ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!
http://malayalam.webdunia.com/newsworld/news/international/1005/13/1100513018_1.htm
ഇതു വായിച്ചപ്പോൾ മുൻപ് കൂട്ടത്തിൽനടന്ന ഒരു ചർച്ചയെത്തുടർന്നെഴുതിയ ഒരു പോസ്റ്റ് ഒർമ്മ വന്നു.അത് ഇവിടെ ചേർക്കുന്നു. (ഇങ്ങനെയൊരു സംഭാവ്യത അന്ന് ചിന്തിച്ചിരുന്നേ ഇല്ല!)
കേരളത്തിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കു പരിഹാരം ഇവിടെയും ചുവന്ന തെരുവുകൾ സ്ഥാപിക്കുകയാണെന്നായിരുന്നു വാദം.
“ചുവന്ന തെരുവുകള്‍ നമുക്കും വേണം” എന്ന നീണ്ട ചര്‍ച്ച കണ്ടപ്പോഴാണ് ഇതിനെ പറ്റി ഒന്നു പഠിക്കണം എന്നു തോന്നിയത്. അപ്പോള്‍ മനസ്സിലായ ചില കാര്യങ്ങള്‍
1. ഏറ്റവും കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് അമേരിക്ക. അവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും റെയ്പ് റേറ്റും ഓരോ വര്‍ഷവും കൂടി വരികയാണ്.
2. വ്യഭിചാരം നിയമവിധേയമായ രാജ്യമാണ് ആസ്ട്രേലിയ. ‘പ്രതിശീര്‍ഷ ബലത്സംഗക്കണക്കി’ല്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ആ രാജ്യം.
3. ഇന്‍ഡ്യയില്‍ ഏറ്റവും വലിയ റെഡ് സ്ട്രീറ്റുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ ആണ് മഹാരാഷ്ട്രയും വെസ്റ്റ് ബംഗാളും. കണക്കുകള്‍ അനുസരിച്ച് അവിടങ്ങളിലും സ്ത്രീ പീഡങ്ങള്‍ കൂടിത്തന്നെയാണ് കാണുന്നത്.
ഇനി ചില സംശയങ്ങള്‍.
കേരളത്തില്‍ ഇന്നു കാണുന്ന ലൈംഗിക പ്രശ്നങ്ങളുടെയെല്ലാം കാരണം ചുവന്ന തെരുവുകള്‍ ഇവിടെ ഇല്ലാത്തതാണ് എന്നാണ് പ്രബലമായ വാദം. എന്നാല്‍ അവ സ്ഥപിക്കപ്പെടുന്നതോടെ
സ്ത്രീ പീഡനങ്ങളും അഗമ്യഗമനങ്ങളും പെണ്‍വാണിഭവും നിലക്കുമോ?
ചുവന്ന തെരുവില്‍ നടക്കുന്നത് പെണ് വാണിഭം അല്ലാതെ മറ്റെന്താണ്?!!
ഇവിടങ്ങളില്‍ ‘തൊഴില്‍’ ചെയ്യുന്നവരെ ലൈംഗികത്തൊഴിലാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കേരളത്തിലങ്ങോളം ഇങ്ങോളം ആരംഭിക്കുന്ന മാംസക്കച്ചവടകേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ ആര് സപ്ലൈ ചെയ്യും?
ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?
പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?
ഇനി, അഗമ്യഗമനത്തില്‍ താല്പര്യമുള്ളവരുടെ ആഗ്രഹപൂര്‍ത്തി ഒരിക്കലും ചുവന്ന തെരുവുകള്‍ കൊണ്ടു പരിഹരിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
അവര്‍ക്ക് അടുത്ത ബന്ധത്തിലുള്ള സ്ത്രീകളെ/പെണ്‍കുട്ടികളെ ആണാവശ്യം. അതോ ഇനി അതും സപ്ളൈ ചെയ്യണം എന്നാവശ്യം ഉയരുമോ?
കുട്ടികളോട് അമിതമായ ലൈംഗികദാഹം തോന്നുന്ന മനോനിലയാണ് പീഡോഫീലിയ. അവര്‍ക്ക് കുട്ടികളെ മതി. ഇത് നമുക്ക് “പ്രൊവൈഡ്’ ചെയ്യാന്‍ കഴിയുമൊ?
വ്യഭിചാരം നിയമവിധേയമായ രാജ്യമാണ് ആസ്ട്രേലിയ. പ്രതിശീര്‍ഷ ബലത്സംഗക്കണക്കില് ലോകത്ത് മൂന്നാം സ്ഥാനത്താണ് ആ രാജ്യം. സൌത്ത് ആഫ്രിക്കയും സീഷേത്സുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ക്യാനഡ അഞ്ചാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ ഇവരൊക്കെ ആദ്യ 20 സ്ഥാനക്കാരിലുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
Rapes (per capita) (most recent) by country
http://www.nationmaster.com/graph/cri_rap_percap-crime-rapes-per-capita
ഈ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഓരോ വര്‍ഷവും കൂടിവരികയാണ്. വേശ്യാഗമനത്തിന് ഇത്രയധികം അവസരമുള്ള രാജ്യങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ എന്ത് സംരക്ഷണമാണ് നമ്മുടെ നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്ക് ചുവന്ന തെരുവുകള്‍ സ്ഥാപിക്കുന്നതിലൂടെ ലഭിക്കുക?
അമേരിക്കയില്‍ 2008 ലെ കണക്കു പ്രകാരം ബലാത്സംഗത്തില്‍ 25% വര്‍ദ്ധനയാണുണ്ടായത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം 42 % കൂടി.
http://www.hrw.org/en/news/2008/12/18/us-soaring-rates-rape-and-violence-against-women
ഇനി യു.കെയിലെ കണക്കു പറയുന്നത് 75-95% ബലത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ്! എന്നിട്ടും അവിടെ ഉള്ള കണക്കു പ്രകാരം ശരാശരി 47,000 പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ റേയ്പ്പ് ചെയ്യപ്പെടുന്നു! 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്ക് ഇതില്‍ പെടില്ല.
ഇംഗ്ലണ്ടിലെ സ്റ്റാറ്റിസ്റ്റിക്സ് ഒന്നു നോക്കൂ...

ഇനി മറ്റൊരു കാര്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എയ്ഡ്സ്സ് ബോധവല്‍ക്കരണ രംഗത്തും ചികിത്സാ രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. 28 എയ്ഡ്സ്സ് രോഗികളെ ചികിത്സിച്ചിട്ടുണ്ട്. ഏറ്റവും ദയനീയമായ അവസ്ഥ ഇവരില്‍ ഉള്പ്പ്പെട്ട 6 സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരില് നിന്നാണ് ആ അസുഖം കിട്ടിയത്. നാടു നീളെ ചുവന്ന തെരുവുകള്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ഭാര്യമാരുടെ അവസ്ഥ എന്താവും? വേശ്യകള്‍ക്കായുള്ള ഒരു കൌണ്സിലിംഗ് നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് പല കസ്റ്റമര്‍മാരും കോണ്ഡം ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നവരാണ് എന്നാണ്. അവരുടെയൊക്കെ ഭാര്യമാര്‍ എന്തു തെറ്റു ചെയ്തു?
കേരളത്തിന്റെ നടുഭാഗത്തുള്ള കൊച്ചിയില്‍ ഒരു റെഡ് സ്ട്രീറ്റ് സ്ഥാപിച്ചാല്‍ കണ്ണൂരും മലപ്പുറത്തും ഇടുക്കിയിലും തിരുവനന്തപുരത്തുമൊക്കെയുള്ള മുഴുവന്‍ ഭോഗാര്ത്ഥികളും അവിടെയെത്തി കാര്യം സാധിച്ചു മടങ്ങിക്കൊള്ളൂമോ?
അതോ ഇനി ഓരോ പട്ടണത്തിലും ഓരൊ വേശ്യാത്തെരുവും അവരുടെ ഗൂണ്ടാപ്പടയും ഉണ്ടാക്കണോ?
ഇപ്പോള്‍ തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ നമ്മുടെ എല്ലാ പട്ടണങ്ങളിലും ആയിക്കഴിഞ്ഞു.
ഓരോ ചുവന്ന തെരുവിനും ഒരു ദാദയും രാഷ്ട്രീയ പിണിയാളുകളും ഉണ്ടാവും. അവരെ പോറ്റണ്ടതും പീഡനം സഹിക്കേണ്ടതും ഒക്കെ ഈ പാവം ലൈംഗികത്തൊഴിലാളികള്‍ തന്നെയാവും.
പിന്നെ, നമ്മുടെ നാട്ടിലെ ഏതെങ്കിലും പകല്‍ മാന്യന്മാര്/ ബലല്സംഗവീരന്മാര് കാശുകൊടുത്തു വേശ്യാത്തെരുവില്‍ പോകുമെന്നു കരുതുന്നൊ? അവര്‍ക്കറിയാം എങ്ങനെ ഇര തേടണം എന്ന്!
പലര്‍ക്കും വേണ്ടത് “ഫ്രെഷ്നെസ്സും” “വെറൈറ്റിയുമാണ്”! വാടിക്കുഴഞ്ഞ തെരുവുവേശ്യകളല്ല.
മറ്റൊരു കാര്യം, അസംതൃപ്തപുരുഷന്മാര്ക്കു മാത്രം മതിയോ ഈ സംവിധാനങ്ങളൊക്കെ? അസംതൃപ്തരായ സ്ത്രീകള്‍ക്കും വേണ്ടേ പുരുഷവേശ്യാത്തെരുവുകള്?
ദയവായി വ്യഭിചാരത്തെ നിയമവിധേയമാക്കി ബലല്‍സംഗം തടയാന്‍ ശ്രമിക്കാതിരിക്കുക!!
അഗമ്യഗമനങ്ങള്‍ക്കും ശിശു ലൈംഗികപീഡനങ്ങള്‍ക്കും തടയിടാന്‍ ചുവന്ന തെരുവുകള്ക്കാവുകയേ ഇല്ല. (ഇപ്പോൾ നോക്കൂ... ശിശുപീഡനം ശിശുക്കൾ വക!)
ഇനി നിങ്ങള്‍ ചിന്തിക്കൂ, ചുവന്ന തെരുവുകള്‍ കൊണ്ട് നമുക്കിതൊക്കെ പരിഹരിക്കാനാവുമോ? എന്റെ അഭിപ്രായത്തോടു നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം.
(ചുവന്ന തെരുവുകള്‍ വേണം എന്നു വാദിക്കുന്നവര്‍ മുഴുവന്‍ അസാന്മാര്ഗികള് എന്ന ചിന്ത എനിക്ക് അല്പം പോലും ഇല്ല എന്ന്നു പ്രത്യേകം സൂചിപ്പിക്കട്ടെ!)
വാല്‍മൊഴി: ലൈംഗികസ്വാതന്ത്ര്യം എന്ന ബൃഹത്തായ വിഷയം ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നില്ല. അല്ലെങ്കില്‍ തന്നെ ലൈംഗികസ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍, അത് വേശ്യകള്‍ ഒഴിച്ചുള്ളവര്ക്കാണെന്നാണല്ലോ വയ്പ്!!