Tuesday, December 30, 2014

ഉന്നാൽ മുടിയും പൊണ്ണേ! (നിനക്കു കഴിയും പെണ്ണേ!)

ആക്ടിവിസത്തിനപ്പുറം, പരിഹാരമാർഗങ്ങളിലേക്കു പോവുക എന്നതാവണം ന്യൂ ജനറേഷൻ സമരങ്ങളുടെ പരിണതി. സമൂഹത്തോടുള്ള തങ്ങളുടെ പ്രതിഷേധം പൊട്ടിത്തെറിയിലൂടെ പ്രകടിപ്പിക്കുക എന്നത് യൗവനത്തിൽ അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതിലേക്ക് അവർ നീങ്ങിയാൽ അതാവും ശരിയായ വിപ്ലവം.





ഉദാഹരണത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടുന്ന സാനിറ്ററി നാപ്കിൻ വിഷയം. ഈ വിഷയത്തെ (മറ്റേതൊരു വിഷയത്തേയും എന്നപോലെ തന്നെ!) നിഷ്പക്ഷതയോടെ ആരും സമീപിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ ഒന്നു നോക്കാം. (തീണ്ടാരിയല്ല വിഷയം; നാപ്കിൻ ഡിസ്പോസലാണ്)

1. കേരളത്തിൽ എന്നുമാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും ഇത് ഒരു വിഷയം തന്നെയാണ്. ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊമേർഷ്യൽ കോമ്പ്ലക്സുകൾ തുടങ്ങിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളിലും പ്ലംബിംഗ് ബ്ലോക്കുണ്ടാകുന്നതിന്റെ പ്രധാനകാരണവും ഇതു തന്നെ.

2.  ക്ലോസറ്റിൽ ഫ്ലഷ് ചെയ്തു വിടരുത് എന്ന കർശന നിർദേശമുണ്ടായാലും പലരും അതു മാനിക്കാറില്ല. അതുകൊണ്ട് സ്ത്രീകളെ മൂത്രമൊഴിക്കാൻ അനുവദിക്കാത്ത പെട്രോൾ പമ്പിലെ മൂത്രപ്പുരക്കാരോ, റെസ്റ്റോറന്റുകാരോ ഈ ദുസ്തിതിക്ക് പൂർണ ഉത്തരവാദികളാവില്ല. (കമ്പനിയിൽ സംഭവിച്ചത് വേറേ കാര്യം. അത് കുറ്റകരമാണ്. ആ വിഷയം ഉയർത്തിക്കൊണ്ടു വന്നതാണ് ഇപ്പോൾ ഇങ്ങനൊരു ചർച്ചയ്ക്കും കാരണമായത് എന്നതു വിസ്മരിക്കനാവില്ല.)

3. ഉപയോഗിക്കപ്പെട്ട നാപ്കിന്നുകൾ മാലിന്യപ്രശ്നം തന്നെയാണ്. ജൈവ - അജൈവ മാലിന്യം. നദികളും, കായലുകളും, കടലും ആണ് ഈ മാലിന്യം ഏറ്റെടുക്കേണ്ടി വരുന്നത്. ഏതു മാലിന്യമായാലും അത് സുരക്ഷിതമായി നിർമാർജനം ചെയ്തേ പറ്റൂ.

4. സാനിറ്ററി നാപ്കിൻ ഡിസ്പോസൽ പോയിട്ട്, ശുചിത്വമുള്ള മൂത്രപ്പുരകൾ പോലും നമ്മുടെ നാട്ടിൽ സ്ത്രീകൾക്കായി ഇല്ല എന്നു തന്നെ പറയാം. അതിനുള്ള സാഹചര്യം ഒരുക്കണം. ആദ്യം ദേശീയപാതയോരങ്ങളിൽ സ്ത്രീ സൗഹൃദ റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ തുടങ്ങാൻ സ്ത്രീകൂട്ടായ്മകൾ മുന്നോട്ടു വരണം. സ്ത്രീ സംരംഭകർ ഇല്ലാത്ത നാടൊന്നുമല്ല കേരളം. അഥവാ ഇല്ലെങ്കിൽക്കൂടി കാലഘട്ടം അതാവശ്യപ്പെടുന്നു.

5. ഐ.ടി. സ്ഥാപനങ്ങൾ, ഓഫീസുകൾ, കോളേജുകൾ തുടങ്ങി വൃത്തിയുള്ള ശൗചാലയങ്ങൾ ഉള്ളിടത്തു പോലും നാപ്കിൻ ഡിസ്പോസൽ ശരിയായല്ല നടക്കുന്നത്. ഇക്കാര്യത്തിൽ ബോധവൽക്കരണവും, ഡിസ്പോസൽ ടെക്നിക്കുകളും നടത്താൻ പ്രതിഫലം വാങ്ങിക്കൊണ്ടുള്ള സേവനക്കൂട്ടായ്മകൾ (കുടുംബശ്രീ മാതൃകയിൽ) ഉണ്ടാക്കണം. നാടു മുഴുവൻ ഒറ്റയടിക്ക് ശരിയാക്കനാവില്ല. ആദ്യം ഇവിടങ്ങൾ നന്നാവട്ടെ. തുടർന്ന് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാം. ബാത്ത് റൂം ഭിത്തിയിൽ തന്നെ പതിപ്പിച്ചു വയ്ക്കാവുന്ന ഡിസ്പോസൽ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അതുണ്ടെങ്കിൽ ആരും നാപ്കിൻ ക്ലോസറ്റിലിടില്ല.






6. മുഴുവൻ വനിതാഹോസ്റ്റലുകളിലും സ്ത്രീകൂട്ടായ്മകൾ വഴി നാപ്കിന്നുകൾ ശുചിയായി നിർമാർജനം ചെയ്യാനുള്ള 'ഡ്രൈവ്' ആരംഭിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ കൗമാര/സ്ത്രീ ആരോഗ്യബോധവൽക്കരണവും, സ്വയം പര്യാപ്തതാ ബോധവും ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

താല്പര്യമുള്ളവർക്ക് നെറ്റിൽ ധാരാളം മാർഗനിർദേശങ്ങൾ കിട്ടും. ഉദാഹരണം
http://jackieggi.hubpages.com/hub/Sanitary-napkin-disposal-that-reduces-cross-contamination
http://www.sanitarypaddisposal.com/
ഇവ കൂടാതെ നിരവധിയിടങ്ങൾ ഉണ്ടാവും, നെറ്റിൽ.

7. ജനപ്രതിനിധികളുടെ സഹായത്തോടെ വനിതാകൂട്ടായ്മയുണ്ടാക്കിയാൽ നാട്ടിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ടാകും.

പ്രതിഷേധിക്കുക മാത്രമാവരുത്  ഉദ്ദേശ്യം. ക്രിയാത്മകമായി പ്രവർത്തിക്കലാവണം പ്രധാനലക്ഷ്യം. പുരുഷന്മാർക്കു വേണ്ടി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ ഈ സംരംഭങ്ങൾ കയ്യേൽക്കണം എന്നാണഭിപ്രായം.

കേരളം മുഴുവൻ ഇങ്ങനൊരു മൂവ്മെന്റ് ഉണ്ടാക്കാൻ കഴിയില്ല എന്നോർത്ത് ആരും പിന്നാക്കം പോകേണ്ടതില്ല. ഏതെങ്കിലും ഒരു ഗ്രാമത്തിൽ/ നഗരത്തിൽ/ സ്ഥാപനത്തിൽ/സ്കൂളിൽ/കോളേജിൽ/ഓഫീസിൽ ഇതു തുടങ്ങൂ. പിൻ തുണയ്ക്കായി ഞാനുൾപ്പടെയുള്ള പുരുഷസമൂഹം ഉണ്ടാവും. പക്ഷെ, മുൻ നിരയിലും, നടത്തിപ്പിലും സ്ത്രീകൾ തന്നെയുണ്ടാകണം. ഒപ്പം സ്ത്രീ സൗഹൃദ റെസ്റ്റോന്റുകൾ, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ, സ്ത്രീ സൗഹൃദ ബാത്ത് റൂമുകൾ എന്നിവയുമായി വനിതാ സംരംഭകർ മുന്നോട്ടു വരട്ടെ.

ഉന്നാൽ മുടിയും പൊണ്ണേ!
(നിനക്കു കഴിയും പെണ്ണേ!)

6 comments:

  1. പ്രതിഷേധിക്കുക മാത്രമാവരുത് ഉദ്ദേശ്യം. ക്രിയാത്മകമായി പ്രവർത്തിക്കലാവണം പ്രധാനലക്ഷ്യം. പുരുഷന്മാർക്കു വേണ്ടി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ ഈ സംരംഭങ്ങൾ കയ്യേൽക്കണം ...........നല്ല എഴുത്ത്

    ReplyDelete
  2. ഇത്രയധികം പെണ്ണൂങ്ങൾ വിവിധരാജ്യങ്ങളിൽ
    പ്രാവാസി ജോലിക്കാരികളായിട്ടും , ഉന്നത വിദ്യഭ്യാസമുണ്ടായിട്ടും ,
    വെറും നാടപോലെയുള്ള തീണ്ടാരി കോണങ്ങൾ വരെ ഇറങ്ങിയിട്ടുമൊന്നും നമ്മുടെ നാട്ടിൽ ഇതിനെ കുറിച്ച് ബോധ വൽക്കരണം വന്നില്ലാ എന്നത് വളരെ
    കഷ്ട്ടമാണ് കേട്ടൊ ...!

    ReplyDelete
  3. നല്ല പോസ്റ്റ്. ഇത് ഉപയോഗിക്കുന്നവര്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പണ്ടു കെയര്‍ ഫ്രീ ഈ രംഗം അടക്കി വാണ കാലത്ത്‌ കവറിനു മുകളില്‍ ഇങ്ങനെ എഴുതിയിരുന്നു. "remove the blue plastic shield before flushing away it"പക്ഷെ പിന്നീട് പുതിയ രീതിയിലുള്ള നാപ്‌ക്പിനുകള്‍ വന്നപ്പോള്‍ ക്ലോസറ്റില്‍ ഇടരുത് എന്നാ നിര്‍ദേശം അതിനു മുകളില്‍ ഉണ്ട്. ആരും കാണാനില്ലാത്തപ്പോള്‍ കാണിക്കുന്ന അലംഭാവം തന്നെയിത്. അവനവന്റെ വീട്ടിലെ ക്ലോസറ്റുകള്‍ ഇത് കൊണ്ടു ബ്ലോക്കാകുന്നില്ലല്ലോ. ഇതിനു വേണ്ടത് സാമൂഹ്യ ബോധമാണ്

    ReplyDelete
  4. പ്രതിഷേധ പ്രകടനങ്ങൾ ആണ് എളുപ്പം ചെയ്യാനാവുന്നത്.പ്രവര്ത്തിക്കുക എന്നത് ബുദ്ധിമുട്ടും.ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങള പോസ്റ്റുകളും ലൈക്‌ ചെയ്തും ഷെയേർ ചെയ്തും കഴിയുമ്പോൾ പുതിയതിലെയ്ക്ക്

    ReplyDelete
  5. സാനിട്ടറി നാപ്കിന്‍ ഡിസ്പോസല്‍ എന്നും ഒരു പ്രശനമാവാറുണ്ട്. പക്ഷെ കാലം മാറിയതിനനുസരിച്ചും ജീവിത സാഹചര്യങ്ങള്‍ വര്ധിക്കുന്നതിനനുസരിച്ചും ഇതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട് / അഥവാ വരുത്താം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.. സ്കൂള്‍ കാലങ്ങളില്‍ അധികൃതരെ ഏറ്റവും അലട്ടിയിരുന്ന പ്രശ്നമായിരുന്നു കൊമോഡ് ബ്ലോക്ക്‌. നാപ്കിന്‍ ഇടാനായി പുറത്ത് ഒരു ബാസ്കെറ്റ് എന്നതായിരുന്നു അവിടുത്തെ സോലുഷന്‍ എങ്കിലും പലരും അത് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഓഫീസിലേയ്ക്ക് വരുമ്പോള്‍ നാപ്കിന്‍ മാത്രം ഡിസ്പോസ് ചെയ്യുകയും പ്രോസസ് ചെയ്യുകയും ചെയ്യാവുന്ന യൂണിറ്റുകള്‍ ഓരോ വാഷ്‌റൂമിലും സ്ഥാപിക്കുക വഴി ഈ പ്രശ്നം പൂര്‍ണമായും ഇല്ലായ്മ ചെയ്തിട്ടുണ്ട്. പലപ്പോഴും ഹോട്ടലുകളിലും മറ്റും അത്യാവശ്യ സാഹചര്യങ്ങളില്‍ നാപ്കിന്‍ നിക്ഷേപിക്കാന്‍ സൗകര്യമില്ലാത്ത പക്ഷം ഫ്ലഷ് ചെയ്യാന്‍ പലരും നിര്‍ബന്ധിതരാവാരുണ്ട്. ആ സാഹചര്യത്തില്‍ റോസിലി ചേച്ചി പറഞ്ഞ പോലെ പുറം കവര്‍ മാറ്റിയിട്ട് ഫ്ലഷ് ചെയ്യുന്നത് നന്നായിരിക്കും.

    ReplyDelete