Sunday, February 12, 2012

നിലാമഴ മാഞ്ഞു.....

മലപ്പുറം പൂക്കോട്ടൂർ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, കവയിത്രിയും, ഇളം തലമുറ ബ്ലോഗറും, നമ്മുടെയൊക്കെ പ്രിയങ്കരിയുമായിരുന്ന നീസ വെള്ളൂർ അന്തരിച്ചു. ‘നിലാമഴകൾ’ എന്ന ബ്ലോഗിന്റെ ഉടമായാണ് ഖമറുന്നീസ എന്ന ‘നീസ’.

തുഞ്ചൻ പറമ്പു മീറ്റിൽ വച്ചാണ് നീസയെ ആദ്യം കണ്ടത്. കൊട്ടോട്ടിക്കാരൻ പറഞ്ഞതനുസരിച്ച് അവളുടെ ഫോട്ടോയും എടുത്തിരുന്നു. മീറ്റിനെക്കുറിച്ചിട്ട പോസ്റ്റിൽ, അവളുടെ കവിത ഉൾപ്പെടുന്ന ‘കാ വാ രേഖ’ യുടെ ഒരു പ്രതി  മനോരാജിൽ നിന്ന് സ്വീകരിക്കുന്ന ചിത്രം ഇടുകയും ചെയ്തിരുന്നു.
 

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു നീസ. ബൂലോകത്തിന്റെ സഹായം ഒരു കൈത്താങ്ങായി ഉണ്ടായിരുന്നെങ്കിലും, നൂറുകണക്കിനു സുമനസ്സുകളുടെ പ്രാർത്ഥന അവൾക്കായി ഉണ്ടായിരുന്നെങ്കിലും, കരുണകാട്ടാൻ പിശുക്കു കാണിക്കുന്ന ക്യാൻസർ അവളെ കൂട്ടിക്കൊണ്ടു പോയി.
മുൻപ് രമ്യ ആന്റണി എന്ന യുവകവയിത്രിയെ കൊണ്ടു പോയപോലെ തന്നെ.....

എന്താണ് പറയാനാവുക..... ഇന്നു നാലു മണിക്ക് കൊട്ടോട്ടിക്കാരൻ വിളിച്ചു പറഞ്ഞ വാർത്ത കേട്ടപ്പോൾ നമ്മുടെയൊക്കെ നിസ്സഹായാവസ്ഥയാണോർത്തത്.... എന്തു ചെയ്താലാണ് നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം ഘട്ടങ്ങളിൽ രക്ഷിക്കാനാവുക....? ഒരു പിടിയുമില്ല. വിധി എന്നോ, ഇതൊക്കെയാണ് ലോകഗതി എന്നോ പറയാൻ വേണ്ടി പറയാം....

എല്ലാവരും നിലാമഴകൾ വായിക്കുക.

അവൾക്കുള്ള അശ്രുപൂജ അവിടെയാവട്ടെ....



നീസ

Saturday, January 28, 2012

ഹംസഗീതം പോലും പാടാനാകാതെ.....

വിടപറയും മുൻപുള്ള അവസാനഗാനം.... അതാണ് ഹംസഗീതം. മരിക്കുന്നതിനു മുൻപ് അരയന്നം പാടുന്ന പാട്ട് എന്നത് സാഹിത്യത്തിലെ ഒരലങ്കാരപ്രയോഗമാണെങ്കിലും പലപ്പോഴും കളിക്കളത്തിലെ അവസാനമത്സരത്തിലെ ഗംഭീരപ്രകടനത്തെ “സ്വാൻ സോങ് ഓഫ് എ മയെസ്റ്റ്ട്രോ” എന്ന് പലപ്പോഴും എഴുതാറുണ്ട് പത്രങ്ങൾ. പല മഹാന്മാരായ കളിക്കാരും ഹംസഗീതം പാടി വിടപറഞ്ഞിട്ടുമുണ്ട്. എന്നാൽ അതൊന്നുമില്ലാതെ തന്നെ ഇൻഡ്യൻ ക്രിക്കറ്റിൽ നിന്ന് മഹാരഥന്മാർ വിടവാങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ് നമ്മൾ കാണികൾ.

ഓർമ്മ വച്ച നാൾമുതലിന്നോളം തുടർച്ചയായ രണ്ടു വിദേശ പരമ്പരകളിൽ നാലും നാലും വീതം ടെസ്റ്റ് മത്സരങ്ങളിൽ ഇൻഡ്യ തോൽക്കുന്നതു കണ്ടിട്ടില്ല. ഇപ്പോൾ അതും കാണേണ്ടി വന്നിരിക്കുന്നു.

നൂറ്റിയിരുപതു കോടി ഇൻഡ്യക്കാരുടെ ക്രിക്കറ്റിലെ കൺ കണ്ട ദൈവം സച്ചിൻ തെണ്ടുൽക്കർ, വിശ്വസ്തനായ വന്മതിൽ രാഹുൽ ദ്രാവിഡ്, വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ..... ഇവരിലാർക്കും നാലു ടെസ്റ്റിലെ എട്ട് ഇന്നിംഗ്സുകൾ കളിച്ചിട്ടും ഒരു സെഞ്ച്വറി പോലും നേടാനായില്ല. ഇൻഡ്യക്കു വേണ്ടി പൊരുതി ഒരു സമനില പോലും നേടാനായില്ല!

സച്ചിൻ അർദ്ധസെഞ്ച്വറികൾ നേടി. എന്നാൽ ദ്രാവിഡും ലക്ഷമണും അമ്പേ പരാജയപ്പെട്ടു. ദ്രാവിഡ് തുടരെ ക്ലീൻ ബൌൾഡ് ആകുന്ന കാഴ്ച അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയിൽ ഹൃദയഭേദകമായിരുന്നു.

വേൾഡ് ക്ലാസ് ബാറ്റ്സ്മാന്മാർ പ്രതിസന്ധികൾ തരണം ചെയ്ത് എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങ്ങും കാണിച്ചു തന്നു!

വിരാട് കോലിക്കു കഴിഞ്ഞതുപോലും ഇൻഡ്യയുടെ ‘വിശ്രുത ത്രയ’ത്തിനും, വീരേന്ദർ സേവാഗിനും കഴിഞ്ഞില്ല!


സ്വന്തം ടീമിനു വേണ്ട സമയത്ത് ഒരിക്കൽ പോലും ലൊകോത്തര നിലവാരമുള്ള ഒരിന്നിംഗ്‌സ്.... ഒരേയൊരിന്നിംഗ്സ് എങ്കിലും പുറത്തെടുക്കാൻ കഴിയാത്തവർ ടീമിലെന്തിനു തുടരണം?

ഇവരെല്ലാവരും വമ്പൻ ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ളവരാണ്. പ്രതിഭയുള്ളവർ ആയിരുന്നു താനും. എന്നാൽ ഇന്ന് അവരുടെ മനസ്സു പറയുന്നിടത്ത് ശരീരം ചലിക്കാതായിരിക്കുന്നു.

വിടവാങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു....



ഇതാ ഇൻഡ്യൻ വീരന്മാരുടെ പ്രകടനം.....



SR Tendulkar 4  8  0  287  80    35.87






V Sehwag      4  8  0  198  67     24.75





R Dravid      4  8  0  194  68 24.25






VVS Laxman 4   8  0  155  66    19.37


ഇനി ഓസ്റ്റ്ട്രേലിയക്കാരുടെ കളി നോക്കാം.

MJ Clarke 4  6 1  626   329*  125.20






RT Ponting 4  6 1  544   221  108.80






MEK Hussey 4  6   1  293  150*   58.60






DA Warner 4 6 0  266  180   44.33









ഇവർ അവരുടെ നാട്ടിലല്ലേ ഈ കളി കളിച്ചതെന്നു ചോദിക്കരുത്.
കാരണം അവരുടെ നാട്ടിൽ വച്ചു തന്നെയാണ് സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, സേവാഗും മുൻപ് ഇതിഹാസങ്ങൾ തീർത്തിട്ടുള്ളത്. ഇപ്പോൾ അവരെ പ്രായം ബാധിച്ചിരിക്കുന്നു.

മനസ്സു പറയുന്നിടത്ത് ശരീരം എത്തുന്നില്ല....

അതെ... മതിയാക്കാൻ സമയമായി.... ശരിക്കും സമയമായി!

ഇനി വിരാട് കോലിയും, രോഹിത് ശർമ്മയും, ചേതേശ്വർ പുജാരയും, അഭിനവ് മുകുന്ദും, വൃദ്ധിമാൻ സാഹയും, സുരേഷ് റെയ്നയുമൊക്കെ ഉയർന്നു വരട്ടെ.... അവരെ അതിനനുവദിക്കാനുള്ള മഹാമനസ്കത - അല്ല കോമൺ സെൻസ് - സച്ചിൻ ഉൾപ്പടെയുള്ള വിശ്രുത ത്രയം കാണിക്കുമെന്നാശിക്കാം.

എട്ടു കളികളിൽ ഒന്നു പോലും ജയിപ്പിക്കാനാവാത്തവർ, അവർ മുൻ കാലത്ത് എത്ര കേമന്മാർ ആയിരുന്നെങ്കിലും ഇനി ഇൻഡ്യയ്ക്കുവേണ്ടി കളിക്കാനർഹിക്കുന്നില്ല.

ഇട്ടുമൂടാൻ പണവും, കൊരിത്തരിക്കാൻ റെക്കോഡുകളും ഏറെ സ്വന്തമാക്കിയില്ലേ...? ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക!