Monday, June 10, 2013

മലയാളത്തിൽ ചിന്തിക്കൂ, എഴുതൂ, വായിക്കൂ!

രാഷ്ട്രദീപിക പത്രത്തിൽ വന്ന ലേഖനം (10-06-13)






അനുദിനം ചുരുങ്ങിവരുന്ന ലോകത്ത് പ്രാദേശികഭാഷകൾ നിലനില്പിനായി പെടാപ്പാടുപെടുന്ന കാഴ്ച അപരിചിതമല്ലാതായിരിക്കുന്നു. നമ്മുടെ കുഞ്ഞുമലയാളവും ആ വഴിക്കാണോ? മലയാളം മരിക്കുന്നോ എന്ന മുറവിളി ഉയരുന്നതിന് കാരണങ്ങൾ അനവധിയാണ്

ആഗോളവൽക്കരണത്തിന്റെ ഭാഗമായി പുത്തൻ സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കുണ്ടായപ്പോൾകത്തെഴുത്ത്പോലെയുള്ള നാടൻ ആശയവിനിമയോപാധികൾ പോലും പുറന്തള്ളപ്പെട്ടു. മലയാളത്തിലൂടെയുള്ള പരസ്പരസംവേദനത്തിന്റേതായ ഒരു നൂറു തലങ്ങൾ - സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ, പരിഭവത്തിന്റെ ഒരു നൂറു തലങ്ങൾ - അങ്ങനെ അപ്രത്യക്ഷമായി. പകരം അവിടേക്ക് മംഗ്ലീഷും, മിസ്ഡ് കോളും, വെബ് ക്യാമും, ഒരുപാടു നൂലാമാലകളും കടന്നു വന്നു. കുട്ടികൾ ഭൂരിഭാഗവും മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് കൂടുമാറി. നാടിന്റെ മണമുള്ള കുട്ടിക്കഥകൾക്കു പകരം അവരുടെ കുഞ്ഞുമനസ്സുകളിൽ ഇംഗ്ലീഷ് കാർട്ടൂണുകളും ഭീകരരൂപങ്ങളും കുടിയേറി.

ഇങ്ങനെയുള്ള ഒരു ആസുരകാലത്ത്മധുരം മലയാളംപാടിനടക്കാൻ ആളുണ്ടാവുമോ? ഒരു നൂറ്റാണ്ടു കഴിഞ്ഞാൽ മലയാളം മൃതഭാഷയാവുമോ

ഇത്തരം ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ്മലയാളത്തിൽ ചിന്തിക്കുക, എഴുതുക, വായിക്കുക!” എന്ന മുഖവാചകവുമായി ഒരു കൂട്ടം ബ്ലോഗർമാർ ഭാഷാപിതാവിന്റെ നാട്ടിൽ ഒത്തു ചേർന്നത്

പുതിയ കാലത്തിന്റെ ടെക്നോളജിയായ ഇന്റർനെറ്റിൽ മലയാളം കഥകളും, കവിതകളും, ലേഖനങ്ങളും എഴുതുന്ന നൂറോളം ബ്ല്ലോഗർമാർ തിരൂർ തുഞ്ചൻ പറമ്പിൽ ഏപ്രിൽ 21 ന് ഒരുമിക്കുകയും, മലയാളം എഴുത്തും, വായനയും, ചിന്തയും പരത്തുവാൻ എന്തൊക്കെ ചെയ്യണം എന്നു ചർച്ചചെയ്ത് തീരുമാനങ്ങളെടുക്കുകയും ചെയ്തു.

സൂര്യനു കീഴെയും, മേലെയും ഉള്ള എന്തിനേയും കുറിച്ചു ചർച്ച ചെയ്യാനും വിമർശിക്കാനും, അവനവന്റെ  സർഗശേഷി കഥയായും, കവിതയായും, ലേഖനങ്ങളായും പ്രകാശിപ്പിക്കാനും ഉള്ള സ്വതന്ത്ര വേദിയാണ് ബ്ലോഗ്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലെ സൊറപറച്ചിലിനും, കൊച്ചുവർത്തമാനങ്ങൾക്കും, തത്സമയ സന്ദേശങ്ങൾക്കുമപ്പുറം, ഭാഷയോടും സാഹിത്യത്തോടും അല്പം കൂടി ചേർന്നു നിൽക്കുന്ന മാധ്യമമാണ് ബ്ലോഗ്. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഏറ്റവും ചേർന്ന മാധ്യമം. പത്രാധിപരുടെ കത്രികയേയും, ചവറ്റുകൊട്ടയേയും ഭയക്കാതെ സ്വയം പ്രകാശിപ്പിക്കുവാൻ ഇടം നൽകുന്ന മാധ്യമം. എഴുത്തുകാരനും, വായനക്കാരനും തമ്മിൽ നിരന്തരം സംവദിക്കാൻ അവസരം നൽകുന്ന മാധ്യമം. എഴുതിയത് തെറ്റാണെങ്കിൽ ഉടനടിയോ, പിന്നീടെപ്പൊഴെങ്കിലുമോ തിരുത്താൻ കൂടി കഴിയുന്ന മാധ്യമം.

സാങ്കേതിക വിദഗ്ധരായ ഒരുകൂട്ടം മലയാളികളുടെ കഠിനാധ്വാനം മൂലമാണ് ലോകമാകമാനം കമ്പ്യൂട്ടറുകളിൽ എഴുതുകയും വായിക്കുകയും ചെയ്യാൻ കഴിയും വിധം മലയാളം അക്ഷരക്കൂട്ടുകൾ ആവിഷ്കരിക്കപ്പെട്ടത്. ഇവ മലയാളം യൂണികോഡ് ഫോണ്ടുകൾ എന്നറിയപ്പെടുന്നു. ഇവയുടെ ആവിർഭാവത്തോടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷയിൽ എഴുതാനും, രചനകൾ പ്രസിദ്ധീകരിക്കാനുമായി. പോൾ, കെവിൻ, സിബു, ഏവൂരാൻ, വക്കാരിമഷ്ടാ, ഇഞ്ചിപ്പെണ്ണ്‌, കൊച്ചുത്രേസ്യ, ദേവൻ, കേരളഫാർമർ, ഇൻഡ്യാഹെറിറ്റേജ്, കെ.പി.സുകുമാരൻ, ചിത്രകാരൻ, വിശാലമനസ്കൻ, കുറുമാൻ, ബെർളി തുടങ്ങി ഒരു വൻ നിരബ്ലോഗർമാർ തന്നെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. ഗൃഹാതുരത്വവും, നർമ്മവും, രാഷ്ട്രീയവും ,മതവും ഒക്കെക്കലർന്ന ലേഖനങ്ങളും, കഥകളും, കവിതകളുമായി മലയാളം ബ്ലോഗ് രംഗം സജീവമായി. സിനിമയും, സ്പോർട്ട്സും, സാങ്കേതികവിദ്യയും മുതൽ പാചകവും, നാടൻ പാട്ടുകളും, ജീവകാരുണ്യപ്രവർത്തനങ്ങളും വരെയുള്ള വിഷയവൈവിധ്യങ്ങളിലേക്ക് ബ്ലോഗ് വളർന്നു. കാർട്ടൂൺ ബ്ലോഗുകളും, ഫോട്ടോ ബ്ലോഗുകളും ഉണ്ടായി. ലിഖിത സാഹിത്യത്തിനപ്പുറം ദൃശ്യ-ശ്രാവ്യതലങ്ങളിലേക്കും ബ്ലോഗുകൾ ഉയർന്നു. ഓഡിയോ ബ്ലോഗുകളും, വീഡിയോ ബ്ലോഗുകളും ഉണ്ടായി.

വെബ്, ലോഗ് എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ബ്ലോഗ് എന്ന പദം ഉണ്ടായത്. ഇറാഖ് യുദ്ധകാലത്തും, ഈയടുത്ത് അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം എന്നൊക്കെ വിവക്ഷിച്ച ജനമുന്നേറ്റങ്ങളിലും, റഷ്യയിലെ സമകാലിക സംഭവവികാസങ്ങളിലും ഒക്കെ  ചാലകശക്തിയായി പ്രവർത്തിച്ചത് ബ്ലോഗുകളാണ്. സ്വതന്ത്രമായ ആശയ പ്രകടനത്തിനുള്ള, എഡിറ്റർ ഇല്ലാത്ത ലോകമാണ് ബ്ലോഗുകളുടേത്. അവനവൻ തന്നെ എഴുതുന്നു; അവനവൻ തന്നെ പ്രസാധനം ചെയ്യുന്നു. ഇടങ്കോലിടാൻ പത്രാധിപരോ, പ്രസിദ്ധീകരണസ്ഥാപനമോ ഇല്ല. അതാണ് ബ്ലോഗുകൾ നൽകുന്ന സ്വാതന്ത്ര്യം.

പിൽക്കാലത്ത് ട്വിറ്ററും, ഫെയ്സ്ബുക്കും പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉയർന്നു വന്നപ്പോൾ പെട്ടെന്നുള്ള ആശയവിനിമയത്തിനും, പ്രതികരണത്തിനുമായി അവ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. എന്നാൽ വെറും 140 അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമേ ട്വിറ്ററിൽ നമുക്ക് പോസ്റ്റ് ചെയ്യാൻ പറ്റൂ. ഫെയ്സ് ബുക്കിലാവട്ടെ സൌഹൃദസന്ദേശങ്ങൾക്കും, തത്സമയ ചർച്ചകൾക്കും, സോഷ്യൽ മാർക്കറ്റിംഗിനുമാണ് പ്രാധാന്യം. മാത്രവുമല്ല അനുനിമിഷം കുമിഞ്ഞുകൂടുന്നഅപ്ഡേറ്റുകളിൽ മുങ്ങി നമ്മൾ എഴുതുന്നത് അപ്രത്യക്ഷമാവുകയും ചെയ്യും. അതുകൊണ്ട് കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യരൂപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാധ്യമമായി ബ്ലോഗുകൾ തുടരുന്നു. ബ്ലോഗിൽ നമ്മുടെ രചനകൾ അടുക്കുംചിട്ടയോടും കൂടി സൂക്ഷിക്കാൻ കഴിയും, എഴുതി വർഷങ്ങൾ കഴിഞ്ഞാലും രചനകൾ വായിക്കപ്പെടും. ഫെയ്സ് ബുക്കിലോ ട്വിറ്ററിലോ ഈ അനുഭവം ഇല്ല.

ബൂലോകംഎന്നാണ് മലയാളം വെബ് ലോകം അറിയപ്പെടുന്നത്. അതോടെ  ഭൂലോക മലയാളികൾക്കൊപ്പംബൂലോകമലയാളികളും സൃഷ്ടിക്കപ്പെട്ടു. ഗൾഫിലും അമേരിക്കയിലും മാത്രമല്ല, അഫ്ഗാനിസ്ഥാനിലും ആഫ്രിക്കയിലും വരെ ഇരുന്ന് മലയാളികൾ ഇന്ന് ബ്ലോഗെഴുതുന്നു. അത് കേരളത്തിലും, ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇരുന്ന് മലയാളികൾ ആസ്വദിക്കുന്നു; മറിച്ചും. പ്രവാസികളാണ് മലയാളം ബ്ലോഗർമാരിൽ ഒരു ഗണ്യമായ പങ്കും. നാട്ടിൽ നിന്ന് കാതങ്ങളായിരം അകലെയാവുമ്പോഴാണെന്നു തോന്നുന്നു, മലയാളി ഭാഷയോട് കൂടുതൽ മമത കാണിക്കുന്നത്!

ബ്ലോഗുകളുടെ സാഹിത്യപരമായ ഈ വശം മനസ്സിലാക്കി, കേരളസാഹിത്യ അക്കാദമി അതിന്റെ ആസ്ഥാനത്തു വച്ച് 2013 മാർച്ച് മൂന്നിന് ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ ഒരു സെമിനാർ തന്നെ സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ബ്ലോഗർമാർ അതിൽ പങ്കെടുക്കുകയുണ്ടായി. ബ്ലോഗ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ച  അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ മലയാളം ബ്ലോഗ് രചനകൾക്കും അവാർഡു നൽകുന്നത് പരിഗണിക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. ഇത് വളരെ ശുഭോദർക്കമായ ഒരു ചുവടു വയ്പായി പരിഗണിക്കപ്പെടേണ്ടതാണ്. കൂടുതൽ എഴുത്തുകാർ പത്രാധിപരുടെ കത്രികയെ ഭയക്കാതെ എഴുത്തുമായി മുന്നോട്ടുവരാൻ ഇത് സഹായകമാകും.

സാങ്കേതികവിദ്യ സമസ്ത തലങ്ങളിലും പിടിമുറുക്കിയ ഇക്കാലത്ത്, എഴുത്തിലും വായനയിലും അത് പ്രതിഫലിക്കരുതെന്ന് നമുക്കു ശഠിക്കാനാവില്ലല്ലോ. ആ വഴിയിൽ ഭാഷയ്ക്കു കിട്ടിയ രണ്ടു പ്രയോഗങ്ങളാണ് അഎഴുത്ത്, എഴുത്ത് എന്നിവ!

എഴുത്ത് എന്നാൽ അച്ചടി മാധ്യമത്തിലുള്ള എഴുത്ത്. എഴുത്ത് എന്നാൽ ഇലക്ട്രോണിക് മാധ്യമത്തിൽ ഉള്ള എഴുത്ത്. ഇവയുടെ വായന യഥാക്രമം അവായനയും, വായനയും ആയി! ഡെസ്ക് ടോപ്/ലാപ് ടോപ്/ റ്റാബ്ലെറ്റ് കമ്പ്യൂട്ടറുകളിലൂടെയും, മൊബൈൽ ഫോണുകളിലൂടെയും, ബുക്ക് റീഡറുകളിലൂടെയും  വായന കൂടി വരുന്നതായാണ് ഇന്നു വിലയിരുത്തപ്പെടുന്നത്. ബുക്ക് റീഡറുകളിൽ പ്രശസ്ത എഴുത്തുകാരുടെ രചനകൾ വായിക്കാൻ പണം മുടക്കണം എന്നുള്ളപ്പോൾ, ബ്ലോഗുകൾ വായിക്കാൻ ഒരു പൈസ പോലും മുടക്കേണ്ട എന്ന  ആനുകൂല്യവുമുണ്ട്. സിനിമയും, ഹാസ്യവും, ഗൃഹാതുരത്വവും, പ്രണയവും, സാമൂഹ്യബോധവും ഉള്ള രചനകൾ നിങ്ങൾക്ക് ബ്ലോഗുകളിൽ കണ്ടെത്താം.


മലയാളം ബ്ലോഗർമാർ

സ്കൂൾകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ബ്ലോഗർമാരായി ഉണ്ട് മലയാളത്തിൽ. വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കൂലിപ്പണിക്കാർ, സാമൂഹ്യപ്രവർത്തകർ എന്നിവർ തുടങ്ങി മമ്മൂട്ടിയും, മോഹൻ ലാലും, ലാൽ ജോസും വരെ ബ്ലോഗർമാരാണ്‌! ചെമ്മരൻ (ജിതിൻ രാജ്), വിപ്ലവൻ(തൽഹത്ത്), മഞ്ഞുതുള്ളി(അഞ്ജലി അനിൽകുമാർ), ആബിദ് ഒമർ, നേന സിദ്ദിഖ് തുടങ്ങി നിരവധി ബ്ലോഗർമാർ സ്കൂൾ കുട്ടികളാണ്.

സാഹിത്യം, രാഷ്ട്രീയം, മതം, സാംസ്കാരികം, പാചകം, ആരോഗ്യം, കായികം, ആത്മീയം, നിരീശ്വരവാദം, സാങ്കേതികം, സാമ്പത്തികം, കച്ചവടം, പ്രവാസം, ജീവകാരുണ്യം, ലിംഗനീതി തുടങ്ങി നിരവധി മേഖലകളിൽ ഈ ബ്ലോഗർമാർ തങ്ങളുടെ രചനകൾ നടത്തുന്നു.


നിങ്ങൾക്ക് മലയാളത്തിൽ ബ്ലോഗ് എഴുതാൻ താല്പര്യമുണ്ടോ

പ്രധാനമായും ബ്ലോഗർ.കോം, വേഡ്പ്രസ്.കോം എന്നിവയാണ് ബ്ലോഗ് തുടങ്ങാൻ സൌജന്യമായി ലഭിക്കുന്ന വെബ് സൈറ്റുകൾ. സ്വന്തമായ ഇ മെയിൽ വിലാസമുള്ളവർക്ക് ഇവയിൽ പ്രവേശിച്ച് സരളമായ നിർദേശങ്ങൾ അനുസരിച്ചാൽ ബ്ലോഗ് തുടങ്ങാവുന്നതാണ്. കമ്പ്യൂട്ടറിലും, മൊബൈലിലും ബ്ലോഗ് രചനകൾ വായിക്കാനും, എഡിറ്റ് ചെയ്യാനും സാധിക്കും. എന്നാൽ ദൈർഘ്യമുള്ള ഒരു രചന മൊത്തം ടൈപ്പ് ചെയ്തുകയറ്റാൻ സൌകര്യം കമ്പ്യൂട്ടർ തന്നെ. സ്വന്തം പേരിൽ എഴുതാൻ മടിയുള്ളവർക്ക് തൂലികാനാമങ്ങൾ ഉപയോഗിച്ച് ബ്ലോഗ് തുടങ്ങാം. ബ്ലോഗിന്റെ പേര് നമുക്കിഷ്ടമുള്ള തരത്തിൽ ആവാം. പേരിടുന്നതിനു മുൻപ് മലയാളം ബ്ലോഗുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നത് നല്ലതാണ്. നമുക്കു മുന്നേ ആരെങ്കിലും ആ പേരിട്ട് ബ്ലോഗുതുടങ്ങിയിട്ടുണ്ടോ എന്നറിയാൻ അതുപകാരപ്പെടും. http://bloghelpline.cyberjalakam.com പോലുള്ള ബ്ലോഗുകൾ വായിച്ചാൽ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങണം എന്നു വ്യക്തമായി മനസ്സിലാകും.

ആദ്യമാദ്യം ആളുകൾ സ്വന്തം അനുഭവങ്ങളും, പ്രണയവും, രാഷ്ട്രീയാഭിപ്രായങ്ങളുമൊക്കെയാണ് ബ്ലോഗിൽ എഴുതുക. പിൽക്കാലത്ത് കൂടുതൽ വൈവിധ്യമുള്ള വിഷയങ്ങളിലേക്കു കടക്കുകയും, നല്ലൊരു രചനാശൈലി സ്വായത്തമാക്കുകയും ചെയ്താൽ ആർക്കും അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയിത്തീരാം. എഴുതുക എന്നതുപോലെ തന്നെ പ്രധാനമാണ് വായിക്കുക എന്നതും. പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ വായിക്കുന്നതോടൊപ്പം, ബ്ലോഗ് രചനകളും വായിക്കുക. അപ്പോൾ ഇതുവരെ ബ്ലോഗിൽ എന്തൊക്കെ എഴുതപ്പെട്ടു കഴിഞ്ഞു എന്ന് നമുക്കു മനസ്സിലാകും. അത് ആവർത്തനവിരസമായ രചനകൾ നടത്തുന്നതിൽ നിന്നു നമ്മെ പിൻ തിരിപ്പിക്കുകയും, കൂടുതൽ പുതുമയുള്ള രചനകൾക്ക് പ്രേരകമാവുകയും ചെയ്യും.

മലയാളം ബ്ലോഗ് രചനകൾ കാണുവാൻ വിവിധ അഗ്രഗേറ്ററുകൾ സന്ദർശിച്ചാൽ മതി. അവയിൽ കൊടുത്തിട്ടുള്ള ഇനങ്ങളിൽ ക്ലിക്ക് ചെയ്താൽ രചനകൾ വായിക്കാവുന്നതാണ്. ചില അഗ്രഗേറ്ററുകൾ ദാ ഇവിടെ സൈബർ ജാലകം (http://www.cyberjalakam.com/aggr/), ചിന്ത(http://chintha.com/malayalam/blogroll.php), ബ്ലോഗ് വായനാമുറി (http://vayanablogmuri.blogspot.in/)

നാരായത്തിന്റെയും, എഴുത്താണിയുടെയും, പെൻസിലിന്റെയും, പേനയുടെയും കാലം താണ്ടി മലയാളം ബൂലോകത്തിലൂടെ കുതിക്കുകയാണ്, കീ ബോർഡിൽ പതിക്കുന്ന വിരൽത്തുമ്പുകളിലൂടെ. മലയാളത്തെ സ്നേഹിക്കുന്നെങ്കിൽ നിങ്ങളും വരൂ ഒപ്പം കൂടാൻ!

കൂടുതൽ സഹായങ്ങൾ വേണമെന്നുണ്ടെങ്കിൽ താഴെക്കാണുന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

(ഈ ലേഖനമെഴുതാനും, പ്രസിദ്ധീകരിച്ചുവരാനും വഴിയൊരുക്കിയ ബ്ലോഗർ സുഹൃത്ത് സന്ദീപ് സലിമിനു നന്ദി!)

Monday, May 13, 2013

ബ്ലോഗെഴുത്തുപരിശീലനക്കളരികൾ

ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗർസംഗമത്തിൽ മലയാളം ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും സഹാകമാകുന്ന പല നിർദേശങ്ങളും ഉയർന്നു വരികയുണ്ടായി.

ഇവയിൽ ഏറ്റവും പ്രധാനമായത് 20 വയസിൽ താഴെയുള്ള തലമുറയെ മലയാളം എഴുതാൻ പ്രോത്സാഹിപ്പിക്കുക, അവരെ ബ്ലോഗിലേക്കാകർഷിക്കുക എന്നതാണ്. ഭാഷാപ്രേമികളായ ബ്ലോഗർമാരുടെ ഒരു കൂട്ടത്തിനു മാത്രമേ ആ നിർദേശം ഏറ്റെടുക്കാൻ കഴിയൂ.

നമുക്കെല്ലാവർക്കും അറിയുന്നതുപോലെ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുതിരിയാൻ സമയമില്ലാതെ പണിയെടുക്കുന്നവരാണ് മലയാളം ബ്ലോഗെഴുത്തുകാരിൽ മിക്കവരും. എങ്കിലും ഈ മാധ്യമത്തോടുള്ള പ്രതിബദ്ധത, അവരിൽ കുറച്ചുപേരെയെങ്കിലും സാമ്പത്തികനേട്ടമില്ലാത്ത ഈ സംരംഭത്തിനു ചുക്കാൻ പിടിക്കാൻ പ്രേരിപ്പിക്കും എന്ന് ആശിക്കുകയാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഏതെങ്കിലും ഒരു കോളേജ് വീതം തിരഞ്ഞെടുത്ത് അവിടെ ബ്ലോഗെഴുത്ത് പരിശീലനക്കളരി / ബ്ലോഗ് ശില്പശാല സംഘടിപ്പിക്കുകയാണ് നമ്മുടെ ഉദ്ദേശം. അതാത് കോളേജിലെ മലയാളം വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഈ പരിപാടി നടത്താം എന്നാണ് ഉദ്ദേശിക്കുന്നത്.

അതിനായി ഓരോ ജില്ലയിലും നാലഞ്ചു പേരു വീതമെങ്കിലും മുന്നോട്ടു വന്നാൽ നമുക്ക് ശില്പശാലകൾ ആരംഭിക്കാം. അടുത്ത അധ്യയന വർഷം ജൂണിൽ തുടങ്ങുമല്ലോ. അധികം വൈകി പരീക്ഷക്കാലത്ത്  ശില്പശാല നടത്തുന്നതിനേക്കാൾ നല്ലത് വർഷാരംഭത്തിൽ ചെയ്യുന്നതാണ് എന്നതുകൊണ്ട് നമുക്ക് ജൂൺ മാസം തന്നെ ഈ പദ്ധതി ആരംഭിക്കേണ്ടതുണ്ട്.

അതുകൊണ്ട് ഇതിൽ സഹകരിക്കാൻ താല്പര്യമുള്ള പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ തങ്ങളുടെ പേരും, ജില്ലയും ഇവിടെ കമന്റായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏത് ദിവസം, ഏതു കോളേജിൽ വച്ച് പരിപാടി നടത്തണം എന്നത് നമുക്ക് നിങ്ങളുടെ സൌകര്യം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കാം.

ഓരോ ജില്ലയിലും പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ളവരുടെ ഒരു സംഘം ഉണ്ടായാൽ പിന്നീട് നമുക്ക് അനുയോജ്യമായ ഒരു കോളേജ് തിരഞ്ഞെടുക്കാം. കോളേജ് തിരഞ്ഞെടുത്താൽ സംഘാംഗങ്ങൾ അവിടുത്തെ പ്രിൻസിപ്പലുമായും, മലയാളഭാഷാവിഭാഗം മേധാവിയുമായും സംസാരിക്കണം. എഴുത്തിൽ താല്പര്യമുള്ള മുഴുവൻ അധ്യാപകരേയും, വിദ്യാർത്ഥികളേയും ശില്പശാലയിൽ പങ്കെടുപ്പിക്കാം.

അവർക്ക് ബ്ലോഗെഴുത്തിനെപ്പറ്റി എൽ.സി.ഡി. വച്ച് നമുക്ക് ക്ലാസെടുക്കാം. അതിന് കഴിഞ്ഞവർഷം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടന്ന ശില്പശാലയുടെ മോഡലിൽ ഒരു സിലബസും തയ്യാറാക്കാം. മൊത്തം രണ്ട്  മണിക്കൂറിൽ തീരുന്ന കാര്യങ്ങളേ വേണ്ടൂ. ഇവ സംഘാംഗങ്ങൾ ചർച്ച ചെയ്ത് ബലപ്പെടുത്തി അതാതു കോളേജുകളിൽ അവതരിപ്പിക്കണം.

എൽ.സി.ഡി പ്രൊജക്ടർ, സമ്മേളനസ്ഥലം എന്നിവ മലയാളവിഭാഗം ഒരുക്കണം.

ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കോളേജ് യൂണിയന്റെ പരിപാടിയായി ഈ ഉദ്യമത്തെ മാറ്റരുത്. എന്നാൽ ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാ വിദ്യാർത്ഥിസംഘടനകളേയും ഇതിലേക്ക് ക്ഷണിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും നമ്മെ പിൻ തുണയ്ക്കും.

ഈ ശില്പശാലയുടെ പ്രചാരണത്തിനായി  “മലയാളത്തിൽ എഴുതൂ, വായിക്കൂ, ചിന്തിക്കൂ!” എന്ന മുഖവാചകം ഉപയോഗിക്കാം. ഇത് ആലേഖനം ചെയ്ത ഒരു മുദ്ര (ലോഗോ) ആരെങ്കിലും രൂപകല്പന ചെയ്താൽ നന്നായിരുന്നു. അതിന് സുഹൃത്തുക്കളിൽ ആരെങ്കിലും മുന്നോട്ടു വരും എന്നു പ്രതീക്ഷിക്കുന്നു.  നാട്ടിലെ ബ്ലോഗ് പ്രചരണത്തിന് നേരിട്ടു വരാൻ കഴിയില്ലെങ്കിലും ഇത്തരം കാര്യങ്ങളിലും, അഭിപ്രായരൂപീകരണത്തിലും, മറ്റുസഹായങ്ങളിലും പ്രവാസി ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. തിരൂർ മീറ്റ് സംഘടിപ്പിക്കാൻ നമ്മൾ നടത്തിയ ചർച്ച ഓർക്കുമല്ലോ.

എറണാകുളം, കൊല്ലം ജില്ലകളിൽ നടത്തുന്ന ശില്പശാലകളുടെ ആസൂത്രണത്തിലും നടത്തിപ്പുകളിലും ഞാൻ പങ്കെടുക്കും എന്നു വാഗ്ദാനം ചെയ്യുന്നു. ഇവിടെയും മറ്റു ജില്ലകളിലും ഇപ്രകാരം പ്രവർത്തിക്കാൻ തയ്യാറുള്ള സുഹൃത്തുക്കളെ ക്ഷണിച്ചുകൊള്ളുന്നു.


ജയൻ ഏവൂ‍ർ