Tuesday, December 30, 2014

വെള്ളക്കുപ്പായമുപേക്ഷിച്ച് എം.എസ്.ധോനി






മഹേന്ദ്രസിംഗ് ധോനി ടെസ്റ്റ് കളി മതിയാക്കി. വിമർശനങ്ങൾ ഏറെ ഉന്നയിക്കാമെങ്കിലും എപ്പോൾ കളി മതിയാക്കണം എന്നു തീരുമാനിക്കാൻ കഴിയാതിരുന്ന പല മുൻ ടെസ്റ്റ് താരങ്ങളെ വച്ചു നോക്കുമ്പോൾ ആ തീരുമാനമെടുക്കുന്ന കാര്യത്തിൽ മഹി സ്കോർ ചെയ്തു.

ക്യാപ്റ്റൻ എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഏകദിനങ്ങളിലെയോ, 20-20 യിലെയോ പോലെ വൈഭവം ധോനിക്ക് ടെസ്റ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും കളിച്ച 90 ടെസ്റ്റുകളിൽ 60 എണ്ണത്തിലും നായകനാകാൻ അദ്ദേഹത്തിനു ഭാഗ്യം സിദ്ധിച്ചു. 27 കളികളിൽ ജയിച്ചു. 18 പരാജയം. വിജയശതമാനം 45. തൊട്ടടുത്തു വരുന്ന ഗാംഗുലിക്ക് 21 ജയങ്ങൾ, 13 പരാജയം, വിജയശതമാനം 42.9. എന്നാൽ ഒരു കൂട്ടത്തിന്റെ നായകൻ എന്ന നിലയിൽ ദാദയ്ക്കടുത്തെത്തില്ല മഹി. പക്ഷേ വിദേശത്ത് തുടർച്ചയായ പരാജമായിരുന്നു ധോനിയുടെ കീഴിൽ ഇൻഡ്യ.

ഇത് ധോനിയെ ചെറിയയാൾ ആക്കുന്നില്ല. കാരണം ഇതിഹാസ താരങ്ങളായ ഗാവസ്കർ, കപിൽ ദേവ്, സച്ചിൻ എന്നിവരുടെ വിജയശതമാനം 19.1, 11.8, 16. എന്നിങ്ങനെയാണ്. അസറുദ്ദീന്റേത് 29.8 ഉം.

ബാറ്റ്സ്മാൻ എന്ന നിലയിൽ 90 ടെസ്റ്റിൽ നിന്ന് 4876 റൺസ് ആണ് ധോനിയുടെ സമ്പാദ്യം. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാൻ അല്ലായിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു ഇൻഡ്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.  6 സെഞ്ച്വറികൾ, 33 ഫിഫ്റ്റികൾ.  ഓസ്ടേലിയക്കെതിരെ ചെന്നെയിൽ നേടിയ 224 (24ഫോർ 6 സിക്സ്) ഉം, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നേടിയ 148 (19 ഫോർ 4 സിക്സ് ) ഉം മറക്കാനാവില്ല.

ധോനിയുടെ ആവറേജ് 38.09 മാത്രമാണെന്നതും ഒരു വൻ ന്യൂനതയായി കാണേണ്ടതില്ല. ഇപ്പോഴത്തെ കോച്ചും, മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്റ്സ്മാനുമായിരുന്ന രവിശാസ്ത്രി നേടിയത് 35.79 ശരാശരിയിൽ 3830 റൺസാണ്. (80 ടെസ്റ്റ്). ടി.വി. കമന്റേറ്ററും, ക്ലാസിക് ബാറ്റ്സ്മാനുമായിരുന്ന മഞ്ച് രേക്കർ നേടിയത് 37.14 ശരാശരിയിൽ 2043 റൺസ്. വെടിക്കെട്ടു ബാറ്റ്സ്മാൻ ശ്രീകാന്ത് 29.88 ശരാശരിയിൽ 2062 റൺസ്. യുവരാജ് സിംഗ് 33.92 ശരാശരിയിൽ 1900 റൺസ്. അപ്പോ, അതു പോട്ടെ! ടെസ്റ്റ് ഈസ് എ ഡിഫറന്റ് ബോൾ ഗെയിം!

വിക്കറ്റ് കീപ്പർ എന്ന നിലയിൽ എക്കാലത്തെയും മികച്ച കീപ്പർമാരിൽ അഞ്ചാം സ്ഥാനമുണ്ട് ധോനിക്ക്. ആകെ 294 ഇരകൾ. ഒരു മോശം ബൗളിംഗ് ടീമിലെ കീപ്പറെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണ്.

സെയ്യദ് കിർമാണിയും, കിരൺ മോറെയും, നയൻ മോംഗിയയുമായിരുന്നു ധോനിക്കു മുൻപ് ഇൻഡ്യ കണ്ട പ്രമുഖ കീപ്പർമാർ. എന്നാൽ അവരെയൊക്കെക്കാൾ ഏറെ മുന്നിലെത്താൻ ധോനിക്കായി. അവരുടെ ഇരകൾ യഥക്രമം 198, (88 ടെസ്റ്റ്) 130, (49ടെസ്റ്റ്) 107 (44 ടെസ്റ്റ്).

ധോനിയുടെ ടെസ്റ്റ് റെക്കോഡുകൾ
1. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇൻഡ്യൻ ക്യാപ്റ്റൻ (27)
2. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നാട്ടിൽ നേടിയ ക്യാപ്റ്റൻ (21)
3. ക്യാപ്റ്റനായ ശേഷം ഇൻഡ്യക്കു വേണ്ടി ഏറ്റവും കൂടുതൽ റണ്ണടിച്ച താരം 3454 റൺസ്.
4. ഇൻഡ്യൻ ക്യാപ്റ്റൻ  നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
5.  വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
6.  ഇൻഡ്യൻ കീപ്പർ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
7.  എറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇൻഡ്യൻ കീപ്പർ (256)
8. എറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (294)
9.  ഒരു കളിയിൽ ഏറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (9)

ധോനിയുടെ യഥാർത്ഥ പ്രതിഭ ഏകദിന ക്രിക്കറ്റിൽ ആണ്. എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരിൽ ഒരാളാണദ്ദേഹം. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാന്മാരിൽ ഒരാൾ. 50 ൽ കൂടുതൽ ബാറ്റിംഗ് ആവറേജ് ഉള്ള  താരം. ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർമാരിൽ നാലാമൻ... അങ്ങനെ. അതെപ്പറ്റി വിശദമായി ധോനി ഏകദിനത്തിൽ നിന്നു വിരമിക്കുമ്പോൾ എഴുതാം.

ടെസ്റ്റിൽ ധോനിയുടെ അഭാവം ഇൻഡ്യയെ കാര്യമായി ബാധിക്കാൻ പോകുന്നില്ല എന്നാണെനിക്കു തോന്നുന്നത്. എന്നാൽ ഏകദിനത്തിൽ നിന്നു വിരമിച്ചാൽ  'പ്രഷർ കുക്കർ' സന്ദർഭങ്ങളിൽ ഇൻഡ്യയ്ക്ക് ക്യാപ്റ്റൻ കൂളിനെ ശരിക്കും മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ശരിയായ തീരുമാനം, ശരിയായ സമയത്ത് എടുത്തതിന് ധോനിക്ക് അഭിനന്ദനങ്ങൾ! ഇനിയുമുണ്ടല്ലോ ഏകദിനങ്ങളും 20-20 യും. 2015 ലെ ലോകകപ്പിൽ തിളങ്ങാൻ ധോനിക്കും, ടീം ഇൻഡ്യയ്ക്കും കഴിയട്ടെ!!

സച്ചിൻ തെണ്ടുൽക്കർ ധോനിക്കായി സമർപ്പിച്ച ട്വീറ്റ് പകർത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


sachin tendulkar @sachin_rt  ·  4h 4 hours ago

well done on a wonderful career in test cricket @msdhoni. Always enjoyed playing together. Next target 2015 WC my friend!!




6 comments:

  1. ധോണി ഇനിയും ക്രിക്കറ്റ് ലോകത്ത് വേറെ ഏതെങ്കിലും റോളിലൊക്കെ കാണുമായിരിക്കും

    ReplyDelete
    Replies
    1. ഏകദിനത്തിലും, 20-20 യിലുമൊക്കെ കുറേ നാൾ കൂടിയുണ്ടാവും, അജിത്തേട്ടാ.

      ലോകകപ്പ് 2015 വരട്ടെ!

      Delete
  2. എനിക്കയാളെ അങ്കട് മുഴുവനായി ഇഷ്ടപ്പെടാന്‍ കഴിയുന്നില്ല. കോലിയേയും അത്രയ്ക്ക് പിടിക്കില്ല.

    ബാറ്റിങ്ങ് ഫോം തുടരാനാവുമെങ്കില്‍ ധോണിയേക്കാള്‍ നേട്ടമുണ്ടാക്കുന്ന ക്യാപ്റ്റനാകും കോലിയെന്ന് എനിക്ക് സംശയമില്ല. പിഴവുകള്‍ പൊറുക്കാത്ത ഒരു 'കഴുത്തറപ്പന്‍' നിലപാടുണ്ട് കോലിയ്ക്ക് - ടീമിന്റെ വിജയത്തിന് അത് ഉപകരിക്കും. ധോണിയേപ്പോലെ സൌഹൃദങ്ങള്‍ക്കായി കോലി ടീമില്‍ ആളെ വെയ്ക്കില്ലെന്നു തോന്നുന്നു.

    ReplyDelete
    Replies
    1. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടീമിനായി നേട്ടമുണ്ടാകണം. കളിയിൽ വിട്ടുവീഴ്ച പാടില്ല. പ്രതികൂലാവസ്ഥയിലും ജയത്തിനായി പൊരുതണം. അത്രയേ വേണ്ടൂ!

      Delete
  3. ശരിയായ തീരുമാനം,
    ശരിയായ സമയത്ത് എടുത്തതിന്
    ധോനിക്ക് അഭിനന്ദനങ്ങൾ! ഇനിയുമുണ്ടല്ലോ
    ഏകദിനങ്ങളും 20-20 യും. 2015 ലെ ലോകകപ്പിൽ
    തിളങ്ങാൻ ധോനിക്കും, ടീം ഇൻഡ്യയ്ക്കും കഴിയട്ടെ!!

    ReplyDelete
  4. വിക്കറ്റിനു പിന്നിൽ നില്ക്കുന്ന ആളിനു പിന്നിലെന്തെങ്കിലും കാരണമുണ്ടോ ആവോ? ശ്രീയ്ക്കെന്തോ അറിയാമെന്നു വാർത്ത കണ്ടു.

    ReplyDelete