Sunday, February 13, 2011

അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും വേണ്ടി.....

സീൻ - 1

സ്ഥലം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ രണ്ടു ട്രെയിനിൽ ഇരിക്കാനുള്ളത്ര ആൾക്കൂട്ടം. പകുതിപ്പേരും വനിതകൾ. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റർസിറ്റി എക്സ്പ്രസിന്റെ ബോഗികൾ പ്ലാറ്റ്ഫോമിലേക്കു വന്നുകൊണ്ടിരിക്കുന്നു.ആണുങ്ങളിൽ കുറേപ്പേർ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്കു ചാടുന്നു. പ്ലാറ്റ്ഫോമിന് എതിർവശത്ത് നിരയായി നിൽക്കുന്നു. ട്രെയിൻ നിൽക്കുന്നു. ഓരോ ബോഗിയിലും ഉള്ള ആറുവാതിലുകളിലൂടെയും കയ്യൂക്കുള്ള പുരുഷന്മാർ ഇരച്ചു കയറുന്നു. (ഒരു ബോഗിയിൽ, ഓരോ വശത്തും മൂന്നു വാതിലുകൾ വീതമുണ്ട്.) വിരലിലെണ്ണാവുന്ന പെൺപുലികളും ഒപ്പം കയറിപ്പെടുന്നു. ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ ഫുൾ. ഇരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാർ! ലേഡീസ് കമ്പാർട്ട്മെന്റിൽ കാലുകുത്താൻ ഇടയില്ലാത്ത വിധം സ്ത്രീകൾ.


സീൻ - 2
സ്ഥലം കണ്ണൂർ. രാവിലെ ഏഴു മണിയോടെ പരശുറാം എക്സ്പ്രസ് എത്തിച്ചേരുന്നു. ട്രെയിൻ മിക്കവാറും നിറഞ്ഞാണു വന്നതെങ്കിലും ഇടയ്ക്കിടെ സീറ്റുകൾ ഒഴിവുണ്ട്. ഞാൻ ചാടിക്കയറി ഒരു സീറ്റ് ഒപ്പിച്ചു. എനിക്കെതിരെ ഇരുന്നത് ഒരു വീട്ടമ്മയും, അവരുടെ 15-16 വയസ്സു തോന്നിക്കുന്ന മകളും ആയിരുന്നു. തലശ്ശേരി ആയതോടെ ട്രെയിൻ നിറഞ്ഞു. ബാത്ത് റൂമുകൾക്കിടയിൽ പോലും ജനം തിങ്ങി നിറഞ്ഞു നിൽക്കുന്നു. കോഴിക്കോട് ആയപ്പോൾ പെൺകുട്ടി ബാത്ത് റൂമിൽ പോകാനാണെന്നു തോന്നുന്നു, എണീറ്റു. പക്ഷേ അടുത്തുള്ള ഇരു ബാത്ത് റൂമിലും ആളുണ്ട്. അവൾ മടങ്ങി വന്നു. എതിർ ദിശയിലുള്ള ബാത്ത് റൂമുകൾ അകലെയാണ്. വണ്ടി നിർത്തിയതോടെ ജനം ഇരച്ചുകയറാൻ തുടങ്ങി. അവിടെ നിന്ന് എറണാകുളം വരെ നിന്നു തിരിയാൻ ഇടമില്ലാത്ത തിരക്ക്. തൃശ്ശൂർ ആയി. എറണാകുളം ആയപ്പോൾ, തങ്ങൾ കരുതിയിരുന്ന പൊതിച്ചോറ് അവർ കഴിച്ചു. കയ്യിലിരുന്നകുപ്പിവെള്ളം കൊണ്ടു തന്നെ കയ്യും വായും കഴുകി. കണ്ണൂരിനപ്പുറം എവിടെ നിന്നോ യാത്രതിരിച്ച അവർ, കോട്ടയമായപ്പോൾ ഇറങ്ങിപ്പോയി.അതുവരെ ആ അമ്മയ്ക്കും മകൾക്കും
ബാത്ത് റൂമിൽ പോകാൻ കഴിഞ്ഞില്ല. പരശുറാമിന്റെ ലേഡീസ് കമ്പാർട്ട്മെന്റും നിറഞ്ഞുകവിഞ്ഞാണ് പോകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

സീൻ - 3
അതേ പരശുറാം എക്സ്പ്രസ് തന്നെ. ആറേഴുവയസ്സുള്ള ഒരു പെൺകുട്ടി. ആവർത്തനവിരസമായ ഒരു ഗാനവും പാടുന്നു. അവളേക്കാൾ ചെറിയൊരു ആൺകുട്ടി ആൾത്തിരക്കിൽ കൈ നീട്ടി തെണ്ടുന്നു. കിട്ടിയ നാണയത്തുട്ടുകളിൽ ഒന്നു രണ്ടെണ്ണം അവന്റെ കയ്യിൽ നിന്നെടുത്ത് അവൾ പെറ്റിക്കോട്ടിനുള്ളിൽ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ഷൊർണൂരായപ്പോൾ അവർ ഇറങ്ങി. കൌതുകത്തോടെ ഞാൻ അവരെ നോക്കി. അന്യദേശക്കാരനെന്നു തോന്നിക്കുന്ന ഒരാൾ അവളിൽ നിന്ന് തുട്ടുകളും, നാണയങ്ങളും വാങ്ങി. അയാൾ തിരിഞ്ഞു നടന്നു. പെൺകുട്ടി പെറ്റിക്കോട്ടിൽ കയ്യിട്ട് നാണയത്തുട്ടുകൾ എടുത്തു. തൊട്ടടുത്ത കടയിൽ നിന്നും ഏതോ മിഠായി അവൾ വാങ്ങി അനിയനും(ആണൊ ആവോ!)കൊടുത്തു, അവളും തിന്നു. എന്റെ മനസ് എവിടൊക്കെയോ പോയ നിമിഷങ്ങൾ ഒരു അലർച്ചയിലും നിലവിളിയിലും മുറിഞ്ഞു. മുടിക്കു കുത്തിപ്പിടിച്ച് തമിഴിൽ അലറുകയാണ് നേരത്തേ പൈസ വാങ്ങിപ്പോയ ആൾ. കുട്ടികൾ ചില്ലറ കൊടുത്ത് മിഠായി വാങ്ങിയത് അയാൾ കണ്ടു പിടിച്ചുകാണും.....

