Monday, June 29, 2015

വ്യക്തിസ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം....???

"പ്രൊഫൈൽ ചിത്രം മഴവിൽ വർണങ്ങളിൽ അലങ്കരിച്ചില്ലല്ലോ. എന്തു പറ്റി?" എന്ന് ഒരു സുഹൃത്ത്  ഫെയ്സ്ബുക്ക് ഇൻ ബോക്സിൽ.

സത്യത്തിൽ എന്തിനാണീ വർണവിപ്ലവം എന്ന് അറിയാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്. കാര്യമറിഞ്ഞപ്പോൾ വർണവിപ്ലവം നടത്തിയ കുറേ പ്രൊഫൈലുകൾ ഞാനും ലൈക് ചെയ്തു. അത്ര ചെയ്യാനേ തോന്നിയുള്ളൂ. (അമേരിക്കയിൽ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയതിനെ അനുകൂലിക്കുന്നവരാണ് മഴവില്ലിന്റെ വർണങ്ങളിൽ പ്രൊഫൈൽ ചിത്രം അലങ്കരിച്ചത്.)

മുൻപ് സ്വവർഗാനുകൂലികളെ അനുകൂലിച്ച് ചില പോസ്റ്റുകൾ ഇട്ടിരുന്നു. സ്വന്തം ലൈംഗികത തീരുമാനിക്കാനുള്ള ആണിന്റെയും പെണ്ണിന്റെയും അവകാശം ഇന്നും അംഗീകരിക്കുകയും ചെയ്യുന്നു.
പക്ഷേ, എന്തിനെയും പോലെ ഇതും ഫെയ്സ്ബുക്കിൽ ആഘോഷിക്കപ്പെടുമ്പോൾ, അല്പം ഗൗരവമുള്ള ചിന്ത ഇക്കാര്യത്തിൽ വേണ്ടേ എന്ന് തോന്നിപ്പോകുന്നു.

1. പ്രായപൂർത്തിയായ സ്വവർഗാനുരാഗികൾ വിവാഹം കഴിച്ചോട്ടെ. ഒരുമിച്ചു ജീവിച്ചോട്ടെ. അതിനെ പിൻ തുണയ്ക്കുന്നു.

2. വിവാഹം കഴിക്കാതെ, ഇളം പ്രായത്തിലുള്ള ആൺകുട്ടികളെ ലൈംഗികാവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വവർഗപ്രേമികളുണ്ട്. തികച്ചും നിരപരാധികളായ, സ്വവർഗഭോഗത്തിൽ തെല്ലും താല്പര്യമില്ലാത്ത നിഷ്കളങ്കരായ കുട്ടികളെ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും 'അറുക്കുന്ന' പിശാചുകൾ....

അവരെക്കുറിച്ച് സ്വവർഗപ്രേമികളുടെയും, പിന്തുണക്കാരുടെയും (ഞാനുൾപ്പടെ) നിലപാടെന്താണ്?



3. സ്വവർഗബന്ധങ്ങളിൽ പെൺസ്വഭാവമുള്ള പാർട്ട്ണർമാർ പലപ്പോഴും പലരാൽ പീഡിപ്പിക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീ-പുരുഷ ബന്ധത്തിലെന്നപോലെ ആൺ മേൽക്കമ്യ്മ അവിടെയുമുണ്ടെന്നും, ഇത് തങ്ങളുടെ വിധിയാണെന്നും അങ്ങനെയുള്ള ഒരു 'പെണ്ണ്' എന്നോടു പറഞ്ഞു. അവിടെയും അടിമ പെണ്മ തന്നെയാണ്!

4. ആണിന് ആണിനോട് താല്പര്യം തോന്നുന്നതുപോലെ സ്വന്തം രക്തബന്ധത്തിൽ പെട്ടവരോട് കാമം തോന്നുന്ന ആൾക്കാരും സമൂഹത്തിലുണ്ട്. അവർക്ക് മിക്കപ്പോഴും കാമം തോന്നുന്നയാളോട് ഒരു താല്പര്യവും ഉണ്ടാവില്ല എന്നുമാത്രമല്ല കടുത്ത എതിർപ്പും ഉണ്ടാവാം. ഭീഷണിക്കും, പ്രലോഭനത്തിനും വശംവദരാക്കി 'ഇൻസെസ്റ്റ്' ബന്ധത്തിനു വിധേയരാക്കുന്ന ഇത്തരക്കാരോട് നമ്മുടെ നിലപാട് എന്താണ്?

5. പീഡോഫൈലുകൾ (കുഞ്ഞുങ്ങളിൽ കാമദാഹം തീർക്കുന്നവർ) എന്ന ഇനത്തിൽ പെട്ടവർ.... അവർക്ക് പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഭോഗിക്കാൻ വേണ്ടത്. അവരുടെ അവകാശങ്ങൾക്കു വേണ്ടിയും നമ്മൾ വാദിക്കേണ്ടി വരുമോ?




വ്യക്തിസ്വാതന്ത്ര്യം എന്ന ലേബലിൽ ഇവയെല്ലാം അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ?
ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ച് ഇനിയും എഴുതാനുണ്ട്. തൽക്കാലം ഇവിടെ നിർത്തുന്നു എന്നേ ഉള്ളൂ.

ഫെയ്സ്ബുക്കിൽ നമ്മൾ മിക്കപ്പോഴും ഒന്നുകിൽ ഒരു നിലപാടിനൊപ്പം, അല്ലെങ്കിൽ അതിന് 'കട്ട എതിര്' എന്ന നിലയിലാണ് ആളുകൾ പ്രതികരിക്കാറ്. അതു മാറ്റേണ്ടതല്ലേ?

സ്വവർഗപ്രണയികളായ സ്ത്രീ, പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്വാതന്ത്രമുണ്ട് എന്നതുപോലെ, അഥവാ അതിനേക്കാൾ പ്രധാനമായി ദാ, മുകളിലെഴുതിയ കാര്യങ്ങൾ പ്രധാനമായി എനിക്കു തോന്നുന്നു.

വിമർശനങ്ങൾ ഉണ്ടാകുമെന്നറിയാം. എന്നാലും സമൂഹത്തിലെ എല്ലാവരേയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർ ഇക്കര്യങ്ങൾ കൂടി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.