Tuesday, December 30, 2014

ഉന്നാൽ മുടിയും പൊണ്ണേ! (നിനക്കു കഴിയും പെണ്ണേ!)

ആക്ടിവിസത്തിനപ്പുറം, പരിഹാരമാർഗങ്ങളിലേക്കു പോവുക എന്നതാവണം ന്യൂ ജനറേഷൻ സമരങ്ങളുടെ പരിണതി. സമൂഹത്തോടുള്ള തങ്ങളുടെ പ്രതിഷേധം പൊട്ടിത്തെറിയിലൂടെ പ്രകടിപ്പിക്കുക എന്നത് യൗവനത്തിൽ അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതിലേക്ക് അവർ നീങ്ങിയാൽ അതാവും ശരിയായ വിപ്ലവം.





ഉദാഹരണത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടുന്ന സാനിറ്ററി നാപ്കിൻ വിഷയം. ഈ വിഷയത്തെ (മറ്റേതൊരു വിഷയത്തേയും എന്നപോലെ തന്നെ!) നിഷ്പക്ഷതയോടെ ആരും സമീപിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ ഒന്നു നോക്കാം. (തീണ്ടാരിയല്ല വിഷയം; നാപ്കിൻ ഡിസ്പോസലാണ്)

1. കേരളത്തിൽ എന്നുമാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും ഇത് ഒരു വിഷയം തന്നെയാണ്. ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊമേർഷ്യൽ കോമ്പ്ലക്സുകൾ തുടങ്ങിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളിലും പ്ലംബിംഗ് ബ്ലോക്കുണ്ടാകുന്നതിന്റെ പ്രധാനകാരണവും ഇതു തന്നെ.

2.  ക്ലോസറ്റിൽ ഫ്ലഷ് ചെയ്തു വിടരുത് എന്ന കർശന നിർദേശമുണ്ടായാലും പലരും അതു മാനിക്കാറില്ല. അതുകൊണ്ട് സ്ത്രീകളെ മൂത്രമൊഴിക്കാൻ അനുവദിക്കാത്ത പെട്രോൾ പമ്പിലെ മൂത്രപ്പുരക്കാരോ, റെസ്റ്റോറന്റുകാരോ ഈ ദുസ്തിതിക്ക് പൂർണ ഉത്തരവാദികളാവില്ല. (കമ്പനിയിൽ സംഭവിച്ചത് വേറേ കാര്യം. അത് കുറ്റകരമാണ്. ആ വിഷയം ഉയർത്തിക്കൊണ്ടു വന്നതാണ് ഇപ്പോൾ ഇങ്ങനൊരു ചർച്ചയ്ക്കും കാരണമായത് എന്നതു വിസ്മരിക്കനാവില്ല.)

3. ഉപയോഗിക്കപ്പെട്ട നാപ്കിന്നുകൾ മാലിന്യപ്രശ്നം തന്നെയാണ്. ജൈവ - അജൈവ മാലിന്യം. നദികളും, കായലുകളും, കടലും ആണ് ഈ മാലിന്യം ഏറ്റെടുക്കേണ്ടി വരുന്നത്. ഏതു മാലിന്യമായാലും അത് സുരക്ഷിതമായി നിർമാർജനം ചെയ്തേ പറ്റൂ.

4. സാനിറ്ററി നാപ്കിൻ ഡിസ്പോസൽ പോയിട്ട്, ശുചിത്വമുള്ള മൂത്രപ്പുരകൾ പോലും നമ്മുടെ നാട്ടിൽ സ്ത്രീകൾക്കായി ഇല്ല എന്നു തന്നെ പറയാം. അതിനുള്ള സാഹചര്യം ഒരുക്കണം. ആദ്യം ദേശീയപാതയോരങ്ങളിൽ സ്ത്രീ സൗഹൃദ റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ തുടങ്ങാൻ സ്ത്രീകൂട്ടായ്മകൾ മുന്നോട്ടു വരണം. സ്ത്രീ സംരംഭകർ ഇല്ലാത്ത നാടൊന്നുമല്ല കേരളം. അഥവാ ഇല്ലെങ്കിൽക്കൂടി കാലഘട്ടം അതാവശ്യപ്പെടുന്നു.

