Sunday, February 12, 2012

നിലാമഴ മാഞ്ഞു.....

മലപ്പുറം പൂക്കോട്ടൂർ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, കവയിത്രിയും, ഇളം തലമുറ ബ്ലോഗറും, നമ്മുടെയൊക്കെ പ്രിയങ്കരിയുമായിരുന്ന നീസ വെള്ളൂർ അന്തരിച്ചു. ‘നിലാമഴകൾ’ എന്ന ബ്ലോഗിന്റെ ഉടമായാണ് ഖമറുന്നീസ എന്ന ‘നീസ’.

തുഞ്ചൻ പറമ്പു മീറ്റിൽ വച്ചാണ് നീസയെ ആദ്യം കണ്ടത്. കൊട്ടോട്ടിക്കാരൻ പറഞ്ഞതനുസരിച്ച് അവളുടെ ഫോട്ടോയും എടുത്തിരുന്നു. മീറ്റിനെക്കുറിച്ചിട്ട പോസ്റ്റിൽ, അവളുടെ കവിത ഉൾപ്പെടുന്ന ‘കാ വാ രേഖ’ യുടെ ഒരു പ്രതി  മനോരാജിൽ നിന്ന് സ്വീകരിക്കുന്ന ചിത്രം ഇടുകയും ചെയ്തിരുന്നു.
 

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു നീസ. ബൂലോകത്തിന്റെ സഹായം ഒരു കൈത്താങ്ങായി ഉണ്ടായിരുന്നെങ്കിലും, നൂറുകണക്കിനു സുമനസ്സുകളുടെ പ്രാർത്ഥന അവൾക്കായി ഉണ്ടായിരുന്നെങ്കിലും, കരുണകാട്ടാൻ പിശുക്കു കാണിക്കുന്ന ക്യാൻസർ അവളെ കൂട്ടിക്കൊണ്ടു പോയി.
മുൻപ് രമ്യ ആന്റണി എന്ന യുവകവയിത്രിയെ കൊണ്ടു പോയപോലെ തന്നെ.....

എന്താണ് പറയാനാവുക..... ഇന്നു നാലു മണിക്ക് കൊട്ടോട്ടിക്കാരൻ വിളിച്ചു പറഞ്ഞ വാർത്ത കേട്ടപ്പോൾ നമ്മുടെയൊക്കെ നിസ്സഹായാവസ്ഥയാണോർത്തത്.... എന്തു ചെയ്താലാണ് നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം ഘട്ടങ്ങളിൽ രക്ഷിക്കാനാവുക....? ഒരു പിടിയുമില്ല. വിധി എന്നോ, ഇതൊക്കെയാണ് ലോകഗതി എന്നോ പറയാൻ വേണ്ടി പറയാം....

എല്ലാവരും നിലാമഴകൾ വായിക്കുക.

അവൾക്കുള്ള അശ്രുപൂജ അവിടെയാവട്ടെ....



നീസ