Monday, June 10, 2013

മലയാളത്തിൽ ചിന്തിക്കൂ, എഴുതൂ, വായിക്കൂ!

രാഷ്ട്രദീപിക പത്രത്തിൽ വന്ന ലേഖനം (10-06-13)






അനുദിനം ചുരുങ്ങിവരുന്ന ലോകത്ത് പ്രാദേശികഭാഷകൾ നിലനില്പിനായി പെടാപ്പാടുപെടുന്ന കാഴ്ച അപരിചിതമല്ലാതായിരിക്കുന്നു. നമ്മുടെ കുഞ്ഞുമലയാളവും ആ വഴിക്കാണോ? മലയാളം മരിക്കുന്നോ എന്ന മുറവിളി ഉയരുന്നതിന് കാരണങ്ങൾ അനവധിയാണ്

ആഗോളവൽക്കരണത്തിന്റെ ഭാഗമായി പുത്തൻ സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കുണ്ടായപ്പോൾകത്തെഴുത്ത്പോലെയുള്ള നാടൻ ആശയവിനിമയോപാധികൾ പോലും പുറന്തള്ളപ്പെട്ടു. മലയാളത്തിലൂടെയുള്ള പരസ്പരസംവേദനത്തിന്റേതായ ഒരു നൂറു തലങ്ങൾ - സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ, പരിഭവത്തിന്റെ ഒരു നൂറു തലങ്ങൾ - അങ്ങനെ അപ്രത്യക്ഷമായി. പകരം അവിടേക്ക് മംഗ്ലീഷും, മിസ്ഡ് കോളും, വെബ് ക്യാമും, ഒരുപാടു നൂലാമാലകളും കടന്നു വന്നു. കുട്ടികൾ ഭൂരിഭാഗവും മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് കൂടുമാറി. നാടിന്റെ മണമുള്ള കുട്ടിക്കഥകൾക്കു പകരം അവരുടെ കുഞ്ഞുമനസ്സുകളിൽ ഇംഗ്ലീഷ് കാർട്ടൂണുകളും ഭീകരരൂപങ്ങളും കുടിയേറി.

ഇങ്ങനെയുള്ള ഒരു ആസുരകാലത്ത്മധുരം മലയാളംപാടിനടക്കാൻ ആളുണ്ടാവുമോ? ഒരു നൂറ്റാണ്ടു കഴിഞ്ഞാൽ മലയാളം മൃതഭാഷയാവുമോ

ഇത്തരം ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ്മലയാളത്തിൽ ചിന്തിക്കുക, എഴുതുക, വായിക്കുക!” എന്ന മുഖവാചകവുമായി ഒരു കൂട്ടം ബ്ലോഗർമാർ ഭാഷാപിതാവിന്റെ നാട്ടിൽ ഒത്തു ചേർന്നത്

പുതിയ കാലത്തിന്റെ ടെക്നോളജിയായ ഇന്റർനെറ്റിൽ മലയാളം കഥകളും, കവിതകളും, ലേഖനങ്ങളും എഴുതുന്ന നൂറോളം ബ്ല്ലോഗർമാർ തിരൂർ തുഞ്ചൻ പറമ്പിൽ ഏപ്രിൽ 21 ന് ഒരുമിക്കുകയും, മലയാളം എഴുത്തും, വായനയും, ചിന്തയും പരത്തുവാൻ എന്തൊക്കെ ചെയ്യണം എന്നു ചർച്ചചെയ്ത് തീരുമാനങ്ങളെടുക്കുകയും ചെയ്തു.

സൂര്യനു കീഴെയും, മേലെയും ഉള്ള എന്തിനേയും കുറിച്ചു ചർച്ച ചെയ്യാനും വിമർശിക്കാനും, അവനവന്റെ  സർഗശേഷി കഥയായും, കവിതയായും, ലേഖനങ്ങളായും പ്രകാശിപ്പിക്കാനും ഉള്ള സ്വതന്ത്ര വേദിയാണ് ബ്ലോഗ്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലെ സൊറപറച്ചിലിനും, കൊച്ചുവർത്തമാനങ്ങൾക്കും, തത്സമയ സന്ദേശങ്ങൾക്കുമപ്പുറം, ഭാഷയോടും സാഹിത്യത്തോടും അല്പം കൂടി ചേർന്നു നിൽക്കുന്ന മാധ്യമമാണ് ബ്ലോഗ്. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഏറ്റവും ചേർന്ന മാധ്യമം. പത്രാധിപരുടെ കത്രികയേയും, ചവറ്റുകൊട്ടയേയും ഭയക്കാതെ സ്വയം പ്രകാശിപ്പിക്കുവാൻ ഇടം നൽകുന്ന മാധ്യമം. എഴുത്തുകാരനും, വായനക്കാരനും തമ്മിൽ നിരന്തരം സംവദിക്കാൻ അവസരം നൽകുന്ന മാധ്യമം. എഴുതിയത് തെറ്റാണെങ്കിൽ ഉടനടിയോ, പിന്നീടെപ്പൊഴെങ്കിലുമോ തിരുത്താൻ കൂടി കഴിയുന്ന മാധ്യമം.

സാങ്കേതിക വിദഗ്ധരായ ഒരുകൂട്ടം മലയാളികളുടെ കഠിനാധ്വാനം മൂലമാണ് ലോകമാകമാനം കമ്പ്യൂട്ടറുകളിൽ എഴുതുകയും വായിക്കുകയും ചെയ്യാൻ കഴിയും വിധം മലയാളം അക്ഷരക്കൂട്ടുകൾ ആവിഷ്കരിക്കപ്പെട്ടത്. ഇവ മലയാളം യൂണികോഡ് ഫോണ്ടുകൾ എന്നറിയപ്പെടുന്നു. ഇവയുടെ ആവിർഭാവത്തോടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷയിൽ എഴുതാനും, രചനകൾ പ്രസിദ്ധീകരിക്കാനുമായി. പോൾ, കെവിൻ, സിബു, ഏവൂരാൻ, വക്കാരിമഷ്ടാ, ഇഞ്ചിപ്പെണ്ണ്‌, കൊച്ചുത്രേസ്യ, ദേവൻ, കേരളഫാർമർ, ഇൻഡ്യാഹെറിറ്റേജ്, കെ.പി.സുകുമാരൻ, ചിത്രകാരൻ, വിശാലമനസ്കൻ, കുറുമാൻ, ബെർളി തുടങ്ങി ഒരു വൻ നിരബ്ലോഗർമാർ തന്നെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. ഗൃഹാതുരത്വവും, നർമ്മവും, രാഷ്ട്രീയവും ,മതവും ഒക്കെക്കലർന്ന ലേഖനങ്ങളും, കഥകളും, കവിതകളുമായി മലയാളം ബ്ലോഗ് രംഗം സജീവമായി. സിനിമയും, സ്പോർട്ട്സും, സാങ്കേതികവിദ്യയും മുതൽ പാചകവും, നാടൻ പാട്ടുകളും, ജീവകാരുണ്യപ്രവർത്തനങ്ങളും വരെയുള്ള വിഷയവൈവിധ്യങ്ങളിലേക്ക് ബ്ലോഗ് വളർന്നു. കാർട്ടൂൺ ബ്ലോഗുകളും, ഫോട്ടോ ബ്ലോഗുകളും ഉണ്ടായി. ലിഖിത സാഹിത്യത്തിനപ്പുറം ദൃശ്യ-ശ്രാവ്യതലങ്ങളിലേക്കും ബ്ലോഗുകൾ ഉയർന്നു. ഓഡിയോ ബ്ലോഗുകളും, വീഡിയോ ബ്ലോഗുകളും ഉണ്ടായി.

വെബ്, ലോഗ് എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ബ്ലോഗ് എന്ന പദം ഉണ്ടായത്. ഇറാഖ് യുദ്ധകാലത്തും, ഈയടുത്ത് അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം എന്നൊക്കെ വിവക്ഷിച്ച ജനമുന്നേറ്റങ്ങളിലും, റഷ്യയിലെ സമകാലിക സംഭവവികാസങ്ങളിലും ഒക്കെ  ചാലകശക്തിയായി പ്രവർത്തിച്ചത് ബ്ലോഗുകളാണ്. സ്വതന്ത്രമായ ആശയ പ്രകടനത്തിനുള്ള, എഡിറ്റർ ഇല്ലാത്ത ലോകമാണ് ബ്ലോഗുകളുടേത്. അവനവൻ തന്നെ എഴുതുന്നു; അവനവൻ തന്നെ പ്രസാധനം ചെയ്യുന്നു. ഇടങ്കോലിടാൻ പത്രാധിപരോ, പ്രസിദ്ധീകരണസ്ഥാപനമോ ഇല്ല. അതാണ് ബ്ലോഗുകൾ നൽകുന്ന സ്വാതന്ത്ര്യം.