5. ഐ.ടി. സ്ഥാപനങ്ങൾ, ഓഫീസുകൾ, കോളേജുകൾ തുടങ്ങി വൃത്തിയുള്ള ശൗചാലയങ്ങൾ ഉള്ളിടത്തു പോലും നാപ്കിൻ ഡിസ്പോസൽ ശരിയായല്ല നടക്കുന്നത്. ഇക്കാര്യത്തിൽ ബോധവൽക്കരണവും, ഡിസ്പോസൽ ടെക്നിക്കുകളും നടത്താൻ പ്രതിഫലം വാങ്ങിക്കൊണ്ടുള്ള സേവനക്കൂട്ടായ്മകൾ (കുടുംബശ്രീ മാതൃകയിൽ) ഉണ്ടാക്കണം. നാടു മുഴുവൻ ഒറ്റയടിക്ക് ശരിയാക്കനാവില്ല. ആദ്യം ഇവിടങ്ങൾ നന്നാവട്ടെ. തുടർന്ന് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാം. ബാത്ത് റൂം ഭിത്തിയിൽ തന്നെ പതിപ്പിച്ചു വയ്ക്കാവുന്ന ഡിസ്പോസൽ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അതുണ്ടെങ്കിൽ ആരും നാപ്കിൻ ക്ലോസറ്റിലിടില്ല.






6. മുഴുവൻ വനിതാഹോസ്റ്റലുകളിലും സ്ത്രീകൂട്ടായ്മകൾ വഴി നാപ്കിന്നുകൾ ശുചിയായി നിർമാർജനം ചെയ്യാനുള്ള 'ഡ്രൈവ്' ആരംഭിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ കൗമാര/സ്ത്രീ ആരോഗ്യബോധവൽക്കരണവും, സ്വയം പര്യാപ്തതാ ബോധവും ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

താല്പര്യമുള്ളവർക്ക് നെറ്റിൽ ധാരാളം മാർഗനിർദേശങ്ങൾ കിട്ടും. ഉദാഹരണം
http://jackieggi.hubpages.com/hub/Sanitary-napkin-disposal-that-reduces-cross-contamination
http://www.sanitarypaddisposal.com/
ഇവ കൂടാതെ നിരവധിയിടങ്ങൾ ഉണ്ടാവും, നെറ്റിൽ.

7. ജനപ്രതിനിധികളുടെ സഹായത്തോടെ വനിതാകൂട്ടായ്മയുണ്ടാക്കിയാൽ നാട്ടിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ടാകും.

പ്രതിഷേധിക്കുക മാത്രമാവരുത്  ഉദ്ദേശ്യം. ക്രിയാത്മകമായി പ്രവർത്തിക്കലാവണം പ്രധാനലക്ഷ്യം. പുരുഷന്മാർക്കു വേണ്ടി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ ഈ സംരംഭങ്ങൾ കയ്യേൽക്കണം എന്നാണഭിപ്രായം.

കേരളം മുഴുവൻ ഇങ്ങനൊരു മൂവ്മെന്റ് ഉണ്ടാക്കാൻ കഴിയില്ല എന്നോർത്ത് ആരും പിന്നാക്കം പോകേണ്ടതില്ല. ഏതെങ്കിലും ഒരു ഗ്രാമത്തിൽ/ നഗരത്തിൽ/ സ്ഥാപനത്തിൽ/സ്കൂളിൽ/കോളേജിൽ/ഓഫീസിൽ ഇതു തുടങ്ങൂ. പിൻ തുണയ്ക്കായി ഞാനുൾപ്പടെയുള്ള പുരുഷസമൂഹം ഉണ്ടാവും. പക്ഷെ, മുൻ നിരയിലും, നടത്തിപ്പിലും സ്ത്രീകൾ തന്നെയുണ്ടാകണം. ഒപ്പം സ്ത്രീ സൗഹൃദ റെസ്റ്റോന്റുകൾ, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ, സ്ത്രീ സൗഹൃദ ബാത്ത് റൂമുകൾ എന്നിവയുമായി വനിതാ സംരംഭകർ മുന്നോട്ടു വരട്ടെ.

