Tuesday, August 10, 2010

ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!

 പ്രിയ സുഹൃത്തുക്കളേ,

ഇടപ്പള്ളിയിൽ സമാപിച്ച മലയാളി ബ്ലോഗ് മീറ്റിൽ നൂണ്ടുകയറിയ അനോണി ചാരന്റെ ഡയറിയും ക്യാമറയും അതിസാഹസികമായ സ്റ്റിഞ്ച് ഓപ്പറേഷനിലൂടെ ഞാൻ അടിച്ചു മാറ്റി. ആൾ തിരുവനന്തപുരത്തു നിന്ന് വണ്ടികയറിയപ്പോൾ മുതലുള്ള കാര്യങ്ങൾ ഡയറിയിൽ മണിമണിയായി എഴുതിവച്ചിട്ടുണ്ട്.

ഓവർ ടു ദ ഡയറി....

“വെളുപ്പാൻ കാലത്ത് എണീച്ചു വന്നതാ റെയിൽ വേ സ്റ്റേഷനിലോട്ട്. അപ്പക്കാണാം അവന്മാരുടെ കയ്യിൽ ഒള്ള ട്രെയിനെല്ലാംകുടെ അട്ടിയിട്ടു വച്ചേക്കുന്നു.



ആകെ ഒരു കൺഫ്യൂഷൻ. സംഗതി അവന്മാർക്കു വല്യ ശ്രദ്ധയൊന്നുമില്ലെങ്കിലും കാര്യം നമ്മടെയല്യോ! മീറ്റിലെത്തിയാലല്ലേ ഈറ്റാൻ പറ്റൂ....

അതിലൊരെണ്ണം സംഘടിപ്പിച്ച് നേരേ എറണാകുളത്തേക്കു വിട്ടു. പണ്ട്  റബർ വെട്ടിയത് കേറ്റിക്കൊണ്ടു പോകാൻ വന്നിരുന്ന പാണ്ടിലോറി ഓടിച്ചുള്ള പരിചയം വച്ച് നേരേ വിട്ടു.

വണ്ടിയോടിക്കുന്നതിനിടയിൽ ശ്രദ്ധപോകണ്ടാ എന്നും വച്ച്, സൈഡിലോട്ടൊന്നും നോക്കിയില്ല.


കൊറേക്കഴിഞ്ഞപ്പം നല്ല കുളിർ കാറ്റു വീശുന്നു. ഒന്നു പാളിനോക്കിയപ്പക്കാണാം നല്ല പച്ച വയൽ! കർത്താവേ ഇത് കേരളം തന്നാന്നോ!?




സംഗതി കുട്ടനാടൻ പുഞ്ചയാ.....! ആഹാ! വയലേലകൾ എത്ര സുന്ദരം!

എറണാകുളത്തെത്തിയപ്പോ ചുറ്റും ഒന്നു നോക്കി. ആരേം കാണുന്നില്ല. ആകെപ്പിടിയൊള്ളത് ആ വൈദ്യരെയാ..... അങ്ങേര് കൊല്ലത്തൂന്ന് കേറിക്കാണും. നോക്കിയപ്പ കാണാം ഒരു സ്കോർപ്പിയോ വണ്ടി വന്നു നിൽക്കുന്നു. അതിനകത്തുള്ളവന്മാർ അയാളെ അതീക്കേറ്റി കൊണ്ടുപോയി.


പിറകേ പോയപ്പ മനസ്സിലായി അത് നമ്മടെ ചാണ്ടിക്കുഞ്ഞിന്റെ വണ്ടിയാന്ന്. ഇവന്മാര്ടെ പിന്നാലെ പോയാ മീറ്റ് നടക്കുന്നെടത്തെത്താം. ഒരു ടാക്സിയിൽ ഫോളോ ചെയ്തു.

വണ്ടി കൊറേ ദൂരം മുന്നോട്ടുപോയി പിന്നെ ദാ തിരിച്ചു വരുന്നു! പിന്നെ വീണ്ടും വന്നവഴിയേ പറന്നു പോകുന്നു.... കർത്താവേ, എവനു വട്ടു പിടിച്ചോ!?

എന്തായാലും ഒടുക്കം അത് ഹോട്ടൽ ഹൈവേ ഗാർഡൻസിന്റെ മുന്നിൽ നിന്നു. ഭാഗ്യം! സ്ഥലം തെറ്റിയില്ല!

ചാണ്ടിക്കുഞ്ഞ് ചാടിയിറങ്ങി അവടെ നിന്ന ഒരു കാർന്നോർക്ക് കൈ കൊടുത്തു. പാന്റും ഷർട്ടും കണ്ടപ്പ മനസ്സിലായി ആളെ.


