Tuesday, October 29, 2013

സച്ചിൻ തെണ്ടുൽക്കർ - അരങ്ങേറ്റ ഓർമ്മകൾ

മുൻ പോസ്റ്റുകൾ

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 1

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 2 (സ്ഥിതിവിവരക്കണക്കുകൾ)

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 3 (ഏകദിനങ്ങൾ)


സച്ചിൻ തെണ്ടുൽക്കർ എന്ന പേര് ആദ്യമായി കേൾക്കുന്നത് ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്താണ്. തലയിൽ കിരീടം പോലെ മുടിയുള്ള, പതിനാറു വയസ്സായി എന്നുപോലും തോന്നാത്ത, ഓമനത്തം വിട്ടുമാറാത്ത മുഖമുള്ള ഒരു പയ്യൻ. എന്നെക്കാൾ മൂന്നു വയസ്സിനിളപ്പം. ബോംബെയ്ക്കു വേണ്ടി കളിച്ച് രഞ്ജിയിലും, ദുലീപ് ട്രോഫിയിലും ഒക്കെ സെഞ്ച്വറി നേടിയതായി പത്രങ്ങളിൽ വാർത്തവന്നതും, ഹോസ്റ്റലിലെ റീഡിംഗ് റൂമിൽ അതു ചർച്ചയായതും ഒക്കെ ഓർമ്മയുണ്ട്. 1989 ൽ പാക്കിസ്ഥാൻ പര്യടനത്തിൽ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ പയ്യൻ വലിയ താരമാകും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. സഞ്ജയ് മഞ്ച്‌രേക്കർ ആകും അടുത്ത ഗവാസ്കർ  എന്നായിരുന്നു പൊതുവെയുള്ള ധാരണ.

ക്ലാസുകൾ മൂലം ടെസ്റ്റ് മത്സരങ്ങൾ എല്ലാം ടി.വി.യിൽ കാണാനുള്ള സാഹചര്യം അന്നില്ലാഞ്ഞതുകൊണ്ടും, സച്ചിൻ എന്ന പയ്യന്റെ അരങ്ങേറ്റം ഞങ്ങൾക്കാർക്കും അത്ര വലിയ പ്രാധാന്യമുള്ളതായി തോന്നാഞ്ഞതിനാലും അന്നത്തെ ഞങ്ങളുടെ സൂപ്പർ സ്റ്റാർ ശ്രീകാന്ത് ആയിരുന്നതിനാലും, നവജ്യോത് സിംഗ് സിദ്ദു, മഞ്ച്‌രേക്കർ, അസറുദ്ദീൻ, രവിശാസ്ത്രി, കപിൽ ദേവ് എന്നീ വമ്പന്മാർ ടീമിലുണ്ടായിരുന്നതിനാലും,  സച്ചിൻ തെണ്ടുൽക്കർ എന്ന അരങ്ങേറ്റക്കാരന് അമിതമായ പ്രാധാന്യം നൽകിയിരുന്നില്ല.

അതുകൊണ്ട് 41 - 4 എന്ന അവസ്ഥയിൽ സച്ചിൻ ബാറ്റിംഗിനിറങ്ങുന്നത് ഞങ്ങൾ കണ്ടില്ല. സ്കോർ 73 - 5 എന്ന നിലയിലാക്കി പയ്യൻ ഔട്ടാകുകയും ചെയ്തു.

നേടിയത് 15 റൺസ്.



                                                  കപിലിനും അസറിനും ഒപ്പം

എട്ടാമതിറങ്ങിയ കപിൽ ദേവ് 55 ഉം ഒൻപതാമനായിറങ്ങിയ കിരൺ മോറെ 58 ഉം റൺസും നേടിയതു കൊണ്ട് ഇൻഡ്യ ഒന്നാമിന്നിംഗ്സിൽ 262 റൺസ് നേടി.വസീം അക്രവും, ആദ്യ ടെസ്റ്റ് കളിക്കുന്ന വഖാർ യൂനുസും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇമ്രാൻ ഖാന്റെ സെഞ്ച്വറിയുടെ ബലത്തിൽ പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 409 റൺസ് ആയിരുന്നു നേടിയത്. രണ്ടാമിന്നിംഗ്സിൽ സലിം മാലിക്കിന്റെ സെഞ്ച്വറിയുടെ ബലത്തിൽ 305 - 5  ന് ഡിക്ലയർ ചെയ്തു. മടക്ക ഇന്നിംഗ്സിൽ മഞ്ച്‌രേക്കർ അവസരത്തിനൊത്തുയർന്നു. 113നോട്ടൌട്ട്. ഇൻഡ്യ 303- 3 എ ന്ന നിലയിൽ സമനില പിടിച്ചെടുത്തു. സച്ചിൻ ഇറങ്ങേണ്ടി വന്നില്ല.

ആ സീരീസിൽ മഞ്ച്‌രേക്കറുടെ സ്കോറുകൾ ഇപ്രകാരമായിരുന്നു. 3, 113*, 76, 83, 218*, 72, 4 അടുത്ത ഗവാസ്കർ എന്ന് എങ്ങനെ ചിന്തിക്കാതിരിക്കും?

ഇതിനിടെ പയ്യൻ 15, 59, 8, 41, 35, 57 എന്നീ സ്കോറുകളും നേടി. അവസാന ടെസ്റ്റിൽ വഖാർ യൂനുസിന്റെ പന്തുകൊണ്ട് മുഖം മുറിഞ്ഞു ചോര വന്നെങ്കിലും പയ്യൻ ധൈര്യ സമേതം ബാറ്റ് ചെയ്ത് ഇൻഡ്യയെ സമനില നേടാൻ സഹായിച്ചു. എന്നാലും അടുത്ത താരം മഞ്ച്‌രേക്കർ എന്നായിരുന്നു അപ്പോഴത്തെ വിലയിരുത്തൽ.

എന്നാൽ ശരിക്കും ഞെട്ടിയത് ഇൻഡ്യാ പാക്ക് ഏകദിന മത്സരം കാണാൻ ഹോസ്റ്റലിലെ ടി.വി. ഹോളിൽ ഇരുന്നപ്പോഴാണ്. മഴയോ, വെളിച്ചക്കുറവോ മൂലം മത്സരം ഉപേക്ഷിക്കുകയും, പകരം 20 ഓവർ പ്രദർശനമത്സരം നടത്തുകയുമാണ് അന്ന് ചെയ്തത്. (പിൽക്കാലത്ത് 20-20 എന്നൊരു കളി ഉണ്ടാകുമെന്നു തന്നെ അന്നാരും ചിന്തിച്ചിട്ടില്ല!) 1989 ഡിസംബർ മാസം 16നായിരുന്നു ആ മത്സരം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 157 റൺസ് എടുത്തു. ഇൻഡ്യയുടെ മറുപടി തീരെ മോശം ആയിരുന്നു. ഏകദേശം 90 റൺസ് ആയപ്പോഴാണ് സച്ചിൻ വന്നത്. അപ്പോൾ 5 ഓവറെ ബാക്കിയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ തന്നെ മുഷ്താഖ് അഹമ്മദിനെ രണ്ടു സിക്സിനു തൂക്കി പയ്യൻ ഞങ്ങളെ ഞെട്ടിച്ചു. അന്നത്തെ ഏറ്റവും കിടിലൻ വൺ ഡേ ബാറ്റ്സ്മാനും, ക്യാപ്റ്റനുമായ കൃഷ്ണമാചാരി ശ്രീകാന്തിനെ സാക്ഷിയാക്കിയാണ് അടി!