ഉന്നാൽ മുടിയും പൊണ്ണേ!
(നിനക്കു കഴിയും പെണ്ണേ!)

വെള്ളക്കുപ്പായമുപേക്ഷിച്ച് എം.എസ്.ധോനി






മഹേന്ദ്രസിംഗ് ധോനി ടെസ്റ്റ് കളി മതിയാക്കി. വിമർശനങ്ങൾ ഏറെ ഉന്നയിക്കാമെങ്കിലും എപ്പോൾ കളി മതിയാക്കണം എന്നു തീരുമാനിക്കാൻ കഴിയാതിരുന്ന പല മുൻ ടെസ്റ്റ് താരങ്ങളെ വച്ചു നോക്കുമ്പോൾ ആ തീരുമാനമെടുക്കുന്ന കാര്യത്തിൽ മഹി സ്കോർ ചെയ്തു.

ക്യാപ്റ്റൻ എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഏകദിനങ്ങളിലെയോ, 20-20 യിലെയോ പോലെ വൈഭവം ധോനിക്ക് ടെസ്റ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും കളിച്ച 90 ടെസ്റ്റുകളിൽ 60 എണ്ണത്തിലും നായകനാകാൻ അദ്ദേഹത്തിനു ഭാഗ്യം സിദ്ധിച്ചു. 27 കളികളിൽ ജയിച്ചു. 18 പരാജയം. വിജയശതമാനം 45. തൊട്ടടുത്തു വരുന്ന ഗാംഗുലിക്ക് 21 ജയങ്ങൾ, 13 പരാജയം, വിജയശതമാനം 42.9. എന്നാൽ ഒരു കൂട്ടത്തിന്റെ നായകൻ എന്ന നിലയിൽ ദാദയ്ക്കടുത്തെത്തില്ല മഹി. പക്ഷേ വിദേശത്ത് തുടർച്ചയായ പരാജമായിരുന്നു ധോനിയുടെ കീഴിൽ ഇൻഡ്യ.

ഇത് ധോനിയെ ചെറിയയാൾ ആക്കുന്നില്ല. കാരണം ഇതിഹാസ താരങ്ങളായ ഗാവസ്കർ, കപിൽ ദേവ്, സച്ചിൻ എന്നിവരുടെ വിജയശതമാനം 19.1, 11.8, 16. എന്നിങ്ങനെയാണ്. അസറുദ്ദീന്റേത് 29.8 ഉം.

ബാറ്റ്സ്മാൻ എന്ന നിലയിൽ 90 ടെസ്റ്റിൽ നിന്ന് 4876 റൺസ് ആണ് ധോനിയുടെ സമ്പാദ്യം. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാൻ അല്ലായിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു ഇൻഡ്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.  6 സെഞ്ച്വറികൾ, 33 ഫിഫ്റ്റികൾ.  ഓസ്ടേലിയക്കെതിരെ ചെന്നെയിൽ നേടിയ 224 (24ഫോർ 6 സിക്സ്) ഉം, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നേടിയ 148 (19 ഫോർ 4 സിക്സ് ) ഉം മറക്കാനാവില്ല.

ധോനിയുടെ ആവറേജ് 38.09 മാത്രമാണെന്നതും ഒരു വൻ ന്യൂനതയായി കാണേണ്ടതില്ല. ഇപ്പോഴത്തെ കോച്ചും, മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്റ്സ്മാനുമായിരുന്ന രവിശാസ്ത്രി നേടിയത് 35.79 ശരാശരിയിൽ 3830 റൺസാണ്. (80 ടെസ്റ്റ്). ടി.വി. കമന്റേറ്ററും, ക്ലാസിക് ബാറ്റ്സ്മാനുമായിരുന്ന മഞ്ച് രേക്കർ നേടിയത് 37.14 ശരാശരിയിൽ 2043 റൺസ്. വെടിക്കെട്ടു ബാറ്റ്സ്മാൻ ശ്രീകാന്ത് 29.88 ശരാശരിയിൽ 2062 റൺസ്. യുവരാജ് സിംഗ് 33.92 ശരാശരിയിൽ 1900 റൺസ്. അപ്പോ, അതു പോട്ടെ! ടെസ്റ്റ് ഈസ് എ ഡിഫറന്റ് ബോൾ ഗെയിം!

