2007 ൽ ബൂലോകത്തെത്തിയ ഒരാളാണു ഞാൻ. ഏവൂരാൻ എന്ന എന്റെ നാട്ടുകാരൻ ബ്ലോഗെഴുതിയതായി പത്രത്തിൽ വായിച്ച ആവേശത്തിലാണ് ഞാനും ഈ മാധ്യമത്തിലേക്കു കാൽ വച്ചത്. വക്കാരിമഷ്ടാ, വിശ്വപ്രഭ, കേരളാ ഫാർമർ, ഇഞ്ചിപ്പെണ്ണ്, വിശാലമനസ്കൻ, അരവിന്ദ്, കുറുമാൻ, മരമാക്രി, ഇടിവാൾ,കെ.പി.സുകുമാരൻ എന്നീ പേരുകൾ പത്രത്താളുകളിൽ നിന്നു മനസ്സിലേക്കു കയറി.
മലയാളം ബ്ലോഗിന്റെ പുഷ്കലകാലമായിരുന്നു അത്. 2003 നും 2007 നും ഇടയ്ക്ക് എഴുതപ്പെട്ട രചനകൾ വായിച്ച് ഞാൻ ഉത്സാഹഭരിതനായി.
തുടർന്ന് ബ്രിജ് വിഹാരം മനു, പോങ്ങുമ്മൂടൻ,ചിത്രകാരൻ,അരുൺ കായംകുളം, വാഴക്കോടൻ, കുമാരൻ, മാണിക്യം, മിനി ടീച്ചർ തുടങ്ങി ഒരു വൻ നിര തന്നെ പ്രത്യക്ഷപ്പെട്ടു.
മതവും,രാഷ്ട്രീയവും, സിനിമയും, സൊറപറയും, ഓർമ്മക്കുറിപ്പുകളും ബ്ലോഗിൽ നിറഞ്ഞു.
എന്നാൽ 2010 വന്നുദിച്ചതോടെ മലയാളം ബ്ലോഗിനു ശനിദശതുടങ്ങി. ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ഒക്കെയായി പലരുടെയും തട്ടകങ്ങൾ.
അല്ലറചില്ലറ വിവാദങ്ങൾ തുണച്ചതുകൊണ്ട് കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ഒരു ചലനമുണ്ടായെന്നതൊഴിച്ചാൽ മലയാളം ബ്ലോഗ് മാന്ദ്യത്തിലാണ്. ആകെ ഒച്ചയും ബഹളവും ഉള്ളത് മതചർച്ച നടക്കുന്ന ഇടങ്ങളിൽ ആയി!
ഇന്ന് പ്രതിഭാധനരായ പല ബ്ലോഗർമാരും, ബ്ലോഗിനേക്കാൾ പ്രാധാന്യം ഗൂഗിൾ ബസ്സിനും, ട്വിറ്ററിനും, ഫെയ്‌സ് ബുക്ക് ഫാം വില്ലെയ്ക്കുമൊക്കെയാണ് നൽകുന്നതെന്ന യാഥാർത്ഥ്യം ചങ്കു തകർക്കുന്നതാണ്.
ബ്ലോഗർ എന്ന മേൽ വിലാസമാണ് നമ്മെ ഒരുമിപ്പിച്ചതെന്ന യാഥാർത്ഥ്യം വിസ്മരിക്കാതിരിക്കാനും, ഒപ്പം വളരെയേറെ സാധ്യതകൾ ഉള്ള ഈ മാധ്യമം ജീവസ്സുറ്റതാക്കി നിലനിർത്താനും ഉള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന് എല്ലാ ബ്ലോഗർമാരും തിരിച്ചറിയണം എന്നും
അഭ്യർത്ഥിക്കുന്നു.
ഈ വിഷയത്തിൽ സമാനചിന്താഗതിയുള്ള ബ്ലോഗർമാർ ഒരുമിക്കാൻ തയ്യാറായാൽ അക്കൂട്ടത്തിൽ കൂടാൻ ഞാനും ഉണ്ടെന്ന വിനീതമായ വാഗ്ദാനത്തോടെ,
സ്നേഹപൂർവം
ജയൻ ഏവൂർ
വാൽമൊഴി: കച്ചോടമാക്കി മാറ്റിയെന്നാരൊപിച്ചാലും നിരന്തരമായി ബെർളിയും, പിന്നെ ഇടയ്ക്കിടെ വിശാലമനസ്കനും ഇപ്പോഴും പോസ്റ്റുകൾ ഇടുന്നുണ്ടെന്നതിൽ അവരെ മനസ്സാ അഭിനന്ദിക്കുന്നു!