ആർക്കാണ് നമ്മൾ ഭിക്ഷകൊടുക്കുന്നത്?

ഇതും, ഇതിനപ്പുറവുമുള്ള കാഴ്ചകൾ യാത്രകളിൽ നമ്മൾ കാണുന്നു. മിക്കപ്പോഴും നിസ്സംഗതപുലർത്തുന്നു. സൌമ്യ എന്നൊരു പാവം പെണ്ണ്‌ പിടഞ്ഞു വീണ് മണ്ണടിഞ്ഞിട്ട് നാളുകൾ ഏറേയായില്ല. ആ വാർത്തയറിഞ്ഞ ദിനങ്ങളിലെ ആത്മരോഷം ഇന്ന്, എത്രയാളുകൾ കൊണ്ടു നടക്കുന്നു?

ഇനിയും സൌമ്യമാർ ജീവൻ വെടിയുമ്പോഴൊക്കെ മാത്രമേ നമ്മൾ പ്രതികരിക്കുകയുള്ളോ?

സുഹൃത്തുക്കളേ,
സ്ത്രീകളുടെ ട്രെയിൻ യാത്ര സുരക്ഷിതമാക്കാനുദ്ദേശിച്ച് പലരും പല മാധ്യമങ്ങളിലും എഴുതി. അക്കൂട്ടത്തിൽ ഒന്ന് ഇവിടെ ഞാനും. നമുക്കിത് മുന്നോട്ടു കൊണ്ടുപോവുകയും ഫലപ്രാപ്തിയിലെത്തിക്കുകയും വേണം. ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, ഇക്കാര്യത്തിൽ തങ്ങളാൽ കഴിയുന്ന ശ്രമങ്ങൾ നടത്താനും, അത് ഇവിടെ അറിയിക്കാനും തയ്യാറാവനം എന്നഭ്യർത്ഥിക്കുന്നു.

ട്രെയിനിൽ യാത്രചെയ്യുന്ന അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും  വേണ്ടി ചില ചിന്തകൾ ഇവിടെ ക്രോഡീകരിക്കുന്നു.

(ഈ ചർച്ച കണ്ടിട്ടില്ലാത്തവർക്ക് അതു കാണാം)


1.ഒരു ലേഡീസ് കമ്പാർട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ദിവസവും ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ.

2. ഇപ്പോൾ തന്നെ, ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ  അഭിപ്രായം പ്രകടിപ്പിച്ചവർ ഉൾപ്പടെ മിക്കസ്ത്രീകളും യാത്രയിൽ, ലേഡീസ് കമ്പാർട്ട്മെന്റുകളിൽ കയറാറില്ല.

3. ദീർഘ ദൂര ട്രെയിനുകളിൽ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കാൻ റെയിൽ വേയ്ക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണറിയാൻ കഴിഞ്ഞത്. എന്നാൽ പരിഹരിക്കാനാവാത്ത ഒന്നല്ല അത്. റെയിൽ വേ ഭരിക്കുന്ന വനിതാ മന്ത്രി തന്നെ അതിനുള്ള മുൻ കൈ എടുക്കും എന്നു പ്രത്യാശിക്കാം.

അതിനു കഴിയുന്നില്ലെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റ് നിർത്തലാക്കി എല്ലാ ജനറൽ ബോഗികളിലും 25% സീറ്റുകൾ സ്ത്രീകൾക്ക് നൽകുക. ഇപ്പോൾ 4-5 ജനറൽ കമ്പാർട്ട്മെന്റുകൾ ഉണ്ട് ദീർഘദൂരവണ്ടികളിൽ (ലേഡീസ് കമ്പാർട്ട്മെന്റുൾപ്പടെ)

4. ദിനവും സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ / സ്ലീപ്പർകോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാർട്ട്മെന്റുകൊണ്ട് നിർവഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അല്ലാതെ ദീർഘദൂര ട്രെയിനുകളിലല്ല.

പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ, 100 ഓളം പ്രതിദിന ഷട്ടിൽ ട്രെയിനുകൾ എന്നിവ ഗണത്തിൽ വരും.

5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകൾക്കു മുൻഗണന എന്ന നിലയിൽ കൊടുത്താൽ അത് അവർക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എൻഡിലുള്ള ബാത്ത് റൂം അവർക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങൾ കൂടിനിൽക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകൾ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവർക്കനുവദിച്ചിട്ടുള്ള  സീറ്റ് ഉറപ്പാക്കാനുള്ള ആർജവമൊക്കെ ഇന്നത്തെ യാത്രക്കാരികൾക്ക് ഉണ്ട്.ബോഗിയിലുള്ള മൂന്നു വാതിലുകളിൽ ലേഡീസിനു മുൻ ഗണനയുള്ള ഭാഗത്തെ വാതിലിൽ കൂടിയുള്ള പ്രവേശനം അവർക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകൾ പൊതുവായ പ്രവേശനമാർഗങ്ങൾ ആക്കി നിലനിർത്തുക.6. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയിൽ വേ ഇപ്പോൾത്തന്നെ ഈടാക്കുന്നുണ്ടല്ലോ!
(ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കിൽ അതു മൌഢ്യമാണ്!)
ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കിൽ, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിനു റെയിൽവേ കത്തു നൽകുക.


7. ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികളെ ഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ, സി.ഡി - പുസ്തകക്കച്ചവടങ്ങൾ, ഇവ കർശനമായി നിരോധിക്കുക.

8.യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.

9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോൾ അതു വലിക്കുക തന്നെ ചെയ്യുക!

10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലർന്നിരിക്കരുതെന്ന് അർത്ഥമില്ല. ഒരു ബോഗിയിൽ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവൻ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവർക്കറിയാം ഇക്കാര്യം.

  108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയിൽ ഉള്ളത്. അതിൽ 20  എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇരിക്കാം. കുടുംബമുള്ളവർക്ക് സകുടുംബം. അല്ലാത്തവർക്ക് സൌകര്യം പോലെ. എന്നാൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആ മുൻ ഗണനാ സീറ്റുകൾ കൂടിയേ തീരൂ. (25 % സീറ്റുകൾ കൊടുക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)

11.വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത്, ഗാർഡും എൻജിൻ ഡ്രൈവറും തമ്മിൽ ഫലപ്രദമായ ആശയവിനിമയത്തിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ തേടുക.  എമർജൻസി മാനേജ് മെന്റിന് നൂതനമാർഗങ്ങൾ ആവിഷ്കരിക്കുക.ചങ്ങല വലിക്കലിനു പകരം സംവിധാനങ്ങൾ  യാത്രക്കാർക്കു വേണ്ടിയും ഏർപ്പെടുത്തുക.
ഇനി, മറ്റു ചില നിർദേശങ്ങൾ.....

1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുക. തുടരെ തുടരെ ഒരാൾ ലൈംഗിക അതിക്രമങ്ങൾ നടത്തുകയാണെങ്കിൽ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാർഗമില്ല!)

2. മയക്കുമരുന്ന് കച്ചവടം കർശനമായി അടിച്ചമർത്തുക.

3. പെൺ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആൺകുട്ടികളിൽ വളർത്താൻ, എല്ലാ അമ്മമാരും അച്ഛന്മാരും നിർബന്ധമായും ശ്രമിക്കുക.

4. പെൺകുട്ടികൾ ഒരാപത്തിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് സ്കൂൾ ക്ലാസുകളിൽ തന്നെ നിർദേശം കൊടുക്കുക.

5. തന്റെ സഹപാഠിയായ ഒരു പെൺ കുട്ടി അപകടത്തിൽ പെട്ടതു ശ്രദ്ധയിൽ പെട്ടാൽ അവളെ എങ്ങനെ സഹായിക്കണം എന്ന് ആൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

6. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.


ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽവേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം.

നിർദേശങ്ങൾ ഇനിയും ഉണ്ടെകിൽ അവയും ചേർക്കാം.

46 comments:

 1. ഈ വിഷയത്തിൽ ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കണം എന്നഭ്യർത്ഥിക്കുന്നു.

  അവ നമുക്കിവിടെ ക്രോഡീകരിക്കാം.

  ReplyDelete
 2. ഞാന്‍ ഒരു സ്ഥിരം ട്രെയിന്‍ യാത്രക്കാരന്‍ അല്ലാ എങ്കിലും പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഊന്നി പറയുവാന്‍ ആഗ്രഹിക്കുന്നത് :
  പ്ലാറ്റ് ഫോര്മിലും ,ട്രെയിനിനു ഉള്ളിലും ഉള്ള ഭിക്ഷാടനം എത്ര നിസ്സാരമായാണ് നമ്മള്‍ കാണുന്നത് ..അത് തുടച്ചു നീക്കുവാന്‍ കൂടി ഇതിനോടൊപ്പം ശ്രദ്ധ ചെലുത്തനമെന്നാണ് .
  ഭിക്ഷാടനതിന്റെയൊക്കെ മറവില്‍ പലരും മറ്റു പലതുമാണ് നടത്തുന്നതെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക് പ്രത്യേകിച്ചും ...

  തീര്‍ച്ചയായും സ്വാഗതാര്‍ഹ്ഹമായ ഒരു ഇടപെടല്‍ ആണ് ജയന്‍ ഡോക്ടര്‍ ഇവിടെ നടത്തിയിരിക്കുന്നത് ...ഒരു മാറ്റത്തിന് ഇത് കാരണമാകും എങ്കില്‍ മറ്റു പല രംഗങ്ങളിലും ഈ മാറ്റം പ്രചോദനമാകും ....സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടിയുള്ള ഈ ശ്രമത്തിനു പിന്തുണകള്‍ ...ഒപ്പം അഭിനന്ദനങ്ങളും ..

  ReplyDelete
 3. സ്ഥിരം യാത്രക്കാരും റെയിൽ വെ അധികാരികളും മറ്റ് ബന്ധപെട്ടവരും ഒന്നിച്ച് സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടത് അടിയന്തിരമായി ചെയ്യണം. ചുമ്മ വെറുതെ ഞഞ്ഞപിഞ്ഞ പറഞ്ഞ് സമയം കളയരുത്.ഇത്തരം ദുരന്തം ഉണ്ടാവാതിരിക്കാൻ ജയൻ സാർ കഴിവിന്റെ പരമാവധി ചെയ്യണം.

  ReplyDelete
 4. ജയേട്ട,

  വളരെ നല്ല ഉദ്യമം.ഓരോ മരണവും താല്‍ക്കാലികമായി നമ്മില്‍ ഉണര്‍ത്തുന്ന ആവേശം മാത്രമായി പോകുന്നു.വീണ്ടും കാര്യങ്ങള്‍ പഴയ പടിയിലാകും.ഞാന്‍,എന്റെ ഭാര്യ/ഭര്‍ത്താവു,കുട്ടി ഇത്രയും പേര്‍ക്കല്ല പ്രശ്നന്മെങ്കില്‍ ഇടപെടേണ്ട കാര്യമില്ല എന്ന് ചിന്തിക്കുന്നു നമ്മള്‍.ആദ്യമായി ബാംഗളൂര്‍ലെക്കുള്ള യാത്രയില്‍,സേഫ്ടിക്ക് വേണ്ടി എ സി കമ്പര്‍ത്മെന്റില്‍ ആണ് ഞാന്‍ യാത്ര ചെയ്തത്.കേരളത്തിന്‌ പുറത്തേക്കു ആദ്യമായാണ് തനിച്ചൊരു യാത്ര.അന്ന് നേരിട്ട് പ്രശ്നങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചത്‌ ഒരു പട്ടാളക്കാരന്‍ ആണ്.ഇവിടെ എത്തും വരെ അദ്ദേഹം സ്വന്തം സഹോദരിയോടെന്ന പോലെ കാണിച്ച സ്നേഹവും കരുതലും ഞാന്‍ ഒരിക്കലും മറക്കില്ല.

  സ്ത്രീകളോട് നന്നായി പെരുമാറാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കണം.നമ്മുടെ സമൂഹത്തില്‍ കാര്യമായൊരു മാറ്റം വരണം ഈ കാര്യത്തില്‍.കുടുംബത്തിലും വിദ്യാലയങ്ങളിലും മാറ്റം വരണം.

  ReplyDelete
 5. ആദ്യമായി ചെയ്യേണ്ടത് ട്രെയിനും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്താണ്, നമ്മുക്കെല്ലാവര്‍ക്കും അറിയാം എത്രത്തോളം വൃതിയുണ്ട് ഇപ്പോള്‍ എന്ന്...എന്തിനാ പിന്നെ ട്രെയിനില്‍ മാത്രം ഒരു വനിതാ കമ്പാര്‍ട്ട്മെന്റു. അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ അതികാരികള്‍ വേണ്ടത് ചെയ്യണം...

  ReplyDelete
 6. ഇവിടെ പ്രതികരണങ്ങള്‍ വാരിക്കൂട്ടയിട്ട് താങ്കള്‍ ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ

  ReplyDelete
 7. ജയൻ മാഷെ, ഇതാണ്, ഇത്തരം ബ്ലോഗുകളാണ് ബ്ലോഗുകളുടെ നന്മ..! ഫലപ്രദമായ നിർദ്ദേശങ്ങൾ ഇവിഅയിൽ അവയവമാറ്റം ഒഴിച്ച് ബാക്കിയെല്ലാം നാം വിചാരിച്ചാൽ പ്രാവർത്തികമാക്കാം, ആക്കണം..!

  യാചകരെ എങ്ങിനെ ഒഴിവാക്കാം, അവർ ടിക്കെറ്റെടുത്ത് യാത്രചെയ്യുകയാണെങ്കിൽ..?, എന്നാൽ റെയിൽ‌വേക്ക് ഭിക്ഷാടനം നിരോധിക്കാം, നിരോധിച്ചിട്ടുണ്ടല്ലൊ എന്നാൽ അത് ചെക്ക് ചെയ്യുന്നില്ല അതാണ് പ്രശ്നം, അങ്ങിനെ ഭിക്ഷയെടുക്കുന്നവരെ കണ്ടാൽ നമ്മൾ അടുത്ത സ്റ്റേഷനിൽ പരാതി പറയാനുള്ള ആർജ്ജവം ഉണ്ടാകണം..

  ReplyDelete
 8. റേയില്‍ വേ സ്റ്റേഷനും പരിസരവും പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാവാറുണ്ട്. പല കൂട്ടിക്കൊടുപ്പുകാരും റെയില്‍ വേ പ്ലാറ്റ് ഫോമിലാണ് കച്ചോടം ഉറപ്പിക്കുന്നത്.പലതും റെയില്‍ വേ പോലീസിന്റെ അറിവോടെയാകാം!അല്ലെങ്കില്‍ അവര്‍ കര്‍ശനമായ നടപടി എടുക്കുമായിരുന്നല്ലോ.പ്ലാറ്റ്ഫോമില്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാനും,ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിലെത്തുന്നത് തടയാനും കര്‍ശനമായും കഴിയണം.ഈ റെയില്‍ വേ സുരക്ഷ എന്ന് പറയുന്നത് ജീവനക്കാരുടെ മാത്രം സുരക്ഷയല്ലല്ലോ! നമുക്ക് എല്ലാറ്റിനും നിയമവും പദ്ധതികളുമുണ്ട് പക്ഷേ നടപ്പാക്കേണ്ടവര്‍ എന്നും ഉറക്കത്തിലാണ്,കുറ്റകരമായ അനാസ്ത കാണിക്കുകയാണ്!

  ഈ പ്രവര്‍ത്തനത്തിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു!

  ReplyDelete
 9. *ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽവേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം*. നിസ്സഹായാ.. പോസ്റ്റിന്റെ ഏറ്റവും താഴെ ഈവരികൾ കണ്ടില്ലെ..?

  ReplyDelete
 10. കൂടെ യാത്ര ചെയ്യുന്നത് കൂടപ്പിറപ്പുകളാണെന്ന് പുരുഷന്മാര്‍ ചിന്തിയ്കാത്തിടത്തോളം മാറ്റം പ്രതീക്ഷിയ്ക്കണ്ട.

  ReplyDelete
 11. കൊണ്ടോട്ടിക്കാരാ, ഒരു ചെറിയ വിയോജിപ്പ്, കൂടപ്പിറപ്പുകൾ മാത്രമെ നമ്മൽ കാത്തുകൊള്ളുമെന്ന സൂചനയുണ്ട് അതിൽ, കൂടപ്പിറപ്പുകളായും, കൂട്ടുകാരിയായും സഹപ്രവർത്തകയായും, അയൽ വക്കത്തെ പരിചയക്കാരി എന്ന നിലയിലും മറ്റും കാണാൻ ശ്രമിക്കുക..!!

  ReplyDelete
 12. നിര്‍ദ്ദേശങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നല്ലോ.. താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും

  ReplyDelete
 13. ഈ ലേഖനം വളരെ ശ്രദ്ധേയം...
  എന്റെ വക ഒരു നിര്‍ദ്ദേശം കൂടി...
  എല്ലാ മാതാപിതാക്കന്മാരും മുന്‍കൈയെടുത്തു പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫെന്‍സിനുള്ള പരിശീലനം നല്‍കുക....കരാട്ടെ, ജൂഡോ തുടങ്ങിയ മാര്‍ഷ്യല്‍ ആര്‍ട്സ് പാഠ്യപദ്ധതിയിലുള്‍‍പ്പെടുത്തുന്നത് നന്നായിരിക്കും...

  ReplyDelete
 14. എല്ലാ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ക്കും മീതെ ഒരു കുറിപ്പുകൂടി വേണം. മനുഷ്യത്വമെന്നത് നമുക്കു വേണ്ട ഒരു ജീവലക്ഷണമാണെന്നതു മറക്കരുത്.

  ReplyDelete
 15. സുഹൃത്തുക്കളേ,

  പ്രതികരണങ്ങൾക്കു നന്ദി!

  ഇവിടെ സ്വരുക്കൂട്ടുന്ന അഭിപ്രായങ്ങൾ നമുക്ക് റെയിൽ വേയ്ക്ക് ഇംഗ്ലീഷിലാക്കി കൊടുക്കാം. വകുപ്പു മന്ത്രിക്കും, പ്രധാനമന്ത്രിക്കും അയച്ചുകൊടുക്കാം.

  വകുപ്പു തലത്തിൽ നടപടികൾക്കുൾല ശ്രമം തുടരുന്നതിനൊപ്പം
  കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പി മാർക്കും ഇതിന്റെ കോപ്പി എത്തിച്ചാൽ അവരിൽ ഒരാളെക്കൊണ്ടെങ്കിലും ഇത് പാർലമെന്റിൽ ഉന്നയിപ്പിക്കാൻ കഴിയും എന്നാണു പ്രതീക്ഷ.

  കൂടാതെ റെയിൽവേ ചുമതലയുള്ള കേരളത്തിലെ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും ഇതിന്റെ കോപ്പി കൊടുക്കാം.

  റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് കഴിയുന്ന പ്രവർത്തനങ്ങളും ചെയ്യാം.

  ഇതൊന്നും അസാധ്യമായ കാര്യമായി തോന്നുന്നില്ല. നമ്മൾ വിചാരിച്ചാൽ ചെയ്യാവുന്നതേ ഉള്ളൂ.

  ഒപ്പം കൂടാൻ ആളുണ്ടെങ്കിൽ ഇതിനു വേണ്ടി സമയം മുടക്കാൻ ഞാൻ തയ്യാറാണ്.

  ReplyDelete
 16. ഇതെല്ലാം നല്ല കാര്യങ്ങള്‍.സ്വീകാര്യമാണ്. നമുക്ക് ബ്ലോഗേഴ്സിന് ഇക്കാര്യത്തിലെന്തു ചെയ്യാന്‍ സാധിക്കും?

  ReplyDelete
 17. Train യാത്ര വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളു. എങ്കിലും യാത്രയിലുള്ള പ്രശ്നങ്ങൾ വളരെയധികമാണ്.

  ReplyDelete
 18. അതെ. നല്ല നിര്‍ദേശങ്ങള്‍.

  കൂടുതല്‍ ടൈനുകള്‍ വന്നാല്‍ ഇപ്പോ ഉള്ള വ്യവസ്ഥ തന്നെ മതിയാവും എന്ന് തോനുന്നു

  ഇപ്പോ ഉള്ളതില്‍ മാറ്റം വരുത്തുന്നതോട് കൂടി ആ‍ാദ്യം വെണ്ടത് കൂടുതല്‍ ട്രൈന്‍ റൂട്ടില്‍ ഓടുകയാണ്.

  ReplyDelete
 19. പത്രമാദ്ധ്യമങ്ങളിൽ ഈ വിഷയം തീർന്നെന്ന് തോന്നുന്നു. അവർ അടുത്ത വാർത്തകൾക്ക് പിന്നാലെ പാഞ്ഞുകഴിഞ്ഞിരിക്കുന്നു. ഡോൿടറുടെ ബ്ലോഗിൽ ഇത് ഒരു ലക്ഷ്യബോധത്തോടെ തുടരുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. ഡോൿടർ എന്നാൽ സമൂഹത്തിലെ തിന്മകളെ കൂടെ ചികിത്സിക്കുന്ന ഒരാളാകുന്നതിൽ ഒരു തെറ്റുമില്ല.

  ചികിത്സ തുടരൂ. കൂടെ എന്തിനും ഏതിനുമുണ്ടാകും.

  ReplyDelete
 20. ഒരു ചര്‍ച്ച കഴിയുമ്പോള്‍ മറ്റൊന്നിനു വേണ്ടി പായുന്ന മലയാളക്കര ...അല്ലെ

  ReplyDelete
 21. പത്രങ്ങള്‍ക്ക് സ്കൂപ്പ് ആണ് വേണ്ടത് ...ആവശ്യത്തിലധികം എടുതിട്ടലക്കുന്നതോടുകൂടി അവരുടെ ശ്രദ്ധ അടുത്തതിലേക്ക്..
  ജനങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പത്രങ്ങള്‍ ഉണ്ടാവും...പക്ഷെ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതില്‍ എത്രമാത്രം ശ്രദ്ധ അവര്‍ കാട്ടുന്നു എന്നതാണ് ചോദ്യം..നിര്‍ഭാഗ്യവശാല്‍ അതിനു അവരില്‍ ഭൂരിഭാഗത്തിനും താല്പര്യം ഇല്ലല്ലോ. വാര്‍ത്തകള്‍ ആണല്ലോ അവര്‍ക്ക് വേണ്ടത് !

  ഭിക്ഷാടനം നിരോധിക്കുന്ന കാര്യം നല്ലതാണു . കാരണം, അത് നടത്തുന്നതില്‍ കുറഞ്ഞ ഒരു ശതമാനത്തിനു മാത്രമേ അത് വഴി കിട്ടുന്ന വരുമാനം സ്വന്തമാക്കാന്‍ പറ്റുന്നുള്ളൂ .

  ഒരു ബോഗിയില്‍ തന്നെ രണ്ടു വശങ്ങളിലായി സ്ത്രീ പുരുഷന്മാര്‍ക്ക് ഇരിപ്പിടം ക്രമീകരിക്കുന്നത് നല്ല കാര്യമാണ്. ടോയ്ലെറ്റ് ഉപയോഗത്തിനും മറ്റും എളുപ്പവും ആയിരിക്കും...എന്നാല്‍, തിരക്കുള്ള സമയത്ത് അവിടെ വഴി പുരുഷന്മാര്‍ കയറുന്നത് എങ്ങനെ ഒഴിവാക്കാനാവും ?

  ഡോ. ജയന് ഭാവുകങ്ങള്‍..ചര്‍ച്ചകള്‍ കഴിഞ്ഞു എന്ന് കരുതിയ ഒരു പ്രശ്നം കുറച്ചു പേരുടെ എങ്കിലും മനസ്സില്‍ ഉണ്ട് എന്ന് അറിയുന്നത് തന്നെ വലിയ കാര്യം.

  ReplyDelete
 22. എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 23. കൂട്ടായ പരിശ്രമങ്ങള്‍ ഫലം കാണട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..ഈ ഒരു വിഷയം ഇത്രയും ലൈവ് ആയി വായനക്കാരുടെ ഇടയില്‍ നിര്‍ത്തുന്നതിന് അഭിനന്ദനങ്ങളും...

  ReplyDelete
 24. ഒരു സ്വരം എവിടെ എങ്കിലും
  ആരുടെ എങ്കിലും കാതില്‍
  പതിച്ചാല്‍ അത്രയുംഭാഗ്യം..
  എല്ലാ ഭാവുകങ്ങളും താങ്കളുടെ
  പരിശ്രമങ്ങള്‍ക്ക്..അതിലപ്പുറം
  ഈ പ്രവാസി എന്താണ് ചെയ്യുക..!!

  ReplyDelete
 25. കേരളത്തിലെ തീവണ്ടിയാത്രാനുഭങ്ങളിൽ നേരിട്ടുകണ്ടയനുഭവങ്ങളാൾ ഡോക്ട്ടർ നമ്മളെ പല യാഥ്യാർത്ഥ്യങ്ങളും കാണിച്ചുതന്നിരിക്കുകയാണ്...

  മാറ്റുവിൻ ചട്ടങ്ങളേ ...

  ബൂലോകരെല്ലാവരും കൂടി ഒന്ന് ശ്രമിച്ചാൽ എന്തെങ്കിലും ചിന്ന മാറ്റങ്ങളെങ്കിലും വന്നാൽ ...അതിലും ഒരു കാര്യമില്ലേ കൂ‍ട്ടരേ

  ReplyDelete
 26. നല്ല ലേഖനം...
  നല്ല ഉദ്യമം...
  എല്ലാ ആശംസകളും നേരുന്നു...

  ReplyDelete
 27. ട്രെയിൻ യാത്രയിലെ ഈ ദുരിതങ്ങൾക്ക് പരിഹാരം കാണാനുള്ള ഡോൿടറുടെ ഈ ആത്മാർത്ഥമായ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും ആദ്യമേ അറിയിക്കട്ടെ. ഇവിടെ എഴുതിയ കമന്റുകളിലും ഡോൿടർ മുന്നോട്ടുവച്ച അഭിപ്രായങ്ങളിലും ഞാൻ ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹാഷിം പറഞ്ഞകാര്യത്തോടാണ്. ആടുമാടുകളേയും ആനയേയും വിവിധ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ഇവിടെ നിയമം ഉണ്ട്. അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനും ഇല്ലെങ്കിൽ നടപ്പിൽ വരുത്താനും ശ്രമിക്കുന്ന മൃഗസ്നേഹികളും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട്. എന്നാൽ ഇവിടെ ട്രെയിനിലും ബസ്സിലും യാത്രചെയ്യുന്ന മനുഷ്യരെ പരിഗണിക്കാൻ ഒരു നിയമവും ഇല്ലെ? ഡോൿടർ തന്നെ പറഞ്ഞു 108 പേർക്ക് യാത്രചെയ്യാൻ പാകത്തിലാണ് ട്രെയിനിന്റെ ഒരു ബോഗി എന്ന്. എത്ര ആളുകളെ കുത്തിനിറയ്ക്കുന്നു. റിസർവേഷൻ കമ്പാർട്ട്‌മെന്റുകളിൽ പോലും കേരളത്തിനു വെളിയിൽ യാതൊരു നിയമവും പാലിക്കപ്പെടുന്നില്ല. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും വളരെ ബുദ്ധിമുട്ടി തന്നെയാണ് ട്രെയിനിലും ബസ്സിലും യാത്രചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സർവ്വീസുകൾ വർദ്ധിപ്പിക്കുക എന്നതാണ് ആദ്യം വേണ്ടത്. 48 യാത്രക്കാർ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള കെ എസ് ആർ ടി സിയുടെ സൂപ്പർ ഫാസ്റ്റിലും എക്സ്‌പ്രസ്സ് ബസ്സിലും നൂറും നൂറ്റമ്പതും യാത്രക്കാരെ കുത്തിനിറയ്ക്കുന്നില്ലെ. രാവിലെ എറണാകുളത്ത് എത്തുന്ന പല ട്രെയിനുകളിലും ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിൽ വരെ തൂങ്ങിക്കിടന്നു യാത്രചെയ്യുന്നവർ നിരവധിയാണ്. പലപ്പൊഴും റെയിൽ വകുപ്പ് കുത്തകയാക്കിയ ലല്ലുവിന്റേയും മമതയുടേയും നാട്ടിലെ തീവണ്ടികളുടെ അവസ്ഥയും മറ്റൊന്നല്ല. ട്രെയിനുകളിൽ ശ്വാസം വിടാൻ പോലും വയ്യാത്ത അവസ്ഥയിലാണ് പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ദിവസങ്ങൾ യാത്രചെയ്ത് അവിടെ നിന്നും ആലുവായിൽ എത്തുന്നതും തിരിച്ച് അവിടേയ്ക്ക് പോകുന്നതും. എങ്ങനെയെങ്കിലും നാട്ടിൽ എത്താൻ തീവണ്ടിയിൽ തിക്കിക്കയറുന്ന അവരുടെമേൽ റെയിൽ‌വേ പോലീസ് നടത്തുന്ന ചൂരൽ പ്രയോഗം മാത്രം മതി മൃഗങ്ങളും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവും റെയിൽ‌വേ അധകൃതർക്കില്ല എന്ന് മനസ്സിലാക്കാൻ. നമ്മുടെ നാട്ടിലേതിലും പരിതാപകരമാണ് ബീഹാറിലേയും പശ്ചിമബംഗാളിലേയും തീവണ്ടിയാത്ര എന്നത് പല വാർത്തകളിലേയും ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. ഈ ബുദ്ധിമുട്ടുകൾ അറിയാത്തവരല്ല അധികാരികൾ. സ്വാതന്ത്ര്യം കിട്ടി ആറ് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കാരന്റെ പ്രേതം വിട്ടുമാറാത്ത രണ്ട് പ്രധാന വിഭാഗങ്ങളിൽ ഒന്നാണ് റെയിൽ‌വേ. ഉയർന്ന ക്ലാസുകളിൽ യാത്രചെയ്യുന്നവരെ മാത്രമേ ഇപ്പോഴും റെയിൽ‌വേ മനുഷ്യഗണത്തില്‍പ്പെടുത്തുയിട്ടുള്ളു. റെയിൽ‌വേയുടെ കാഴ്ചപ്പാടിൽ മറ്റുള്ളവർ മൃഗങ്ങളോ അവകാശങ്ങൾക്കായി വാദിക്കാൻ പാടില്ലാത്ത അടിമകളോ ആണ്.
  (ഒരു നിവർത്തിയും ഇല്ലെങ്കിൽ മാത്രം യാത്രയ്ക്കായി തീവണ്ടിയെ ആശ്രയിക്കുന്ന ഒരു ലോക്ലാസ് യാത്രികൻ)

