ചില കാഴ്ചകൾ
സീൻ -1
രണ്ടു വർഷം മുൻപത്തെ മെഡിക്കൽ എൻട്രൻസ് റിസൽറ്റ് വന്ന ദിവസം. ഞാനന്ന് കണ്ണൂരാണ് ജോലി ചെയ്തിരുന്നത്. അവിടെയുള്ള ഒരു പ്രൊഫസർ മകന്റെ റിസൽറ്റ് ഓർത്ത് ആകുലനായി ഇരിക്കുന്നു. പരിയാരത്തുള്ള ഒരു ഇന്റർനെറ്റ് കഫേയിൽ ഞങ്ങൾ രണ്ടാളും കൂടി പോയി. പ്രൊഫസറുടെ മകന്റെ നമ്പർ നോക്കി. രണ്ടായിരത്തിനടുത്താണ് റാങ്ക്. എസ്.സി. റിസർവേഷൻ ഉണ്ട്. അപ്പോൾ മകന് എം.ബി.ബി.എസ് സീറ്റ് ഉറപ്പ്.
നെറ്റ് കഫേ ഉടമ എന്റെ പരിചയക്കാരനാണ്. അയാളുടെ അനിയത്തിയും എഴുതിയിരുന്നു. എന്തായി റിസൽറ്റ് എന്നു ഞാൻ ചോദിച്ചു.
“ഓ... നമ്മൾ മുന്നോക്കമല്ലേ...വലിയ പാടാ..”അയാളുടെ മറുപടി.
“എത്രയാ റാങ്ക്?”
“അത്... അല്പം മോശമാ... ഇരുപത്തിയേഴായിരം!“
പാവം പ്രൊഫസറുടെ മുഖം മങ്ങി.
രണ്ടായിരം റാങ്കു വാങ്ങിയാലും ആളുകൾ പറയും ‘അതു റിസർവേഷനിൽ കിട്ടിയതല്ലേ’ എന്ന്!
സ്വന്തം കുട്ടിയുടെ റാങ്ക് ഇരുപത്തിയേഴായിരം ആയാലും അഭിമാനത്തോടെ പറയും ‘എന്തു ചെയ്യാം, നമ്മൾ മുന്നോക്കമായിപ്പോയില്ലേ’എന്ന്!
സീൻ - 2
എന്റെ അനിയൻ ഹൈ സ്കൂൾ അധ്യാപകനാണ് മലപ്പുറം ജില്ലയിൽ. മൂന്നു വർഷം മുൻപ് ഒരു നാൾ, ക്ലാസിൽ ശ്രദ്ധിക്കാതെ എന്തോ ചെയ്തുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയെ പിടികൂടി. പെട്ടെന്ന് അവൻ എന്തോ പൊക്കറ്റിലിട്ടു.നൊക്കിയപ്പോൾ പുത്തൻ മൊബൈൽ ഫോൺ. ഉപ്പ ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്തതാണ്. മൊബൈൽ പൊക്കറ്റിൽ നിന്നെടുക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം വന്നത് ആയിരത്തിന്റെ മൂന്നു നോട്ടുകൾ!
സീൻ - 3
നാട്ടിൽ പരിചയത്തിലുള്ള ഒരു നായർ കുടുംബത്തിലെ കുട്ടി. 560 മാർക്കുണ്ടായിരുന്നു പത്താം ക്ലാസിൽ. അച്ഛൻ കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. അമ്മയ്ക്കു ജോലി ഇല്ല. പ്ലസ് ടുവിനും ഡിസ്റ്റിംങ്ക്ഷൻ. പക്ഷേ തൃശ്ശൂരോ, പാലായിലോ കൊച്ചിംഗിനു വിടാൻ പാങ്ങില്ല. കോച്ചിംഗിനു പോകാതെ തന്നെ കുട്ടിയ്ക്ക് നല്ല റാങ്ക് കിട്ടി. ബി.എസ്.സി നേഴ്സിംഗ് കിട്ടി, കോട്ടയത്ത്. പക്ഷേ പഠനച്ചെലവും, ഹോസ്റ്റൽ ചെലവും താങ്ങാൻ കഴിയില്ലെന്നു ബോധ്യമായതുകൊണ്ട് അതിനു ചേർന്നില്ല. അടുത്തുള്ള ഒരു കൃസ്ത്യൻ കോളേജിൽ അന്വേഷിച്ചു. കോഴപ്പണത്തിൽ ഒരു തരിമ്പും കുറവു വരുത്താൻ അവർ തയ്യാറായില്ല. കുട്ടി ഇപ്പോൾ നാട്ടിൽ തന്നെ ബി.എസ്.സിയ്ക്കു പഠിക്കുന്നു.
സീൻ - 4
നാട്ടിൽ തന്നെയുള്ള ഒരു ദളിത് വൈദ്യ കുടുംബം. അവിടെ അഞ്ച് അലോപ്പതി ഡോക്ടർമാരാണുള്ളത്. അവരുടെ മക്കൾക്കെല്ലാം സംവരണം കിട്ടും. തൊട്ടപ്പുറത്തുണ്ട് ഒരു കോളനി. അവിടെയുള്ള ദളിത് കുടുംബ്വങ്ങളിൽ നിന്നു ഒരു കുട്ടിപോലും എൻ ട്രൻസ് എഴുതാൻ യോഗ്യത നേടിയിട്ടില്ല ഇതു വരെയും. അവരെയൊന്നും ഈ ഡോക്ടർ കുടുംബം അടുപ്പിക്കുകകൂടിയില്ല! ആ ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാരായി തന്നെ മാറും,ചേരിയിലെ പാവങ്ങൾ കൂലിപ്പണിക്കാരായും!
സീൻ - 5
തറവാട്ടു സ്വത്തായി ആകെയുള്ളത് അച്ഛനുമമ്മയും പച്ചവെള്ളം ചവച്ചരച്ചു കുടിച്ചുണ്ടാക്കിയ അല്പം സ്ഥലമാണ്. അച്ഛൻ അവിടെയൊക്കെ തെങ്ങു വച്ചു. പക്ഷേ ഇപ്പോൾ തേങ്ങയിടാൻ ആളില്ല...പരമ്പരയാ തെങ്ങിൽ കയറിയിരുന്ന മാധവൻ മൂപ്പർ വൃദ്ധനായി. ഒരു മകൻ ഈ ജോലി ചെയ്തിരുന്നു. ഇപ്പോ അവനും അതുപേക്ഷിച്ചു.
ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അനിയൻ കണ്ണൻ തനിയേ തെങ്ങിൽ കയറാൻ തുടങ്ങി...!
സീൻ - 6
ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കോളെജിൽ ഒരു നമ്പൂതിരിയുണ്ട്. ലാസ്റ്റ് ഗ്രേഡ് സ്റ്റാഫാണ് - സാനിറ്റേഷൻ വർക്കർ. അവിടെ വേറെയും പല സാനിറ്റെഷൻ ജോലിക്കാരുണ്ടെങ്കിലും എല്ലാ ഡിപ്പാർട്ട്മെന്റുകാർക്കും ഉണ്ണി നമ്പൂതിരി മതി. കാരണം അയാൾ ജോലി വൃത്തിയായി ചെയ്യും, ഒരു പരാതിയും ഇല്ലാതെ.ഫ്ലോർ കഴുകലും, കക്കൂസ് കഴുകലും എല്ലാം... എൽ.എൽ.ബി വരെ പഠിച്ചയാളാണ് അയാൾ എന്നു കൂടി സൂചിപ്പിക്കട്ടെ.
ഒപ്പം മറു വശം കൂടി ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ പൂജാരിയായി നിയമനം ലഭിച്ച അവർണനെ പൂജ ചെയ്യാൻ അനുവദിക്കാഞ്ഞതും നമ്മുടെ നാട്ടിൽ തന്നെ!
കണ്ണു തുറന്നു നോക്കിയാൽ നമുക്ക് ഈ കാഴ്ചകൾ എല്ലാം കാണാം. എന്നാൽ ചിലർ ഒരു കണ്ണിലൂടെ മാത്രം കാര്യങ്ങൾ കാണുന്നു. സവർണ്ണൻ ആയാലും അവർണൻ ആയാലും.
ഇനി, സാമുദായിക സംവരണം ലോകാവസാനം വരെ ഇന്നത്തെപ്പോലെ തുടരും എന്ന് ആരും ആശങ്കപ്പെടുകയൊ, ആത്മവിശ്വാസപ്പെടുകയോ വേണ്ട. മാറ്റം പ്രകൃതി നിയമമാണ്. എല്ലാം മാറും. മാറ്റത്തെ പൊസിറ്റീവായി മാറ്റാനും പൊസിറ്റീവായി സമീപിക്കാനും നമുക്കു കഴിയണം.
ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ് ഇക്കാര്യത്തിൽ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2008 ൽ 2139നു പുറത്തു റാങ്ക് നേടിയ ഒരു എസ്.സി.കുട്ടിക്കും അഡ്മിഷൻ കിട്ടിയില്ല.അത്രയ്ക്കു മിടുക്കുള്ള കുട്ടികൾ ആ വിഭാഗത്തിൽ തന്നെ മത്സരിക്കാൻ ഉണ്ടായി എന്നത് ശുഭോദർക്കമാണ്. സംവരണം പതിറ്റാണ്ടുകളായി കൊടുത്തതിന്റെ ഗുണം തന്നെയാണത്.
നോക്കിക്കോളൂ പത്തു വർഷത്തിനുള്ളിൽ ഓപ്പൺ മെറിറ്റിൽ അവസാന റാങ്കു കിട്ടി മെഡിസിൻ പഠിക്കാൻ വരുന്ന കുട്ടിക്കൊപ്പം റാങ്കു കിട്ടിയാലേ തിരുവനന്തപുരത്തു പഠിക്കാൻ ഒരു എസ്.സി. കുട്ടിക്ക് അഡ്മിഷൻ കിട്ടൂ എന്ന നില വരും.
ഈഴവ-മുസ്ലീം-മറ്റു പിന്നോക്ക കുട്ടികൾ ഇപ്പോൾ തന്നെ മറ്റു പല കോളേജുകളിലും ഓപ്പൺ മെറിറ്റിൽ അദ്മിഷൻ നേടുന്ന കുട്ടികളെക്കാൾ ഉയർന്ന റാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടുന്നത്.(ഈഴവ റിസർവേഷൻ ലാസ്റ്റ് റാങ്ക് - 622, മുസ്ലീം റിസർവേഷൻ - 510!)കൊച്ചി മെഡിക്കൽ കോളേജിൽ ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ നേടിയ ഫസ്റ്റ് റാങ്ക് 538 ആണെന്നു കൂടി ഓർക്കണം.
സാമുദായിക സംവരണ വിരുദ്ധരോടു പറയട്ടെ,ഇന്ന് ഈ നില വന്നത് ആ സംവരണം വഴി കിട്ടിയ അവസരങ്ങൾ മൂലമാണ്.
സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!
ഒപ്പം ദേവസ്വം ബോർഡ് പൊലുള്ള സ്ഥാപനങ്ങളിലും സംവരണം - പൂജാരിമാരുൾപ്പടെയുള്ളവരുടെ നിയമനത്തിൽ നടപ്പാവട്ടെ. ബ്രഹ്മ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണൻ.അതു ജന്മം കൊണ്ടു മാത്ര സിദ്ധിക്കുന്നതല്ല. ബ്രഹ്മത്തെ അറിയാൻ താല്പര്യമുള്ളവരൊക്കെ അതു പഠിച്ച് ബ്രാഹ്മണർ ആവട്ടെ.
ഇപ്പോൾ ഹൈക്കോടതി പറഞ്ഞത് നല്ല കാര്യമായി തോന്നുന്നു.എല്ലാക്കാലവും സംവരണം കൊണ്ടു മാത്രമേ ജോലിയിൽ കയറാൻ കഴിയൂ എന്ന നില ഒരു സമുദായത്തിനും നന്നല്ല.
ഒരാൾക്കും സംവരണത്തിന്റെ സഹായം വേണ്ടിവരാത്ത ഒരു കാലത്തിനായി നമുക്കു പരിശ്രമിക്കാം.
അടിക്കുറിപ്പ്:രഘുരാജൻ എന്ന മിടുക്കൻ യുവാവിന്റെ കഥ വായിക്കൂ.
ഇവിടെ