പിൽക്കാലത്ത് ട്വിറ്ററും, ഫെയ്സ്ബുക്കും പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉയർന്നു വന്നപ്പോൾ പെട്ടെന്നുള്ള ആശയവിനിമയത്തിനും, പ്രതികരണത്തിനുമായി അവ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. എന്നാൽ വെറും 140 അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമേ ട്വിറ്ററിൽ നമുക്ക് പോസ്റ്റ് ചെയ്യാൻ പറ്റൂ. ഫെയ്സ് ബുക്കിലാവട്ടെ സൌഹൃദസന്ദേശങ്ങൾക്കും, തത്സമയ ചർച്ചകൾക്കും, സോഷ്യൽ മാർക്കറ്റിംഗിനുമാണ് പ്രാധാന്യം. മാത്രവുമല്ല അനുനിമിഷം കുമിഞ്ഞുകൂടുന്നഅപ്ഡേറ്റുകളിൽ മുങ്ങി നമ്മൾ എഴുതുന്നത് അപ്രത്യക്ഷമാവുകയും ചെയ്യും. അതുകൊണ്ട് കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യരൂപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാധ്യമമായി ബ്ലോഗുകൾ തുടരുന്നു. ബ്ലോഗിൽ നമ്മുടെ രചനകൾ അടുക്കുംചിട്ടയോടും കൂടി സൂക്ഷിക്കാൻ കഴിയും, എഴുതി വർഷങ്ങൾ കഴിഞ്ഞാലും രചനകൾ വായിക്കപ്പെടും. ഫെയ്സ് ബുക്കിലോ ട്വിറ്ററിലോ ഈ അനുഭവം ഇല്ല.

ബൂലോകംഎന്നാണ് മലയാളം വെബ് ലോകം അറിയപ്പെടുന്നത്. അതോടെ  ഭൂലോക മലയാളികൾക്കൊപ്പംബൂലോകമലയാളികളും സൃഷ്ടിക്കപ്പെട്ടു. ഗൾഫിലും അമേരിക്കയിലും മാത്രമല്ല, അഫ്ഗാനിസ്ഥാനിലും ആഫ്രിക്കയിലും വരെ ഇരുന്ന് മലയാളികൾ ഇന്ന് ബ്ലോഗെഴുതുന്നു. അത് കേരളത്തിലും, ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇരുന്ന് മലയാളികൾ ആസ്വദിക്കുന്നു; മറിച്ചും. പ്രവാസികളാണ് മലയാളം ബ്ലോഗർമാരിൽ ഒരു ഗണ്യമായ പങ്കും. നാട്ടിൽ നിന്ന് കാതങ്ങളായിരം അകലെയാവുമ്പോഴാണെന്നു തോന്നുന്നു, മലയാളി ഭാഷയോട് കൂടുതൽ മമത കാണിക്കുന്നത്!

ബ്ലോഗുകളുടെ സാഹിത്യപരമായ ഈ വശം മനസ്സിലാക്കി, കേരളസാഹിത്യ അക്കാദമി അതിന്റെ ആസ്ഥാനത്തു വച്ച് 2013 മാർച്ച് മൂന്നിന് ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ ഒരു സെമിനാർ തന്നെ സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ബ്ലോഗർമാർ അതിൽ പങ്കെടുക്കുകയുണ്ടായി. ബ്ലോഗ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ച  അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ മലയാളം ബ്ലോഗ് രചനകൾക്കും അവാർഡു നൽകുന്നത് പരിഗണിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. ഇത് വളരെ ശുഭോദർക്കമായ ഒരു ചുവടു വയ്പായി പരിഗണിക്കപ്പെടേണ്ടതാണ്. കൂടുതൽ എഴുത്തുകാർ പത്രാധിപരുടെ കത്രികയെ ഭയക്കാതെ എഴുത്തുമായി മുന്നോട്ടുവരാൻ ഇത് സഹായകമാകും.