അടുത്ത ഓവർ എറിഞ്ഞത് ലോകോത്തര ലെഗ് സ്പിന്നർ ആയ അബ്ദുൾ ഖാദർ. അദ്ദേഹം ഓവർ തുടങ്ങും മുൻപ് പയ്യനോട് എന്തോ പറഞ്ഞു. ആദ്യ പന്ത്. പയ്യൻ ചാടിയിറങ്ങി ലോങ്ങ് ഓഫിനു മുകളിലൂടെ ഒറ്റത്തൂക്ക്! സിക്സർ! അടുത്ത പന്ത് കിട്ടിയില്ല. മൂന്നാമത്തേത് വീശിയടിച്ചു. നേരേ ബൌണ്ടറിയിൽ ഫീൽഡറുടെ കയ്യിലെക്ക്. പാക്കിസ്ഥാൻ കാർ അന്നെ ഭീകര ഫീൽഡിംഗ് ആയിരുന്നതിനാൽ അത് ഡ്രോപ് ചെയ്തു. ഫോർ കിട്ടി.

ഖാദറിനു ചൊറിഞ്ഞു. ഇപ്പക്കാണിച്ചുതരാം എന്ന മട്ടിൽ അടുത്ത പന്തെറിഞ്ഞു. ഒന്നു കൂടെ എറിഞ്ഞു. വീണ്ടും എറിഞ്ഞു. ഫലം 6, 6, 6 ! ഹാട്രിക് സിക്സർ!!

ടി.വി. ഹോളിലെ പഴയ ടി.ടി. ടേബിളിനു മുകളിലിരുന്ന് കളി കണ്ടു കുതിച്ചു ചാടിയ ശിവൻ പി.പി.യുടെ തല സീലിംഗ് ഫാൻ ഛേദിച്ചു കളയാതിരുന്നത് തലനാരിഴയ്ക്കാണ്. എല്ലാവരും ആഹ്ലാദത്തിമിർപ്പിലായിരുന്നു. പക്ഷേ എന്തു ചെയ്യാം. ഓവർ തീർന്നു. ഇൻഡ്യ ജയിച്ചില്ല. പക്ഷേ ആർക്കും സങ്കടമുണ്ടായില്ല. കാരണം ഒരു ഇൻഡ്യക്കാരൻ ഇത്ര തന്റേടത്തോടെ ഒരോവറിൽ 4 സിക്സർ പൊക്കുന്നത് ആരും കണ്ടിട്ടേ ഇല്ലായിരുന്നു. അതും ടീമിലെ ഏറ്റവും ചെറിയ പയ്യൻ!


പിൽക്കാലത്ത്, അന്ന് ഖാദർ അടുത്തു വന്നു പറഞ്ഞ വാചകങ്ങൾ സച്ചിൻ ലോകത്തോടു പങ്കു വച്ചു.

“ബച്ചോം കോ ക്യോം മാർ രഹേ ഹോ? ഹമെ ഭീ മാർ കർ ദിഖാവോ....”
(കുട്ടികളെ അടിക്കും, അല്ലേ? പറ്റുമെങ്കിൽ എന്നെക്കൂടി ഒന്നടിച്ചു കാണിക്ക്!)

മുഷ്താഖ് അഹമ്മദിനെ അടിച്ചതിനെ സൂചിപ്പിച്ചാണ് ഖാദർ അതു പറഞ്ഞത്.

കളി കഴിഞ്ഞ് ഖാദർ പറഞ്ഞു “ഇവൻ ഭാവിയിൽ ലോകത്തുള്ള സകല ബോളർമാരെയും തിന്നു കളയും!”

ഇങ്ങനെയൊക്കെയാണെങ്കിലും സച്ചിനെയും സഞ്ജയ് മഞ്ച്‌രേക്കറെയും താരതമ്യം ചെയ്തുകൊണ്ട് വസിം അക്രം അക്കാലത്ത് സ്പോർട്ട്സ് സ്റ്റാർ വാരികയിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. “സച്ചിനും സഞ്ജയും മികച്ച ബാറ്റ്സ്മാന്മാരാണ്. എന്നാൽ സച്ചിനേക്കാൾ കടുപ്പം സഞ്ജയ് ആണ്. സച്ചിൻ ബോളർമാർക്ക് അവസരങ്ങൾ നൽകുന്നു. സഞ്ജയ് അക്കാര്യത്തിൽ അറു പിശുക്കനും!”

പക്ഷേ വഖാർ യൂനുസ് മറിച്ചായിരുന്നു അഭിപ്രായപ്പെട്ടത്. “ബാറ്റ് ചെയ്യുമ്പോൾ സച്ചിന്റെ കണ്ണുകളിലേക്കു നോക്കൂ.... ശേർ ജൈസാ ലഗ്താ ഹൈ!”

അക്രം പറഞ്ഞത് പാഴായി. ഇൻഡ്യ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ളയുവതാരം എന്ന പേരുകേട്ട മഞ്ച്‌രേക്കർ അമിത സാങ്കേതികത്യ്ക്ക് അടിമയായി. കളി ഫലവത്താകാതെയായി പുറത്തായി. വഖാർ പറഞ്ഞത് ലോകമെമ്പാടുമുള്ള ബോളർമാർ ഉള്ളിൽ പറഞ്ഞു.

അതിനു ശേഷം ഇൻഡ്യയുടെ ഓരോ കളിയും സശ്രദ്ധം കാണാൻ തുടങ്ങി. ഞാൻ മാത്രമല്ല, കോടിക്കണക്കിന് ഇൻഡ്യക്കാർ!

എന്നാൽ സച്ചിൻ ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിനു പുറത്തായി!

അധികം വൈകാതെ കൂട്ടുകാരൻ വിനോദ് കാംബ്ലിയും ഏകദിന ടീമിലെത്തി.
കളിച്ച എട്ടാമത്തെ ഇന്നിംഗ്സിൽ സെഞ്ച്വറി!

ആദ്യത്തെ 7 ടെസുകളിൽ 2 ഇരട്ട സെഞ്ച്വറി, 2 സെഞ്ച്വറി!

സച്ചിനേക്കാൾ കേമൻ കാംബ്ലിയാണെന്ന് വാദങ്ങളുയർന്നു.

പക്ഷേ, പിന്നീട് ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാൻ കാംബ്ലിക്കായില്ല. സ്വന്തം പ്രതിഭയോട് നീതി പുലർത്താനായില്ല. ഫോം നഷ്ടപ്പെടൽ കൂടാതെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ കശപിശയും കൂടിയായപ്പോൾ ആൾ കുഴപ്പത്തിലായി.

മഞ്ച്‌രേക്കർ മാഞ്ഞപോലെ കാംബ്ലിയും കാണാമറയത്തായി.

ഒരു കൊള്ളിമീൻ പോലെയാണ് കാംബ്ലി കുതിച്ചുയർന്നതും, വീണു പൊലിഞ്ഞതും. എന്നാൽ സച്ചിൻ ഉദയസൂര്യനെപ്പോലെ ക്രമാനുഗതമായി ഉദിച്ചുയർന്നു വന്നു.


(തുടരും...)




ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

Sunday, October 27, 2013

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 2 (സ്ഥിതിവിവരക്കണക്കുകൾ)


സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും ഒന്നാം ഭാഗം ഇവിടെ



വിമർശകൻ വീറോടെ തുടർന്നു.
കാര്യമെന്തൊക്കെയായാലും ലാറയുടെയും, പോണ്ടിങ്ങിന്റെയും അത്രയും വരില്ല സച്ചിൻ. എത്ര കളികളാ ലാറ ഒറ്റയ്ക്ക് ജയിപ്പിച്ചിരിക്കുന്നത്? എത്ര കളികളാ പോണ്ടിംഗ് ജയിപ്പിച്ചിരിക്കുന്നത്?

ശരി ശരി.
ആരാധകൻ തലകുലുക്കി.

നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

അതെ. പരിശോധിക്കാം!

ആരാധകൻ നിർദേശിച്ചു.
ആദ്യമായി നമുക്ക് റൺ വേട്ടയിൽ ഏറ്റവും മുന്നിലുള്ള കളിക്കാർ ആരൊക്കെ എന്നു നോക്കാം.
 
 
നോക്കൂ പതിനാലായിരമോ, പതിനയ്യായിരമോ റൺ നേടിയ ആരെങ്കിലുമുണ്ടോ ഇക്കൂട്ടത്തിൽ?

അതിലിത്ര അതിശയം എന്തിരിക്കുന്നു? 198 കളി കളിച്ചിട്ടല്ലേ അത്രയും നേടിയത്?
കല്ലിസോ സംഗക്കാരയോ അത്രയും കളി കളിച്ചാൽ ഇതിൽ കൂടുതൽ നേടില്ല എന്നതിന് എന്താണുറപ്പ്? മാത്രവുമല്ല ഇൻഡ്യയിൽ റണ്ണടിച്ചു കൂട്ടാൻ ആർക്കും കഴിയും. നിങ്ങൾ പോണ്ടിംഗിനെയും ലാറയേയും നോക്കൂ...  ഇൻഡ്യയിലെ ചത്ത പിച്ചുകളിലല്ല, ജീവനുള്ള, തീപാറുന്ന പന്തുകൾ പറക്കുന്ന പിച്ചുകളിലാണ് അവർ റൺ നേടിയത്. അതല്ലേ മികവ്?

അത് മികവു തന്നെ. എന്നാൽ എന്തടിസ്ഥാനത്തിലാണ് സച്ചിൻ ഇൻഡ്യയിൽ മാത്രമാണ് റണ്ണടിച്ചു കൂട്ടിയിട്ടുള്ളതെന്ന് പറഞ്ഞത്?

അതു വ്യക്തമല്ലേ? കഴിഞ്ഞ 24 കൊല്ലമായിട്ട് ഇൻഡ്യയിലെ പിച്ചുകളിലല്ലേ സച്ചിൻ കൂടുതൽ കളിച്ചിട്ടുള്ളത്? അപ്പോ ന്യായമായും കൂടുതൽ റണ്ണും ഇവിടെത്തന്നെയാകുമല്ലോ.

അല്ലല്ലോ! കുറച്ചു മുൻപ് വലിയ കണക്കും പൊക്കിപ്പിടിച്ചു വന്നയാൾ ഇക്കാര്യത്തിൽ സ്റ്റാറ്റിസ്റ്റിക്സൊന്നും നോക്കിയില്ലേ? ഇല്ലെങ്കിൽ ഞാൻ തരാം.
ആരാധകൻ സ്റ്റാറ്റ്സ് നിരത്തി.

സത്യത്തിൽ സച്ചിൻ ഇൻഡ്യയിൽ നേടിയതിനേക്കാൾ കൂടുതൽ റൺസ് വിദേശത്താണ് നേടിയിട്ടുള്ളത്!

വിമർശകൻ ഒന്നു മൂളി.

ആരാധകൻ തുടർന്നു.

ഇനി ഇൻഡ്യയിൽ റണ്ണടിച്ചു കൂട്ടാൻ അത്ര എളുപ്പമാണെങ്കിൽ ഈ പോണ്ടിംഗും ലാറയും ഒക്കെ ഇവിടെ ഒരുപാട് അടിച്ചു കൂട്ടിക്കാണുമല്ലോ. നമുക്കൊന്നു നോക്കിയാലോ?



റൺ നേടാൻ ഏറ്റവുമെളുപ്പം ഇൻഡ്യയിലാണെങ്കിൽ, ആ ഇൻഡ്യയിൽ പരാജയപ്പെട്ട ഇവർ എത്ര മോശക്കാരായിരിക്കും!

സ്വന്തം നാട്ടിൽ റണ്ണടിക്കാൻ എല്ലാവർക്കും എളുപ്പമാ. അന്യദേശത്ത്, അത് ഏതു രാജ്യത്തായാലും ഇത്തിരി കടുപ്പമായിരിക്കും.നോക്കൂ, പോണ്ടിങ്ങും, ലാറയും സംഗക്കാരയുമൊക്കെ വിദേശത്ത് എത്ര നേടി എന്ന്!


വിമർശകൻ കൂസാതെ പറഞ്ഞു.

അതൊക്കെ ശരി. എന്നാലും  സൌത്താഫ്രിക്കയിൽ സച്ചിൻ ഒരു പരാജയമായിരുന്നില്ലേ? അതല്ലേ അങ്ങോട്ടുള്ള ഇൻഡ്യൻ പര്യടനത്തിനു മുൻപ് റിട്ടയർമെന്റ് പ്രഖ്യാപിച്ചത്?

മറുപടി ഉടനെത്തി.
സച്ചിന്റെ ശരാശരി താരതമ്യേന കുറവാണ് ദക്ഷിണാഫ്രിക്കയിൽ എന്നതു നേരു തന്നെ. എന്നാൽ അവിടം സന്ദർശിച്ചിട്ടുള്ള, പെയ്സ് ബൌളിംഗ് പിച്ചുകളിൽ കളിച്ചു വളർന്ന, ലാറയും പോണ്ടിങ്ങും എത്ര നേടിയിട്ടുണ്ട് എന്നൊന്നു നോക്കാം.


ഇനി ഇവരുടെയൊക്കെ സ്വന്തം നാട്ടിലെ പ്രകടനങ്ങൾ...


അപ്പോ, ശരിക്കും ഇവിടെ തിണ്ണമിടുക്കു കാണിക്കുന്നത് ആരാ?

വിമർശകന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി.
ഇതൊക്കെ എന്തോന്ന്? സ്വന്തമായി കളി ജയിപ്പിക്കാൻ കഴിയണമെങ്കിൽ വമ്പൻ സ്കോർ നേടണം. ഏകാഗ്രതയോടെ മണിക്കൂറുകൾ ക്രീസിൽ നിന്ന് എതിർ നിരയെ തച്ചു തരിപ്പണമാക്കണം. ടെസ്റ്റിലെ ടോപ്പ് സ്കോറുകൾ നോക്കൂ
400
300
250
ഇതിലൊന്നും സച്ചിൻ ഇല്ല!





ഇതാണ് ലോകോത്തര കളിക്കാരുടെ പ്രകടനം!
അതൊക്കെ പോട്ടെ.  ഇൻഡ്യയിൽ പോലും ഏറ്റവും ഉയർന്ന 5 വ്യക്തികത സ്കോറുകളിൽ സച്ചിൻ ഇല്ല! അറിയാമോ!?

സേവാഗ് 319
സേവാഗ് 309
സേവാഗ് 293
ലക്ഷ്മൺ 281
ദ്രാവിഡ് 270

സേവാഗും ലക്ഷ്മണും ദ്രാവിഡും തകർത്തു കളിച്ച മിക്ക കളികളും ഇൻഡ്യ ജയിച്ചു. എന്നാൽ സച്ചിൻ ടെസ്റ്റിൽ ഒരിക്കലും 250 പോലും എത്തിയില്ല.പുള്ളിയുടെ ഏറ്റവും ഉയർന്ന സ്കോർ 248. അതും ബംഗ്ലാദേശിനെതിരെ!ലോകോത്തര കളിക്കാരനാണു പോലും!

ആരാധകൻ ഒന്നു പതറി. ശരിയാണ്. സച്ചിന് ഒരിക്കലും ഒരു ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല. സച്ചിന്റെ ക്ലോൺ എന്നറിയപ്പെടുന്ന സേവാഗ് അത് രണ്ടു തവണ നേടിയിട്ടുമുണ്ട്....

ഏതാനു നിമിഷങ്ങളിലെ നിശ്ശബ്ദതയ്ക്കു ശേഷം ആരാധകൻ പറഞ്ഞു.
പറഞ്ഞുവന്നത് സച്ചിൻ വമ്പൻ സ്കോറുകൾ നേടി ടീമിനെ ജയിപ്പിക്കുന്നില്ല എന്നാണല്ലോ. ശരിയാണ് ലാറ 400 ഉം 375 ഉൾപ്പടെ കുറേ വമ്പൻ സ്കോറുകൾ നേടിയിട്ടുണ്ട്. എന്നാൽ ഇവ ടീമിനെ വിജയിപ്പിച്ചോ?

നമുക്കൊന്നു നോക്കാം. ദാ ലാറയുടേത്




 ഇനി സച്ചിന്റെയോ...?



ലാറ പത്തിൽ ആകെ ജയിപ്പിച്ചത് ഒരു തവണ. 4 തോൽവി, 5 സമനില!
സച്ചിന് 4 ജയം 6 സമനില. തോൽവി ഇല്ല!
പക്കാ ബാറ്റിംഗ് പിച്ചുകളിൽ ലാറ 375 ഉം 400 ഉം ഒക്കെ അടിച്ചു എന്നല്ലാതെ....

വിമർശകൻ ജ്വലിച്ചു.
ഓ! സച്ചിൻ ബാറ്റിംഗ് പിച്ചുകളിലൊന്നും കളിച്ചിട്ടേ ഇല്ല!
300 ഉം 400 ഉം ഒക്കെ അടിക്കണമെങ്കിലേ, അസാധ്യ മനക്കരുത്ത് വേണം. ഒന്നാം തരം ഏകാഗ്രതയും. അതൊന്നും സച്ചിനില്ല!

പിന്നേ...
മനക്കരുത്തുള്ളതുകൊണ്ടാണല്ലോ, ബാക്കി ഇന്നിംഗ്സുകളിലൊക്കെ ലാറ പതറിയത്!

ഈ വമ്പൻ സ്കോറുകൾ നേടിയ 10 ഇന്നിംഗ്സ് ഒഴിവാക്കി ബാക്കി കളികളിൽ ലാറ എങ്ങനെ കളിച്ചു എന്നു നമുക്കൊന്നു നോക്കാം.

സച്ചിന്റെ ശരാശരി 46.83. ലാറയുടേത് 41.67
ഇനി പറ. ആരാ സ്ഥിരതയോടെ കളിക്കുന്നത്?

വിമർശകൻ വിട്ടില്ല.
ഈ... കളി വിജയിപ്പിക്കുന്നതാണ് മികവെങ്കിൽ പോണ്ടിംഗ് അല്ലേ, എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ? പോണ്ടിംഗ് കളിച്ച മിക്ക കളികളും ഓസ്ട്രേലിയ ജയിച്ചു.

ആരാധകൻ ഉടൻ പറഞ്ഞു.
പോണ്ടിംഗ് കളി ജയിപ്പിച്ചത് ഒറ്റയ്ക്കൊന്നുമല്ല
പോണ്ടിങ്ങിന്റെ ശ്രമങ്ങളൊന്നു പോലും പാഴാക്കാതിരിക്കാൻ പറ്റിയ സുശക്തമായ ബൌളിംഗ് നിരയും ഫീൽഡിംഗുമായിരുന്നു ഓസ്ട്രേലിയയുടേത്.

ബാറ്റിംഗിൽ മാത്യു ഹെയ്ഡൻ, ജസ്റ്റിൻ ലാംഗർ, മൈക്ക് ഹസി, മൈക്കൽ ക്ലാർക്ക് എന്നിവർ കൂടാതെ  ആദം ഗിൽക്രിസ്റ്റ് എന്ന ലോകോത്തര വെടിക്കെട്ട് ബാറ്റ്സ്മാനും കീപ്പറും!

ബൌളിംഗിൽ സാക്ഷാൽ ഷെയ്‌ൻ വോണും മക്ഗ്രാത്തും, പിന്നെ ബ്രെറ്റ് ലീയും, ഗില്ലസ്പിയും  ഉൾപ്പെട്ട അക്കാലത്തെ ഏറ്റവും മികച്ച ബൌളിംഗ് നിര.

ഇത്രയുമുള്ള ടീം മിക്ക കളിയും ജയിക്കും. അത് പോണ്ടിംഗ് ക്യാപ്റ്റനായാലും അല്ലെങ്കിലും.
സ്റ്റീവ് വോയുടെ കയ്യിലേക്ക് അലൻ ബോർഡർ ടീമിനെ ഏൽ‌പ്പിച്ചുകൊടുത്ത കാലം മുതൽ അവരായിരുന്നു ലോകത്തെ നമ്പർ വൺ ടീം.

ഇൻഡ്യയ്ക്ക് മരുന്നിനെങ്കിലും ലോക നിലവാരത്തിലുള്ള ഒരു ഫാസ്റ്റ് ബോളർ ഉണ്ടായിരുന്നോ എന്നെങ്കിലും? ഉണ്ടായിരുന്നത് ആകെ ഒരു സ്പിന്നർ - കുംബ്ലെ. അയാളും വോണിനോ, മുരളീധരനോ ഒപ്പം വരില്ല.

വെസ്റ്റ് ഇൻഡീസിനു വാൽഷും ആംബ്രോസും.
പാക്കിസ്ഥാന് അക്രം, വഖാർ, സഖ്‌ലെയിൻ.
ശ്രീലങ്കയ്ക്ക് ചാമിന്ദ വാസും, മുത്തയ്യ മുരളീധരനും.
സൌത്താഫ്രിക്കയ്ക്ക് ഡൊണാൾഡ്, പൊള്ളോക്ക്, എൻടിനി, കല്ലിസ്.
ഇംഗ്ലണ്ടിന് ഡാരൻ ഗഫ്, കാഡിക്ക്, ഹാർമിസൺ, ആൻഡേഴ്സൺ.

ഇതൊന്നുമില്ലാതെ ഇൻഡ്യ ഇത്രയൊക്കെ നേടിയില്ലേ?  അതിനു പിന്നിലെ പ്രധാന പ്രേരകശക്തി സച്ചിനായിരുന്നു. ഇൻഡ്യക്കെതിരെ കളിക്കുമ്പോൾ, ഒരു ടീമിനേക്കാൾ ഒരു വ്യക്തിയെ നേരിടുക എന്നതായിരുന്നു എതിർ ടീമുകളുടെ രീതി. മിക്ക എതിർ ക്യാപ്റ്റന്മാരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.

വിമർശകൻ പറഞ്ഞു.
അതൊക്കെ ശരി.
രണ്ടു കൊല്ലം മുൻപു വരെ സച്ചിൻ വലിയ കേമൻ തന്നെയായിരുന്നു.
എന്നാലിപ്പൊഴോ?
കഴിഞ്ഞ 2 കൊല്ലം ടെസ്റ്റിൽ ഒരു സെഞ്ച്വറിയെങ്കിലും സച്ചിൻ നേടിയിട്ടുണ്ടോ?
കണക്കു ഞാനും തരാം.


ദാ നോക്ക്!


അന്താരാഷ്ട്ര ക്രിക്കറ്റിൽ 31 റൺ ആവറേജുമായി 2 കൊല്ലം സുഖമായി ടെസ്റ്റ് ടീമിൽ കളിക്കാൻ ഒരു ലോകോത്തര ബാറ്റ്സ്മാന് നാണമില്ലേ!?



അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആരാധകൻ പറഞ്ഞു.
ഇത് സച്ചിനു മാത്രം ബാധകമായ കാര്യമല്ല. അല്പം മുൻപ് പുകഴ്ത്തിയ പോണ്ടിംഗിനും ബാധകമാണ്. അവസാന 2 വർഷം പോണ്ടിംഗ് എത്ര നേടി?

അപ്പോ ലോകക്രിക്കറ്റിൽ ഈ ആവറേജിൽ വേറെയും ആളുകൾ കളിച്ചിട്ടുണ്ടല്ലോ അല്ലേ?
ഇത്തരംഎത്ര ഉദാഹരണങ്ങൾ വേണമെങ്കിലും തരാം.

എങ്കിലും, പോണ്ടിംഗിനെപ്പോലെയാണോ സച്ചിൻ? സച്ചിൻ മാറി നിൽക്കണം എന്ന് ടീമംഗങ്ങളോ, ക്രിക്കറ്റ് ബോർഡോ പറഞ്ഞിട്ടില്ല. വിട്ടുപോകരുത് എന്നേ പറഞ്ഞിട്ടുള്ളൂ. എങ്കിലും സച്ചിന്റെ സ്വാഭാവിക റിഫ്ലക്സുകൾ കുറഞ്ഞുവരുന്നു എന്നത് അദ്ദേഹത്തിനു ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ റിട്ടയർമെന്റ് മുൻ കൂട്ടി പ്രഖ്യാപിച്ചത്. ലോകം മുഴുവൻ ആരാധിക്കുന്ന ഹീറോയാണ് സച്ചിൻ. പോണ്ടിംഗ് സ്വന്തം നാട്ടിൽ പോലും ആരാധിക്കപ്പെടുന്നില്ല.

ലോകം കണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാൻ, സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ഓസ്ട്രേലിയക്കാരനായിട്ടും പറഞ്ഞത് തന്നെപ്പോലെ കളിക്കുന്ന ഒരാളേ ഇന്നുള്ളൂ. അത് സച്ചിനാണ് എന്നാണ്! അതിൽ കൂടുതൽ ഒരു സർട്ടിഫിക്കറ്റ് എന്തു വേണം?

എക്കാലലത്തേയും മികച്ച കളിക്കാരെ ഉൾപ്പെടുത്തി വിസ്ഡൻ തയ്യാറാക്കിയ ടെസ്റ്റ് ഇലവനിൽ ഉൾപ്പെട്ട ഇന്നു കളിക്കുന്ന ഏക കളിക്കാരനും സച്ചിൻ തന്നെ.

ഇനി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന കാര്യം. 2007 ൽ അന്താരാഷ്ട്ര 20-20 ക്രിക്കറ്റിൽ നിന്നും, 2012 ൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചയാളാണ് സച്ചിൻ. ആകെ കളിക്കുന്നത് ആണ്ടിൽ എട്ടോ പത്തോ തവണ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം. ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് മാത്രം കൊണ്ടുനടക്കുന്നയാളാണ് സച്ചിൻ. അതും ഇപ്പോൾ അവസാനിപ്പിക്കുന്നു. പതിനഞ്ചു വയസ്സു മുതൽ അങ്ങനെ നടന്നയൊരാൾക്ക് അതില്ലാതെ ജീവിക്കണം എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അല്പം സമയം കൊടുക്കണം. ഒരു ദേശീയ ഹീറോ അതർഹിക്കുന്നു. ഇല്ലേ?

തൽക്കാലം വാദം ഇന്നവസാനിപ്പിക്കാം.

പക്ഷേ, വിമർശകന് എന്തോ പറയാനുണ്ട്.

അതു നാളെ!

ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

Saturday, October 26, 2013

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും 1

സച്ചിൻ തെണ്ടുൽക്കർ - ആരാധനയും വിമർശനവും  -1



ഒക്ടോബർ പത്താം തീയതിയാണ് സച്ചിൻ തെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. അന്നത്തെ ടി.വി.ചാനലുകൾ മുഴുവനും സച്ചിന്മയം! പിറ്റേന്നത്തെ പത്രങ്ങളും സച്ചിദാനന്ദത്തിൽ ആറാടി.

“സച്ചിന്റെ കളി കാണാൻ വേണ്ടി മാത്രമാണ് ഞാൻ ക്രിക്കറ്റുള്ളപ്പോൾ ടി.വി. ഓൺ ചെയ്തിരുന്നത്. ഇനി എനിക്കാ കളി കാണണ്ട. സച്ചിനില്ലാതെ എന്ത് ക്രിക്കറ്റ്? ” എന്ന് ഫെയ്സ് ബുക്കിൽ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ്.

“സച്ചിൻ റിട്ടയർ ചെയ്യുന്നു എന്നു കേട്ടപ്പോൾ ഒരു നിമിഷം എന്റെ ഹൃദയസ്പന്ദനം നിലച്ചപോലെയായി!” എന്ന് അമിതാഭ് ബച്ചൻ

“സച്ചിനോട് ഈ തീരുമാനം മാറ്റണേ എന്ന് കാലു പിടിച്ചു യാചിക്കും! ” എന്ന് യുവ്‌രാജ് സിംഗ്.

ഇതെന്ത് കൂത്ത്?
ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാതെയാണ് സച്ചിൻകഴിഞ്ഞ രണ്ട് കൊല്ലമായി ടീമിൽ തുടരുന്നത്. 17 ടെസ്റ്റിൽ നിന്ന് 29 ഇന്നിംഗ്സിൽ 31 റൺ ശരാശരിയിൽ.... ഇപ്പോഴെങ്കിലും റിട്ടയർ ചെയ്യാൻ തോന്നിയത് നന്നായി എന്നല്ലേ ബുദ്ധിയുള്ളവർ ചിന്തിക്കേണ്ടത്?

തലച്ചോറിനുള്ളിലിരുന്ന് എന്നിലെ വിമർശകൻ സടകുടഞ്ഞെണീറ്റു. വിമർശകന്റെ ചോദ്യശരങ്ങൾ കേട്ട് മസ്തിഷ്കത്തിന്റെ മറുപകുതിയിൽ നിന്ന് ആരാധകൻ ചാടിയെണീറ്റു.

ലോക ക്രിക്കറ്റിൽ സച്ചിനെപ്പോലെ മറ്റാരുണ്ട്? 100 അന്താരാഷ്ട്ര ശതകങ്ങൾ നേടിയ മറ്റേതു മനുഷ്യനാണ് ഈ ഭൂമിയിൽ ഉള്ളത്?

പതിനയ്യായിരത്തിൽ പരം റൺസ് ടെസ്റ്റിലും, പതിനെണ്ണായിരത്തിൽ പരം റൺസ് ഏകദിനത്തിലും നേടിയ മറ്റാരുണ്ട്?

ക്രിക്കറ്റിൽ ഇത്രയധികം റേക്കോഡുകൾ സൃഷ്ടിച്ച മറ്റാരുണ്ട്?

അങ്ങനെയുള്ളൊരു മനുഷ്യൻ ടീമിലുള്ളതു തന്നെ ഒരനുഗ്രഹമല്ലേ? എതിർ ടീമുകളുടെ പ്ലാനിംഗിന്റെ മുക്കാൽ പങ്കു സമയവും സച്ചിനെ തളച്ചിടാൻ വേണ്ടിയല്ലേ ഇക്കാലമത്രയും വിനിയോഗിക്കപ്പെട്ടിട്ടുള്ളത്? അങ്ങനെയൊരു കളിക്കാരൻ ടീമിൽ നിന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത ചില്ലറയാകുമോ?

ഇത്രയുമായപ്പോൾ മസ്തിഷ്കത്തിലെ ഇടതു വലതു ദ്വന്ദ്വങ്ങളുടെ മധ്യേ നിന്ന് ഞാൻ ചിന്തിച്ചു. ഇൻഡ്യകണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാനാണ് സച്ചിൻ. ലോകം കണ്ട ഏറ്റവും മികച്ച 3 ബാറ്റ്സ്മാന്മാരിൽ ഒരാൾ. (ആദ്യത്തെയാൾ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാൻ. മൂന്നാമൻ ആരെന്ന ചോദ്യം പല ഉത്തരങ്ങൾ നൽകിയേക്കാം) എങ്കിലും സ്വന്തം പ്രായത്തെ ബഹുമാനിക്കാൻ സച്ചിൻ മറന്നുപോയി. റിഫ്ലക്സുകൾ മന്ദഗതിയിലായതിന്റെ പ്രതിഫലനമായി 6 ക്ലീൻ ബൌൾഡ് പുറത്താകലുകൾ. നിരവധി എൽ.ബി.ഡബ്ലിയുകൾ. ദ്രാവിഡ് സ്വയം പിന്മാറി പൂജാരയ്ക്കു വഴിയൊരുക്കിയതുപോലെ ഒരു പുതുമുഖ കളിക്കാരനു വളർന്നുവരാനുള്ള അവസരം സച്ചിൻ നൽകിയില്ല എന്നതൊഴിച്ചാൽ അന്താരാഷ്ട്രക്രിക്കറ്റിൽ അത്ര എളുപ്പമൊന്നും തകർക്കപ്പെടാൻ കഴിയാത്ത നിരവധി റെക്കോഡുകൾക്കുടമ എന്ന നിലയിലും, ഒരു കാലത്ത് ഇൻഡ്യൻ ബാറ്റിംഗിന്റെ ഭാരം മുഴുവൻ ചുമലിലേറ്റിയ വ്യക്തി എന്ന നിലയിലും നമിക്കുന്നു, സച്ചിനെ. എപ്പോൾ റിട്ടയർ ചെയ്യണം എന്നു തീരുമാനിക്കാനുള്ള അവകാശം അയാൾക്കില്ലേ?

അപ്പോൾ ദ്വന്ദ്വൻ നമ്പർ വൺ ജ്വലിച്ചു.
സ്വന്തം റിട്ടയർമെന്റ് തീരുമാനിക്കാൻ കളിക്കാർക്ക് അവകാശമുണ്ട്. എന്നാൽ ഫോമിലല്ലെങ്കിൽ കൂടി എത്രകാലം വരെ വേണമെങ്കിലും ടീമിൽ തുടരാനും, ഏതു ഗ്രൌണ്ടിൽ കളിച്ച് വിരമിക്കണം എന്നു തീരുമാനിക്കാനും മാത്രം അയാൾ ആരാണ്?



ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും വിരമിച്ചപ്പോൾ ഈ പുകിലൊന്നും കണ്ടില്ലല്ലോ!?
ഇൻഡ്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റനല്ലേ ഗാംഗുലി? സച്ചിന്റെ ക്യാപ്റ്റൻസിയിൽ പൊട്ടിപ്പൊളിഞ്ഞു പാളീസായിക്കിടന്ന ഇൻഡ്യൻ ടീമിനെ വാർത്തെടുത്ത് ഇന്നത്തെ നിലയിലാക്കിയത് ഗാംഗുലിയല്ലേ? ദ്രാവിഡും ലക്ഷ്മണും അല്ലേ ഇൻഡ്യയുടെ ടെസ്റ്റ് വിജയങ്ങളുടെ ശില്പികൾ?

200 ടെസ്റ്റ് കളിച്ചിരുന്നെങ്കിൽ ദ്രാവിഡും നേടുമായിരുന്നില്ലേ 15,000 റൺസ്?
അല്ല, സത്യത്തിൽ ആരാണീ സച്ചിൻ തെണ്ടുൽക്കർ?
നല്ല ബാറ്റ്സ്മാൻ ആയിരുന്നു എന്നല്ലാതെ അയാൾ അത്ര വലിയ മഹാനാണോ?
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അയാളാണോ?
ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർ അയാളാണോ?

എല്ലാ ക്രിക്കറ്റ് റെക്കോഡും നേടി എന്നു പറഞ്ഞു പൊക്കിപ്പിടിച്ചു നടക്കുന്നയാൾ ടെസ്റ്റിൽ പോയിട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെങ്കിലും, എന്നെങ്കിലും ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ടോ?
പോട്ടെ, 250 റൺസ് തികച്ച് ഏതെങ്കിലും ടെസ്റ്റിൽ നേടിയിട്ടുണ്ടോ? ഇല്ല!!

അപ്പോൾ ടെസ്റ്റിൽ 375 ഉം 400 ഉം റൺ നേടിയ ലാറയെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 501 റൺസ് നേറ്റിയ ലാറയെ എന്തു പറഞ്ഞു വാഴ്ത്തണം?

അവസാന 25 ഇന്നിംഗ്സിൽ ലാറ നേടിയത് 2 സെഞ്ച്വറികളും, 2 ഡബിൾ സെഞ്ച്വറികളും! സച്ചിനോ? ഒരു സെഞ്ച്വറിപോലുമില്ല. അന്ന് ലാറ റിട്ടയർ ചെയ്തില്ലെങ്കിലും ഒരാളും വിമർശിക്കുമായിരുന്നില്ല. എന്നിട്ടും അയാൾ റിട്ടയർ ചെയ്തു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്  ലാറയോട് രണ്ടോ മൂന്നോ കൊല്ലം കൂടി കളിക്കണം എന്നു നിർബന്ധിച്ചിരുന്നെങ്കിൽ കാണാമായിരുന്നു!

അടങ്ങിയിരുന്ന ആരാധകൻ, ദ്വന്ദ്വൻ രണ്ടാമൻ തിരിച്ചു ചോദിച്ചു.
നിങ്ങൾ ഇങ്ങനെ ‘അങ്ങനെയായിരുന്നെങ്കിൽ’ ‘ഇങ്ങനെയായിരുന്നെങ്കിൽ’ എന്നൊക്കെ പറഞ്ഞ് പേപ്പിടി കൂട്ടുന്നതിൽ എന്താണ് കാര്യം? അങ്ങനെയായില്ലല്ലോ... ലോക ക്രിക്കറ്റിൽ 100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ മറ്റാരുണ്ട്, നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ഈ കളിയിൽ?

അന്താരാഷ്ട്രക്രിക്കറ്റിൽ 35,000 പോയിട്ട് 30,000 റൺ എങ്കിലും നേടിയ മറ്റാരുണ്ട്?
ടെസ്റ്റിൽ 14,000, 15,000 റൺ ക്ലബ്ബുകളിൽ എത്തിയ മറ്റാരുണ്ട്?
ഏകദിനത്തിൽ 14,000, 15,000, 16,000, 17,000,18,000 ക്ലബ്ബുകളിൽ എത്തിയ മറ്റാരുണ്ട്?

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയത് ആരാണ്? ഏറ്റവും കൂടുതൽ റൺ നേടിയത് ആരാണ്‌?

അന്താരാഷ്ട്ര ക്രിക്കറ്റിൽ 72 തവണ മാൻ ഓഫ് ദ മാച്ച് ആയ മറ്റാരുണ്ട്?
പറയൂ... പറയൂ!

ഫുട്ട്ബോളിൽ സോക്രട്ടീസും, ഗള്ളിറ്റും, പ്ലാറ്റീനിയും, സിഡാനുമൊക്കെ വിരമിച്ചിട്ടുണ്ട്. അതുപോലെയായിരുന്നില്ല പെലെയോ മറഡോണയോ വിരമിച്ചപ്പോൾ ലോകം പ്രതികരിച്ചത്.
ടെന്നിസിൽ ആഗസിയും, ബക്കറും, സ്റ്റെഫാൻ എഡ്ബർഗും ഒക്കെ വിരമിച്ചിട്ടുണ്ട്.  അതുപോലെയായിരുന്നില്ല ബ്യോൺ ബോർഗും മക്കെൻ റോയും വിരമിച്ചപ്പോൾ ലോകം പ്രതികരിച്ചത്.

ആധുനിക കാലത്ത് സച്ചിനും റോജർ ഫെഡററും റിട്ടയർ ചെയ്യുമ്പോൾ പ്രസക്തമാകുന്നത് ഈ താരതമ്യങ്ങളാണ്. അതുകൊണ്ട് ഒരു ലാറയുടെയോ, പോണ്ടിങ്ങിന്റെയോ പോലെയല്ല സച്ചിന്റെ റിട്ടയർമെന്റ്.

അതു കേട്ടതും വിമർശകദ്വന്ദ്വൻ കയർത്തു. “നിങ്ങൾ ലാറയേയും പോണ്ടിങ്ങിനെയും വിടൂ... ദാ ഈ കണക്കൊന്നു കേൾക്കൂ.... ”

163 ടെസ്റ്റിൽ 13,133 റൺസ്. 288 വിക്കറ്റ്. 196 ക്യാച്ച്.
321 ഏകദിനത്തിൽ 11,498 റൺസ്. 270 വിക്കറ്റ്. 125 ക്യാച്ച്.
ഇത്രയും നേടിയ ആളാണോ കേമൻ?

അതോ

198 ടെസ്റ്റിൽ 15837 റൺസ്. 45 വിക്കറ്റ്. 115 ക്യാച്ച്.
463 ഏകദിനത്തിൽ 18,426 റൺസ്. 151 വിക്കറ്റ്. 140 ക്യാച്ച്.
ഇത്രയും നേടിയ ആളാണോ കേമൻ?

35 ടെസ്റ്റും, 142 ഏകദിനങ്ങളും കൂടി കളിക്കാൻ ദക്ഷിണാഫ്രിക്ക ജാക്ക് കല്ലിസിനെ അനുവദിച്ചാൽ??

പോട്ടെ. നിങ്ങൾ കല്ലിസിനെയും വിടൂ!

ഇപ്പോഴത്തെ പോക്കനുസരിച്ച്  10 കൊല്ലം കൊണ്ട് ഒരു 300 ഏകദിനങ്ങൾ കൂടി വിരാട് കോളി കളിച്ചാൽ എന്താകും സ്ഥിതി എന്നു ചിന്തിച്ചിട്ടുണ്ടോ?

114 കളിയിൽ 16 സെഞ്ച്വറി. ശരാശരി 50 നുമുകളിൽ.

 വീരേന്ദ്ര സേവാഗ് 15 കൊല്ലം കളിച്ചിട്ട് ആകെ അടിച്ചത് 15 സെഞ്ച്വറികൾ! വല്യ പുലികളായ ഗിൽക്രിസ്റ്റും, സംഗക്കാരയും, ജയവർദ്ധനെയും ജീവിതകാലമാകെ അടിച്ചത് 16 ഏകദിന സെഞ്ച്വറികൾ!

അതു മാത്രവുമല്ല, പയ്യൻ അടിച്ച 16 സെഞ്ച്വറികളിൽ 10 എണ്ണവും ഇൻഡ്യ ചെയ്സ് ചെയ്യുമ്പോഴാണടിച്ചിട്ടുള്ളത്!

അപ്പോ... സച്ചിൻ ഉണ്ടാക്കിയ റെക്കോഡൊന്നും ആരും തകർക്കില്ല എന്നാരും മനപ്പായസമുണ്ണണ്ട! 24 കൊല്ലം ഒരുത്തനെ ടീമിൽ വച്ചുകൊണ്ടിരിക്കാൻ ഇനിയുള്ള കാലത്തു സാധിക്കില്ല എന്നതുകൊണ്ട് ആ റെക്കോഡ് അവിടെത്തന്നെ കിടക്കുമായിരിക്കും!

വിമർശകൻ കിതച്ചുകൊണ്ട് നിർത്തി.

ഹോ! ആരാധകദ്വന്ദ്വൻ അല്പനേരം തരിച്ചിരുന്നുപോയി.

എങ്കിലും വിട്ടില്ല.


ഈ... വിക്കറ്റും ക്യാച്ചും എടുക്കുന്നത് മാത്രമല്ല ഒരാളെ മഹാനായ കളിക്കാരനാക്കുന്നത്. അതൊന്നും മാത്രമല്ല ഒരാളെ താരങ്ങളുടെ താരമാക്കുന്നത്. അതൊന്നുമല്ല ഒരാളെ ജനകോടികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നത്....

കല്ലിസ് സച്ചിനെയോ ലാറയെയോ പോണ്ടിംഗിനെപ്പോലെയോ ഒരു കരിസ്മാറ്റിക് ബാറ്റ്സ്മാനല്ല. അയാളെ രാഹുൽ ദ്രാവിഡുമായോ, മുഹമ്മദ് യൂസുഫുമായോ, സംഗക്കാരയുമായോ ഒക്കെ താരതമ്യം ചെയ്യൂ...

പിന്നെ, ട്രിപ്പിൾ സെഞ്ച്വറിയും ക്വാഡ്രപ്പിൾ സെഞ്ച്വറിയുമൊക്കെ അടിക്കുന്ന കാര്യം.... അതൊന്നും സച്ചിൻ അടിച്ചില്ല എന്നത് ശരി തന്നെ. എന്നാൽ അങ്ങനൊരു സ്കോർ അടിച്ചു കഴിഞ്ഞാൽ പിന്നെ കുറേക്കാലം തല്ലിപ്പൊളി ഇന്നിംഗ്സുകളാണ് ലാറ കളിച്ചിട്ടുള്ളത്. വല്ലപ്പോഴും വമ്പൻ സ്കോർ നേടുന്നതല്ല മികവ്. തുടർച്ചയായി ഉന്നത നിലവാരത്തിൽ കളിക്കുന്നതാണത്. ലാറയുടെ ടോപ്പ് 10 ഇന്നിംഗ്സുകൾ എടുത്തു മാറ്റി നോക്കൂ.... സച്ചിന്റെയും. അപ്പോ കാണാം കൺസിസ്റ്റൻസി എന്നാൽ എന്താണ് എന്ന്! ങ്ഹാ!

മധ്യേ നിന്ന ഞാൻ പെട്ടു!

ശെടാ... ഇതിപ്പോ കണക്കു പറഞ്ഞു തീർക്കാതെ ശരിയാകുന്ന ലക്ഷണമില്ലല്ലോ... കണക്കു പറയണോ?
പറയാം.



വാൽക്കഷണം: എന്നിൽ തന്നെയുള്ള ആരാധകന്റെയും വിമർശകന്റെയും മധ്യേ നിന്ന് സച്ചിൻ ആരായിരുന്നു, ആരാണ്, ആരാവണം എന്നു കണ്ടെത്താൻ കഴിയുമോ എന്നൊരു ശ്രമമാണിത്.

അപ്പോ, ബാക്കി കണക്കും സയൻസുമൊക്കെ നാളെ.....


രണ്ടാം ഭാഗം ദാ ഇവിടെ


ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ

Sunday, September 8, 2013

തൃപ്പൂണിത്തുറ അത്തച്ചമയം - 101 ചിത്രങ്ങൾ!

ആകെ മൂടിക്കെട്ടി നനഞ്ഞുകുതിർന്ന അന്തരീക്ഷമായിരുന്നു, മുൻ വർഷത്തെപ്പോലെ ഇക്കൊല്ലവും അത്തം ദിനം. എങ്കിലും ആഘോഷത്തിനും പൊലിമയ്ക്കും ഒട്ടും കുറവുണ്ടായില്ല. അത്തം ഘോഷയാത്ര തുടങ്ങാറായപോഴേക്കും മഴ അല്പം തോർന്നു. പക്ഷേ ചാറ്റൽ മഴ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. എങ്കിലും അത്തച്ചമയം അത്തച്ചമയം തന്നെയല്ലേ....

ദാ ഘോഷയാത്രയ്ക്കു മുന്നിൽ തിടമ്പേറ്റാൻ വന്ന ഒരാൾ!




വാമനനൊപ്പം വീരാംഗനമാർ!




കോമഡി പറഞ്ഞ് സുന്ദരിമാരെ ഇമ്പ്രസ് ചെയ്യുന്ന മാവേലി!


ഘോഷയാത്രയ്ക്കു തയ്യാറായി മഴയെ വെല്ലുവിളിച്ച് അടുത്ത കൊമ്പൻ!


ദാ മൂന്നുപേർ എഴുന്നള്ളുന്നു!


ഇനി നഗര പ്രദക്ഷിണം....




നടുവിലാൻ തന്നെ കേമൻ!



മഴ... മഴ.... കുട... കുട....


കുടമാറ്റം വേറേ, ഇതുവേറേ!


കുടവയറൻ മാവേലി!



തമ്പേറ്
നകാര?





പല്ലക്ക്...


അടുത്ത മാവേലി സംഘം



സുന്ദരിമാരും ഒപ്പമുണ്ട്!



ദാ, കുടവയറില്ലാത്ത സ്മാർട്ട് മാവേലി!



കോളേജ് കുമാരീ കുമാരന്മാരാണ്.
ഭടന്മാരും, തോഴികളും!


കുഞ്ഞു മലയാളി മങ്കമാർ...


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്!



മഴയത്ത് പൂവു ചൂടിയ കന്യമാർ!



പൂക്കുഞ്ഞുങ്ങൾ....


മോഡേൺ പൂക്കാരിക്കുഞ്ഞുങ്ങൾ.....
കറുപ്പിനഴക്... ഓഹോഹോ...


പൂക്കളം താങ്ങി വരവായി ഒരു കൂട്ടം



ഇനിയുള്ള പടങ്ങൾക്ക് അടിക്കുറിപ്പ് നിങ്ങൾ തന്നെ എഴുതിക്കോളൂ‍....
(സമയം എന്റെ കയ്യിൽ നിൽക്കുന്നില്ല!)

നാടൻ കലാരൂപങ്ങൾ....





















മുരുകനും അവന്റെ മയിലും!

വനിതാ ശിങ്കാരിമേളം









അത്തത്തിനെത്തിയ അപ്പൂപ്പനും അമ്മൂമ്മയും....















































ഇനി ഫ്ലോട്ടുകൾ.....
























അടിക്കുറിപ്പ്: അത്തച്ചമയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ഞെക്കുക