Tuesday, January 7, 2014

നവംബറിന്റെ നഷ്ടം.....



സച്ചിൻ വിരമിക്കുന്നു എന്ന വാർത്ത പരന്നപ്പോൾത്തന്നെ അവസാന ടെസ്റ്റ് മൽസരത്തിന്റെ വേദിക്കായി വിവിധ ക്രിക്കറ്റ് അസോസിയേഷനുകൾ ശ്രമം തുടങ്ങി. എറ്റവും വലിയ 'ക്ലെയിം' കൊൽക്കൊത്ത ഈഡൻ ഗാർഡൻസിനു വേണ്ടി ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റേതായിരുന്നു. ലോകത്തെ എറ്റവും വലിയ ക്രിക്കറ്റ് താരം വിരമിക്കുമ്പോൾ കയ്യടിച്ചു പ്രോൽസാഹിപ്പിക്കാൻ ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന ഈഡനേക്കാൾ നല്ലൊരു വേദി വേറെയില്ല എന്നത് സത്യമാണു താനും. എന്നാൽ വ്യക്തിപരമായി തന്റെ ജന്മനാട്ടിൽ അവസാന മൽസരം കളിക്കണം എന്നാണാഗ്രഹം എന്ന് സച്ചിൻ അറിയിച്ചു. അങ്ങനെയായാൽ ഇന്നുവരെ തന്റെ ഒരു കളി പോലും നേരിൽ കണ്ടിട്ടില്ലാത്ത സ്വന്തം മാതാവിന് അതു കാണാൻ അവസരമുണ്ടാവും. അമ്മയ്ക്കു മുന്നിൽ കളിച്ചുകൊണ്ട് പാഡഴിക്കണം എന്ന ആഗ്രഹത്തോട് എല്ലാവരും യോജിച്ചു. അങ്ങനെ അവസാന മൽസരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ എന്നു തീർച്ചപ്പെടുത്തി. സച്ചിന്റെ ഇരുനൂറാം ടെസ്റ്റ് മൽസരം കൂടിയാണത്. നൂറ്റിത്തൊണ്ണൂറ്റൊൻപതാമതു മൽസരം കൊൽക്കൊത്ത ഈഡൻ ഗാർഡൻസിനും നല്കി.

ഒരല്പം പോലും വിട്ടുവീഴ്ച കാണിക്കാത്ത എതിരാളികളായിരിക്കും തങ്ങൾ എന്ന് വെസ്റ്റ് ഇൻഡീസ് ടീം മാനേജർ റിച്ചി റിച്ചാർഡ്സൺ പ്രഖ്യാപിച്ചു. ഒരോ റണ്ണും നേടാൻ സച്ചിന് വിയർപ്പൊഴുക്കേണ്ടി വരും എന്ന് ഷെയ്ൻ ഷില്ലിങ്ഫോർഡ് എന്ന സ്പിന്നർ പറഞ്ഞു. രണ്ടു വാദങ്ങളിലും കഴമ്പുണ്ടായി.

2013 നവംബർ 6. കൊൽക്കൊത്ത ഈഡൻ ഗാർഡൻസ്  മൈതാനത്തെ സച്ചിന്റെ അവസാന ടെസ്റ്റ് ആരംഭിച്ചു. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 138-2 എന്ന സുരക്ഷിതമായ നിലയിൽ നിന്നും മുഹമ്മദ് ഷമി എന്ന പുതുമുഖ പെയ്സ് ബൌളറുടെ മിടുക്കിൽ 172-6 എന്ന അവസ്ഥയിലേക്ക് അവർ മൂക്കു കുത്തി. പ്രധാന സ്പിന്നർ അശ്വിൻ അത്ര മികവു കാട്ടാഞ്ഞപ്പോൾ ധോണി പന്ത് സച്ചിനു നല്കി. ഷെയ്ൻ ഷില്ലിംഗ് ഫോർഡായിരുന്നു ക്രീസിൽ. ഓവർ നമ്പർ 63. ആദ്യ പന്ത് ഒരു ലെഗ് ബ്രെയ്ക്ക് ആയിരുന്നു. അത് ഡിഫൻഡ് ചെയ്യപ്പെട്ടു. രണ്ടാമത്തേത് ഒരു കുത്തിത്തിരിയൻ ഗൂഗ്ലി! ലെഗ് സൈഡിൽ പിച്ച് ചെയ്തു കുത്തിത്തിരിഞ്ഞ്, അതു ധോണിയേയും കളിപ്പിച്ച് പിന്നിലേക്കു പാഞ്ഞു. 4 റൺസ് ബൈ. ഓഫ് സൈഡിൽ പിച്ച് ചെയ്ത അടുത്ത പന്ത്, സ്പിൻ ചെയ്തു പുറത്തേക്ക്. ഷില്ലിംഗ് ഫോഡ് അതു തടുത്തിട്ടു. അടുത്ത പന്ത് നന്നായി ഫ്ലിയറ്റ് ചെയ്തു വിട്ട ഒരു സ്ട്റെയ്റ്റ് ഡെലിവറി. പന്തിന്റെ ഗതി മനസ്സിലാക്കാൻ കഴിയാഞ്ഞ ഷില്ലിംഗ്ഫോർഡ് സ്റ്റമ്പിനു മുന്നിൽ കുരുങ്ങി. എൽ.ബി.ഡബ്ല്യു! ഈഡൻ ഗാർഡൻസ് പൊട്ടിത്തെറിച്ചു. ജനക്കൂട്ടത്തിന്റെ ആരവത്തിനു നടുവിൽ സച്ചിൻ ഇരു കൈകളുമുയർത്തി വിജയമുദ്ര കാണിച്ചു. വിൻഡീസ് 192-7. അധികം താമസിയാതെ അവർ 234 ന് ഓൾ ഔട്ടായി.



ഇൻഡ്യ ബാറ്റിംഗ് ആരംഭിച്ചു. ആദ്യമായി കാണികൾ ഇൻഡ്യൻ വിക്കറ്റ് വീഴാൻ വേണ്ടി കാത്തിരുന്നു. അവർക്ക് എങ്ങനെയെങ്കിലും സച്ചിൻ ക്രീസിലെത്തിയാൽ മതി എന്ന ചിന്ത മാത്രം! എന്നാൽ ശിഖർ ധവാനും, മുരളി വിജയും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തു. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇൻഡ്യ വിക്കറ്റ് നഷ്ടമില്ലാതെ 37.

രണ്ടാം ദിനം രാവിലെ തന്നെ ധവാനും, കുറേക്കഴിഞ്ഞ് വിജയും വീണു. രണ്ടു വിക്കറ്റും ഷില്ലിംഗ് ഫോഡിന്. സ്കോർ 57-2. ഓവർ നമ്പർ 21. കാതടപ്പിക്കുന്ന കരഘോഷത്തോടെ സച്ചിൻ ഗ്രൌണ്ടിലേക്കിറങ്ങി. ആദ്യ പന്ത് തിടുക്കത്തിൽ ഡിഫൻഡ് ചെയ്തിട്ടു. രണ്ടാം പന്ത് ലെഗ് സൈഡിൽ. ഒരു റൺ ലെഗ് ബൈ. വെസ്റ്റ് ഇൻഡീസ് നിരയിലെ വേഗമേറിയ ബൌളർ ടിനോ ബെസ്റ്റായിരുന്നു അടുത്ത ഓവർ എറിഞ്ഞത്. നാലാം പന്തിൽ ഒരു റൺ നേടി അക്കൌണ്ട് തുറന്നു. അടുത്ത ഓവറിൽ വീണ്ടും ഷില്ലിംഗ് ഫോഡ്. ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ ബൌണ്ടറിയിലേക്ക്. അടുത്തത് കട്ട് ചെയ്യാൻ ശ്രമിച്ചു. കിട്ടിയില്ല. മൂന്നാം പന്തും മിഡ് വിക്കറ്റ് ബൌണ്ടറിയിലേക്കു പാഞ്ഞു! സച്ചിൻ മൂഡിലായി. എന്നാൽ ഏതാനും ഓവറുകൾക്കുള്ളിൽ  പുജാര പുറത്തായി. ഷില്ലിംഗ് ഫോഡിന്റെ അടുത്ത ഓവറിൽ ആദ്യ രണ്ടു പന്തും സച്ചിൻ തടുത്തിട്ടു. എന്നാൽ മൂന്നാമത്തെ പന്ത് ഒരു 'ദൂസര' ആയിരുന്നു. അത് മനസ്സിലാക്കാൻ സച്ചിൻ താമസിച്ചു. പന്ത് കാലിൽ തട്ടി. അപ്പീൽ ഉയർന്നു. അമ്പയർ നിഗൽ ലോങ്ങ് കൈ പൊക്കി. ഈഡൻ ഗാർഡൻസ് നിശ്ശബ്ദമായി.

സച്ചിൻ തെണ്ടുൽക്കർ എൽ.ബി.ഡബ്ല്യു. ഷില്ലിംഗ് ഫോഡ് 10 (2 ഫോർ)

മുഴുവൻ കാണികളും എണീറ്റു നിന്ന് സച്ചിന് ആദരപൂർവം വിട നല്കി.

എന്നാൽ റീപ്ലേകളിൽ പന്ത് കാലിൽ വളരെ ഉയരത്തിലാണു തട്ടിയതെന്നും, അത് സ്റ്റമ്പിനു മുകളിലൂടെയേ പോകുമായിരുന്നുള്ളൂ എന്നും തെളിഞ്ഞു. ഇൻഡ്യ റിവ്യൂ സിസ്റ്റത്തിനെതിരായതിൽ ആരാധകർ അരിശം കൊണ്ടു. ചിലർ അമ്പയർ ലോങ്ങിനെ 'കൈകാര്യം' ചെയ്യണമെന്നാവശ്യപ്പെട്ടു!

(എറ്റവും ദു:ഖകരമായ കാര്യം ഒരു മാസത്തിനുള്ളിൽ, ഷില്ലിംഗ് ഫോഡിന്റേത് ഇല്ലീഗൽ ബൌളിംഗ് ആക്ഷൻ ആണെന്ന് ഐ.സി.സി. സ്ഥിരീകരിച്ചു എന്നുള്ളതാണ്! കയ്യോടെ ആളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു! സച്ചിന്റെ കരിയറിൽ ഇത്തരം  എത്രയോ എൽ.ബി. ഡബ്ല്യുകൾ! സാന്ദർഭികമായി പറയട്ടെ, എറ്റവും കൂടുതൽ എൽ.ബി. പുറത്താകലുകൾ അനുഭവിച്ചതിന്റെ ലോക റെക്കോർഡും സച്ചിനു തന്നെ - 63 തവണ! )

ഇൻഡ്യക്ക് ഞെട്ടൽ അവസാനിച്ചിരുന്നില്ല. തന്റെ അടുത്ത ഓവറിൽ ഷില്ലിംഗ്ഫോഡ് വിരാട് കോലിയെ പുറത്താക്കി! ഇൻഡ്യ 83-5.

ധോണിയും, ആദ്യ ടെസ്റ്റ് കളിക്കുന്ന രോഹിത് ശർമ്മയും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്നു വന്നതും അപ്രതീക്ഷിത പ്രകടനമായിരുന്നു.  അശ്വിനും രോഹിത്തും കൂടി 280 റൺസ് പാർട്ട് ണർഷിപ്പ്! ഇൻഡ്യ 453 ഒൾ ഔട്ട്! രോഹിത് 177. അശ്വിൻ 124.

ഇതോടെ രണ്ടാമതൊരു വട്ടം കൂടി സച്ചിൻ ബാറ്റിംഗിനിറങ്ങാനുള്ള സാധ്യത മങ്ങി. ഇൻഡ്യൻ ബൌളർമാർ, പ്രത്യേകിച്ച് മുഹമ്മദ് ഷമി അപാര ഫോമിലായിരുന്നു. 5 വിക്കറ്റ് നേടിയ ഷമി വിഡീസിനെ 168 ന് പുറത്താക്കി. ഇൻഡ്യ ഇന്നിംഗ്സിനും 51 റൺസിനും ജയിച്ചു. രോഹിത് മാൻ ഒഫ് ദ മാച്ചായി.

കളിക്കു ശേഷം സച്ചിനെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. പഴയ തോഴൻ സൌരവ് ഗാംഗുലി സച്ചിനെ കിരീടം അണിയിച്ചു. ആലിംഗനം ചെയ്തു.



അവസാന മൽസരം മുംബൈയിൽ ആണെങ്കിലും ആശങ്കകൾ ധാരാളം ഉണ്ടായിരുന്നു. വാങ്കഡെയിൽ നടന്ന അവസാന 7 ടെസ്റ്റുകളിൽ നാലിലും ഇൻഡ്യ തോല്ക്കുകയാണുണ്ടായത്. ജയിച്ചത് രണ്ടിൽ മാത്രം. എങ്കിലും ആരാധകർ  തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സച്ചിൻ സെഞ്ച്വറി നേടി വിരമിക്കും എന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും.

സച്ചിന്റെ അവസാന ടെസ്റ്റ് മൽസരം  കാണാൻ ആരാധകർ ലോകമെമ്പാടും നിന്ന് ക്യാസൂംഗ.കോമിലേക്കിരച്ചെത്തി. വെബ് സൈറ്റ് ഡൌണായി. എന്നിട്ടും വെറും 15 മണിക്കൂറിൽ ടിക്കറ്റ് തീർന്നു! അതിഭാഗ്യവാന്മാർക്കു മാത്രം ടിക്കറ്റ് കിട്ടി.

നവംബർ 14 വന്നണഞ്ഞു. കാണികൾ സച്ചീൻ.... സച്ചീൻ.... എന്നു വിളിച്ചു കൊണ്ടേ ഇരുന്നു. വാങ്കഡേയിൽ, സച്ചിന്റെ മുഖം ആലേഖനം ചെയ്ത നാണയം വച്ച് ധോണി ടോസ് ചെയ്തു. ഡാരൻ സമി  ഹെഡ്സ് വിളിച്ചു. വീണത് ടെയ്ൽസ്. ധോണി ടോസ് ജയിച്ചു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ക്യാപ്റ്റൻ കൂൾ, ബൌളിംഗ് തിരഞ്ഞെടുത്തു.

സമയം ഒൻപതരയാകാൻ രണ്ടര മിനിറ്റുള്ളപ്പോൾ സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ കൌണ്ട് ഡൌൺ ആരംഭിച്ചു. ഐതിഹാസികമായ ഈ ടെസ്റ്റിൽ പന്തെറിയാൻ ഇനി 150 സെക്കൻഡുകൾ മാത്രം!

ഇരുനൂറാമതു ടെസ്റ്റു കളിക്കാൻ ധോണി സമ്മാനിച്ച പുതുപുത്തൻ തൊപ്പി ധരിച്ച് സച്ചിൻ, ഇൻഡ്യൻ ടീമിനെ മൈതാനത്തേക്കു നയിച്ചു. കൌണ്ട് ഡൌണിലെ അവസാന പത്തു സെക്കൻഡുകൾ ഇൻഡ്യൻ താരങ്ങൾ എണ്ണി. അവസാന സെക്കൻഡ് ധോണി എണ്ണി. തൊണ്ണൂറ്റൊൻപതാം ടെസ്റ്റ് കളിക്കുന്ന ക്രിസ് ഗെയ്ലിനൊപ്പം കീറൺ പവൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വന്നു. ഭുവനേശ്വർ കുമാർ ആദ്യ പന്തെറിഞ്ഞു. ഗെയ്ൽ അത് വൈഡ് മിഡോണിലേക്കു കളിച്ച് ഒരു റൺ നേടി. ഒടിയെത്തി ആദ്യ പന്ത് ഫീൽഡ് ചെയ്തത് സച്ചിൻ രമേഷ് തെണ്ടുൽക്കർ! ജനം ഇളകി മറിഞ്ഞു.

അദ്യ ടെസ്റ്റിലെപ്പോലെ ഇവിടെയും ഗെയ്ൽ ആദ്യമേ പോയെങ്കിലും,  വെസ്റ്റ് ഇൻഡീസിന് നല്ല തുടക്കം കിട്ടി. 86-1. എന്നാൽ പ്രഗ്യാൻ ഓജയും, അർ. അശ്വിനും കൂടി അവരെ തകർത്തു. ഓജയ്ക്ക് 5 വിക്കറ്റ്. അശ്വിന് 3. ജനം ആവേശത്തിലായി. ഇൻഡ്യൻ ഒപ്പണർമാർ വന്നു. ധവാനും, വിജയും തകർത്തു കളിച്ചുതുടങ്ങി. അവർ 77-0 എത്തിയപ്പോൾ ധവാനെ ഷില്ലിംഗ്ഫോഡ് വീഴ്ത്തി. ഒരു പന്തിനു ശേഷം വിജയും വീണു! മൂന്നു പന്തിൽ 2 വിക്കറ്റ്. ജനം ആഹ്ലാദാരവം മുഴക്കി!

കഴിഞ്ഞ കളിയിലെപ്പോലെ വിജയ് പോയപ്പോൾ സച്ചിൻ വന്നു. ഒരു നാല്പതുകാരന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ..... ഇപ്പോഴും കളിക്കളത്തിലിറങ്ങാൻ ആവേശമുള്ള ചെറുപ്പക്കാരനെപ്പോലെ...



വെസ്റ്റ് ഇൻഡ്യൻ ക്രിക്കറ്റ് ടീം ഒന്നാകെ നിരന്നു നിന്ന് ഗാർഡ് ഒഫ് ഓണർ നല്കി. സ്റ്റേഡിയം മുഴുവൻ ശബ്ദ മുഖരിതം.

ഒരോവറിൽ രണ്ടു വിക്കറ്റ് വീണ സമയം.... അവസാന ടെസ്റ്റ് കളിക്കുന്നയാൾ അല്ലെൻകിൽ കൂടി ചൻകിടിക്കുന്ന സന്ദർഭം... ഇനിയും 2 പന്ത് ബാക്കിയുണ്ട്. സച്ചീൻ.... സച്ചീൻ....എന്ന ആരവം എല്ലായിടത്തും.... അവസാന മൽസരം കളിക്കുന്ന ഒരു മനുഷ്യന് വികാരാധീനനാകാതെ എങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കാനാവും എന്ന് ആരും സംശയിച്ചുപോകുന്ന അവസ്ഥ...

ഗ്യാലറിയിൽ സച്ചിന്റെ അമ്മയും, ഭാര്യയും, മക്കളും, ഇൻഡ്യൻ ക്രിക്കറ്റിലെ മഹാരഥന്മാരും നിരന്നു. എല്ലാവരും പ്രാർത്ഥനാ നിരതരായിരുന്നു. സച്ചിന്റെ മികച്ച പ്രകടനം എല്ലാവരും ആഗ്രഹിക്കുന്നു...

മഹാനായ ബ്രാഡ്മാനെപ്പോലെ സച്ചിനും കണ്ണു നിറഞ്ഞ് പൂജ്യത്തിനു പുറത്താകുമോ? ഒരു എൽ.ബി. അപ്പീൽ ഉയരുകയും, അമ്പയർ വിരലുയർത്തിപ്പോവുകയും ചെയ്യുമോ? ഗ്രൌണ്ടിലും, ടെലിവിഷനിലും കളികണ്ടുകൊണ്ടിരുന്ന എല്ലാവരേയും  ത്രസിപ്പിക്കുന്ന, രോമാഞ്ചപുളകിതരാക്കുന്ന അനിർവചനീയതയുടെ നിമിഷങ്ങൾ....

സച്ചിൻ വന്ന് ക്രീസിൽ നിലയുറപ്പിച്ചു.ബാറ്റിനു ചുറ്റും 4 ഫീൽഡർമാർ. വെസ്റ്റ് ഇൻഡീസ് ഒന്നും തളികയിൽ വച്ചു നീട്ടില്ല എന്നത് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ഷില്ലിംഗ്ഫോഡ് . പാക്കിസ്ഥാൻ സ്പിൻ മാന്ത്രികൻ സഖ് ലെയ്ൻ മുഷ്താഖ് 'ദൂസര' യിൽ പ്രത്യേക പരിശീലനം നല്കി അനുഗ്രഹിച്ചു വിട്ട ബൌളറാണ് ഷില്ലിംഗ് ഫോഡ്. കഴിഞ്ഞ കളിയിൽ സച്ചിന്റെയുൾപ്പടെ 5 വിക്കറ്റ് നേടിയ ആൾ. സാങ്കേതികമായി ഔട്ടല്ലായിരുന്നെങ്കിലും ആ 'ദൂസര' മനസ്സിലാക്കാൻ സച്ചിൻ പരാജയപ്പെട്ടതായിരുന്നു എൽ.ബി. അപ്പീലിനു തന്നെ കാരണം. അതുകൊണ്ടുതന്നെ ഓരോ പന്തും നിലനിൽപ്പിനായുള്ള പോരാട്ടമാവും.

ആ ഓവറിലെ അഞ്ചാം പന്ത്. സച്ചിൻ ഫോർവേഡ് ഷോട്ട് ലെഗ്ഗിലേക്കു കളിച്ചു. ബൌളർ 'ക്യാച്ച് ഹിം!' എന്നലറി കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയെങ്കിലും പന്ത് നിലത്തുതന്നെ അടിച്ചിട്ടു സച്ചിൻ. അടുത്ത പന്തും സുരക്ഷിതമായി ഡിഫൻഡ് ചെയ്യപ്പെട്ടു.

ക്രീസിൽ രണ്ട് പുതിയ ബാറ്റ്സ്മാന്മാർ. സച്ചിൻ 0*, പുജാര 0*

പെയ്സ് ബൌളർ ഗബ്രിയേൽ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ പുജാര പോയിന്റിലൂടെ ബൌണ്ടറിയടിച്ചു. അപ്പോഴും കാണികൾ "സച്ചീൻ.... സച്ചീൻ...." എന്ന് ആരവം മുഴക്കിക്കൊണ്ടിരുന്നു.

ഇരുനൂറാമത്തെ ടെസ്റ്റ് കളിക്കുമ്പോഴും കാണികളിൽ ഈ ആവേശമുയർത്താൻ ലോകത്ത് ഒരേയൊരാൾക്കേ കഴ്ഹിഞ്ഞിട്ടുള്ളൂ എന്നോർക്കുമ്പോൾ എതു ഭാരതീയനാണ് രോമാഞ്ചം ഉണ്ടാകാത്തത്!?

അടുത്ത പന്ത് പുജാര ഡിഫൻഡ് ചെയ്തു. മൂന്നാമത്തെ പന്തിൽ വീണ്ടും ബൌണ്ടറി! ശേഷിച്ച മൂന്നു പന്തും ഡിഫൻഡ് ചെയ്തു.  ഷില്ലിംഗ് ഫോഡ് വീണ്ടും എത്തി. സച്ചിൻ മുന്നിൽ. ആദ്യ പന്തു തന്നെ സ്കവയർ ലെഗ്ഗിലേക്കടിച്ച് സച്ചിൻ ആദ്യ റൺ നേടി. കാണികൾ ഹർഷാരവം മുഴക്കി!

ഗബ്രിയേലിന്റെ ഓവറിൽ 3 സിംഗിളുകൾ. ഷില്ലിംഗ് ഫോഡിന്റെ അടുത്ത ഓവറിൽ സച്ചിൻ 2 ബൌണ്ടറികൾ നേടി. അദ്യത്തേത് പൊയിന്റിലൂടെ. രണ്ടാമത്തേത് മിഡോഫിലൂടെ. കാണികൾ ഹർഷോന്മാദത്തിലേക്ക്!

അടുത്ത ഓവറിൽ ഗബ്രിയേലിനെതിരെ പുജാര നാലാമത്തെ പന്തിൽ സിംഗിൾ നേടി. അഞ്ചാമത്തെ പന്തിൽ സച്ചിന്റെ വിഖ്യാതമായ ആ കവർ ഡ്രൈവ് വീണ്ടും കാണാൻ കാണികൾക്കായി. ഇടതു കാൽ മുന്നോട്ടു വച്ച്, ശരീരം മുന്നോട്ടൂന്നി സുന്ദരമായൊഴുകിയ ചലനങ്ങൾക്കൊടുവിൽ ഒന്നാന്തരം ടൈമിംഗോടെ പന്ത് ബൌണ്ടറിയിലേക്ക്!

സച്ചിൻ 15 പന്തിൽ 16 റൺ. കാണികൾ ആനന്ദത്തേരിൽ! സ്കോർ ബോർഡ് നോക്കിയവർ ഇത് 2013 തന്നെയോ എന്നതിശയിച്ചു. ആ ഷോട്ട് അവരെ രണ്ടു പതിറ്റാണ്ട് പിന്നിലേക്കു കൊണ്ടുപോയിക്കഴിഞ്ഞിരുന്നു!

പിന്നീട് ബൌളിംഗിനെത്തിയ സാമുവൽ സിനെതിരെ രണ്ടു തവണ സച്ചിൻ ബൌണ്ടറി നേടി. എന്നാൽ എറ്റവും കേമമായത് ആദ്യ ദിനം കളി അവസാനിക്കാൻ രണ്ടോവർ ശേഷിക്കേ, ഡാരൻ സമിക്കെതിരെമൊഡോണിലൂടെ നേടിയ ബൌണ്ടറിയാണ്. ആഹ്ലാദാരവങ്ങ്ങ്ങൾ അതിന്റെ പരകോടിയിലെത്തി. ആദ്യ ദിനം അവസാനിക്കുമ്പോൾ 6 ബൌണ്ടറികളോടെ സച്ചിൻ 38*, 4 ബൌണ്ടറികളോടെ പുജാര 34*. ഇൻഡ്യൻ സ്കോർ 157-2

ലോകത്തൊരു കായികതാരവും ഇത്രയും സമ്മർദം നേരിട്ടിട്ടുണ്ടാവില്ല എന്ന് കളി അവലോകനത്തിൽ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചു. അവസാന മൽസരത്തിൽ പോലും സച്ചിൻ സെഞ്ച്വറി നേടും, നേടണം എന്ന സമ്മർദമാണ് ചുറ്റിലും.

ഇൻഡ്യയിലെ എറ്റവും മികച്ച കൌമാരതാരം, കളിച്ച പ്രധാന ടൂർണമെന്റുകളിലെ ആദ്യ മൽസരങ്ങളിൽ തന്നെ സെഞ്ച്വറി നേടിയവൻ, എന്നൊക്കെയുള്ള സമ്മർദത്തിലായിരുന്നു ആദ്യ ടെസ്റ്റെങ്കിൽ ഇരുനൂറാമത്തേതും അങ്ങനെ തന്നെ (അല്പം കൂടുതലല്ലെങ്കിലേ ഉള്ളൂ!)

ആദ്യദിന പ്രകടനം കണ്ട മൈക്കൽ വോൻ ട്വീറ്റ് ചെയ്തു
"എന്തിനാണ് സച്ചിൻ, വിരമിക്കുന്നത്? ഇപ്പോഴും താങ്കൾ ദൈവത്തെപ്പോലെ കളിക്കുന്നുണ്ടല്ലോ!"

 നല്ല ഫോമിൽ കളിക്കുന്ന ബാറ്റ്സ്മാന്മാർക്ക് ഇന്നിംഗ്സിനിടെയുള്ള ബ്രെയ്ക്കുകൾ അസഹനീയമാണ്. പ്രത്യേകിച്ചും ഒരു രാത്രി. (ബൌളർമാർക്ക് തിരിച്ചും!) പിറ്റേന്നു രാവിലെ പിച്ച് എങ്ങനെയുൺറ്റാകും, പന്ത് എങ്ങനെ മൂവ് ചെയ്യും എന്നൊന്നും ഒരു പിടിയുമുണ്ടാവില്ല. എകാഗ്രതയ്ക്ക് ഭംഗവും സംഭവിച്ചിട്ടുണ്ടാകും.

നവംബർ 15 നു രാവിലെ ഒൻപതരയ്ക്ക് സച്ചിൻ, പുജാരയുമൊത്ത് വീണ്ടും മൈതാനത്തേക്കു കാലൂന്നി. ജനം പെരുവിരലിലുയർന്ന് ആർപ്പു വിളിച്ചു. തലേ ദിവസം രാവിലെ 40% നിറഞ്ഞ സ്റ്റേഡിയം ഇന്ന് 60% നിറഞ്ഞു കഴിഞ്ഞു. ആയിരങ്ങൾ ടിക്കറ്റ് കിട്ടാതെ പുറത്തും! (സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ പ്രധാനമായും വിവിധ മെംബർ ക്ലബ്ബുകൾക്ക് നല്കിയതാണ് ഇതിനു കാരണം. അവരിൽ പലരും അതു മറിച്ചു വില്ക്കാൻ കൊടുത്തു. കരിഞ്ചന്തയിൽ പത്തിരട്ടി വിലയ്ക്കു വില്ക്കാൻ! ഓൺ ലൈനിൽ ലഭ്യമായിരുന്നത് 5000 ടിക്കറ്റുകൾ മാത്രം!)

ഒരു മണിക്കൂറിനുള്ളിൽ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. നാല്പതിനായിരം കാണികൾ സച്ചിനുവേണ്ടി ആർപ്പുവിളിച്ചലറി. ടിക്കറ്റ് നല്കുമായിരുന്നെങ്കിൽ അതിലുമേറേപ്പേർ കയറിയേനേ. പക്ഷേ വാങ്കഡേയ്ക്ക് അതിലേറെ കപ്പാസിറ്റി ഇല്ലായിരുന്നു.


തലേന്ന് അവസാന പന്ത് നേരിട്ടത് സച്ചിൻ ആയതിനാൽ, ഇന്ന് ആദ്യ പന്ത് നേരിടേണ്ടത് പുജാര. ടിനോ ബെസ്റ്റിന്റെ നാലാം പന്തിൽ പുജാര സിംഗിൾ എടുത്തു. അടുത്ത പന്ത് സച്ചിൻ ഡിഫൻഡ് ചെയ്തു. അവസാനപന്തിൽ ഒരു സിംഗിൾ.

ഷില്ലിംഗ്ഫോഡ് വീണ്ടും. ആദ്യ രണ്ടു പന്തും തടുത്തിട്ട സച്ചിൻ അടുത്ത രണ്ടെണ്ണത്തിലും ബൌണ്ടറിയടിച്ച് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചു. ഒച്ച കാരണം ഒന്നും കേൾക്കാൻ വയ്യാത്ത അവസ്ഥ. ആ ഓവർ അങ്ങനെ കഴിഞ്ഞു. അടുത്ത ഷില്ലിംഗ്ഫോഡ് ഓവറിലും ഒരു സിംഗിൾ നേടി. ടിനോ ബെസ്റ്റിനെ നേരിടുമ്പോൾ സച്ചിൻ 48*. ജനം അർദ്ധസെഞ്ച്വറി പ്രതീക്ഷയിൽ കയ്യടിയാരംഭിച്ചു. ഇൻഡ്യൻ സ്കോർ എത്രയെന്നതിനേക്കാൾ അതായിരുന്നു ജനം ചിന്തിച്ചുകൊണ്ടിരുന്നത്! ആദ്യ നാലു പന്തിൽ റണ്ണില്ല. അഞ്ചാം പന്ത് സച്ചിന്റെ  ട്റേഡ് മാർക്ക് ഷോട്ട്! സ്ട്രെയ്റ്റ് ഡ്രൈവ്! ബൌണ്ടറി!

ക്യാമറ സച്ചിന്റെ പ്രിയ പത്നിയിലേക്ക്. കയ്യടിക്കുന്ന അഞ്ജലി. സച്ചിനോട് ക്ഷമാപൂർ വം ക്രീസിൽ നിന്നു കളി തുടരാൻ ആംഗ്യം കാണിക്കുന്ന അഞ്ജലി...
സച്ചിന്റെ അമ്മ, ബന്ധുക്കൾ....
അഹ്ലാദാതിരേകത്തിലായ കാണികൾ...

താൻ നല്ല മൂഡിലാണെന്ന് അടുത്ത ഓവറിൽ ഷില്ലിംഗ് ഫോർഡിനെ ബാക്ക് വേഡ് പോയിന്റിൽ ബൌണ്ടറിയടിച്ച് സച്ചിൻ വീണ്ടും തെളിയിച്ചു. രണ്ടോവറുകൾക്കു ശേഷം ടിനോ ബെസ്റ്റിന്റെ ആദ്യ പന്തിൽ തന്നെ കവർ ഡ്രൈവ് ചെയ്തു. ക്ലാസിൿ ഷോട്ട്. ഫോർ റൺസ്! ഗബ്രിയേലിനെതിരെ വീണ്ടും സ്ട്രെയ്റ്റ് ഡ്രൈവ്! ബൌണ്ടറി നമ്പർ 12 !



പ്രധാന ബൌളർമാർ പരാജയപ്പെട്ടപ്പോൾ ഡാരൻ സമി പന്ത് ഡിയോനരൈനു നല്കി. ആ ഓവറിൽ പുജാര ഒരു ഫോറും സിംഗിളും അടിച്ചു. ഗബ്രിയേൽ എറിഞ്ഞ അടുത്ത ഓവറോടെ ഡ്രിങ്ക്സ് ബ്രെയ്ക്ക്. സച്ചിൻ 71* പുജാര 58*.

ബ്രെയ്ക്കിനു ശേഷം ഡിയോനരൈൻ തുടർന്നു. ആദ്യ പന്തിൽ പുജാര 1 റൺ. അടുത്തതിൽ സച്ചിൻ 2 റൺസ്. തുടർന്നൊരു സിംഗിൾ. നാലാം പന്തിൽ പുജാര വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ സ്റ്റേഡിയം നിശ്ശബ്ദമായി...!

നിരുപദ്രവമെന്നു തോന്നിയ പന്ത് വിചാരിച്ചതിനേക്കാൾ കൂടുതൽ ഉയർന്നു. സച്ചിന്റെ ബാറ്റിലുരസി അത്, സ്ലിപ്പിൽ കാത്തു നിന്ന സമിയുടെ കൈകളിലേക്ക്. എല്ലാം കഴിഞ്ഞു.

ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയ ഹംസഗീതം ഇവിടെ അവസാനിച്ചു. ഒരു തരിപോലും ബോറടിപ്പിക്കാതെ, വലിച്ചു നീട്ടാതെ, ഇനിയുമൊന്നു കൂടി എന്ന കൊതി അവശേഷിപ്പിച്ചുകൊണ്ട്, അതവസാനിച്ചു!

അവിശ്വസനീയമായ നിമിഷങ്ങൾക്കൊടുവിൽ സച്ചിൻ തിരിച്ചു നടക്കാൻ തുടങ്ങി. സമനില തിരിച്ചുപിടിച്ച സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. ലോകം കണ്ട എറ്റവും വലിയ ക്രിക്കറ്റ് താരത്തിന്റെ മടക്കയാത്ര. ഒരു നവംബർ 15 നു തുടങ്ങിയ യാത്ര മറ്റൊരു നവംബർ 15 നു മഹത്തായ പരിസമാപ്തിയിലേക്ക്.



സച്ചിൻ കളിക്കളത്തിനു പുറത്തേക്ക്, കോലി അകത്തേക്ക്....
കാലത്തിന്റെ നിയോഗം പോലെയൊരു സീൻ!
സച്ചിനു പകരക്കാരനാവാൻ യോഗം വിരാട് കോലിക്കു തന്നെ!

കോലി ഫിഫ്റ്റിയടിച്ചു. പുജാര സെസെഞ്ച്വറി നേടി. രോഹിത് ശർമ്മ തുടരെ രണ്ടാം സെഞ്ച്വറിനേടി. ഇൻഡ്യ 495. വിൻഡീസ് രണ്ടാമിന്നിംഗ്സിൽ ഫീൽഡ് ചെയ്യാനിറങ്ങിയ സച്ചിനെ ജനം വീണ്ടും ഹർഷാതിരേകത്തോടെ ആർപ്പുവിളിച്ചു സ്വീകരിച്ചു.  രണ്ടാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് 43-3. ഇൻഡ്യ രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വരില്ല എന്ന് 99% ഉറപ്പായി.

പിറ്റേന്നു രാവിലെ ഫുട്ട്ബോൾ കളിച്ച്  വാം അപ്പ് ചെയ്ത് സച്ചിൻ തയ്യാറായി. ജനം  കാത്തു നിൽക്കുകയാണ്. അല്പനേരത്തിനുള്ളിൽ ഡ്രെസിംഗ് റൂമിലേക്കുള്ള സ്റ്റെപ്പുകയറുന്നതിനിടയിൽ അവർ സച്ചിനെ പൊതിഞ്ഞു, ഒട്ടോഗ്രാഫുകൾ നീട്ടിയ എല്ലാവർക്കും ഒപ്പിട്ടു നല്കി. അകത്തേക്കു കയറി മിനിറ്റുകൾക്കുള്ളിൽ ടീമംഗങ്ങളുമായി പുറത്തു വന്നു. ഒരു ടീം ഫോട്ടോ സെഷൻ. അതിനു ശേഷം ധോണി എല്ലാവരെയും അകത്തേക്കു വിളിച്ചു. തുടർന്ന് സച്ചിൻ ടീമിനെ നയിച്ചുകൊണ്ട് ഗ്രൌണ്ടിലേക്ക്.... അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന ദിനം.... എന്തൊക്കെയായിരിക്കും സച്ചിന്റെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവുക...! 24 കൊല്ലം മുൻപ് പാക്കിസ്ഥാനിൽ തുടങ്ങിയ കേളീ സപര്യ ഇവിടെ സമാപിക്കുകയാണ്....

അശ്വിനും ഓജയും ബൌളിംഗ് പുനരാരംഭിച്ചു. ഗെയ്ൽ ഇടക്ക് എതാനും ഫോറുകളും ഒരു സിക്സറും പറത്തിയെങ്കിലും വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ജനം അസഹ്യരായി. അവർ ധോണിയെ കൂവിവിളിച്ചു. "സച്ചിന് ഓവർകൊടുക്കൂ!" ആരവമുയർന്നു.

ഒടുവിൽ നാല്പത് ഓവർ കഴിഞ്ഞപ്പോൾ, സ്കോർ 162-8 ആയപ്പോൾ പന്ത് സച്ചിന്റെ കയ്യിൽ! ജനം വീണ്ടും ആവേശത്തിലായി. രാംദിൻ ആണ് ബാറ്റ്സ്മാൻ. മൂന്നാം പന്തിൽ ഒരു സിംഗിൾ. അടുത്ത മൂന്നു പന്തും ഷില്ലിംഗ് ഫോഡ് പ്രതിരോധിച്ചു. ഓജയുടെ ഒരോവറിനു ശേഷം വീണ്ടും സച്ചിൻ. അദ്യ പന്തിൽ രാംദിൻ 2, അടുത്ത പന്തിൽ 4. അതിനടുത്തതിൽ 1. ശേഷിച്ച മൂന്നു പന്തും ഷില്ലിംഗ് ഫോഡ് പ്രതിരോധിച്ചു. അമ്പയർമാർ ലഞ്ച് 15 മിനിറ്റ് നീട്ടി വച്ചു. അശ്വിൻ വീണ്ടുംവന്നു. ഷില്ലിംഗ് ഫോഡ് ഔട്ട്. ലോങ് ഓണിൽ നിന്ന സച്ചിൻ ഒഴികെയുള്ളവർ ഒത്തുകൂടി എന്തോ സംസാരിച്ചു.

ഓജയുടെ ഒരോവറിനു ശേഷം മുഹമ്മദ് ഷമി വന്നു. അദ്യ അഞ്ചു പന്തുകളിൽ വിക്കറ്റില്ല. അവസാന പന്ത്, സച്ചിൻ സ്കവയർ ലെഗ് ബൌണ്ടറിയിൽ. പാഞ്ഞു വന്ന ഷമി ഗബ്രിയേലിനെ ക്ലീൻ ബൌൾ ചെയ്തു! വിൻഡീസ് 187 നു പുറത്ത്.സമയം 11.50.

സച്ചിൻ കൈകൾ ഉയർത്തി, ബൌണ്ടറിയിൽ നിന്നും കൂട്ടുകാർക്കരികിലേക്കു കുതിച്ചു.  ചരിത്രം ഒരു നിമിഷം കൺ ചിമ്മി നിന്നു. ഈ നിമിഷം മുതൽ ഈ മനുഷ്യൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്... മുൻ ഇൻഡ്യൻ താരം സച്ചിൻ രമേഷ് തെണ്ടുൽക്കർ!

കൂട്ടുകാർ അപ്പോഴേക്കും അല്പം മുൻപ് ഒത്തുകൂടിയപ്പോൾ നിർദേശിക്കപ്പെട്ട പ്രകാരം സച്ചിന് ഇരുവശങ്ങളിലായി നിരന്നു. വിജയസ്മരണികയായി ഊരിപ്പിടിച്ച സ്റ്റമ്പുമായി സച്ചിനൊപ്പം ചലിക്കുന്ന ഗാർഡ് ഒഫ് ഓണറുമായി കൂട്ടുകാർ നീങ്ങി. മുംബൈ വാങ്കഡേ സ്റ്റേഡിയവും, ലോകം മുഴുവൻ ഈ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിനാളുകളും  അക്ഷരാർത്ഥത്തിൽ രോമാഞ്ചപുളകിതരായി. (എട്ടു വർഷത്തിനു ശേഷം ഇൻഡ്യ സാക്ഷ്യം വഹിച്ച എറ്റവും വലിയ ടി.വി. വ്യൂവർഷിപ്പായിരുന്നു ഈ മൽസരത്തിനു കിട്ടിയത്!)




മിഴിക്കോണിലെങ്ങോ ഉറഞ്ഞുകൂടിയ നീർത്തുള്ളിയുമായി സച്ചിൻ, മൈതാനത്തുനിന്ന് ഡ്രെസിംഗ് റൂമിലേക്ക് നടന്നു. അവിടെ അഞ്ജലി മക്കൾക്കൊപ്പം കാത്തു നില്പുണ്ടായിരുന്നു. അവരെ കടന്ന് വെസ്റ്റിൻഡ്യൻ ഡ്രെസിംഗ് റൂമിൽ അല്പനേരം ചിലവഴിച്ച്, കൂട്ടുകാരൻ ബ്രയൻ ലാറയോട് എന്തോ പറഞ്ഞ് സച്ചിൻ തിരിച്ചെത്തി.

ജനം മുഴുവൻ എണീറ്റുനിന്ന് കയ്യടിച്ചുകൊണ്ടേയിരുന്നു. ആരവങ്ങൾക്കിടയിൽ പ്രസന്റേഷൻ സെറിമണി ആരംഭിച്ചു.

പത്തു വിക്കറ്റ് നേടിയ ഓജ മാൻ ഒഫ് ദ മാച്ച്. രോഹിത് ശർമ്മ മാൻ ഒഫ് ദ സീരീസ്. ഓജ തന്റെ മാൻ ഒഫ് ദ മാച്ച് സച്ചിനു സമർപ്പിച്ചു. തുടർന്ന് സമിയും, ധോണിയും സംസാരിച്ചു. ഒടുവിൽ രവി ശാസ്ത്രി മൈക്ക് സച്ചിനു നല്കി....
 
അവസാന കളിയിൽ സച്ചിന്റെ സെഞ്ച്വറി കാണാൻ കഴിഞ്ഞില്ലല്ലോ  എന്ന് എല്ലാവരും കരുതി. എന്നാൽ നൂറ്റൊന്നാമത്തേത് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ!

ഒരു സെഞ്ച്വറിയിൽ ഒട്ടും താഴെയായിരുന്നില്ല അത്!

സച്ചിന്റെ വിടവാങ്ങൽ പ്രസംഗം!

"സുഹൃത്തുക്കളേ... ദയവായി ശാന്തരാകൂ... അല്ലെങ്കിൽ ഞാൻ കൂടുതൽ വികാരാധീനനാകും...." ജനക്കൂട്ടം ശാന്തരായി. തുടർന്നു പറഞ്ഞ ഒരോ വാക്കും നെഞ്ചിലേറ്റി അവർ നിന്നു.

ഇരുപത്തിരണ്ടു വാരകൾക്കിടയിൽ 24 വർഷങ്ങൾ താണ്ടിയ അനുഭവം വാക്കുകളിലൂടെ സച്ചിൻ വരഞ്ഞു. തന്റെ പിതാവിൽ തുടങ്ങി അമ്മയിലൂടെ, സഹോദരന്മാരിലൂടെ, സഹോദരിയിലൂടെ, ഗുരുവിലൂടെ, ഭാര്യയിലൂടെ, മക്കളിലൂടെ കടന്ന് അത് നീണ്ടുപൊയ്ക്കൊണ്ടേയിരുന്നു. പറയണമെന്നാഗ്രഹിച്ചവരുടെ  പേരു വിട്ടുപോകാതിരിക്കാൻ കയ്യിൽ ഒരു ലിസ്റ്റുണ്ടായിരുന്നെങ്കിലും, തികച്ചും അയത്നലളിതമായിരുന്നു, ഹൃദയത്തിൽ നിന്നൊഴുകി വന്നതായിരുന്നു, ഒരോ വാക്കും. കേട്ടുനിന്നവരുടെ രോമങ്ങൾ എഴുന്നു നിന്നു. അഞ്ജലിയുടെയും മക്കളുടെയും കണ്ണുകൾ നിറഞ്ഞു.



പ്രസംഗം തീർന്ന ശേഷം, തന്റെ പ്രിയപ്പെട്ട വാങ്കഡേയ്ക്കു വലം വയ്ക്കാൻ സച്ചിൻ നീങ്ങി. ടീമംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ പിന്നാലെ. ഒടുവിൽ ധോണിയും, കോലിയും ചേർന്ന് സച്ചിനെ തോളിലേറ്റി. ഭ്രാന്തമായ ആരവങ്ങൾക്കു നടുവിൽ ത്രിവർണപതാകയേന്തിയ  വിജേതാവ് മൈതാനം ചുറ്റി.



ഒടുവിൽ നിലത്തിറങ്ങി തനിക്കു സ്വന്തമായി എതാനു നിമിഷങ്ങൾ തരൂ എന്നാവശ്യപ്പെട്ടു. ജനം നോക്കി നില്ക്കേ, സച്ചിൻ എകനായി മൈതാന മധ്യത്തേക്കു നടന്നു. തന്റെ ശ്രീകോവിലായ ക്രിക്കറ്റ് പിച്ചിലേക്ക്.... അരികിലെത്തി മെല്ലെ കുനിഞ്ഞ് വലം കൈ കൊണ്ട് ആ മണ്ണിൽ തൊട്ടു. നിവർന്ന് കൈ നെഞ്ചിലമർത്തി. പിന്തിരിയും വഴി, നിറഞ്ഞുപോയ മിഴികൾ തുടച്ചു. ആ കാഴ്ചകണ്ട മുഴുവനാളുകളുടെയും കണ്ണു നനഞ്ഞു. ചിലർ പൊട്ടിക്കരഞ്ഞു. കമന്ററി ബോക്സിലുണ്ടായിരുന്ന വിദേശികളുൾപ്പടെ അതീന്ദ്രിയമായ ആ അനുഭവമറിഞ്ഞു. എന്തുകൊണ്ടാണ് തങ്ങളുടെയും കണ്ണുകൾ നിറയുന്നതെന്ന് അവർ അതിശയിച്ചു.... സ്ഥിതിവിവരക്കണക്കുകൾക്കും, വാദ പ്രതിവാദങ്ങൾക്കുമപ്പുറം മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന അനുഭവം.... അത് അനുഭവിച്ചു തന്നെ അറിയണം!


1989 നവംബർ 15 നു തുടങ്ങിയ യാത്രയ്ക്ക് 2013 നവംബർ 16 നു പൂർണവിരാമം.

200 ടെസ്റ്റുകൾ, 329 ഇന്നിംഗ്സ്, 15,921 റൺസ്, 51 സെഞ്ച്വറികൾ, 68 അർദ്ധസെഞ്ച്വറികൾ.

തനിക്കു മുൻപും, പിൻപും ഉള്ള തലമുറയ്ക്കായി സച്ചിൻ തീർത്ത ബെഞ്ച് മാർക്ക്.
ഇനി ആർക്കു വേണമെങ്കിലും ശ്രമിക്കാം, ഇതു തകർക്കാൻ!

ചരിത്രത്തിലാദ്യമാണ് ഒരു മനുഷ്യൻ 200 ടെസ്റ്റ് മൽസരങ്ങൾ കളിച്ചു തീർക്കുന്നത്. അതിനുള്ള ക്ഷമയും, ത്യാഗവും, പ്രതിഭയും, അവസരവും വേറേ ആർക്കും ഉണ്ടായിട്ടില്ല! 463 ഏകദിനങ്ങൾ കളിച്ച മറ്റൊരാളും ഈ ഭൂമുഖത്തില്ല.

463 ഏകദിനങ്ങൾ, 452ഇന്നിംഗ്സ്, 18,426റൺസ്, 49 സെഞ്ച്വറി, 96 അർദ്ധസെഞ്ച്വറി
ഭാവി തലമുറയ്ക്ക് ഇതും തകർക്കാൻ ശ്രമിക്കാം!

വെറുതെയാണോ സാക്ഷാൽ റിക്കി പോണ്ടിംഗ് ഒരിക്കൽ പറഞ്ഞത് "സച്ചിൻ കളിച്ചത്ര മൽസരങ്ങൾ കളിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ വീൽ ചെയറിൽ ആയേനേ!" എന്ന്. ശാരീരികമായ ഈ സഹനത്തേക്കാൾ എത്ര വലുതാവും ഇക്കാലയളവിലെ മാനസിക സമ്മർദം!

പിന്നീടെപ്പോഴോ ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു "കളിക്കിടയിൽ ചെറിയകാലം കൊണ്ട് എനിക്കു കിട്ടിയ പരസ്യ ഓഫറുകളും, മറ്റ് എൻഡോഴ്സ്മെന്റുകളും പോലും മനേജ് ചെയ്യാൻ പാടുപെടുകയാണ് ഞാൻ. സച്ചിൻ എങ്ങനെ ഇതെല്ലാം കൂടി മാനേജ് ചെയ്യുന്നോ ആവോ!മറ്റൊന്ന് സ്വകാര്യതയാണ്. ഞങ്ങളുടെ ടീമിലെ ലെജൻഡ് കാലിസിനു പോലും എപ്പോൾ വേണമെങ്കിലും അരോടൊപ്പവും പുറത്തുപോകാനും, തെരുവുകളിലോ ഷോപ്പിംഗ് മാളുകളിലോ കറങ്ങാനും ആവും. സച്ചിന് അതു ചിന്തിക്കാൻ കൂടി കഴിയില്ല. എന്തൊരു കഷ്ടം! "

ഇൻഡ്യയ്ക്കു വേണ്ടി കളിക്കാൻ സ്വന്തം ജീവിതത്തിൽ അത്രയേറെ നഷ്ടങ്ങൾ സഹിച്ച ആളാണ് സച്ചിൻ. അത് ജനങ്ങൾക്കറിയാം. അതാണ് ഇത്ര സ്നേഹവായ്പ് അവർ ചൊരിയുന്നത്.

സോഷ്യൽ മീഡിയയിലും, മറ്റു മാധ്യമങ്ങളിലും പ്രചരിച്ച ഒരു സന്ദേശം എത്ര ശരിയാണ്.
"ടി.വിയിൽ ക്രിക്കറ്റ് കളി വയ്ക്കാൻ ആജ്ഞാപിക്കുന്ന മുത്തശ്ശിമാർ ഇനിയുണ്ടാവില്ല...!"

ഇതിനു മുൻപും, ശേഷവും മഹാരഥന്മാരായ ക്രിക്കറ്റർമാർ വിരമിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഇത്തരം രോമാഞ്ചകരമായ യാത്രയയപ്പ് കൈപ്പറ്റിയിട്ടില്ല. താരങ്ങളുടെ താരം ഒരാൾ മാത്രം!

"താങ്ക്യു സച്ചിൻ... സച്ചിൻ തെണ്ടുൽക്കർ..... സച്ചിൻ രമേഷ് തെണ്ടുൽക്കർ...!!"
കമന്ററി ബോക്സിൽ നിന്നും ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറുടെ ശബ്ദം മാറ്റൊലിക്കൊണ്ടു


വിരമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാരത രത്നം ബഹുമതി സച്ചിനെത്തേടിയെത്തി. മറ്റെന്തിനേക്കാളും ഭാരതത്തെ ഒരുമിപ്പിക്കാൻ കഴിവുള്ള ശക്തിയായിരുന്നു സച്ചിൻ.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളം തമിഴനെന്നോ തെലുങ്കനെന്നോ, ഗുജറാത്തിയെന്നോ മലയാളിയെന്നോ,  വടക്കനെന്നോ തെക്കനെന്നോ, ഹിന്ദുവെന്നോ കൃസ്ത്യനെന്നോ, സിക്കെന്നോ മുസൽമാനെന്നോ ഭേദമില്ലാതെ നമ്മെയൊരുമിച്ച് ആർപ്പു വിളിക്കാൻ ശീലിപ്പിച്ച എക മനുഷ്യൻ!

നന്ദി.... നന്ദി.... നന്ദി!!

ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