വെള്ളേം വെള്ളേം...! പാന്റും ഷർട്ടുമാണെങ്കിൽ ഷെറീഫ് കൊട്ടാരക്കര.... മുണ്ടും ഷർട്ടുമാണെങ്കിൽ തട്ടത്തുമല! ഇത് ഷെറീഫ് കൊട്ടാരക്കര തന്നെ! ചാണ്ടി ആളെ ആദ്യം കാണുകയാണെന്നു തോന്നുന്നു....

ചാണ്ടീടെ കൂടെ സ്കോർപ്പിയോയീന്ന് ചാടിയെറങ്ങിയവനെ കണ്ട് ഞെട്ടി!
ഈശോ.... ചിതൽ! ഇവൻ കൊഴപ്പകാരനാ.... ആളു സി.ബി.ഐയ്യുടേം മോളീക്കേറിക്കളിക്കുന്ന ടീമാ.... ഡോർതർ ആനൻ കോയിൽ... ഛെ! ആർതർ കോനൻ ഡോയ്‌ൽ!

(ഇപ്പഴല്ലേ വണ്ടി വന്ന വഴിയേ വീണ്ടും തിരിച്ചു വിട്ട് കരങ്ങിവന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്! ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ!)

ആള് കുറ്റാന്വേഷണ ബ്ലോഗേ എഴുതാറുള്ളു എന്നൊക്കെയാ ശ്രുതി!
കർത്താവേ! അവൻ എന്നെക്കണ്ടോ എന്തോ..... മറഞ്ഞു നിന്ന് പടം പിടിക്കാം....
അവൻ ആർക്കാണ് ഫോൺ ചെയ്യുന്നതെന്ന് മനസ്സിലാക്കാം....




ചെവിവട്ടം പിടിച്ചു നിന്നു.

“തീറ്റ റെഡി തന്നെ... പ്രശ്നമില്ല.... നീ വാ! ങേ... തവളക്കാലോ....? അതൊണ്ടോന്നറിയില്ല.... കോഴിക്കാലുണ്ട്.... നീ വാ!”

പിതാവേ! ഇതാരുന്നോ ഇവൻ പറഞ്ഞോണ്ടിരുന്നത്!

എന്നാലും ആരെയാരിക്കും ഫോൺ വിളിച്ച് തീറ്റക്കാര്യം പറഞ്ഞത്!?

ഉം..... സമയമുണ്ടല്ലോ... കണ്ടുപിടിക്കാം!

ആളുകളുടെ മറ പറ്റി ഒന്നു ചുറ്റിയടിക്കാം...

ഓ.... ഇതാണെന്നു തോന്നുന്നു, സഘാടകസമിതി..... ആളുകൂടാത്തതിൽ വെഷമിച്ചു നിൽക്കുവാരിക്കും..... അതിനെടേലും ആ താടിക്കാരൻ ചാറ്റിംഗിലാ! കഴിഞ്ഞ മീറ്റിലെ ഫോട്ടോസ് കണ്ട ഓർമ്മ വച്ചു നോക്കിയാൽ അത് മുള്ളൂക്കാരൻ. നീല ഷർട്ട് ഹരീഷല്ലാതെ വേറെ ആര്? ഘനഗംഭീരശബ്ദൻ! ലൈറ്റ് ബ്ലൂ ഷർട്ടുകാരൻ ജോ ആണെന്നു തോന്നുന്നു. പുതിയ ഒരുത്തൻ നിൽക്കുന്നല്ലോ... ചൊമന്ന വര ഷർട്ട്....? മനോരാജല്ല..... അപ്പപ്പിന്നെ ആ വട്ടൻ ഛേ, വട്ടപ്പറമ്പനാരിക്കും...പ്രവീൺ.



അപ്പ മീറ്റിൽ നാലാളായി!




ഞാൻ മനസ്സീ ചിന്തിച്ചത് തന്നെ ഹരീഷും ചിന്തിച്ചു. നാലാളായാ അപ്പ വിളിക്കണം എന്നാ പാവപ്പെട്ടവൻ പറഞ്ഞേൽ‌പ്പിച്ചിരിക്കുന്നത്! അതിയാൻ ആരാണ്ട് വി.ഐ.പിയെ ഒക്കെ പൊക്കിക്കൊണ്ടു വരുംന്നാ ശ്രുതി!



