Wednesday, April 13, 2011

വരൂ!!!

തെരഞ്ഞെടുപ്പും കോലാഹലങ്ങളും അടങ്ങി.


തുഞ്ചൻ പറമ്പ് മീറ്റിന് ഇനി നാലു നാൾ മാത്രം. ഏപ്രിൽ 17 ന് കൂടുന്ന ഈ മീറ്റ് മലയാള ബ്ലോഗിംഗ് ചരിത്രത്തിൽ ഒരു സുവർണ ഏടായി മാറ്റാൻ എല്ലാ ബ്ലോഗർ സുഹൃത്തുക്കളും, ഇന്റർനെറ്റിൽ മലയാളം കൈകാര്യം ചെയ്യുന്ന സുഹൃത്തുക്കളും മുന്നോട്ടു വരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങാൻ പോകുന്ന ബ്ലോഗ് സ്മരണിക ഒരു പക്ഷെ ലോക ബ്ലോഗിംഗ് ചരിത്രത്തിൽ തന്നെ ഇടം തേടിയേക്കും!


സുഹൃത്തുക്കളുടെ സംഗമം എന്നതിലുപരിയായി ബ്ലോഗ് എന്ന മാധ്യമം മലയാളഭാഷയുടെ പരിപോഷണത്തിനും, പ്രചാരണത്തിനും, നവീകരണത്തിനും  കൂടി ഉപകാരപ്പെടുത്താൻ കൂടി നമുക്കു കഴിയും.

നമുക്കു കൂട്ടായി ചെയ്യാൻ നിരവധി കാര്യങ്ങളുണ്ട്.

1. ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് പരമാവധി മലയാളികളെ, പ്രത്യേകിച്ചും യുവാക്കളേയും, കൌമാരക്കാരേയും ആകർഷിക്കുക.

2. എഴുത്തുകാർ മാത്രം പോരാ, വായനക്കാരും, വിമർശകരും വേണം ബ്ലോഗിന്. വായന കൈമോശം വന്നവരേയും, ലോകത്തിന്റെ പലഭാഗങ്ങളിലായി ആനുകാലികങ്ങളും, പുസ്തകങ്ങളും കിട്ടാതെ ബുദ്ധിമുട്ടുന്നവരെയും, മലയാളം ബ്ലോഗ് വായനയിലേക്ക് ക്ഷണിക്കുക.

3. നവാഗതർക്കായി ബ്ലോഗ് ശില്പശാലകൾ ഹൈസ്കൂൾ, കോളേജ് തലങ്ങളിൽ സംഘടിപ്പിക്കുക.

4. ബ്ലോഗ് എഴുതുന്നവർക്ക് സ്വയം മെച്ചപ്പെടാനും, എഴുത്തിന്റെ നവീന മേഖലകൾ പരിചയപ്പെടാനും ഉള്ള അവസരങ്ങൾ സംഘടിപ്പിക്കുക. കഥ, കവിത, ലേഖനം, വിമർശനം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുക.

5. ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ധരെ ബ്ലോഗിലേക്കാകർഷിക്കുക. എഴുത്തിന്റെ മേഖലകൾ  വിപുലപ്പെടുത്തുക - കഥ, കവിത, ലേഖനം, നാടകം, നോവൽ, ചിത്രരചന, കാർട്ടൂൺ, ഫോട്ടോസ്, യാത്രാവിവരണം, നിരൂപണം, അഭിമുഖം,ഓർമ്മക്കുറിപ്പ്, പഠനസഹായി തുടങ്ങി നിരവധി മേഖലകൾ താല്പര്യമുള്ളവർക്ക് കൈകാര്യം ചെയ്യാനാവും.

6. പല ബ്ലോഗർ സുഹൃത്തുക്കളും വ്യക്തിപരമായി പരഞ്ഞ ഒരു കാര്യമാണ് അടുത്തത്. ആശയയദാരിദ്ര്യം! അത്  അതിജീവിക്കാനായി ബ്ലോഗ് വിഷയങ്ങളുടെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് ബ്ലോഗർമാരെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു.


ഉദാഹരണമായി, താഴെക്കാണുന്ന വിഷയങ്ങൾ ഒന്നു ശ്രദ്ധിക്കൂ.

സ്നേഹം
സാഹോദര്യം
പ്രണയം
പ്രതികാരം,
പ്രതീക്ഷ
നിരാശ
വെറുപ്പ്
ഭയം
കാമം
ഹാസ്യം
ഗൃഹാതുരത്വം
ദേശസ്നേഹം
ഫാന്റസി
കുറ്റാന്വേഷണം
ശാസ്ത്രം
ആരോഗ്യം
ചരിത്രം
മിത്ത്
സ്പോർട്ട്സ്
ഫെമിനിസം
സാമൂഹ്യനീതി
രാഷ്ട്രീയം
ഭാഷ
സംസ്കാരം
സിനിമ
ഫാഷൻ
സമ്പത്ത്
ദാരിദ്ര്യം
മദ്യം
മയക്കുമരുന്ന്
ജീവിതശൈലി

വിപണി
വിദ്യാഭ്യാസം
ബോധവൽക്കരണം(എയ്ഡ്സ്സ് , രക്തദാനം....)
കൌൺസലിംഗ്
ദാമ്പത്യം
ആത്മീയത
പ്രകൃതിസംരക്ഷണം
കൃഷി
വ്യവസായം
നിയമസാക്ഷരത
ലിംഗനീതി
അഴിമതിവിരുദ്ധപ്രചരണം

ഇങ്ങനെ എണ്ണമറ്റ വിഷയങ്ങൾ നമുക്ക് മുകളിൽ സൂചിപ്പിച്ച മേഖലകളിലൂടെ അവതരിപ്പിക്കാം. പെട്ടെന്നൊന്നും എഴുതാൻ തോന്നുന്നില്ലെങ്കിൽ ഈ വിഷയങ്ങളിൽ മറ്റുള്ളവർ എഴുതിയതു വായിക്കുക. പുതിയ ആശയങ്ങൾ താനെ മനസ്സിൽ വിരിയും!

ഈ വക കാര്യങ്ങളെക്കുറിച്ച് ഗൌരവമായി ചർച്ച ചെയ്യാൻ കൂടി തുഞ്ചൻ പറമ്പ് മീറ്റ് വേദിയാവട്ടെ എന്നു പ്രത്യാശിക്കുന്നു.

ഏപ്രിൽ 17 ന് കഴിയുന്നത്ര സുഹൃത്തുക്കളെ നേരിൽ കാണാനും, സംവദിക്കാനും കഴിയും എന്ന പ്രത്യാശയോടെ,

ജയൻ ഏവൂർ




Sunday, February 13, 2011

അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും വേണ്ടി.....

സീൻ - 1

സ്ഥലം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ രണ്ടു ട്രെയിനിൽ ഇരിക്കാനുള്ളത്ര ആൾക്കൂട്ടം. പകുതിപ്പേരും വനിതകൾ. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റർസിറ്റി എക്സ്പ്രസിന്റെ ബോഗികൾ പ്ലാറ്റ്ഫോമിലേക്കു വന്നുകൊണ്ടിരിക്കുന്നു.ആണുങ്ങളിൽ കുറേപ്പേർ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്കു ചാടുന്നു. പ്ലാറ്റ്ഫോമിന് എതിർവശത്ത് നിരയായി നിൽക്കുന്നു. ട്രെയിൻ നിൽക്കുന്നു. ഓരോ ബോഗിയിലും ഉള്ള ആറുവാതിലുകളിലൂടെയും കയ്യൂക്കുള്ള പുരുഷന്മാർ ഇരച്ചു കയറുന്നു. (ഒരു ബോഗിയിൽ, ഓരോ വശത്തും മൂന്നു വാതിലുകൾ വീതമുണ്ട്.) വിരലിലെണ്ണാവുന്ന പെൺപുലികളും ഒപ്പം കയറിപ്പെടുന്നു. ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ ഫുൾ. ഇരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാർ! ലേഡീസ് കമ്പാർട്ട്മെന്റിൽ കാലുകുത്താൻ ഇടയില്ലാത്ത വിധം സ്ത്രീകൾ.


സീൻ - 2
സ്ഥലം കണ്ണൂർ. രാവിലെ ഏഴു മണിയോടെ പരശുറാം എക്സ്പ്രസ് എത്തിച്ചേരുന്നു. ട്രെയിൻ മിക്കവാറും നിറഞ്ഞാണു വന്നതെങ്കിലും ഇടയ്ക്കിടെ സീറ്റുകൾ ഒഴിവുണ്ട്. ഞാൻ ചാടിക്കയറി ഒരു സീറ്റ് ഒപ്പിച്ചു. എനിക്കെതിരെ ഇരുന്നത് ഒരു വീട്ടമ്മയും, അവരുടെ 15-16 വയസ്സു തോന്നിക്കുന്ന മകളും ആയിരുന്നു. തലശ്ശേരി ആയതോടെ ട്രെയിൻ നിറഞ്ഞു. ബാത്ത് റൂമുകൾക്കിടയിൽ പോലും ജനം തിങ്ങി നിറഞ്ഞു നിൽക്കുന്നു. കോഴിക്കോട് ആയപ്പോൾ പെൺകുട്ടി ബാത്ത് റൂമിൽ പോകാനാണെന്നു തോന്നുന്നു, എണീറ്റു. പക്ഷേ അടുത്തുള്ള ഇരു ബാത്ത് റൂമിലും ആളുണ്ട്. അവൾ മടങ്ങി വന്നു. എതിർ ദിശയിലുള്ള ബാത്ത് റൂമുകൾ അകലെയാണ്. വണ്ടി നിർത്തിയതോടെ ജനം ഇരച്ചുകയറാൻ തുടങ്ങി. അവിടെ നിന്ന് എറണാകുളം വരെ നിന്നു തിരിയാൻ ഇടമില്ലാത്ത തിരക്ക്. തൃശ്ശൂർ ആയി. എറണാകുളം ആയപ്പോൾ, തങ്ങൾ കരുതിയിരുന്ന പൊതിച്ചോറ് അവർ കഴിച്ചു. കയ്യിലിരുന്നകുപ്പിവെള്ളം കൊണ്ടു തന്നെ കയ്യും വായും കഴുകി. കണ്ണൂരിനപ്പുറം എവിടെ നിന്നോ യാത്രതിരിച്ച അവർ, കോട്ടയമായപ്പോൾ ഇറങ്ങിപ്പോയി.അതുവരെ ആ അമ്മയ്ക്കും മകൾക്കും
ബാത്ത് റൂമിൽ പോകാൻ കഴിഞ്ഞില്ല. പരശുറാമിന്റെ ലേഡീസ് കമ്പാർട്ട്മെന്റും നിറഞ്ഞുകവിഞ്ഞാണ് പോകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

സീൻ - 3
അതേ പരശുറാം എക്സ്പ്രസ് തന്നെ. ആറേഴുവയസ്സുള്ള ഒരു പെൺകുട്ടി. ആവർത്തനവിരസമായ ഒരു ഗാനവും പാടുന്നു. അവളേക്കാൾ ചെറിയൊരു ആൺകുട്ടി ആൾത്തിരക്കിൽ കൈ നീട്ടി തെണ്ടുന്നു. കിട്ടിയ നാണയത്തുട്ടുകളിൽ ഒന്നു രണ്ടെണ്ണം അവന്റെ കയ്യിൽ നിന്നെടുത്ത് അവൾ പെറ്റിക്കോട്ടിനുള്ളിൽ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ഷൊർണൂരായപ്പോൾ അവർ ഇറങ്ങി. കൌതുകത്തോടെ ഞാൻ അവരെ നോക്കി. അന്യദേശക്കാരനെന്നു തോന്നിക്കുന്ന ഒരാൾ അവളിൽ നിന്ന് തുട്ടുകളും, നാണയങ്ങളും വാങ്ങി. അയാൾ തിരിഞ്ഞു നടന്നു. പെൺകുട്ടി പെറ്റിക്കോട്ടിൽ കയ്യിട്ട് നാണയത്തുട്ടുകൾ എടുത്തു. തൊട്ടടുത്ത കടയിൽ നിന്നും ഏതോ മിഠായി അവൾ വാങ്ങി അനിയനും(ആണൊ ആവോ!)കൊടുത്തു, അവളും തിന്നു. എന്റെ മനസ് എവിടൊക്കെയോ പോയ നിമിഷങ്ങൾ ഒരു അലർച്ചയിലും നിലവിളിയിലും മുറിഞ്ഞു. മുടിക്കു കുത്തിപ്പിടിച്ച് തമിഴിൽ അലറുകയാണ് നേരത്തേ പൈസ വാങ്ങിപ്പോയ ആൾ. കുട്ടികൾ ചില്ലറ കൊടുത്ത് മിഠായി വാങ്ങിയത് അയാൾ കണ്ടു പിടിച്ചുകാണും.....

ആർക്കാണ് നമ്മൾ ഭിക്ഷകൊടുക്കുന്നത്?

ഇതും, ഇതിനപ്പുറവുമുള്ള കാഴ്ചകൾ യാത്രകളിൽ നമ്മൾ കാണുന്നു. മിക്കപ്പോഴും നിസ്സംഗതപുലർത്തുന്നു. സൌമ്യ എന്നൊരു പാവം പെണ്ണ്‌ പിടഞ്ഞു വീണ് മണ്ണടിഞ്ഞിട്ട് നാളുകൾ ഏറേയായില്ല. ആ വാർത്തയറിഞ്ഞ ദിനങ്ങളിലെ ആത്മരോഷം ഇന്ന്, എത്രയാളുകൾ കൊണ്ടു നടക്കുന്നു?

ഇനിയും സൌമ്യമാർ ജീവൻ വെടിയുമ്പോഴൊക്കെ മാത്രമേ നമ്മൾ പ്രതികരിക്കുകയുള്ളോ?

സുഹൃത്തുക്കളേ,
സ്ത്രീകളുടെ ട്രെയിൻ യാത്ര സുരക്ഷിതമാക്കാനുദ്ദേശിച്ച് പലരും പല മാധ്യമങ്ങളിലും എഴുതി. അക്കൂട്ടത്തിൽ ഒന്ന് ഇവിടെ ഞാനും. നമുക്കിത് മുന്നോട്ടു കൊണ്ടുപോവുകയും ഫലപ്രാപ്തിയിലെത്തിക്കുകയും വേണം. ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, ഇക്കാര്യത്തിൽ തങ്ങളാൽ കഴിയുന്ന ശ്രമങ്ങൾ നടത്താനും, അത് ഇവിടെ അറിയിക്കാനും തയ്യാറാവനം എന്നഭ്യർത്ഥിക്കുന്നു.

ട്രെയിനിൽ യാത്രചെയ്യുന്ന അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും  വേണ്ടി ചില ചിന്തകൾ ഇവിടെ ക്രോഡീകരിക്കുന്നു.

(ഈ ചർച്ച കണ്ടിട്ടില്ലാത്തവർക്ക് അതു കാണാം)


1.ഒരു ലേഡീസ് കമ്പാർട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ദിവസവും ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ.

2. ഇപ്പോൾ തന്നെ, ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ  അഭിപ്രായം പ്രകടിപ്പിച്ചവർ ഉൾപ്പടെ മിക്കസ്ത്രീകളും യാത്രയിൽ, ലേഡീസ് കമ്പാർട്ട്മെന്റുകളിൽ കയറാറില്ല.

3. ദീർഘ ദൂര ട്രെയിനുകളിൽ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കാൻ റെയിൽ വേയ്ക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണറിയാൻ കഴിഞ്ഞത്. എന്നാൽ പരിഹരിക്കാനാവാത്ത ഒന്നല്ല അത്. റെയിൽ വേ ഭരിക്കുന്ന വനിതാ മന്ത്രി തന്നെ അതിനുള്ള മുൻ കൈ എടുക്കും എന്നു പ്രത്യാശിക്കാം.

അതിനു കഴിയുന്നില്ലെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റ് നിർത്തലാക്കി എല്ലാ ജനറൽ ബോഗികളിലും 25% സീറ്റുകൾ സ്ത്രീകൾക്ക് നൽകുക. ഇപ്പോൾ 4-5 ജനറൽ കമ്പാർട്ട്മെന്റുകൾ ഉണ്ട് ദീർഘദൂരവണ്ടികളിൽ (ലേഡീസ് കമ്പാർട്ട്മെന്റുൾപ്പടെ)

4. ദിനവും സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ / സ്ലീപ്പർകോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാർട്ട്മെന്റുകൊണ്ട് നിർവഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അല്ലാതെ ദീർഘദൂര ട്രെയിനുകളിലല്ല.

പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ, 100 ഓളം പ്രതിദിന ഷട്ടിൽ ട്രെയിനുകൾ എന്നിവ ഗണത്തിൽ വരും.

5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകൾക്കു മുൻഗണന എന്ന നിലയിൽ കൊടുത്താൽ അത് അവർക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എൻഡിലുള്ള ബാത്ത് റൂം അവർക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങൾ കൂടിനിൽക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകൾ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവർക്കനുവദിച്ചിട്ടുള്ള  സീറ്റ് ഉറപ്പാക്കാനുള്ള ആർജവമൊക്കെ ഇന്നത്തെ യാത്രക്കാരികൾക്ക് ഉണ്ട്.



ബോഗിയിലുള്ള മൂന്നു വാതിലുകളിൽ ലേഡീസിനു മുൻ ഗണനയുള്ള ഭാഗത്തെ വാതിലിൽ കൂടിയുള്ള പ്രവേശനം അവർക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകൾ പൊതുവായ പ്രവേശനമാർഗങ്ങൾ ആക്കി നിലനിർത്തുക.



6. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയിൽ വേ ഇപ്പോൾത്തന്നെ ഈടാക്കുന്നുണ്ടല്ലോ!
(ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കിൽ അതു മൌഢ്യമാണ്!)
ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കിൽ, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിനു റെയിൽവേ കത്തു നൽകുക.


7. ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികളെ ഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ, സി.ഡി - പുസ്തകക്കച്ചവടങ്ങൾ, ഇവ കർശനമായി നിരോധിക്കുക.

8.യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.

9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോൾ അതു വലിക്കുക തന്നെ ചെയ്യുക!

10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലർന്നിരിക്കരുതെന്ന് അർത്ഥമില്ല. ഒരു ബോഗിയിൽ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവൻ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവർക്കറിയാം ഇക്കാര്യം.

  108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയിൽ ഉള്ളത്. അതിൽ 20  എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇരിക്കാം. കുടുംബമുള്ളവർക്ക് സകുടുംബം. അല്ലാത്തവർക്ക് സൌകര്യം പോലെ. എന്നാൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആ മുൻ ഗണനാ സീറ്റുകൾ കൂടിയേ തീരൂ. (25 % സീറ്റുകൾ കൊടുക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)

11.വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത്, ഗാർഡും എൻജിൻ ഡ്രൈവറും തമ്മിൽ ഫലപ്രദമായ ആശയവിനിമയത്തിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ തേടുക.  എമർജൻസി മാനേജ് മെന്റിന് നൂതനമാർഗങ്ങൾ ആവിഷ്കരിക്കുക.ചങ്ങല വലിക്കലിനു പകരം സംവിധാനങ്ങൾ  യാത്രക്കാർക്കു വേണ്ടിയും ഏർപ്പെടുത്തുക.




ഇനി, മറ്റു ചില നിർദേശങ്ങൾ.....

1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുക. തുടരെ തുടരെ ഒരാൾ ലൈംഗിക അതിക്രമങ്ങൾ നടത്തുകയാണെങ്കിൽ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാർഗമില്ല!)

2. മയക്കുമരുന്ന് കച്ചവടം കർശനമായി അടിച്ചമർത്തുക.

3. പെൺ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആൺകുട്ടികളിൽ വളർത്താൻ, എല്ലാ അമ്മമാരും അച്ഛന്മാരും നിർബന്ധമായും ശ്രമിക്കുക.

4. പെൺകുട്ടികൾ ഒരാപത്തിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് സ്കൂൾ ക്ലാസുകളിൽ തന്നെ നിർദേശം കൊടുക്കുക.

5. തന്റെ സഹപാഠിയായ ഒരു പെൺ കുട്ടി അപകടത്തിൽ പെട്ടതു ശ്രദ്ധയിൽ പെട്ടാൽ അവളെ എങ്ങനെ സഹായിക്കണം എന്ന് ആൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

6. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.


ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽവേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം.

നിർദേശങ്ങൾ ഇനിയും ഉണ്ടെകിൽ അവയും ചേർക്കാം.