സാങ്കേതികവിദ്യ സമസ്ത തലങ്ങളിലും പിടിമുറുക്കിയ ഇക്കാലത്ത്, എഴുത്തിലും വായനയിലും അത് പ്രതിഫലിക്കരുതെന്ന് നമുക്കു ശഠിക്കാനാവില്ലല്ലോ. ആ വഴിയിൽ ഭാഷയ്ക്കു കിട്ടിയ രണ്ടു പ്രയോഗങ്ങളാണ് അഎഴുത്ത്, എഴുത്ത് എന്നിവ!

എഴുത്ത് എന്നാൽ അച്ചടി മാധ്യമത്തിലുള്ള എഴുത്ത്. എഴുത്ത് എന്നാൽ ഇലക്ട്രോണിക് മാധ്യമത്തിൽ ഉള്ള എഴുത്ത്. ഇവയുടെ വായന യഥാക്രമം അവായനയും, വായനയും ആയി! ഡെസ്ക് ടോപ്/ലാപ് ടോപ്/ റ്റാബ്ലെറ്റ് കമ്പ്യൂട്ടറുകളിലൂടെയും, മൊബൈൽ ഫോണുകളിലൂടെയും, ബുക്ക് റീഡറുകളിലൂടെയും  വായന കൂടി വരുന്നതായാണ് ഇന്നു വിലയിരുത്തപ്പെടുന്നത്. ബുക്ക് റീഡറുകളിൽ പ്രശസ്ത എഴുത്തുകാരുടെ രചനകൾ വായിക്കാൻ പണം മുടക്കണം എന്നുള്ളപ്പോൾ, ബ്ലോഗുകൾ വായിക്കാൻ ഒരു പൈസ പോലും മുടക്കേണ്ട എന്ന  ആനുകൂല്യവുമുണ്ട്. സിനിമയും, ഹാസ്യവും, ഗൃഹാതുരത്വവും, പ്രണയവും, സാമൂഹ്യബോധവും ഉള്ള രചനകൾ നിങ്ങൾക്ക് ബ്ലോഗുകളിൽ കണ്ടെത്താം.


മലയാളം ബ്ലോഗർമാർ

സ്കൂൾകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ബ്ലോഗർമാരായി ഉണ്ട് മലയാളത്തിൽ. വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കൂലിപ്പണിക്കാർ, സാമൂഹ്യപ്രവർത്തകർ എന്നിവർ തുടങ്ങി മമ്മൂട്ടിയും, മോഹൻ ലാലും, ലാൽ ജോസും വരെ ബ്ലോഗർമാരാണ്‌! ചെമ്മരൻ (ജിതിൻ രാജ്), വിപ്ലവൻ(തൽഹത്ത്), മഞ്ഞുതുള്ളി(അഞ്ജലി അനിൽകുമാർ), ആബിദ് ഒമർ, നേന സിദ്ദിഖ് തുടങ്ങി നിരവധി ബ്ലോഗർമാർ സ്കൂൾ കുട്ടികളാണ്.

സാഹിത്യം, രാഷ്ട്രീയം, മതം, സാംസ്കാരികം, പാചകം, ആരോഗ്യം, കായികം, ആത്മീയം, നിരീശ്വരവാദം, സാങ്കേതികം, സാമ്പത്തികം, കച്ചവടം, പ്രവാസം, ജീവകാരുണ്യം, ലിംഗനീതി തുടങ്ങി നിരവധി മേഖലകളിൽ ഈ ബ്ലോഗർമാർ തങ്ങളുടെ രചനകൾ നടത്തുന്നു.