മേശമേൽ വെള്ളത്തുണിയൊക്കെ വിരിച്ച് പിങ്ക് ജുബ്ബായൊക്കെയിട്ട് ഒരാളിരിക്കുന്നത് അപ്പഴാ കണ്ടത്..... ഹരീഷ് ചാടിക്കേറി പേര് രെജിസ്റ്റർ ചെയ്തു!
ഇതെന്തു പണി? സംഘാടകനാണൊ ആദ്യമേ കേറി പേരെഴുതണ്ടത്!? ഇവനെയൊന്നലക്കണം!




അപ്പോ ദാ അടുത്താൾ വരുന്നു! പയ്യനാ... കോളേജിൽ പോകുന്ന വഴി വന്നതാനെന്നു തോന്നുന്നു. പുട്ടുകുറ്റി പോലത്തെ ലെൻസൊക്കെ പിടിപ്പിച്ച ഒരു ക്യാമറ കയ്യിലുണ്ട്. അടുത്തൂടെ ഒന്നു ളാകി നടന്നു നോക്കി. സംഗതി പാലക്കാടൻ ഭാഷയാ....

കുറേ കത്തി കേട്ടു കഴിഞ്ഞപ്പോ ജോ ചോദിച്ചു “ അല്ല... ആരാ... പേരെന്താ....?”

അപ്പഴല്ലെ മനസ്സിലായത്. ആൾ അപ്പൂട്ടൻ! ഒറിജിനൽ പേർ പ്രശാന്ത്!
ഈശോ!ഇതാരുന്നോ അപ്പൂട്ടൻ!?



അപ്പഴത്തേക്ക് കാവിമുണ്ടൊക്കെ ഉടുത്ത് ഒരു സൽസ്വഭാവി ബ്ലോഗർ വന്നു. നല്ലവനായ ഹാഷിം... പക്ഷേ ആ നോട്ടോം, നെഞ്ചുവിരിവും ഒക്കെ കണ്ടപ്പോ ഒരു ഭയം! കൂടെ പള്ളീലച്ചനെപ്പോലെ നിൽക്കുന്നയാളെ അറിയാമല്ലോ.... നമ്മടെ ചാണ്ടി. നടുവിൽ നിൽക്കുന്നത് വട്ടപ്പറമ്പൻ....

പെട്ടെന്ന് ചാണ്ടി, ചിതൽ, വൈദ്യർ എന്നിവർ സ്കോർപ്പിയൊയിൽ കയറി സ്ഥലം വിടുന്നതു കണ്ടു. പിന്നാലെ വച്ചു പിടിച്ചു. അവർ എത്തിയത് തൊട്ടടുത്തുള്ള ചാണ്ടിയുടെ വീട്ടിൽ. അവിടെയിരുന്ന്  പ്രഭാതഭക്ഷണം കഴിക്കുന്നു... ഫോട്ടോ എടുക്കുന്നു....


                                    ചാണ്ടികുടുംബം



                                      ചാണ്ടിക്കും ചിതലിനും നടുവിൽ വൈദ്യർ

തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച.....


ലൈവ് സ്ട്രീമിംഗ് നടത്താൻ ശ്രമിച്ച് വട്ടായിരിക്കുന്ന മുള്ളൂക്കാരൻ....!
“വെബ് ക്യാം ഫിറ്റ് ചെയ്യാതാണോടേയ് ലൈവ് സ്ട്രീമിംഗ്!?” വട്ടപ്പറമ്പൻ ഒച്ചവച്ചു. ഉള്ള ബാഗുകളൊക്കെ തപ്പാൻ തുടങ്ങി!

പെട്ടെന്ന് പാവപ്പെട്ടവൻ പ്രത്യക്ഷപ്പെട്ടു. ഒപ്പം കവി മുരുകൻ കാട്ടാക്കട.



സ്വാഗത പ്രസംഗവുമായി പാവപ്പെട്ടവൻ....



 
സദസിൽ സജിം തട്ടത്തുമല, മുരുകൻ, ജോ, തബാരക് റഹ്മാൻ.....


സദസ്സിന്റെ രണ്ടാം നിര...
ഹരീഷ് ഷൂട്ടിംഗിലാണ്.... സംവിധായകൻ പിന്നിൽ!



ബാക്ക് സീറ്റ് ബോയ്സ്.....! അന്താരാഷ്ട്രപ്രശ്നങ്ങളെപ്പറ്റി കാപ്പിലാനോട് ചോദിച്ചറിയുന്നത്, കൊട്ടോട്ടി.
അടുത്ത തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ല എന്ന് കാപ്പിലാൻ അറുത്തു മുറിച്ചു പറഞ്ഞത്രെ! കൊട്ടോട്ടി പര ഡെസ്പ്......

സദസ് - മറ്റൊരു ദൃശ്യം....അപ്പൂട്ടൻ ക്യാമറയുമായി കസേരയിൽ ഇരിപ്പായി!





വൈകി വന്ന വസന്തങ്ങൾ! നന്ദകുമാർ,മുരളീകൃഷ്ണ....
കാരണം ചോദിച്ചപ്പൊഴല്ലെ രസം!

തലേന്നു രാത്രി കുമാരന് തവളക്കാൽ വേണം എന്ന നിർബന്ധം സഹിക്കവയ്യാതെ വയലിൽ തവള പിടിക്കാനിറങ്ങി ചുറ്റിപ്പോയതാണ് രണ്ടാളും.ഒടുക്കം എവിടുന്നോ ഒരു ചൊറിത്തവളയെ പിടിച്ചു പുഴുങ്ങിക്കൊടുത്തു പോലും! തീറ്റയുണ്ടാക്കിക്കൊടുത്ത് പണ്ടാരമടങ്ങി എന്ന് നന്ദൻ! പാത്രം കഴുകി രാവു വെളുപ്പിച്ചു എന്ന് മുരളി! കുമാരൻ അപ്പോഴേക്കും പൂർണകുംഭനായി കൂർക്കം വലി തുടങ്ങിയിരുന്നത്രെ!

ഇവർ പറയുന്നത് സത്യമാണോ എന്നറിയാൻ എന്താ ഒരു വഴി... ആ കള്ളക്കുമാരനെയാനെങ്കിൽ കാണുന്നുമില്ല....

ഭാഗ്യം.... മീറ്റിൽ ഇനി ഈറ്റാണെന്ന് അറിയിപ്പ്... ആളുകൾ ഒക്കെ പുറത്തിറങ്ങി.




ചുള്ളന്മാർ - ചാണ്ടിയ്ക്കൊപ്പം! ശങ്കർ ദാസ്. മത്തായി, ജാബിർ.....


സതീഷ് കുമാർ, മണികണ്ഠൻ,യൂസുഫ്പ.....


യൂസുഫ്പ അടിപോളി കളറിൽ!

തോന്ന്യാസിക്ക് ഒരൂട്ടം ചൊദിക്കാനുണ്ട്!


“സത്യം സത്യമായി പറയൂ......ഹൈറ്റ് കൂടുതൽ എനിക്കോ ഷെറീഫിക്കക്കോ!?”


“ഇത് കല്യാണ ബ്രോക്കർക്കു കൊടുക്കാനുള്ള ഫോട്ടോയാ...കൊള്ളാമോ!?”
ഇവിടെ വല്ല ബ്ലോഗിണിയും തടയും എന്ന പ്രതീക്ഷയായിരുന്നു.... ഇനീപ്പോ മാരേജ് ബ്യൂറോ തന്നെ ശരണം! പെണ്ണുകെട്ടാതെ ഇനി പോസ്റ്റിടില്ല .... ഇത് അസത്യം... അസത്യം അസത്യം!




ഈശോ! ഈ പയ്യന്മാർ എന്താണപ്പാ മൊബൈലിൽ....? ഒരു ഇടങ്കണ്ണിട്ടുനോക്കാം!
ഷിബു മാത്യു ഈശൊ, ജാബിർ, മത്താപ്പ് ദിലീപ്....


                                             ഞാനാരാണെന്നു പറയൂ! ഷാ....!




എങ്ങനുണ്ട്...? കുറുമ്പടിയല്ലേ ചുള്ളൻ!? ഒപ്പം ലക്ഷ്മി ലച്ചുവിന്റെ സഹോദരൻ


                                      ഞങ്ങൾ സീനിയേഴ്സാ! ഗോപകുമാർ,പാലക്കുഴി മാഷ്...


                                     ജാബിർ, പുറക്കാടൻ...

                                     സാദിക്ക്... മുരുകൻ കാട്ടാക്കടയ്ക്കൊപ്പം



                                  എന്താ ഒരാൾക്കൂട്ടം!?
                                  ദാ ഒരു തടിയൻ നിന്നു പടം വരയ്ക്കുന്നു!


                                   സജീവേട്ടന്റെ പടം വര!


                                    കുട്ടിബ്ലോഗർ കാരിക്കേച്ചറുമായി! റിച്ചു (റിച്ചാർഡ് ആദിത്യ)


                                     എനിക്കും  കിട്ടിപ്പോയ്! മുരുകൻ കുട്ടിയും ഹാപ്പി!


