Sunday, February 13, 2011

അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും വേണ്ടി.....

സീൻ - 1

സ്ഥലം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ രണ്ടു ട്രെയിനിൽ ഇരിക്കാനുള്ളത്ര ആൾക്കൂട്ടം. പകുതിപ്പേരും വനിതകൾ. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റർസിറ്റി എക്സ്പ്രസിന്റെ ബോഗികൾ പ്ലാറ്റ്ഫോമിലേക്കു വന്നുകൊണ്ടിരിക്കുന്നു.ആണുങ്ങളിൽ കുറേപ്പേർ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്കു ചാടുന്നു. പ്ലാറ്റ്ഫോമിന് എതിർവശത്ത് നിരയായി നിൽക്കുന്നു. ട്രെയിൻ നിൽക്കുന്നു. ഓരോ ബോഗിയിലും ഉള്ള ആറുവാതിലുകളിലൂടെയും കയ്യൂക്കുള്ള പുരുഷന്മാർ ഇരച്ചു കയറുന്നു. (ഒരു ബോഗിയിൽ, ഓരോ വശത്തും മൂന്നു വാതിലുകൾ വീതമുണ്ട്.) വിരലിലെണ്ണാവുന്ന പെൺപുലികളും ഒപ്പം കയറിപ്പെടുന്നു. ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ ഫുൾ. ഇരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാർ! ലേഡീസ് കമ്പാർട്ട്മെന്റിൽ കാലുകുത്താൻ ഇടയില്ലാത്ത വിധം സ്ത്രീകൾ.


സീൻ - 2
സ്ഥലം കണ്ണൂർ. രാവിലെ ഏഴു മണിയോടെ പരശുറാം എക്സ്പ്രസ് എത്തിച്ചേരുന്നു. ട്രെയിൻ മിക്കവാറും നിറഞ്ഞാണു വന്നതെങ്കിലും ഇടയ്ക്കിടെ സീറ്റുകൾ ഒഴിവുണ്ട്. ഞാൻ ചാടിക്കയറി ഒരു സീറ്റ് ഒപ്പിച്ചു. എനിക്കെതിരെ ഇരുന്നത് ഒരു വീട്ടമ്മയും, അവരുടെ 15-16 വയസ്സു തോന്നിക്കുന്ന മകളും ആയിരുന്നു. തലശ്ശേരി ആയതോടെ ട്രെയിൻ നിറഞ്ഞു. ബാത്ത് റൂമുകൾക്കിടയിൽ പോലും ജനം തിങ്ങി നിറഞ്ഞു നിൽക്കുന്നു. കോഴിക്കോട് ആയപ്പോൾ പെൺകുട്ടി ബാത്ത് റൂമിൽ പോകാനാണെന്നു തോന്നുന്നു, എണീറ്റു. പക്ഷേ അടുത്തുള്ള ഇരു ബാത്ത് റൂമിലും ആളുണ്ട്. അവൾ മടങ്ങി വന്നു. എതിർ ദിശയിലുള്ള ബാത്ത് റൂമുകൾ അകലെയാണ്. വണ്ടി നിർത്തിയതോടെ ജനം ഇരച്ചുകയറാൻ തുടങ്ങി. അവിടെ നിന്ന് എറണാകുളം വരെ നിന്നു തിരിയാൻ ഇടമില്ലാത്ത തിരക്ക്. തൃശ്ശൂർ ആയി. എറണാകുളം ആയപ്പോൾ, തങ്ങൾ കരുതിയിരുന്ന പൊതിച്ചോറ് അവർ കഴിച്ചു. കയ്യിലിരുന്നകുപ്പിവെള്ളം കൊണ്ടു തന്നെ കയ്യും വായും കഴുകി. കണ്ണൂരിനപ്പുറം എവിടെ നിന്നോ യാത്രതിരിച്ച അവർ, കോട്ടയമായപ്പോൾ ഇറങ്ങിപ്പോയി.അതുവരെ ആ അമ്മയ്ക്കും മകൾക്കും
ബാത്ത് റൂമിൽ പോകാൻ കഴിഞ്ഞില്ല. പരശുറാമിന്റെ ലേഡീസ് കമ്പാർട്ട്മെന്റും നിറഞ്ഞുകവിഞ്ഞാണ് പോകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

