Sunday, April 27, 2014

ഐ ആം ക്ലീൻ ബൗൾഡ് !


രക്തബന്ധങ്ങൾക്കപ്പുറമുള്ള  എന്തു പ്രത്യേകതയാണ്  സൌഹൃദത്തിനുള്ളത് എന്ന് ചിലരെങ്കിലും അതിശയം കൂറാറുണ്ട്. എന്നാൽ സൌഹൃദത്തിന്റെ നിറ നിലാവുനുകർന്ന ഒരാൾക്കും അങ്ങനെയൊരതിശയം ഉണ്ടാകാനിടയില്ല.

ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലായി ആയിരക്കണക്കിനാളുകളെ നമ്മൾ പരിചയപ്പെടുന്നു. പലരെയും മറക്കുന്നു. ചിലരെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. എതിർ ലിംഗത്തോടുള്ള പ്രണയത്തേക്കാൾ തീവ്രമായ ബന്ധമായി ആ സൌഹൃദങ്ങൾ വളരുന്നു. പ്രണയം തകർന്നാലും സൌഹൃദം തകരാതെ നില്ക്കുന്നു..... ഈ അനുഭവത്തിനു സ്ത്രീ-പുരുഷ ഭേദമില്ല.

ബാല്യ-കൗമാര-യൌവന കാലഘട്ടങ്ങളിലായി പേരെടുത്തു  വിളിക്കാവുന്ന ആയിരം സുഹൃത്തുക്കളെങ്കിലും ഉള്ള ഒരാളാണ് എന്നതിൽ എനിക്കഭിമാനമുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിലെ നിരവധി സന്ദിഗ്ധ ഘട്ടങ്ങളിൽ ബന്ധുക്കളേക്കാൾ ഞാനാശ്രയിച്ചിട്ടുള്ളതും സുഹൃത്തുക്കളെയാണ്.


ഏതാനും മാസങ്ങൾക്കു മുൻപു മാത്രം പരിചയപ്പെട്ട സുഹൃത്താണ്  ശ്രീ.മധു വാര്യർ. കോട്ടക്കൽകാരൻ. ആര്യവൈദ്യശാലക്കാരൻ. മറ്റൊരു മധു  (എന്റെ വിദ്യാർത്ഥിയും ഇപ്പോൾ കോട്ടക്കൽ ആയുർ വേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.കെ.പി.മധു) വഴി ഫോണിലൂടെയാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടത്. ഇന്നിപ്പോൾ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഒരു ചടങ്ങിനു കാരണക്കാരനായത് മധു വാര്യരാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്നുറപ്പുള്ള ഒരു ചടങ്ങ്!

പറഞ്ഞു വരുന്നത് എന്തിനെപ്പറ്റി എന്നല്ലേ?

മറ്റൊന്നുമല്ല.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെക്കുറിച്ചുള്ള    എന്റെ പുസ്തകം - 'സച്ചിൻ താരങ്ങളുടെ താരം '  മലയാളത്തിന്റെ ഇതിഹാസതാരം മോഹൻലാൽ പ്രകാശനം ചെയ്തു!


ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ?

അതൊരു കഥയാണ്.

ബ്ലോഗിൽ  സച്ചിൻ കുറിപ്പുകൾ പൂർത്തിയായപ്പോൾ അതൊരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം എന്ന ആശയുണ്ടായി. അതിനായി 'കൃതി' ബുക്സ് മുന്നോട്ടു വരികയും ചെയ്തു.  അഞ്ചെട്ടധ്യായങ്ങൾ കൂടുതലായി എഴുതിച്ചേർത്തു. ഇനി ഇതൊക്കെ ഒന്നു വായിച്ചു നോക്കി കൊള്ളാമോ, ഇല്ലയോ എന്നു പറയാൻ കഴിവുള്ള ആരെയെങ്കിലും കാണിക്കണം എന്നതായി ആശ. അങ്ങനെ കെ.എൽ .മോഹനവര്മ്മ സാറിന്റെ അരികിലെത്തി. അദ്ദേഹം വളരെ ക്ഷമയോടെ പ്രിന്റ്‌ ഔട്ടുകൾ മുഴുവൻ വായിച്ചു തീർത്ത്, ഗംഭീരമായൊരു അവതാരികയും എഴുതിത്തന്ന് ഞെട്ടിച്ചു.

അതോടെ ആശ വീണ്ടു വന്നു. ക്രിക്കറ്റ് ലെജൻഡിനെക്കുറിച്ചുള്ള പുസ്തകം മറ്റൊരു ലെജൻഡിനെക്കൊണ്ടു പ്രകാശനം ചെയ്യിക്കണം. കുഴപ്പക്കാരൻ സച്ചിൻ തന്നെ. അദ്ദേഹമാണല്ലോ "സ്വപ്‌നങ്ങൾ കാണൂ.... അവ ഫലിക്കുക തന്നെ ചെയ്യും!" എന്ന് പറഞ്ഞ് നമ്മളെ പ്രചോദിപ്പിക്കുന്നത്!

"എന്റെ പേരിൽ  കുറ്റമില്ല , വണ്‍ ടൂ ത്രീ...." എന്ന ലൈനിൽ സ്വപ്നങ്ങൾ നിരന്നു. പക്ഷേ ഒറ്റ മുഖമേ മൂന്നു സ്വപ്നത്തിലും തെളിഞ്ഞുള്ളൂ. അത് നമ്മുടെ സ്വന്തം ലാലേട്ടന്റേതായിരുന്നു!

സിനിമാതാരം എന്നതിലുപരി സെലിബ്രിറ്റി ക്രിക്കറ്റിൽ ലീഗിൽ കേരളത്തിന്റെ ക്യാപ്ടനുമാണല്ലോ മോഹൻ  ലാൽ. മാത്രവുമല്ല ഒരു മലയാളം ബ്ലോഗർ കൂടിയാണദ്ദേഹം! സച്ചിൻ വിരമിച്ച വേളയിൽ അദ്ദേഹത്തെക്കുറിച്ച് പ്രത്യേകം ബ്ലോഗ് പോസ്റ്റും ഇട്ടിരുന്നു.

വലിയൊരു സംഭവമായി പുസ്തകം പ്രകാശിപ്പിക്കുന്നതിനേക്കാൾ സച്ചിനു സമശീർഷനായ ഒരാളെക്കൊണ്ട് അത് ചെയ്യിക്കാനായിരുന്നു എനിക്കാഗ്രഹം. മലയാളത്തിന്റെ ഇതിഹാസ താരം, ക്രിക്കറ്റിലെ ഇതിഹാസ താരത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന അനർഘനിമിഷം ഞാൻ വീണ്ടും വീണ്ടും റീവൈൻഡ് ചെയ്തു കണ്ടുകൊണ്ടിരുന്നു.

പക്ഷേ എങ്ങനെ അദ്ദേഹത്തെ സമീപിക്കാം എന്നതിനെക്കുറിച്ച് ഒരു പിടിയും കിട്ടിയില്ല. പലരോടും അന്വേഷിച്ചെങ്കിലും ഒന്നും നടന്നില്ല. അപ്പോഴാണ്‌  വിദ്യാർത്ഥി ഡോ. മധുവിനെ വിളിക്കാൻ തോന്നിയത്. ആൾ കില്ലാടിയാണ്. ഉടൻ തന്നെ മറ്റൊരു മധുവിനെ പരിചയപ്പെടുത്തിത്തന്നു - മധു വാര്യർ. അദ്ദേഹം ചില പ്രാഥമിക അന്വേഷണങ്ങൾക്കു ശേഷം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പുസ്തകത്തിന്റെ ഒരു കോപ്പി ലാലേട്ടന് എത്തിച്ചു കൊടുക്കാമോ എന്നാരാഞ്ഞു. താൻ നാളെ രാവിലെ അദ്ദേഹത്തെ കാണാൻ പോകുന്നുണ്ട് എന്നും പറഞ്ഞു!

അതോടെ എനിക്കാധിയായി. പ്രിന്റ്‌ ഔട്ട് കയ്യിലുണ്ട്. ശനിയാഴ്ചയാണ്. പക്ഷേ ഞാൻ ആശുപത്രി ഓ.പി.ഡ്യൂട്ടിയിലാണുള്ളത്. ഇന്നു തന്നെ ഇത് കോട്ടക്കലെത്തിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിച്ചു വലഞ്ഞു. അപ്പോൾ തന്നെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ വിളിച്ചു.  ജിതിൻ പുരുഷോത്തമൻ എന്ന പയ്യൻ  സഹായത്തിനെത്തി. വണ്ടിക്കൂലിയും കൊടുത്ത് ആളെ പുസ്തകത്തിന്റെ കോപ്പിയുമായി കോട്ടക്കലേക്കു പറഞ്ഞു വിട്ടു. കൂടുതൽ തിരക്കാണെങ്കിൽ ഷൂട്ടിംഗ് സ്ഥലത്തെവിടെ വച്ചെങ്കിലും ഇത് ഒന്ന് പ്രകാശിപ്പിച്ചു തന്നാൽ സന്തോഷമായി എന്നൊരു കുറിപ്പും ഒപ്പം വച്ചു.

സന്ധ്യയോടെ അത് മധു വാര്യരുടെ കയ്യിലെത്തി. അദ്ദേഹം അത് ലാലേട്ടനെത്തിച്ചു.  പലദിനങ്ങൾ പലവഴി കൊഴിഞ്ഞു. ഒടുവിൽ മി.ഫ്രോഡ് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം വരിക്കാശേരിമനയിലേക്കു ചെന്നാൽ പ്രകാശനം അവിടെ വച്ചു നടത്താൻ കഴിഞ്ഞേക്കും എന്ന മധു വാര്യർ  അറിയിച്ചു. പക്ഷേ, എന്റെ കഷ്ടകാലത്തിന് ഞാനപ്പോൾ യൂണിവേഴ്സിറ്റി വാല്യുവേഷൻ ക്യാമ്പിലായിപ്പോയി. പുസ്തകമെത്തിക്കാൻ പ്രസാധകർക്കും കഴിഞ്ഞില്ല. മധു വാര്യരും, ഒരു സുഹൃത്തും മനയിൽ കാത്തിരുന്നു നിരാശരായി. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുകയും ചെയ്തു. അടുത്ത ഷെഡ്യൂൾ മുംബൈയിലാണ്.

ഞാനാകെ നിരാശനായി. കാത്തുകാത്തിരുന്നൊരു സുവർണാവസരം കൈവെള്ളയിലൂടെ ഊർന്നു പോയി. തങ്ങൾ ചെന്നപാടെ ലാലേട്ടൻ ചോദിച്ചത് "പുസ്തകമെവിടെ?" എന്നായിരുന്നു എന്ന് മധുവാര്യർ പറഞ്ഞതു കേട്ട് എന്റെ ചങ്കു തകർന്നു. അദ്ദേഹവും നിരാശനായി. കൂട്ടുകാർ  അതിലേറെ നിരാശരായി.  മോഹൻ ലാലിനെപ്പോലൊരു ലെജൻഡിനെ കിട്ടിയിട്ടും, പുസ്തകമെത്തിക്കാൻ കഴിയാത്തവരെക്കുറിച്ച് അദ്ദേഹമെന്താവും കരുതിയിട്ടുണ്ടാവുക എന്നാലോചിച്ച് എനിക്ക് വട്ടായി. നിരാശ ഒരു ഫെയ്സ് ബുക്ക് സ്റ്റാറ്റസായിട്ട് ഞാൻ മുങ്ങി.

മധു വാര്യരോടു സംസാരിക്കാൻ പോലും എനിക്ക് ലജ്ജ തോന്നി. എനിക്ക് വേണ്ടിയാണ് അദ്ദേഹം കോഴിക്കോട്ടു നിന്ന് വരിക്കാശേരി മന വരെ യാത്ര ചെയ്തു വന്നു കാത്തിരുന്നത്. അവർ എന്നെ വിശ്വസിച്ച്, പുസ്തകം കൊണ്ടുവരും എന്ന് ലാലേട്ടനോട് പറയുകയും ചെയ്തിരുന്നു. നിരാശ മാറാൻ കുറച്ചു നാളെടുത്തു. പക്ഷേ മധു വാര്യർ എന്നെ കൈവിട്ടില്ല. സച്ചിൻ തെണ്ടുൽക്കർ ലാലേട്ടന് അങ്ങേയറ്റം പ്രിയപ്പെട്ട കളിക്കാരനാണെന്ന കാര്യവും, പുസ്തകത്തിന്റെ മാറ്റർ അദ്ദേഹം വായിച്ചു എന്ന കാര്യവും സൂചിപ്പിച്ചു. പറ്റിയാൽ ഒന്ന് കൂടി ശ്രമിക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി.

ലാലേട്ടൻ മുംബൈയിലെ  ഷെഡ്യൂൾ പൂർ ത്തിയാക്കി മടങ്ങിയെത്തി. അടുത്ത ചിത്രത്തിൽ ജോയിൻ  ചെയ്തു. അത് കൊച്ചിയിലാണ്. പക്ഷേ, ഫോണിലും, ഫെയ്സ് ബുക്കിലും ബന്ധപ്പെട്ടിരുന്നെങ്കിലും മധുവാര്യർക്ക് ജോലി സംബന്ധമായും, അച്ഛന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇവിടെ വന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.

ദിവസങ്ങൾ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പുസ്തകമിറക്കണം എന്ന ആധി  എനിക്കും, പ്രസാധകർ ക്കും കൂടി. ഒടുവിൽ ഏപ്രിൽ 24  ന് കൊച്ചിയിലെ ലൊക്കേഷനിൽ ചെല്ലാൻ മധു വാര്യർ അറിയിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോഴിക്കോടു നിന്നും വരും. വേണ്ട സഹായങ്ങൾ ചെയ്യും, എന്ന് പറഞ്ഞു. പക്ഷേ ആ ദിവസം തന്നെ കേരളമാകെ ട്രെയിൻ ഗതാഗതം താറുമാറായി! സുഹൃത്തിന് സമയത്തെത്താൻ കഴിഞ്ഞില്ല. അദ്ദേഹമില്ലാതെ ഷൂട്ടിംഗ് സെറ്റിൽ കയറാനുമാവില്ല.കൊച്ചിയിൽ സുഹൃത്തുക്കളുമായി കാത്തിരുന്ന ഞാൻ വീണ്ടും നിരാശനായി.

ഇനി ഈ സംരംഭം നടക്കുമോ എന്നു തന്നെ സംശയമായി. എന്നെക്കാൾ വിഷമം മധു വാര്യർക്കാണെന്നു തോന്നി. അദ്ദേഹം ഒരവസാനവട്ട ശ്രമം എന്ന നിലയ്ക്ക് ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്താൻ നിർദേശിച്ചു. അവിടെ ലാലേട്ടന്റെ സഹായിയുടെ നമ്പർ  തന്നു. ബാക്കിയൊക്കെ ഭാഗ്യം പോലെ എന്ന് പറഞ്ഞു.

യാത്രയ്ക്കിടയിൽ സഹായിയെ വിളിച്ചെങ്കിലും പ്രകാശനത്തിന്റെ ഫോട്ടോയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും , പിന്നെ, നിങ്ങൾ വന്നു നോക്കൂ എന്ന മറുപടിയാണ് കിട്ടിയത്. പ്രൊഡക്ഷൻ ടീം അതനുവടിക്കില്ലത്രേ. ആധിയോടെ സുഹൃത്തുക്കളായ സുമേഷ്, പ്രവീണ്‍ എന്നിവർക്കൊപ്പം ഞാൻ സെറ്റിലെത്തി. സുമേഷാണ് കഴിഞ്ഞ ഒരാഴ്ചയായി എന്നെ എല്ലായിടത്തും കാറിൽ എത്തിച്ചു കൊണ്ടിരുന്നത്. പുസ്തകത്തിന്റെ പ്രിന്റിംഗും അദ്ദേഹമാണ് ചെയ്തത്.

ഷൂട്ടിംഗ് സെറ്റിൽ ഒരു കാർ  കത്തിക്കാനുള്ള പരിപാടിയാണെന്നു തോന്നി. പൊളിഞ്ഞ ഒരു കാറും, പുക വരുന്ന ഒരു യന്ത്രം പ്രവർത്തിപ്പിച്ചു  നോക്കുന്ന സെറ്റ് തൊഴിലാളികളും മാത്രം. ഞങ്ങൾ കാത്തു നിൽക്കുന്നതിനിടയിൽ സുമേഷ്  ഏതോ പ്രസ്സിൽ ബുക്ക് കൊടുത്ത് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.

ഏതാനും  മിനിറ്റുകൾ കഴിഞ്ഞു. പുതിയതായി ആരും ആ പ്രദേശത്തേക്കേ വരുന്നില്ല. അപ്പോൾ ഒരു കാർ  വന്നു നിന്നു. അത് അവിടെ കിടന്നിരുന്ന കാരവാനരികിൽ നിർത്തി. കാറിൽ വന്നയാൾ അതിലേക്കു കയറാൻ തുടങ്ങി. അപ്പോൾ പ്രവീണ്‍ പറഞ്ഞു "അത് ലാലേട്ടനല്ലേ!?" പുകപടലമുയർത്തി ഒരടിപൊളി കാറിൽ പാഞ്ഞു വന്ന സ്റ്റൈലായി കാറിൽ നിന്നിറങ്ങുന്ന ലാലേട്ടനെ കാത്തു നിന്ന എന്റെ കണ്ണിൽ ഈ ദൃശ്യം പെട്ടില്ല! എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല... പരിചയക്കാർ ആരുമില്ല. ലാലേട്ടന് ഞങ്ങളെ അറിയുകയുമില്ല...

മധു വാര്യർ ഇല്ലാതെ പോയല്ലോ എന്ന ചിന്ത ഒരു നിമിഷം ഉള്ളിൽ ഒരാന്തലായി കടന്നു പോയി. അടുത്ത നിമിഷം ഞാൻ മുന്നോട്ടാഞ്ഞു. പ്രവീണും. ലാലേട്ടൻ ഞങ്ങളെ കണ്ടു. ഒന്ന് നോക്കി അകത്തേക്കു കയറാൻ തുടങ്ങി. അപ്പോൾ വാതിലിൽ നിന്ന പ്രായമുള്ള ഒരാൾ (ആ മനുഷ്യനോട് ലാലേട്ടനെ കാണാനാണു  വന്നതെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു.) അദ്ദേഹത്തോട് ഞങ്ങളെ ചൂണ്ടി എന്തോ പറഞ്ഞു. ഞങ്ങളിരുവരും അങ്ങോട്ടു പാഞ്ഞു. അപ്പോൾ ആരോ വാതിലടച്ചു. എങ്കിലും "അല്ല... അവരെ വിളിക്കൂ..." എന്ന ലാലേട്ടൻ പറയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.  പ്രതീക്ഷയോടെ നിലകൊണ്ട ഞങ്ങളുടെ മുന്നിൽ വാതിൽ  വീണ്ടും തുറന്നു.

ലാലേട്ടൻ ചോദിച്ചു. "എന്ത് വേണം?"
"എന്റെ പേര് ഡോ. ജയൻ. സച്ചിനെക്കുറിച്ചുള്ള പുസ്തകം എഴുതിയത് ഞാനാണ്. "
"ഏതാശുപത്രിയിലെ ഡോക്ടർ?"
"തൃപ്പൂണിത്തുറ  ആയുർവേദ കോളേജ്.... "
"നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?"
"ലാലേട്ടൻ ഈ പുസ്തകം പ്രകാശനം ചെയ്യണം എന്നാണാഗ്രഹം...."
"ഷൂട്ടിംഗ് സെറ്റിൽ അതൊക്കെ വലിയ ചടങ്ങാണ്. നമുക്കൊരു ഫോട്ടോ എടുത്താൽ പോരേ? "
 "ഓ... ധാരാളം മതി."
ഞങ്ങളോട് "വരൂ അകത്തേക്കു വരൂ" എന്ന് പറഞ്ഞു.
ഒരു നിമിഷാർദ്ധത്തിൽ പ്രവീണും ഞാനും അകത്തെത്തി. അദ്ദേഹത്തിന്റെ സഹായികൾ ഓടിയെത്തുന്നതേയുള്ളു.

പിന്നെല്ലാം ഞൊടിയിടയിൽ. ലാലേട്ടൻ പുസ്തകത്തിന്റെ ആദ്യ പ്രതി എന്റെ കയ്യില നിന്നു സ്വീകരിച്ചു. പ്രവീണ്‍ ചിത്രമെടുത്തു. എടുത്തോളൂ... സാവകാശം എടുത്തോളൂ എന്നു  പറഞ്ഞ് ക്ഷമയോടെ നിന്ന് ലാലേട്ടൻ. ചിത്രമെടുത്ത് നന്ദി പറഞ്ഞു പുറത്തിറങ്ങി ഞങ്ങൾ.











അമ്പരപ്പായിരുന്നു ഏതാനും നിമിഷങ്ങൾ.....


ഒരു പരിചയവുമില്ലാത്ത ഞങ്ങളോട് ഇത്ര പരിഗണനയോടെ, ഒരു വിധത്തിലും താരമെന്ന ഭാവമില്ലാതെ പെരുമാറിയ ഈ മനുഷ്യനെക്കുറിച്ച് ഞാനെന്താണു പറയുക....

താരമായ, സൂപ്പർ  താരമായ, ജീനിയസായ ഒരു മനുഷ്യൻ....
തനിക്കു യാതൊരു പരിചയവുമില്ലാത്ത ഒരാളോട് പെരുമാറുന്നതിലെ ലാളിത്യം ഇതിനപ്പുറം എങ്ങനെ എന്ന് എനിക്കൊരു പിടിയുമില്ല!

ദൃശ്യം പോലെ ഒരു ബ്രഹ്മാണ്ഡ വിജയ ചിത്രത്തിനു ശേഷവും ഒരു തരി തലക്കനമില്ലാതെ, ഇത്ര സൗജന്യ മധുരമായി ആളുകളോട് പെരുമാറുന്ന താരം.

പലരും പറയാറുണ്ട്‌ മോഹൻലാലിന്റെ പെരുമാറ്റം വെറും സുഖിപ്പീരാണ്  എന്ന്.... അവർ ഒരിക്കൽ പോലും അദ്ദേഹത്തോട് നേരിട്ടു സംസാരിച്ചിട്ടുണ്ടാവില്ല എന്നെനിക്കു തോന്നുന്നു! (പേഴ്സണൽ സ്റ്റാഫിന്റെ മറവിൽ ഞങ്ങളോട് സംസാരിക്കുകപോലും ചെയ്യാതെ അനായാസം അദ്ദേഹത്തിന്  ഞങ്ങളെ ഒഴിവാക്കാമായിരുന്നു.)

മധു വാര്യർ അദ്ദേഹത്തോട് എന്നെപ്പറ്റി പറഞ്ഞതിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന് എന്നെക്കുറിച്ചറിയാൻ വഴിയില്ല. പിന്നെ സച്ചിനെക്കുറി ച്ചെഴുതിയ വരികളും....

ലാലേട്ടനെ ഷൂട്ട് ചെയ്യാൻ പറ്റിയ ആവേശത്തിലും പ്രവീണ്‍ പറഞ്ഞു. "ക്യാമറ പിടിച്ചപ്പോൾ എന്റെ കൈ വിറച്ചിട്ടു പാടില്ലായിരുന്ന് !"

എനിക്കും കഴിഞ്ഞുപോയ നിമിഷങ്ങൾ ഉദ്വേഗഭരിതമായിരുന്നു. മേഘങ്ങൾക്ക് മീതെ സഞ്ചരിക്കുന്ന പോലൊരു അനുഭവം....

ലാലേട്ടാ, യു ക്ലീൻ ബൗൾഡ് അസ് ബോത്ത്!

ഇതിനൊക്കെ കാരണക്കാരനായ മധു വാര്യരും ഞാനും തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നതാണ് ഈ സൌഹൃദത്തിന്റെ ഏറ്റവും വലിയ മനോഹാരിത....

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ!?




പുസ്തകത്തെ പറ്റിയുള്ള വാർ ത്തയും മറ്റു വിവരങ്ങളും ദാ താഴെ.

 Asianet News

Mathrubhumi News

Manorama News


* പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം കേരളത്തിലെ ക്രിക്കറ്റ് കളിത്തൊട്ടിലായ തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടുമായി ബന്ധപ്പെട്ടു ചെയ്യണം എന്നാണാഗ്രഹം. അതിനായി ശ്രമിച്ചു വരുന്നു.

പുസ്തകം ലഭിക്കുവാൻ ഈ നമ്പരിൽ വിളിക്കുക.
പ്രശാന്ത് 09447 89 16 14