നിങ്ങൾക്ക് മലയാളത്തിൽ ബ്ലോഗ് എഴുതാൻ താല്പര്യമുണ്ടോ

പ്രധാനമായും ബ്ലോഗർ.കോം, വേഡ്പ്രസ്.കോം എന്നിവയാണ് ബ്ലോഗ് തുടങ്ങാൻ സൌജന്യമായി ലഭിക്കുന്ന വെബ് സൈറ്റുകൾ. സ്വന്തമായ ഇ മെയിൽ വിലാസമുള്ളവർക്ക് ഇവയിൽ പ്രവേശിച്ച് സരളമായ നിർദേശങ്ങൾ അനുസരിച്ചാൽ ബ്ലോഗ് തുടങ്ങാവുന്നതാണ്. കമ്പ്യൂട്ടറിലും, മൊബൈലിലും ബ്ലോഗ് രചനകൾ വായിക്കാനും, എഡിറ്റ് ചെയ്യാനും സാധിക്കും. എന്നാൽ ദൈർഘ്യമുള്ള ഒരു രചന മൊത്തം ടൈപ്പ് ചെയ്തുകയറ്റാൻ സൌകര്യം കമ്പ്യൂട്ടർ തന്നെ. സ്വന്തം പേരിൽ എഴുതാൻ മടിയുള്ളവർക്ക് തൂലികാനാമങ്ങൾ ഉപയോഗിച്ച് ബ്ലോഗ് തുടങ്ങാം. ബ്ലോഗിന്റെ പേര് നമുക്കിഷ്ടമുള്ള തരത്തിൽ ആവാം. പേരിടുന്നതിനു മുൻപ് മലയാളം ബ്ലോഗുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നത് നല്ലതാണ്. നമുക്കു മുന്നേ ആരെങ്കിലും ആ പേരിട്ട് ബ്ലോഗുതുടങ്ങിയിട്ടുണ്ടോ എന്നറിയാൻ അതുപകാരപ്പെടും. http://bloghelpline.cyberjalakam.com പോലുള്ള ബ്ലോഗുകൾ വായിച്ചാൽ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങണം എന്നു വ്യക്തമായി മനസ്സിലാകും.

ആദ്യമാദ്യം ആളുകൾ സ്വന്തം അനുഭവങ്ങളും, പ്രണയവും, രാഷ്ട്രീയാഭിപ്രായങ്ങളുമൊക്കെയാണ് ബ്ലോഗിൽ എഴുതുക. പിൽക്കാലത്ത് കൂടുതൽ വൈവിധ്യമുള്ള വിഷയങ്ങളിലേക്കു കടക്കുകയും, നല്ലൊരു രചനാശൈലി സ്വായത്തമാക്കുകയും ചെയ്താൽ ആർക്കും അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയിത്തീരാം. എഴുതുക എന്നതുപോലെ തന്നെ പ്രധാനമാണ് വായിക്കുക എന്നതും. പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ വായിക്കുന്നതോടൊപ്പം, ബ്ലോഗ് രചനകളും വായിക്കുക. അപ്പോൾ ഇതുവരെ ബ്ലോഗിൽ എന്തൊക്കെ എഴുതപ്പെട്ടു കഴിഞ്ഞു എന്ന് നമുക്കു മനസ്സിലാകും. അത് ആവർത്തനവിരസമായ രചനകൾ നടത്തുന്നതിൽ നിന്നു നമ്മെ പിൻ തിരിപ്പിക്കുകയും, കൂടുതൽ പുതുമയുള്ള രചനകൾക്ക് പ്രേരകമാവുകയും ചെയ്യും.

മലയാളം ബ്ലോഗ് രചനകൾ കാണുവാൻ വിവിധ അഗ്രഗേറ്ററുകൾ സന്ദർശിച്ചാൽ മതി. അവയിൽ കൊടുത്തിട്ടുള്ള ഇനങ്ങളിൽ ക്ലിക്ക് ചെയ്താൽ രചനകൾ വായിക്കാവുന്നതാണ്. ചില അഗ്രഗേറ്ററുകൾ ദാ ഇവിടെ സൈബർ ജാലകം (http://www.cyberjalakam.com/aggr/), ചിന്ത(http://chintha.com/malayalam/blogroll.php), ബ്ലോഗ് വായനാമുറി (http://vayanablogmuri.blogspot.in/)

നാരായത്തിന്റെയും, എഴുത്താണിയുടെയും, പെൻസിലിന്റെയും, പേനയുടെയും കാലം താണ്ടി മലയാളം ബൂലോകത്തിലൂടെ കുതിക്കുകയാണ്, കീ ബോർഡിൽ പതിക്കുന്ന വിരൽത്തുമ്പുകളിലൂടെ. മലയാളത്തെ സ്നേഹിക്കുന്നെങ്കിൽ നിങ്ങളും വരൂ ഒപ്പം കൂടാൻ!

കൂടുതൽ സഹായങ്ങൾ വേണമെന്നുണ്ടെങ്കിൽ താഴെക്കാണുന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

(ഈ ലേഖനമെഴുതാനും, പ്രസിദ്ധീകരിച്ചുവരാനും വഴിയൊരുക്കിയ ബ്ലോഗർ സുഹൃത്ത് സന്ദീപ് സലിമിനു നന്ദി!)

24 comments:

  1. നന്നായി.

    [പണ്ടു മുതലേ പലപ്പോഴായി മലയാളം ബ്ലോഗിങ്ങ് നെ പറ്റി പലരായി എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തതാണോ...? വായിച്ചപ്പോള്‍ അങ്ങനെ തോന്നി]

    ReplyDelete
    Replies
    1. അല്ല.
      ആരുടേയും ബ്ലോഗ് പോസ്റ്റുകൾ കൂട്ടിച്ചേർത്തതല്ല.
      തുഞ്ചൻ പറമ്പ് മീറ്റുമായി ബന്ധപ്പെട്ട്, ഇത്രയും കാലത്തെ അനുഭവം വച്ചെഴുതിയതാണ്. പരാമർശിക്കപ്പെട്ട പല വിഷയങ്ങളും കഴിഞ്ഞ 2 വർഷങ്ങൽക്കിടയിൽ സംഭവിച്ചതാണ്.

      Delete
    2. പണ്ടു മുതലേയുള്ള ബ്ലോഗ് വിശേഷങ്ങള്‍ വായിച്ചു പരിചയമുള്ളതുമായുള്ള ഈ പോസ്റ്റിന്റെ സാമ്യം കൊണ്ട് ചോദിച്ചതാണേ മാഷേ... കോപ്പിയടിച്ചത് എന്നുദ്ദേശ്ശിച്ചില്ല.

      (രണ്ടാമത് എന്റെ കമന്റു ഞാന്‍ തന്നെ വായിച്ചപ്പോള്‍ അങ്ങനെ ഒരു അര്‍ത്ഥമുള്ളതു പോലെ എനിയ്ക്കു തന്നെ തോന്നി) :)

      ഇതു പോലെയുള്ള പോസ്റ്റുകള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ ചോദിച്ചത്.

      Delete
  2. ജയൻ ചേട്ടാ...
    നല്ല ഒരു ലേഖനം
    നമ്മുടെ കുട്ടികളെയും വളർന്നു വരുന്ന ഒരു തലമുറയെയും മലയാളത്തിൽ ഒപ്പിടാൻ കൂടി ശീലിപ്പിക്കണം.
    ഇവിടെ അമേരിക്കയിലും ഞാൻ മലയാളത്തിൽ ഒപ്പിടുന്നു എന്നത് അഭിമാനത്തോടെ എനിക്ക് പറയുവാൻ കഴിയും. കുറച്ചു നാൾ മുന്പ് വരെ സാധിച്ചിട്ടില്ലയിരുനു എന്നല്ലിപ്പോൾ എല്ലാ ഒപ്പുകളും മലയാളത്തിൽ തന്നെ.

    ബ്ലോഗിങ്ങിലേക്ക് കൂടുതൽ ആളുകള് വരാൻ ഈ ലേഖനം ഇടയാകട്ടെ.
    അഗ്രെഗേട്ടർ ലിങ്കുകൾ കൊടുത്തത് നന്നായി.

    ReplyDelete
  3. ജയാ, നല്ല ലേഖനം, കൂടുതൽ ആളുകൾ ബൂലോകത്തേക്കു വരട്ടെ ... എഴുത്തും വായനയും മലയാളത്തിലാവട്ടെ , നമ്മുടെ മാത്രുഭാഷയോട് സ്നേഹം നിറയട്ടെ ...

    ReplyDelete
  4. ബ്ലോഗ്‌ ഒരു പെണ്ണിനെ പോലെയാണ് എത്ര ഒരുങ്ങിയാലും സൌന്ദര്യം പോര എന്നെ തോന്നൂ, ഇത് പോലുള്ള നല്ല അറിവുകൾ ആ സൌന്ദര്യം കൂട്ടാൻ ഉപകരിക്കും

    ReplyDelete
  5. ഇ -ലോകത്ത് പോസ്റ്റ്‌ ചെയ്തത് നന്നായി.പത്രത്തില്‍ എങ്ങനെ വായിക്കാനാ ജയേട്ടാ.
    നല്ലൊരു എഴുത്ത് ആളുകളില്‍ എത്തേണ്ട വിഷയം. ആശംസകള്‍.

    ReplyDelete
  6. നന്നായി വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എഴുതിയിരിക്കുന്നു, ഭൂലോക വാസികളെ ബൂലോകത്തേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ കാരണമാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  7. ചിന്തനീയമായ പോസ്റ്റ് തന്നെ. മലയാളം അക്ഷരങ്ങൾ ബ്ലൊഗായി പെയ്തെറ്ങെട്ടെ

    ReplyDelete
  8. ലേഖനം നന്നായിരിക്കുന്നു. ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കാനും, പ്രചരിപ്പിക്കാനുമുള്ള സദുദ്ദേശത്തിന് എന്റെ പ്രണാമം..... അഗ്രിഗേറ്ററുകളെപ്പറ്റി പ്രതിപാദിച്ചിടത്ത്മാത്രം ചെറിയൊരു വിയോജിപ്പുണ്ട്. 'വായനാമുറി' എന്നത് ഒരു വ്യക്തി തനിക്ക് താല്‍പ്പര്യമുള്ള ചില ബ്ലോഗുകള്‍ മാത്രം ലിസ്റ്റുചെയ്ത ഒരു സാധാരണ ബ്ലോഗ് മാത്രമാണ്. പ്രശസ്ത അഗ്രിഗേറ്ററുകളായ ചിന്തക്കും, ജാലകത്തിനുമൊപ്പം ഇത് അഗ്രിഗേറ്റര്‍ എന്ന രീതിയില്‍ അവതരിപ്പിച്ചത് ബൂലോകത്തെ അറിയാനാഗ്രഹിക്കുന്നവരെ ദിശതെറ്റിക്കാന്‍ ഇടയുണ്ട്...

    ReplyDelete
    Replies
    1. തീര്‍ച്ചയായും പ്രദീപ്‌ മാഷ്‌.

      Delete
  9. വളരെ നല്ല ലേഖനം...തീര്‍ച്ചയായും താങ്കള്‍ വളരെ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു ! ബ്ലോഗെഴുത്തുക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ താങ്കള്‍ ശ്ലാഘനീയമായ സേവനമാണ് ചെയ്യുന്നതെന്ന് തുഞ്ചന്‍ പറമ്പ് മീറ്റൊടുകൂടി ബോധ്യപ്പെട്ടത്താണ് ....
    ജയേട്ടാ...
    മനസ്സ് നിറഞ്ഞ ഇമ്മിണി ബല്യ അസ്രൂസാശംസകള്‍ !

    ReplyDelete
  10. ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
    ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
    മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതി ജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
    വിദ്യാഭ്യാസത്തിനും , പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
    അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,
    മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു..!
    തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
    നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
    നാം അഭിമുഖീകരിക്കേണ്ട വളരെ
    ഗൌരവമായ ഒരു വിഷയം തന്നെയാണിത് !

    നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നീഭാഷകൾക്ക് ശേഷം നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചിരിക്കുകയാണല്ലോ ഇപ്പോൾ...
    ഇനി നമ്മൾ ബൂലോകർക്കെല്ലാം കൂടി
    ഇതിനെ കൂടുതൽ ശ്രേഷ്ഠമാക്കിത്തീർക്കാം അല്ലേ ഭായ്



    ക്ലാസ്സിക് ഭാഷ


    ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
    ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
    വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
    വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

    വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
    വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
    നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
    വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

    പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
    വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
    വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
    വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !

    ReplyDelete
  11. മലയാളം വളരട്ടെ

    ലേഖകന് ആശംസകള്‍

    ReplyDelete
  12. നല്ല ലേഖനം.

    നാട്ടുഭാഷക്ക് ജീവന്‍ തിരിച്ചുകിട്ടിയതിനും നന്ദി പറയേണ്ടത്ബ്ലോഗുകളോടാണ്. മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി കൈവന്ന സ്ഥിതിക്ക് കൂടുതല്‍ ടെക്നോളജി ബേസ് ഡെവലപ്പ്മേന്റ്സില്‍ കൂടി സാഹിത്യ അക്കാദമി ശ്രദ്ധിച്ചാല്‍ കൊള്ളാം.എല്ലാ വിന്‍ഡോസ്മൊ, ആന്ദ്രോയിട് സിസ്റ്റത്തിലും സപ്പോര്‍ട്ട് ചെയ്യുന്ന മലയാളം റീഡിംഗ് & ടൈപ്പിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനും, മലയാളം ഗൂഗിള്‍ ട്രസ്ലെറ്റ് ചെയ്യുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. എങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരം ഉണ്ടാകും.

    ReplyDelete
  13. നല്ല ലേഖനം. ബ്ലോഗിനെക്കുറിച്ച് അറിയാത്തവർക്ക് പ്രാഥമികമായ ഒരു അവബോധം നൽകുന്ന ലേഖനം.

    ReplyDelete
  14. ലേഖനം പ്രസക്തമാണ്.ആശംസകൾ......

    ReplyDelete
  15. ലേഖനം പ്രസക്തമാണ്.ആശംസകൾ......

    ReplyDelete
  16. ബ്ലോഗെഴുത്തിനെക്കുറിച്ച് വളരെ വിശദമായിത്തന്നെ പ്രതിപാതിച്ചിരിക്കുന്നു. എന്തെങ്കിലും തരത്തിൽ എഴുതാൻ കഴിയുമെന്ന് കുറച്ചെങ്കിലും ആത്മവിശ്വാസമുള്ളവർ ഇവിടം തന്റെ പരീക്ഷണവേദിയായി മാറ്റണമെന്നാണ് എനിക്ക് പറയുവാനുള്ളത്. പിന്നെ ധൈര്യമായി എഴുതിത്തെളിയാൻ മറ്റു ബ്ലോഗർമാർ എല്ലാവിധ പ്രോത്സാഹനവും നൽകി പിന്നാലെയുണ്ടാവും.
    അഭിനന്ദനങ്ങൾ ജയൻമാഷെ...

    ReplyDelete
  17. പ്രിയപ്പെട്ട ജയൻ,

    വളരെ നല്ല ലേഖനം. ബ്ലോഗ്‌ നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. എന്റെ ബ്ലോഗിൽ കയറി മലയാളം അടിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. അതിനു ഞാൻ ചെയ്യുന്നത് ജി മെയിൽ പോയി കമ്പോസ് എടുത്തു മലയാളം എടുത്തു ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ് കൊടുക്കുകയാണ്. ബ്ലോഗിൽ മലയാളം വരാൻ എന്ത് ചെയ്യണം. ലാംഗ്വേജ് മാറ്റി മലയാളം കൊടുത്തു നോക്കി ചിലപ്പോൾ കിട്ടും, ചിലപ്പോൾ കിട്ടില്ല. ഒന്ന് സഹായിക്കാമോ.

    ReplyDelete
  18. JAYAN CHETTA നല്ല ലേഖനം, കൂടുതൽ ആളുകൾ ബൂലോകത്തേക്കു വരട്ടെ ...
    www.hrdyam.blogspot.com

    ReplyDelete
  19. വളരെ നല്ല ഒരു വിഷയമാണിത് ഇന്നു അന്ന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന മാതൃഭാഷ വളര്‍ത്തിയെടുക്കാന്‍ ബ്ലോഗ്‌ നല്ലൊരു പങ്കു വഹിക്കുന്നുണ്ട് ? അതിനെ തൊട്ടറിഞ്ഞ ഒരു ലേഖനം .,.,ജയന്‍ മാഷിനു ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete