മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.
കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.
2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.
കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്.
കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്കു കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.
ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി.
തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.
ചടങ്ങിന്റെ ചിത്രങ്ങളിലേക്ക്.....
കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.
കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.
വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ.
പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!
അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.