Tuesday, August 16, 2011

നാട്ടിൽ ഒരു നാൾ.....


കുറേ നാൾ മുൻപ്, ശരിക്കു പറഞ്ഞാൽ ഒരു വർഷത്തിന് ഒരാഴ്ച മുൻപ് ഏവൂരേക്കു നടത്തിയ ഒരു യാത്രയുടെ ഓർമ്മയാണീ ചിത്രങ്ങൾ. രാവിലെ തിരിച്ച് ഉച്ചയ്ക്കു മടങ്ങേണ്ടി വന്നു....  (അമ്മയെ  ഹാർട്ട് ചെക്ക് അപ്പിനു കൊണ്ടുപോകേണ്ട ദിവസമായിരുന്നു അത്.)

ഒൻപതരയായപ്പോൾ രാമപുരം ക്ഷേത്രത്തിനു മുന്നിലെത്തി. എൻ.എഛ്. 47 ൽ കായംകുളത്തിനും, ഹരിപ്പാടിനും മധ്യേ റോഡരികിൽ തന്നെയാണ് രാമപുരം ക്ഷേത്രം.

റോഡിനു പടിഞ്ഞാറ്‌ രാമപുരം, കിഴക്ക് ഏവൂർ.

അമ്പലത്തിനരികിൽ വണ്ടി നിർത്തി. പ്രസാദാത്മകമായ പകലിൽ ഗൃഹാതുരമായ കാഴ്ചയായി ക്ഷേത്രം മാടിവിളിച്ചു.





ഉള്ളിലേക്കു കയറിയപ്പോൾ ഒരു ഗജവീരൻ. നെറ്റിപ്പട്ടമൊക്കെയണിഞ്ഞിട്ടുണ്ട്.


രാവിലെ എഴുന്നള്ളത്തിനുള്ള പുറപ്പാടിലാണ് സുന്ദരൻ കരിവീരൻ.

കൊട്ടും, മേളവും ഉയരാൻ അധികം താമസമുണ്ടായില്ല.


ആനയും കടലും എത്ര നേരം വേണമെങ്കിലും നോക്കി നിൽക്കാം. മടുക്കില്ല.
ഇതിപ്പോൾ സംഗതി നല്ല സ്റ്റൈലിലാണല്ലോ. ആന സാഷ്ടാംഗം നമസ്കരിച്ച് ആളെ കയറ്റുന്നു....


രാമപുരത്തു നിന്ന് ഏവൂരമ്പലത്തിലേക്കാണ് എഴുന്നള്ളത്ത്. ഏവൂരമ്പലത്തിൽ ഇന്ന് ‘ഉറിയടി’ ആണ്! അമ്മയെ കൊണ്ടുപോകുന്നതിനൊപ്പം ഉറിയടി കാണുക കൂടിയാണ് ലക്ഷ്യം.

കുട്ടിക്കാലത്ത് ഇങ്ങനൊരു ചടങ്ങ് (ആനയെഴുന്നള്ളിപ്പ്) കണ്ടിട്ടില്ല. എന്തായാലും കണ്ടപ്പോൾ വളരെ സന്തോഷം.







 സാധാരണ പൂജാരിമാരാണ് ആനപ്പുറമേറുക. ഇന്നിപ്പോൾ എന്റെ അയലത്തുകാരനായ ആരൂരെ മുരളിയണ്ണനു കയറാനാണ്  ഗജവീരൻ ഇത്ര താണു വണങ്ങി കിടക്കുന്നത്!
ഹാവൂ.... ആൾ കയറിപ്പറ്റി!



ഇനി മുത്തുക്കുടയുയർത്തണം!



സക്സസ്!  രാജാപ്പാർട്ടിൽ ഞെളിഞ്ഞ് മുരളിയണ്ണൻ!


ഉരുളിച്ചക്കാരായ പയ്യന്മാർക്കു പിന്നാലെ ഏവൂരേക്ക്....



എഴുന്നള്ളത്തുകണ്ടു. പടവും പിടിച്ചു. രാമപുരത്തു നിന്ന് കിഴക്കോട്ടിറങ്ങി. വഴിയിൽ സുകുമാരൻ സഖാവും, ഭാഗവതരും, കിട്ടുവണ്ണനും, പിന്നിൽ ശങ്കരൻ കുട്ടിയണ്ണനും.
സ്ഥലത്തെ പ്രധാന ദിവ്യന്മാർ!




റോഡിലെന്താണ്? കയ്യാങ്കളി ആണോ?



ഹേയ്! ദാ ഇതാണ് സംഭവം!


കപ്പിയിൽ കയറു കൊരുക്കുകയാണ്!


ഇനി ഈ കയർ രണ്ടു വസങ്ങളിലായി മരങ്ങളിൽ കെട്ടും. കയറിനു നടുവിൽ കപ്പി രാജകീയമായി ദാ ഇങ്ങനെ കിടക്കും!



ഈ കപ്പിയിലാണ് ‘ഉറി’ കയറിൽ കെട്ടി വലിക്കുന്നത്.



ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിവസമാണ്  ഏവൂർ ഉറിയടി മഹോത്സവം. മകരത്തിൽ നടക്കുന്ന പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞാൽ ഏറ്റവും കേമമായി നടത്തപ്പെടുന്നത് ഈ ഉത്സവമാണ്. ഏവൂർ തെക്കും, കിഴക്കും, വടക്കും കരകൾ ഉണ്ടെങ്കിലും, തെക്കേക്കരയിലാണ് ഉറിയടി ഏറ്റവും കേമമാകുക. പണ്ടൊക്കെ ഒരു ദിവസം നൂറ് ഉറി നേർന്നിരുന്നിടത്ത് ഇന്ന് 2000 ഉറികളാണ്  നേരുന്നത്!

ഒരു പക്ഷേ കേരളത്തിൽ ഏറ്റവും മനോഹരമായി ഉറിയടി നടത്തുന്നത് ഇവിടെയാണ്. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ കരക്കാർ തന്നെയാണ് ഉറിയടി സംഘടിപ്പിക്കുന്നത്.


ഉറി ഡസൻ കണക്കിന് ദാ എത്തിക്കഴിഞ്ഞു....




ഇനി ഉറി ഡൌൺ ലോഡിംഗ് !



എല്ലാം വീക്ഷിച്ചുകൊണ്ട് ‘ദാദ’ തന്റെ കടയിൽ....




ദാ സ്വയമ്പൻ ഉറികൾ!
ഇനി ഇതുപോലെ ഓരോ മുക്കിലും നിരവധി ഉറികൾ നിരക്കും. എല്ലായിടത്തും കപ്പിയും കയറും സജ്ജീകരിച്ചിട്ടുണ്ടാവും. (അവിടങ്ങളിൽ ഉറിയടി കഴിഞ്ഞാൽ മറ്റു സ്ഥലങ്ങളിലേക്ക് കപ്പി കൊണ്ടുപോകും) ഉറികൾ ഒക്കെയും വഴിപാടുകൾ ആണ്. അടിച്ചു കഴിഞ്ഞാൽ വഴിപാടു കഴിച്ചവർ അവരവരുടെ വീട്ടിൽ കൊണ്ടുപോയി തൂക്കിയിടും.


എങ്ങനെയുണ്ട് ദാ ഈ ഡിസൈൻ??




ഇതോ? അടുക്ക് ഉറി....



വർണാഭമായ മറ്റൊരു ഉറി...



ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ മാവ് ഇങ്ങനെ എത്ര ഉറികൾ കണ്ടിരിക്കുന്നു!



ദാ രണ്ടുറികൾ.....



സമയമാകാറായി.... മാങ്കൊമ്പ് ഫ്രീ ഉണ്ടോ? യമണ്ടനൊരു ഉറിയുമായി ഒരു കൂട്ടം....



കിഴക്ക് കൊട്ടും മേളവും കേൾക്കുന്നു....




പുരുഷാരം വീടുകൾ വിട്ടിറങ്ങി. നിരത്ത് വർണാഭമാക്കി ബലൂൺ കച്ചവടക്കാർ എത്തി...


കാറ്റാടി മരം....!


ഹായ്! കണ്ണനും കൂട്ടരും എത്തിക്കഴിഞ്ഞു!



പല പ്രായത്തിലുള്ള കൃഷ്ണന്മാരും ഗോപികമാരും ഉണ്ടാവും ഉറിയടിയ്ക്ക് മാറ്റുകൂട്ടാൻ.
ഒരു ഗോപിക കൃഷ്ണന്മാരെ ഒളിഞ്ഞു നോക്കുന്നു!




ഞങ്ങൾ ഗോപസ്ത്രീകളാ!
ഒരു കുഞ്ഞു ഗോപികാവസന്തം!


ഇതാ മുതിർന്ന ഗോപികമാർ.
ആടാനും പാടാനും തയ്യാറായിത്തന്നെയാണ് എല്ലാവരും....



സംഭവം തുടങ്ങാൻ ഇനിയും വൈകുമോ?
‘കുഞ്ഞിക്കൃഷ്ണനു’ പരിഭവം.


ഇല്ല. വൈകില്ല!
കൃഷ്ണകുമാരൻ ഗോപകുമാരിമാർക്കൊപ്പം ചുവടു വച്ചു കഴിഞ്ഞു!



ധീരസമീരേ.... യമുനാ തീരേ.....


കള മുരളീ രവം എങ്ങും മുഴങ്ങുന്നു.... ഗോപികമാർ വനമാലിമാർക്കൊപ്പം!



ഗോപികമാർക്കു വിസ്മയമൊരുക്കി മായക്കണ്ണന്മാർ!





മുതിർന്ന കൃഷ്ണന്മാർ....
ഇവരാണ് ‘ശരിക്കും’ ഉറി അടിക്കുക!

ഈ കഥകളി മോഡൽ ‘മേയ്ക്ക് അപ്പ്’ അടുത്ത കാലത്തു തുടങ്ങിയതാണ്. കൊള്ളാം. ചന്തമുണ്ട്!




ഇനി രണ്ടാളും ചേർന്ന് ഉറി പിടിച്ച് വട്ടത്തിൽ ഓടും.



എന്നിട്ട്.... ഇങ്ങനെ ചുഴറ്റി ആകാശത്തേക്കെറിയും. അപ്പോൾ കപ്പിയിൽ ഉറി വലിക്കുന്നവർ അത് കൃഷ്ണന്മാർക്കു കൊടുക്കാതെ ഉയർത്തി വലിക്കും. ഒടുവിൽ കൃഷ്ണന്മാർ ഉറി അടിച്ചു പൊട്ടിക്കും. (മുൻപ് ബലരാമനും ശ്രീകൃഷ്ണനും ആയിരുന്നു. പീതാംബരനും, നീലാംബരനും. ഇപ്പോൾ എല്ലാം പീത-നീലാംബരന്മാരായിരിക്കുന്നു.)


ഉറികളുടെ എണ്ണം കൂടിയതോടെ അഞ്ചും ആരും ഉറികൾ ഒരു വീട്ടിൽ നിന്നു തന്നെ നേരാൻ തുടങ്ങിയപ്പോൾ അവ ഒരുമിച്ചു കെട്ടാൻ തുടങ്ങി.

അതിനിടെ ദാ ഇവിടെ നോക്കൂ...



“ദാ.... ഞങ്ങൾ കളിക്കാൻ പോവാ..... മ്യൂസിക്കിട്ടോ!”  കുഞ്ഞിക്കൃഷ്ണന്റെ ഓർഡർ!



ഗോപികാവസന്തം തേടീ വനമാലീ.....നവ നവഗോപികാവസന്തം.......
നിമിഷങ്ങൾക്കുള്ളിൽ വനമാലി അപ്രത്യക്ഷനായി!


 “കണ്ണനെവിടെ...? എൻ കണ്ണനെവിടെ...?”
വിരഹിണിയായ രാധ കേഴുന്നു....




കണ്ണൻ , ദാ ഇവിടെയാണ്! മൂത്ത ഗോപികമാർ കണ്ണനെ കൈത്തൊട്ടിലിൽ ആട്ടുന്നു!



രാധ പിണങ്ങിയിരിപ്പായി!


ഒടുവിൽ എല്ലാവരും ഒത്ത് ആടിപ്പാടി....
പ്രമദവൃന്ദാവനം....!

കണ്ണനും ഗോപികമാരും പല സെറ്റായി വന്നു തുടങ്ങി.
ദാ നോക്ക്!
ഒരു ബലരാമനും, ശ്രീകൃഷ്ണനും!




കലപ്പയ്ക്കു പകരം ഫ്ലൂട്ടെടുത്തു ബലരാമൻ!



ഗോപികമാരെത്തി. ഇപ്പോൾ ഫുൾ ടീമായി!

അടുത്ത ടീം ദാ താഴെ.



ഉറിയടി കാണാൻ ഏവൂർ തെക്കേക്കരയിലെ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തി...



ഈ ഉറി നോക്കൂ. ഇതിനുള്ളിൽ നിറയെ ഉണ്ണിയപ്പമാണ്!
ഓരോ ഉണ്ണിയപ്പവും ഓരോ പായ്കറ്റിലാക്കിയാണ് വച്ചിരിക്കുന്നത്.
ചിറ്റപ്പന്റെ മകൻ പ്രകാശിന്റെ വകയാണ് ഉറി.
ഉറിപൊട്ടുമ്പോൾ കുട്ടികൾക്ക് കുശാൽ!







ഇനിയൊരു കോൺഗ്രസ് ഉറി!




അടുത്തത് കമ്യൂണിസ്റ്റ് ഉറി!


എല്ലാ പാർട്ടിക്കാരും, മതക്കാരും ഉണ്ട് ഉറിയടിയാഘൊഷിക്കാൻ!



ഹരിതാഭമായൊരു നാടൻ കാഴ്ച!!



മുല്ലപ്പൂക്കൾ കൊണ്ടുള്ള ഉറി....


അടിച്ചു കഴിഞ്ഞു!




ദാ.... പത്ത് ഉറികൾ ഒരുമിച്ച്!



പൊരി വെയിലിൽ നൃത്തം ചെയ്തു തളർന്നു കണ്ണാ!
ഒരു കുഞ്ഞു കണ്ണൻ, മുതിർന്ന കണ്ണനോട്....


വീട്ടിൽ നിന്നു നേർന്ന ഉറികൾ ശേഖരിച്ച് എന്റെ അനിയൻ കണ്ണൻ ഞങ്ങളുടെ കാവിൽ കൊണ്ടുവന്നു വച്ചു!



ഉറിയടി ദിവസം ഏവൂരമ്പലത്തിൽ ഓട്ടൻ തുള്ളലും ഉണ്ടാകും.
ഉച്ചയടുപ്പിച്ചാണ് ഓട്ടൻ തുള്ളൽ നടക്കുക.
ഊണു കഴിഞ്ഞാലുടൻ പോകേണ്ടതുകൊണ്ട് ഞാൻ അങ്ങോട്ടോടി.



തുള്ളൽക്കാരൻ അരങ്ങു തകർക്കുന്നു!



ഒരു ക്ഷേത്രം ജീവനക്കാരനെയാണ് ഇപ്പോൾ ഇരയായി കിട്ടിയിരിക്കുന്നത്!
(തുള്ളൽക്കാരന് ആരെയും കളിയാക്കാൻ അവകാശമുണ്ട്!)



“നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി? ”




“ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ
നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം!”


അയാൾ ചമ്മി ചിരിച്ചുകൊണ്ടു വന്നപ്പോഴേക്കും കുഞ്ചൻ ഫോമിലായി! ക്യാമറകൊണ്ടു നിൽക്കുന്ന എന്നെ കണ്ടാൽ കണക്കിനു കിട്ടും എന്നു മനസിലാക്കി ഞാൻ മുങ്ങി.

പുറത്ത് വിവിധ തരം ഉറികൾ ഊഴം കാത്ത് തൂങ്ങുന്നു....












ഇവയൊക്കെ അടിക്കുമ്പോഴേക്കും മണി ഏഴാകും....
ഇക്കുറി എനിക്ക് 2 മണിക്കു തന്നെ പോയേ തീരൂ....

മനസ്സില്ലാ മനസ്സോടെ അന്ന് തൽക്കാലം വിട വാങ്ങി.

ഇക്കൊല്ലത്തെ ഉറിയടി അടുത്താഴ്ചയാണ്.
മക്കളുമൊത്ത് പോകാനുള്ള കാത്തിരിപ്പിലാണ് ഞാൻ.

വരുന്നോ ഏവൂർക്ക്???

അടിക്കുറിപ്പ്: കഴിഞ്ഞ മില്ലെനിയത്തിലെ ഗോപികമാർ ഒക്കെ ഇപ്പോൾ എവിടെയാണാവോ!? വനമാലിമാരെയൊക്കെ കാണാറുണ്ട്!