സീൻ - 3
അതേ പരശുറാം എക്സ്പ്രസ് തന്നെ. ആറേഴുവയസ്സുള്ള ഒരു പെൺകുട്ടി. ആവർത്തനവിരസമായ ഒരു ഗാനവും പാടുന്നു. അവളേക്കാൾ ചെറിയൊരു ആൺകുട്ടി ആൾത്തിരക്കിൽ കൈ നീട്ടി തെണ്ടുന്നു. കിട്ടിയ നാണയത്തുട്ടുകളിൽ ഒന്നു രണ്ടെണ്ണം അവന്റെ കയ്യിൽ നിന്നെടുത്ത് അവൾ പെറ്റിക്കോട്ടിനുള്ളിൽ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ഷൊർണൂരായപ്പോൾ അവർ ഇറങ്ങി. കൌതുകത്തോടെ ഞാൻ അവരെ നോക്കി. അന്യദേശക്കാരനെന്നു തോന്നിക്കുന്ന ഒരാൾ അവളിൽ നിന്ന് തുട്ടുകളും, നാണയങ്ങളും വാങ്ങി. അയാൾ തിരിഞ്ഞു നടന്നു. പെൺകുട്ടി പെറ്റിക്കോട്ടിൽ കയ്യിട്ട് നാണയത്തുട്ടുകൾ എടുത്തു. തൊട്ടടുത്ത കടയിൽ നിന്നും ഏതോ മിഠായി അവൾ വാങ്ങി അനിയനും(ആണൊ ആവോ!)കൊടുത്തു, അവളും തിന്നു. എന്റെ മനസ് എവിടൊക്കെയോ പോയ നിമിഷങ്ങൾ ഒരു അലർച്ചയിലും നിലവിളിയിലും മുറിഞ്ഞു. മുടിക്കു കുത്തിപ്പിടിച്ച് തമിഴിൽ അലറുകയാണ് നേരത്തേ പൈസ വാങ്ങിപ്പോയ ആൾ. കുട്ടികൾ ചില്ലറ കൊടുത്ത് മിഠായി വാങ്ങിയത് അയാൾ കണ്ടു പിടിച്ചുകാണും.....

ആർക്കാണ് നമ്മൾ ഭിക്ഷകൊടുക്കുന്നത്?

ഇതും, ഇതിനപ്പുറവുമുള്ള കാഴ്ചകൾ യാത്രകളിൽ നമ്മൾ കാണുന്നു. മിക്കപ്പോഴും നിസ്സംഗതപുലർത്തുന്നു. സൌമ്യ എന്നൊരു പാവം പെണ്ണ്‌ പിടഞ്ഞു വീണ് മണ്ണടിഞ്ഞിട്ട് നാളുകൾ ഏറേയായില്ല. ആ വാർത്തയറിഞ്ഞ ദിനങ്ങളിലെ ആത്മരോഷം ഇന്ന്, എത്രയാളുകൾ കൊണ്ടു നടക്കുന്നു?

ഇനിയും സൌമ്യമാർ ജീവൻ വെടിയുമ്പോഴൊക്കെ മാത്രമേ നമ്മൾ പ്രതികരിക്കുകയുള്ളോ?

സുഹൃത്തുക്കളേ,
സ്ത്രീകളുടെ ട്രെയിൻ യാത്ര സുരക്ഷിതമാക്കാനുദ്ദേശിച്ച് പലരും പല മാധ്യമങ്ങളിലും എഴുതി. അക്കൂട്ടത്തിൽ ഒന്ന് ഇവിടെ ഞാനും. നമുക്കിത് മുന്നോട്ടു കൊണ്ടുപോവുകയും ഫലപ്രാപ്തിയിലെത്തിക്കുകയും വേണം. ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, ഇക്കാര്യത്തിൽ തങ്ങളാൽ കഴിയുന്ന ശ്രമങ്ങൾ നടത്താനും, അത് ഇവിടെ അറിയിക്കാനും തയ്യാറാവനം എന്നഭ്യർത്ഥിക്കുന്നു.

ട്രെയിനിൽ യാത്രചെയ്യുന്ന അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകൾക്കും, കൂട്ടുകാരിക്കും  വേണ്ടി ചില ചിന്തകൾ ഇവിടെ ക്രോഡീകരിക്കുന്നു.

(ഈ ചർച്ച കണ്ടിട്ടില്ലാത്തവർക്ക് അതു കാണാം)


1.ഒരു ലേഡീസ് കമ്പാർട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ദിവസവും ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ.

