Tuesday, December 25, 2012

ഞാൻ ഒരു കപടസദാചാരവാദി തന്നെ!

ഡിസംബർ പതിനാറാം തീയതി ഓടുന്ന ബസ്സിൽ വച്ച് ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തോടെ തുടങ്ങിയ പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഇത:പര്യന്തമുള്ള ഭാരത ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.


തലസ്ഥാനനഗരിയുടെ തെരുവീഥിയിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും, ഇഞ്ചിഞ്ചായി അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്രതലത്തിൽ തന്നെ സ്വതന്ത്ര ഇൻഡ്യയ്ക്ക് നാണക്കേട് വരുത്തി വച്ചു.

ലൈംഗികാതിക്രമങ്ങളിൽ ഇത്രത്തോളം മൃഗീയത കണ്ടിട്ടില്ലെന്ന്  ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്രെ!

കൂട്ടമായി വളഞ്ഞിട്ട് ഭോഗിക്കുകയും ഒടുവിൽ ജനനേന്ദ്രിയത്തിനുള്ളിൽ കമ്പിവടികുത്തിക്കയറ്റുകയും ഒക്കെ മൃഗങ്ങൾ ചെയ്യുമോ? ഏതു മൃഗമാണ് ഇത്തരം ക്രൂരത കാണിക്കുക!

ഇതു മാനുഷികമായ പൈശാചികതയാണ് (പിശാച് പ്രതിഷേധിക്കുകയില്ലെങ്കിൽ!)


അതാണ് ഇത്ര തീവ്രമായി ജനം പ്രതികരിക്കാൻ കാരണം. യുവാക്കൾ തുടങ്ങിവച്ച പ്രക്ഷോഭം ആബാലവൃദ്ധം ജനങ്ങളും ഏറ്റെടുക്കുന്ന സമാനതകളില്ലാത്ത അനുഭവം ഭാരതത്തിൽ ഇതാദ്യമാണ്.

ഭൂരിപക്ഷം ഭാരതീയരുടെ മനസ്സാക്ഷിയും ആ പ്രതികരണങ്ങൾക്കൊപ്പമാണെങ്കിലും ചില്ലറ എതിരഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. 

അതിനിടെയാണ് സ്ത്രീപീഡനങ്ങൾ അവസാനിക്കാത്തത് നാടെങ്ങും ചുവന്ന തെരുവുകകൾ ഇല്ലാത്തതുകൊണ്ടാണെന്ന വാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. കാലാകാലങ്ങളിൽ സ്ത്രീപീഡനങ്ങൾ വാർത്തയിൽ നിറയുമ്പോൾ ചിലർ ഈ വാദവുമായി വരാറുണ്ട്. ഇക്കുറിയും വന്നു.

പുരുഷന്റെ അടിച്ചമർത്തിയ ലൈംഗികാഭിവാഞ്ഛയ്ക്ക് ബഹിർസ്ഫുരിക്കാനുള്ള അവസരമൊരുക്കിയാൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടാവില്ല എന്നതാണ് ഈ വാദക്കാർ ഉന്നയിക്കുന്നത്.

അതിനെ എതിർക്കുന്നവർ ഒക്കെ കപടസദാചാരവാദികൾ ആണത്രെ!

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ ചൂണ്ടിക്കാട്ടി, ഇവിടെ ഒരു ചുവന്ന തെരുവില്ലാത്തതാണ് ഇതിനു കാരണമെന്ന് പല വേദിയിൽ, പല സാമൂഹിക-വിദ്യാഭാസ നിലവാരത്തിലുള്ള പുരുഷന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ഈ ബ്ലോഗിൽ തന്നെ രണ്ടു വർഷം മുൻപൊരു പോസ്റ്റും ഇടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഫെയ്സ് ബുക്കിൽ വീണ്ടും ഈ വാദം ഉയർന്നു കണ്ടപ്പോൾ, തെറ്റിദ്ധരിച്ചിട്ടാണെന്നു സമ്മതിച്ചിട്ടാണെങ്കിലും ഒരാൾ എന്നെ കപടസദാചാരി എന്നു വിളിച്ചപ്പോൾ, അതെക്കുറിച്ച് വീണ്ടും എഴുതണമെന്നു തോന്നിപ്പോയി.

ചുവന്ന തെരുവിനു വേണ്ടി വാദിക്കുന്നവർ കാണാതെ പോകുന്ന, അഥവാ കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ.

ചുവന്ന തെരുവ് എന്നാൽ അത് കേവലം ലൈംഗികാഗ്രഹമുള്ളവർക്ക് അതു തീർക്കാൻ പറ്റിയ ഒരിടം മാത്രമല്ല. മദ്യവും, മയക്കുമരുന്നും, അധികാരവും, കൂട്ടിക്കൊടുപ്പും, ദാരിദ്ര്യവും ലൈംഗികരോഗങ്ങളും, ഭീഷണിയും ഭേദ്യം ചെയ്യലും ഒക്കെ തിമർക്കുന്ന ഒരു അധോലോകം കൂടിയാണ്.

നിഷ്കളങ്കത തട്ടിയെടുക്കപ്പെട്ട കുഞ്ഞുബാല്യങ്ങളുടെ കുരുതിക്കളമാണ്. തട്ടിക്കൊണ്ടുവന്നോ, പ്രലോഭിപ്പിച്ചോ പിഞ്ചു പെൺകിടാങ്ങളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന അറവുശാലകളാണ്.

12 ലക്ഷം കുട്ടികളാണ് ഇൻഡ്യയിലെ ചുവന്ന തെരുവുകളിൽ അകപ്പെട്ടിട്ടുള്ളതെന്ന് വിക്കി പീഡിയ പറയുന്നു.

ഇവരിൽ തട്ടിക്കൊണ്ടുപോയി കാണാതാക്കപ്പെടുന്ന ആയിരക്കണക്കിനു കുട്ടികളുണ്ട്. അഭിസാരികകളുടെ കുഞ്ഞുങ്ങളുണ്ട്. ആരുടെ കുഞ്ഞായാലും ഇളം മാംസത്തിനു വില ഇരട്ടിയാണ്!

ചുവന്നതെരുവുകൾക്കു വേണ്ടി വാദിക്കുന്ന ഒരാളും സ്വന്തം അമ്മയെയോ പെങ്ങളെയോ അവിടെ സേവനമനുഷ്ഠിക്കാൻ വിടാൻ ഇതുവരെ തയ്യാറായ ചരിത്രമില്ല. കടിഞ്ഞാണിടാൻ കഴിയാത്ത പുരുഷകാമത്തിന് കയറിമേയാൻ ബലിമൃഗങ്ങളായി കിടാങ്ങൾ എവിടെ നിന്നു വരണം?

എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക! എന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം.

ഇതു ചോദ്യം ചെയ്യുന്നവൻ കപടസദാചാരവാദിയാണ്.

ദില്ലിക്കൊപ്പമില്ലെങ്കിലും, ലോകത്തെ എറ്റവും വലിയ വേശ്യാത്തെരുവുള്ള മുംബൈയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും, ബലാത്സംഗവും വർദ്ധിച്ചുവരികയാണെന്ന സത്യം ഇവർ കണ്ടതായി നടിക്കുന്നില്ല.

ചുവന്ന തെരുവുള്ള മുംബൈയിൽ നിന്ന് ഈയിടെ (കഴിഞ്ഞ 2 മാസം) വന്ന ബലാത്സംഗവാർത്തകൾ മാത്രമൊന്നു നോക്കൂ.
http://www.deccanherald.com/content/300239/nepali-woman-gang-raped-mumbai.html

http://www.indianexpress.com/news/spanish-musician-raped-in-mumbai-apartment/1027325

http://articles.timesofindia.indiatimes.com/2012-11-10/mumbai/35033878_1_bhayander-private-parts-mumbai

http://in.news.yahoo.com/german-raped-mumbai-144205677.html

http://www.indiatvnews.com/crime/news/security-official-arrested-for-blackmail-rape-in-mumbai--2015.html

2007 ലെ കണക്കു പ്രകാരം കാമാത്തിപ്പുര എന്ന സ്ഥലത്തു മാത്രം അൻപത്തയ്യായിരത്തിലധികം വോട്ടർമാരുണ്ടത്രെ. The area has 55,936 voters in 2007 (http://en.wikipedia.org/wiki/Kamathipura)

18 വയസിനു മുകളിൽ അര ലക്ഷത്തിനു മീതെ ആളുള്ളിടത്ത് 18 വയസിനു താഴെ എത്രയുണ്ടാകുമോ എന്തോ!?  25,000 പേരെങ്കിലും ഉണ്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കൂ എത്ര ബാലജന്മങ്ങളാണ് നിത്യവും പലതവണ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്!?


കേരളത്തിൽ ഇതരമൊരു തെരുവ് നമുക്കെന്തിനാണ്!? എവിടെനിന്നു കൊണ്ടുവരും ഇവിടേക്ക് യുവതികളെയും കുഞ്ഞുകുട്ടികളേയും!? 


ഇനി ഉണ്ടാക്കുകയാണെങ്കിൽ, സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രം ചുവന്ന തെരുവുകൾ ഉണ്ടാക്കിയാൽ മതിയോ?

ഇടുക്കിയിലോ വയനാട്ടിലോ ഉള്ള ഒരാൾ ‘പൂശാൻ മുട്ടിയാൽ’ അങ്ങു തിരുവനന്തപുരം വരെ യാത്ര ചെയ്ത കാര്യം സാധിച്ചു തൃപ്തനായി മടങ്ങുകയും, മറ്റൊരു സ്ത്രീയേയും ബലാൽ സംഗമിക്കാതിരിക്കുകയും ചെയ്യുമോ?

ലൈംഗികാതിക്രമങ്ങൾ നിർത്താൻ ചുവന്ന തെരുവ് മാത്രം മതിയോ?

അഗമ്യഗമനത്തിൽ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കുമോ? വിശേഷിച്ചും അതിൽ താല്പര്യമില്ലാത്തവരാണ് മിക്കപ്പൊഴും ഇര എന്ന നിലയ്ക്ക് അത് എങ്ങനെ അംഗീകരിക്കാനാവും?

എട്ടും പത്തും വയസ്സുള്ള പാവം പെൺകുട്ടികളെ ബലം പ്രയോഗിച്ചോ, ഭീഷണിപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ  പ്രാപിക്കുന്ന അച്ഛനെയും, അമ്മാവനെയും, സഹോദരനെയും ഒക്കെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?


ഈ ചോദ്യങ്ങളൊന്നും ചുവന്ന തെരുവിനുവേണ്ടി വാദിക്കുന്നവർ ശ്രദ്ധിക്കുന്നേയില്ല.

ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതിവിടങ്ങളിലാണ്.

 സ്വവർഗരതിക്കാരായ മധ്യവയസ്കരാണ് പിഞ്ച് ആൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രമുഖർ. ബന്ധുക്കൾ മുതൽ അധ്യാപകർ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ആണുങ്ങൾ പെൺകുട്ടികളെ മാത്രമല്ല ആൺ കുട്ടികളെയും ബലാത്സംഗം ചെയ്യുന്ന കാലമാണിത്.


രതി എന്തെന്നറിയാനുള്ള പ്രായം പോലുമാകാതെ അതിലേക്കു വലിച്ചിഴക്കപ്പെടുന്ന പാവം കുട്ടികളുടെ മനസ്സിൽ ഇതു സൃഷ്ടിക്കുന്ന ആഘാതവും, വ്യക്തിത്വവൈകല്യങ്ങളും പലപ്പോഴും മാതാപിതാക്കളുൾപ്പടെ ആരും ശ്രദ്ധിക്കുന്നില്ല. തന്റെ കുട്ടി പെട്ടെന്നൊരുനാളിനു ശേഷം എന്തുകൊണ്ട് വല്ലാതെ ഉൾവലിഞ്ഞും, അന്തർമുഖനായും പെരുമാറുന്നു, അല്ലെങ്കിൽ അക്രമാസക്തനാകുന്നു, ലഹരിക്കടിമയാകുന്നു എന്നൊക്കെ അന്വേഷിച്ചാലറിയാം ഇതിന്റെ ഭീകരാവസ്ഥ. ഇത്തരം  അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും കണ്ടില്ലെന്നു നടിക്കാൻ ഇനി ആവില്ല.


മനുഷ്യന്റെ നാല് പ്രാഥമികവികാരങ്ങളാണ് വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികേച്ഛ എന്നിവ. എന്നാൽ ആദ്യത്തെ മൂന്നും പോലെയല്ല അവസാനത്തേത്.

ആഹാരം കഴിക്കാതെ വിശന്ന് ഒരാൾക്ക് അധികകാലം ജീവിക്കാനാവില്ല. വെള്ളം കുടിച്ചു ദാഹം തീർക്കാതെയും നമുക്ക് അധികനാൾ കഴിയാനാവില്ല. ഉറക്കം കൂടാതെ  ഒരു സാധാരണ മനുഷ്യന് ഒരാഴ്ചപോലും താണ്ടാനാവില്ല.

എന്നാൽ ലൈംഗികേച്ഛ അങ്ങനെയല്ല. അത് ഒഴിവാക്കിയാലും ആരും മരിച്ചുപോകില്ല. എന്നു തന്നെയുമല്ല അത് നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് സാധാരണ മനുഷ്യർക്കുണ്ടു താനും. പിന്നെ, ലൈംഗികേച്ഛ പുരുഷനു മാത്രമല്ലല്ലോ, അത് സ്ത്രീക്കുമില്ലേ? അവർ അതിന്റെ പേരിൽ ആരെയും ആക്രമിക്കുന്നില്ലല്ലോ!

നമ്മുടെ നാട്ടിൽ (വിദേശത്തും) മാസങ്ങളോ വർഷങ്ങളോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരോ, ലൈംഗികബന്ധം നിഷേധിക്കപ്പെട്ടവരോ ഒന്നുമല്ല പലപ്പോഴും ബലാത്സംഗം ചെയ്യുന്നത്. ബലാത്സംഗം ചെയ്യണം എന്ന മാനസികാവസ്ഥയുള്ളവരുണ്ട്. സാഹചര്യങ്ങൾ അനുകൂലമായിക്കിട്ടുമ്പോൾ ബലാത്സംഗ ചെയ്തു പോകുന്നവരുമുണ്ട്. രണ്ടു കൂട്ടരും ശിക്ഷയർഹിക്കുന്നു. ലൈംഗികകുറ്റകൃത്യം എന്നതിനപ്പുറം മറ്റൊരു വ്യക്തിക്കു മേലുള്ള കറ്റന്നുകയറ്റം എന്ന നിലയിൽ കണ്ടാൽ‌പ്പോലും അതിനെ ന്യായീകരിക്കാനാവില്ല.

ദീർഘകാലം ലൈംഗികബന്ധത്തിനവസരം കിട്ടാത്ത കോടിക്കണക്കിനാളുകൾ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്യാതെ ഈ രാജ്യത്ത് ജീവിക്കുന്നുണ്ട്.

സ്ത്രീയുടെ സമ്മതമില്ലാതെ അവളെ അക്രമിച്ച് കീഴ്പ്പെടുത്തി തന്റെ ലൈംഗികദാഹം തീർക്കുന്നത് അതിഭീകരമായ കുറ്റകൃത്യം തന്നെയാണ്. അതിനുള്ള ശിക്ഷ കടുത്തതു തന്നെയാവണം.ബലാത്സംഗം ചെയ്യപ്പെട്ടാലത്തെ അവഹേളനവും, വേദനയും, രോഷവും, നിസ്സഹായതയും, വഞ്ചിക്കപ്പെടലും ഒരു പുരുഷനു മനസ്സിലാകുന്നുണ്ടോ എന്ന് എനിക്കു സംശയം തോന്നുന്നു.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കപ്പെടുകയും, അവയ്ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്തേ മതിയാവൂ.


എല്ലാവർക്കും ലൈംഗികാഗ്രഹങ്ങൾ ഉണ്ട്. പക്ഷേ, മറ്റൊരാളുടെ മേൽ ബലം പ്രയോഗിച്ച് തന്റെ കാമപൂർത്തി വരുത്താൻ ഒരാൾക്കും അവകാശമില്ല!

ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു! മാത്രവുമല്ല ദില്ലി സംഭവം പോലെയുള്ള പൈശാചിക കൃത്യങ്ങളിൽ വധശിക്ഷയും പരിഗണിക്കണം എന്നാണെന്റെ ആഗ്രഹം. വധശിക്ഷ നിയമാനുസൃതമുള്ള കൊലപാതകമാണെന്ന വിമർശനമുണ്ട്. എന്തുചെയ്യാം, വേറെ വഴിയില്ലാത്ത കാലമാണിപ്പോൾ!