വിക്കറ്റ് കീപ്പർ എന്ന നിലയിൽ എക്കാലത്തെയും മികച്ച കീപ്പർമാരിൽ അഞ്ചാം സ്ഥാനമുണ്ട് ധോനിക്ക്. ആകെ 294 ഇരകൾ. ഒരു മോശം ബൗളിംഗ് ടീമിലെ കീപ്പറെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണ്.

സെയ്യദ് കിർമാണിയും, കിരൺ മോറെയും, നയൻ മോംഗിയയുമായിരുന്നു ധോനിക്കു മുൻപ് ഇൻഡ്യ കണ്ട പ്രമുഖ കീപ്പർമാർ. എന്നാൽ അവരെയൊക്കെക്കാൾ ഏറെ മുന്നിലെത്താൻ ധോനിക്കായി. അവരുടെ ഇരകൾ യഥക്രമം 198, (88 ടെസ്റ്റ്) 130, (49ടെസ്റ്റ്) 107 (44 ടെസ്റ്റ്).

ധോനിയുടെ ടെസ്റ്റ് റെക്കോഡുകൾ
1. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇൻഡ്യൻ ക്യാപ്റ്റൻ (27)
2. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നാട്ടിൽ നേടിയ ക്യാപ്റ്റൻ (21)
3. ക്യാപ്റ്റനായ ശേഷം ഇൻഡ്യക്കു വേണ്ടി ഏറ്റവും കൂടുതൽ റണ്ണടിച്ച താരം 3454 റൺസ്.
4. ഇൻഡ്യൻ ക്യാപ്റ്റൻ  നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
5.  വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
6.  ഇൻഡ്യൻ കീപ്പർ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
7.  എറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇൻഡ്യൻ കീപ്പർ (256)
8. എറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (294)
9.  ഒരു കളിയിൽ ഏറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (9)

ധോനിയുടെ യഥാർത്ഥ പ്രതിഭ ഏകദിന ക്രിക്കറ്റിൽ ആണ്. എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരിൽ ഒരാളാണദ്ദേഹം. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാന്മാരിൽ ഒരാൾ. 50 ൽ കൂടുതൽ ബാറ്റിംഗ് ആവറേജ് ഉള്ള  താരം. ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർമാരിൽ നാലാമൻ... അങ്ങനെ. അതെപ്പറ്റി വിശദമായി ധോനി ഏകദിനത്തിൽ നിന്നു വിരമിക്കുമ്പോൾ എഴുതാം.

ടെസ്റ്റിൽ ധോനിയുടെ അഭാവം ഇൻഡ്യയെ കാര്യമായി ബാധിക്കാൻ പോകുന്നില്ല എന്നാണെനിക്കു തോന്നുന്നത്. എന്നാൽ ഏകദിനത്തിൽ നിന്നു വിരമിച്ചാൽ  'പ്രഷർ കുക്കർ' സന്ദർഭങ്ങളിൽ ഇൻഡ്യയ്ക്ക് ക്യാപ്റ്റൻ കൂളിനെ ശരിക്കും മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ശരിയായ തീരുമാനം, ശരിയായ സമയത്ത് എടുത്തതിന് ധോനിക്ക് അഭിനന്ദനങ്ങൾ! ഇനിയുമുണ്ടല്ലോ ഏകദിനങ്ങളും 20-20 യും. 2015 ലെ ലോകകപ്പിൽ തിളങ്ങാൻ ധോനിക്കും, ടീം ഇൻഡ്യയ്ക്കും കഴിയട്ടെ!!

സച്ചിൻ തെണ്ടുൽക്കർ ധോനിക്കായി സമർപ്പിച്ച ട്വീറ്റ് പകർത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


sachin tendulkar @sachin_rt  ·  4h 4 hours ago

well done on a wonderful career in test cricket @msdhoni. Always enjoyed playing together. Next target 2015 WC my friend!!




Monday, December 8, 2014

എയ്ഡ്സും തൊട്ടുകൂടായ്മയും


ലോക എയ്ഡ്സ് ദിനത്തിൽ  http://www.southlive.in ൽ പ്രസിദ്ധീകരിച്ചത്.

 
എട്ടു വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ ഒന്നിന്, ഇരുന്നൂറിലേറെ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ഒരു ചോദ്യം ചോദിച്ചു. 'നിങ്ങള്‍ക്കൊരു വിവാഹാലോചന വരുന്നു. പയ്യന്‍ / പെണ്ണ് നല്ല വിദ്യാഭ്യാസവും സന്ദര്യവും ഉള്ളയാള്‍. സര്‍ക്കാര്‍ ജോലിയുമുണ്ട്. എന്നാല്‍ ഒരു പ്രശ്‌നം. അയാളുടെ പിതാവ് എച്ച്.ഐ.വി. ബാധിതനാണ്. നിങ്ങളില്‍ എത്ര പേര്‍ ഈ വിവാഹത്തിനു തയ്യാറാകും?'
 
സദസ്സ് നിശ്ശബ്ദമായി. കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. മിക്കവരും നേരേ നോക്കിയതേ ഇല്ല.ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി കയ്യുയര്‍ത്തി. ഒരേയൊരു പെണ്‍കുട്ടി!
 
വര്‍ഷങ്ങള്‍ കടന്നു പോയി.
കഴിഞ്ഞയാഴ്ച.
മറ്റൊരു കോളേജില്‍ ഇരുന്നൂറിലേറെ കുട്ടികളുള്ള സദസ്സില്‍ ഇതേ ചോദ്യമുന്നയിച്ചു.
വീണ്ടും നിശ്ശബ്ദത.
പക്ഷേ ഇക്കുറി മൂന്നു പേര്‍ കയ്യുയര്‍ത്തി.
സ്റ്റാറ്റിസ്റ്റിക്കലി സ്പീക്കിംഗ്, കയ്യുയര്‍ത്തിയവരില്‍ 300% വര്‍ദ്ധന!
 
ഇത്രയേ വളര്‍ന്നിട്ടുള്ളു നമ്മള്‍, ഈ 2014 ലും.
 
കേരളത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമുണ്ടോ? എല്ലാവര്‍ക്കും അതൊക്കെ അറിയില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഉദാഹരണം.
 
സത്യത്തില്‍ കേരളത്തില്‍ എച്ച്.ഐ.വി.രോഗബാധ, ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. 0.13% മാത്രമാണത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പരിശോധനാ ഫലമനുസരിച്ച് ഇന്‍ഡ്യയില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തു മാത്രമേ കേരളം വരുന്നുള്ളൂ. പക്ഷേ മേല്‍ സൂചിപ്പിച്ച ശതമാനമനുസരിച്ചാണെങ്കില്‍ പോലും എച്ച്.ഐ.വി. അണുബാധയുമായി ജീവിക്കുന്ന കാല്‍ ലക്ഷത്തിലധികം ആളുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. അവരില്‍ പുരുഷന്മാരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുമുണ്ട്. ഇവര്‍ നമ്മുടെയൊക്കെ കണ്‍ മുന്നില്‍ തന്നെയുണ്ട്. നമ്മള്‍ അവരെ കാണുന്നുമുണ്ട്. തിരിച്ചറിയുന്നില്ല എന്നേയുള്ളൂ.
 
ഒരു ദശാബ്ദം മുന്‍പ് മാധ്യമങ്ങളിലൂടെ പരിചിതരായ ബെന്‍സണ്‍  ബെന്‍സി സഹോദരങ്ങളുടെ കഥ നമുക്കറിയാം. സമൂഹത്തിന്റെ ക്രൂരമായ ഒറ്റപ്പെടുത്തലിന്റെ ഇരകളാണവര്‍. 1997 ല്‍ അച്ഛനും, 2000 ല്‍ അമ്മയും രോഗത്തിനു കീഴടങ്ങി. പിന്നീട് അപ്പൂപ്പനായ ഗീവര്‍ഗീസായിരുന്നു തുണ. അദ്ദേഹം 2005 ല്‍ മരിച്ചു. പിന്നീട് അമ്മൂമ്മ മാത്രമായി തുണ. സന്നദ്ധപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ ആ കുട്ടികള്‍ക്ക് ചികില്‍സ ലഭ്യമാക്കിയെങ്കിലും, 2010 ല്‍ ബെന്‍സി മരണത്തിനു കീഴടങ്ങി. മരിക്കുമ്പോള്‍ 15 വയസ്സുണ്ടായിരുന്ന അവള്‍ക്ക് ശരീരഭാരം വെറും 16 കിലോ ആയിരുന്നു. അമ്മൂമ്മ സാലമ്മയ്‌ക്കൊപ്പം കഴിയുന്ന അനിയന്‍ ബെന്‍സണ് ഇപ്പോള്‍ പ്രായം 17 ആയിട്ടുണ്ടാവണം.
 
കൊല്ലം ജില്ലയിലെ ഈ കഥപോലെ കണ്ണൂരിലും സംഭവിച്ചു ഒന്ന്. കുട്ടികളുടെ പേര് അനന്തു എന്നും അക്ഷര എന്നുമാണ്. പെറ്റമ്മ ഒപ്പമുള്ളതുകൊണ്ടും, നിരവധി സുമനസ്സുകളുടെ സഹായം ഉണ്ടായതുകൊണ്ടും സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്നും, സാമ്പത്തിക പരാധീനതകളില്‍ നിന്നും അവര്‍ കരകയറി. അക്ഷര ആത്മധൈര്യമുള്ള പെണ്‍കുട്ടിയായി വളര്‍ന്നു വരികയും ചെയ്തു. കുറച്ചു കാലം മുന്‍പ് ആ കുടുംബത്തെ കൈരളി ചാനലിലെ ഒരു ഷോയില്‍ കണ്ടിരുന്നു.അമ്മ രമ ഇന്ന് എച്ച്.ഐ.വി. ബോധവല്‍ക്കരണ പരിപാടികളിലെ ഒരു പോസിറ്റീവ് സ്പീക്കര്‍ ആണ്. അക്ഷരയാവട്ടെ തന്റെ സുഹൃത്തുക്കള്‍ നല്‍കി വരുന്ന പിന്തുണയിലും, സ്‌നേഹത്തിലും ധൈര്യപൂര്‍വം ജീവി്തത്തെ നേരിടുന്നു. ഒപ്പം അനിയന്‍ അനന്തുവും. അവര്‍ക്ക് ഒരു മൂത്ത സഹോദരി കൂടിയുണ്ട്. അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആ കുടുംബത്തിന് മൂടി വയ്‌ക്കേണ്ടി വരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്തിനിയായ ആ കുട്ടി സമൂഹത്തില്‍ വെളിപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് അവര്‍ക്കറിയാം എന്നതുകൊണ്ടു മാത്രമാണത്. ഇന്നും ഇതാണ് കേരള സമൂഹം.
 
ഇവര്‍ നാടറിയുന്ന 'ഇന്നസന്റ് വിക്ടിംസ്' ആണെങ്കില്‍, അധികമാരുമറിയാതെ കഴിയുന്ന എച്ച്.ഐ.വി.ബാധിതരായ നിരവധി കുഞ്ഞുങ്ങള്‍ ഇന്നാട്ടിലുണ്ട്. ധൈര്യപൂര്‍വം അവര്‍ക്കും ഈ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാനും, വിവേചനരഹിതമായി സ്വാതന്ത്ര്യമനുസരിച്ച് കൗമാര യൗവനങ്ങള്‍ ചിലവിടാനുമുള്ള അവസരമാണ് നമ്മള്‍ ഒരുക്കേണ്ടത്. അവരുടെ മാതാപിതാക്കള്‍ യാത്രാമധ്യേ കൊഴിഞ്ഞു വീണാലും അവര്‍ക്കു കൈത്താങ്ങായി ഒപ്പമുണ്ടാകാനുള്ള സന്നദ്ധതയാണ് നാം പ്രദര്‍ശിപ്പിക്കേണ്ടത്.
 
അബദ്ധവശാല്‍ പകരുന്ന ഒരു രോഗമല്ല എച്ച്.ഐ.വി. ഇന്ന്. ലൈംഗികബന്ധത്തിലൂടെയോ, ഞരമ്പു വഴിയുള്ള മയക്കു മരുന്ന് ഇഞ്ചക്ഷനിലൂടെയോ അല്ലാതെ അതു പകരുന്നത് തുലോം വിരളമാണ്. രക്തബാങ്കുകളും, ആശുപത്രി ഇഞ്ചക്ഷനുകളും അങ്ങേയറ്റം എച്ച്.ഐ.വി. മുക്തമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ എച്ച്.ഐ.വി. ബാധയുടെ തോത് 0.13% ല്‍ നില്‍ക്കുന്നതും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ജാഗരൂകരാകേണ്ടതുണ്ട്. പുകവലി വളരെ കുറയുകയും, മദ്യപാനം അങ്ങേയറ്റം കൂടുഅക്യും ചെയ്ത ഒരു സമൂഹമാണ് മലയാളികളുടേത്. എന്നാല്‍ ഇന്‍ട്രാവീനസ് ഡ്രഗ് യൂസ് മെല്ലെ കൂടിവരുന്നോ എന്ന സംശയമുണ്ട്. ചെറിയൊരു ശതമാനം ആളുകളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് 0% എച്ച്.ഐ.വി. ബാധ എന്ന ലക്ഷ്യത്തിലെത്താന്‍ നമുക്ക് പ്രതിരോധ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 20 ലക്ഷത്തിനു മേല്‍ അന്യഭാഷാ തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ സജീവ സാന്നിധ്യമായ സാഹചര്യത്തില്‍. ഇവരില്‍ ഭൂരിഭാഗമാളുകളും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ് എന്നത് നമ്മുടെ ശ്രമം ദുഷ്‌കരമാക്കുകയും ചെയ്യുന്നു. (എച്ച്.ഐ.വി. മാത്രമല്ല, മറ്റു പല സാംക്രമികരോഗങ്ങളും പരത്താനുള്ള സ്രോതസ്സുകളായി ഈ ജനസമൂഹം മാറിയിരിക്കുന്നു. ഇവിടെ സാധാരണമല്ലാതിരുന്ന മലേറിയ ഇന്നു പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരുദാഹരണം മാത്രം). എച്ച്.ഐ.വി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഈ സമൂഹത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള പുതുക്കിയ കര്‍മ്മ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
 
20 വയസ്സില്‍ എച്ച്.ഐ.വി.ക്കെതിരായ ചികില്‍സ തുടങ്ങിയാല്‍ അടുത്ത 40 വര്‍ഷമെങ്കിലും ജീവിതം തുടരാനുതകുന്ന മരുന്നുകള്‍ ഇന്നു ലഭ്യമാണ്. തല്‍ക്ഷണം കൊല്ലുന്ന ഒരസുഖമല്ല എച്ച്.ഐ.വി. ബാധ ഇന്ന്. ശ്രദ്ധയോടെ ജീവിച്ചാല്‍ ദീര്‍ഘകാലം ഒപ്പം കൊണ്ടു നടക്കാവുന്ന ഒന്നായി അതു മാറിയിരിക്കുന്നു. നമുക്കു ചെയ്യാവുന്നത് അത്രകാലം അവരെ നമ്മുടെയൊപ്പം കൂട്ടുക എന്നതാണ്. കൂര്‍ത്ത കണ്മുനകളാലും, മൂര്‍ച്ചയുള്ള വാക് ശരങ്ങളാലും അത്രകാലം അവരെ പീഡിപ്പിക്കാതിരിക്കുക എന്നതാണ്. അതിനേക്കാളുപരി അവര്‍ക്കൊപ്പം കൂടി നാമെല്ലാം ഒരു സമൂഹത്തിന്റെ തന്നെ തുല്യ ഭാഗധേയാവകാശമുള്ള പൗരന്മാരാണ് എന്നു പ്രഖ്യാപിക്കലാണ്. 2014 ലെ ലോക എയ്ഡ്‌സ് ദിനത്തില്‍ അതാവും നമുക്കു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം