Thursday, June 14, 2012

ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ...

 യുവതലമുറയിൽ വിശിഷ്യാ കോളേജ് വിദ്യാർത്ഥികളിൽ ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും, അവരെ മലയാളത്തിൽ എഴുതാനും വായിക്കാനും പ്രേരിപ്പിക്കാനുമായി ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണമെന്നുള്ള  തീരുമാനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന ശില്പശാല ഇന്ന് (14-06-12)വൈകുന്നേരം നാലരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊഫ.ഡോ.കെ.മുരളി ഉദ്ഘാടനം ചെയ്തു.






ആശയപ്രചരണത്തിനും, ആത്മാവിഷ്കാരത്തിനുമുള്ള നവവേദിയായ ബ്ലോഗുകൾ എഡിറ്ററുടെ കത്രികയ്ക്കുള്ള ഒന്നാം തരം മറുപടിയാണെന്നും, ഇത് കാലഘട്ടത്തിന്റെ മാധ്യമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പ്രദായികമാധ്യമങ്ങൾ പലപ്പോഴും മറച്ചുവയ്ക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇ-മാധ്യമങ്ങൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ അർത്ഥത്തിൽ കൂടുതൽ സത്യസന്ധമായ മാധ്യമമാണിത്.ആയുർവേദം മാത്രമല്ല സാഹിത്യവും കലയും പരിപോഷിപ്പിക്കാൻ ബ്ലോഗ് ഉപയോഗപ്പെടുത്തണം എന്ന് അദ്ദേഹം നിർദേശിച്ചു.




എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദവും, സമ്പർക്കവും ഇത്രയധികം വേഗത്തിലും, സുതാര്യവുമായി മറ്റെവിടെയുമില്ലെന്നും, അവനവൻ തന്നെ എഴുത്തുകാരനും, എഡിറ്ററും, പ്രസാധകനും ആകുന്ന ഈ പ്രതിഭാസം സമാനതകളില്ലാത്തതാണെന്നും നിരക്ഷരൻ പറഞ്ഞു,. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി ബ്ലോഗ് നിർമ്മാണത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉദാഹരണ സഹിതം വിവരിച്ചു കൊടുത്തു. മലയാളം ടൈപ്പിംഗ് ലളിതമായി എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.



അടുത്ത ഘട്ടമായി, ബ്ലോഗിൽ എന്തെഴുതണം, എങ്ങനെ എഴുതണം, എഴുതിയത് എങ്ങനെ വായനക്കാരിലെത്തിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജയൻ ഏവൂർ ക്ലാസെടുത്തു. എഴുത്തിന്റെ വിവിധ മേഖലകൾ, ബ്ലോഗ് അഗ്രഗേറ്ററുകൾ, സൊഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗപ്പെടുത്തുന്ന വിധം എന്നിവയും വിവരിക്കപ്പെട്ടു.














വിദ്യാർത്ഥികൾ (ഏറെയും വിദ്യാർത്ഥിനികൾ) വളരെ താല്പര്യത്തോടുകൂടിയാണ് ഈ ശില്പശാലയിൽ പങ്കെടുത്തത്. ഇതിൽ പങ്കുകൊണ്ട പത്തു പേരെങ്കിലും ബ്ലോഗെഴുത്താരംഭിച്ചാൽ അത് ഒരു നാഴികക്കാല്ല്ലാകും എന്ന സംഘാടകരുടെ പ്രതീക്ഷയെ മറികടന്ന് അൻപതോളം പേർ ബ്ലോഗ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. വരും ദിനങ്ങളിൽ ഈ ക്യാമ്പസിൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ കോളെജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതായിരിക്കും.


മലയാളം എഴുതപ്പെടുകയും, വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പറ്റിയ മാധ്യമമാണ് ബ്ലോഗ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ശില്പശാലയുടെ അവസാനം വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി അവസരം നൽകി.



കോളേജ് യൂണിയൻ ചെയർമാൻ വരുൺ രാം രാജ് അദ്ധ്യക്ഷനായിരുന്നു. ജസീൽ മാലിക് സ്വാഗതവും, ശില്പ നന്ദിയും പറഞ്ഞു.





ശില്പശാലയിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകുന്നേരം ആറേകാലോടെ ശില്പശാല സമാപിച്ചു.


തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ആവേശകരമായ പ്രതികരണം കൂടുതൽ കോളേജുകളിൽ ശില്പശാലകൾ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകുന്ന ഒന്നാണ്. ബ്ലോഗർ സുഹൃത്തുക്കൾ താന്താങ്ങളുടെ ജില്ലകളിൽ ഇതിനു തയ്യാറായി മുന്നോട്ടു വന്നാൽ, എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് അറിയിക്കട്ടെ.


മലയാളഭാഷയുടെ നിലനിൽ‌പ്പിനും, വ്യക്തിയുടെ ആത്മാവിഷ്കാരത്തിനും, സ്വയം പ്രകാശനത്തിനും സഹായിക്കുന്ന മഹത്തായ ഈ മാധ്യമം  കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.



Friday, June 8, 2012

മലയാളം ബ്ലോഗ് കോളേജ് ക്യാമ്പസുകളിലേക്ക്!

മലയാളഭാഷയുമായുള്ള ജൈവബന്ധം പുതുതലമുറയിലും നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും നല്ല മാധ്യമം എന്ന നിലയിൽ ബ്ലോഗിനെ ഉയർത്തിക്കാണിച്ചുകൊണ്ട്  പല പോസ്റ്റുകളും മുൻപ് ഇട്ടിരുന്നു. ബ്ലോഗിലേക്ക് കൂടുതൽ യുവതീയുവാക്കളെ ആകർഷിക്കാൻ നമുക്കു സാധിച്ചാലേ ഇത് സാർത്ഥകമാവൂ.

കഴിഞ്ഞ ഡിസംബറിൽ ഇട്ട പോസ്റ്റിൽ 2012 ജനുവരിയിൽ തന്നെ ഇതിനു തുടക്കം കുറിക്കാമെന്നും ആദ്യ സംരംഭം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ വച്ചു തന്നെ സംഘടിപ്പിക്കാമെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക തിരക്കുകളും, പരീക്ഷകളും കാരണം അത് നടന്നില്ല.

ഇപ്പോൾ അതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

തൃപ്പൂണിത്തുറ ആയുർവേദ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ 2012 ജൂൺ മാസം 14, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബ്ലോഗ് എങ്ങനെ തുടങ്ങണം, തുടങ്ങിയാൽ അത് എങ്ങനെ വായനക്കാരിലെത്തിക്കാം, എന്തെഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ സംശയങ്ങൾക്ക് പരിഹാരം നിർദേശിച്ചുകൊണ്ട് 2 മണിക്കൂർ നീളുന്ന ഒരു സെഷൻ ആണ് ഉദ്ദേശിക്കുന്നത്.

പ്രശസ്തരായ ഏതാനും ബ്ലോഗർമാരെക്കൂടി ക്ഷണിച്ച് ചടങ്ങു സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ബ്ലോഗർ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു.



ആയുർവേദ കോളേജിലെ തുടർ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഇതുപോലെ എറണാകുളം ജില്ലയിലെ പ്രശസ്തമായ മറ്റു കോളേജുകളിലും നമുക്ക് ശില്പശാലകൾ സംഘടിപ്പിക്കാം.പിന്നീട് കേരളം മുഴുവനും അത് വ്യാപിപ്പിക്കുകയും ചെയ്യാം.

അതിനു തയ്യാറുള്ള എല്ലാ സുഹൃത്തുക്കളും ആ വിവരം ഇവിടെ രേഖപ്പെടുത്തിയാൽ അത് മലയാളം ബ്ലോഗിനും ,  ഭാഷയ്ക്കും അമൂല്യമായ ഒരു സംഭാവനയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ സമീപ പ്രദേശത്തുള്ള കലാലയങ്ങളിൽ ഈ സംരംഭം തുടങ്ങാൻ തയ്യാറുള്ളവർ മുന്നോട്ടു വരൂ!

ചില മുൻ സംരംഭങ്ങൾ

http://jayanevoor1.blogspot.in/2010/10/blog-post_26.html

http://jayanevoor1.blogspot.in/2010/12/blog-post.html

http://jayanevoor1.blogspot.in/2011/01/blog-post.html

http://jayanevoor1.blogspot.in/2011/04/blog-post_19.html

http://jayanevoor1.blogspot.in/2011/07/blog-post.html