവേളയ്ക്കു മുൻപ് അല്പം ഇഴച്ചിൽ ഉള്ള സിനിമയാണെന്ന മൈനസ് പൊയിന്റ് ഉണ്ട് എന്ന ബോധത്തോടെ പോകണം എന്നതേ ഉള്ളൂ.

    എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ ഏറ്റവും വലിയ കുറവും ഇതുതന്നെ. ഡോൿടർ അടക്കം നല്ലത് പറയുന്നവർ എല്ലാവരും തന്നെ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഞാൻ ഈ ചിത്രം ഇഷ്ടപ്പെടാതിരിക്കാനുള്ള പ്രധാന കാരണവും അതുതന്നെ. വ്യത്യസ്തതയും പുതുമയും അതുപോലുള്ള കാര്യങ്ങളുമൊക്കെ പ്രോത്സാഹിപ്പിക്കാം. പക്ഷെ, തിരിച്ചിങ്ങോട്ട് പ്രേക്ഷകനെ ബോറടിപ്പിക്കരുത് എന്ന ഒരു കാര്യം സിനിമ ഉണ്ടാക്കുന്നവരും പാലിക്കാൻ നോക്കണം. കോപ്പിയടിയൊന്നും എന്നെ ബാധിച്ചിട്ടേയില്ല.

    ReplyDelete
  19. ഇങ്ങനെയാണ് റിവ്യൂ എഴുതേണ്ടത് എന്നു ഞാന്‍ പറയും, കാരണം സിനിമ കാണാന്‍ പോകുമ്പോള്‍ ആകാംഷ വേണം കഥയെ പറ്റി യാതൊരു അറിവും ഉണ്ടാവരുത്. അങ്ങിനെയെങ്കില്‍ ശരിക്കും സ്വന്തമായി ആസ്വദിക്കാന്‍ പറ്റും

    ReplyDelete
  20. നന്ദകുമാർ
    “ബൂലോകത്തു വന്ന മിക്ക റിവ്യൂസും പ്രോത്സാഹജനകമായിരുന്നില്ല"
    ” എന്നേ ഞാൻ പറഞ്ഞുള്ളൂ ഫഗവാനേ! ‘മിക്ക’ എന്നു വച്ചാൽ എല്ലാം എന്നല്ലല്ലോ.

    എന്തായാലും ആ റിവ്യൂ നോക്കാം.


    ബിജു ഡേവിസ്
    അതെ. എഴുതിത്തള്ളിയ ഒരു നടന്റെ പുനർജനി!
    അതൊന്നു കണ്ടു നോക്കൂ!

    ഒരു ദുബായിക്കാരൻ
    അപ്പോ ശരി! കണ്ടു നോക്കൂ.

    നിരക്ഷരൻ
    സിനിമ ആളുകൾ കാണുന്നത് പല പേഴ്സ്പെക്റ്റീവുകളിലൂടെയാണ്. വ്യത്യസ്തത പരിഗണിച്ചാൽ ഈ പടത്തിലെ ആദ്യപകുതിയിലെ ഇഴച്ചിൽ പൊരുക്കാവുന്നതാണ് എന്നാനെനിക്കു തോന്നുന്നത്.
    തിയേറ്ററിൽ രണ്ടര മണിക്കൂർ ഉല്ലസിക്കാൻ പറ്റിയ സിനിമയല്ല ഇത്. പക്ഷെ സിനിമ നിലനിൽക്കാൻ ഇത്തരം ചിത്രങ്ങളും വേണം. കൂടിയേ തീരൂ.

    ട്രാഫിക് - സോൾട്ട് & പെപ്പർ - ചാപ്പാ കുരിശ് എന്നീ സിനിമകൾക്കു ശേഷം മലയാളസിനിമയുടെ ഗതി തന്നെ മാറും എന്നാണെന്റെ പ്രതീക്ഷ.

    പുതിയ മുഖങ്ങളും, ദൃശ്യങ്ങളും, ഉദ്വേഗങ്ങളും, നൊമ്പരങ്ങളും, പൊട്ടിച്ചിരികളും തിരശ്ശീലയിൽ വിടരാൻ കാലമായി എന്ന വിളംബരമാണ് ഈ ചിത്രങ്ങൾ നൽകുന്നത്.


    മൊട്ടമനോജ്
    വളരെ സന്തോഷം.
    പടം കാണൂ, വിലയിരുത്തൂ!

    ReplyDelete
  21. ഏതായാലും ചാപ്പ കുരിശു കണ്ടുകളയാം..കുറച്ചു സ്ലോ ആണ് എന്നാണ് ഞാന്‍ കേട്ട ഒരു പോരായ്മ..കേട്ടറിവേ ഒള്ളു കണ്ടറിവില്ല...
    thanks for this review.

    ReplyDelete
  22. Agree with you in two points completely: If this movie was only 60 or 80 minutes, it would have been a different movie.
    With a good script, this director would make a classic. Because scene by scene, he still has excelled in this movie

    Vineeth Sreenivasan, unfortunately, is a miscast. We still need to learn from Tamil, how to cast the right guy.

    ReplyDelete
  23. @ ഡോൿടർ - സിനിമ നിലനിൽക്കട്ടെ എന്ന് കരുതി അതിനെ പ്രോത്സാഹിപ്പിക്കാനല്ലേ ഭാര്യയോടൊപ്പം 10 വയസ്സ് മാത്രം പ്രായമുള്ള മകൾക്കും ടിക്കറ്റെടുത്ത് ആദ്യദിവസം തന്നെ കാണാൻ പോയത്. സിനിമയിൽ ഒരു ചുംബനരംഗം ഉണ്ടെന്നുള്ളത് അറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്. നേരിട്ട് കണ്മുന്നിൽ നിരന്തരം അത്തരം രംഗങ്ങൾ അവൾ കണ്ടിട്ടുണ്ട്, അതേപ്പറ്റി ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്, മറ്റൊരു രാജ്യത്ത് ജീവിക്കുന്ന കാലത്ത്. അതുകൊണ്ട് എനിക്കതിൽ തീരെ ആശങ്ക ഉണ്ടായിരുന്നില്ല.

    പക്ഷെ അങ്ങനെ വരുന്ന പ്രേക്ഷക സമൂഹത്തെ സിനിമ തൃപ്തിപ്പെടുത്തുന്നില്ലല്ലോ ? അപ്പോൾ അവർ തള്ളിപ്പറയുന്നത് സ്വാഭാവികം. ട്രാഫിക്കിന്റെ ലേബലിലുള്ള പ്രമോഷനാണ് ഒരുതരത്തിൽ ഈ കുഴപ്പം ഉണ്ടാക്കിയത്. പരീക്ഷണ ചിത്രം എന്നതൊക്കെ ശരി. അങ്ങനാകുമ്പോൾ ഒരു പരീക്ഷണ ചിത്രത്തിന് എന്നെപ്പോലുള്ള കുടുംബപ്രേക്ഷകർ പറയുന്ന വിമർശനങ്ങളും പരീക്ഷണങ്ങളാകും :)

    എന്തായാലും ഇതിന്റെ ചുവട് പിടിച്ച് അടൂർ ഗോപാലകൃഷ്ണൻ തന്റെ വലിഞ്ഞിഴയുന്ന ചിത്രസംവിധാന-നിർമ്മാണ രീതിയിൽ കുറച്ച് വ്യത്യാസങ്ങൾ (പശ്ചാത്തലസംഗീതം, ക്യാമറ എന്നിവയിൽ) വരുത്തിയാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും കുറേക്കൂടെ സ്വീകാര്യത കൈവന്നേക്കും. വലിഞ്ഞിഴയൽ തന്നെയാണല്ലോ അദ്ദേഹത്തിന്റെ ചിത്രങ്ങളുടേയും പ്രധാന പോരായ്മയായി കരുതി ജനം തഴഞ്ഞുകൊണ്ടിരിക്കുന്നത് :)

    ReplyDelete
  24. ദോശ ഉണ്ടാക്കിയ കഥ കണ്ടുകളായാൻ ഇറങ്ങിയ ഞാൻ ടിക്കറ്റുകിട്ടാതെ പത്മയിൽ നിന്നും സവിതവരെ നടന്നുപോയി കണ്ടയാളാണൂ ഞാൻ . ഇഴച്ചിൽ ചിലയിടങ്ങളിൽ വല്ലാതെ മുഷിപ്പിച്ചു എന്നതു സത്യം . ആദ്യപടം എന്നു കരുതി സമാധാനിക്കാം .എന്നാലും വർഷങ്ങളായി ഇഴയിപ്പിക്കുന്ന ആളുടെ കാര്യമല്ലെ നിരക്ഷരൻ‌ജി പറഞ്ഞിരിക്കുന്നത് !
    ത്രില്ലർ ആയില്ലെങ്കിലും യാഥാർത്ഥ്യങ്ങളോട് (അത് സമൂഹത്തിന്റെ ഇരുണ്ടവശമാണെങ്കിൽ കൂടി) ഏറെ നീതിപുലർത്തി ഈ കുരിശ് . ഫഹദിനെ അന്നു തള്ളാൻ കാരണം അങ്ങേരുടെ അപ്പൻസ് തന്നെ ആയിരുന്നല്ലോ . എന്തായാലും പ്രതീക്ഷയർപ്പിക്കവുന്ന അഭിനേതാവു തന്നെയാണ് അദ്ദേഹം .

    ReplyDelete
  25. അങ്ങനെ കുരിശായിട്ട് ഒരു കഷണം കൂടി അവിയലിൽ വീണു.
    എന്തൊരു യോഗ അല്ല യോഗം.
    കുഴപ്പമില്ല ടേസ്റ്റിനു വലിയ മാറ്റമൊന്നുമില്ല.

    ReplyDelete
  26. ചാപ്പ -കുരിശു എന്നത് എന്റെയൊക്കെ കുട്ടിക്കാലത്ത് കൊച്ചി -തിരുവിതാങ്കൂര്‍ വടക്കേ അറ്റം (അരൂര്‍ മേഖല ) എന്നിവിടങ്ങളിലെ ആളുകളുടെ നാട്ടിന്‍ പുറ വിനോദം (ചൂതാട്ടവും ആണ് ) ആയിരുന്നു ,ചെമ്പില്‍ നിര്‍മിച്ച തിളക്കമുള്ള രണ്ടു ഒറ്റ പൈസകള്‍ ഒരു കുഞ്ഞു തട്ടത്തില്‍ വച്ച് മേലോട്ട് എറിഞ്ഞു താഴ വീഴുമ്പോള്‍ കിട്ടുന്ന ഭാഗം തലയുള്ള ഭാഗം ചാപ്പയും അക്കം എഴുതിയ വശം കുരിശും ആണ് .ചാപ്പ കിട്ടിയാല്‍ കളി നേടി എന്നും കുരിശു വന്നാല്‍ നഷ്ടപ്പെട്ടു എന്നും ആണ് നിയമം .ഓണക്കാലത്തൊക്കെ വലിയ കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ ചാപ്പ കളിച്ചു കാശ് നേടി വിജയിച്ചു നില്‍ക്കുന്നവരെ കണ്ടു സന്തോഷം തോന്നിയിട്ടുണ്ട് ,,കുരിശില്‍ വീണു പണം നഷ്ടപ്പെട്ടു പിടയുന്നവരെ കണ്ടു കരഞ്ഞിട്ടും ഉണ്ട് ,,,ഇന്ന് അത്തരം കളികള്‍ ഒന്നും ഇല്ല :(

    ReplyDelete
  27. ആര്‍ട്ട് സിനിമകളില്‍ വരാറുള്ള ഇഴച്ചില്‍ സാധാരണ സിനിമകളില്‍ കണ്ടു വരാറില്ല. കച്ചവട സിനിമകളില്‍ വേഗതക്ക് പ്രാധാന്യം കൊടുക്കാറുണ്ട് . എന്നാല്‍ മലയാള സിനിമകള്‍(മിക്ക ഇന്ത്യന്‍ സിനിമകളും ) കച്ചവട സിനിമകള്‍ക്ക്‌ പ്രത്യേക ഫോര്‍മുല തന്നെയാണ് പരീക്ഷിക്കുന്നത്. അത്തരം സംരംഭങ്ങള്‍ ഒക്കെയും സിനിമയിലേക്ക്‌ കടക്കാറില്ല . ഒരു വ്യത്യാസം തോന്നിയത്‌ ട്രാഫിക്കില്‍ മാത്രമാണ് . അറിഞ്ഞിടത്തോളം സിറ്റി ഓഫ് ഗോഡും അങ്ങനെ തന്നെ .

    ചാപ്പാ കുരിശു ഒട്ടും ബോറടിച്ചില്ല . തീയേറ്ററില്‍ ചില കുരിശുകളുണ്ടായിരുന്നു , അവര്‍ എന്റെ ആസ്വാദനത്തെ അസ്വസ്ഥമാക്കി! . ഈ വര്ഷം ഞാന്‍ കണ്ട സിനിമയില്‍ ഏറ്റവും നന്ന്‍ എന്ന് തോന്നിയതും ഇത് തന്നെ. ഇത് ഒരു ജെനര്‍ സിനിമയല്ല. അതോണ്ട് മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിച്ചു പോയിട്ട് കാര്യവുമില്ല. ട്രാഫിക്‌ നിര്‍മ്മിച്ച ആളിന്റെ എന്നേ പറഞ്ഞിട്ടുള്ളൂ . മറ്റൊരു ത്രില്ലര്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ.

    ജയന്‍ മാഷേ നന്നായി എഴുതി :). സിനിമ ഇഷ്ട്ടപ്പെടുന്നവര്‍ കൂടുതല്‍ ഉണ്ടെന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.

    നിരക്ഷന്‍ മാഷ്‌ എന്തുകൊണ്ടാണ് ഇതൊരു പരീക്ഷണ ചിത്രം ആണെന്ന് പറയുന്നത് ?! അണിയറക്കാര്‍ അങ്ങനെ പറഞ്ഞോ?! സംവിധായകന് പരീക്ഷിച്ചു കളിക്കാന്‍ നിര്‍മ്മാതാവ്‌ പൈസ കൊടുത്തു എന്നാണോ?

    ReplyDelete
  28. ആര്‍ട്ട് ചിത്രം അല്ലായിരുന്നു മനസ്സില്‍ എങ്കില്‍ ഈ ബോറടി (ഇഴഞ്ഞുപോക്ക്)ഒഴിവാക്കാമായിരുന്നു..മിക്ക മലയാള സിനിമ പൊട്ടുന്നതും അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ നേട്ടം കൊയ്യുന്നതും അത് കൊണ്ട് തന്നെ..വ്യത്യസ്തത ചെയ്യുന്നത് സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ നിക്കറു കീറി കൊണ്ടാവരുത്.

    ReplyDelete
  29. റിവ്യൂകള്‍ പലതും വായിച്ചു. അവിടവിടെയായി പോസ്റ്ററുകള്‍ പലതും കണ്ടു. എന്നാലും ഈ ഫഹദ് ഫാസില്‍ എന്നു പറയുന്നത് കയ്യെത്തും ദൂരത്തിലെ ചങ്ങായിയാണെന്ന് ഇപ്പഴല്ലേ പിടി കിട്ടിയത്..

    ഏതായാലും പടം കാണണമെന്നുണ്ട്..

    ReplyDelete
  30. ചിത്രം കണ്ടിട്ടില്ല, ഏതായാലും ഇതു വായിച്ചപ്പോൾ കാണണമെന്നു തോന്നി.

    ReplyDelete
  31. പടം ഇഷ്ടപ്പെട്ടു.നല്ല റിവ്യൂ.

    @ഒടിയൻ:
    "..വ്യത്യസ്തത ചെയ്യുന്നത് സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ നിക്കറു കീറി കൊണ്ടാവരുത്."

    ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ എടുത്ത ഒരു ചിത്രമാണ്‌ ചാപ്പ-കുരിശ്. ഇപ്പോഴെ നിർമ്മാതാവിന്‌ മുടക്കുമുതൽ കിട്ടിക്കഴിഞ്ഞു എന്നാണറിയാൻ കഴിഞ്ഞത്.

    ReplyDelete
  32. ഒടിയാ....

    നിർമ്മാതാവിന്റെ നിക്കർ കീറരുത് എന്നതിൽ ഞാനും യോജിക്കുന്നു.

    എന്നാൽ,

    “സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ ” നിക്കർ കീറിയെന്നു വരും.

    അതിപ്പോ സിനിമയെന്നല്ല, അവനവൻ മുതൽ മുടക്കുന്ന മേഖലയെക്കുറിച്ച് വിവരമില്ലാത്തവന് കൈപൊള്ളും.

    അതുകൊണ്ട്
    സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ നിക്കറാണ് കീറുന്നതെങ്കിൽ എനിക്കു പരാതിയില്ല!

    ഇവിടെ
    ചാപ്പാ കുരിശ് ഇപ്പോൾ തന്നെ ലാഭമായി എന്നാണ് റിപ്പോർട്ടുകൾ.
    ഇന്നലെ എന്റെ ഒരു സിനിമാസുഹൃത്ത് പറഞ്ഞത് രണ്ടാമത്തെ ആഴ്ചയിൽ അഭിപ്രായവും കളക്ഷനും മെച്ചപ്പെട്ടു എന്നാണ്.

    ReplyDelete
  33. ഡോക്ടറെ ഇതാണ് റിവ്യൂ.... :)
    ഇങ്ങനെയാണ് റിവ്യൂ എഴുതേണ്ടത്, വേറെ ചിലര്‍ കഥവരെ റിവ്യൂവില്‍ ഉള്‍പ്പെടുത്തും. ചാപ്പാ കുരിശ് ഈ അടുത്ത കാലത്ത്‌ കണ്ട സിനിമകളില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. കുറച്ച് സ്ലോ ആണ് പടം എന്നത് ശരിതന്നെ എന്നാലും ബോറിംങ്ങ് ആയിട്ടുള്ള സീനുകളോ വളിപ്പ് തമാശകളോ ഒന്നും കുത്തിനിറക്കാന്‍ ശ്രമിച്ചിട്ടില്ല, അവതരണവും അഭിനയവും അഭിനന്ദനാര്‍ഹം തന്നെ... ട്രാഫിക്കും, സാള്‍ട്ട് ആന്‍ഡ്‌ പെപ്പറും, ചാപ്പാ കുരിശും മലയാള സിനിമയുടെ ഒരു മാറ്റത്തിന് തന്നെ കാരണം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
    --------------------------
    @നിരക്ഷരൻ അടുത്ത കാലത്തിറങ്ങിയവയില്‍ ശിക്കാറും, പോക്കിരിരാജയും, ചൈനടൌണ്‍ ഉം ഒക്കെയാണ് കൂടുതല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയത്.... :P

    ReplyDelete
  34. ഡോക്ടറെ....
    റിവ്യൂ കൊള്ളാം..
    :)

    ReplyDelete
  35. @ ഡോൿടർ ജയൻ ഏവൂർ - ഇന്നലെ ഈ കമന്റുറയിൽ ഒരു കമന്റ് വീണിരുന്നു. NANZ - http://www.blogger.com/profile/14039159199462147223 എന്ന ഒരു പ്രൊഫൈലിൽ നിന്ന്. ഫോളോ അപ്പ് ചെയ്യുന്നത് കൊണ്ട് എനിക്കത് മെയിൽ വഴി കിട്ടി. ജീവി കരിവെള്ളൂരിന്റെ കമന്റിന് ശേഷമാണ് അത് വന്നത്. രണ്ട് പ്രാവശ്യം വരുകയും ചെയ്തു. പക്ഷെ ആ കമന്റ് ഇതുവരെ ഇവിടെ കാണുന്നില്ല. അത് എഴുതിയ ആൾ ഡിലീറ്റ് ചെയ്താൽ അതിന്റെ അവശിഷ്ടം ഇവിടെ കാണുമെന്ന് കമന്റുകൾ ഇട്ടും ഡിലീറ്റും ചെയ്ത് ശീലമുള്ളവർക്ക് അറിയാം. കമന്റ് ഡിലീറ്റ് ചെയ്തത് ബ്ലോഗിന്റെ അഡ്‌മിൻ ( ഈ ബ്ലോഗിന്റെ കാര്യത്തിൽ ഡോൿടർ തന്നെ) ആണെങ്കിൽ മാത്രമേ അവശിഷ്ടം പോലും ഇല്ലാതെ ആ കമന്റ് അപ്രത്യക്ഷമാകൂ. അതിന് ശേഷം കൃത്യമായി പറഞ്ഞാൽ 10 കമന്റുകൾ ഇവിടെ വന്നുകഴിഞ്ഞു. പക്ഷെ ആ 2 കമന്റുകൾ മാത്രം ഇവിടെ വന്നിട്ടില്ല. മെയിൽ വഴി വന്നതിന്റെ സ്ക്രീൻ ഷോട്ടും തെളിവുകളുമൊക്കെയായി വരാൻ ഞാൻ തയ്യാറാണ്. അതിന് മുൻപ് ഒന്നറിയണം. ഡോൿടർ ആണോ ആ കമന്റ് ഡിലീറ്റ് ചെയ്തത് ? ആണെങ്കിൽ എന്തിന് ? ഗൂഗിളിന്റെ പ്രശ്നമാണ് അതെന്ന് കരുതാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അങ്ങനാണെങ്കിൽ എന്തുകൊണ്ട് ആ കമന്റ് മാത്രം ഡിലീറ്റ് ചെയ്യപ്പെട്ടു.

    ഞാനിതിവിടെ ചോദിക്കാൻ കാരണമുണ്ട്. ആ കമന്റ് മുഴുവനും എന്റെ നേർക്കായിരുന്നു. അതിന് മറുപടി കൊടുക്കാനുള്ള ബാദ്ധ്യത എനിക്കുണ്ട്. ഒരു സിനിമ വെറും സാധാരണ പ്രേക്ഷകനായ എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ എന്താണാവോ ഇങ്ങനെയൊക്കെ ? എന്തായാലും ഡോൿടറുടെ മറുപടി ഇക്കാര്യത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു.

    ReplyDelete
  36. കൊറിയന്‍ സിനിമയുടെ പകര്‍പ്പാനെങ്കില്‍ ഇതിലെന്താണ് തെറ്റ്....?
    എത്ര മലയാളികള്‍ക്ക്‌ കൊറിയന്‍ ഭാഷ അറിയാം...? അല്ലെങ്കില്‍ എത്ര മലയാളികള്‍ കൊറിയന്‍ സിനിമകള്‍ കാണും.... ?

    ReplyDelete
  37. പാക്കരാ , കഥയെക്കുറിച്ച് സ്പോയിലര്‍ വാണിംഗ് ഇട്ടു പരാമര്‍ശിക്കുന്നതില്‍ തെറ്റില്ല...കഥ അങ്ങനെ തന്നെ എഴുതരുതെന്ന് മാത്രമല്ലേ ഉള്ളു .

    ReplyDelete
  38. @വിനയന്‍ .... :) അതെ റിവ്യൂ വായന സിനിമ ആസ്വാദനത്തെ ഒട്ടും ബാധിക്കരുത് അതാണ് ഞാന്‍ ഉദ്ദേശിച്ചത് :)

    ചില സിനിമയുടെ കഥ മുഴുവന്‍ അറിഞ്ഞാലും ചിലപ്പോള്‍ അത് ആസ്വാദനത്തെ അത്ര അധികം ബാധിക്കണമെന്നില്ല

    ReplyDelete
  39. നിരക്ഷരൻ,

    കമന്റ് ഞാനല്ല ഡിലീറ്റ് ചെയ്തത്....
    എന്റെ ഒരു ബ്ലോഗിലെയും കമന്റുകൾ ഞാൻ മെയിലിൽ ഫോളോ ചെയ്യുന്നില്ല എന്ന കാര്യവും അറിയിച്ചുകൊള്ളട്ടെ.

    ഇനി നാൻസിന്റെ അഭിപ്രായത്തിനായി കാത്തിരിക്കാം.

    ReplyDelete
  40. ഈശ്വരാ......എറണാകുളം സവിത എന്ന് കേട്ടപ്പോഴേ........... ;)

    നാട്ടില്‍‍ മിക്ക പടങ്ങളും കാണാന്‍ പോകുന്നൊരു കൂട്ടുകാരനുണ്ട്. അവനോട് ചോദിച്ചാല്‍ സിനിമയുടെ ഏകദേശ രൂപം പിടികിട്ടും. കാശ് പോയത് മിച്ചം എന്ന് അവന്‍‍ പറഞ്ഞാല്‍ പിന്നെ അന്ന് തന്നെ ഞങ്ങളെല്ലാം കൂടി ആ സിനിമ കണ്ടിരിക്കും, ഇഷ്ടപെടുകേം ചെയ്യും. അതൊക്കെ നാട്ടില്. ഇവ്ടെ ഏത് ഫിലിമും നെറ്റില്‍‍ കിട്ടുമ്പഴാ കാണല്. രണ്ടാഴ്ച കാത്തിരുന്നാ മതി ;) ((( വേറാരും അറിയണ്ട)))

    ReplyDelete
  41. അപ്പൊ ഒന്ന് കാണണം ഇത്
    ഇതില്‍ ഒരു ആത്യാധുനിക ക്യാമറ ഉപയോഗിചിടുണ്ട് എന്നും പറയുന്നു
    ഹൈ റസല്യൂഷന്‍ സ്ലോമോഷന്‍ ക്യാം എന്ന ഒരു സവ്വിധാനത്തില്‍ ഒരു അടിപൊളി പാട്ടുന്‍ ഉണ്ട്
    ആശംസകള്‍

    ReplyDelete
  42. അപ്പോൾ സിനിമയെ നിരൂപിക്കാനും അറിയാം അല്ലേ ഡൊക്ട്ടർക്ക്

    ReplyDelete
  43. തിയറ്ററിൽ സിനിമ കാണുക എന്ന ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ആയി. ഡിവിഡി ഇറങ്ങുമ്പോൾ കാണാം :)

    ReplyDelete
  44. മുന്‍പ് ഞാനിട്ട് കമന്റ് എന്തുകൊണ്ടാണ് കാണാതായത് എന്നെനിക്കറീയില്ല. ഒരു പക്ഷെ സ്പാമില്‍ പോയതാകാം. എനിവേ, ട്രാക്കിങ്ങ് ഉള്ളതു കൊണ്ട് ഈ കമന്റു കൂടി (അപ്രത്യക്ഷമായാലും) നിരക്ഷരനും കാണാന്‍ പറ്റും എന്നു കരുതുന്നു.
    @നിരക്ഷരന്‍, ഞാന്‍ അദ്യമിട്ട (കാണാതായ) കമന്റില്‍ താങ്കള്‍ ശേഷം പറഞ്ഞപോലെ അതിലെ എല്ലാം അഭിപ്രാ‍യവും താങ്കളോടല്ലായിരുന്നു. ‘ഈ സിനിമയുടേ ഏറ്റവും വലിയ കുറവ്” എന്ന് താങ്കള്‍ പറഞ്ഞ ഇഴച്ചിലിനെക്കുറീച്ച് ഞാന്‍ എന്റെ കമന്റിന്റെ ആദ്യ പാരഗ്രാഫിലെ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം ഈ സിനിമയെക്കുറീച്ചും ഇതിനെപ്പറ്റി പൊതുവില്‍ വന്ന അഭിപ്രായങ്ങളെക്കുറീച്ചുമാണ്.
    “ഒരു സിനിമ വെറും സാധാരണ പ്രേക്ഷകനായ എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ “... തീര്‍ച്ചയായും ഒരു പ്രേക്ഷകന്‍ എന്ന നിലക് താങ്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട് അത്പോലെതന്നെ മറ്റൊരു സാദാ പ്രേക്ഷകന്‍ എന്ന നിലക്ക് എനിക്കും, നിരൂപകനായ അബൂബക്കര്‍ക്കും എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും വേറിട്ട വായനയും നിഗമനങ്ങളും പറയാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതിനെ മാനിക്കുന്നു. :)

    എന്റെ മുന്‍ കമന്റ് സിനിമയെക്കുറീച്ച് പൊതുവില്‍ ഉള്ളതായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു, ആദ്യപാരഗ്രാഫൊഴിച്ച്. മുന്‍ കമന്റ് തെറ്റിദ്ധാരണക്ക് കാരണമായെങ്കില്‍ ക്ഷമിക്കണം.

    ReplyDelete
  45. ഡോക്ടര്‍, ചാപ്പ കുരിശ് കണ്ടില്ല. അതുകൊണ്ടു കൂടുതല്‍ എഴുത്താല്‍ കഴിയില്ല. പക്ഷെ താങ്കള്‍ എഴുതിയ രീതി വളരെ മനോഹരമായിരിക്കുന്നു. പ്രത്യേകിച്ച് വാക്കുകളിലെ മിതത്വം.

    ReplyDelete
  46. അഭിപ്രായമെഴുതിയ എല്ലാവർക്കും നന്ദി.

    @നാൻസ്...
    വിശദീകരണത്തിനു പ്രത്യേക നന്ദി.

    സത്യത്തിൽ സ്പാം ഫോൾഡർ ഞാൻ ഇതുവരെ നോക്കിയിട്ടേ ഇല്ലായിരുന്നു. ഇന്നിപ്പോൾ അതു കണ്ടുപിടിച്ചു തുറന്നപ്പോൾ നാൻസിട്ട കമന്റ് (2 തവണ)ഉൾപ്പടെ 8 കമന്റുകൾ സ്പാം ഫോൾഡറിൽ ഉള്ളതായി കണ്ടു.

    ഇനിയിപ്പോൾ എന്റെ പുതിയപോസ്റ്റുകൾ ഒക്കെയും മെയിലിൽ ഫോളോ ചെയ്യാൻ തീരുമാനിച്ചു!

    @ നിരക്ഷരൻ,
    ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അസൌകര്യമുണ്ടായതിൽ ഖേദിക്കുന്നു.

    ReplyDelete
  47. റിവ്യൂ ഒക്കെ കൊള്ളാം
    സത്യം പറ ഡോക്ടറെ എത്ര കിട്ടി ഇതിനു
    ഹ ഹാ :)

    ReplyDelete
  48. @ ഡോൿടർ - കാണാതായ കമന്റ് പൊക്കിയെടുത്തതിന് നന്ദി. സ്വന്തം ബ്ലോഗ് കമന്റുകൾ ഫോളോ ചെയ്യുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ ഡോൿടറുടെ പഴയ ഒരു പോസ്റ്റിൽ ആരെങ്കിലും കമന്റിട്ടാൽ ഡോൿടർ അത് കാണുകയേ ഇല്ല. എല്ലാ പോസ്റ്റിനടിയിലും എല്ലാ പ്രാവശ്യവും പോയി നോക്കുന്നത് പ്രാൿറ്റിക്കൾ അല്ലല്ലോ ?

    @ NANZ - താങ്കൾക്കായി സുദീർഘമായ ഒരു മറുപടി എഴുതി വെച്ചിരുന്നു. അത് അപ്പോഴത്തെ മൂഡ്. ഇപ്പോൾ അത് പോസ്റ്റണമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു കാര്യം മാത്രം പറയുന്നു. സിനിമയെ നിരൂപിക്കാൻ എല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ സിനിമ കാണാൻ പോകുന്ന മറ്റ് പ്രേക്ഷകരെ നിരൂപിക്കുന്നത് നല്ല പ്രവണതയല്ല. അതിനെ സിനിമാ നിരൂപണം എന്നും പറയില്ല അബൂബക്കൽ സോൾട്ട് & പെപ്പറിന്റെ കാര്യത്തിൽ അതാണ് ചെയ്തത്. അത് കേട്ടുനിൽക്കാൻ ബുദ്ധിമുട്ടുണ്ട്. മറ്റ് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യരുത്. അതുകൊണ്ടാണ് അയാൾക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. (അയാൾക്ക് വേണ്ടത് നെഗറ്റീവ് പബ്ലിസിറ്റി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ.)

    ReplyDelete
  49. ഡോൿടർ - സ്പാം ഫോൾഡറിൽ നിന്ന് ആ കമന്റുകൾ വെളിയിലേക്ക് തുറന്ന് വിട്. എന്നാലല്ലേ ഈ കമന്റുറയിൽ വരൂ.

    ReplyDelete
  50. പണ്ട് ഒരു എലി വലതുവശത്തെ കെണിയിലെ ഉണക്കക്കപ്പയോ അതോ ഇടതുവശത്തെ കെണിയിലെ തേങ്ങാപൂള്‍ വേണോ എന്ന് അങ്കലാപ്പില്‍ ആയ പോലെ ഞാന്‍ അബുദാബിയിലെ തീയേറ്ററില്‍ കയറി ഒന്നില്‍ കളിക്കുന്ന ചാപ്പാകുരിശ് എടുക്കണോ അതോ രണ്ടില്‍ കളിക്കുന്ന സാള്‍ട്ട് എന്‍ പേപ്പര്‍ എടുക്കണോ എന്ന് അങ്കലാപ്പില്‍ ആയി നിന്ന്. പിന്നെ രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു. നല്ല പടം. ചാപ്പാ കുരിശ് അപ്പോള്‍ ഇനി കാണാം അല്ലേ. നിങ്ങള്‍ക്ക്‌ പിടിച്ചെങ്കില്‍ പിന്നെ എന്താ സംശയം?

    ReplyDelete
  51. ഇനിയിപ്പോ ഇത് കണ്ടേ പറ്റൂ....

    ReplyDelete
  52. ഇനി കാണാമെന്നു വിചാരിക്കുന്നു

    ReplyDelete
  53. ഡോക്റ്റര്‍,
    ഞാനീ സിനിമ കണ്ടില്ല ; കാണാനുദ്ദേശിച്ചതും അല്ല. പക്ഷേ, താങ്കളുടെ കുറിപ്പ് സിനിമ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നിരൂപണത്തിന്റെ സമീപനം വളരെ നന്നായി.

    കൃതഹസ്തനായ/യായ ഒരു എഡിറ്ററുടെ അഭാവം ആ സിനിമയ്ക്കുണ്ട് എന്നാണോ ?

    ReplyDelete
  54. ഇനിപ്പോ സിനിമ കണ്ടിട്ടു തന്നെ ബാക്കി കാര്യം.

    ReplyDelete
  55. പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു. സിനിമ കണ്ടിട്ടാകാം അഭിപ്രായം എന്ന് കരുതി. എന്തും ഏതും മൊബൈലില്‍ പിടിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാന്‍ - ഒരു ഡോക്ക്യുമെന്ററിക്കോ ലേഖനത്തിനോ കഴിയാത്ത വിധം- ഇത് സഹായിക്കുമെന്ന് കരുതുന്നു. അല്പം ഇഴച്ചില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അത് സഹിക്കാമെന്ന് തോന്നുന്നു.

    ReplyDelete