Friday, May 27, 2011

മറക്കില്ലൊരിക്കലും....!



അകത്തും പുറത്തും
നിറയെ ഇരുട്ടായിരുന്നു.
ഇരുൾത്തിമിരം
ഇരു കണ്ണും മൂടിയിരുന്നു.

അപ്പോഴാണൊരാൾ
അറിവിന്റെ അഞ്ജനം
ചാലിച്ച ശലാക കൊണ്ട്
തിമിരപ്പാളി കീറിയത്.

വെളിച്ചം ചാലു കീറി
അശനിപാതം പോലെ,
പ്രളയം പോലെ, നാലുപാടും...
എന്റെ കണ്ണഞ്ചിപ്പോയി!

മുഖം മറച്ച് പകച്ചുനിന്നപ്പോൾ
അടുത്തുവന്ന് മുഖമുയർത്തി
വ്യാഖ്യാനങ്ങളുടെ പീലിയുഴിഞ്ഞ്
കണ്മിഴിക്കാൻ പഠിപ്പിച്ചു.

ലളിതരിൽ ലളിതനായ ഗുരോ...
മിഴിനീർപ്പൂക്കൾ...
ഇല്ല...
മറക്കില്ലൊരിക്കലും!




അടിക്കുറിപ്പ്: ജീവിതത്തിൽ അനേകം അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഗുരു എന്നു സ്മരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞിരുന്നത് ശങ്കരൻ സാറിന്റെ മുഖമായിരുന്നു. ഇന്ന് 27-05-11 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സാർ പോയി.....അൻപത്തെട്ടാം വയസ്സിൽ....ഏതു കഠിനരോഗത്തെയും സൌമ്യനായി താടിയുഴിഞ്ഞു സമീപിച്ച്, അതിന്റെ നിദാനവും ചികിത്സയും കാര്യകാരണസഹിതം വിവരിച്ച്, ശിഷ്യരെ തന്നോളം ഉയർത്തുന്ന പ്രതിഭ...  നൂറുകണക്കിനു ശിഷ്യർ ഇന്ന് കരയുന്നുണ്ടാവും.... ഒപ്പം ഞാനും....

Saturday, May 14, 2011

പെട്രോളിയം കമ്പനികളുടെ പരസ്യങ്ങൾ നിരോധിക്കുക!

പ്രിയമുള്ളവരെ,

ഇന്നു രാത്രി മുതൽ കമ്പനികൾ വീണ്ടുംപെട്രോൾ വില ഉയർത്തിയിരിക്കുകയാണ്. പാക്കിസ്ഥാനേക്കാളും, ശ്രീലങ്കയേക്കാളും ഒക്കെ അധികമാണ് നമ്മുടെ നാട്ടിൽ പെട്രോൾ വില. സ്വകാര്യവൽക്കരണത്തിലൂടെ കൂടുതൽ കമ്പനികൾ മൽസരരംഗത്തു വരുമെന്നും, അതു വഴി പെട്രോൾ വില കുറയുമെന്നും ആയിരുന്നു, പണ്ട് പെട്രോളിയം സ്വകാര്യവൽക്കരണം തുടങ്ങിവച്ച കാലത്ത് അന്നത്തെ കേന്ദ്രമന്ത്രി റാം നായിക് പറഞ്ഞത്. 25 രൂപയ്ക്ക് പെട്രോൾ കിട്ടിയാൽ പുളിക്കുമോ എന്നു പോലും അദ്ദേഹത്തെ പിന്താങ്ങിയവർ ചോദിച്ചു.

എന്നാൽ ഇന്നോ?

കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടയിൽ ഇത് ഒൻപതാം തവണയാണ് കമ്പനികൾ പെട്രോൾ വില ഉയർത്തുന്നത്. ഇക്കുറി ലിറ്ററിന് അഞ്ചു രൂപ; ടാക്സ് കൂടി ചേരുമ്പോൾ ആറര രൂപ!
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു!!

പെട്രോളിയം കമ്പനികൾ പറയുന്നത്, തങ്ങൾ ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചാണ് നിലനിൽക്കുന്നത് എന്നാണ്.

അങ്ങനെയെങ്കിൽ എന്തിനാണ് ഈ കമ്പനികൾ മത്സരിച്ച് ഓരോ വർഷവും സഹസ്ര കോടികൾ തുലച്ച് റ്റെലിവിഷനിലും, പാതയോരങ്ങളിലും പരസ്യപ്രളയം തന്നെ സൃഷ്ടിക്കുന്നന്നത്?

നിങ്ങൾ ഈ തുലച്ചുകളയുന്ന സഹസ്രകോടികൾ പാവപ്പെട്ട ഭാരതീയരുടെ വിയർപ്പുപൊടിഞ്ഞ നോട്ടുകളിൽ നിന്ന് കിട്ടുന്ന വരുമാനമാണ്.

ഒരു പരസ്യവും നൽകിയില്ലെങ്കിലും കച്ചവടം നടക്കുന്ന ഏക ബിസിനസാണ് പെട്രോൾ/ഡീസൽ കച്ചവടം. ഇൻഡ്യക്കാരാരും ഒരു പ്രത്യേക ബ്രാൻഡ് പെട്രോൾ മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിക്കുന്നവരല്ല.

സാദാ പെട്രോൾ, സ്പീഡ് പെട്രോൾ എന്ന നിലയിൽ (ഒക്ടെയിൻ അളവിലെ വ്യത്യാസം വച്ച്) രണ്ടു തരം ഉണ്ടെന്നതിൽ കവിഞ്ഞൊരു തരം തിരിവ് സാധാരണ ജനത്തിനില്ല. അതു തന്നെ ഏതു കമ്പനിയായാലും കാര്യമായ വ്യത്യാസവുമില്ല.

ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് കോടി തുലച്ചു കളഞ്ഞുള്ള പരസ്യങ്ങൾ ഇൻഡ്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോലിയം, റിലയൻസ്, എസ്സാർ തുടങ്ങിയവർ എന്തിനു നൽകണം.

നിങ്ങൾക്ക് അമ്മാനമാടാൻ പാവപ്പെട്ടവന്റെ പണം എന്തിനു ദുരുപയോഗം ചെയ്യുന്നു?

അതുകൊണ്ട് കമ്പനികൾ പരസ്യം കൊടുക്കുന്നത് നിർത്തുന്നില്ല എങ്കിൽ സർക്കാർ മുൻ കൈ എടുത്ത് പെട്രോളിയം പരസ്യങ്ങൾ നിരോധിക്കണം എന്നഭ്യർത്ഥിക്കുന്നു.

ഈ വിഷയത്തിൽ എല്ലാ സുഹൃത്തുക്കളും പ്രതികരിക്കണമെന്നും, ഇതൊരു ജനകീയ ആവശ്യമായി ഉയർത്തിക്കാട്ടി ഇന്റർനെറ്റിൽ വ്യാപകമായ പ്രചാരം കൊടുക്കണമെന്നും കൂടി അഭ്യർത്ഥിക്കുന്നു.