Tuesday, December 25, 2012

ഞാൻ ഒരു കപടസദാചാരവാദി തന്നെ!

ഡിസംബർ പതിനാറാം തീയതി ഓടുന്ന ബസ്സിൽ വച്ച് ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തോടെ തുടങ്ങിയ പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഇത:പര്യന്തമുള്ള ഭാരത ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.


തലസ്ഥാനനഗരിയുടെ തെരുവീഥിയിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും, ഇഞ്ചിഞ്ചായി അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്രതലത്തിൽ തന്നെ സ്വതന്ത്ര ഇൻഡ്യയ്ക്ക് നാണക്കേട് വരുത്തി വച്ചു.

ലൈംഗികാതിക്രമങ്ങളിൽ ഇത്രത്തോളം മൃഗീയത കണ്ടിട്ടില്ലെന്ന്  ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്രെ!

കൂട്ടമായി വളഞ്ഞിട്ട് ഭോഗിക്കുകയും ഒടുവിൽ ജനനേന്ദ്രിയത്തിനുള്ളിൽ കമ്പിവടികുത്തിക്കയറ്റുകയും ഒക്കെ മൃഗങ്ങൾ ചെയ്യുമോ? ഏതു മൃഗമാണ് ഇത്തരം ക്രൂരത കാണിക്കുക!

ഇതു മാനുഷികമായ പൈശാചികതയാണ് (പിശാച് പ്രതിഷേധിക്കുകയില്ലെങ്കിൽ!)


അതാണ് ഇത്ര തീവ്രമായി ജനം പ്രതികരിക്കാൻ കാരണം. യുവാക്കൾ തുടങ്ങിവച്ച പ്രക്ഷോഭം ആബാലവൃദ്ധം ജനങ്ങളും ഏറ്റെടുക്കുന്ന സമാനതകളില്ലാത്ത അനുഭവം ഭാരതത്തിൽ ഇതാദ്യമാണ്.

ഭൂരിപക്ഷം ഭാരതീയരുടെ മനസ്സാക്ഷിയും ആ പ്രതികരണങ്ങൾക്കൊപ്പമാണെങ്കിലും ചില്ലറ എതിരഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. 

അതിനിടെയാണ് സ്ത്രീപീഡനങ്ങൾ അവസാനിക്കാത്തത് നാടെങ്ങും ചുവന്ന തെരുവുകകൾ ഇല്ലാത്തതുകൊണ്ടാണെന്ന വാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. കാലാകാലങ്ങളിൽ സ്ത്രീപീഡനങ്ങൾ വാർത്തയിൽ നിറയുമ്പോൾ ചിലർ ഈ വാദവുമായി വരാറുണ്ട്. ഇക്കുറിയും വന്നു.

പുരുഷന്റെ അടിച്ചമർത്തിയ ലൈംഗികാഭിവാഞ്ഛയ്ക്ക് ബഹിർസ്ഫുരിക്കാനുള്ള അവസരമൊരുക്കിയാൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടാവില്ല എന്നതാണ് ഈ വാദക്കാർ ഉന്നയിക്കുന്നത്.

അതിനെ എതിർക്കുന്നവർ ഒക്കെ കപടസദാചാരവാദികൾ ആണത്രെ!

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ ചൂണ്ടിക്കാട്ടി, ഇവിടെ ഒരു ചുവന്ന തെരുവില്ലാത്തതാണ് ഇതിനു കാരണമെന്ന് പല വേദിയിൽ, പല സാമൂഹിക-വിദ്യാഭാസ നിലവാരത്തിലുള്ള പുരുഷന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ഈ ബ്ലോഗിൽ തന്നെ രണ്ടു വർഷം മുൻപൊരു പോസ്റ്റും ഇടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഫെയ്സ് ബുക്കിൽ വീണ്ടും ഈ വാദം ഉയർന്നു കണ്ടപ്പോൾ, തെറ്റിദ്ധരിച്ചിട്ടാണെന്നു സമ്മതിച്ചിട്ടാണെങ്കിലും ഒരാൾ എന്നെ കപടസദാചാരി എന്നു വിളിച്ചപ്പോൾ, അതെക്കുറിച്ച് വീണ്ടും എഴുതണമെന്നു തോന്നിപ്പോയി.

ചുവന്ന തെരുവിനു വേണ്ടി വാദിക്കുന്നവർ കാണാതെ പോകുന്ന, അഥവാ കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ.

ചുവന്ന തെരുവ് എന്നാൽ അത് കേവലം ലൈംഗികാഗ്രഹമുള്ളവർക്ക് അതു തീർക്കാൻ പറ്റിയ ഒരിടം മാത്രമല്ല. മദ്യവും, മയക്കുമരുന്നും, അധികാരവും, കൂട്ടിക്കൊടുപ്പും, ദാരിദ്ര്യവും ലൈംഗികരോഗങ്ങളും, ഭീഷണിയും ഭേദ്യം ചെയ്യലും ഒക്കെ തിമർക്കുന്ന ഒരു അധോലോകം കൂടിയാണ്.

നിഷ്കളങ്കത തട്ടിയെടുക്കപ്പെട്ട കുഞ്ഞുബാല്യങ്ങളുടെ കുരുതിക്കളമാണ്. തട്ടിക്കൊണ്ടുവന്നോ, പ്രലോഭിപ്പിച്ചോ പിഞ്ചു പെൺകിടാങ്ങളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന അറവുശാലകളാണ്.

12 ലക്ഷം കുട്ടികളാണ് ഇൻഡ്യയിലെ ചുവന്ന തെരുവുകളിൽ അകപ്പെട്ടിട്ടുള്ളതെന്ന് വിക്കി പീഡിയ പറയുന്നു.

ഇവരിൽ തട്ടിക്കൊണ്ടുപോയി കാണാതാക്കപ്പെടുന്ന ആയിരക്കണക്കിനു കുട്ടികളുണ്ട്. അഭിസാരികകളുടെ കുഞ്ഞുങ്ങളുണ്ട്. ആരുടെ കുഞ്ഞായാലും ഇളം മാംസത്തിനു വില ഇരട്ടിയാണ്!

ചുവന്നതെരുവുകൾക്കു വേണ്ടി വാദിക്കുന്ന ഒരാളും സ്വന്തം അമ്മയെയോ പെങ്ങളെയോ അവിടെ സേവനമനുഷ്ഠിക്കാൻ വിടാൻ ഇതുവരെ തയ്യാറായ ചരിത്രമില്ല. കടിഞ്ഞാണിടാൻ കഴിയാത്ത പുരുഷകാമത്തിന് കയറിമേയാൻ ബലിമൃഗങ്ങളായി കിടാങ്ങൾ എവിടെ നിന്നു വരണം?

എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക! എന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം.

ഇതു ചോദ്യം ചെയ്യുന്നവൻ കപടസദാചാരവാദിയാണ്.

ദില്ലിക്കൊപ്പമില്ലെങ്കിലും, ലോകത്തെ എറ്റവും വലിയ വേശ്യാത്തെരുവുള്ള മുംബൈയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും, ബലാത്സംഗവും വർദ്ധിച്ചുവരികയാണെന്ന സത്യം ഇവർ കണ്ടതായി നടിക്കുന്നില്ല.

ചുവന്ന തെരുവുള്ള മുംബൈയിൽ നിന്ന് ഈയിടെ (കഴിഞ്ഞ 2 മാസം) വന്ന ബലാത്സംഗവാർത്തകൾ മാത്രമൊന്നു നോക്കൂ.
http://www.deccanherald.com/content/300239/nepali-woman-gang-raped-mumbai.html

http://www.indianexpress.com/news/spanish-musician-raped-in-mumbai-apartment/1027325

http://articles.timesofindia.indiatimes.com/2012-11-10/mumbai/35033878_1_bhayander-private-parts-mumbai

http://in.news.yahoo.com/german-raped-mumbai-144205677.html

http://www.indiatvnews.com/crime/news/security-official-arrested-for-blackmail-rape-in-mumbai--2015.html

2007 ലെ കണക്കു പ്രകാരം കാമാത്തിപ്പുര എന്ന സ്ഥലത്തു മാത്രം അൻപത്തയ്യായിരത്തിലധികം വോട്ടർമാരുണ്ടത്രെ. The area has 55,936 voters in 2007 (http://en.wikipedia.org/wiki/Kamathipura)

18 വയസിനു മുകളിൽ അര ലക്ഷത്തിനു മീതെ ആളുള്ളിടത്ത് 18 വയസിനു താഴെ എത്രയുണ്ടാകുമോ എന്തോ!?  25,000 പേരെങ്കിലും ഉണ്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കൂ എത്ര ബാലജന്മങ്ങളാണ് നിത്യവും പലതവണ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്!?


കേരളത്തിൽ ഇതരമൊരു തെരുവ് നമുക്കെന്തിനാണ്!? എവിടെനിന്നു കൊണ്ടുവരും ഇവിടേക്ക് യുവതികളെയും കുഞ്ഞുകുട്ടികളേയും!? 


ഇനി ഉണ്ടാക്കുകയാണെങ്കിൽ, സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രം ചുവന്ന തെരുവുകൾ ഉണ്ടാക്കിയാൽ മതിയോ?

ഇടുക്കിയിലോ വയനാട്ടിലോ ഉള്ള ഒരാൾ ‘പൂശാൻ മുട്ടിയാൽ’ അങ്ങു തിരുവനന്തപുരം വരെ യാത്ര ചെയ്ത കാര്യം സാധിച്ചു തൃപ്തനായി മടങ്ങുകയും, മറ്റൊരു സ്ത്രീയേയും ബലാൽ സംഗമിക്കാതിരിക്കുകയും ചെയ്യുമോ?

ലൈംഗികാതിക്രമങ്ങൾ നിർത്താൻ ചുവന്ന തെരുവ് മാത്രം മതിയോ?

അഗമ്യഗമനത്തിൽ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കുമോ? വിശേഷിച്ചും അതിൽ താല്പര്യമില്ലാത്തവരാണ് മിക്കപ്പൊഴും ഇര എന്ന നിലയ്ക്ക് അത് എങ്ങനെ അംഗീകരിക്കാനാവും?

എട്ടും പത്തും വയസ്സുള്ള പാവം പെൺകുട്ടികളെ ബലം പ്രയോഗിച്ചോ, ഭീഷണിപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ  പ്രാപിക്കുന്ന അച്ഛനെയും, അമ്മാവനെയും, സഹോദരനെയും ഒക്കെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?


ഈ ചോദ്യങ്ങളൊന്നും ചുവന്ന തെരുവിനുവേണ്ടി വാദിക്കുന്നവർ ശ്രദ്ധിക്കുന്നേയില്ല.

ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതിവിടങ്ങളിലാണ്.

 സ്വവർഗരതിക്കാരായ മധ്യവയസ്കരാണ് പിഞ്ച് ആൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രമുഖർ. ബന്ധുക്കൾ മുതൽ അധ്യാപകർ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ആണുങ്ങൾ പെൺകുട്ടികളെ മാത്രമല്ല ആൺ കുട്ടികളെയും ബലാത്സംഗം ചെയ്യുന്ന കാലമാണിത്.


രതി എന്തെന്നറിയാനുള്ള പ്രായം പോലുമാകാതെ അതിലേക്കു വലിച്ചിഴക്കപ്പെടുന്ന പാവം കുട്ടികളുടെ മനസ്സിൽ ഇതു സൃഷ്ടിക്കുന്ന ആഘാതവും, വ്യക്തിത്വവൈകല്യങ്ങളും പലപ്പോഴും മാതാപിതാക്കളുൾപ്പടെ ആരും ശ്രദ്ധിക്കുന്നില്ല. തന്റെ കുട്ടി പെട്ടെന്നൊരുനാളിനു ശേഷം എന്തുകൊണ്ട് വല്ലാതെ ഉൾവലിഞ്ഞും, അന്തർമുഖനായും പെരുമാറുന്നു, അല്ലെങ്കിൽ അക്രമാസക്തനാകുന്നു, ലഹരിക്കടിമയാകുന്നു എന്നൊക്കെ അന്വേഷിച്ചാലറിയാം ഇതിന്റെ ഭീകരാവസ്ഥ. ഇത്തരം  അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും കണ്ടില്ലെന്നു നടിക്കാൻ ഇനി ആവില്ല.


മനുഷ്യന്റെ നാല് പ്രാഥമികവികാരങ്ങളാണ് വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികേച്ഛ എന്നിവ. എന്നാൽ ആദ്യത്തെ മൂന്നും പോലെയല്ല അവസാനത്തേത്.

ആഹാരം കഴിക്കാതെ വിശന്ന് ഒരാൾക്ക് അധികകാലം ജീവിക്കാനാവില്ല. വെള്ളം കുടിച്ചു ദാഹം തീർക്കാതെയും നമുക്ക് അധികനാൾ കഴിയാനാവില്ല. ഉറക്കം കൂടാതെ  ഒരു സാധാരണ മനുഷ്യന് ഒരാഴ്ചപോലും താണ്ടാനാവില്ല.

എന്നാൽ ലൈംഗികേച്ഛ അങ്ങനെയല്ല. അത് ഒഴിവാക്കിയാലും ആരും മരിച്ചുപോകില്ല. എന്നു തന്നെയുമല്ല അത് നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് സാധാരണ മനുഷ്യർക്കുണ്ടു താനും. പിന്നെ, ലൈംഗികേച്ഛ പുരുഷനു മാത്രമല്ലല്ലോ, അത് സ്ത്രീക്കുമില്ലേ? അവർ അതിന്റെ പേരിൽ ആരെയും ആക്രമിക്കുന്നില്ലല്ലോ!

നമ്മുടെ നാട്ടിൽ (വിദേശത്തും) മാസങ്ങളോ വർഷങ്ങളോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരോ, ലൈംഗികബന്ധം നിഷേധിക്കപ്പെട്ടവരോ ഒന്നുമല്ല പലപ്പോഴും ബലാത്സംഗം ചെയ്യുന്നത്. ബലാത്സംഗം ചെയ്യണം എന്ന മാനസികാവസ്ഥയുള്ളവരുണ്ട്. സാഹചര്യങ്ങൾ അനുകൂലമായിക്കിട്ടുമ്പോൾ ബലാത്സംഗ ചെയ്തു പോകുന്നവരുമുണ്ട്. രണ്ടു കൂട്ടരും ശിക്ഷയർഹിക്കുന്നു. ലൈംഗികകുറ്റകൃത്യം എന്നതിനപ്പുറം മറ്റൊരു വ്യക്തിക്കു മേലുള്ള കറ്റന്നുകയറ്റം എന്ന നിലയിൽ കണ്ടാൽ‌പ്പോലും അതിനെ ന്യായീകരിക്കാനാവില്ല.

ദീർഘകാലം ലൈംഗികബന്ധത്തിനവസരം കിട്ടാത്ത കോടിക്കണക്കിനാളുകൾ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്യാതെ ഈ രാജ്യത്ത് ജീവിക്കുന്നുണ്ട്.

സ്ത്രീയുടെ സമ്മതമില്ലാതെ അവളെ അക്രമിച്ച് കീഴ്പ്പെടുത്തി തന്റെ ലൈംഗികദാഹം തീർക്കുന്നത് അതിഭീകരമായ കുറ്റകൃത്യം തന്നെയാണ്. അതിനുള്ള ശിക്ഷ കടുത്തതു തന്നെയാവണം.ബലാത്സംഗം ചെയ്യപ്പെട്ടാലത്തെ അവഹേളനവും, വേദനയും, രോഷവും, നിസ്സഹായതയും, വഞ്ചിക്കപ്പെടലും ഒരു പുരുഷനു മനസ്സിലാകുന്നുണ്ടോ എന്ന് എനിക്കു സംശയം തോന്നുന്നു.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കപ്പെടുകയും, അവയ്ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്തേ മതിയാവൂ.


എല്ലാവർക്കും ലൈംഗികാഗ്രഹങ്ങൾ ഉണ്ട്. പക്ഷേ, മറ്റൊരാളുടെ മേൽ ബലം പ്രയോഗിച്ച് തന്റെ കാമപൂർത്തി വരുത്താൻ ഒരാൾക്കും അവകാശമില്ല!

ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു! മാത്രവുമല്ല ദില്ലി സംഭവം പോലെയുള്ള പൈശാചിക കൃത്യങ്ങളിൽ വധശിക്ഷയും പരിഗണിക്കണം എന്നാണെന്റെ ആഗ്രഹം. വധശിക്ഷ നിയമാനുസൃതമുള്ള കൊലപാതകമാണെന്ന വിമർശനമുണ്ട്. എന്തുചെയ്യാം, വേറെ വഴിയില്ലാത്ത കാലമാണിപ്പോൾ!

75 comments:

 1. നിങ്ങൾക്കെന്നോട് യോജിക്കാം, വിയോജിക്കാം. എന്നെ കപടസദാചാരവാദി എന്നും വിളിക്കാം.

  പക്ഷേ ഇത്രയെങ്കിലും ഇവിടെ കുറിച്ചിടാനുള്ള അവകാശം എനിക്കുണ്ടെന്നു ഞാൻ കരുതുന്നു!

  ReplyDelete
 2. ചുറ്റുപാടിലും കാമക്കലി പൂണ്ട നരാധമന്മാര്‍ ആടി തിമിര്‍ക്കുമ്പോള്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള നമ്മള്‍ ഇത്രയെങ്കിലും കുറിച്ചിടാന്‍ ആര്‍ജ്ജവം കാണിച്ചില്ലെങ്കിലോ അല്ലെ?

  ReplyDelete
 3. xcellent Jayettaa.... Sharp and timely!

  ReplyDelete
 4. കേരളത്തിലും ചുവന്ന തെരുവുകൾ ആവാം എന്നു ചിന്തിച്ചിരുന്നയാളാണു ഞാനും. ജയേട്ടന്റെ ഈ ലേഖനം എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
  നന്ദി.

  ReplyDelete
  Replies
  1. എഴുതുമ്പോൾ ഉണ്ടായ ആത്മക്ഷോഭത്തിനു മറുമരുന്നായി ഈയൊരു കമന്റ് തന്നെ ധാരാളം.

   കൂടുതലാളുകൾക്ക് ഇങ്ങനെ ചിന്തിക്കാൻ ഇതു പ്രചോദനമാവട്ടെയെന്നാശിക്കുന്നു...

   Delete
 5. എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക! എന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം.

  ഇതു ചോദ്യം ചെയ്യുന്നവൻ കപടസദാചാരവാദിയാണ്.

  ഇതാണല്ലേ ഈ കപട സദാചാരവാദി.!
  ഞാനും ഒരു കപടസദാചാരവാദിയാ ട്ടോ.!
  ആശംസകൾ.

  ReplyDelete
 6. Very relevant post at the right time.. But very sad to say that we cannot change the entire system, we can only make a difference. Let's hope for a better India.

  ReplyDelete
 7. ലൈഗീക വിദ്യാഭാസം ആണ് ഇതുള്ള മാര്‍ഗ്ഗം ...ഓരോ കുട്ടികളെയും
  അവരവരുടെ മതാചാര പ്രകാരം ലൈഗീക വിദ്യാഭാസം ചെയ്യിക്കണം
  മതമില്ലത്തവര്‍ അവരുടെ മാതാപിതാക്കള്‍ പകരുന്ന അറിവിലൂടെ....


  ലോകത്തെ ശരിക്ക് അറിയുക ...അവസ്ഥകളെ അറിഞ്ഞു പെരുമാറുക ..
  ഇതാണ് ഏക പോവഴി ...നല്ല പോസ്റ്റ്‌ ജയെട്ടാ ....

  ReplyDelete
 8. ഡോ . ജയനോട് യോജിക്കുന്നു. ശിക്ഷകള്‍ കടുതതാകട്ടെ...അവ കാല താമസം കൂടാതെ നടപ്പിലാകട്ടെ .. അത് പുതിയ കുറ്റവാളികള്‍ക്ക് ഒരു പാഠമാകട്ടെ . നാല് വയസ്സുകാരിയില്‍ കാമം തീര്‍ക്കുന്നവന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ല...

  ചുവന്ന തെരുവുകള്‍ ഒന്നിനും പരിഹാരമല്ല . അത് സമൂഹത്തിനു ഒരു ബാധ്യതയാണെന്നാണ് എന്റെ അഭിപ്രായം . എല്ലാ തരം കുറ്റകൃത്യങ്ങളും അവിടെ ജനിക്കുന്നു..

  പരസ്പരമുള്ള സമ്മതത്തോടെ ഉള്ളവ അവരുടെ സ്വന്തം ജീവിതം...സ്വന്തം റിസ്ക്‌ എന്നാ രീതിയില്‍ തടയാതെ ഇരിക്കുക തന്നെ വേണം. അവിടെ യഥാര്‍ത്ഥ കപട സദാചാരികള്‍ക്ക് റോള്‍ ഇല്ലാതാവണം ..

  ReplyDelete
 9. ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളോട് തീര്‍ച്ചയായും യോജിക്കുന്നു. വേശ്യാലയം പരിഹാരമല്ല.

  ReplyDelete
 10. അമ്പട കപട സദാചാര വാദീ ....ഞാന്‍ യോജിക്കുന്നു ട്ടോ ...

  ഇതിനിടയില്‍ അരുന്ധതീ റോയ് നടത്തിയ ഒരു പ്രസ്താവനയുണ്ട് ഇന്നത്തെ പത്രത്തില്‍ . അരുന്ധതി റോയ് പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെയാണ്. ഡല്‍ഹിയില്‍ മാത്രമല്ല ഇത്തരം പീഡനങ്ങള്‍ നടന്നിട്ടുള്ളൂ. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വരെ ഇത്തരം പീഡനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതെല്ലാം എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. സംശയമില്ല. മാഡത്തിന്റെ പ്രസ്താവനയുടെ ആദ്യ ഭാഗത്തോട് യോജിക്കുന്നു . പക്ഷെ അനവസരത്തില്‍ ആയിപ്പോയി മാഡത്തിന്റെ ഈ പ്രസ്താവന എന്നതാണ് കുഴപ്പം. ഇത്രയും കാലം മാഡം എവിടായിരുന്നു ?

  ഡല്‍ഹി സമരത്തെ വെറും ഉപരി വര്‍ഗത്തിന്റെ ഇരട്ട താപ്പായി സ്ഥാപിച്ചെടുക്കാനുള്ള മാഡത്തിന്റെ വ്യഗ്രതയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ .

  ReplyDelete
 11. സമയോചിതമായ ഒരു ബ്ലോഗ്‌! ലൈംഗിക വിദ്യാഭ്യാസവും ബോധവല്‍ക്കരണവും വഴി ക്രമേണ കുറെയൊക്കെ ഒരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. അതോടൊപ്പം നിയമങ്ങള്‍ കര്‍ശനമാക്കുകയും. അല്ലാതെ, ''ആവശ്യക്കാര്‍ക്ക്'' ആവശ്യനിവര്ത്തിക്കുള്ള ഒരുക്കല്‍ വഴി അല്ല.
  http://drpmalankot0.blogspot.com

  ReplyDelete
 12. അതെ കാര്യമില്ല, മാറേണ്ടവർ നമ്മളാണ് പിന്നെ ആർക്കാൻ ഈ കാമതെരുവുകൾ

  ReplyDelete
 13. രജനീകാന്ത് ഒമ്പതുവില്ലന്‍മാരെ അടിച്ചിട്ട പോലെയായി ഇത്. വില്ലന്‍മാരൊക്കെ നിലം പരിശ്, ടാറിട്ട റോഡൊക്കെ പൊട്ടിപ്പൊളിഞ്ഞ് പൊടിയായി, അടുത്തുപുറത്തുള്ള പീടികകളുടെ കണ്ണാടിയൊക്കെ ഉടഞ്ഞു, ഉന്തുവണ്ടിയിലെ പച്ചക്കറിയെല്ലാം ചമ്മന്തിപ്പരുവമായി, രണ്ടുമൂന്നു കാറും ചതഞ്ഞ് ദോശപരുവത്തിനായി. പോട്ടെ, അത്രയും പാര്‍ശ്വഫലങ്ങളുണ്ടായാലും വില്ലന്‍മാരെ ഒതുക്കുക എന്നതാണല്ലോ മുഖ്യം.

  സമാനമായൊരു പ്രശ്നമാണ് അമേരിക്കയില്‍ തോക്കിന്റെ കാര്യത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസം സിബിസി റേഡിയോയില്‍ ഒരു സൈക്ക്യാട്രിസ്റ്റ് ഒരു പ്രധാന വിഷയം ചൂണ്ടിക്കാട്ടിയിരുന്നു - അമേരിക്കയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലുണ്ടായ കൂട്ടക്കൊലകള്‍ എല്ലാം ചെയ്തത് ആണുങ്ങളായിരുന്നു. തോക്കുപയോഗിച്ചുള്ള മരണങ്ങളില്‍ തൊണ്ണൂറുശതമാനത്തിലേറെ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആണുങ്ങളായിരുന്നു. ഇതിനുകാരണമായി അദ്ദേഹം പറഞ്ഞത് ആണുങ്ങളുടെ അരക്ഷിതബോധവും അധികാരമോഹവും മറ്റ് ആണുങ്ങളുടെ ബഹുമാനം നേടിയെടുക്കാനുള്ള ത്വരയുമാണ്. അതുവരെ സമൂഹത്തിന്റെ/കുടുംബത്തിന്റെ പുച്ഛം നേരിടേണ്ടിവന്നവന്‍ ഒരു തോക്കു കയ്യിലെടുക്കുമ്പോള്‍ പെട്ടന്നു 'ബഹുമാന്യ'നാകുന്നു. എല്ലാ അധിനിവേശങ്ങളുടേയും ഒരു സാമാന്യമനഃശാസ്ത്രമായാണ് ഞാന്‍ അതിനെ കാണുന്നത്.

  എന്താണിതിനൊക്കെ പരിഹാരമെന്ന് എനിക്കറിയില്ല. അമേരിക്കകാര്‍ക്കും. (തോക്കുടമസ്ഥതയ്ക്ക് നിയന്ത്രണം ഏര്‍പ്പാടക്കുന്ന ഒരു നിയമവും അമേരിക്കയില്‍ പാസാകില്ല)

  ReplyDelete
  Replies
  1. ആരെങ്കിലുമൊക്കെ എതിരഭിപ്രായവുമായി വരും എന്നാണു ഞാൻ കരുതിയത്.... ആരും വന്നില്ല.....

   Delete
 14. <<<>>

  നല്ലൊരു കാഴ്ച്പ്പാട്, ആശംസകൾ, ജയേട്ടാ...

  ReplyDelete
 15. നമുക്ക് സദാ ചാരം വാരാം

  ReplyDelete
 16. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 17. വളരെ നന്നായി പറഞ്ഞു.

  എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു! മാത്രവുമല്ല ദില്ലി സംഭവം പോലെയുള്ള പൈശാചിക കൃത്യങ്ങളിൽ വധശിക്ഷയും പരിഗണിക്കണം എന്നാണെന്റെ ആഗ്രഹം. വധശിക്ഷ നിയമാനുസൃതമുള്ള കൊലപാതകമാണെന്ന വിമർശനമുണ്ട്. എന്തുചെയ്യാം, വേറെ വഴിയില്ലാത്ത കാലമാണിപ്പോൾ!

  ReplyDelete
 18. ഈ നിരീക്ഷണങ്ങൾ തീർത്തും പ്രസക്തം.

  ReplyDelete
 19. ചുവന്നതെരുവുകൾക്കു വേണ്ടി വാദിക്കുന്ന ഒരാളും സ്വന്തം അമ്മയെയോ പെങ്ങളെയോ അവിടെ സേവനമനുഷ്ഠിക്കാൻ വിടാൻ ഇതുവരെ തയ്യാറായ ചരിത്രമില്ല. കടിഞ്ഞാണിടാൻ കഴിയാത്ത പുരുഷകാമത്തിന് കയറിമേയാൻ ബലിമൃഗങ്ങളായി കിടാങ്ങൾ എവിടെ നിന്നു വരണം?

  നല്ല നിരീക്ഷണം... പ്രസക്തമായ ഒരു ചോദ്യം,

  ReplyDelete
 20. പച്ച മലയാളത്തിൽ പറഞ്ഞാൽ ഈ കൂട്ടബലാത്സംഗമൊക്കെ ചെയ്യുന്ന ഡാഷ് മോൻമാരുടെ (ഈ ഡാഷ് ഒക്കെ ഇപ്പോ മലയാളമാ) കാഷ്യൂനെട്ട് ( പറിങ്ങണ്ടി തന്നെ)വെട്ടി ഉപ്പിലിട്ട്..... അല്ല അത്രയും വൃത്തികെട്ടവന്മാരുടെ ലത് പട്ടിയ്ക്കിടാൻ പോലും കൊള്ളില്ലല്ലോ. അപ്പോൾ പിന്നെ ഉപ്പിലിടേണ്ട, വെട്ടിയെടുത്ത് ചുട്ടു കളയുക. ഞാൻ പറഞ്ഞത് പള്ളായോ! ഓ സാരമില്ല! ഇങ്ങനെയല്ലാതെ പറഞ്ഞാൽ ദ്വേഷ്യം തീരില്ല.

  ReplyDelete
  Replies
  1. ഹ! ഹ!
   ഉപ്പിലിട്ടില്ലെങ്കിലും, ചുട്ടുകളഞ്ഞില്ലെങ്കിലും ചെത്തിക്കളയാം!

   Delete
 21. 22 ഫീമെയില്‍ ഫിലിമിലെ നായിക ചെയ്തത് പോലെ...

  കട്ട് ചെയ്തു വിടണം....

  അല്ല പിന്നെ!!

  ബാക്കി ഉള്ള ആണുങ്ങള്‍ക്കും കൂടി മാനക്കേടുണ്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും!!!!

  ReplyDelete
 22. എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക!

  അതെന്ന്യാണ് വേണ്ടത്. അപ്പൊ അതിക്രമം ഒന്നും ഉണ്ടാവില്ലല്ലോ. ഉറപ്പാണല്ലോ ? എന്നാ അങ്ങനെ ആവട്ടെ.

  നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 23. സമൂഹത്തിന്റെ കാമ പിരാന്തു തീര്‍ക്കാനല്ല ചുവന്ന തെരുവുകള്‍ ഉപകാരപ്പെടും. പകരം അതാളിക്കത്തിക്കാനായിരിക്കും...
  സെക്സ് ഇഷ്ടം പോലെ ലഭ്യമായ അമേരിക്കയിലും ബലാല്‍സംഗവും മറ്റുമൊക്കെ ധാരാളം നടക്കുന്നുണ്ട്.. കണക്കു പറഞ്ഞാല്‍ ഇന്ത്യയില്‍ നടക്കുന്നതിന്റെ എത്രയോ അധികം..
  ഇതൊക്കെ പറഞ്ഞത് ഞാനും ഒരു വലിയ കപട സദാചാരി ആയതു കൊണ്ടാണ്..
  ഈ പോസ്റ്റിനോട് ഐക്യദാര്‌ഢ്യം പ്രഖ്യാപിച്ചു കൊണ്ട്..

  ReplyDelete
 24. കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നോ ശിക്ഷ കിട്ടുമെന്നോ അവര്‍ വിശ്വസിക്കുന്നില്ല!! ഈ അവസ്ഥ നിലനില്‍ക്കുന്നിടത്തോളം ഒന്നോ രണ്ടോ ശിക്ഷകള്‍ കൊണ്ട് ഒരു ശമനമുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല. കുറ്റം ചെയ്‌താല്‍ ആരെയായാലും ഉടനെ പിടിക്കപ്പെടും എന്ന ബോധ്യം ഭയം സമൂഹത്തിനുമേല്‍ ദൃഡമായാലേ എന്തെങ്കിലും മാറ്റം ഉണ്ടാകു എന്നും കരുതുന്നു. അതിന് ആദ്യം ആവശ്യമുള്ളത് ആര്‍ജ്ജവമുള്ള ഒരു ഭരണകൂടമാണ്‌. .
  പകരം ചുവന്നതെരുവ് എന്നത് ഒരു പരിഹാരവുമാകുന്നില്ല.

  ReplyDelete
 25. "എല്ലാവർക്കും ലൈംഗികാഗ്രഹങ്ങൾ ഉണ്ട്. പക്ഷേ, മറ്റൊരാളുടെ മേൽ ബലം പ്രയോഗിച്ച് തന്റെ കാമപൂർത്തി വരുത്താൻ ഒരാൾക്കും അവകാശമില്ല!"

  ഡോക്ടര്‍ ഇത്രയും എങ്കിലും പറഞ്ഞത്‌ വളരെ നന്നായി .

  ReplyDelete
 26. "എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക!"


  അതിക്രമങ്ങള്‍ക്ക്‌ മുമ്പ് ഒരാത്മപരിശോധന ഈ വരികള്‍ നല്‍കുന്നുണ്ട്...

  ReplyDelete
 27. കപട സദാചാരവാദി ഡോക്ടര്‍ക്ക്‌ ഒരു വോട്ട് എന്റെ വക.

  ReplyDelete
 28. Very pertinent and appropriate, Jayan! Hope this will motivate our women to react and protest and counter such damned creatures and their assaults. All sexual harassment to women from minor tortures in buses and trains to such condemned crimes of rapes, wound a woman deeply in every aspect of her existence. It takes away her self esteem beyond regain.. And you are absolutely right when you said that most of the rapists are not sexually starving men who needs to attend to nature's demand for his existence. No red street can satisfy the demonly instincts in such beats. They need to be assaulted, wounded, insulted and killed cell by cell..

  ReplyDelete
 29. ഈ പ്രതികരണത്തിന് മുന്‍പില്‍ എന്ത് പറയണമെന്ന് അറിയുന്നില്ല ജയേട്ടാ.. ഇങ്ങിനെ ചിന്തിക്കുന്ന ഒരു സമൂഹമാണ് ഇന്നിന്‍റെ ആവശ്യം. ഈ ചിന്തകളോടെ പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 30. ലൈംഗിക അധിനിവേശങ്ങൾക്കെതിരെ ...
  ഇവിടെ പാശ്ചാത്യരാജ്യങ്ങളിലും ,ഗൽഫിലുമൊക്കെയുള്ള
  പോലെ കൊലപാതകം നടത്തിയതിതിനേക്കാൾ /വക്കീലിന്
  വക്കാലത്ത് പോലും സമർപ്പിക്കാനാകാത്ത കടുത്ത നിയമ നടപടികൾ ,
  നമ്മുടെ നാട്ടിലും നടപ്പിലാക്കിയാൽ ഇതിനൊക്കെ ഒരു ശമനം വരുമായിരിക്കും..!

  ReplyDelete
 31. സ്ത്രീകക്കും കുട്ടികൽക്കും എതിരെയുള്ള എല്ലാ അക്രമങ്ങൽക്കും കനത്ത ശിക്ഷ വരിയുടക്കലൊ ചെത്തിക്കളയ്യലൊ എന്താന്നു വെചാൽ നൽകുക.വെശ്യാലയങ്ങൽ തുറക്കുകയുമരുതു.

  ReplyDelete
 32. എന്റെയമ്മേ എന്റെയമ്മേയെന്ന
  നിലവിളികേൾക്കുമ്പോൾ പോലും
  പെറ്റമ്മയെ ഓർക്കാത്തവർ.......

  ReplyDelete
 33. അറബി,പാകിസ്ഥാനി.ബംഗ്ലാദേശ്,സുഹൃത്തുക്കൾ ഡൽഹി സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ഇന്ത്യാകാരൻ എന്ന നിലയിൽ ആദ്യമായി എന്റെ തല കുനിഞ്ഞു പോയി......ഞാൻ പൂർണമായി യോജിക്കുന്നു

  ReplyDelete
 34. ലീക്കാവുന്ന ദ്രാവകത്തിനു കപടമുഖം കണ്ടു കരയാനേ സമയം ഉള്ളൂ ഭഗവതീ ഞാന്‍ ഈ കാപാലികന്റെ കപട മുഖം അണല്ലോ നിത്യവും കാണുന്നത് .ഇന്ന് ഇന്ത്യ ഇങ്ങനെ നാളെയോ

  ReplyDelete
 35. ജയൻ ലിംഗം കണ്ടിക്കലും വരിയുടയ്ക്കലും അല്ല മുസ്ലിം രാജ്യത്തിലെ പോലെ കെട്ടിയിട്ടു കല്ലെറിഞ്ഞു കൊള്ളണം ഈ നായ്ക്കളെ

  ReplyDelete
 36. ചുവന്ന തെരുവുകളില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്ക് യാതൊരു സമാനതകളുമില്ല..........ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളില്‍ നാല്‍പതു ശതമാനത്തിലധികം പേരും പതിനെട്ട് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളാണ്.....പിന്നെന്തു മനുഷ്യാവകാശം?

  ഈ പോസ്റ്റിനു നനവുള്ള കണ്ണുകളോടെ നന്ദിയും സ്നേഹവും.......കാരണം ചില പീഡനങ്ങളും അവയുടെ വേദനയും മറവിയിലാവുന്ന കാലം മനുഷ്യ ജന്മത്തിനു സാധ്യമാവുകയില്ല...
  ReplyDelete
 37. എന്ത് ചെയ്യും ഡോക്ടര്‍..,പിശാചുക്കള്‍ നിറഞ്ഞ ഈ ലോകത്ത് അവരെ കടിഞ്ഞാണിടാന്‍ ആരുമില്ലാതെ പോയി..
  ഈ പ്രതിഷേധങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ പോലും വേറെ ചില സ്ഥലങ്ങളില്‍ പീഡനങ്ങള്‍ നടന്നു എന്ന് പത്ര വാര്‍ത്ത..
  രോഷവും,വെറുപ്പും ഒക്കെ കലര്‍ന്ന് നമ്മളൊക്കെ ആദ്യം ചിന്തിക്കുക്ക ഈ ചെകുത്താന്മാര്‍ക്ക് വധ ശിക്ഷ തന്നെ കൊടുക്കണം എന്നാണ് .പക്ഷെ,കൃഷ്ണയ്യര്‍ പറഞ്ഞതാണ് ശരി,ഇത്തരക്കാരുടെ ലൈംഗിക ശേഷിയാണ് ഇല്ലാതാക്കേണ്ടത്.ജീവിച്ചിരിക്കെ മാനം കേട്ട് മരിക്കട്ടെ..
  നിയമം ഇക്കാര്യത്തില്‍ ഭേദഗതി ചെയ്യല്‍ അനിവാര്യമാണ്.

  ReplyDelete
 38. ജയൻ....... ഇത്രയേറെ വ്യപ്തിയിലും ,ശക്തമായും, വിഷയം അവതരിപ്പിച്ചതിൽ...... ഈ വാക്കുകളിലൂടെ സ്തീജന്മങ്ങൾക്കു ഇത്രയേറെ ബഹുമാനവും കരുതലും തന്നതിൽ മനസ്സുകൊണ്ട് നമിക്കുന്നു .......

  ReplyDelete
 39. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ കുറ്റകൃത്യങ്ങളും പീഡനങ്ങളും മാഫിയകളും മറ്റെന്നെത്തേക്കാള്‍ കൂടുതലാണ് ഈ കാലഘട്ടത്തില്‍. ഇനി ചുവന്ന തെരുവും കൂടി വന്നാല്‍ മതി.അതും അനുബന്ധവ്യവസായങ്ങളും കൂടി കേരളത്തിനെ ഭ്റാന്താലയമാക്കി മാറ്റാന്‍.
  ചുവന്ന തെരുവ് എന്നത് ഒരു പുരുഷാധിഷ്ടിത താല്പര്യം മാത്രമാണ്. ലൈംഗികത പുരുഷന് മാത്രമുള്ളതാണെന്ന കാലാകാല പുരുഷ നിയമത്തിന്റെ ഒരു ഉത്പന്നം മാത്രം. ജയന്‍ പറഞ്ഞതുപോലെ എന്റെ അമ്മയും പെങ്ങളും സുരക്ഷിതരായിരിക്കട്ടെ, നിന്റെ പെങ്ങളെ വിട്ടുതരിക എന്നനയം.
  അതീവ കര്‍ശന നിയമം കൊണ്ടുവരികയും,അത് പാലിക്കപ്പെടുകയും ചെയ്യട്ടെ. അപ്പോള്‍ കാണാം,സമൂഹത്തില്‍ ഇത്തരം ഹീനമായ സംഭവങ്ങള്‍ കുറയുമോ എന്ന്.
  ജയന്‍, മനസ്സില്‍ കനിവും സ്ത്രീകളോട് ബഹുമാനവുമുള്ള ഒരാള്‍ക്കേ ഇങ്ങിനെ പ്രതികരിക്കാനാവൂ.നന്ദി.

  ReplyDelete
 40. ലോകത്ത് മുഴുവൻ, ബ്രാണ്ടി ഷാപ്പുകളുണ്ട്.
  പക്ഷേ കേരളത്തിലേ ഇങ്ങനത്തെ ക്യൂ കാണൂ...

  ഇനിയിപ്പോ ചോന്നതെരുവും കൂടി ആയാ, റോഡിൽ ടോളുവച്ചാൽ ധനമന്ത്രിക്ക് ബജറ്റവതരിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല!

  ReplyDelete
 41. ജയനോട് ഞാനും യോജിക്കുന്നു, ജയനെപ്പോലെ ഒരു കപടസദാചാരി ആകാന്‍ ആണു എനിക്ക്ഷ്ടം. റേപ്പ് വീരന്മാരെ കൊല്ലുന്നതിനു പകരം ലിംഗഛേദം ആയിക്കോട്ടെ... ജീവിതത്തില്‍ ഇനി ഒരിക്കലും അവന്‍ ആ സുഖം അറിയാന്‍ ഇട ആവരുത്.

  ReplyDelete
 42. അരകെയോ എവെടകെയോ ഇരുന്നു ചിരികുന്നു ,,,,,,,,,,,,,നമ്മള്‍ ഫസിബൂകിളുടെ തകര്കുന്നു

  ReplyDelete
 43. ചുവന്ന തെരുവുകള്‍ക്ക്‌ വേണ്ടി വാദിക്കുന്ന "പ്രബുദ്ധര്‍"ക്ക്:
  ഇതൊന്നു വായിച്ച് നോക്കണം:
  http://www.neighborhoodscout.com/nv/las-vegas/crime/#.UNr26G9vDzY

  നൂറു കണക്കിന് വേശ്യാലയങ്ങളും പോള്‍ ഡാന്‍സ് കേന്ദ്രങ്ങളും മസാജ് പാര്‍ലറുകളും ഉള്ള "വിനോദ നഗരം" ആയ ലാസ് വേഗസില്‍ പോലും 0.44 ആണ് ബലാത്സംഗ നിരക്ക്- കഴിഞ്ഞ വര്‍ഷം 257 ബലാത്സംഗങ്ങള്‍. അതായത്, പുരുഷന്റെ ലൈംഗിക തൃഷ്ണകള്‍ പണം കൊടുത്ത് പൂര്‍ത്തീകരിക്കാന്‍ സാധ്യതകള്‍ ഉണ്ടായിട്ടും ഇങ്ങനെ. അതിന്റെയര്‍ത്ഥം "ചൂട് തീര്‍ക്കാന്‍" അവസരം ഇല്ലാഞ്ഞിട്ടല്ല, ചിലവരുടെ സ്വഭാവം നന്നാകാത്തത് തന്നെയാണ് ഇതിന് കാരണം.
  പിന്നെ ഡോക്ടര്‍ പറഞ്ഞ പോലെ തന്നെ ചുവന്ന തെരുവുകള്‍ കുറ്റകൃത്യങ്ങളുടെ പറുദീസകള്‍ തന്നെയാണ്.
  ചുവന്ന തെരുവുകള്‍ ഒരു പ്രധാന "വ്യവസായം" ആയുള്ള ആംസ്റ്റര്‍ഡാമിലെ കണക്കുകള്‍ ഇവിടെ: http://www.rnw.nl/english/article/crusading-against-amsterdams-red-lights

  ഇപ്പോഴേ കേരളത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും അക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്; ഇനി റെഡ് ലൈറ്റ് ഏരിയാസ് കൊണ്ട് വന്ന് എന്‍. സി. ആര്‍. ബി. റെക്കോര്‍ഡുകളില്‍ ഒന്നാം സ്ഥാനത്ത് തന്നെ എത്തിക്കണം എന്ന വാശിയാണോ?

  ReplyDelete
 44. അഭിപ്രായപ്രകടനങ്ങൾക്കും, ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി!

  ReplyDelete
 45. ഞാനും ഒരു കപടസദാചാരവാദിയാണിക്കാര്യത്തില്‍

  ReplyDelete
 46. വേശ്യാലയങ്ങള്‍ അല്ല പരിഹാരം...

  നിയമങ്ങളുടെ അഭാവം...വിചാരണയുടെ
  താമസം...(പുതിയ നിയമം) ബൈബിള്‍
  പോലും എനിക്ക് ഈ കാര്യത്തില്‍ സ്വീകാര്യം
  അല്ല....

  പഴയ നിയമം തന്നെ നല്ലത്...കണ്ണിനു പകരം
  കണ്ണ്..പല്ലിനു പകരം പല്ല്....

  അപ്പൊ ശരി ആയ ശിക്ഷ കൃഷ്ണയ്യര്‍ പറഞ്ഞതും
  ഒക്കെതന്നെ...കഠിനം ആയ ശിക്ഷകള്‍ ഉള്ളടത് മാത്രമേ
  നിയമത്തെ അനുസരിക്കാന്‍ തോന്നല്‍ ഉണ്ടാകൂ...

  ReplyDelete
 47. നന്നായി എഴുതിയിരിക്കുന്നു. മുൻപെന്നത്തെക്കാളും അധികം ബലാത്സംഗവാർത്തകൾ ഇന്ന് കൂടിവരികയാണ്. ഇന്നും ഉണ്ട് ഡെൽഹിയിൽ നിന്നും ഒരു കൂട്ടബലാത്സംഗം സംബന്ധിക്കുന്ന വാർത്ത.

  ReplyDelete
 48. രണ്ടു ദിവസം മുന്‍പ്‌ ഇത് വായിച്ച ഉടനെ കമന്റിടാന്‍ തുടങ്ങിയപ്പോള്‍ കുറച്ചു തിരക്ക് വന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. ആദ്യം തന്നെ ഡോക്ടര്‍ക്ക് എന്റെ ഷേക്ക്‌ ഹാന്‍ഡ്‌. ഈ കപട സദാചാര സംഘത്തില്‍ ഞാനും ചേരുന്നു.

  കേരളത്തില്‍ ചുവന്ന തെരുവ് വേണം എന്ന് വാദിക്കുന്നവരോട്, ഇതിലേക്കുള്ള സ്ത്രീകളുടെ റിക്രൂട്ട്മെന്റ് അവര്‍ തന്നെ ചെയ്യട്ടെ. ആദ്യം അവരുടെ ഭാര്യ,സഹോദരിമാര്‍,അമ്മ,ബന്ധത്തിലുള്ള എല്ലാ സ്ത്രീകളും കഴിഞ്ഞു മതി മറ്റുള്ള വരെ റിക്രൂട്ട് ചെയ്യുവാന്‍. ഈ കണ്ടീഷന്‍ പാലിക്കുന്നവര്‍ക്ക് അതിനുള്ള കെട്ടിടം ഫ്രീ ആയി ഞാന്‍ സംഭാവന ചെയ്യുന്നതാണ്.

  ReplyDelete
 49. അത്യധികം വേദനയോടെ പങ്കു ചേരുന്നു..

  ReplyDelete
 50. This comment has been removed by the author.

  ReplyDelete
 51. മാനസികമായി അത്ര വെറുത്തു പോയത് കൊണ്ട് ഫെസ് ബുക്കിലോ ബ്ലോഗിലോ ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു പോസ്റ്റും ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല ,ഈ നാട് നന്നാവില്ല; അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നായത് കൊണ്ട്.. ഇത് വായിച്ചു.
  'പിശാചു' ക്കള്‍ പോലും ചെയ്യാത്ത കിരാത പ്രവൃത്തിക്ക് കാരണം കണ്ടു പിടിക്കാനും ആവര്ത്തിക്കപ്പെടാതിരിക്കാന്‍ മണ്ടന്‍ നിര്‍ദ്ദേശങ്ങളും.കേരളത്തിലാണെങ്കില്‍ ഇനി ഒരു ചുവന്ന തെരുവിന്റെ കുറവ് കൂടിയേ ഉള്ളു.അക്കാര്യത്തില്‍ കപട സദാചാരവാദിയായി ഞാനും കൂടുന്നു.


  (ഒരു സംഭവകഥ കേട്ടിട്ടുണ്ട്, ക്ഷേത്രത്തിലേക്കുള്ള വഴി ബ്രാഹ്മണ ഭവനങ്ങള്‍ക്ക് മുന്നിലൂടെ ആണ്. അത് മൊത്തം മുറുക്കി തുപ്പി വൃത്തികേടാക്കും അവര്‍. ,. രാജ കുടുംബത്തിലെ ജ്യേഷ്ടന്‍ അതിലെ വന്നപ്പോള്‍ ഇത് കണ്ടു വിഷമിച്ചിട്ടു വഴി രണ്ടു വശവും തുളസി വച്ച് പിടിപ്പിക്കാന്‍ കല്‍പ്പിച്ചു.ബ്രാഹ്മണരല്ലേ തുളസിയില്‍ തുപ്പില്ലാന്നു വിചാരിച്ചു . കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും വന്നപ്പോള്‍ തുളസി മൊത്തം ചുവന്ന മുറുക്കാന്‍ തുപ്പല്‍. .,. പിന്നാലെ വന്ന അനുജന്‍ ഇത് കണ്ടു ജ്യേഷ്ഠന്റെ ശുദ്ധഗതിയോര്‍ത്ത് സഹതപിച്ചു. അവിടെ പരസ്യമായി ഒരു വിലങ്ങു സ്ഥാപിച്ചു തുപ്പുന്നവര്‍ അകത്താവും എന്ന് വിളംബരം ചെയ്തു . അതോടെ റോഡ്‌ വൃത്തിയായി.
  അഹങ്കാരവും വിവരക്കേടും മാറ്റാന്‍ നല്ല ശിക്ഷ തന്നെ വേണം.)

  ReplyDelete
  Replies
  1. അതെയതെ! യോജിക്കുന്നു ശ്രീ!

   Delete
 52. ലൈംഗികാതിക്രമങ്ങൾക്ക് സിമ്പിളായി പരിഹാരം നിർദ്ദേശിച്ചുകളഞ്ഞ സാമൂഹ്യഗവേഷകരെയൊക്കെ ഒറ്റയടിക്ക് തന്നെ ഇരുത്തിക്കളഞ്ഞല്ലോ! ചുവന്ന തെരുവ് വേണമെന്ന് മാത്രമല്ല, കോയിൻ ബൂത്തുകൾ പോലെ ഓരൊ അഞ്ച് കിലോമീറ്ററിലും ചെറിയ "ഭോഗപാർലറുകൾ" തുറക്കണമെന്നും അതിന് ആംസ്റ്റർഡാമിനെ മാതൃകയാക്കാമെന്നുമൊക്കെ പറഞ്ഞു കളഞ്ഞൂ ചില ഫേസ്ബുക്ക് സാമൂഹ്യശാസ്ത്രജ്ഞന്മാർ!!! ഇന്ത്യയിലിന്ന് നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണമാവുന്ന വ്യത്യസ്തഘടകങ്ങളെ ഒന്നൊന്നായി കണ്ടെത്തി വെവ്വേറെ പരിഹാരം കാണുകയാണ് വേണ്ടത്. സ്ത്രീകളുടെ സുരക്ഷ അതിപ്രധാനമെന്ന് പ്രധാനമന്ത്രി നോക്കി വായിക്കുമ്പോഴും സുർക്ഷാഭടന്മാർ സഹോദരിമാരെ അവരുടെ വീടുകളിൽ കേറി ആക്രമിക്കുന്ന ദയനീയ ചിത്രമാണ് നാമിന്ന് കാണുന്നത്. ഇതിന്ന് പരിഹാരം കണ്ടേ തീരൂ. കർക്കശമായ നിയമങ്ങളും അവയുടെ കർശനമായ പ്രയോഗവും മാത്രമാണ് പെട്ടെന്നുള്ള പോംവഴി. ഇത്തരം കേസുകളിൽ നാലിൽ മൂന്നു പ്രതികളും രക്ഷപ്പെടുന്ന ഇന്നത്തെ അവസ്ഥയും കെസുകൾ വർഷങ്ങളോളം നീണ്ടുപോകുന്ന മഹത്തരമായ ജുഡീഷ്യൽ പ്രക്രിയയും ഇര വീണ്ടും വേട്ടയാടപ്പെടുന്ന തുല്യതയില്ലാത്ത ഹീനമായ സാമൂഹ്യപശ്ചാത്തലവും കൂടി മാറേണ്ടതുണ്ട്.

  ReplyDelete
  Replies
  1. വളരെ പരിഗണനയർഹിക്കുന്ന അഭിപ്രായങ്ങൾ! ഈ വിഷയത്തിൽ നിഷ്ണാതരായവരുടെ ഒരു പാനൽ സർക്കാർ രൂപീകരിക്കട്ടെ. ഇനിയ്യും പെണ്മ ചവിട്ടിയരക്കപ്പെടും മുൻപ്....

   Delete
 53. ഡോക്ടര്‍ പറഞ്ഞതിനോട് മുഴുവനായും യോജിക്കുന്നു .ഒരു തെറ്റിന് പരിഹാരം ഒരു പാട് മനുഷ്യരുടെ ജീവിതം ഹോമിച്ചു കൊണ്ട് ആകരുത് . ഇന്നലെ റേഡിയോയില്‍ ഒരു വാര്‍ത്ത‍ കേട്ടിരുന്നു . പീഡനകേസുകളില്‍ പ്രതി അര്‍ഹിക്കുന്ന ശിക്ഷ എന്തെന്ന് നമുക്കും ഓണ്‍ലൈന്‍ വഴി നിര്‍ദേശിക്കാം .കോടതി ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്കുമത്രേ. സൈറ്റ് ഏതാണെന്ന് യാത്രയില്‍ ആയതുകൊണ്ട് നോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല .

  ReplyDelete
  Replies
  1. ഞാനാ വാർത്ത കേട്ടില്ല. ശരിയെങ്കിൽ വളരെ നല്ല കാര്യം. നമുക്കും പറയാമല്ലോ ചിലത്!

   Delete
 54. സജീവമായ അഭിപ്രായപ്രകടനങ്ങൾക്കും പിൻ തുണയ്ക്കും നന്ദി!നിയമങ്ങളില്ലാതെ, അല്ലറ ചില്ലറ ഭീതി സൃഷ്ടിക്കാതെ കുറ്റകൃത്യങ്ങൽ കുറയ്ക്കാനാവില്ല. സമൂഹത്തിന്റെ നിലനിൽ‌പ്പിനും സുരക്ഷയ്ക്കും അത് അത്യാവശ്യമാണെന്ന കാലമാണിപ്പോൾ.... വേറെ വഴിയില്ല!

  ReplyDelete
 55. ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു! very good..

  ReplyDelete
 56. >>ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു!<<
  ഞാനും ഇതേ അഭിപ്രായക്കാരനാണ്.

  ReplyDelete
 57. "ആരെങ്കിലുമൊക്കെ എതിരഭിപ്രായവുമായി വരും എന്നാണു ഞാൻ കരുതിയത്.... ആരും വന്നില്ല....."

  ആരും എതിരു പറയാത്തോണ്ട് പോസ്റ്റിന്റെ ഗുണം കുറഞ്ഞിട്ടൊന്നും ഇല്ല ഡോക്റ്ററെ.. പറയാനുള്ളത് ആരെങ്കിലും ഒക്കെ പറയണ്ടെ..

  ReplyDelete
 58. ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു!<<

  ഞാനും ഒരു കപട സദാചാര വാദി ആണ്

  ReplyDelete
 59. "എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക!"..ഇത് correct ആണ് ജയന്‍ ചേട്ടാ..

  ഇവന്റെയൊക്കെ പൂശാന് മുട്ടി നില്‍ക്കുന്ന സാമാനം അങ്ങു വെട്ടിക്കളഞ്ഞെക്കണം..അല്ലാതെ പിന്നെന്തു ചെയ്യാന്‍ ..?

  ReplyDelete
 60. യോജിക്കുന്നു, ജയൻ.
  അടച്ചു വക്കപ്പെട്ട ലൈംഗിക തൃഷ്ണ ആണ് വില്ലൻ എന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. രോഗാതുരമായ മൻസ്സുകൾക്ക് ചികിത്സ നൽകലാണ് മുഖ്യം. കതിരിന്മേൽ വളം വെക്കലല്ല, ചെറുപ്രായത്തിൽ തന്നെ ഒരുവന്റെ മനസ്സിനെ സാമൂഹിക വൽക്കരിക്കാനുതകുന്ന രീതിയിലുള്ള പാഠങ്ങൾ നൽകുക. പ്രായോഗികമായി എപ്രകാരം സാധ്യമാകും എന്നറിയില്ല.

  ശിക്ഷ കടുത്തതാകുക, അതിനൊപ്പം ശിക്ഷകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സാധിക്കുന്ന ലൂപ് ഹോളൂകൾ ഒഴിവാക്കുക.

  ReplyDelete
 61. Really Great ... and the best, എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക! എന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം !

  ReplyDelete
 62. ഡോക്ടറെ..
  ചുവന്ന തെരുവ് വേണമെന്ന് പറയുന്നവര്‍ തീര്‍ച്ചയായും പെണ്ണിനെ ഭോഗവസ്തു മാത്രമായി കാണുന്നവരാണ്.
  അതുകൊണ്ടാണല്ലോ തീര്‍ത്തും മനുഷ്യാവകാശ വിരുദ്ധമായ അത്തരം ഒരു നിലപാട് എടുക്കുന്നത്.
  അങ്ങനെ പറഞ്ഞവര്‍ക്കൊക്കെ കണക്കിന് കൊടുത്തല്ലോ, സന്തോഷം.
  പിന്നെ ലിംഗം ചെത്തിയാലും കൈയും കാലും ഒക്കെ ഉള്ള സ്ഥിതിക്ക് തോണ്ടലും മാന്തലും നിര്‍ബാധം തുടരും..
  അപ്പൊ നമ്മള്‍ എന്ത് ചെയ്യും?( വധശിക്ഷ പരിഹാരമാനെന്നു വിശ്വസിക്കാത്ത ആളാണ് ഞാന്‍)

  ReplyDelete
 63. ആദ്യം ആ ന്യൂസ് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല എന്നതാണ് സത്യം (ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണമാണല്ലോ). പക്ഷേ വിശദാംശങ്ങള്‍ അറിയും തോറും അതിലെ ക്രൂരത/ഭീകരത മനസ്സിലാക്കിയപ്പോള്‍ വല്ലായ്മ തോന്നി. ആ ക്രൂരതയ്ക്ക് ഇരയായ കുട്ടിയും അതു ചെയ്തവരും നമ്മളെ പോലെ തന്നെ ഉള്ളവരല്ലേ?

  ഇനിയെങ്കിലും ഇത് പോലുള്ള അനുഭവങ്ങള്‍ ആര്‍ക്കും സംഭവിയ്ക്കാതിരിയ്ക്കട്ടെ. ആ അക്രമികളെ മാതൃകാപരമായി ശിക്ഷിയ്ക്കുക തന്നെ വേണം.

  നന്നായി തന്നെ എഴുതി, മാഷേ.

  ReplyDelete