“നിങ്ങക്കറിയോ.... നമ്മളെപ്പോലുള്ള ചെത്തു പയ്യന്മാരോട് ഈ തൈക്കിളവന്മാർക്കൊക്കെ അസൂയയാ! മുഴുത്ത അസൂഷ! അതല്ലേ ഞാനിപ്പൊ കാര്യായിട്ട് എഴുതാത്തേ...” തോന്ന്യാസി മനം തുറക്കുന്നു....





“  ‘അടിവാരം അമ്മിണി’യെ ഒന്നു പരിചയപ്പെടുത്താമോ എന്ന് !  കയ്യീ കാശില്ലാത്ത ഒരുത്തനേം ഞാനവൾക്ക് പരിചയപ്പെടുത്തൂല്ല മോനേ പാവപ്പെട്ടവനേ!” കാപ്പിലാൻ


മീറ്റായാലും ഈറ്റായാലും പങ്ക്ച്വാലിറ്റി വേണം! ഈ യു.കേലൊക്കെ എന്നാ പങ്ക്ച്വാലിറ്റിയാ! (ചാണ്ടി യുക്കേലാരുന്നു കുറച്ചുനാൾ)




തുടക്കത്തിൽ ചിതൽ ഒരാളോട് തവളക്കാലില്ല, കോഴിക്കാൽ കിട്ടും എന്നു ഫോണിൽ പറഞ്ഞതോർക്കുന്നുണ്ടല്ലോ. ആ തവളക്കാൽ പ്രേമിയാണ് ആ പച്ച ഷർട്ടുകാരൻ! മീറ്റിനു തവളക്കാൽ കിട്ടാഞ്ഞതിൽ പ്രതിഷേധിച്ച് ആൾ തീറ്റയെടുത്തില്ല. സലാഡ് മാത്രം തിന്നു. പേര് കുരാ... ഛേ! കുമാ...രൻ!!





“കാഴ്ചയിൽ സൽമൽ ഖാനോ, ഗുൽമൽ ഖാനോ എന്നു സംശയം തോന്നുന്ന എന്നെക്കണ്ടിട്ടും ഈ തീറ്റരാമന്മാർ മൈൻഡ് ചെയ്യുന്നില്ലല്ലോ....” കൊട്ടോട്ടിക്കാരന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി!

“ഈ പാത്രം എങ്ങനെ ഓട്ടോമാറ്റിക്കായി കാലിയാവുന്നിഷ്ടാ!? നോക്ക് നുമ്മടെ രണ്ടാള്ടേം കാലി!”
തോന്ന്യാസി ജുനൈദിനോട്!



                          ഐസ്ക്രീം റൌണ്ട്  രണ്ടിൽ സുമേഷ്, മത്തായി, ഷിബു മാത്യു ഈശോ!




“ഗൾഫീന്ന് പൈനായിരം രൂവാ മൊടക്കി വന്ന എനിക്ക് തന്നത് കണ്ടോ!? കൂതറ ഫക്ഷണം!” പാവപ്പെട്ടവന്റെ ആത്മരോദനം!




                      കായംകുളത്തു നിന്ന് വെളുപ്പിനെ കാറോടിച്ചെത്തിയ പ്രിയതോഴൻ സാദിഖ്....


വക്കാ വക്കാ പാടിത്തകർത്ത കൊച്ചുമിടുക്കൻ....  അപ്പു (അശ്വിൻ )എന്ന ബ്ലോഗർ!

അതുവരെ ആർക്കും പിടികൊടുക്കാതെ ഓടി നടന്ന മനോരാജിനൊപ്പം ചിതൽ, ജയൻ വൈദ്യർ



ഇനി ആരാണ് ഈ ചാരൻ എന്ന് ഞാൻ വെളിപ്പെടുത്തട്ടേ....!?
സജീവേട്ടൻ ആളുടെ പടം വരച്ചെടുത്തു!
ദാ നോക്ക്!
പഴയ അന്ന്യൻ പടത്തിലെ വിക്രമിന്റെ ആൾട്ടർ പോലെ എന്റെ അപരൻ! ഞാനറിയാതെ കറങ്ങി നടക്കുവാ എല്ലായിടത്തും! ശൂശിച്ചോ! ആരെയും പടമാക്കി പോസ്റ്റ് ചെയ്തു കളയും!

(ഇതെല്ലാം മൊബൈൽ ചിത്രങ്ങൾ ആണ്. കുമാരന്റെ പടം: കടപ്പാട് ഷെറീഫിക്ക)