  ReplyDelete
 28. ട്രെയിൻ യാത്രയിലെ ഈ ദുരിതങ്ങൾക്ക് പരിഹാരം കാണാനുള്ള ഡോൿടറുടെ ഈ ആത്മാർത്ഥമായ ശ്രമത്തിന് എല്ലാ ആശംസകളും ..

  "ഇതൊന്നും അസാധ്യമായ കാര്യമായി തോന്നുന്നില്ല. നമ്മൾ വിചാരിച്ചാൽ ചെയ്യാവുന്നതേ ഉള്ളൂ.

  ഒപ്പം കൂടാൻ ആളുണ്ടെങ്കിൽ ഇതിനു വേണ്ടി സമയം മുടക്കാൻ ഞാൻ തയ്യാറാണ്. " ..
  ആത്മാർത്ഥമായ ഈ വാക്കുകള്‍ക്ക് ഒരു സ്ത്രീ എന്ന നിലയിലും നന്ദി ...


  സഹായിക്കാന്‍ ആഗ്രഹമുണ്ട്. ഇന്റര്‍നെറ്റ്‌ വഴി ഇവിടെ നിന്ന് ചെയ്യാവുന്ന പറ്റുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പറയണേ ...

  ReplyDelete
 29. വളരെ ആലോചിച്ച് ശ്രദ്ധാപൂർവ്വം ഉണ്ടാക്കിയ നിർദ്ദേശങ്ങൾ, സ്ത്രീകളുടെ തീവണ്ടിയാത്രയിൽ ദുരിതങ്ങൾ കുറയ്ക്കാൻ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ കഴിയും. താങ്കൾക്ക് നന്ദി.

  ReplyDelete
 30. അധികാരികളിൽനിന്നുള്ള പരിഷ്ക്കരണങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ നിലപാടിൽ മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത കൂടി ഉണ്ടായാൽ സ്ഥിതി മെച്ചപ്പെടും. ഡോക്ടറുടെ കുറിപ്പിൽ ഈ രണ്ട് വശങ്ങളും സ്പർശിക്കപ്പെട്ടു. പൊതുതാല്പര്യത്തോടെയുള്ള ഈ ആലോചനകൾ ഫലപ്രദമാവട്ടെ.

  ReplyDelete
 31. കുറ്റവാളികള്‍ക്ക് ഒരിക്കലും അര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നില്ലല്ലോ.
  പിന്നെങ്ങിനെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാതിരിക്കും?
  ഡോക്ടര്‍ ഇക്കാര്യം സീരിയസ് ആയി എടുത്തു കണ്ടതില്‍ സന്തോഷം തോന്നുന്നു.
  ഈ വിധത്തിലെങ്കിലും ആരെങ്കിലും ബോധാവാന്മാരായെങ്കില്‍ രക്ഷപ്പെട്ടു.

  ReplyDelete
 32. നല്ല ഉദ്യമം..ചിന്തകൾ..

  ആശംസകൾ..

  ReplyDelete
 33. ആവശ്യത്തിനു ട്രൈനുകളോ ജനറല്‍ കംബാര്‍ട്ടുമെന്റുകളോ റയില്‍ വേ ഉദ്ദ്യോഗസ്തരോ ഇല്ലാത്തതാണ് സത്യത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശനം.
  അപായ ചങ്ങലകള്‍ നിര്‍ത്തലാക്കണം. ഗാര്‍ഡുമായി/കസ്റ്റമര്‍ കെയര്‍ ഉദ്ദ്യോഗസ്തരുമായി യാത്രക്കാര്‍ക്ക് സംസാരിക്കാനുള്ള ക്യാമറയടക്കമുള്ള ഫോണ്‍ സൌകര്യം ട്രൈനുകളില്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

  ReplyDelete
 34. ഈ ഭിക്ഷാടനക്കാരായ കുട്ടികൾ നാം എവിടെയും കാണുന്ന ദയനീയ കാഴ്ചകളാണ്. അവരിൽ ഏതെങ്കിലും കുട്ടികളെ പിടിച്ചുകൊണ്ടു പോയി സ്നേഹപൂർവ്വം ചോദ്യം ചെയ്താൽ അവരെ ഇതിനയച്ച് ചൂഷണം ചെയ്യുന്നവരെ കണ്ടെത്താൻ പ്രയാസമില്ല. പക്ഷെ എന്തുകൊണ്ട് നമ്മുടെ അധികൃതർ അതു ചെയ്യുന്നില്ല?

  മറ്റൊന്ന് ട്രെയിനിലും ബസിലും മറ്റുമുള്ള പുസ്തക വില്പനയും മറ്റുമാണ്. അതൊക്കെ വയറ്റിപ്പിഴപ്പാണ്.അത് തടയുന്നതിനോട് യോജിപ്പില്ല. അതൊന്നുമല്ല പ്രധാന പ്രശ്നം.

  ലേഡീസിന് മാത്രമായി സ്ഥലം നീക്കിവയ്ക്കാം. പക്ഷെ അതേ ബോഗിയിൽ അപ്പുറത്തോ ഇപ്പൂറത്തോ ആണുങ്ങളും ഉണ്ടാകണം.

  സാങ്കേതിക വിദ്യകൾ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ടെയിൻ അത്യാവശ്യം നിർത്താനും അപകട സൂചന നൽകാനും നമ്മുടെ ട്രെയിനുകളിൽ ചങ്ങല മാത്രമേ ഉള്ളൂ. കഷ്ടം. ഓരോ കമ്പാർട്ട്മെന്റിലും എന്തു നടക്കുന്നുവെന്ന് ട്രെയിനിലെ ജീവനക്കാർക്കും പോലീസിനും ലൈവ് ആയി കാണാൻ കഴിയുന്ന സംവിധാനം ഇന്ന് വളരെ നിസാരമായി സജ്ജീകരിക്കാവുന്നതാണ്. ഒരു പോലീസ് കണ്ട്രോൾ റൂം തന്നെ സജ്ജീകരിച്ച് കമ്പ്യൂട്ടറിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാവുന്നതേ ഉള്ളൂ.

  ReplyDelete
 35. തുഞ്ചൻപറമ്പിലെ ബ്ലോഗ്മീറ്റിൽ ഇത്തരം പൊതുപ്രശ്നങ്ങളിൽ ബ്ലോഗ്ഗർമാർക്ക് എങ്ങനെ ഫലപ്രദമായി ഇടപെടാം എന്നതിനെക്കുറിച്ച് ഒരു ചർച്ച നടന്നാൽ കൊള്ളാം.

  ReplyDelete
 36. ഇതിനൊക്കെ എവിടെയാണാവോ ഒരവസാനം?

  ReplyDelete
 37. ഡോക്ടറെ...ആത്മാര്‍ഥമായ ഈ പരിശ്രമത്തിനെ അഭിനന്ദിക്കാതെ തരമില്ല...ബ്ലോഗ്‌ വഴിയും കാര്യങ്ങള്‍ നടക്കും എന്നതിന് മുല്ലുര്‍ക്കാരന്റെ മലമ്പുഴ ബോട്ടിംഗ് നെ കുറിച്ചുള്ള ബസ്‌ തന്നെ തന്നെ ഉദാഹരണം.ആഞ്ഞു പിടിച്ചാല്‍ തീര്‍ച്ചയായും എന്തെങ്കിലും ഒക്കെ നടക്കും... പത്രക്കാരെ ഉള്‍പെടുത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമായിരുന്നു...

  ReplyDelete
 38. ആളുകളുടെ മനോഭാവം മാറ്റിയെടുക്കാൻ കഴിയില്ല. ഭിക്ഷാടനം നിർത്തിപ്പിക്കാനും കഴിയില്ല. ഏറ്റവും പ്രധാനമായി വേണ്ടത് സെക്യൂരിറ്റിയാണ്. താങ്കൾ പറഞ്ഞത് പോലെ വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത്, ഗാർഡും എൻജിൻ ഡ്രൈവറും തമ്മിൽ ഫലപ്രദമായ ആശയവിനിമയത്തിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ തേടുക. അതാണ് ഫലവത്തായ മാർഗ്ഗം. കൂടാതെ സ്ത്രീകളുടെ ഭാഗത്തേക്ക് പ്രത്യേക ഗാർഡുകളെ (സ്ത്രീകളായ) നിയമിക്കുക.
  പോസ്റ്റിന് ആശംസകൾ

  ReplyDelete
 39. ഇതൊന്നു നൊക്കൂ ഓ ടോ ആണെങ്കില്‍ ക്ഷമിക്കു വായിച്ചപ്പോ കൊള്ളാമെന്നു തോന്നി
  സ്ത്രീകള്‍ക്കായി-2 യാത്രക്കാരികളുടെ ശ്രദ്ധക്ക്
  http://firefly-talks.blogspot.com/2011/02/2.html

  ReplyDelete
 40. ഉം... നടക്കട്ടെ ഡോക്റ്ററെ...

  ReplyDelete
 41. ഇവിടെ സ്വരുക്കൂട്ടുന്ന അഭിപ്രായങ്ങൾ നമുക്ക് റെയിൽ വേയ്ക്ക് ഇംഗ്ലീഷിലാക്കി കൊടുക്കാം. വകുപ്പു മന്ത്രിക്കും, പ്രധാനമന്ത്രിക്കും അയച്ചുകൊടുക്കാം.

  വകുപ്പു തലത്തിൽ നടപടികൾക്കുൾല ശ്രമം തുടരുന്നതിനൊപ്പം
  കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പി മാർക്കും ഇതിന്റെ കോപ്പി എത്തിച്ചാൽ അവരിൽ ഒരാളെക്കൊണ്ടെങ്കിലും ഇത് പാർലമെന്റിൽ ഉന്നയിപ്പിക്കാൻ കഴിയും എന്നാണു പ്രതീക്ഷ.

  കൂടാതെ റെയിൽവേ ചുമതലയുള്ള കേരളത്തിലെ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും ഇതിന്റെ കോപ്പി കൊടുക്കാം.

  റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് കഴിയുന്ന പ്രവർത്തനങ്ങളും ചെയ്യാം.

  ഇതൊന്നും അസാധ്യമായ കാര്യമായി തോന്നുന്നില്ല. നമ്മൾ വിചാരിച്ചാൽ ചെയ്യാവുന്നതേ ഉള്ളൂ.

  "ഒപ്പം കൂടാൻ ആളുണ്ടാവും സാർ.
  ഒരാൾ മുന്നിട്ടിറങ്ങിയാൽ ആരെങ്കിലും ഉണ്ടാവും ; തീർച്ച."

  ReplyDelete
 42. Check out this site For Indian Sexy Actress Pitcures

  http://indiansizzling.blogspot.com


  Please delete this comment if you dont wish to keep.

  Thanks,

  ReplyDelete
 43. വളരെ നല്ല ഉദ്യമം. മനസുകൊണ്ട് താങ്കളോടൊപ്പം ഉണ്ട്...

  ReplyDelete
 44. വരാൻ വൈകിയെങ്കിലും പിന്തുണയുണ്ടെന്നറിയിയ്ക്കട്ടെ.

  ReplyDelete