2. ഇപ്പോൾ തന്നെ, ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ  അഭിപ്രായം പ്രകടിപ്പിച്ചവർ ഉൾപ്പടെ മിക്കസ്ത്രീകളും യാത്രയിൽ, ലേഡീസ് കമ്പാർട്ട്മെന്റുകളിൽ കയറാറില്ല.

3. ദീർഘ ദൂര ട്രെയിനുകളിൽ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കാൻ റെയിൽ വേയ്ക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണറിയാൻ കഴിഞ്ഞത്. എന്നാൽ പരിഹരിക്കാനാവാത്ത ഒന്നല്ല അത്. റെയിൽ വേ ഭരിക്കുന്ന വനിതാ മന്ത്രി തന്നെ അതിനുള്ള മുൻ കൈ എടുക്കും എന്നു പ്രത്യാശിക്കാം.

അതിനു കഴിയുന്നില്ലെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റ് നിർത്തലാക്കി എല്ലാ ജനറൽ ബോഗികളിലും 25% സീറ്റുകൾ സ്ത്രീകൾക്ക് നൽകുക. ഇപ്പോൾ 4-5 ജനറൽ കമ്പാർട്ട്മെന്റുകൾ ഉണ്ട് ദീർഘദൂരവണ്ടികളിൽ (ലേഡീസ് കമ്പാർട്ട്മെന്റുൾപ്പടെ)

4. ദിനവും സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ / സ്ലീപ്പർകോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാർട്ട്മെന്റുകൊണ്ട് നിർവഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അല്ലാതെ ദീർഘദൂര ട്രെയിനുകളിലല്ല.

പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ, 100 ഓളം പ്രതിദിന ഷട്ടിൽ ട്രെയിനുകൾ എന്നിവ ഗണത്തിൽ വരും.

5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകൾക്കു മുൻഗണന എന്ന നിലയിൽ കൊടുത്താൽ അത് അവർക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എൻഡിലുള്ള ബാത്ത് റൂം അവർക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങൾ കൂടിനിൽക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകൾ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവർക്കനുവദിച്ചിട്ടുള്ള  സീറ്റ് ഉറപ്പാക്കാനുള്ള ആർജവമൊക്കെ ഇന്നത്തെ യാത്രക്കാരികൾക്ക് ഉണ്ട്.



ബോഗിയിലുള്ള മൂന്നു വാതിലുകളിൽ ലേഡീസിനു മുൻ ഗണനയുള്ള ഭാഗത്തെ വാതിലിൽ കൂടിയുള്ള പ്രവേശനം അവർക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകൾ പൊതുവായ പ്രവേശനമാർഗങ്ങൾ ആക്കി നിലനിർത്തുക.



6. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയിൽ വേ ഇപ്പോൾത്തന്നെ ഈടാക്കുന്നുണ്ടല്ലോ!
(ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കിൽ അതു മൌഢ്യമാണ്!)
ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കിൽ, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിനു റെയിൽവേ കത്തു നൽകുക.


7. ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികളെ ഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ, സി.ഡി - പുസ്തകക്കച്ചവടങ്ങൾ, ഇവ കർശനമായി നിരോധിക്കുക.

8.യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.

9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോൾ അതു വലിക്കുക തന്നെ ചെയ്യുക!

10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലർന്നിരിക്കരുതെന്ന് അർത്ഥമില്ല. ഒരു ബോഗിയിൽ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവൻ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവർക്കറിയാം ഇക്കാര്യം.

  108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയിൽ ഉള്ളത്. അതിൽ 20  എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇരിക്കാം. കുടുംബമുള്ളവർക്ക് സകുടുംബം. അല്ലാത്തവർക്ക് സൌകര്യം പോലെ. എന്നാൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആ മുൻ ഗണനാ സീറ്റുകൾ കൂടിയേ തീരൂ. (25 % സീറ്റുകൾ കൊടുക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)

11.വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത്, ഗാർഡും എൻജിൻ ഡ്രൈവറും തമ്മിൽ ഫലപ്രദമായ ആശയവിനിമയത്തിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ തേടുക.  എമർജൻസി മാനേജ് മെന്റിന് നൂതനമാർഗങ്ങൾ ആവിഷ്കരിക്കുക.ചങ്ങല വലിക്കലിനു പകരം സംവിധാനങ്ങൾ  യാത്രക്കാർക്കു വേണ്ടിയും ഏർപ്പെടുത്തുക.




ഇനി, മറ്റു ചില നിർദേശങ്ങൾ.....

1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുക. തുടരെ തുടരെ ഒരാൾ ലൈംഗിക അതിക്രമങ്ങൾ നടത്തുകയാണെങ്കിൽ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാർഗമില്ല!)

2. മയക്കുമരുന്ന് കച്ചവടം കർശനമായി അടിച്ചമർത്തുക.

3. പെൺ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആൺകുട്ടികളിൽ വളർത്താൻ, എല്ലാ അമ്മമാരും അച്ഛന്മാരും നിർബന്ധമായും ശ്രമിക്കുക.

4. പെൺകുട്ടികൾ ഒരാപത്തിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് സ്കൂൾ ക്ലാസുകളിൽ തന്നെ നിർദേശം കൊടുക്കുക.

5. തന്റെ സഹപാഠിയായ ഒരു പെൺ കുട്ടി അപകടത്തിൽ പെട്ടതു ശ്രദ്ധയിൽ പെട്ടാൽ അവളെ എങ്ങനെ സഹായിക്കണം എന്ന് ആൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

6. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.


ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽവേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം.

നിർദേശങ്ങൾ ഇനിയും ഉണ്ടെകിൽ അവയും ചേർക്കാം.

Monday, February 7, 2011

ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!

എട്ടു പത്തിനു വരേണ്ട ഷട്ടിൽ ട്രെയിൻ പല ദിവസങ്ങളിലും എട്ടേ മുക്കാലിനും, ചില ദിവസങ്ങളിൽ ഒൻപതുമണിക്കു ശേഷവും വൈകി വരുമ്പോൾ, കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ആശങ്കയോടെ നിന്നിരുന്ന സഹോദരന്മാരുടെയും, അച്ഛന്മാരുടെയും, ഭർത്താക്കന്മാരുടെയും കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, കഴിഞ്ഞ രണ്ടു വർഷം.... ഭാര്യയെ കാത്ത്....

അവൾക്കു ചങ്ങനാശേരിയിൽ നിന്ന് ട്രാൻസ്ഫർ കിട്ടിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ. അതുവരെ ഞങ്ങൾ അനുഭവിച്ചിരുന്ന - എന്നെക്കാൾ അവളുടെ അച്ഛൻ അനുഭവിച്ചിരുന്ന ടെൻഷൻ - എനിക്കു നന്നായറിയാം.

ട്രെയിൻ യാത്രയിലെ ദുരിതങ്ങൾ ഭാര്യ വിവരിക്കുമ്പോൾ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങൾ സ്ത്രീകൾക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തിൽ നിന്നിരുന്നവനാണ് ഞാൻ.....

ഇന്നിപ്പോൾ ഒരു ‘ഗോവിന്ദ സാമി’ എന്നെ പാടേ ഷണ്ഡനാക്കിക്കളഞ്ഞു!

സൌമ്യ എന്ന പാവം കുട്ടിയുടെ ദുരന്ത വാർത്ത കേട്ടപ്പോൾ, അമ്പരപ്പും, ലജ്ജയും ഭാര്യ കാണാതിരിക്കാൻ പാടുപെട്ടിട്ടുണ്ടാവും, എന്നെപ്പോലെ മിക്ക ഭർത്താക്കന്മാരും.....

മൃഗങ്ങൾ ഒരിക്കലും ചെയ്യാത്ത ചെയ്തിയെ മൃഗീയം എന്നു വിശേഷിപ്പിക്കാൻ ഞാനില്ല. ഇത് തികച്ചും മാനുഷികമായ തെണ്ടിത്തരം തന്നെയാണ്!

ലിംഗച്ഛേദം ഒരു മിനിമം ശിക്ഷ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ. അതു നമ്മുടെ നാട്ടിലും വേണം എന്ന ചിന്ത എന്റെ ഭാര്യ മുതൽ സഹപ്രവർത്തക വരെ പ്രകടിപ്പിക്കുന്നു....

(ബലാത്സംഗം ചെയ്തത്  ഒരു മലയാളി അല്ലാഞ്ഞത് മറ്റൊരു ചർച്ചയ്ക്ക് അവസരം നിഷേധിച്ചു. അല്ലെങ്കിൽ ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ!)

ഒപ്പം മറ്റൊന്നു കൂടി. വെറും കാമദാഹം മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ. മനോവൈകല്യവും,മയക്കുമരുന്ന് ഉപയോഗവും കൂടിയാണ് പലരെയും ഹാലിളക്കുന്നത്. വികലാംഗത്വം പോലും അതിനൊരു തടസമല്ല എന്നും നമ്മൾ കണ്ടു!
അതുകൊണ്ട്  നമ്മുടെ ശ്രദ്ധ ആ വഴിക്കും തിരിഞ്ഞേ തീരൂ.

ഇനി റെയിൽ വേ നടത്തിപ്പിനെപ്പറ്റി.

ലേഡീസ് കമ്പാർട്ട്മെന്റുകൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ സൌകര്യം ഒരുക്കുക എന്നതല്ലേ അത്? പക്ഷേ അത് പ്രയോജനം ചെയ്യുന്നില്ല എന്നത് നമുക്കു ബൊധ്യമായി. മിക്ക ട്രെയിനികളിലും ഏറ്റവും പിന്നിലാണ് ലേഡീസ് കമ്പാർട്ട്മെന്റ്. ലോക്കൽ സ്റ്റെഷനുകളിലൊന്നും നീളമുള്ള പ്ലാറ്റ്ഫൊമുകൾ ഇല്ലാത്തതിനാൽ, മിക്കപ്പോഴും, പ്ലാറ്റ്ഫൊമില്ലാത്ത കുറ്റിക്കാടുവളർന്ന സ്ഥലങ്ങളിലാണ് ഇവ വന്നു നിൽക്കുന്നത്. അതിൽ നിന്ന് ഞാന്നിറങ്ങുന്ന സ്ത്രീകൾ താഴെവീഴാതെ, പാമ്പുകടിയേൽക്കാതെ, സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതെ, വീടെത്തുന്നതെങ്ങനെയെന്ന് ആ പാവങ്ങൾക്കു മാത്രം അറിയാം!

സാധാരണ സെക്കൻഡ് ക്ലാസ് റെയിൽ വേ കമ്പാർട്ട്മെന്റുകളിൽ ഇരുന്നു യാത്രചെയ്യാനുള്ള പ്രൊവിഷനേ ഉള്ളൂ.കിടക്കാൻ സൌകര്യം ഇല്ല.
മുന്നിലും പിന്നിലും ഉള്ള കമ്പാർട്ട്മെന്റുകളുമായി ബന്ധമില്ലാതെയാണ് ലേഡീസ് കമ്പാർട്ട്മെന്റുകൾ ഘടിപ്പിക്കാറ്‌.
അതു നടുക്കാക്കാൻ റെയിൽവേയ്ക്ക് കഴിയുകയില്ല.
അതുകൊണ്ട്, എനിക്കു പറയാനുള്ളത്, ഇതാണ് - ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!
പകരം ഷട്ടിൽ ട്രെയിനുകളിൽ, മൊത്തംബോഗികളിലും നാലിൽ ഒന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുക - ബസ്സുകളിൽ ചെയ്യുന്നപോലെ തന്നെ. അവ ഒരുമിച്ചായാൽ അത്രയും നന്ന്. 72 സീറ്റുള്ള ഒരു ബോഗിയിൽ 18 സീറ്റുകൾ സ്ത്രീകൾക്കായി മാത്രം മാറ്റിവയ്ക്കണം.

ജനറൽ ബോഗികളുടെ എണ്ണം എക്സ്പ്രസ് ട്രെയിനുകളിൽ അഞ്ചാക്കുക. മുന്നിൽ രണ്ട്. പിന്നിൽ മൂന്ന് എന്ന ക്രമത്തിൽ. അവിടെയും ഓരോ ബോഗിയിലും 18 സീറ്റുകൾ വീതം സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കുക. അങ്ങനെയാവുമ്പോൾ 90 സീറ്റുകൾ സ്ത്രീകൾക്കു മാത്രമായി ലഭിക്കും. പുരുഷന്മാരുറ്റെ സീറ്റുകൾ കുറയുകയുമില്ല.

ഇതു മൂലം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാനും, അഥവാ ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ എതിർക്കാൻ സുമനസ്സുകളായ പുരുഷന്മാർക്ക് മുന്നോട്ടു വരാനും സഹായകമാകും.


വായനക്കാരുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു....